Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.

2 comments: