Monday, August 26, 2013

നാളെയാണ് ആ കല്യാണം !!



കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കോളേജും ഊര് ചുറ്റലും ആയി നടന്നിരുന്ന കാലം. ഒരു ദിവസം വൈകീട്ട് ഞാന്‍ ഞങ്ങടെ കവല വരെ ചുമ്മാ നടക്കാനിറങ്ങിയതാണ്. എന്‍റെ സുഹൃത്ത്‌ രാഹുലിന്‍റെ അച്ഛന് അന്നവിടെ ഒരു കട ഉണ്ട്. രാഘവേട്ടന്‍റെ കട എന്ന് ഞങ്ങള്‍ പറയും. ഞാന്‍ കടയിലേക്ക് ചെന്നപ്പോള്‍ ഒരു പയ്യന്‍ അവിടെ തൂക്കിയിട്ടിരിക്കുന്ന ബാലരമ തലയൊക്കെ ചെരിച്ചു പിടിച്ചു കഷ്ട്ടപ്പെട്ട് വായിക്കുന്നു. അവനെ ചുമ്മാ ഒന്ന് വിരട്ടിയാലോ എന്ന് ഞാന്‍ കരുതി.

ഞാന്‍ : ടാ, നീ എന്താ ഈ കാണിക്കണേ?

അവന്‍ കണ്ണ് ചിമ്മി കൊണ്ട് : ഒന്നുല്ല...

ഞാന്‍ : പിന്നെ..?

അവന്‍ : ബുക്ക്‌ നോക്കിയതാ....

ഞാന്‍ : എന്തിന്?

അവന്‍ : വായിക്കാനാ...

ഞാന്‍ : വായിക്കണം എങ്കില്‍ കാശു കൊടുത്തു വാങ്ങിച്ചൂടെ?

അവന്‍ : പൈസ ഇല്ല..

ഞാന്‍ : പൈസ ഇല്ലെങ്കില്‍ വാങ്ങിക്കണ്ട, അങ്ങോരിവിടെ ഈ ബുക്ക്‌ തൂക്കി ഇട്ടിരിക്കുന്നത് വില്‍ക്കാനാ. അല്ലാതെ നിനക്കൊന്നും വായിക്കാനല്ല, മനസ്സിലായോ?

അവന്‍ : ആ..

ഞാന്‍ : എന്നാ പോക്കോ...ഹും..

ഇവനാരെടാ എന്ന ഭാവത്തോടെ എന്നെ തിരിഞ്ഞു നോക്കി കൊണ്ട് ആ പയ്യന്‍ പോയി. അവനെ ഞാന്‍ പലപ്പോഴും നാട്ടില്‍ കണ്ടിട്ടുണ്ട്. അവന്‍റെ വീട് അറിയാം എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞു പോയി. അങ്ങനെയിരിക്കെ ഞങ്ങളുടെ നാട്ടില്‍ ഒരു ബൂത്ത്‌ തുടങ്ങി. പകല്‍ ഒരു പെണ്‍കുട്ടി ഉണ്ടാകും.രാത്രി അവിടെ ഇരിക്കുന്നത് നമ്മുടെ ഈ പയ്യന്‍ ആണ്. അവന്‍ കുറച്ചു കൂടെ വലിയ ചെക്കന്‍ ആയി. ചുക്കുണ്ട എന്നാണ് എല്ലാരും അവനെ വിളിക്കുന്നത്‌. ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ അവന്‍ ചൂടാകുമായിരുന്നു. അന്നും അവനോടു എനിക്ക് അത്ര കൂട്ടില്ല. ബൂത്ത്‌ ആയത് കൊണ്ടു അവന്‍ പെട്ടെന്ന് കേറി പോപ്പുലറായി. എന്‍റെ കൂട്ടുകാരില്‍ ചിലരൊക്കെ ഇടക്ക് ആ ബൂത്തില്‍ പോയി ഇരിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം രാത്രി എന്‍റെയൊരു കൂട്ടുകാരനെ അന്വേഷിച്ചു ഞാന്‍ ആ ബൂത്തില്‍ ചെന്നപ്പോള്‍ ഇവന്‍ അവിടെ ഇരിക്കുന്നു. എന്‍റെ കൂട്ടുകാരന്‍ അവിടെയില്ല എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വണ്ടി തിരിക്കാനൊരുങ്ങി.

അവന്‍ : ഹലോ, ഒന്ന് കേറിയിട്ട് പോക്കൂടെ?

ഞാന്‍ : എന്തെ?

അവന്‍ : അല്ലാ, ഞാനും ഈ നാട്ടുകാരനാണ്.

ഞാന്‍ : അതെനിക്കറിയാം.

അവന്‍ : പിന്നെ എന്താ നമ്മളോടൊന്നും മിണ്ടാത്തെ?

ഞാന്‍ : അങ്ങനെയൊന്നുമില്ല.

അവന്‍ : എന്നാ അകത്തേക്ക് വാ

ഞാന്‍ അകത്തേക്ക് ചെന്നു. അവന്‍ എനിക്ക് ഇരിക്കാന്‍ കസേര തന്നു.പിന്നെ പതുക്കെ സംസാരിച്ചു തുടങ്ങി. അവന്‍ പഠിക്കാന്‍ പോകുന്നുണ്ട്. കുറച്ചു പോക്കറ്റ്‌ മണി കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് വൈകുന്നേരം ഇവിടെ ഇരിക്കുന്നത് എന്നൊക്കെ പറഞ്ഞു. അങ്ങനെ അവന്‍ പല വിശേഷങ്ങളും പറഞ്ഞു തുടങ്ങി. അവന്‍റെ നിര്‍ത്താതെയുള്ള ആ സംസാരം എനിക്ക് ഇഷ്ട്ടമായി. അവന്‍ ആ പഴയ ബാലരമ സംഭവം എന്നോട് പറഞ്ഞു. അതിനു ശേഷം എപ്പോ ആ കടയില്‍ പോയാലും ആ കാലന്‍ വരുന്നുണ്ടോ എന്ന് നോക്കിയിട്ടാണ് ബാലരമ നോക്കാറുള്ളത് എന്നും പറഞ്ഞു ചിരിച്ചു. ഞാനും അറിയാതെ ചിരിച്ചു പോയി. പിന്നീട് മിക്ക ദിവസവും ഞാന്‍ ആ ബൂത്തില്‍ പോകാന്‍ തുടങ്ങി. ആ സൌഹൃദം വളര്‍ന്നു. എന്തിനേറെ പറയുന്നു, കുറച്ചു ദിവസങ്ങള്‍ക്കകം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ തുടങ്ങി. ചില പൂരങ്ങള്‍, ചില സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു കണ്ടു. വളരെ പെട്ടെന്ന് തന്നെ പരസ്പരം എന്തും തുറന്നു പറയാവുന്ന ഒരു ബന്ധം ആയി അത് മാറി.

ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ വന്നു അവന്‍ ദുബായിലേക്ക് പോയി. യാത്ര അയക്കാന്‍ ചെന്നപ്പോള്‍ അവന്‍ എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവന്‍ പോയ ശേഷം ആ ബൂത്തില്‍ കുറെ കാലം ഞാനായിരുന്നു ഇരുന്നിരുന്നത്. ദുബായില്‍ ഒന്ന് സെറ്റ്‌ ആയാല്‍ എന്നെ കൂടെ അങ്ങോട്ട്‌ കൊണ്ട് പോകും എന്ന് അന്ന് അവന്‍ പറഞ്ഞിരുന്നു. സാധാരണ കൂട്ടുകാരോട് എല്ലാവരും പറഞ്ഞു പോകുന്ന വെറും ഒരു വാക്കായിരുന്നില്ല അത്. ഒരു വര്‍ഷം അവന്‍റെ ജോലികാര്യം കുറച്ചു പ്രശ്നത്തിലായിരുന്നു. എന്നിട്ടും അവന്‍ എനിക്ക് ഒരു ജോലി ശരിയാക്കി. അവനും എന്‍റെ കുഞ്ഞുപ്പയും കൂടെ ഒരു വിസിറ്റ് വിസയില്‍ എന്നെ ദുബൈക്ക് കൊണ്ട് വന്നു. അവന്‍റെ റൂമില്‍ തന്നെ താമസവും ശരിയാക്കി.

അങ്ങനെ 2004-ല്‍ ഞാന്‍ ആദ്യമായി ദുബായില്‍ എത്തി ആ ജോലിക്ക് കയറി.അതൊരു ഇറാനിയുടെ കമ്പനി ആയിരുന്നു. എനിക്ക് ഒരു തരത്തിലും അവിടെ നില്‍ക്കാന്‍ പറ്റുന്നില്ല. അങ്ങനെ ആയിരുന്നു അയാളുടെ സ്വഭാവം. എന്‍റെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ എനിക്ക് അവിടെ വിസ അടിക്കാന്‍ കഴിഞ്ഞില്ല. പിന്നെ വേറെ ജോലി അന്വേഷിച്ചു കുറെ നടന്നു. ഞങ്ങളുടെ രണ്ടാളുടെ കയ്യിലും അധികം കാശില്ലാത്ത സമയം. അന്ന് എന്‍റെ എല്ലാ കാര്യങ്ങള്‍ക്കും സഹായിച്ചിരുന്നത് അവനായിരുന്നു. ഏതു പാതിരാത്രിയും എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞാല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു എന്റെ കൂടെ വരും,അവന്‍ കഴിച്ചില്ലെങ്കിലും എനിക്ക് ഭക്ഷണം വാങ്ങി തരും. എനിക്ക് ഇന്‍റര്‍വ്യൂവിന് പോകാനുള്ള ബസ് കൂലി എങ്ങനെയെങ്കിലും ഒപ്പിച്ചു തരും. അങ്ങനെ ഒരു വിസിറ്റ് കൂടെ എടുത്ത് ഞാന്‍ ജോലി അന്വേഷണം തുടര്‍ന്നു. പക്ഷെ ഒന്നും ശരിയായില്ല. വേറൊരു വിസിറ്റ് വിസ കൂടെ എടുത്ത് ജോലി അന്വേഷിക്കാന്‍ അവന്‍ നിര്‍ബന്ധിച്ചെങ്കിലും എനിക്ക് താല്‍പര്യം തോന്നിയില്ല. പോരുന്നതിന്‍റെ തലേ ദിവസം രാത്രി ഞങ്ങള്‍ ഒരു ബീച്ചില്‍ പോയി ഇരുന്നു. മുന്‍പില്‍ കടല്‍, ചെറിയ തിരമാലകള്‍ അടിക്കുന്നുണ്ട്.

അവന്‍ : ടാ, ഒന്ന് കൂടെ ആലോചിട്ടു പോയാല്‍ പോരെ?

ഞാന്‍ : വേണ്ടടാ, ഞാന്‍ പോട്ടെ, കയ്യില്‍ കാശില്ലാതെ ഇവിടെ ഇങ്ങനെ നിന്നാല്‍ ശരിയാകില്ല.

അവന്‍ : കാശിന്‍റെ കാര്യമൊന്നും നീ ആലോചിക്കണ്ട, അതൊക്കെ എന്തെങ്കിലും ചെയ്യാം..

ഞാന്‍ : ഏയ്, അതൊന്നും വേണ്ട, എനിക്ക് നാട്ടില്‍ പോണം.

അവന്‍ : ഉറപ്പാണോ?

ഞാന്‍ : അതെ. ഇനി എന്തായാലും ദുബായിലേക്ക് ഇല്ലടാ..

അവന്‍ : അതൊക്കെ വെറുതെ തോന്നാ, ഇന്നല്ലെങ്കില്‍ നാളെ നീ ഇങ്ങോട്ട് തന്നെ വരും..

ഞാന്‍ : അറിയില്ല, നമുക്ക്‌ നോക്കാം..

ഞാന്‍ എണീറ്റ്‌ നിന്ന് ഒരു കല്ലെടുത്ത് കടലിലേക്ക്‌ നീട്ടി എറിഞ്ഞു. അത് തിരമാലകളില്‍ തത്തിതത്തി ദൂരേക്ക്‌ പോയി. അങ്ങനെ ഞങ്ങള്‍ മടങ്ങി പോന്നു. പിറ്റേ ദിവസം ഞാന്‍ നാട്ടിലേക്ക് പോയി. അവനോട് ഞാന്‍ എനിക്ക് വേണ്ടി ഇനി ദുബായില്‍ ഒന്നും നോക്കണ്ട എന്ന് പറഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഒരു ചെറിയ ജോലിക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു ജോലി. പക്ഷെ സാമ്പത്തികമായി പ്രശ്നങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു. അവിടെ നിന്ന് കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 2006-ല്‍ എനിക്ക് വീണ്ടും ദുബായിലേക്ക് ഒരു വിസ കിട്ടി. അങ്ങനെ ഞാന്‍ പോലും ആഗ്രഹിക്കാത്ത സമയത്ത് ഞാന്‍ വീണ്ടും ഈ മഹാനഗരത്തിലേക്ക് എത്തിപ്പെട്ടു. അവന്‍ അത് വരെ നാട്ടില്‍ വന്നിട്ടില്ലായിരുന്നു. ഞാന്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ അവധി ദിവസം ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി. അവന്‍റെ ആഗ്രഹ പ്രകാരം ഞങ്ങള്‍ ആ പഴയ ബീച്ചില്‍ വീണ്ടും പോയി. പഴയ അതേ സ്ഥലത്ത് വീണ്ടും ഇരുന്നു. മുന്‍പില്‍ അതേ കടല്‍, അതേ തിരമാലകള്‍. അവിടെ അവന്‍റെ കൂടെ അങ്ങനെ ഇരുന്നപ്പോള്‍ ഇന്നലെയാണ് ഞാന്‍ നാട്ടിലേക്ക്‌ പോയതെന്ന് തോന്നി. ഇടയില്‍ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെന്നു തോന്നിയതേയില്ല.

അവന്‍ : എന്താടാ പോന്നേ?

ഞാന്‍ മിണ്ടുന്നില്ല..

അവന്‍ : ടാ, നിന്നോട്..

ഞാന്‍ : ഒന്നുല്ലാ..ചുമ്മാ..

അവന്‍ : നിന്നോട് ഞാന്‍ അന്നെ പറഞ്ഞതല്ലേ നീ ഇങ്ങോട്ട് തന്നെ വരുമെന്ന്..ഇപ്പൊ എന്തായി?

ഞാന്‍ : ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ വീണ്ടും വരാനായിരിക്കും എന്‍റെ യോഗം.

അന്ന് തൊട്ടു ഇന്ന് വരെ ഏഴു വര്‍ഷമായി ഞങ്ങള്‍ രണ്ടു പേരും ദുബായില്‍ ഉണ്ട്. ഇടയ്ക്കു നാട്ടില്‍ ചില വെക്കേഷന്‍ ഞങ്ങള്‍ ഒരുമിച്ചാഘോഷിച്ചു. 2008-ല്‍ എന്‍റെ കല്യാണം കഴിഞ്ഞു. പക്ഷെ അവനു പങ്കെടുക്കാന്‍ പറ്റിയില്ല. നാട്ടില്‍ പോകുമ്പോളൊക്കെ പെണ്ണ് അന്വേഷിച്ചെങ്കിലും അവനു ഒന്നും ശരിയായില്ല. അങ്ങനെ കഴിഞ്ഞ റമദാന്‍ മാസത്തിലെ ഒരു ഇഫ്താറിന് അവന്‍ ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. അവന്‍ അവന്‍റെ വീട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ വീട്ടുകാര്‍ അവരുടെ വിവാഹം ഉറപ്പിച്ചു. ദുബായില്‍ വെച്ചായിരുന്നു അവരുടെ കല്യാണ നിശ്ചയം.ഇത്രയും പറഞ്ഞപ്പോള്‍ ആരാണീ സുഹൃത്ത് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹം കാണും. എന്‍റെ നാട്ടുകാര്‍ക്കും ചുരുക്കം ചില സുഹൃത്തുക്കള്‍ക്കും ആളെ മനസ്സിലായി കാണും. അല്ലാത്തവര്‍ക്ക് വേണ്ടി പറയാം. അവനാണ് സുഹൈര്‍ ഹസ്സന്‍. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്.



നാളെയാണ് അവന്‍റെ കല്യാണം. ലീവ് ഇല്ലാത്തതു കൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. ഞങ്ങള്‍ പ്രവാസികള്‍ക്ക് അതൊക്കെ സഹജമല്ലേ? അവന്‍റെ കല്യാണത്തിന്‍റെ ഉത്സാഹ കമ്മറ്റി ആയി, അവിടെ എല്ലാറ്റിനും ഓടി നടക്കേണ്ട ഞാന്‍ അന്ന് ഇവിടെ ആയിരിക്കും. ഞങ്ങളുടെ ആ പഴയ ടെലിഫോണ്‍ ബൂത്തും,രാഘവേട്ടന്‍റെ ആ കടയൊന്നും ഇന്നവിടെയില്ല. രാഘവേട്ടന്‍ കുറെ നാള്‍ മുന്‍പേ മരിച്ചു. ബൂത്തിന്‍റെ സ്ഥലത്ത് ഇന്നൊരു സലൂണ്‍ ആണ്. അവന്‍റെ വിവാഹ ദിവസം കല്യാണവണ്ടികള്‍ ഓരോന്നായി ഞങ്ങളുടെ ആ കവലയിലൂടെ കടന്നു പോകും. അത് കാണാന്‍ ഞാനവിടെയില്ല. എങ്കിലും മനസ്സ് കൊണ്ട് ഞങ്ങളുടെ ബൂത്തിന് മുന്‍പില്‍ ഞാനുണ്ടാകും. അവനും പെണ്ണും കൂടെ അലങ്കരിച്ച കാറില്‍ പോകുമ്പോ അവരെ ഒന്ന് കാണാന്‍.. അവനെ "ടാ ചുക്കുണ്ടേ" എന്ന് ഒന്ന് നീട്ടി വിളിക്കാന്‍... എന്‍റെ പ്രിയ സുഹൃത്തിന് എല്ലാ മംഗളങ്ങളും നേരുന്നു..

9 comments: