Saturday, October 19, 2013

തൂവാനത്തുമ്പികളുടെ നാട്ടിലൂടെ !!

തൂവാനത്തുമ്പികള്‍ എന്ന മനോഹരമായ സിനിമ ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ജയകൃഷ്ണന്‍, ക്ലാര, തങ്ങള്‍ എന്നീ മൂന്നു കഥാപാത്രങ്ങള്‍ നമ്മളെ ഇപ്പോളും പിന്തുടരുന്നു. പ്രണയവും മഴയും രതിയും എല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം..ഇപ്പോളും പല തവണ ചാനലില്‍ ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നു, ഇന്നും ആ സിനിമ ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്നു, മുന്‍പ് കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു, പുതു തലമുറയിലെ ചെറുപ്പക്കാര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞു ആദ്യമായി കാണുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ എന്ന ജയസുര്യയുടെ കഥാപാത്രം, അനൂപ്‌ മേനോനോട് പറയുന്നുണ്ട് " എന്തൊരു സിനിമയാടാ ഇത്, ഇത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്. ഈ സ്ടീഫനെ പോലെ പലരെയും എനിക്ക് അറിയാം, ഈ സിനിമ വീണ്ടും വീണ്ടും കാണുന്ന ചിലര്‍. എന്താണ് ഈ സിനിമയുടെ പ്രത്യേകത? എത്ര കണ്ടാലും മടുക്കാത്ത എന്താണ് അതില്‍ ഉള്ളത്? ഇറങ്ങിയ സമയത്ത് അത്ര വലിയൊരു വിജയം ലഭിക്കാതെ പോയ ഒരു സിനിമയാണ് ഇതെന്നു ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം. ഇങ്ങനെ കാലത്തിനെ അതിജീവിച്ചു നില നില്ക്കാന്‍ മാത്രം എന്ത് മാജിക്‌ ആണ് പദ്മരാജന്‍ എന്ന മഹാനായ സംവിധായകന്‍ ആ ചിത്രത്തില്‍ കാണിച്ചത്‌?



ഒരു മഴയോട് കൂടെ തുടങ്ങുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍, പിന്നീട് പല സമയത്തായി ചിത്രത്തില്‍ മഴ വരുന്നുണ്ട്, മഴ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല, കമലിന്റെ പെരുമഴക്കാലം മറക്കുന്നില്ല,തുടക്കം മുതല്‍ ഒടുക്കം വരെ അതില്‍ മഴയുണ്ട്, അത് പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആ സിനിമ കൈകാര്യം ചെയ്ത വിഷയം കൊണ്ടാണ് ,എന്നാല്‍ തൂവാനത്തുമ്പികളില്‍ മഴ ഒരു കഥാപാത്രം പോലെയാണ് വന്നു പോകുന്നത്. മലയാളികളുടെ ഗൃഹാതുരത്തിന്റെ ഏറിയ പങ്കും ബന്ധപ്പെട്ടിരിക്കുന്നത് മഴയുമായി ആയിരിക്കും, അത് കൊണ്ട് തന്നെ സിനിമയിലെ ആ മഴയും നമ്മളുടെ മനസ്സിലാണ് പെയ്തത്. അത് കൊണ്ട് തന്നെ എത്ര തവണ കണ്ടാലും മതി വരാതെ പലരും ആ സിനിമ പിന്നെയും പിന്നെയും കാണുന്നു..



പിന്നെ ജയകൃഷ്ണന്‍ എന്ന ആ തൃശ്ശൂര്‍ക്കാരന്‍, നാട്ടില്‍ അടങ്ങിയൊതുങ്ങി അമ്മയുടെ കുട്ടി ആയി കഴിയുന്ന അയാള്‍ ടൌണില്‍ എത്തിയാല്‍ വേറെ ഒരാളാണ്, ഒരു തരം പരകായ പ്രവേശം. മോഹന്‍ലാല്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്? ചിത്രം കാണുന്ന ഏതൊരാള്‍ക്കും മോഹന്‍ലാല്‍ എന്ന നടനോട് ഒരു പാട് ഇഷ്ട്ടം തോന്നി പോകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അയാള്‍ക്ക് എന്തിനും പോന്ന ഒരു സുഹൃത്ത്‌ വലയം തന്നെ ഉണ്ട്, ജേക്കബ്‌, ഉണ്ണി മാഷ്‌, ബാബു അങ്ങനെ കുറച്ചു പേരെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ജയകൃഷ്ണന്റെ രസകരമായ കുറെ സീനുകളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. ഈ സിനിമ ഇഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഒരു ജയകൃഷ്ണന്‍ ഉണ്ട്, അല്ലെങ്കില്‍ എല്ലാവരും ജയകൃഷ്ണനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.



ക്ലാര..ആ പേര് പറയുമ്പോ തന്നെ ആ മഴയും, ആ പശ്ചാത്തല സംഗീതവും മനസ്സിലേക്ക് ഓടിയെത്തുന്നു, ജോണ്‍സന്‍ മാസ്റ്റര്‍ എന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈണം, സുമലതയുടെ ഏറ്റവും നല്ല കഥാപാത്രം ആണ് ക്ലാര, ആ സൌന്ദര്യം ആരെയാണ് ആകര്ഷിക്കാത്തത്? ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല, അത് പ്രണയം ആയിരുന്നോ? അറിയില്ല. "ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ? " എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്ന സമയത്ത്, ദേഹത്തു വന്നു അടിക്കുന്ന തിരമാലയില്‍ ക്ലാര ഉലയുന്ന ആ സീന്‍, പത്മരാജന്‍ എന്ന പ്രതിഭക്ക് മാത്രം കഴിയുന്ന ഒന്ന്. അവര്‍ ഒരുമിച്ചുള്ള മേഘം പൂത്തു തുടങ്ങി എന്ന മനോഹരമായ ഗാനം എത്ര കണ്ടാലും മതിയാവില്ല, "എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു, ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു" എന്ന ആ വരികളൊക്കെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക? ഇന്നും കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നമുക്കൊക്കെ നഷ്ട്ടമായ എന്തിനെയോ ഓര്‍ത്തു മനസ്സ് വിങ്ങുന്നു.



രാധ..ഒരു പാവം പെണ്‍കുട്ടി,ആദ്യ കൂടി കാഴ്ച്ചയില്‍ തന്നെ ജയകൃഷ്ണനുമായി അവള്‍ ഉടക്കുന്നുണ്ട്. പക്ഷെ പിന്നീട് അയാളുമായി തന്നെ അവള്‍ അടുക്കുന്നു, രാധയുടെ ചേട്ടന്‍ മാധവന്‍ ജയകൃഷ്ണനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവള്‍ക്കു അയാളോട് ആരാധന തോന്നുന്നു, അത് പിന്നെ പ്രണയം ആയി മാറുന്നു. പാര്‍വതിയുടെ ആ ഉണ്ടകണ്ണ് രാധക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. ആ കണ്ണ് ഒന്ന് കൂടെ വീര്‍പ്പിച്ചു അവള്‍ ജയകൃഷ്ണനെ തുറിച്ചു നോക്കുന്നത് രസമായ ഒരു സീനാണ് .ക്ലാരയുമായുള്ള ജയകൃഷ്ണന്‍റെ അടുപ്പം അവള്‍ പക്വതയോടെ കേള്‍ക്കുന്നു. അയാളെ അതില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു, പക്ഷെ അവള്‍ അസ്വസതയായിരുന്നു. വരുന്ന ജയകൃഷ്ണനും രാധയും തമ്മിലുള്ള ആ പ്രണയം എത്ര കാവ്യാത്മകമായാണ് പദ്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നത്? അത്തരം പ്രണയങ്ങള്‍ ഇന്നത്തെ സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കുമോ? ഇനിയും ഒരു ആയിരം തവണ കണ്ടാലും മതി വരാത്ത "ഒന്നാം രാഗം പാടി " എന്ന സുന്ദരമായ ഗാനം. " ഈ പ്രദക്ഷിണ വീഥികള്‍,ഇടറി നീണ്ട പാതകള്‍ എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു" എന്ന വരികളൊക്കെ എപ്പോള്‍ കേട്ടാലും, മനസ്സ് ആര്‍ദ്രമാകുന്നു.



റിഷി..ജയകൃഷ്ണന്‍റെ അടുത്ത സുഹൃത്ത്‌, ജീവിതത്തിലെ എല്ലാ രസങ്ങളും അയാള്‍ അറിയുന്നത് ജയകൃഷ്ണനിലൂടെയാണ്. ടൌണില്‍ ദേവി ഇലക്ക്ട്രിക്കല്‍സ് നടത്തുന്ന റിഷി, തന്‍റെ ചടാക്ക് സ്കൂട്ടറുമായി ജയകൃഷ്ണന്‍റെ വീട്ടില്‍ രാത്രി വന്നു ടൌണിലെ പിള്ളാരുടെ വിക്രിയകള്‍ അയാളോട് പങ്കു വെക്കുന്നതും, ആദ്യമായി ടൌണിലെ ബാറില്‍ പോകുന്ന അയാളുടെ പരിഭ്രമവും, തനിക്ക് കിട്ടിയ ആദ്യത്തെ ഗ്ലാസ്‌ ബിയര്‍ കഷ്ട്ടപെട്ടു കുടിക്കുമ്പോള്‍,രണ്ടാമത്തെ ഗ്ലാസ്സിലെക്ക് കടക്കുന്ന ജയകൃഷ്ണനോട് "അല്ല ജയകൃഷ്ണാ, അപ്പൊ താന്‍ കഴിക്കോ? "എന്നു അത്ഭുതത്തോടെ ചോദിക്കുന്നതും, നാട്ടിലെ ക്ലിയോപാട്ര എന്ന് ജയകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന ത്രേസ്യ ജോസിനെ ആ ഹോട്ടല്‍ മുറിയില്‍ കാണുമ്പോള്‍ ഉള്ള അയാളുടെ മുഖവും എല്ലാം ചിത്രത്തിലെ രസകാഴ്ചകളാണ്. ക്ലാരയെ കണ്ടതും, രാധയുമായുള്ള തന്‍റെ അടുപ്പവും എല്ലാം ജയകൃഷ്ണന്‍ പങ്കു വെക്കുന്നത് റിഷിയോടാണ്. അശോകന്‍ എന്ന നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലെ റിഷി.



ബാബു നമ്പൂതിരി,ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് തങ്ങളുടെ മുഖമാണ്. അത്ര മാത്രം ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. ജയകൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് തങ്ങള്‍, തന്റെ പ്രശ്നങ്ങള്‍ അയാള്‍ ആദ്യം പറയുന്നത് ജയകൃഷ്ണനോടാണ്. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന തങ്ങളെ ജയകൃഷ്ണന്‍ അമ്മയുടെ മുന്‍പില്‍ ഗുരുക്കള്‍ മാഷാക്കി മാറ്റുന്ന സീന്‍ ചിരിയുണര്‍ത്തും.ക്ലാരയെ തന്റെ ബിസിനെസ്സിലെക്ക് കൊണ്ട് വരാന്‍ വേണ്ടിയാണു തങ്ങള്‍ ശ്രമിച്ചത്‌, പക്ഷെ ക്ലാര അയാളുടെ വല പൊട്ടിച്ചു പുറത്തു പോകുന്നു, പിന്നീടു തങ്ങള്‍ തന്നെയാണ് ക്ലാരക്കും ജയകൃഷ്ണനും താമസിക്കാന്‍ വേണ്ടി കുന്നിന്‍ മുകളിലെ അയാളുടെ വീട് ഒരുക്കി കൊടുക്കുന്നതും, കാരണം അയാള്‍ ജയകൃഷ്ണനോട് അത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ക്ലാര പക്ഷെ അയാളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല.



പദ്മരാജന്‍റെ തന്നെ ഉധകപ്പോള എന്ന നോവലിന്റെ സിനിമ രൂപമാണ് തൂവാനത്തുമ്പികള്‍. നോവലിന്‍റെ പകുതി പോലും സിനിമയില്‍ എടുതിട്ടില്ല. ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ ആണ്, ജയകൃഷ്ണനും ഋഷിയും കൂടെ ആടിന്‍റെ തല വാങ്ങാന്‍ പോകുന്ന ഈസ്റ്റ്‌ ഫോര്‍ട്ടിലെ പഴയ മാര്‍ക്കറ്റ്, അവര്‍ നടന്നു വരുന്ന ചെമ്പുക്കാവ് റോഡ്‌, പിന്നീട് പോകുന്ന കാസിനോ ഹോട്ടലിലെ ശരാബി ബാര്‍, പിന്നെ പെനിസുല ഹോട്ടല്‍, രാധയെ കാണാന്‍ ജയകൃഷ്ണന്‍ പോകുന്ന കേരളവര്‍മ്മ കോളേജ്, അവര്‍ തമ്മില്‍ പിന്നെ കാണുന്ന വടക്കുംനാഥന്‍റെ ക്ഷേത്രം, ക്ലാരയും ജയകൃഷ്ണനും കൂടെ കാറില്‍ പോകുന്ന പുഴക്കല്‍ പാടത്തിന്റെ ഭാഗം, അവര്‍ രാത്രി പോകുന്ന വാടാനപ്പിള്ളി ബീച്ച്, ജഗതിയെ കൊല്ലാന്‍ കൊണ്ട് പോകുന്ന പീച്ചി ഡാം, അങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ ആ ചിത്രവുമായി ബന്ധപ്പെട്ടു തൃശൂരില്‍ ഉണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.



ആ സ്ഥലങ്ങള്‍ എല്ലാം ഇപ്പോള്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ട്. ഒരു തൃശൂര്‍കാരന്‍ ആയ എനിക്ക് അത് കൊണ്ട് തന്നെ ഈ ചിത്രം ഒരു പാട് പ്രിയപ്പെട്ടതാണ്. അത് പോലെ പലര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഋഷിയും എല്ലാം നമ്മുടെ മനസ്സില്‍ അങ്ങനെ തന്നെ നില നില്ക്കട്ടെ.എന്നും..എന്നെന്നും.

No comments:

Post a Comment