Sunday, December 31, 2017

2017- ഒരു തിരിഞ്ഞു നോട്ടം. !!



ഒരു പുതുവര്‍ഷം കൂടെ ഇന്ന് ആരംഭിക്കുന്നു. 2017 ദാ എന്ന് പറയുമ്പോളെക്കും കഴിഞ്ഞു പോയി. എടുത്ത് പറയാന്‍ ഉള്ളത് കഴിഞ്ഞ വര്‍ഷമാണ്‌ എനിക്ക് UAE ലൈസന്‍സ് കിട്ടിയത് എന്നാണ്. ഇവിടെ വന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ഡ്രൈവിംഗ് ക്ലാസ്സിന് ചേരുന്നത്. കുറെ ശ്രമങ്ങള്‍ക്ക് ശേഷമാണ് അത് ലഭിച്ചത്. മാര്‍ച്ചില്‍ നാട്ടില്‍ പോയതാണ് മനസ്സില്‍ നില്‍ക്കുന്ന മറ്റൊരു നല്ല ഓര്‍മ്മ. വീട്ടുകാരുടെ കൂടെ, കൂട്ടുകാരുടെ കൂടെ ഒരു മാസം. ഫാമിലിയുടെ കൂടെ തൃശ്ശൂരും, എറണാകുളവും, പാലക്കാടും എല്ലാം ഒന്ന് കറങ്ങി. ഇടയില്‍ ഒരു വിഷുക്കാലവും കിട്ടി. കുറെ പൂരങ്ങള്‍, കുറെ പെരുന്നാളുകള്‍.അങ്ങനെ കുറെ സന്തോഷം വേറെ. ഇപ്പോള്‍ നാട്ടില്‍ നിന്നും വന്നിട്ട് എട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇനിയിപ്പോള്‍ 2018 മാര്‍ച്ച് ആകാനുള്ള കാത്തിരിപ്പാണ്.

ഇപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കഴിഞ്ഞ 4.5 വര്‍ഷമായി താമസിക്കുന്നു. ഞങ്ങള്‍ അവിടെ സെറ്റ് ആയിരുന്നു. എന്നാലും കുറച്ചു കൂടെ നല്ല ഒരു ചുറ്റുപാടിലേക്ക് മാറണം എന്ന് കരുതിയിരുന്നു. അപ്പോളാണ് ബോസ്സ് തന്നെ ഇങ്ങോട്ട് പറഞ്ഞത് വേറെ റൂം നോക്കിക്കോ എന്ന്. അതോടെ പിന്നെ റൂം അന്വേഷണമായി. കുറച്ച് ദിവസങ്ങളിലായി അതിന്‍റെ ഒരു തിരക്കിലായിരുന്നു. കുറേ റൂമുകള്‍ കണ്ടു.ഇപ്പോളാണ് ഇഷ്ട്ടപ്പെട്ട ഒന്ന് കിട്ടിയത്. ഞങ്ങള്‍ മുന്‍പ് താമസിച്ച അതെ ഫ്ലാറ്റ് ആണെന്നത് ഒരു പ്ലസ്‌ ആയി. അങ്ങനെ പുതുവര്‍ഷം അങ്ങോട്ടേക്ക് ഫ്ലാറ്റിലേക്ക് മാറുകയാണ്. ആദ്യമായല്ല ഇങ്ങനെ മാറേണ്ടി വരുന്നത്. എന്നാലും ഈ തവണ വല്ലാത്തൊരു വിഷമം. കുറെ നാളുകളായി ഇവിടെ താമസിച്ചു പെട്ടെന്ന് ഇറങ്ങുമ്പോള്‍ ഉള്ള ഒരു പ്രയാസം. രണ്ട് മക്കള്‍ ജനിച്ചതും വളര്‍ന്നതും ഈ വീട്ടിലായിരുന്നു.അതിന്‍റെയൊരു ഇമോഷണല്‍ അറ്റാച്ച്മെന്‍റ് ഇവിടെയുണ്ട്. കുറച്ച് ദിവസമായി ഉറക്കമൊന്നും തീരെ ശരിയാകുന്നില്ല. ഇനി അവിടെ പോയി ഒന്ന് ഓക്കേ ആകാന്‍ കുറച്ച് ദിവസം എടുക്കും.

ഈ പോയ വര്‍ഷം ഒരു പാട് സിനിമകള്‍ കണ്ടു. എങ്കിലും അങ്കമാലി ഡയറീസും. ടേക്ക് ഓഫും, പറവയും, തൊണ്ടി മുതലും വിക്രം വേധയും എല്ലാം മനസ്സില്‍ നില്‍ക്കുന്നു. അതെല്ലാം തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ സാധിച്ചു. ഷോ ടൈം ഓക്കേ അല്ലാത്തത് കൊണ്ട് മാത്രം കാണാതിരുന്ന സിനിമകളും ഉണ്ട്. ഓണ്‍ലൈന്‍ ആക്ട്ടിവിറ്റീസ് എല്ലാം വളരെ കുറച്ച ഒരു വര്‍ഷം ആയിരുന്നു ഇത്. ഏപ്രില്‍ മുതല്‍ സിനിമ ഫോറങ്ങളില്‍ നിന്നെല്ലാം വിട്ടു നിന്നു. ബ്ലോഗ്‌ തന്നെ ആകെ നാലോ അഞ്ചോ എണ്ണം ആണ് എഴുതിയത്. കുറെ നാള്‍ വാട്ട്‌സ് അപ്പിലും, ഇന്‍സ്റ്റാഗ്രമിലും,ഫേസ്ബുക്കിലും ഒന്നും ഇല്ലായിരുന്നു. അവധി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിയതില്‍ കുറച്ച് പുസ്തകങ്ങള്‍ ഇപ്പോളും വായിച്ചിട്ടില്ല. മടി തന്നെ കാരണം. സമയം ഒക്കെ മാനേജ് ചെയ്ത് കുട്ടികളുടെ കൂടെ പരമാവധി ഉണ്ടാകാറുണ്ട്. സാമ്പത്തികമായ ഞെരുക്കം കാരണം പുറത്ത് കറങ്ങാന്‍ പോകല്‍ കുറവാണു. കഴിഞ്ഞ കുറെ നാളുകളായി മാസത്തില്‍ ഒരു തവണ മാത്രമാണ് പുറത്ത് പോകുന്നത്. അതും ചെലവു വളരെ കുറച്ച് കൊണ്ടുള്ള യാത്രകള്‍. കുറെ നാളായി ഒരു തല വേദന ആയിരുന്ന ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ ക്ലോസ് ചെയ്യാന്‍ സാധിച്ചതും ഈ വര്‍ഷമാണ്‌. അത് നല്‍കിയ ആശ്വാസം ചില്ലറയല്ല. കാര്‍ഡ്‌ ഉപയോഗിക്കാത്ത ഒരു പുതുവര്‍ഷമാണ് മനസ്സിലുള്ളത്. ആ തീരുമാനം എത്ര മാത്രം നടക്കും എന്നറിയില്ല. എങ്കിലും കഴിയുന്ന പോലെ ശ്രമിക്കും. കുറെ നാളായുള്ള ഒരു സുഹൃത്തിന്‍റെ പിണക്കം പറഞ്ഞ് തീര്‍ത്തതും ഈ വര്‍ഷമാണ്‌. ഇതൊക്കെയാണ് 2017ലെ എന്‍റെ പ്രധാനവിശേഷങ്ങള്‍. നിങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരമായ ഒരു പുതു വര്‍ഷം ആശംസിക്കുന്നു.


Saturday, September 16, 2017

Movie Review - 12 Feet Deep


ജോന & ബ്രീ എന്നീ രണ്ട് സഹോദരിമാര്‍. അവര്‍ ഒരു ദിവസം ഒരു പബ്ലിക്‌ പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പൂള്‍ അടക്കാന്‍ സമയമായി എന്ന് അറിയിപ്പ് വന്നു. അവര്‍ പൂളില്‍ നിന്നും കേറിയപ്പോളാണ് ബ്രീയുടെ വിവാഹ നിശ്ചയ മോതിരം നഷ്ട്ടപ്പെട്ടത് അറിയുന്നത്. പൂളിന്‍റെ അടിഭാഗത്ത് മോതിരം കിടക്കുന്നത് കണ്ടു ബ്രീ അതെടുക്കാന്‍ വീണ്ടും പൂളിലേക്ക് ചാടുന്നു. അതവിടെ കുടുങ്ങി കിടക്കുകയാണ്. അവളെ സഹായിക്കാന്‍ തൊട്ട് പിന്നാലെ ജോനയും ചാടുന്നു. അവര്‍ പൂളിന്‍റെ അടിത്തട്ടില്‍ ഉള്ളതറിയാതെ ഓപ്പറേറ്റര്‍ പൂളിന്‍റെ മുകള്‍ ഭാഗം ക്ലോസ് ചെയ്ത് ഡോര്‍ പുറത്ത് നിന്ന് പൂട്ടി പോകുന്നു. ഇനി രണ്ട് മൂന്ന് ദിവസം ഹോളിഡെയ്സ് ആയത് കൊണ്ട് പൂള്‍ അവധിയും ആണ്.




പൂളില്‍ കുടുങ്ങി പോകുന്ന ഈ സഹോദരിമാര്‍ രക്ഷപ്പെടുമോ എന്നതാണ് സിനിമയുടെ ബാക്കി കഥ പറയുന്നത്. 85 മിനുട്ട് ഉള്ള ഈ ചിത്രം സര്‍വൈവല്‍ മൂവിസ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടു നോക്കാം. അത്യന്തം ഉദ്യോഗജനകം അല്ലെങ്കിലും , ഒരു സ്ലോ പേസില്‍ കണ്ടിരിക്കാവുന്ന ഒന്നാണ്.

Sunday, July 30, 2017

നരന്‍ - ഓര്‍മ്മകുറിപ്പുകള്‍..!!


2005-ലെ ആ ഓണക്കാലം. ചന്ദ്രോത്സവം, ഉടയോന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ ലാലിന്‍റെ ഓണ ചിത്രമായ നരന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സമയം. ദീപക് ദേവ് ഒരുക്കിയ വേല്‍ മുരുകാ എന്ന ഗാനം എവിടെയും അലയടിക്കുന്നു. ഞാന്‍ അന്ന് ടൌണില്‍ ഒരു ഫ്ലക്സ് പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു. റിലീസിന് ഒരു ആഴ്ച മുന്‍പ് തൊട്ടേ, ഫാന്‍സുകാര്‍ പല സൈസ് പ്രിന്റുകള്‍ അടിപ്പിക്കാന്‍ വരുന്നുണ്ട്. അവര്‍ കൊണ്ട് വരുന്ന സ്റ്റില്‍സ് കണ്ട് കണ്ട് പടം കാണാനുള്ള കാത്തിരിപ്പിലായി ഞാനും.



റിലീസ് ദിവസം ഓഫീസില്‍ ലീവ് പറഞ്ഞ് ഞാന്‍ ടൌണില്‍ നേരത്തെ എത്തി. ജോസിന്‍റെ മുന്‍പില്‍ നല്ല തിരക്കുണ്ട്. എനിക്കുള്ള ടിക്കറ്റ്‌ റെഡി ആയത് കൊണ്ട് ഞാന്‍ ഭാരതില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. മടങ്ങി വന്നപ്പോഴേക്കും തിരക്ക് കൂടിയിരുന്നു. നോക്കി നില്‍ക്കെ അത് കൂടി കൂടി വന്നു. ആകെ ഒരു ഓളം. കുറച്ച് സമയത്തെ കാത്തിരിപ്പ്. ഒടുവില്‍ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. എല്ലാവരും വലിയ ആര്‍പ്പു വിളികളോടെ അകത്തേക്ക് ഓടി. ഇപ്പോള്‍ അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ചുമ്മാ ബാല്‍ക്കണി കൌണ്ടറില്‍ പോയി നോക്കി. ഫാമിലീസിന്‍റെ നല്ല തിരക്കുണ്ട് അവിടെയും. FDFS കാണുന്നതിന്‍റെ ഒരു സന്തോഷത്തോടെ വീണ്ടും താഴേക്ക് പോയി നോക്കി. പോലീസ് എത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ്‌ കൌണ്ടറില്‍ നല്ല റഷ്. ചിലര്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കാശ് കൊദുക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ ഇടയില്‍ കേറാന്‍ നോക്കുന്നു. അപ്പൊ വരിയിലുള്ളവര്‍ സാറേ..എന്നലറും. ഉടനെ പോലീസ് വന്നു ലാത്തി വീശും. അപ്പൊ വരി പൊട്ടും, ഭാഗ്യമുള്ളവര്‍ വീണ്ടും വരിയില്‍ കേറും, അല്ലാത്തവര്‍ പുറത്ത്. അങ്ങനെ ആകപ്പാടെ ഒരു ലഹള. കുറച്ച് കഴിഞ്ഞപ്പോള്‍ ജോസിലെ ടിക്കറ്റ്‌ കൊടുക്കാനുള്ള ആ ബെല്‍ നീട്ടി അടിച്ചു. വരിയില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ അലറി. വരി കുറേശ്ശെ നീങ്ങി തുടങ്ങി. പിന്നില്‍ നില്‍ക്കുന്നര്‍ ചോട്ടാ മുംബൈയില്‍ ബിജു കുട്ടന്‍ പൈപ്പ് വെള്ളം എടുക്കാന്‍ വരിയില്‍ നിന്ന പോലെ മുഖത്ത് ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്നു. ദൈവമേ എങ്ങാനും ടിക്കറ്റ്‌ തീരുമോ? ബ്ലാക്കില്‍ എടുക്കേണ്ടി വരോ? അങ്ങനെ എന്തൊക്കെ ചിന്തകളാണ് എന്നറിയോ?

ടിക്കറ്റ്‌ കിട്ടിയവര്‍ അകത്ത് കയറി, ചിലര്‍ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുന്നു. അടുത്തടുത്ത് ഇരിക്കാനുള്ള സീറ്റുകള്‍ നോക്കുന്നു. ചിലര്‍ ചൂട് കാരണം ഷര്‍ട്ട് ഒക്കെ അഴിച്ച് അരയില്‍ കെട്ടിയിരിക്കുന്നു. മറ്റു ചിലര്‍ ലാലേട്ടന്‍ കീ ജയ് എന്ന് വിളിക്കുന്നു. എല്ലാം കണ്ടു കൊണ്ട് ഫസ്റ്റ് ക്ലാസ്സിന്‍റെ ഒരു സൈഡ് സീറ്റില്‍ ഞാനും. ഒടുവില്‍ സിനിമ തുടങ്ങി. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന എന്ന് കാണിച്ച ഉടനെ തിയറ്ററില്‍ ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി. ആവേശ തിരയിളക്കി കൊണ്ട് ലാലിന്‍റെ ഇന്ട്രോ സീന്‍.
അന്ന് അവിടെ കിട്ടിയ കയ്യടികള്‍, ആര്‍പ്പു വിളികള്‍, ഇന്നും എന്‍റെ കാതുകളില്‍ ഉണ്ട്. അതാണ് ഈ ഫസ്റ്റ് ഷോയുടെ ഒരു രസം. ആദ്യം തന്നെ ഒരു കിണ്ണന്‍ കാച്ചി ഫൈറ്റ്. പിന്നെ അവിടെ നിന്ന് അങ്ങോട്ട്‌ മുള്ളന്‍ കൊള്ളിയിലെ ഒരാളായി പ്രേഷകരും. വേല്‍ മുരുഗാ എന്ന ഗാനം വന്നതോടെ തിയറ്റര്‍ ഉത്സവ പറമ്പ് പോലെയായി. എല്ലാവരും ഡാന്‍സ് തന്നെ ഡാന്‍സ്. അതൊന്നും ഇന്നത്തെ പോലെ ഷൂട്ട്‌ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പടം സൂപ്പര്‍ ആയി തന്നെ അവസാനിച്ചു. ക്ലൈമാക്സിലെ ആ ഗാനം കൂടി ആയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ അവിടെ അടുത്ത ഷോക്കുള്ള തിരക്ക്. ഞാന്‍ റോഡ്‌ ക്രോസ് ചെയ്ത് തേക്കിന്‍ കാട് മൈതാനത്ത് കേറി നിന്നു.
ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കുന്നു. പോലീസ് വന്ന് തടയുന്നു. ജോസിന്‍റെ മുന്‍പില്‍ ബ്ലോക്ക്‌ ആയ വണ്ടികളുടെ ഹോണ്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ഫാന്‍സിന്‍റെ ആര്‍പ്പുവിളികള്‍, അകത്ത് വരിയില്‍ നില്‍ക്കുന്നവരുടെ ബഹളം. എല്ലാം ഞാന്‍ എന്‍റെ സ്റ്റില്‍ ക്യാമറയില്‍ പകര്‍ത്തി. അത് പോലൊരു ദിവസം പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്യമറയില്‍ ഉണ്ടായിരുന്ന ഫിലിം ഞാന്‍ പിന്നീട് പ്രോസസ് ചെയ്ത് ഫാന്‍സുകാര്‍ക്ക് കൊടുത്തു. അവരത് പ്രിന്‍റ് എടുത്ത് അവരുടെ ആല്‍ബത്തില്‍ ഒട്ടിച്ചു. ആ ആല്‍ബം അവര്‍ പിന്നീട് ഒരിക്കല്‍ ലാലേട്ടനെ കാണിച്ചിരുന്നു എന്ന് പറഞ്ഞു. ഞാന്‍ എടുത്ത ഫോട്ടോസ് എല്ലാം പുള്ളി കണ്ടു എന്നും. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കുറച്ചു നാള്‍ മുന്‍പ് ആരോ എന്നോട് ഈ ഫോട്ടോസ് ചോദിച്ചപ്പോള്‍ ഞാന്‍ ഈ ആല്‍ബം വീണ്ടും അന്വേഷിച്ചു. പത്ത് പന്ത്രണ്ട് വര്‍ഷം ആയില്ലേ? ഇപ്പോള്‍ അത് ആരുടെ കയ്യില്‍ ആണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ കണ്ടീഷന്‍ എങ്ങനെ ആകും എന്നും അറിഞ്ഞൂടാ. ആ നെഗറ്റീവ്സ് അന്ന് അത് പോലെ മിസ്സ്‌ ആയതാണ്. എന്നാലും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ടിവിയില്‍ നരന്‍ വരുമ്പോള്‍ അറിയാതെ ഇരുന്ന് കണ്ടു പോകും. ഇന്നും ആ പഴയ ഓര്‍മ്മകള്‍ മനസ്സിലെക്കെത്തും.


Thursday, July 20, 2017

തൊണ്ടി മുതലും ഫഹദും !!



ഈ ആഴ്ചയാണ് തൊണ്ടി മുതല്‍ കണ്ടത്. കൂടെ ഉണ്ടായിരുന്നവരില്‍ പലര്‍ക്കും പടത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ ആയിരുന്നു. പക്ഷെ ഫഹദിന്‍റെ പെര്‍ഫോമന്‍സ്, അതിന് മാത്രം എല്ലാവര്‍ക്കും ഒരേ അഭിപ്രായം, കിടിലന്‍.


ആ സെല്ലില്‍ ഇരുന്ന് മാല മോഷണത്തെ കുറിച്ച് വിവരിക്കുന്നതൊക്കെ ഗംഭീരം, പ്രത്യേകിച്ചും തെക്കോട്ടൊക്കെ ഉള്ള റോഡുണ്ടല്ലോ, എന്ത് സുഖാന്നറിയോ? എന്ന് പറയണതൊക്കെ എന്ത് നാച്ചുറല്‍ ആണ്. ഫഹദിന് ശരിക്കും ഈ പണി അറിയോ എന്ന് വരെ തോന്നി പോകും, അത് പോലെയാണ് രസകരമായ ആ വിവരണം. ശരിക്കും Behave ചെയ്യുക എന്നത് ഫഹദിന്‍റെ കാര്യത്തില്‍ കറക്റ്റ് ആണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഫഹടിനോട് മത്സരിക്കാന്‍ പുതിയ പിള്ളേര്‍ കുറച്ചു പാട് പെടും.

മഹേഷിന്‍റെ പ്രതികാരം, ടേക്ക് ഓഫ്‌, ഇപ്പൊ തൊണ്ടിമുതല്‍. എന്തിനാ അധികം സിനിമകള്‍? വര്‍ഷത്തില്‍ ഇത് പോലെ ഒന്നോ രണ്ടോ പോരെ? ഇങ്ങോര്‍ ഇത് ഈ ലെവലില്‍ പോയാല്‍ പിടിച്ചാല്‍ കിട്ടില്ല...


Monday, March 13, 2017

Angamali Diaries - Review


ഇന്നലെ അംഗമാലി ഡയറീസ് കണ്ടു. സിനിമയെ കുറിച്ച് ഇനി പ്രത്യേകം പറയുന്നില്ല. അസാധ്യ മേകിംഗ്. ലിജോ ജോസ് പെല്ലിശ്ശേരി, നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറയാതെ വയ്യ. ഇത്രയും പുതിയ പിള്ളേരെ വെച്ച് ഇങ്ങനെ ഒരു പടം ചെയ്യാന്‍ നിങ്ങള്‍ക്കെ കഴിയൂ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. നായകന്‍ ആന്റപ്പന്‍ ഒക്കെ ആദ്യ സീന്‍ മുതലേ അങ്ങ് കത്തി കയറുവല്ലായിരുന്നോ. അത് പോലെ ലിച്ചി..എന്റമ്മോ.. ഇങ്ങനെയുമുണ്ടോ ഒരു നോട്ടം..ഹോ.. അടുത്ത കാലത്തൊന്നും ആ ചിരി മനസ്സില്‍ നിന്ന് പോകത്തില്ല. പിന്നെ ഭീമന്‍, തോമസ്‌, കുഞ്ഞൂട്ടി, മരംകൊത്തി, മാര്‍ട്ടി, കണകുണ, ബാബുജി, അങ്ങനെ ഒരു ലോഡ് പുതുമുഖങ്ങള്‍ ഒരു രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ ചുമ്മാ വന്നിറങ്ങി അങ്ങ് പൊളിച്ചടുക്കി.



പക്ഷെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ഞെട്ടിച്ചത് ദേ ഈ രണ്ടു ഗടികളാണ്. എന്താണ് ഇവരെ കുറിച്ച് പറയേണ്ടത് എന്നറിയില്ല ശരിക്കും. ഇരുവരുടെയും ആദ്യ ചിത്രം ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. അത്രക്ക് അനായാസമായ അഭിനയം. അല്ലെങ്കില്‍ തന്നെ ഇവര്‍ രണ്ടു പേരും ഇതില്‍ എവിടെയാണ് അഭിനയിച്ചത് എന്ന് മനസ്സിലായില്ല. പച്ചയായ ജീവിതം, നാടന്‍ സംഭാഷണം, അവരുടെ വേഷം, ഭാവം എല്ലാം കിറുകൃത്യം. അപ്പാനി രവിയെ അവതരിപ്പിച്ച ശരത്, പുള്ളി ഇനി മിക്കവാറും ആ ഒരു പേരില്‍ അറിയപ്പെടാനാണ് സാധ്യത, . ക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ. അങ്ങോര്‍ നടനൊന്നുമല്ല, വേറെ ഏതാണ്ടാ.. അയാളെ പോലോരാളെ ഞാന്‍ ടൌണില്‍ വെച്ച് മുന്‍പ് എപ്പോഴോ കണ്ടിട്ടുണ്ട്..അല്ലെങ്കില്‍ അത് പോലെയുള്ള വേറൊരാളെ ഇനിയും കണ്ടെന്നു വരാം.അത്ര മാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍. ഒരു പക്ഷെ അപ്പാനി രവിയേക്കാള്‍ ഒരു പൊടിക്ക് എനിക്ക് കൂടുതല്‍ ഇഷ്ട്ടപ്പെട്ട കഥാപാത്രം രാജന്‍ ആണ്. ഇനി ഒരിക്കല്‍ കൂടി അംഗമാലി ഡയറീസ് കാണുന്നുണ്ടെങ്കില്‍ അത് ഇവര്‍ രണ്ട് പേര്‍ക്ക് വേണ്ടി മാത്രം ആയിരിക്കും.

Sunday, February 19, 2017

വിനായകന്‍ എന്ന നടന്‍


ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന CPC സിനി അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ്‌ വാങ്ങി കൊണ്ട് വിനായകന്‍ പറഞ്ഞു" 94-ല്‍ സിനിമയില്‍ വന്നതാണ്‌ ഞാന്‍, ഇവിടെ വരെ എത്താന്‍ ഇത്രയും സമയം എടുത്തു, വളരെ സന്തോഷം. വിനായകന് ആ സദസ്സ് നല്‍കിയ കയ്യടി ആ കലാകാരനുള്ള യഥാര്‍ത്ഥ അംഗീകാരമാണ്.


ഒരു നൃത്തസംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചഒരാളായിരുന്നു ഒരിക്കല്‍ വിനായകന്‍. ബ്ലാക് മെര്‍ക്കുറി എന്ന ഒരു ഡാന്‍സ് ട്രൂപ്പും പുള്ളിക്ക് ഉണ്ടായിരുന്നു. ഫയര്‍ ഡാന്‍സ് ആയിരുന്നു വിനായകന്‍റെ ഐറ്റം. പിന്നീട് തമ്പി കണ്ണന്താനം ആണ് മാന്ത്രികം (1995) എന്ന സിനിമയിലൂടെ വിനായകനെ സിനിമയിലേക്ക് കൊണ്ട് വന്നത്. പക്ഷെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ടത് സ്റ്റോപ്പ്‌ വയലന്‍സ് (2002) എന്ന AK സാജന്‍ ചിത്രത്തിലെ മോന്ത എന്ന വേഷത്തിലൂടെ ആയിരുന്നു. തുടര്‍ന്ന് ഒന്നാമന്‍ (2001),ചതിക്കാത്ത ചന്തു (2004), ചിന്താമണി കൊലക്കേസ് (2006) അങ്ങനെ കുറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍.അതിനിടയില്‍ ജെയിംസ് (2005) എന്ന ഹിന്ദി ചിത്രത്തിലും തിമിര് (2006) എന്ന തമിള്‍ ചിത്രത്തിലും എന്ന വേഷമിട്ടു.

2007-ല്‍ ബിഗ്‌ ബിയിലെ പാണ്ടി അസി, ചോട്ടാ മുംബെയിലെ സതീശന്‍ എന്നീ മികച്ച വേഷങ്ങളിലൂടെ വിനായകന് അവസരങ്ങള്‍ ഏറി വന്നു. എങ്കിലും വാരി വലിച്ച് കുറെ സിനിമകള്‍ ചെയ്തില്ല. അമല്‍ നീരദിന്‍റെസിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ വിനായകന് സാഗര്‍ ഏലിയാസ്‌ ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയൂബിന്‍റെ പുസ്തകം എന്നീ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചു. 2013-ല്‍ തമിഴില്‍ ധനുഷിന്‍റെ മാരിയാന്‍ എന്ന തമിള്‍ ചിത്രത്തിലും വില്ലനായി.

എന്നാല്‍ 2016ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കഥ മാറി. ഗംഗ എന്ന കഥാപാത്രം കൊണ്ട് വിനായകന്‍ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ഒരു പക്ഷെ ആ ചിത്രത്തിലെ മറ്റുള്ള താരങ്ങളെയെല്ലാം കടത്തി വെട്ടിയ ഒരു പ്രകടനം. പ്രായമായ ഗംഗയുടെ ആവലാതിയും, പേടിയും നിസ്സഹായതയും എല്ലാം തന്‍റെ ശരീര ഭാഷ കൊണ്ട് വിനായകന്‍ മികച്ചതാക്കി.ചാനല്‍ അവാര്‍ഡുകളില്‍ വിനായകനെ ഒഴിവാക്കിയെങ്കിലും ജനങ്ങളുടെ അവാര്‍ഡ്‌ എപ്പോഴും വിനായകന് തന്നെ ആയിരുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു വനിതാ അവാര്‍ഡും, ഇന്ന് നടന്ന CPC അവാര്‍ഡും. കമ്മട്ടിപ്പടത്തിലെ പുഴു പുലികള്‍ എന്ന ഗാനത്തിനട്ട് സംഗീതം നല്കിയതും വിനായകന്‍ ആയിരുന്നു. വിനായകന്‍ എന്ന നടന്‍റെ എക്കാലത്തെയും കികച്ച പ്രകടനം സമ്മാനിച്ച ഗംഗ എന്ന ആ കഥാപാത്രം ഒരു നോവായി പ്രേക്ഷകരുടെ മനസ്സില്‍ അവശേഷിക്കുന്നു.

പുഴു പുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പര ദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനെ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻ തിരുമകനെ...