Sunday, December 15, 2013

വിശപ്പിന്‍റെ വില !!

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ബലി പെരുന്നാള്‍ ദിവസം. ഞാന്‍ തലേ ദിവസം തന്നെ സുഹൈറിന്‍റെ റൂമില്‍ എത്തിയിരുന്നു. എന്‍റെ താമസ സ്ഥലത്ത് നിന്നും രണ്ടു ദിവസം ഒന്ന് മാറി നിന്ന് സുഹൈറിന്‍റെ കൂടെ ടൌണില്‍ ഒന്ന് കറങ്ങുക എന്നതാണ് ഉദ്ദേശം. പക്ഷെ എന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവന്‍ അന്ന് രാത്രി ഷാര്‍ജയില്‍ പോയി. അവന്‍റെ കുഞ്ഞുപ്പാടെ വീട്ടില്‍ പെരുന്നാള്‍ കൂടിയിട്ട് പിറ്റേ ദിവസം വൈകീട്ടേ വരൂ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അന്ന് അവന്‍റെ റൂമില്‍ കിടന്നുറങ്ങി. അവിടെ ഉള്ളവര്‍ക്കൊക്കെ മുന്‍പേ എന്നെ അറിയാം.

പെരുന്നാള്‍ ദിവസം ഞങ്ങള്‍ കാലത്ത് നേരത്തെ ഉണര്‍ന്നു പള്ളിയില്‍ പോയി. മടങ്ങി വന്നപ്പോള്‍ റൂമിലുള്ള കോഴിക്കോടുകാരന്‍ സുധി ഉണര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ ഒരു ചായ ഇട്ടു കുടിച്ച് ഇങ്ങനെ ഇരിക്കുമ്പോളാണ് ഷംസു റൂമിലേക്ക്‌ കയറി വന്നത്. ഞങ്ങളുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു " ടാ..എന്താ പരിപാടി?

ഞങ്ങള്‍ പറഞ്ഞു : പ്രത്യേകിച്ചൊന്നുമില്ല...

ഷംസു: സുഹൈര്‍ എപ്പോളാടാ വരാ?

ഞാന്‍ : വൈകീട്ട് വരും എന്നാ പറഞ്ഞത്.

ഷംസു : ഞാന്‍ ബുറൈമി പോകുന്നുണ്ട്, പോരുന്നോ?.

ഞാനും സുധിയും പരസ്പരം നോക്കി...

ഞാന്‍ : അല്ലാ..ഈ ബുറൈമി എന്ന് പറയുമ്പോ..?

ഷംസു : അത് ഒമാന്‍റെ ബോര്‍ഡര്‍ ആണ്. അവിടെ എന്‍റെ ഒരു ബന്ധുവുണ്ട്. അങ്ങോട്ടാണ് പോകുന്നത്.

അങ്ങനെ ഞാനും സുധിയും അവന്‍റെ കൂടെ പോകാന്‍ തീരുമാനിച്ചു. വെറുതെ റൂമില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പുറത്തു പോകുന്നത്. പിന്നെ കാണാത്ത ഒരു സ്ഥലം കാണുകയും ചെയ്യാമല്ലോ എന്ന് കരുതി. ഒരു ഒന്‍പത് മണിയോടെ ഞങ്ങള്‍ ദുബായില്‍ നിന്നും പുറപ്പെട്ടു. ആരും കാര്യമായി ഒന്നും കഴിച്ചിട്ടില്ല. എന്തായാലും ബുറൈമിയില്‍ നിന്ന് കാര്യമായി വല്ലതും കഴിക്കാമല്ലോ എന്ന പ്രതീക്ഷയിലാണ് പോകുന്നത്. ആ യാത്ര ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അങ്ങനെ ബുറൈമിയില്‍ എത്താറായപ്പോളാണ് ഷംസു ഒരു കാര്യം ചോദിച്ചത് "ഡാ, നിങ്ങളുടെ കയ്യില്‍ പാസ്പോര്‍ട്ട്‌ ഉണ്ടോ?

ഞാന്‍ : ഇല്ല, എന്തെ?

ഷംസു: അല്ല, ബോര്‍ഡര്‍ കടക്കണം എങ്കില്‍ പാസ്പോര്‍ട്ട്‌ വേണം

ഞാന്‍: അയ്യോ, അപ്പൊ ഞങ്ങളെന്താ ചെയ്യാ?

ഷംസു : ഒരു കാര്യം ചെയ്യ്, ഞാന്‍ നിങ്ങളെ ബോര്‍ഡറില്‍ ഇറക്കി തരാം. നിങ്ങള്‍ അവിടെയൊക്കെ ഒന്ന് കറങ്ങു. ഞാന്‍ മടങ്ങി വരുമ്പോള്‍ നിങ്ങളെ എടുക്കാം.

സുധി : അപ്പൊ ഞങ്ങടെ ഭക്ഷണം?

ഷംസു : അത് അവിടെ ഏതെങ്കിലും ഹോട്ടലില്‍ നിന്ന് കഴിക്കു.

ഞാനും സുധിയും നിസഹായതയോടെ മുഖത്തോട് മുഖം നോക്കി..

അങ്ങനെ ഷംസു ഞങ്ങളെ ഒമാന്‍റെ അതിര്‍ത്തിയില്‍ ഇറക്കി വിട്ട് അവന്‍റെ ബന്ധുവിന്‍റെ വീട്ടിലേക്കു പോയി. പുറത്തു നല്ല ചൂടാണ്. ഞാനും സുധിയും എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം ഒരു കടയുടെ ഉമ്മറത്ത്‌ ഇരുന്നു.സുധി അവന്‍റെ വീട്ടിലെ വിശേഷങ്ങള്‍ ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ സമയം ഉച്ച ആയി. നല്ല വിശപ്പ്‌. ഞങ്ങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നു. പക്ഷെ ഒന്നും കണ്ടില്ല. ഉള്ള ചില കടകള്‍ തന്നെ പെരുന്നാളായതു കൊണ്ട് മുടക്കമാണ്. ഒടുവില്‍ അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ കണ്ടു. അവിടെ പോയി കുറച്ചു ബന്നും, ജ്യൂസും വാങ്ങി കഴിച്ചു. വീണ്ടും പഴയ സ്ഥലത്ത് തന്നെ വന്നിരുന്നു. പിന്നെ കുറച്ചു നേരം ഞങ്ങള്‍ ഷംസുവിനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു. അവനു ഇത് ആദ്യമേ പറയാമായിരുന്നില്ലേ എന്നൊക്കെ പരസ്പരം ചോദിച്ചു. എന്തായാലും അവന്‍ വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് നമുക്ക് എന്തെങ്കിലും ഭക്ഷണം കൊണ്ട് വരാതിരിക്കില്ല എന്ന് കരുതി സമാധാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വിശന്നു തുടങ്ങി. ആ വെയിലത്ത്‌ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തുടങ്ങി. എവിടെയും ഒന്നും കാണാനില്ല. നല്ലൊരു പെരുന്നാള്‍ ദിവസം ആയിട്ട് പട്ടിണി കിടക്കാനാണല്ലോ പടച്ചോനെ ഇങ്ങോട്ട് വന്നത്..ബുറൈമി...കോപ്പ്.. വല്ലാത്തൊരു നാശം പിടിച്ച സ്ഥലം തന്നെ എന്ന് ഞങ്ങള്‍ പിറുപിറുത്തു.

സുധി: സിറാജിക്കാ, ഞാന്‍ ഇപ്പൊ വിശന്നു ചാകും.

ഞാന്‍ : നമുക്ക് കുറച്ചു കൂടെ പോയി നോക്കാം, വല്ലതും കിട്ടുമെന്നു വിചാരിക്കാം.

അങ്ങനെ കുറച്ചു ദൂരം പോയപ്പോളാണ് ഒരു കടയുടെ മുന്‍പില്‍ കുറച്ചു ആള്‍ക്കാര്‍ നിന്ന്‍ ഭക്ഷണം കഴിക്കുന്നത് കണ്ടത്. ഞങ്ങള്‍ ആവേശത്തോടെ അങ്ങോട്ട്‌ ഓടി ചെന്നു. അത് പാകിസ്ഥാനികളുടെ ഒരു കടയാണ്. എല്ലാവരും റൊട്ടിയാണ് കഴിക്കുന്നത്‌. കൂടെ എന്തോ കറിയും ഉണ്ട്. കണ്ടപ്പോള്‍ തന്നെ നാവില്‍ വെള്ളമൂറി. ഞാന്‍ അവിടെ കണ്ട ഒരു വൃദ്ധനോട് ഞങ്ങള്‍ക്ക് ഭക്ഷണം വേണം എന്ന് പറഞ്ഞു. അപ്പൊ അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " ഭായ്, ഇത് ഹോട്ടല്‍ അല്ല, ഞങ്ങള്‍ സുഹൃത്തുക്കളില്‍ ഒരാളുടെ കടയാണ്. പെരുന്നാള്‍ ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടെ ഇവിടെ കൂടിയതാണ്. ഞങ്ങളുടെ മുഖം മങ്ങിയത് കണ്ടു അയാള്‍ പറഞ്ഞു " ഒരു കാര്യം ചെയ്യു, ഭക്ഷണം ഇഷ്ട്ടം പോലെ ഉണ്ട്. നിങ്ങള്‍ എത്ര വേണമെങ്കിലും കഴിച്ചോളൂ" അത് കേട്ടതും സുധി എന്നെ നോക്കി ചിരിച്ചു. അവന്‍റെ കണ്ണുകളിലെ തിളക്കം എന്‍റെ മുഖത്തേക്ക് അടിച്ചു. അയാള്‍ എനിക്ക് ഭക്ഷണം ഇരിക്കുന്ന സ്ഥലം കാണിച്ചു തന്നിട്ട് എടുത്തോളാന്‍ പറഞ്ഞു. അവിടെ ചൂടുള്ള പാകിസ്ഥാനി റൊട്ടി ഉണ്ട്. നല്ല കനം കുറഞ്ഞ റൊട്ടി ഞങ്ങള്‍ രണ്ടു മൂന്നെണ്ണം എടുത്തു പാത്രത്തില്‍ ഇട്ടു. പിന്നെ അടുത്തിരുന്ന പാത്രം മെല്ലെ പൊക്കി നോക്കി. ആവി പറക്കുന്ന മട്ടന്‍ കറിയുടെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി. ഞങ്ങള്‍ റൊട്ടിയിലേക്ക് രണ്ടു കയില്‍ കറി വിളമ്പി. നല്ല നെയ്യുള്ള മട്ടന്‍റെ കറി ആ റൊട്ടിയുടെ മടക്കുകളിലേക്ക് ഒഴുകിയിറങ്ങി. റൊട്ടി മെല്ലെ കുതിര്‍ന്നു തുടങ്ങി. നല്ല സ്വാദുള്ള മട്ടന്‍റെ പീസുകള്‍.. നല്ല എരിവുള്ള കറി..ഞങ്ങള്‍ ആവേശത്തോടെ അത് കഴിച്ചു തുടങ്ങി.



ഞങ്ങള്‍ക്ക് ഭക്ഷണം തന്ന ആ വൃദ്ധന്‍ ഞങ്ങളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു. വിശന്നു തളര്‍ന്നു വന്ന ഞങ്ങള്‍ക്ക് ഭക്ഷണം നല്കാന്‍ കഴിഞ്ഞ സംതൃപ്തി അയാളുടെ മുഖത്തുണ്ടായിരുന്നു. ഞാന്‍ സുധിയോടു പറഞ്ഞു "എടാ സുധി, ഇതൊരു യോഗമാണ്, അല്ലെങ്കില്‍ ദുബായില്‍ ചുമ്മാ ഇരുന്നിരുന്ന നമ്മള്‍ ഷംസുവിന്‍റെ കൂടെ ഇങ്ങോട്ട് വന്ന് ഇവിടെ തേരാ പാര നടക്കാനും, ഒടുവില്‍ ഈ സമയത്ത് ഇവരുടെ അടുത്തെത്തി ഈ ഭക്ഷണം കഴിക്കാനും സാധിക്കുമോ? റൊട്ടി ഇറങ്ങാനുള്ള വെള്ളം കുടിച്ചു കൊണ്ട് സുധി പറഞ്ഞു "ശരിയാണ് സിറാജിക്കാ, ശരിയാണ്.

ഭക്ഷണം എല്ലാം വയര്‍ നിറയെ കഴിച്ചു കൊണ്ട്, അവരോടു നന്ദി പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. ഞാന്‍ സുധിയോട് പറഞ്ഞു "എടാ, സുധി, "ദാനേ ദാനേ പേ ലിഖാ ഹേ ഖാനെ വാലെ കാ നാം"

സുധി: എന്ന് വെച്ചാ?

ഞാന്‍: എന്ന് വെച്ചാല്‍ ഓരോ ധാന്യത്തിലും അത് കഴിക്കുന്നവന്‍റെ പേരെഴുതിയിട്ടുണ്ട് എന്ന്.

സുധി : ആ..അങ്ങനെ..

ഞാന്‍ : അല്ലെങ്കില്‍ പിന്നെ തൃശൂരുള്ള ഞാനും, കോഴിക്കോടുള്ള നീയും, ഈ ദിവസം ഒമാന്‍റെ അതിര്‍ത്തിയിലെത്തി ഈ പാകിസ്ഥാനികളുടെ കൂടെയിരുന്ന്‍ ഭക്ഷണം കഴിക്കുമോ? ഇനി എത്ര വര്‍ഷം കഴിഞ്ഞാലും നമ്മളിത് മറക്കുമോ?

സുധി : ഇല്ല സിറാജിക്കാ, എനിക്ക് മറക്കാന്‍ പറ്റില്ല. ഇത്ര രുചിയോടെ ഞാന്‍ ഇത് വരെ ഭക്ഷണം കഴിച്ചിട്ടില്ല.

ഞാന്‍ : അതാടാ വിശപ്പിന്‍റെ വില. വിശപ്പിന്‍റെ വിലയറിഞ്ഞവനെ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചിയറിയൂ.

സുധി : സത്യം..

ഞങ്ങള്‍ പഴയ സ്ഥലത്തേക്ക് തിരിച്ചു നടന്നു. ഇപ്പോള്‍ ബുറൈമി കുറച്ചു കൂടെ മനോഹരമായിരുന്നു. ഞങ്ങള്‍ അതിന്‍റെ പ്രകൃതി ഭംഗിയെ വര്‍ണ്ണിക്കാന്‍ തുടങ്ങി. വൈകീട്ട് കഴിഞ്ഞപ്പോള്‍ ഷംസു കാറുമായി വന്നു. "എന്താ മക്കളെ കാത്തിരുന്ന് വയ്യാതായോ? ഭക്ഷണം വല്ലതും കഴിച്ചോ?

സുധി : ഞങ്ങള്‍ നല്ല റൊട്ടിയും അടിപൊളി മട്ടന്‍ കറിയും കഴിച്ചു.

ഷംസു : ആണോ? എവിടെന്ന്?

ഞാന്‍ : അതവിടെ നില്‍ക്കട്ടെ, നീ വല്ലതും കഴിക്കാന്‍ കൊണ്ട് വന്നിട്ടുണ്ടോ?

ഷംസു: ഇല്ല, ഞാനൊന്നും എടുത്തിട്ടില്ല. നിങ്ങള്‍ ഒന്നും എടുക്കാന്‍ പറഞ്ഞില്ലല്ലോ?

ഞാനും സുധിയും പരസ്പരം നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു. ഷംസു കാര്യം അറിയാതെ ഞങ്ങളെ നോക്കി. ഞങ്ങള്‍ ഉണ്ടായ കാര്യങ്ങള്‍ അവനോടു പറഞ്ഞു. കേട്ടപ്പോള്‍ അവനും ചിരിച്ചു. അങ്ങനെ ഞങ്ങള്‍ ബുറൈമിയോടു യാത്ര പറഞ്ഞു ഇറങ്ങി. ദുബായില്‍ എത്തിയപ്പോള്‍ സുഹൈര്‍ റൂമില്‍ കിടന്നുറങ്ങുന്നു. അവനെ വിളിക്കാതെ ഞങ്ങള്‍ കട്ടിലില്‍ കയറി കിടന്നു. പിന്നെ സുഖമായി കിടന്നുറങ്ങി. ഇന്ന് ഷംസുവും, സുധിയും ഞാനും സുഹൈറും എല്ലാം നാലിടത്താണ്. സുധി ഇന്നിതെല്ലാം ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും എനിക്കൊന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല..കഴിയുകയുമില്ല.!!