Sunday, October 30, 2016

അരികെ..So Close !!

.

#Arike (2012)

ശ്യാമപ്രസാദിന്‍റെ സിനിമകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് അരികെ. അന്ന് ഇത് ഇറങ്ങിയ സമയത്ത് ഒരു ആര്‍ട്ട് പടമാണെന്ന് കരുതി പലരും ഈ സിനിമ കണ്ടില്ല. പിന്നീട് യൂട്യൂബില്‍ ഇറങ്ങിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 2 ലക്ഷം വ്യൂ അതിനു ലഭിച്ചു.അന്ന് ശ്യാമപ്രസാദ്‌ പറഞ്ഞു ഇത്രയും പേര്‍ തിയറ്ററില്‍ പോയി കണ്ടിരുന്നു എങ്കില്‍ ആ പടം ഹിറ്റ്‌ ആയേനെ, എന്നാലും എന്‍റെ സിനിമ ഇങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട് എന്ന്.. ഇന്നിപ്പോള്‍ അത് 7 ലക്ഷം വ്യൂ പിന്നിട്ടിരിക്കുന്നു..


വളരെ ഹൃദ്യമായ ഒരു ബംഗാളി ചെറുകഥയാണ് ശ്യാമ പ്രസാദ്‌ ഈ സിനിമയാക്കിയത്..അളഗപ്പന്‍റെ ദ്രിശ്യഭംഗിയില്‍ വിരിഞ്ഞ കോഴിക്കോടിന്‍റെ നല്ല ലൊക്കേഷന്‍സ് ചിത്രത്തില്‍ ഉണ്ടായിരുന്നു. ദിലീപിന്‍റെയും മമതയുടെയും വളരെ നല്ല വേഷങ്ങള്‍ ആയിരുന്നു ഇതിലെ ശാന്തനുവും അനുരാധയും. അവര്‍ രണ്ടു പേരും കൂടെയുള്ള ആ ക്ലൈമാക്സ്‌ സീന്‍ വല്ലാത്തൊരു ഫീല്‍ ആയിരുന്നു സമ്മാനിച്ചത്. ഈ സിനിമയോടുള്ള ഇഷ്ട്ടം കാരണം ഞാന്‍ ആകെ ഒരു തവണയെ ഇത് കണ്ടിട്ടുള്ളൂ..ആദ്യം കണ്ട ആ പുതുമ മനസ്സില്‍ അത് പോലെ അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി..


മമത മോഹന്‍ദാസ്‌ എന്ന നടിയോട് ഒരു പാട് ഇഷ്ട്ടവും ആദരവും തോന്നിയ ഒരു സിനിമ..

അരികെ..So Close <3

Friday, October 28, 2016

ചന്ദ്രനുദിക്കുന്ന ദിക്കില്‍ - ഓര്‍മ്മകള്‍ !!


ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)


ഒക്ടോബര്‍ 15ന് ഒളിമ്പ്യന്‍ അന്തോണി ആദം ഇറങ്ങി, അതിന്‍റെ തിരക്കൊക്കെ ഒന്ന് ഒഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് 29ന് ആണ് ഈ സിനിമ ഇറങ്ങിയത്..റിലീസ് ദിവസം തൃശൂര്‍ രാമദാസില്‍ മാറ്റിനി ആയിരുന്നു ആദ്യത്തെ ഷോ..സാധാരണ നൂണ്‍ ഷോ കാണാറുള്ളതാണ്. പക്ഷെ അന്ന് അവിടെ നിറം നൂണ്‍ ഷോ ആയി കളിക്കുന്നുണ്ട്. (44 Days). കാലത്ത് തന്നെ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടാണ് കോളേജില്‍ പോയത്. അപ്പോള്‍ തന്നെ നല്ല തിരക്കുണ്ടായിരുന്നു. പിന്നെ ഒരു പിരീഡ് കട്ട്‌ ചെയ്ത് ഒളിമ്പ്യന്‍ കാണാന്‍ നൂണ്‍ഷോക്ക് ജോസില്‍ പോയി..ആ ഷോ കഴിഞ്ഞ് ഓടി വന്നപ്പോള്‍ രാമദാസില്‍ വന്‍ റഷ്. പഞ്ചാബി ഹൌസിന് (1998) ശേഷം ദിലീപ് താരമായി നില്‍ക്കുന്ന സമയം. മറവത്തൂര്‍ കനവിന് (1998) ശേഷം ലാല്‍ ജോസിന്‍റെ രണ്ടാമത്തെ സിനിമ. ..ദിലീപും ലാല്‍ ജോസും കൂടെയുള്ള ആദ്യ സിനിമ..കാവ്യാ മാധവന്‍ ആദ്യമായി നായിക ആയ സിനിമ, വിദ്യാ സാഗറിന്‍റെ അതി മനോഹരമായ ഗാനങ്ങള്‍. അങ്ങനെ നല്ല ഹൈപ്പോടെ വന്ന പടമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.


അങ്ങനെ കുറച്ച് കാത്തിരുന്ന് ഷോ തുടങ്ങിയപ്പോള്‍ ഉണ്ടായ ആര്‍പ്പുവിളികള്‍. ലാലിന്‍റെ മാസ്സ് ഇന്ട്രോക്ക് വന്‍ കയ്യടി. അമ്പാടി പയ്യുകള്‍, മഞ്ഞ് പെയ്യണ്, ഒക്കെ വന്നപ്പോള്‍ വന്‍ വരവേല്‍പ്പ് ബംബാട്ട് ഹുടുഗി, മായദേവതക്ക് എന്ന പാട്ടുകള്‍ക്ക് ലാല്‍ ചുവട് വെച്ചപ്പോള്‍ തിയറ്റര്‍ ആവേശത്തോടെ എതിരേറ്റു. രണ്ടാം പകുതി കുറച്ച് സ്ലോ ആയി വന്നു. സിനിമ കഴിയാറായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ദേ അടുത്ത പാട്ട്...ഒരു കുഞ്ഞു പൂവിന്‍റെ...സിനിമ കഴിഞ്ഞ് ഒരു പാട് വൈകിയാണ് വീട്ടില്‍ എത്തിയത്. നല്ല ചീത്ത കേട്ടു. അത് കൊണ്ട് പിന്നെ കുറച്ച് നാള്‍ സിനിമക്ക് പോയിട്ടില്ല. എന്നാലും ആ സിനിമ കണ്ടതിന്‍റെ ഓര്‍മ്മകള്‍ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു :) :)

ഒരു കാര്യം പറയാന്‍ മറന്നു,ബിജുവും സംയുക്തയും തമ്മില്‍ ഇഷ്ട്ടത്തിലായത് ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്‌... <3 <3



Thursday, October 20, 2016

സന്തോഷ്‌ ജോഗി - ഒരു ഓര്‍മ്മ !!


കീര്‍ത്തിചക്ര ഇറങ്ങിയ സമയത്താണ് ആദ്യമായി സന്തോഷ്‌ ജോഗിയെ ടൌണില്‍ വെച്ച് കാണുന്നത്. പുള്ളി ഒരു തോള്‍ സഞ്ചിയും തൂക്കി തൃശൂര്‍ റൌണ്ടിലൂടെ നടന്ന് പോകുന്നു. ഞാന്‍ ഓട്ടോയില്‍ ആയിരുന്നു. സന്തോഷേട്ടാ എന്ന് കയ്യുയര്‍ത്തി വിളിച്ചപ്പോള്‍ ആളും ചിരിച്ച് കൊണ്ട് കൈ വീശി കാണിച്ചു. പിന്നീട് കാണുന്നത് ചാക്കോ രണ്ടാമന്‍റെ സംവിധായകന്‍ സുനില്‍ കാര്യാട്ട്‌കരയുടെ കല്യാണ ദിവസം ആണ്. അന്ന് പാറമേക്കാവ് അമ്പലത്തിന് അടുത്തുള്ള ഹാളില്‍ വെച്ച് സദ്യ കഴിച്ച് കൈ കഴുകാനായി ചെന്നപ്പോള്‍ സന്തോഷ്‌ അവിടെ നില്‍ക്കുന്നു. അന്നും തോളത്ത് ആ സഞ്ചി ഉണ്ടായിരുന്നു. അന്ന് കുറച്ച് നേരം സംസാരിച്ചു. കീര്‍ത്തിചക്രയിലെ ആ റോളിനെ പറ്റിയും, അപ്പോള്‍ ചെയ്യുന്ന സിനിമകളെ കുറിച്ചുമൊക്കെ. പിന്നീട് ബിഗ്‌ ബി, ചോട്ടാ മുംബൈ, മായാവി. പോക്കിരി രാജ അങ്ങനെ കുറെ സിനിമകളില്‍ ജോഗിയെ കണ്ടു. സിനിമയില്‍ തിരക്കായി വരുന്ന സമയത്താണ് 2010ല്‍ ജോഗിയുടെ ആകസ്മികമായ മരണം. ഒരു ഞെട്ടലോടെയാണ് അന്ന് ആ വാര്‍ത്ത‍ കേട്ടത്. ഇപ്പോള്‍ 6 വര്‍ഷം കഴിഞ്ഞിരിക്കുന്നു.


വര്‍ഷങ്ങള്‍ക്കിപ്പുറം ഈ അടുത്ത് ജോഗിയുടെ ഭാര്യ ജിജിയുടെ ഒരു അഭിമുഖം വായിച്ചിരുന്നു. വളരെ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു അത്. അപ്പോളാണ് അവരുടെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും ഒക്കെ കൂടുതല്‍ അറിഞ്ഞത്. ഒരു ഗാനമേളയില്‍ ഒരുമിച്ച് പാടിയതാണ് രണ്ടു പേരും, ആ പരിചയം ആണ് പിന്നെ പ്രണയം ആയി മാറിയതും വിവാഹത്തില്‍ എത്തിയതും. രണ്ടു പെണ്‍കുട്ടികളാണ് ജിജിക്ക്. ജോഗിയെ കുറിച്ചുള്ള ജിജിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ ഞാന്‍ എപ്പോഴും വായിക്കാറുണ്ട്. ഇപ്പോള്‍ ജിജിയുടെ നിനക്കുള്ള കത്തുകള്‍ എന്ന പുസ്തകം ഒക്ടോബര്‍ 23ന് തൃശൂര്‍ വെച്ച് പ്രകാശനം ചെയ്യുകയാണ്.


ജിജിക്ക് എല്ലാ വിധ നന്മകളും നേരുന്നു...

Kshanam (2016) - Telugu Movie Review !!


ക്ഷണം (2016)

മഗധീര മുതലാണ് തെലുഗ് സിനിമകള്‍ കാണാന്‍ തുടങ്ങിയത്. അതില്‍ തന്നെ മാസ്സ് മസാല സിനിമകള്‍ അങ്ങനെ കാണാറില്ല. നല്ല അഭിപ്രായം ഉള്ള സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ഈ അടുത്ത് കേട്ട ഒരു പടം ആയിരുന്നു ക്ഷണം. നിമിഷം എന്നാണ് അതിന്‍റെ അര്‍ഥം. ഇത് ഒരു ത്രില്ലര്‍ മൂവി ആണ്.




Spoilers ahead..
റിഷിയും ശ്വേതയും ഒരേ കോളേജില്‍ പഠിച്ചവരാണ്.അവര്‍ തമ്മില്‍ ഇഷ്ട്ടത്തിലാണ്. റിഷിയുടെ കുടുംബം അമേരിക്കയില്‍ ആണ്. ശ്വേതയുടെ അച്ഛന്‍റെ നിര്‍ബന്ധ പ്രകാരം ശ്വേതക്ക് വേറൊരാളെ കല്യാണം കഴിക്കേണ്ടി വരുന്നു. അതോടെ റിഷി അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റിഷിയെ ഉടനെ കാണണം എന്ന് പറഞ്ഞ് കൊണ്ട്.ശ്വേതയുടെ ഒരു കാള്‍ വരുന്നു. അങ്ങനെ റിഷി നാട്ടില്‍ എത്തി ശ്വേതയെ കാണുന്നു. ശ്വേതയുടെ മകളെ കുറച്ച് മാസങ്ങള്‍ മുന്‍പ് ആരോ തട്ടികൊണ്ട് പോയിരിക്കുന്നു. തെളിവില്ലെന്ന് പറഞ്ഞ് പോലീസ് ആ ഫയല്‍ ക്ലോസ് ചെയ്തിരിക്കുന്നു. ശ്വേതയുടെ ഭര്‍ത്താവ് കാര്‍ത്തികിനും ഇപ്പോള്‍ ഈ അന്വേഷണത്തില്‍ തീരെ താല്പര്യം ഇല്ലാതായിരിക്കുന്നു. തന്‍റെ മകളെ കണ്ടു പിടിക്കാന്‍ സഹായിക്കാന്‍ ശ്വേത റിഷിയോട് അപേക്ഷിക്കുന്നു. മോളുടെ ഒരു ഫോട്ടോ അവള്‍ റിഷിയെ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന് റിഷി നടത്തുന്ന അന്വേഷണത്തില്‍ ശ്വേതയ്ക്ക് അങ്ങനെ ഒരു മകളേ ഇല്ല എന്ന് മനസിലാക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.



പേര് പോലെ തന്നെ ഓരോ നിമിഷവും ഉദ്യോഗജനകമായ രംഗങ്ങളിലൂടെയാണ് സിനിമ കടന്ന്
പോകുന്നത്. ആദ്യ പകുതിക്ക് ശേഷം ചില ട്വിസ്റ്റുകള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. കുത്തി നിറച്ച ആക്ഷന്‍ രംഗങ്ങള്‍ ഒന്നുമില്ല. ഉള്ളത് നന്നായി എടുത്തിട്ടുണ്ട്. ക്ലൈമാക്സ്‌ ഒക്കെ വളരെ ഇഷ്ട്ടപ്പെട്ടു. നായകനെയും നായികയെയും ഒന്നും വലിയ പരിചയം ഇല്ല, നായകന്‍ തന്നെ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രംഅവിടെ ഒരു സാമ്പത്തിക വിജയം ആയിരുന്നു. ത്രില്ലര്‍ മൂവിസ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാം.

Tuesday, October 18, 2016

U Turn (2016) - Kannda Movie Review !!


ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ ഒരുക്കിയ പുതിയ ചിത്രമാണ് U Turn. ഞാന്‍ കണ്ട ആകെ ഒരു കന്നട മൂവി ആയിരുന്നു ലൂസിയ. അത് കൊണ്ട് തന്നെയാണ് അയാളുടെ ഈ പുതിയ ചിത്രവും കാണാന്‍ തീരുമാനിച്ചത്.


Spoilers ahead..
ഇതിലെ നായിക രചന ഒരു ജേര്‍ണലിസ്റ്റ് ആണ്. അവളുടെ ഒരു റിസര്‍ച്ചിന്‍റെ ഭാഗമായി നഗരത്തിലെ തിരക്കേറിയ ഒരു ഫ്ലൈ ഓവറില്‍ നടക്കുന്ന അപകടങ്ങളെ കുറിച്ച് അന്വേഷിക്കുന്നു. തിരക്കില്‍ നിന്നൊഴിവാകാന്‍ വേണ്ടി പലരും റോഡിലെ ഡിവൈഡറിലെ ചില കല്ലുകള്‍ മാറ്റി വെച്ച് u turn എടുത്ത് പോകുന്നത് അവളുടെ ശ്രദ്ധയില്‍ പെടുന്നു. അങ്ങനെ പോകുന്ന വണ്ടികളുടെ നമ്പര്‍ നോട്ട് ചെയ്യാന്‍ അവള്‍ റോഡില്‍ താമസിക്കുന്ന ഒരു വൃദ്ധന് കാശ് കൊടുക്കുന്നുണ്ട്. അങ്ങനെ കിട്ടിയ ഒരു വണ്ടിയുടെ ഉടമസ്ഥനെ അന്വേഷിച്ച് രചന അയാളുടെ വീട്ടില്‍ ചെല്ലുന്നു. ആരും ഇല്ലാത്തത് കൊണ്ട് അവള്‍ മടങ്ങി പോരുന്നു. ആ ദിവസം രാത്രി രചനയെ അന്വേഷിച്ച് പോലീസ് അവളുടെ ഫ്ലാറ്റില്‍ എത്തുന്നു. അവള്‍ അന്വേഷിച്ച് ചെന്ന ആ വണ്ടിയുടെ ഉടമയുടെ മരണവുമായി ബന്ധപ്പെട്ടു അവര്‍ രചനയെ ചോദ്യം ചെയ്യുന്നു. പിന്നീട് അങ്ങോട്ട് രചന നേരിടേണ്ടി വരുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് കഥയുടെ ബാക്കി.


ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്‌. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. ഇതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ തന്‍റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുമ്പോള്‍ പലപ്പോഴും ഒരു മണിക്കൂറോളം സ്കൂള്‍ പാര്‍ക്കിങ്ങില്‍ വെയിറ്റ് ചെയ്യാറുണ്ട്. ആ സമയങ്ങളില്‍ ആണ് ഈ സ്ക്രിപ്റ്റ് എഴുതിയത്. ചിത്രത്തിന്‍റെ ആദ്യ പകുതി ഗംഭീരമാണ്. പ്രേക്ഷകനെ ചിത്രത്തില്‍ പിടിച്ചിരുത്തുന്ന പല സീനുകളും ഉണ്ട്. പക്ഷെ രണ്ടാം പകുതിയില്‍ ആ ഒരു ത്രില്‍ കിട്ടിയില്ല. ക്ലൈമാക്സ്‌ ആയപ്പോഴേക്കും കഥ വഴി മാറി പോയി. എന്നിരുന്നാലും തരക്കേടില്ലാത്ത ഒരു ത്രില്ലര്‍ മൂവി തന്നെയാണ് U Turn. Waiting for Pawan's next - C10H14N :)

Monday, October 17, 2016

Joker (2016) - Tamil Movie Review !!


എന്‍റെ സുഹൃത്ത് ലിയാസ് ആണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. അവന്‍ അങ്ങനെ പ്രത്യേകം പറയാറുള്ള സിനിമകള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്. വലിയ താരങ്ങള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം ആണ് ജോക്കര്‍. ഇതിലെ നായകനെ നിങ്ങളില്‍ പലരും അറിയും, അഞ്ച് സുന്ദരികളിലെ, സേതുലക്ഷ്മി എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറെ അവതരിപ്പിച്ച ഗുരു സോമ സുന്ദരം.


കഥ നടക്കുന്നത് തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ്. മന്നാര്‍ മന്നന്‍ എന്ന നായകന്‍ താന്‍ ഇന്ത്യയുടെ രാഷ്‌ട്രപതി ആണെന്ന് സ്വയം കരുതുകയും, അത് പോലെ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്ന ഒരാളാണ്. അയാളുടെ വേഷവും വാഹനവും എല്ലാം കൌതുകം ഉള്ളതാണ്. നാട്ടിലെ സാധാരണക്കാരുടെ എല്ലാ പ്രശ്നങ്ങളിലും അയാള്‍ ഇടപെടുന്നു, പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനു വേണ്ടി അയാള്‍ക്ക് അയാളുടെതായ സമരമുറകള്‍ ഉണ്ട്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, പോലീസിനും ഇയാള്‍ ഒരു സ്ഥിരം തലവേദനയായി മാറുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെ ഇങ്ങനെ ആയതിന് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. അതാണ് സിനിമയുടെ ബാക്കി ഭാഗം പറയുന്നത്.


ഇന്ത്യയിലെ 60% ജനങ്ങള്‍ക്കും ഇന്നും സ്വന്തമായി ശൌചാലയം ഇല്ല. ഈ ഒരു ഗൌരവമായ വിഷയമാണ്‌ സിനിമയിലൂടെ പറയുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രസക്തിയും. നായകന്‍ ആയി അഭിനയിച്ച ഗുരുവിന്‍റെ പ്രകടനം എടുത്ത് പറയേണ്ടതാണ്‌. അയാള്‍ ആ കഥാപാത്രമായി ജീവിച്ചു എന്ന് തന്നെ പറയാം.സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഈ ചത്രം കണ്ട് ഇതിന്‍റെ അണിയറക്കാരെ അഭിനന്ദിച്ചിരുന്നു. ചിത്രം തമിഴ് നാട്ടില്‍ വിജയം ആയിരുന്നു എന്നാണ് അറിഞ്ഞത്.

Sunday, October 16, 2016

Sairat (2016) - Marati Movie Review


Sairat (2016)

ഏതോ ഒരു മൂവി സൈറ്റില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഈ സിനിമയെ കുറിച്ച് അറിയുന്നത്. Sairat ഈ വര്‍ഷം ഇറങ്ങിയ ഒരു മറാത്തി സിനിമയാണ്. വെറുമൊരു സിനിമയല്ല. അവിടത്തെ ഇത് വരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ്സ് എല്ലാം തകര്‍ത്ത , അവിടെ ആദ്യമായി 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത , ആമിര്‍ഖാന്‍, അക്ഷയ്കുമാര്‍, അനുരാഗ് കശ്യപ് തുടങ്ങി വരെ ബോളിവുഡിലെ പല പ്രമുഖരും അഭിനന്ദിച്ച സിനിമ. അത് മാത്രമല്ല , UAE-യില്‍ റിലീസ് ചെയ്ത ആദ്യത്തെ മറാത്തി സിനിമ കൂടിയാണ് Sairat. നമ്മുടെ നാട്ടില്‍ പ്രേമം സിനിമ പോലെ അവിടെ ഈ സിനിമ ഒരു ട്രെന്‍ഡ് ആയിരുന്നു. അതിന്‍റെ അത്ഭുതകരമായ വിജയം ഹിന്ദി സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു എന്നാണ് കേട്ടത്. ഇത് കൊണ്ടൊക്കെ തന്നെയാണ് ഈ ഇതര ഭാഷ ചിത്രം കാണാന്‍ ഞാന്‍ തീരുമാനിച്ചത്.


Sairat ഒരു പ്രണയ കഥയാണ്. ജാതിയില്‍ താഴ്ന്ന കുടുംബത്തിലെ പയ്യനായ പ്രശാന്തും, ആ നാട്ടിലെ ജന്മി കുടുംബത്തിലെ അംഗമായ അര്‍ച്ചനയും ഒരേ കോളേജില്‍ ആണ് പഠിക്കുന്നത്‌. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. ഒരിക്കല്‍ അര്‍ച്ചനയുടെ വീട്ടുകാര്‍ അവരെ തെറ്റായ ഒരു സാഹചര്യത്തില്‍ പിടി കൂടുന്നു. വേറെ മാര്‍ഗം ഒന്നും ഇല്ലാത്തത് കൊണ്ട് കൂട്ടുകാരുടെ സഹാത്തോടെ അവര്‍ ഒളിച്ചോടുന്നു. അര്‍ച്ചനയുടെ സഹോദരന്മാരും അവരുടെ ഗുണ്ടകളും അവരെ പിന്തുടരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാസാരം. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ സീന്‍ ഒരു സിനിമ ആസ്വാദകന്‍ എന്ന നിലയില്‍ എനിക്കേറെ ഇഷ്ട്ടപ്പെട്ടു. തുടര്‍ന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌. സ്ഥിരംപ്രണയ കഥകളുടെ വഴികളില്‍ നിന്നു മാറി സഞ്ചരിച്ച ഒരു രീതിയില്‍ അത് എന്നെ കുറച്ചൊന്നു ഞെട്ടിച്ചു.



പുതുമുഘങ്ങള്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ കണ്ടു തുടങ്ങുമ്പോള്‍ അത് വേറൊരു ഭാഷ ചിത്രം ആണെന്ന് നമുക്ക് തോന്നില്ല. നല്ല പാട്ടുകളും ചെറിയ കോമഡികളും എല്ലാം ഉണ്ട്. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു.

PA VA (2016) - Malayalam Movie Review !!

.
പാവ (2016)

പൊടിമീശ മുളക്കണ കാലം എന്ന മനോഹരമായ ഒരു ഗാനം കുറച്ച് നാള്‍ മുന്‍പ് കേട്ടപ്പോള്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു മൂവി ആയിരുന്നു പാവ. നല്ല സിനിമ ആയിട്ടും കബാലിയുടെ കൂടെ ഇറങ്ങിയത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നും കേട്ടിരുന്നു. ഇന്നലെയാണ് സിനിമ കണ്ടത്.



ബാല്യം മുതല്‍ വാര്‍ധക്യം വരെ കൂട്ടുകാരായ രണ്ടു പേരാണ് പാപ്പനും വര്‍ക്കിയും. രണ്ടു പേര്‍ക്കും വലിയ കുടുംബം ഉണ്ട്. പെട്ടെന്നൊരു ദിവസം വര്‍ക്കിച്ചന്‍ മരണപ്പെടുന്നു. അതിന് ശേഷം പാപ്പന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥ ആണെങ്കിലും അവതരണത്തില്‍ എന്തൊക്കെയോ അപാകതകള്‍ തോന്നി. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല..മുരളി ഗോപിയുടെ വേഷം നന്നായിരുന്നു, അനൂപ്‌ മേനോന് ആ വയസ്സന്‍ വേഷം യോജിക്കാത്ത പോലെ തോന്നി, പ്രത്യേകിച്ച് ആ വിഗ് ഒക്കെ കുറച്ച് ബോര്‍ ആയിരുന്നു. അശോകന്‍, രണ്‍ജി പണിക്കര്‍, രണ്ജിനി, തുടങ്ങിയവര്‍ കൂടെ ചിത്രത്തില്‍ ഉണ്ട്. കുറച്ച് രംഗങ്ങള്‍ നന്നായിരുന്നു എന്നെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു എന്നും കേട്ടിരുന്നു. താല്പര്യം ഉള്ളവര്‍ക്ക് ചുമ്മാ ഒരു വട്ടം കണ്ടു നോക്കാം എന്ന് മാത്രം. ഗാനങ്ങള്‍ എല്ലാം കൊള്ളാമായിരുന്നു.


വായിക്കാന്‍ ആളുണ്ടെങ്കില്‍ നാളെ മറ്റൊരു ചിത്രത്തിന്‍റെ വിശേഷം ആയി വരാന്‍ ശ്രമിക്കാം. :)

Two Brothers (2004) - English Movie Review !!


Two Brothers (2004)

കുറച്ചു നാള്‍ മുന്‍പേ എന്‍റെ ഒരു സുഹൃത്താണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ അങ്ങനെ കാണാറില്ലെങ്കിലും ഇതിന്‍റെ കഥ കേട്ടപ്പോള്‍ കാണാന്‍ ഒരു താല്പര്യം വന്നു.


കഥ തുടങ്ങുന്നത് ഒരു കാട്ടിലാണ്. അവിടെ ജീവിക്കുന്ന ഒരു കടുവ കുടുംബം. അച്ഛന്‍, അമ്മ, സഹോദരങ്ങളായ രണ്ടു കുട്ടികടുവകള്‍. അവിടെ വന്ന വേട്ടക്കാരില്‍ ചിലര്‍ അച്ഛന്‍ കടുവയെ വെടി വെച്ച് കൊല്ലുന്നു. അമ്മ കടുവ ഒരു കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടുന്നു. ഒരു കടുവകുട്ടി അവരുടെ കയ്യില്‍ പെടുന്നു. അവന്‍ ഒരു സര്‍ക്കസ് കമ്പനിയിലും അതിന്‍റെ സഹോദരന്‍ കടുവ പിന്നീട് ഒരു രാജകൊട്ടാരത്തിലും എത്തിപെടുന്നു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ രണ്ടു പേരും വലിയ കടുവകള്‍ ആയ ശേഷം വേറൊരു സ്ഥലത്ത് വേറൊരു സാഹചര്യത്തില്‍ കണ്ടു മുട്ടുന്നതാണ് കഥാസാരം. ശേഷമുള്ള പല രംഗങ്ങളും നമ്മളുടെ മനസ്സില്‍ സ്പര്‍ശിക്കും.

2004-ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഫ്രാന്‍സിലെയും തായ്‌ലണ്ടിലെയും മൃഗശാലകളില്‍ നിന്നുള്ള മുപ്പതോളം കടുവകളെയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ രസകരമായ സിനിമയാണ്. കുട്ടികളുടെ കൂടെ കാണാന്‍ ശ്രമിക്കുക. അവര്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും.