Saturday, February 1, 2014

ഒരു 4D സംശയം !!



കഴിഞ്ഞ വര്‍ഷം അവധിക്കു നാട്ടില്‍ പോയ സമയത്താണ് ഗ്രാവിറ്റി എന്ന സിനിമ റിലീസായത്. ഗംഭീരം എന്ന് എല്ലാവരും പറഞ്ഞ കാരണം അതൊന്നു കാണണം എന്ന് തീരുമാനിച്ചിരുന്നു. അന്ന് അത് തൃശൂര്‍ ഇറങ്ങാത്തത് കൊണ്ട് കാണാന്‍ പറ്റിയില്ല. തിരിച്ചു ദുബായില്‍ വന്നപ്പോള്‍ ഇവിടെ നിന്ന് അത് മാറുകയും ചെയ്തു. ഇനി എന്നെങ്കിലും DVD ഇട്ടു കാണാം എന്ന് കരുതി ഇരിക്കുമ്പോളാണ് ഈ വ്യാഴാഴ്ച അത് വീണ്ടും ദുബായില്‍ റിലീസ്‌ ചെയ്തത്. ഈ തവണ 3D അല്ല 4D ആയിട്ടാണ് റിലീസ്‌ ആയിരിക്കുന്നത്. അത് കൊണ്ട് ടിക്കറ്റ്‌ റേറ്റ് കുറച്ചു കൂടുതലുമാണ്.എന്നെങ്കിലും ഒരു 4D മൂവി എങ്കിലും കാണണം എന്ന് ഞാന്‍ മുന്‍പേ കരുതിയിരുന്നു. ഇതിപ്പോള്‍ ഗ്രാവിറ്റി ആയത് കൊണ്ട് എന്തായാലും കാണണം എന്ന് ഞാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഓഫീസില്‍ ഞാന്‍ ഈ കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ഓഫീസ് ബോയ്‌ ഷൌക്കു ചായയുമായി വന്നത്. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച അവന്‍ എന്റെ അടുത്തേക്ക് വന്നു.

ലവന്‍ എനിക്ക് ചായ തന്നു കൊണ്ട് : അല്ലാ, എന്താണീ 4D?

ഞാന്‍ ആ ചായ വാങ്ങി കൊണ്ട്: എടാ, അത് പുതിയൊരു സംഭവമാണ്, 3Dയെ കടത്തി വെട്ടുന്ന ഒരു അനുഭവം.

ലവന്‍ : എന്ന് വെച്ചാല്‍? എന്താണ് അതിന്റെ പ്രത്യേകത?

ഞാന്‍ ചായ കുടിച്ചു കൊണ്ട് : അതിപ്പോ സിനിമ കണ്ടാലേ എനിക്ക് കൃത്യമായി പറയാന്‍ പറ്റു.

ലവന്‍ :എന്നാലും ഒരു ഏകദേശം ഐഡിയ ഉണ്ടാകുമല്ലോ?:

ഞാന്‍ : അതായതു ഇപ്പൊ സിനിമയില്‍ കാറ്റ് അടിച്ചാല്‍ നമ്മുടെ ദേഹത്തും കാറ്റ് അടിക്കണ പോലെ തോന്നും, സിനിമയില്‍ മഴ പെയ്താല്‍ നമുക്കും ആ ഫീലിംഗ് വരും, സിനിമയില്‍ ഒരു വണ്ടി ചെരിഞ്ഞാല്‍ നമ്മുടെ സീറ്റും ചെരിയും, സിനിമയില്‍ ഒരു സ്മെല്‍ വന്നാല്‍ ആ സുഗന്ധം നമുക്കും കൂടി എടുക്കും. ഏതാണ്ട് ഇങ്ങനെയൊക്കെയാണ് എന്നാ കേട്ടത്.

ലവന്‍ : ആഹാ..എന്നാ അതൊന്നു കാണണമല്ലോ?

ഞാന്‍ ചായ കുടിച്ചു കൊണ്ടിരുന്നു. അവന്‍ എന്തോ ആലോചിച്ചു നില്‍ക്കുന്നു.

ലവന്‍ : അല്ല, നിങ്ങള്‍ക്കൊന്നും തോന്നരുത്. ഞാന്‍ ഒരു സംശയം ചോദിക്കട്ടെ?

ഞാന്‍ : എന്താ?

ലവന്‍: ഇപ്പൊ സിനിമയില്‍ നായകനും നായികയും കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ?

ഞാന്‍ (സംശയത്തോടെ) : ഉവ്വ്, അതിന്?

ലവന്‍: അല്ലാ, അപ്പൊ നമുക്കെന്തെങ്കിലും തോന്നോ?

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ബാക്കിയുള്ള ചായ കുടിച്ചു.

No comments:

Post a Comment