Wednesday, April 30, 2014

Champion Thomas (1990) - Review

പണ്ട് ഞാന്‍ ഒരു പാട്ട് പുസ്തകം വാങ്ങിയപ്പോള്‍ അതില്‍ കണ്ട ഒരു പേരാണ് ചാമ്പ്യന്‍ തോമസ്‌. ആരുടെ പടം ആണെന്നോ, സിനിമ എങ്ങനെയുണ്ടെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു.പക്ഷെ ആ പേര് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഈ അടുത്താണ് ആ സിനിമ നെറ്റില്‍ ഉണ്ട് എന്നറിഞ്ഞത്...അങ്ങനെ ഇന്നലെ അത് കണ്ടു..ജഗതി ശ്രീകുമാര്‍ രചന നിര്‍വഹിച്ച് റെക്സ് സംവിധാനം ചെയ്ത സിനിമ ആണ് ചാമ്പ്യന്‍ തോമസ്‌ (1990). ജഗതിയാണ് എഴുതിയത് എന്ന് കണ്ടപ്പോള്‍ ഒരു മുഴുനീള കോമഡി ചിത്രം പ്രതീക്ഷിച്ചാണ് കാണാനിരുന്നത്.പക്ഷെ സിനിമ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി ഇത് വെറുമൊരു കോമഡി സിനിമ അല്ലെന്ന്‍.



ഒരു ക്ഷയരോഗിയായ വേലായുധന്‍ (ജഗതി) തന്റെ അസുഖം പൂര്‍ണ്ണമായി മാറിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത് . വേലായുധനോട് അധികം ഭാരമുള്ള പണികള്‍ എടുക്കരുത് എന്ന് ഡോക്ടര്‍ (ജനാര്‍ദ്ദനന്‍) പറഞ്ഞിട്ടുണ്ട്. രാത്രി ഏറെ വൈകി വരുന്ന വേലായുധനു യാത്രാമധ്യേ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു.ബോധരഹിതനായ വേലായുധന്‍ പിറ്റേ ദിവസം കാലത്താണ് കണ്ണ് തുറക്കുന്നത്.ഒടുവില്‍ അയാള്‍ തന്റെ വീട്ടില്‍ എത്തുന്നു.. വീട്ടില്‍ അയാളുടെ അച്ഛനും (നെടുമുടി) ഭാര്യയും (കനകലത) ഉണ്ട്.അനിയന്‍ ഒരാള്‍ ഉള്ളത് കുടുംബ സ്വത്തു ഭാഗം വെക്കാത്തതിന്റെ പേരില്‍ ഇവരുമായി ഒടക്കിലാണ്..രാത്രി ഭക്ഷണം കഴിച്ചു കിടക്കുന്ന വേലായുധന്‍ പുലര്‍ച്ചെ എല്ലാരെക്കാളും മുന്‍പേ ഉണര്‍ന്ന്‍ ഓടുന്നു. വഴിയില്‍ വെച്ച് തന്നെ തടയുന്ന സുഹൃത്തിനെ അയാള്‍ അടിച്ചിടുന്നു. നേരം പുലരുമ്പോള്‍ വേലായുധനെ കാണാതെ ഭാര്യയും അച്ഛനും പരിഭ്രമിക്കുന്നു. ഓട്ടം കഴിഞ്ഞു വീട്ടില്‍ മടങ്ങി വരുന്ന വേലായുധന്‍ അവരുടെ മുന്‍പില്‍ തളര്‍ന്നു വീഴുന്നു. പിറ്റേ ദിവസം വൈകീട്ട് നടക്കാന്‍ ഇറങ്ങുന്ന വേലായുധന്‍ അവിടെ കിടന്ന മുളയെടുത്ത് പോള്‍ വാള്‍ട്ട് കളിച്ച് അടുത്ത വീടിന്റെ ടെറസില്‍ kayari കുളിമുറിയില്‍ എത്തി നോക്കി അയല്‍ക്കാരന്റെ ഭാര്യയുടെ കുളി കാണുന്നു. എല്ലാവരും കൂടെ വേലായുധനെ താഴെ ഇറക്കുന്നു. പക്ഷെ ഇതൊന്നും തന്നെ വേലായുധന് ഓര്‍മ്മയില്ല. അതിന്റെ പിറ്റേ ദിവസം കുറച്ചു ഗുണ്ടകളുമായി വീട്ടില്‍ വരുന്ന വേലായുധന്റെ അനിയന്‍ സ്വത്തിന്റെ കാര്യം പറഞ്ഞു അച്ഛനെ കയ്യേറ്റം ചെയ്യുന്നു. അത് കാണുന്ന വേലായുധന്റെ മുഖഭാവം മാറുന്നു..കണ്ണുകള്‍ ചോര നിറം ആകുന്നു. അച്ഛനെ ആക്രമിക്കുന്ന അനിയനെയും ഗുണ്ടകളെയും വേലായുധന്‍ നേരിടുന്നു .ക്ഷയരോഗി ആയിരുന്ന അയാളുടെ ഈ കായിക ബലം എല്ലാരേയും അത്ഭുതപെടുത്തുന്നു. വേലായുധനു ഭ്രാന്ത് ആണെന്ന് പറഞ്ഞു അനിയന്‍ അയാളെ ഭ്രാന്താശുപത്രിയില്‍ ആക്കുന്നു. അവിടെ നിന്ന് ഇറങ്ങിയോടുന്ന വേലായുധന്‍ പുറത്തു കിടന്ന കാര്‍ എടുത്തു വീട്ടിലേക്കു പോകുന്നു.ഡ്രൈവിംഗ് അറിയാത്ത അയാള്‍ എങ്ങനെ കാര്‍ ഓടിച്ചു എന്ന് എല്ലാരും അമ്പരക്കുന്നു.ഉറങ്ങി കിടന്ന അയാളെ അനിയനും ഗുണ്ടകളും വീണ്ടും അതെ ആശുപത്രിയില്‍ എത്തിക്കുന്നു. അവിടത്തെ ഡോക്ടര്‍ ആണ് ഡോക്ടര്‍ മാത്യൂസ്‌ (മുകേഷ്).അപ്പോള്‍ സംസാരിച്ച കാര്യം അടുത്ത നിമിഷം മറന്നു പോകുന്ന ഒരു അര വട്ടനാണ്. വേലായുധന് ഭ്രാന്തല്ല, മറിച്ച് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ആണ് എന്ന് അയാള്‍ മനസിലാക്കുന്നു.

വേറെ ഒരു ഭാഗത്ത്‌ മരിച്ചു പോയ തന്റെ കാമുകന്‍ ചാമ്പ്യന്‍ തോമസിന്റെ ഓര്‍മ്മയില്‍ കഴിയുന്ന സെറിന്‍ (ശ്രീജ). ഒരു കായികതാരം ആയ തോമസിന്റെ കോച്ച് ആയിരുന്ന പിസി (തിലകന്‍) സെറിനോട് വേറെ ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ ഉപദേശിക്കുന്നു. സെറിന്‍ അതിനു മൌന സമ്മതം നല്‍കുന്നു. സെറിന് വേണ്ടി പിസി ആലോചിച്ചിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെ കണ്ടു ഈ വിവാഹ കാര്യം സംസാരിക്കാന്‍ വേണ്ടി ആശുപത്രിയില്‍ വരുന്ന പിസിയെ കണ്ട വേലായുധന്‍ ചാമ്പ്യന്‍ തോമസിനെ പോലെ അയാളോട് സംസാരിക്കുന്നു. പിസി ഈ കാര്യം ഡോക്ടര്‍ മാത്യൂവുമായി സംസാരിക്കുന്നു. വേലായുധന്‍ ആരാണ്? അയാളും ചാമ്പ്യന്‍ തോമസും തമ്മിലുള്ള ബന്ധം എന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഇന്ന് തന്നെ കാണുക...ചാമ്പ്യന്‍ തോമസ്‌..

കൂടുതലും കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ജഗതിയുടെ വേറിട്ട ഒരു കഥാപാത്രം ആണ് ഇതിലെ വേലായുധന്‍. ചാമ്പ്യന്‍ തോമസ്‌ ആയുള്ള ഭാവ മാറ്റവും , പാവം വേലായുധന്‍ ആയുള്ള രംഗങ്ങളും എല്ലാം അദ്ദേഹം മികച്ചതാക്കി.. ഇത്ര വര്‍ഷങ്ങള്‍ക്കു മുന്പ് ഇങ്ങനെയൊരു പ്രമേയം വന്നിരുന്നു എന്നത് തന്നെ എന്നെ ഞെട്ടിച്ചു. ജഗതിയെയും മുകേഷിനെയും കൂടാതെ ഇന്നസെന്റും മാമുക്കോയയും കൂടിയുള്ള ഒരു കോമഡി ട്രാക്കും ചിത്രത്തില്‍ ഉണ്ട്..മെയിന്‍ കഥയുമായി ബന്ധം ഇല്ലാത്തതു കൊണ്ട് അത് ഇതില്‍ പറഞ്ഞില്ല എന്നെ ഉള്ളു. M.G.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ലില്ലി പൂമിഴി എന്ന മികച്ച ഒരു ഗാനം ചിത്രത്തില്‍ ഉണ്ട്. സിനിമ അത്ര മികച്ചത് ഒന്നുമല്ല.പഴയ ചിത്രങ്ങള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണമെങ്കില്‍ കണ്ടു നോക്കാം എന്ന് മാത്രം . :)

Monday, April 28, 2014

Thudarkkadha ( 1991) - Review

ഡെന്നീസ് ജോസഫ്‌ രചനയും സംവിധാനവും നിര്‍വഹിച്ച തുടര്‍ക്കഥ ( 1991) കണ്ടു. പണ്ട് കാണാന്‍ സാധിക്കാതെ പോയ ഒരു സിനിമ ആയിരുന്നു ഇത്.പല തവണ ചാനലില്‍ വന്നിട്ടും കാണാന്‍ സാധിച്ചില്ല...മാതുവും സായികുമാറും ആണ് നായികാ നായകന്മാര്‍.



ലക്ഷ്മിപുരം കൊട്ടാരത്തിലെ രാജകുമാരിയാണ്‌ ലക്ഷ്മി ( മാതു )
മരിച്ചു പോയ തമ്പുരാന്റെ വില്‍പത്രം പ്രകാരം കൊട്ടാരം ഇപ്പോള്‍ കോടതിയുടെ സംരക്ഷണയില്‍ ആണ്.കൊട്ടാരത്തിലെ സ്വത്തുക്കള്‍ ഇപ്പോള്‍ റിസീവറുടെ ( രാജന്‍.പി.ദേവ്) മേല്‍നോട്ടത്തിലാണ്. അയാള്‍ കൊട്ടാരത്തില്‍ നിന്നും ആവശ്യത്തിനു അടിച്ചു മാറ്റുന്നുണ്ട്..രാജകുമാരിക്ക് 18 വയസ്സ് കഴിയുന്ന വരെ പുറത്തു പോകാന്‍ പാടില്ല..അത് കൊണ്ട് എല്ലാം കൊട്ടാരത്തില്‍ തന്നെ പഠിപ്പിക്കുകയാണ്..ഡാന്‍സ് പഠിപ്പിക്കാന്‍ ജഗതി, ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കുഞ്ചന്‍..രാജകുമാരിയെ സംഗീതം പഠിപ്പിക്കാന്‍ വരുന്നതാണ് വിഷ്ണു ( സായികുമാര്‍).സ്വാഭാവികമായും ലക്ഷ്മി വിഷ്ണുവുമായി അടുക്കുന്നു..റിസീവറുടെ മകന്‍ ( വിജയ രാഘവന്‍ ) ഇടയ്ക്കു കൊട്ടാരത്തില്‍ വന്നു പോകുന്നുണ്ട്.ലക്ഷ്മിയെ കല്യാണം കഴിക്കാന്‍ ആണ് കക്ഷിയുടെ ആഗ്രഹം..ലക്ഷ്മിയെ കല്യാണം കഴിക്കാന്‍ ആയി മുറ ചെറുക്കന്‍ രവി വര്‍മ്മ ( ദേവന്‍ ) ബാംഗ്ലൂരില്‍ നിന്നും വരുന്നു.അയാളുടെ കൂടെ അയാളുടെ ഒരു സ്റ്റെപ്പിനിയും ഉണ്ട്...( പേര് അറിയില്ല )അയാളുടെ ഉദ്ദേശം കൊട്ടാരത്തിലെ സ്വത്തു ആണെന്ന് പ്രതേകിച്ചു പറയണ്ടല്ലോ?അയാള്‍ കൊട്ടാരത്തില്‍ താമസം ആക്കുന്നു..അയാള്‍ കൊട്ടാരത്തിലെ അധ്യാപകരെയെല്ലാം പറഞ്ഞു വിടുന്നു..അയാളില്‍ നിന്നും രക്ഷപെടുന്ന ലക്ഷ്മി വഴിയില്‍ വെച്ച് വിഷ്ണുവിനെ കണ്ടു മുട്ടുന്നു..വിഷ്ണു അവളെ സ്വന്തം വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാം എന്ന് പറയുന്നു..പക്ഷെ വിഷ്ണു രവി വര്‍മ്മയുടെ ആളായിരുന്നു..അയാള്‍ അവളെ ചതിക്കുന്നു..അയാള്‍ അവളെ രവി വര്‍മ്മയെ ഏല്‍പ്പിക്കുന്നു..ലക്ഷ്മിയെ കണ്ടെത്താന്‍ വേണ്ടി റിസീവര്‍ ജയിലില്‍ നിന്ന് ശിവനെ ( ശ്രീനി) പരോളില്‍ ഇറക്കുന്നു.ശിവന്‍ രവി വര്‍മ്മയെ കബളിപ്പിച്ചു ലക്ഷ്മിയെ രക്ഷപ്പെടുത്തുന്നു..പക്ഷെ അവള്‍ കൊട്ടാരത്തിലേക്ക് തിരിച്ചു പോകാന്‍ സമ്മതിക്കുന്നില്ല..തന്നെ ചതിച്ച വിഷ്ണുവിനെ കണ്ടെത്താന്‍ സഹായിക്കണം എന്ന് അവള്‍ ശിവനോട് പറയുന്നു.ഈ വിഷ്ണു ശിവന്റെ അനിയന്‍ ആണ്. പക്ഷെ അത് ശിവന്‍ അറിയുന്നത് വളരെ വൈകിയാണ്. തുടര്‍ന്ന് ഉദ്യോഗജനകമായ ചില സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുന്നു..

മലയാളത്തില്‍ ഒരു ഹീറോ ആയി വന്ന സായി കുമാറിന് എന്ത് കൊണ്ട് മുന്‍ നിരയിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന് മനസ്സിലാകുന്നില്ല. അന്ന് കോമഡിയും ആക്ഷനും നന്നായി തന്നെ കൈകാര്യം ചെയ്തിരുന്നു. നായിക മാതു ഇന്ന് എവിടെ ആണെന്ന് ഒരു പിടിയും ഇല്ല . ഇവരെ കൂടാതെ പ്രതാപ ചന്ദ്രനും, സുകുമാരിയും എല്ലാം ചിത്രത്തില്‍ ഉണ്ട്.പഴയ ചിത്രങ്ങള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഒന്ന് കണ്ടു നോക്കാവുന്ന ചിത്രമാണ്‌..O.N.V.കുറുപ്പ് രചിച്ച് S.P.വെങ്കിടേഷ് സംഗീതം കൊടുത്ത അഞ്ച് നല്ല ഗാനങ്ങള്‍ ഉണ്ട്.ശരറാന്തല്‍ പൊന്നും പൂവും, ആതിര വരവായ്, അളകാപുരിയില്‍, മഴവില്ലാടും, മാണിക്യ കുയിലേ .എല്ലാം ഇന്നും സംഗീത ആസ്വാദകരുടെ ചുണ്ടത്ത് ഇന്നും തത്തികളിക്കുന്ന മനോഹരമായ ഗാനങ്ങള്‍..അളകാപുരിയില്‍ എന്ന ഗാനം അന്നും ഇന്നും എന്നും എന്റെ പ്രിയ ഗാനം ആണ്.

വലിയ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്‌ തുടര്‍ക്കഥ..
അല്ലെങ്കിലും തൊണ്ണൂറുകളിലെ ഏതു ചിത്രമാണ്‌ ബോര്‍ അടിപ്പിക്കുന്നത്? അല്ലെ? :)

Saturday, April 26, 2014

CID Naseer (1971) - Review

പ്രേംനസീര്‍ അടൂര്‍ ഭാസി ടീമിന്റെ CID നസീര്‍ (1971) കണ്ടു.
സിനിമയുടെ തുടക്കത്തില്‍ തന്നെ നസീര്‍ ഒരു തോക്കുമായി ജെയിംസ്‌ ബോണ്ട്‌ മോഡലില്‍ വന്നു നാല് പാടും വെടി വെക്കുന്നുണ്ട്... അപ്പോളാണ് CID നസീര്‍ എന്ന ടൈറ്റില്‍ എഴുതി കാണിക്കുന്നത്..അന്നൊരു പക്ഷെ അതിനൊക്കെ നല്ല കയ്യടി കിട്ടി കാണണം...അല്ലെ?



കഥ തുടങ്ങുന്നത് ഒരു CID ഉദ്യോഗസ്ഥന്‍ ആയ ചന്ദ്രന്റെ (രാഘവന്‍) മരണത്തോടെയാണ്..ആ മരണം അന്വേഷിക്കാനും, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘത്തെ ഉന്മൂലനം ചെയ്യാനും വേണ്ടിയാണു ചെന്നെയില്‍ നിന്ന് CID നസീര്‍ വരുന്നത്..സഹായി ആയി ഭാസിയും ഉണ്ട്..

താമസിക്കാന്‍ ചന്ദ്രന്‍ താമസിച്ച ബംഗ്ലാവ് തന്നെ മതി എന്ന് നസീര്‍ പറയുന്നു.അവിടെ താമസിക്കാന്‍ എത്തിയ അന്ന് മുതല്‍ പലപ്പോഴും നസീറിനു നേരെ ആക്രമണം നടക്കുന്നു..സമര്‍ത്ഥനായ നസീര്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നു.. പക്ഷെ അക്രമിയെ പിടിക്കാന്‍ ആകുന്നില്ല..കേസ് അന്വേഷണം എന്ന് പറയാന്‍ കാര്യമായി ഒന്നും സിനിമയില്‍ ഇല്ല..നസീര്‍ കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ലാസും വെച്ച് പല സ്ഥലത്തും നടക്കുന്നുണ്ട്..ആരെയും ചോദ്യം ചെയ്യുന്നുമില്ല...ആരെയും ഫോളോ ചെയ്യുന്നുമില്ല..ഇടയ്ക്കു വേഷം മാറി താടി വെച്ച് കവിളില്‍ ഒരു മുന്തിരി വെച്ച് വരുന്നുണ്ട്..സിനിമ കാണുന്ന എനിക്ക് പോലും തിരിച്ചറിയാന്‍ സാധിച്ചില്ല...

ഇതിനിടയില്‍ ബംഗ്ലാവിന്റെ മുതലാളിയുടെ മകളുമായി (ജയഭാരതി) നസീര്‍ അടുക്കുന്നു..അവരുടെ രണ്ടു ഗാനങ്ങള്‍ ഉണ്ട്.. ഇടയ്ക്കു ജയഭാരതി വെള്ള സാരി ഉടുത്ത് പ്രേതം ആയി വരും..ജയഭാരതി നസീറിനെ അങ്ങ് എന്നെ വിളിക്കു.. ബഹുമാനം കൊണ്ടാകാം.അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു എന്ന് ജയഭാരതി പറയുമ്പോള്‍ നസീര്‍ താങ്ക്യൂ എന്ന് പറയും..

ഭാസി ആണെങ്കില്‍ വേഷം മാറി ഒരു ഹോട്ടലില്‍ സപ്ലയര്‍ ആയി ജോലിക്ക് കയറും.അവിടെ നിന്ന് കൊണ്ട് പല രഹസ്യങ്ങളും നസീറിനു കൈ മാറും.നസീര്‍ ഇടയ്ക്കു ആ ഹോട്ടലില്‍ വരും, കൊക്ക കോള കുടിക്കും.ചുമ്മാ സ്വിമ്മിംഗ് പൂളില്‍ ചെന്നിരുന്നു കുളി സീന്‍ കാണും..അവിടെ നിന്ന് ഒരു ലൌലി എന്ന പെണ്ണിനെ പൊക്കി വീട്ടിലേക്കു കൊണ്ട് പോകും. അവള്‍ക്കും നസീറിനോട് പ്രേമം ആണ്, പക്ഷെ അവള്‍ വില്ലന്റെ ആളാണ്..പക്ഷെ അവള്‍ക്കും നസീറിനെ കൊല്ലാന്‍ ആകുന്നില്ല.

വേറെ ഒരു ഭാഗത്ത്‌ ഭാസി ശ്രീലതയുമായി അടുക്കുന്നു.. അവരുടെയും ഒരു ഗാനം ഉണ്ട്..വേറെ ഒരു രംഗത്ത്‌ പാതിരാത്രി ശ്രീ K.P.ഉമ്മര്‍ ടയ്പ്പിസ്റ്റിന്റെ ജോലിക്ക് വേണ്ടി നസീറിനെ കാണാന്‍ വരുന്നുണ്ട്.പിറ്റേ ദിവസം തൊട്ടു ഉമ്മര്‍ രാവും പകലും എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്...ഇടയ്ക്കു ആ പേപ്പറുകള്‍ നസീറിനെ ഏല്‍പ്പിക്കും. എന്താണെന്നു ദൈവത്തിനറിയാം?ഇടയ്ക്കു നസീറിനെ കാണാന്‍ വരുന്ന ലൌലിയെ കണ്ടു ഉമ്മര്‍ ഞെട്ടുന്നു.അത് ഉമ്മറിന്റെ പഴയ കാമുകി ആണ്..അവളെ ഓര്‍ത്ത്‌ ഇടയ്ക്കു ഉമ്മറിനും ഒരു വിഷാദ ഗാനം ഉണ്ട്...എല്ലാം നല്ല മനോഹരമായ ഗാനങ്ങള്‍ ആണ്..

ഇവരെ കൂടാതെ ജോസ്പ്രകാശ്‌ ഒരു പൈപ്പ് കടിച്ചു പിടിച്ചു സിംഗപ്പൂരില്‍ നിന്നും വരുന്നുണ്ട്..പുള്ളി ഒരു തോക്ക് കൈ പിടിച്ചു ആ ഹോട്ടല്‍ റൂമില്‍ ഇടയ്ക്കു ഇരിക്കും..പിന്നെ നെല്ലിക്കോട് ഭാസ്കരന്‍, പുള്ളിക്ക് കള്ള നോട്ടിന്റെ ഇടപാടാണ്..മെയിന്‍ വില്ലനെ ഇടക്കിടക്ക് കാണിക്കും, പക്ഷെ മുഖം കാണിക്കില്ല. അയാള്‍ പുറം തിരിഞ്ഞു ഇരിക്കുന്നത് മാത്രമേ കാണിക്കു..അയാള്‍ ഇടയ്ക്കിടയ്ക്ക് തന്റെ അനുയായികളോട് അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നൊക്കെ പറയും.അനുയായികള്‍ യെസ് ബോസ്സ് എന്ന് മാത്രം പറയും..ആ മുറിയില്‍ കുറെ ബള്‍ബുകള്‍ ചുമ്മാ മിന്നി കൊണ്ടിരിക്കും..ഒരു സ്വിച്ച്‌ അമര്‍ത്തിയാല്‍ രണ്ടു ഭാഗത്തേക്ക് തുറക്കുന്ന വാതില്‍ ഒക്കെയുണ്ട്. നസീറിനെ കൊല്ലാന്‍ സാധിക്കാത്ത ഒരു ഗുണ്ടയെ അയാള്‍ വെടി വെച്ച് കൊല്ലും. ഇത് എല്ലാര്‍ക്കും ഒരു പാഠം ആയിരിക്കട്ടെ എന്ന് അയാള്‍ ഓര്‍മ്മപ്പെടുത്തുന്നു

ഇത്രയും ഭീകരനായ ഒരു വില്ലനെ നസീര്‍ എങ്ങനെ കണ്ടെത്തുന്നു എന്നതാണ് ബാക്കി കഥ..വില്ലന്റെ സങ്കേതം മനസ്സിലാക്കിയ നസീര്‍ അവിടേക്ക് പഞ്ഞെത്തുന്നു.ഒടുവില്‍ വലിയൊരു കാര്‍ ചേസിന് ശേഷം നസീര്‍ വില്ലനെ വെടി വെച്ച് വീഴ്ത്തുന്നു..വില്ലന്റെ മുഖം കാണുമ്പോള്‍ എല്ലാരും ഞെട്ടി വിറക്കുന്നു..

കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് കാണാം..സംഭവം യൂ ട്യൂബില്‍ ഉണ്ട് :)

Wednesday, April 23, 2014

Poonthotta Kavalkkaran (1988) - Review

ഇന്നലെ രാത്രി വിജയ്‌ കാന്തിന്റെ പഴയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം പൂന്തോട്ട കാവല്‍ക്കാരന്‍ കണ്ടു.
ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന സമയത്താണ് ഞങ്ങളുടെ നാട്ടിലെ തിയ്യറ്ററില്‍ ഈ സിനിമ ഇറങ്ങുന്നത്. അന്ന് സ്കൂളില്‍ പോകുന്ന വഴിക്ക് ചുമരില്‍ കണ്ട അതേ പോസ്റ്റര്‍ ആണ് ഇത്..



വിജയകാന്ത് ഒരു മെഷിന്‍ ഗണ്ണ്‍ പിടിച്ചു നില്‍ക്കുന്ന ഈ ഫോട്ടോ കണ്ടു ത്രില്‍ അടിച്ചു ഞാന്‍ എന്റെ ഉപ്പാട് ഈ പടം കാണണം എന്നു പറഞ്ഞു...തമിള്‍ പടമായത് കൊണ്ടും പുള്ളിക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടും ആ പടം കാണാന്‍ പറ്റിയില്ല...എന്നും ഈ സിനിമ മനസ്സില്‍ ഉണ്ടായിരുന്നു. എങ്കിലും കാണാന്‍ സാധിച്ചില്ല.
ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഇതിന്റെ സിഡി അന്വേഷിച്ചു കിട്ടിയില്ല..
ഒടുവില്‍ 25 വര്‍ഷത്തിനു ശേഷം ഇന്നലെയാണ് ഈ സിനിമ കണ്ടത്..
എന്റെ ഒരു സന്തോഷത്തിനു വേണ്ടിയാണു ഇത്രയും വിശദമായി പറഞ്ഞത്..ഒന്നും വിചാരിക്കരുത്.. :D

ചിത്രത്തിന്റെ കഥ എന്താന്നു വെച്ചാല്‍...നമ്മുടെ അണ്ണന്‍ വിജയ്‌ കാന്ത് ഒരു കള്ളവാറ്റ്കാരന്‍ ആണ്.
അന്തോണി എന്നാണ് പേര്...പോലീസിനും നിയമത്തിനും അന്തോണിയെ ഭയമാണ്..
അന്തോണി ഒരു അനാഥന്‍ ആണ്..ഒരു സാഹചര്യത്തില്‍ അയാള്‍ കുറ്റവാളി ആകുന്നു
പിന്നെ സമൂഹം അയാളെ നല്ല രീതിയില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല..
അയാളുടെ ഭാര്യയാണ്‌ രാധിക..അവര്‍ക്ക് മക്കളില്ല..
അവരുടേത് ഒരു പ്രേമ വിവാഹമാണ്...അതിനൊരു ഫ്ലാഷ് ബാക്ക് ഉണ്ട്. അവിടെ ഒരു പാട്ടും ഉണ്ട്..
അന്തോണി ഒളിച്ചോടി വന്ന ഒരു കമിതാക്കള്‍ക്ക് സ്വന്തം വീട്ടില്‍ അഭയം കൊടുക്കുന്നു..
(ഏതാണ്ട് പ്രൈസ് ദി ലോര്‍ഡില്‍ മമ്മുക്ക ചെയ്യുന്ന പോലെ )
കമിതാക്കള്‍ ആരാണ് എന്നറിയാമോ? നമ്മുടെ ടൈഗറിലെ മുസാഫിറും ( ആനന്ദ്) , വാണി വിശ്വനാഥും
അയാളുടെ ആദ്യത്തെ പടം തിരുട തിരുട ആണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്
വികി നോക്കിയപ്പോള്‍ ആണ് മനസ്സിലായത്...ആദ്യകാലത്ത് ഇത് പോലെ കുറച്ചു സിനിമകളില്‍ വന്നിരുന്നു എന്ന്. അവരുടെ രണ്ടു ലവ് സോങ്ങ്സ് ഉണ്ട്...
പണ്ടത്തെ"ചും ചും ചുചുച്ചും: മോഡലില്‍ ഉള്ള നൃത്ത ചുവടുകള്‍ കാണാന്‍ രസമുണ്ട്...:D
വാണിയുടെ സഹോദരന്‍ ആണ് ലിവിംഗ്സ്ട്ടന്‍...അയാളില്‍ നിന്നും ഗുണ്ടകളില്‍ നിന്നും അന്തോണി അവരെ രക്ഷിക്കുന്നതും, ഒടുവില്‍ അവരുടെ കല്ല്യാണം നടത്തി കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ.
ഇതിനിടയില്‍ മൂന്നു നാല് അടിപൊളി സംഘട്ടനങ്ങള്‍, വിജയ്‌ കാന്തിന്റെ പ്രസിദ്ധമായ കാല്‍ കൊണ്ടുള്ള കിക്കുകള്‍ അടിപൊളി ആയിരുന്നു... പിന്നെ ഇളയരാജയുടെ നല്ല നാല് ഗാനങ്ങള്‍ ഉണ്ട്..
മൊത്തത്തില്‍ കൊള്ളാവുന്ന ഒരു ആക്ഷന്‍ ചിത്രം ആണ്..

ഞാന്‍ മെനക്കെട്ട് എന്തിനീ ചിത്രം കണ്ടു തീര്‍ത്തു എന്ന് ചോദിച്ചാല്‍ ചുമ്മാ..ഒരു രസം..
വിജയകാന്തിന്റെ പഴയ സിനിമകള്‍ കാണാന്‍ എനിക്ക് ഇഷ്ട്ടമാണ്..
ക്യാപ്ടന്‍ പ്രഭാകര്‍, ക്ഷത്രിയന്‍, പുലന്‍ വിചാരണ, വൈദേഹി കാത്തിരുന്താള്‍, പലതും സൂപ്പര്‍ ഹിറ്റ്‌ ആണ്..
സംഭവം കുറെ കത്തി സീനുകള്‍ ഉണ്ടാകുമെങ്കിലും അത് കാണാന്‍ ഒരു രസം..
ഇതിനൊക്കെ പുറമേ പണ്ടത്തെ സിനിമകള്‍ അല്ലെ? അന്നത്തെ സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍,വാഹനങ്ങള്‍ എല്ലാം..
ഇതില്‍ ഗുണ്ടകള്‍ ഉപയോഗിക്കുന്ന മാരുതിയുടെ ആ പഴയ വാന്‍ വരെ ഒരു നൊസ്റ്റാള്‍ജിയ ആണ്..
ഇന്നത്തെ ടാറ്റാ സുമോയുടെ പകരക്കാരന്‍ ആയിരുന്നു അന്ന് ആ മാരുതി വാന്‍..

പണ്ട് തമിള്‍ നാട്ടിലെ എത്രയോ പഴയ തിയട്ടറുകളില്‍ ഓടിയ സിനിമയായിരിക്കും ഇതൊക്കെ...
നമ്മുടെ നാട്ടിലെ കുറെ ബി ക്ലാസ്സുകളില്‍ വന്ന സിനിമകള്‍, നമ്മുടെ ചേട്ടന്മാരൊക്കെ കണ്ട സിനിമകള്‍.
ആ ഒരു ഫീലില്‍ ഇരുന്നു കാണുമ്പോള്‍ കുറച്ചു കൂടെ രസകരം ആണ്...

Saturday, April 5, 2014

സ്കൂള്‍ ബസും തൊന്തരവുകളും !!

ചൊവ്വാഴ്ച മുതലാണ് മോന്‍ സ്കൂളില്‍ പോയി തുടങ്ങിയത്. ആദ്യത്തെ ദിവസം ഞങ്ങള്‍ തന്നെ അവനെ കൊണ്ട് ചെന്നാക്കി, അത് പോലെ തിരിച്ചു കൊണ്ട് വന്നു. അന്ന് അവനെ അവിടെ തനിച്ചാക്കി വരുമ്പോള്‍ ആകെ സങ്കടം ആയി. ക്ലാസ്സില്‍ ഇരുന്നു അവന്‍ എന്നെ ദയനീയമായി നോക്കുന്നത് കണ്ടപ്പോള്‍ തിരിച്ചു വീട്ടിലേക്കു കൊണ്ട് വന്നാലോ എന്ന് വരെ എനിക്ക് തോന്നി. ബുധനാഴ്ച മുതല്‍ സ്കൂള്‍ ബസില്‍ വരും എന്ന് അവിടെ പറഞ്ഞാണ് അന്ന് അവിടെ നിന്ന് പോന്നത്. ബുധനാഴ്ച കാലത്ത് അവന്‍ കൃത്യ സമയത്ത് തയ്യാറായി നിന്നെങ്കിലും ബസ്‌ വന്നില്ല. ഞാന്‍ കണ്ടക്ടര്‍ക്ക് വിളിച്ചപ്പോള്‍ ദാ വരുന്നു എന്ന് പറഞ്ഞു. പിന്നെയും കാണാതായപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു. അപ്പോളും വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ വന്നില്ല. പിന്നെ ഞാന്‍ വിളിച്ചപ്പോള്‍ അയാള്‍ സ്കൂളില്‍ എത്തിയിരിക്കുന്നു. മോനെ എടുക്കാന്‍ മറന്നു പോയി എന്ന് പറഞ്ഞു. ഞാന്‍ സ്കൂളില്‍ വിളിച്ചു പറഞ്ഞു. അവര്‍ കുറെ സോറി പറഞ്ഞു. പിന്നെ വൈകുന്നേരം കണ്ടക്ടര്‍ എന്നെ വിളിച്ചു. ആദ്യത്തെ ദിവസം ആയതു കൊണ്ട് ആകെ തിരക്കായിരുന്നു, അങ്ങനെ പറ്റിപോയതാണ് എന്നൊക്കെ പറഞ്ഞു ക്ഷമ പറഞ്ഞു.



പിറ്റേ ദിവസം കാലത്ത് അവര്‍ കൃത്യ സമയത്ത് തന്നെ വന്നു മോനെ കൊണ്ട് പോയി. അവന്‍ പോയതില്‍ പിന്നെ മനസ്സിനൊരു സുഖം ഉണ്ടായില്ല. ആദ്യമായിട്ടാണ് അവന്‍ ഞങ്ങള്‍ ഇല്ലാതെ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് പോകുന്നത്. അവന്‍ തിരിച്ചു വരുന്നതും കത്ത് ഞങ്ങള്‍ ഇരുന്നു. ഞാന്‍ ഓഫീസില്‍ ആയതു കൊണ്ട് ഉച്ചക്ക് അവനെ എടുക്കാന്‍ ജാസ്മിന്‍ ആണ് പോയത്. അങ്ങനെ കൃത്യ സമയത്ത് ബസ്‌ വന്നു. ജാസ്മിന്‍ ബസിന്റെ അടുത്തേക്ക് ചെന്നു. ഉടനെ കണ്ടക്ടര്‍ ബസില്‍ നിന്നും മോനെ ഇറക്കി കൊടുത്തു. മോനെ കണ്ടപ്പോള്‍ ജാസ്മി ഞെട്ടി, അത് വേറെ ഏതോ കുട്ടി ആയിരുന്നു. ഇത് എന്റെ മോനല്ല എന്ന് അവള്‍ പറഞ്ഞു. കണ്ടക്ടര്‍ അയ്യോ എന്ന് പറഞ്ഞു തലയില്‍ കൈ വെച്ചത്രേ. എന്നിട്ട അവളോട്‌ മോനെ അകത്തു കയറി എടുത്തോളാന്‍ പറഞ്ഞു. അങ്ങനെ ജാസ്മിന്‍ അകത്തു കയറി നോക്കിയപ്പോള്‍ മോന്‍ ഒരു സീറ്റില്‍ തനിയെ ഇരിക്കുന്നു. ജാസ്മിയെ കണ്ടതും അവന്‍ ചിരിച്ചു. അങ്ങനെ ജാസ്മിന്‍ അവനെയും കൊണ്ട് വീട്ടിലേക്ക് പോയി. അവരെയും പറഞ്ഞിട്ട് കാര്യമില്ല, കുട്ടികളെയൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നല്ലേ ഉള്ളൂ. എല്ലാവരും ഒരേ ഡ്രെസ്സും. അവന്‍ വന്നോ എന്ന് അന്വേഷിക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചപ്പോളാണ്‌ ഈ കാര്യമൊക്കെ അറിഞ്ഞത്. അവളോട്‌ അവനു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവന്റെ മറുപടി " ഞാന്‍ സ്കൂളില്‍ നിന്നും വന്നു കയറിയെ ഉള്ളു..കുറച്ചു റെസ്റ്റ് എടുക്കട്ടെ" എന്ന്. കഴിക്കാന്‍ കൊണ്ട് പോയ ലഞ്ച് ബോക്സ്‌ സ്കൂളില്‍ മറന്നു വെച്ചിട്ടാണ് ആശാന്റെ വരവ്.

എന്തായാലും ഈ സംഭവത്തിനു ശേഷം മോനെ സ്കൂളിലേക്ക് തനിയെ പറഞ്ഞയക്കാന്‍ ഒരു മനസമാധാനം ഇല്ല. അവന്‍ പോയി വരുന്നത് വരെ നെഞ്ചില്‍ ഒരു അസ്വസ്ഥതയാണ്. നമ്മുടെയൊക്കെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്ന ടെന്‍ഷന്‍ വെറുതെയല്ല എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. മക്കള്‍ എത്ര വലുതായാലും അതിനു ഒരു കുറവും ഉണ്ടാകില്ല. ഇനി അവനെ ബസില്‍ സ്കൂളില്‍ പറഞ്ഞയക്കാന്‍ എനിക്ക് ഒരു തൃപ്തിയില്ല. പക്ഷെ ഇപ്പോള്‍ വേറെ വഴിയില്ല. ഒരു ലൈസന്‍സ് എടുക്കുന്നതിനെ കുറിച്ച് ഞാന്‍ കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അല്ലാതെ ശരിയാകില്ല.