Wednesday, September 18, 2013

ജില്ല അണിയറയില്‍ ഒരുങ്ങുമ്പോള്‍ !!

കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു, ചിത്രീകരണം തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം, റിലീസിന് മുന്‍പ്‌ തന്നെ കോടികളുടെ ബിസിനസ്‌ നടന്ന ഒരു ചിത്രം. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം, അതെ..ഞാന്‍ പറയുന്നത് മോഹന്‍ലാല്‍ വിജയ്‌ ടീം ഒന്നിക്കുന്ന ജില്ല എന്ന പുതിയ തമിഴ്‌ ചിത്രത്തെ കുറിച്ചാണ്.



മോഹന്‍ലാല്‍ ഒരു തമിഴ്‌ ചിത്രം ചെയ്യുന്നു എന്ന് പറയുന്നത് പുതിയൊരു വാര്‍ത്ത‍ അല്ല, ഇതിനു മുന്‍പും പ്രകാശ്‌രാജ്, കമല്‍ഹാസന്‍,എന്നീ പ്രമുഖരുടെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത പോപ്‌കോണ്‍,മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍,കമല്‍ ഹസ്സന്റെ കൂടെ ചെയ്ത "ഉന്നൈ പോല്‍ ഒരുവന്‍" എന്നീ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് അദ്ധേഹത്തിനു ഒരു പാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആയ ഇളയ ദളപതി വിജയോടൊപ്പം, ആദ്യമായാണ് ലാല്‍ ഒരു ചിത്രം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശത്തിലായി.മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താകും എന്നറിയാനുള്ള ആകാംഷ ആയിരുന്നു എല്ലാവര്ക്കും. തൂവെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു താടിയും വെച്ച്, മീശയും പിരിച്ചുള്ള ലാലിന്‍റെ ആദ്യത്തെ ചിത്രം പുറത്തു വന്നതോടെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ തന്നെ ഡിസൈന്‍ ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും നിരന്നു തുടങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗ് ഇപ്പോള്‍ തന്നെ ഫേസ് ബുക്കില്‍ തരംഗം ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ വിജയുടെ കഥാപാത്രത്തിന്റെ ഗോഡ്‌ ഫാദര്‍ ആണെന്നും, അതല്ല വിജയ്‌ മോഹന്‍ ലാലിന്‍റെ വളര്‍ത്തു പുത്രന്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതെന്തു തന്നെയായാലും മോഹന്‍ലാലിന്‍റെ മീശ പിരിച്ചുള്ള ആ വേഷം, ഫേസ് ബുക്കിലെ ലാല്‍ ആരാധകരുടെ ഭാഷ കടമെടുത്താല്‍ അണ്ണന്റെ ആ "കലിപ്പ് " പ്രകടനം കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. തമിള്‍ സിനിമ പ്രേക്ഷകര്‍ ലാലിന്‍റെ ഒരു മുഖമേ കണ്ടിട്ടുള്ളൂ, പ്രകാശ്‌ രാജിന്റെ കൂടെയും കമല്‍ ഹസ്സന്റെയും കൂടെ വളരെ ഒതുക്കമുള്ള, ശാന്തമായ കഥാപാത്രങ്ങളാണ് ലാല്‍ ഇത് വരെ ചെയ്തത്. പക്ഷെ ഇത് അങ്ങനെ അല്ല, മോഹന്‍ ലാലിന് അറിഞ്ഞു വിളയാടാനുള്ള എല്ലാ സംഗതികളും,സംഭവങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകും എന്നുള്ളതു ഉറപ്പാണ്‌, പുറത്തു വന്ന ഫോട്ടോസ് കണ്ടിട്ട് അതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥ മാസ്സ് അവര്‍ കാണാന്‍ പോകുന്നെ ഉള്ളു. പ്രിയന്റെ ഗീതാഞ്ജലി പൂര്‍ത്തിയാക്കിയ ലാല്‍ കഴിഞ്ഞ മാസം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തു



ഇനി വിജയ്‌,..ഇന്ന് മലയാളത്തില്‍ ഉള്ള ഏതൊരു യുവനടനേക്കാളും ആരാധകര്‍ കേരളത്തില്‍ ഉള്ള നടന്‍. തുള്ളാത മനവും തുള്ളും,ഷാജഹാന്‍, പോക്കിരി, ഗില്ലി,തുപ്പാക്കി, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വിജയമാണ് നേടിയത്. തമിഴ്‌ നാട്ടിലെന്ന പോലെ ഇവിടെയും വിജയ്ക്ക് ഒരു പാട് ഫാന്‍സ്‌ അസ്സോസിയെഷന്‍സ് ഉണ്ട്, അവരെല്ലാം ഇതൊരു സംഭവം ആക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വിജയുടെ ചിത്രം കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്‍ മലയാള ചിത്രങ്ങളെ പോലെ അവര്‍ ആരവത്തോടെ സ്വീകരിക്കുന്നു, കുറച്ചു നാള്‍ മുന്‍പ് അദ്ധേഹത്തിന്റെ വേലായുധം എന്ന ചിത്രം കേരളത്തില്‍ റിലീസ്‌ നീട്ടി വെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? മലയാള പടങ്ങളുടെ കളക്ഷനെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. വിജയുടെ കേരളത്തിലെ ജനപ്രീതിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? അപ്പൊ അങ്ങനെയുള്ള വിജയും മോഹന്‍ലാലും കൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? പ്രദര്‍ശനശാലകളെ ഉത്സവ പറമ്പുകള്‍ ആക്കുന്ന ഒരു മരണ മാസ്സ് ചിത്രം.!!

പൂര്‍ണ്ണിമ ഭാഗ്യരാജ്‌ വീണ്ടും മോഹന്‍ലാലിന്‍റെ നായിക ആകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടു പേരും 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനും നായികയുമായി സിനിമയില്‍ വന്നവര്‍... ,കൂടാതെ പൂര്‍ണ്ണിമയുടെ മകനും മകളും മോഹന്‍ലാലിന്റെ കൂടെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതെ സമയം കാജല്‍ അഗര്‍വാള്‍ ആണ് വിജയുടെ നായിക ആകുന്നത്. ജയം രാജ എന്ന സംവിധായകന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ആര്‍.ടി.നേസന്‍ എന്ന പുതുമുഖ സംവിധായകനാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനെരില്‍ ജില്ല എന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നത്. നമുക്ക് കാത്തിരിക്കാം..കേരളവും തമിഴ്‌നാടും ഒന്നിച്ചു ആഘോഷിക്കുന്ന ആ ഉത്സവത്തിനായ്‌ !!

10 comments: