Sunday, July 28, 2013

അമ്പലപ്പറമ്പിലെ നാടകങ്ങള്‍ !!



എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഞങ്ങളുടെ നാട്ടിലെ പൂരം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് അമ്പല പറമ്പില്‍ നാടകവും ഗാനമേളയും ഉണ്ടാകാറുണ്ട്. അന്നൊക്കെ ആ ഏഴ് ദിവസം രാത്രിയും അമ്പലപറമ്പാണ് ഞങ്ങളുടെ താവളം. അങ്ങനെ ഒരു നാടകം കാണാന്‍ ഞാനും എന്റെ കൂട്ടുകാരന്‍ സജീഷും കൂടി രാത്രി അമ്പല പറമ്പിലേക്ക് വെച്ച് പിടിച്ചു. സജീഷ് ആളൊരു രസികനാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്റ്റേജ് എല്ലാം റെഡി. ഞങ്ങള്‍ അവിടെ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. പരസ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് വഴി വന്ന കപ്പലണ്ടി കച്ചവടക്കാരനില്‍ നിന്നും ഒരു പൊതി വാങ്ങി അതും കൊറിച്ചു ഞങ്ങള്‍ അവിടെ ഇരുന്നു. കുറച്ചു നേരത്തിനു ശേഷം കര്‍ട്ടന്‍ പൊങ്ങി. നാടകം തുടങ്ങി.കൊച്ചിന്‍ കലാസപര്യ നിങ്ങളുടെ മുന്‍പില്‍ അഭിമാനപൂര്‍വ്വം കാഴ്ച വെക്കുന്നു "ഇവന്‍ എന്റെ മകന്‍ " അവിടെ അലുമിനിയം പാത്രം കൊണ്ട് നിലത്ത് അടിച്ച പോലെ ഒരു കനത്ത ശബ്ദം. തുടര്‍ന്ന് നാടകത്തെ കുറിച്ച് രണ്ടു വാക്ക്.. "കുടുംബബന്ധങ്ങളുടെ അടിയൊഴുക്കുകളിലൂടെ ഊളിയിട്ടു ചെന്ന്, മനുഷ്യമനസാക്ഷിയുടെ അന്തരാത്മാവിന്റെ കാണാപ്പുറങ്ങളില്‍ നിന്നും കണ്ടെടുത്ത പുസ്തകത്തില്‍ നിന്നും ജീവനോടെ പറിച്ചെടുത്ത ഒരേട്..അതാണ് ഈ നാടകം, നാടക രചന:ഗോപന്‍,സംവിധാനം: കൃഷ്ണകുമാര്‍ വലപ്പാട്‌ .എന്നൊക്കെയുള്ള ഗംഭീര വോയിസ്‌ ഓവറോടെ നാടകം തുടങ്ങി..

ഈ നാടകത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു വൃദ്ധന്‍ ആണ്. അയാള്‍ ഒരു സ്വാതന്ത്ര്യസമര സേനാനി ആണ്. ഭാര്യ മരിച്ചു പോയി. ആ നാട്ടുകാര്‍ക്ക്‌ അയാളെ വലിയ കാര്യമാണ്. പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക് അയാളെ അത്ര ഇഷ്ട്ടമല്ല. അയാളുടെ മകന്‍ ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ ആണ്. അതിനു കൂട്ട് നില്‍ക്കുന്ന ഒരു മരുമകളും. പക്ഷെ വൃദ്ധന്‍ എന്നും സത്യത്തിന്റെയും നീതിയുടെയും കൂടെയേ നില്‍ക്കൂ. അത് കാരണം അയാളുടെ മകനും മരുമകളും എന്നും അയാളെ കുറ്റപ്പെടുത്തും. വീട്ടില്‍ വെച്ച് മകന്‍ എന്തെങ്കിലും കൈക്കൂലി വാങ്ങുന്നത് കണ്ടാല്‍ നമ്മുടെ വൃദ്ധന്‍ അപ്പൊ രണ്ടു ചുമ ചുമച്ചു പ്രഭാകരാ എന്നും വിളിച്ചു അതില്‍ കയറി ഇടപെടും. പക്ഷെ മകന്‍ "അച്ഛന്‍ അകത്തു പോ, പോകാനാ പറഞ്ഞത് "(ശബ്ദം പരമാവധി ബാസ് ഇട്ടു കൊണ്ട്) എന്ന് പറഞ്ഞു അയാളെ വഴക്ക് പറയും. പിന്നെ വൃദ്ധന് അവിടെ ഒരു ആശ്വാസം മകന്റെ മകള്‍ പ്രിയ ആണ്. അവള്‍ കോളേജില്‍ പഠിക്കുന്നു. അവള്‍ എന്നും അപ്പൂപ്പന്റെ കൂടെയാണ്. ദിവസവും കോളേജ് വിട്ടു വന്നാല്‍ അവള്‍ അപ്പൂപ്പനോട് വിശേഷങ്ങള്‍ പറയും.

കഥ അങ്ങനെ പരമാവധി ബോര്‍ അടിപ്പിച്ചു മുന്നേറുന്നു. അപ്പോളാണ് പ്രിയ ഒരു ദിവസം അവളുടെ കൂടെ പഠിക്കുന്ന ഹരി എന്ന ഒരുത്തനുമായി ഒരു ദിവസം വീട്ടില്‍ വരുന്നത്. അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ട്. അവള്‍ അവനെയും കൊണ്ട് നേരെ അപ്പൂപ്പന്റെ അടുത്തേക്ക്‌ ചെല്ലും.

എന്നിട്ട് പറയും. "അപ്പൂപ്പാ ഇത് ഹരി, എന്റെ കൂടെ കോളേജില്‍ പഠിക്കുന്നു" .

ലവന്‍ നേരെ അങ്ങോരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നു : മുത്തച്ചന്‍ എന്നെ അനുഗ്രഹിക്കണം

(അപ്പൊ സജീഷ് എന്നോട് : ഇവന്‍ ആളു ശരിയല്ലാട്ടാ )

വൃദ്ധന്‍ അവനെ പിടിച്ചു എഴുന്നെല്പ്പിക്കും : നന്നായി വരും( വിത്ത്‌ ചുമ)

അപ്പൊ ലവന്‍ : മുത്തച്ചാ, പ്രിയ എപ്പോളും മുത്തച്ഛനെ കുറിച്ച് പറയാറുണ്ട്. എനിക്ക് മുത്തച്ഛന്റെ ഒരു സഹായം വേണം.

വൃദ്ധന്‍ : ഈ വയസ്സന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്തു തരാനാണ് കുഞ്ഞേ? (പിന്നെയും ചുമ)

ലവന്‍ : എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്. മുത്തച്ഛന്‍ എനിക്ക് എല്ലാം പറഞ്ഞു തരണം.

മുത്തച്ഛന്‍ : ഇന്നത്തെ കാലത്തും ഇത്ര ദേശ സ്നേഹമുള്ള ചെറുപ്പക്കാരോ? (വീണ്ടും ചുമ)

(സജീഷ് : അവന്‍ മറ്റവളെ ലൈന്‍ അടിക്കാന്‍ വന്നതാട്ടാ)

അങ്ങനെ നാടകം തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. അവന്‍ ദിവസവും വൈകീട്ട് പുസ്തകം ആയി വരും. വൃദ്ധന്റെ റൂമില്‍ ചെല്ലും. വൃദ്ധന്‍ പറയുന്നതൊക്കെ ശ്രദ്ധയോടെ എഴുതിയെടുക്കും. ഇവിടെയൊന്നും ഡയലോഗ് ഇല്ല, ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ മാത്രം.ഇടയ്ക്കു ചായയുമായി പ്രിയ വരും. അവരുടെ ഒരു കളി ചിരി. (അപ്പോളൊക്കെ സജീഷ് എന്നോട് ചോദിക്കും കണ്ടാ, കണ്ടാ? അങ്ങനെ ഒരു ദിവസം മുത്തച്ഛന്‍ വരുമ്പോള്‍ കാണുന്നത് പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന ഹരിയെയും പ്രിയയും ആണ്. മുത്തച്ഛന്‍ അലറി വിളിക്കുന്നു : പ്രിയേ...(ഒടുക്കത്തെ ചുമ). അതോടെ ഹരിയും പ്രിയയും ഞെട്ടലോടെ അകന്നു മാറുന്നു. മുത്തച്ഛന്‍ അവരുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ഈ ഹരി മുത്തച്ചനോട്: മുത്തച്ഛന്‍ ഞങ്ങളോട് ക്ഷമിക്കണം,ഞാനും പ്രിയയും സ്നേഹത്തിലാണ്,എനിക്ക് പ്രിയയെ വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നുണ്ട്".

അതോടെ സജീഷിന്റെ നിയന്ത്രണം വിട്ടു, അവന്‍ എഴുന്നേറ്റു നിന്ന് എന്നോട് പറഞ്ഞു " ആ തെണ്ടിയെ ഞാന്‍ ഇന്ന് കൊല്ലും, അവന്റെ ഒരു സ്വാതന്ത്ര്യ സമരവും ദേശ സ്നേഹവും, നീ വന്നെടാ" എന്നും പറഞ്ഞു എന്നെ വിളിച്ചു. അതോടെ ആ നാടകം മതിയാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. വീടെത്തുന്ന വരെ സജീഷ് അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "എനിക്ക് ആദ്യമേ സംശയം തോന്നിയതാ, അവന്റെ ഉദ്ദേശം നല്ലതല്ലാന്നു, പാതിരാത്രി വെറുതെ ഉറക്കവും കളഞ്ഞു..എന്നൊക്കെ പറഞ്ഞാണ് അവന്‍ നടക്കുന്നത്. ഹരിക്കും പ്രിയക്കും പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. പിന്നെയും കുറെ നാടകങ്ങള്‍ ഞങ്ങള്‍ അങ്ങിനെ ഉറക്കം കളഞ്ഞു കണ്ടിട്ടുണ്ട്.കൂകല്‍ കാരണം ഇടയ്ക്കു വെച്ച് അഭിനേതാക്കള്‍ തന്നെ നാടകം നിര്‍ത്തിയ ചരിത്രവും ഉണ്ട്.

പിന്നീട് കുറെ നാള്‍ ഞങ്ങള്‍ കാണുമ്പോളോക്കെ ഈ കാര്യം പറഞ്ഞു പൊട്ടിച്ചിരിക്കും. കുറച്ചു വര്‍ഷം മുന്‍പ്‌ അവന്‍ ദുബായില്‍ വന്നെങ്കിലും ഇവിടെ അധികം നിന്നില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോയി അവിടെ ജോലിക്ക് കയറി. ഒരു അവധിക്കാലത്ത് നാട്ടില്‍ ഉള്ളപ്പോള്‍ വിഷുവിനു അവന്‍ അവന്റെ വീട്ടില്‍ നിന്നും എനിക്ക് മാമ്പഴ പുളിശേരിയൊക്കെ കൊണ്ട് വന്നു തന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കല്യാണം കഴിഞ്ഞത്. ഈ കഴിഞ്ഞ അവധിക്കു ഞാന്‍ വീട്ടില്‍ നില്ക്കുമ്പോ അവന്‍ ഭാര്യയുമായി ബൈക്കില്‍ പോകുന്നു. ഞാന്‍ അവനെ വിളിച്ചു നിര്‍ത്തി. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു. പോകാന്‍ നില്‍ക്കുന്ന നേരത്ത് ഞാന്‍ അവനോടു പറഞ്ഞു " മുത്തച്ചാ, എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്". അത് കേട്ടതും അവന്‍ പൊട്ടിച്ചിരിച്ചു, കൂടെ ഞാനും കൂടി. അവന്റെ ഭാര്യ സംഭവം അറിയാതെ ഞങ്ങളെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്‍ എന്നോട് "ഒക്കെ ഡാ" എന്നും പറഞ്ഞു ബൈക്കുമായി പോയി. അപ്പോള്‍ എന്റെ മോന്‍ എന്റെ അടുത്തേക്ക്‌ ഓടി വന്നു,അവനെയും എടുത്തു ആ ഇടവഴിയില്‍ അവര്‍ പോകുന്നതും നോക്കി അങ്ങനെ നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു. സംഭവം കഴിഞ്ഞിട്ട് പത്തുപതിനാലു വര്‍ഷം കഴിഞ്ഞു.എന്നിട്ടും അത് ഞങ്ങളുടെ രണ്ടാളുടെയും മനസ്സില്‍ നിന്നും പോയിട്ടില്ല. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. കാലപ്പഴക്കം കൂടും തോറും മധുരം കൂടും..വീഞ്ഞ് പോലെ. ഇടയ്ക്കു എനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്.പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ. ഇനി ഒരു ഉത്സവക്കാലത്ത് നാട്ടില്‍ ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ എനിക്ക് അവന്റെ കൂടെ ഒരു നാടകം കാണാന്‍ പോകണം എന്നുണ്ട്. നടക്കുമോ എന്തോ..

Tuesday, July 16, 2013

പുതിയ തീരങ്ങള്‍ !!


ഭാര്യയും മകനും ദുബായില്‍ എന്‍റെ കൂടെ താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. തീരെ പ്രതീക്ഷിക്കാതെയാണ് ഈ അടുത്ത് ഞങ്ങളുടെ ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്. ഈ വര്‍ഷം കരാര്‍ പുതുക്കാന്‍ ഫ്ലാറ്റിന്റെ ഉടമ അനുവദിച്ചില്ല. അയാള്‍ അത് ഒരു ചൈനക്കാരന് വിറ്റുവത്രേ. രണ്ടു വര്‍ഷം ഞങ്ങള്‍ താമസിച്ച വീട് അല്ലെ? റൂം എല്ലാം ക്ലീന്‍ ചെയ്തു, ഡോര്‍ അടച്ച് കീ സെക്യുരിറ്റിയെ ഏല്‍പ്പിച്ച് മടങ്ങി പോരുമ്പോള്‍ അല്‍പ്പം വിഷമം തോന്നി. ഞങ്ങളുടെ കുറെ നാളത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കു വെച്ച വീട്, കുറെ സുഹൃത്തുക്കളുടെ കളിയും ചിരിയുമായി നിറഞ്ഞ സ്വീകരണ മുറി, എന്‍റെ ഉപ്പയും ഉമ്മയും ആദ്യമായി ദുബായില്‍ വന്നപ്പോള്‍ അവരുറങ്ങിയ വീട്, എന്‍റെ മകന്‍ ആദ്യമായി പിച്ച വെച്ച് നടന്ന വീട്, അവന്‍റെ രണ്ടു ജന്മദിനം ആഘോഷിച്ച വീട്, ഭാര്യയുടെ പാചക പരീക്ഷണങ്ങള്‍ നടത്തിയ അടുക്കള, ഓണവും പെരുന്നാളും ക്രിസ്ത്മസും ആഘോഷിച്ച വീട്, സെക്കന്‍റ് ഷോ കണ്ടു പാതിരാത്രി കയറി വന്നു ചോറ് കഴിച്ചിരുന്ന വീട്, മഴ ആസ്വദിച്ചു നിന്ന ബാല്‍ക്കണി അങ്ങനെ കുറെ സെന്‍റിമെന്‍റ്സ് ആ വീടുമായി ഉണ്ട്. ഇന്ന് മുതല്‍ അവിടെ ഒരു ചൈനീസ് കുടുംബം കുടിയേറി. ഇനി അതവരുടെ വീടാണ്.

പഴയ റൂം ആറാമത്തെ നിലയില്‍ ആയിരുന്നു. പുതിയ റൂം പക്ഷെ ഗ്രൌണ്ട് ഫ്ലോറിലാണ്. കാലത്ത് ബാല്‍ക്കണിയില്‍ വന്നിരിക്കുന്ന കിളികളുടെ ഒച്ച കേട്ടാണ് ഉണരുന്നത്. ഒപ്പം പുറത്തു നിന്നുള്ള വണ്ടികളുടെ ശബ്ദവും കേള്‍ക്കാം. തൊട്ടടുത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റും ഒരു ഹോട്ടലും ഉണ്ട്. പരിസരമൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നതെയുള്ളു. നോമ്പ് സമയം ആയത് കൊണ്ട് അധികം കറങ്ങാന്‍ പറ്റിയിട്ടില്ല. ഫ്ലാറ്റിന്‍റെ മുന്‍പില്‍ ഒരു ബെന്‍സ്‌ കാര്‍ പൊടി പിടിച്ചു കിടക്കുന്നുണ്ട്. ഗ്ലാസ്‌ എല്ലാം പൊട്ടിയിരിക്കുന്നു. കടം കയറി ദുബായ് വിട്ടപ്പോള്‍ ആരോ ഉപേക്ഷിച്ചു പോയതാകും എന്ന് തോന്നുന്നു. അവസാനത്തെ ആഘോഷത്തിന്‍റെ അടയാളങ്ങള്‍ പോലെ അകത്ത് സിഗരറ്റ്‌ പാക്കുകളും ബിയര്‍ കുപ്പികളും കാണാം. പോലീസ് കാണാത്തതു കൊണ്ട് അത് ഇപ്പോളും ആ പാര്‍ക്കിങ്ങില്‍ തന്നെ കിടക്കുന്നുണ്ട്.



കുറച്ചു ചെറുപ്പക്കാര്‍ താമസിച്ചിരുന്ന റൂം ആയിരുന്നു. അവരെ കൊണ്ട് കഴിയാവുന്ന പോലെ അവര്‍ അവിടെ അലങ്കോലമാക്കി വെച്ചിരുന്നു. അതൊക്കെ ഒന്ന് ശരിയാക്കി എടുക്കാന്‍ തന്നെ കുറെ സമയം എടുത്തു. ആദ്യമൊക്കെ കുറച്ചു പോരായ്മകള്‍ തോന്നിയെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായി. ഞങ്ങള്‍ പതുക്കെ അതൊരു വീടാക്കി മാറ്റി. ഞാന്‍ പതിവ് പോലെ ജോലിക്ക് പോയി തുടങ്ങി. രാത്രി ആകുമ്പോള്‍ തൊട്ടു മുന്‍പിലെ ബാച്ചലര്‍ റൂമില്‍ നിന്നും അല്ലറ ചില്ലറ ബഹളങ്ങളും പൊട്ടിച്ചിരികളും കേള്‍ക്കാറുണ്ട്. ഇത് വല്ലാത്ത ശല്ല്യമായല്ലോ എന്ന് ഭാര്യ പിറു പിറുക്കുന്നത് കേട്ടു. ഭാഗ്യവാന്മാര്‍ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റിനു തൊട്ടു പുറകില്‍ ഒരു പള്ളിയുണ്ട്. ചെറിയ പള്ളി ആയത് കൊണ്ട് എപ്പോളും നല്ല തിരക്കാണ്. പള്ളിയുടെ ചുറ്റു ഭാഗത്തും നിറയെ മരങ്ങളും പൂക്കളും ഉണ്ട്. അത് കൊണ്ട് തന്നെ അങ്ങോട്ടുള്ള വഴി കാണാന്‍ നല്ല രസമാണ്. ഓഫീസ് വിട്ടു വന്നു കുറച്ചു സമയം ഒന്ന് ഉറങ്ങി, വൈകീട്ട് നോമ്പ് തുറക്കാന്‍ ഞാന്‍ ആസിഫിനെയും കൊണ്ട് അങ്ങോട്ട്‌ പോകും. അവനോടു ഓരോന്നൊക്കെ ചോദിച്ചും, അവന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞുമുള്ള ആ നടപ്പ് ഒരു രസമാണ്. അവിടത്തെ പലരും ഇപ്പോള്‍ അവന്‍റെ കൂട്ടുകാരാണ്.അവിടെ നിന്ന് എല്ലാവരുടെയും കൂടെ നോമ്പ് തുറന്നു മഗരിബ് നിസ്കരിച്ചു ഞങ്ങള്‍ മടങ്ങി വരും. എന്തായാലും ജീവിതം ഇങ്ങനെയൊക്കെ മനോഹരമായി പോകുന്നു..പടച്ചവനു സ്തുതി.

Saturday, July 13, 2013

ഞാന്‍ നേരില്‍ കണ്ട കോക്ക്‌ട്ടെയില്‍"




ഇന്നലെ പുതിയ റൂമിലേക്ക്‌ താമസം മാറി. സാധനങ്ങള്‍ എല്ലാം ആദ്യം കൊണ്ട് പോയി അറേഞ്ച് ചെയ്തു വെച്ച് ഞങ്ങള്‍ എത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി ആയി. ചെന്ന് കയറിയപ്പോള്‍ തന്നെ കാണുന്നത് ഫ്ലാറ്റിന്റെ മുന്‍പില്‍ കിടക്കുന്ന പോലീസ് വണ്ടിയാണ്.

താഴത്തെ ഫ്ലോറിലെ ഒരു റൂമിനു മുന്‍പില്‍ പോലീസ് നില്‍ക്കുന്നു. ഭാര്യയെയും മോനെയും വീട്ടില്‍ ആക്കി ഞാന്‍ അങ്ങോട്ടേക്ക് ചെന്നു.

അവിടെ കണ്ട ഒരു പാകിസ്ഥാനി യുവാവിനോട് ഞാന്‍ കാര്യം തിരക്കി.

അവന്റെ മറുപടി : എന്റെ റൂമില്‍ ഒരുത്തന്‍ കയറി.

ഞാന്‍ : കള്ളനാണോ?

അവന്‍ : അല്ല, എന്റെ ഭാര്യയുടെ കാമുകനാണ്..

ഞാന്‍ ഒന്ന് ഞെട്ടി..

അപ്പോള്‍ അവനൊരു ഫോണ്‍ വന്നു, അവന്‍ അതുമായി പുറത്തേക്കു നടന്നു..

ഞാന്‍ അവിടെ തന്നെ നിന്നു.

ഉടനെ തന്നെ അവന്‍ എന്റെ അടുത്തേക്ക് വീണ്ടും തിരിച്ചു വന്നു

എന്നിട്ട് പറഞ്ഞു : ഭായ്, ഞാന്‍ പാകിസ്ഥാനില്‍ ആയിരുന്നു, ഇന്ന് മടങ്ങി വന്നപ്പോള്‍ അവളും വേറെ ഒരുത്തനും കൂടെ അകത്ത് ..ഞാന്‍ റൂം പുറത്തു നിന്നു പൂട്ടി പോലീസിനെ വിളിച്ചു..വേറെ എന്താ ചെയ്യാലെ?

അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..അവന്‍ എന്റെ തോളില്‍ തട്ടി നടന്നു പോയി..

ഞാന്‍ റൂമില്‍ ചെന്നു കിടന്നു...രാത്രി ഏറെയായിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുന്‍പില്‍ കരഞ്ഞ അവന്റെ ആ മുഖം മനസ്സില്‍ നിന്നും പോയിരുന്നില്ല. ഒരു സിനിമയില്‍ പോലും മുന്‍പ്‌ കണ്ടിട്ടില്ലാത്ത ആ രംഗം എന്നെ ശരിക്കും അസ്വസ്ഥനാക്കി.

അവന്റെ ആ സങ്കടം അവന്‍ ആരോട് പറയാന്‍? എങ്ങനെ തീരാന്‍? പടച്ചവന്‍ കാക്കട്ടെ !!

Friday, July 5, 2013

Singham 2 - Tamil Movie Review From Dubai



സൂര്യയുടെ ആരാധകര്‍ കുറെ നാളുകളായി കാത്തിരുന്ന സിംഗം 2 ഇന്നലെ കണ്ടു. ഒന്നാം ഭാഗത്തിന്റെ വിജയം കൊണ്ടും സുര്യയുടെ മികച്ച പ്രകടനം കൊണ്ടും സിംഗം രണ്ടാം ഭാഗത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. അത് ഒരു പരിധി വരെ നില നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. എന്നാല്‍ അതിനേക്കാള്‍ മികച്ചതാക്കാന്‍ കഴിഞ്ഞതുമില്ല. സിന്ഗം ആദ്യ ഭാഗം അത്ര ഗംഭീരം എന്നല്ല ഉദേശിച്ചത്,എന്നാലും രണ്ടാം ഭാഗങ്ങള്‍ വരുമ്പോള്‍ ആദ്യ ഭാഗവുമായി ഒരു താരതമ്യം പതിവാണല്ലോ? അത് കൊണ്ട് പറഞ്ഞുവെന്നു മാത്രം. ഇനി സിനിമയിലേക്ക്..

സൂര്യ അവതരിപ്പിക്കുന്ന ദുരൈ സിംഗം ഹോം മിനിസ്റ്റെറുടെ (വിജയകുമാര്‍) നിര്‍ദേശ പ്രകാരം ആയുധ കടത്തു അന്വേഷിക്കാന്‍ തൂത്തുക്കുടിയിലെ ഒരു സ്കൂളില്‍ NCC ഓഫീസര്‍ ആയി ചാര്‍ജ് എടുക്കുന്നു. ഒരു ഒളിമ്പ്യന്‍ അന്തോണി ആദം സ്റ്റൈല്‍. അവിടെ പഠിക്കുന്ന ഹന്‍സികക്ക് സ്വാഭാവികമായും സുര്യയോടു പ്രേമം. സുര്യ തിരിച്ചു പ്രേമിക്കില്ല എന്ന് അറിയാലോ? കാരണം സുര്യ അനുഷ്കയുമായി പണ്ടേ പ്രേമത്തിലാണല്ലോ? പക്ഷെ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. സുര്യ പോലീസ് ഉദ്യോഗം വിട്ടു സ്കൂളില്‍ ചേര്‍ന്ന കാരണം സുര്യയുടെ അച്ഛന്‍ (രാധാരവി) അവരുടെ കല്യാണത്തിന് സമ്മതിക്കുന്നില്ല. അപ്പൊ ഈ രണ്ടു പ്രേമങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. കുറച്ചു റൊമാന്‍സ്, യുഗ്മ ഗാനങ്ങള്‍, ഡാന്‍സ്.

ഇടവേളയ്ക്കു തൊട്ടു മുന്പ് ഒരു പ്രത്യേക സാഹചര്യത്തില്‍ സൂര്യയ്ക്ക് വീണ്ടും പോലീസ് വേഷം ഇടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ സുര്യയുടെ താണ്ടവം തന്നെ ആയിരുന്നു സ്ക്രീനില്‍ കണ്ടത്. ഒരു പക്ഷെ സിനിമ ചൂട് പിടിക്കുന്നത് അവിടെ തൊട്ടാണ്. ഹോം മിനിസ്റെര്‍ ആയ വിജയകുമാര്‍ ഇടയ്ക്കിടയ്ക്ക് സുര്യയെ ഫോണ്‍ വിളിച്ചു കേസിന്റെ പുരോഗതി അന്വേഷിച്ചു കൊണ്ടേ ഇരിക്കും. തൂത്തുകുടിയിലെ വില്ലന്മാരായി റഹ്മാനെയും , ഹിന്ദിയില്‍ നിന്ന് മുകേഷ്‌ ഋഷിയെയൂം കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ അവര്‍ മാത്രം ഉണ്ടായിട്ടു എന്ത് കാര്യം? അത് കൊണ്ട് ഈ തവണ ആഫ്രിക്കയില്‍ നിന്ന് ഡാനി എന്ന ഒരു വില്ലനെ കൊണ്ട് വന്നിട്ടുണ്ട്. അയാള്‍ ഇന്ത്യന്‍ സമുദ്രത്തിലെ കിരീടം വെക്കാത്ത രാജാവാണ്, ഒരു മയക്കു മരുന്ന് വ്യാപാരി. ഒരു കപ്പലില്‍ തന്നെയാണ് പുള്ളിയുടെ താമസം, പന്ത്രണ്ടു വര്‍ഷത്തിനു ശേഷം അയാള്‍ കരയില്‍ വരുന്നത് റഹ്മാന്റെ ഹോട്ടല്‍ ഉല്‍ഘാടത്തിനാണ്. വേറെ ഒരു വില്ലനെ പിടിക്കാന്‍ ചെല്ലുന്ന സിംഗം ഡാനി ആരാണെന്നും എന്താണെന്നും അറിയാതെ ഡാനിയുമായി കോര്‍ക്കുന്നു. മതിയായ യാത്ര രേഘകള്‍ ഇല്ലാത്തതു കൊണ്ട് സിംഗം അയാളെ പിടിച്ചു ജയിലില്‍ അടക്കുന്നു. അതൊരു നല്ല സീന്‍ ആയിരുന്നു, അവിടെ നല്ല കയ്യടിയോടെ കൂടെ ഇടവേള.

ഇത് വരെ തട്ടിയും മുട്ടിയും കടന്നു പോയി. ഇടവേളയ്ക്കു ശേഷം ഡാനി എങ്ങനെ രക്ഷപെടുന്നു എന്നതും, സിംഗം അയാളെ വീണ്ടും എങ്ങനെ പിടിക്കുന്നു എന്നതുമാണ് കഥ. അന്വേഷണത്തിന്റെ ഭാഗമായി കഥ ഇടയ്ക്കു നമ്മുടെ കേരളത്തിലും വന്നു പോകുന്നുണ്ട്. ബാക്കി എല്ലാം നമുക്ക്‌ ഊഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെ. പലതും മുന്‍പ്‌ കണ്ട കഥയും സന്ദര്‍ഭങ്ങളും മാത്രം . എന്നാലും വളരെ ഫാസ്റ്റ് ആയി, റേസി ആയി എടുത്തിരിക്കുന്നത് കൊണ്ട് ബോര്‍ അടിക്കില്ല. അതിന്റെ മാര്‍ക്ക്‌ സംവിധായകന്‍ ഹരിക്ക് തന്നെ. ക്ലൈമാക്സ്‌ കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രധാന പ്രശ്നം ചിത്രത്തിന്റെ നീളമാണ്. കഥയ്ക്ക് ആവശ്യമില്ലാത്ത കുറച്ചു സീനുകള്‍ ഒഴിവാക്കി ഒന്ന് ട്രിം ചെയ്തെടുതല്‍ സിംഗം കുറച്ചു കൂടെ രസകരമാകും എന്ന് തോന്നി.

മലയാളികള്‍ ഒരു പാട് ഇഷ്ട്ടപെടുന്ന ഒരു താരം കൂടിയാണ് സുര്യ. കേരളത്തില്‍ സുര്യയുടെ ഫാന്‍സ്‌ സിംഗം 2 ഏറ്റെടുക്കും എന്ന് തന്നെ കരുതാം. സുര്യയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പല ഡയലോഗുകള്‍ക്കും നല്ല കയ്യടി ഉണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ സുര്യ തകര്‍ത്തു. സ്ഥിരം തമിഴ്‌ സ്റ്റൈല്‍ സംഘട്ടനം ആണെങ്കിലും കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. നായികമാരില്‍ അനുഷ്ക്കക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ആദ്യ ഭാഗത്തിലെ കാമുകി ആയത് കൊണ്ട് ഒഴിവാക്കാന്‍ പറ്റാതെ ചിത്രത്തില്‍ ഉണ്ടായ പോലെ തോന്നി പലപ്പോഴും. ഹന്‍സിക അവതരിപ്പിക്കുന്ന സ്കൂള്‍ കുട്ടിയുടെ വേഷം ഒട്ടും യോജിക്കുന്നില്ല. ഒരു ടീച്ചറുടെ രൂപമാണ്‌ പ്രേക്ഷരുടെ മുന്‍പില്‍ വന്നു നിറഞ്ഞു നിന്നത്. എന്നാലും അനുഷ്ക്കയെ അപേക്ഷിച്ചു കുറച്ചു കൂടെ അഭിനയ സാധ്യത ഉള്ള സീനുകള്‍ ഹന്സികക്ക് ലഭിച്ചു.

വില്ലന്മാരില്‍ നമ്മുടെ റഹ്മാന്‍ പതിവ് പ്രകടനം കാഴ്ച വെച്ചു.പുള്ളി അപാര ഗ്ലാമര്‍ ആയിട്ടുണ്ട്. പിന്നെ മുകേഷ്‌ ഋഷി അണ്ണന്‍ എന്തൊക്കെയോ ബഹളം വെച്ചു കടന്നു പോയി. പിന്നെ മെയിന്‍ വില്ലന്‍ ഡാനി.സൈസ് കൊണ്ട് ഗംഭീരം ആണെങ്കിലും പ്രകടനം കൊണ്ട് ഞെട്ടിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ്‌ രാജിന്റെ വില്ലന്‍ വേഷം സിംഗം ഒന്നാം ഭാഗത്തിലെ കൊള്ളാവുന്ന ഒന്നായിരുന്നു, ആ ഒരു ലെവലില്‍ വരാന്‍ ഈ മൂന്നു പേര്‍ ഒരുമിച്ചുണ്ടായിട്ടും കഴിഞ്ഞില്ല എന്നതാണ് സത്യം. കാര്യം മിക്ക പടത്തിലും ഒരേ തരത്തില്‍ ഉള്ള വില്ലന്‍ വേഷം ആണെങ്കിലും പ്രകാശ്‌രാജ് ചെയ്യുമ്പോള്‍ അത് കാണാന്‍ ഒരു രസമാണ്.

തമിഴ്‌ സിനിമയിലെ ഇപ്പോളത്തെ മുന്‍ നിര കോമഡി താരം സന്താനവും, കൂടെ വിവേകും ഈ ചിത്രത്തില്‍ ഉണ്ട്. പല ചിത്രങ്ങളുടെയും രക്ഷകര്‍ ആയ അവര്‍ രണ്ടു പേരും ഇതിലും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. വിവേക്‌ ആദ്യ ഭാഗത്തിലെ അതെ വേഷം തന്നെ, കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉള്ളത് രസകരമാക്കി. മറുഭാഗത്ത്‌ സന്താനം തകര്‍ത്താടുകയും ചെയ്തു. പുള്ളിയുടെ ചില ചെറിയ നമ്പറുകള്‍ പോലും തിയ്യറ്ററില്‍ പോട്ടിച്ചിരിയുടെ മാലപടക്കം തീര്‍ത്തു. പക്ഷെ സന്താനവും വിവേകും കൂടിയുള്ള ഒരു സീന്‍ ഉണ്ടായില്ല എന്നത് ഒരു നിരാശയായി.

ചിത്രത്തിലെ ഗാനങ്ങള്‍ അത്ര പോര, ചിത്രം തുടങ്ങുന്നത് തന്നെ ഒരു ഐറ്റം ഡാന്‍സിലൂടെയാണ്. ഹന്സികയും സൂര്യയും ഉള്ള ഒരു ഗാനം വലിയ തെറ്റില്ല, ബാക്കിയെല്ലാം ഡാന്‍സിനു വേണ്ടി ഉണ്ടാക്കിയ ഫാസ്റ്റ് നമ്പറുകള്‍. സുര്യ ഫാന്‍സിനു എല്ലാം മറന്നു ആഘോഷിക്കാന്‍ ഒരു ഉത്സവ ചിത്രം. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ അത്ര രുചിക്കാന്‍ സാധ്യത ഇല്ല. സാധാരണ പ്രേക്ഷകന് ഒരു തവണ കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു സാധാരണ തമിഴ്‌ മാസ്സ് മസാല ആക്ഷന്‍ ചിത്രമാണ്‌ സിംഗം 2.