Sunday, July 30, 2017

നരന്‍ - ഓര്‍മ്മകുറിപ്പുകള്‍..!!


2005-ലെ ആ ഓണക്കാലം. ചന്ദ്രോത്സവം, ഉടയോന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ ലാലിന്‍റെ ഓണ ചിത്രമായ നരന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സമയം. ദീപക് ദേവ് ഒരുക്കിയ വേല്‍ മുരുകാ എന്ന ഗാനം എവിടെയും അലയടിക്കുന്നു. ഞാന്‍ അന്ന് ടൌണില്‍ ഒരു ഫ്ലക്സ് പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു. റിലീസിന് ഒരു ആഴ്ച മുന്‍പ് തൊട്ടേ, ഫാന്‍സുകാര്‍ പല സൈസ് പ്രിന്റുകള്‍ അടിപ്പിക്കാന്‍ വരുന്നുണ്ട്. അവര്‍ കൊണ്ട് വരുന്ന സ്റ്റില്‍സ് കണ്ട് കണ്ട് പടം കാണാനുള്ള കാത്തിരിപ്പിലായി ഞാനും.



റിലീസ് ദിവസം ഓഫീസില്‍ ലീവ് പറഞ്ഞ് ഞാന്‍ ടൌണില്‍ നേരത്തെ എത്തി. ജോസിന്‍റെ മുന്‍പില്‍ നല്ല തിരക്കുണ്ട്. എനിക്കുള്ള ടിക്കറ്റ്‌ റെഡി ആയത് കൊണ്ട് ഞാന്‍ ഭാരതില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. മടങ്ങി വന്നപ്പോഴേക്കും തിരക്ക് കൂടിയിരുന്നു. നോക്കി നില്‍ക്കെ അത് കൂടി കൂടി വന്നു. ആകെ ഒരു ഓളം. കുറച്ച് സമയത്തെ കാത്തിരിപ്പ്. ഒടുവില്‍ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. എല്ലാവരും വലിയ ആര്‍പ്പു വിളികളോടെ അകത്തേക്ക് ഓടി. ഇപ്പോള്‍ അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ചുമ്മാ ബാല്‍ക്കണി കൌണ്ടറില്‍ പോയി നോക്കി. ഫാമിലീസിന്‍റെ നല്ല തിരക്കുണ്ട് അവിടെയും. FDFS കാണുന്നതിന്‍റെ ഒരു സന്തോഷത്തോടെ വീണ്ടും താഴേക്ക് പോയി നോക്കി. പോലീസ് എത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ്‌ കൌണ്ടറില്‍ നല്ല റഷ്. ചിലര്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കാശ് കൊദുക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ ഇടയില്‍ കേറാന്‍ നോക്കുന്നു. അപ്പൊ വരിയിലുള്ളവര്‍ സാറേ..എന്നലറും. ഉടനെ പോലീസ് വന്നു ലാത്തി വീശും. അപ്പൊ വരി പൊട്ടും, ഭാഗ്യമുള്ളവര്‍ വീണ്ടും വരിയില്‍ കേറും, അല്ലാത്തവര്‍ പുറത്ത്. അങ്ങനെ ആകപ്പാടെ ഒരു ലഹള. കുറച്ച് കഴിഞ്ഞപ്പോള്‍ ജോസിലെ ടിക്കറ്റ്‌ കൊടുക്കാനുള്ള ആ ബെല്‍ നീട്ടി അടിച്ചു. വരിയില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ അലറി. വരി കുറേശ്ശെ നീങ്ങി തുടങ്ങി. പിന്നില്‍ നില്‍ക്കുന്നര്‍ ചോട്ടാ മുംബൈയില്‍ ബിജു കുട്ടന്‍ പൈപ്പ് വെള്ളം എടുക്കാന്‍ വരിയില്‍ നിന്ന പോലെ മുഖത്ത് ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്നു. ദൈവമേ എങ്ങാനും ടിക്കറ്റ്‌ തീരുമോ? ബ്ലാക്കില്‍ എടുക്കേണ്ടി വരോ? അങ്ങനെ എന്തൊക്കെ ചിന്തകളാണ് എന്നറിയോ?

ടിക്കറ്റ്‌ കിട്ടിയവര്‍ അകത്ത് കയറി, ചിലര്‍ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുന്നു. അടുത്തടുത്ത് ഇരിക്കാനുള്ള സീറ്റുകള്‍ നോക്കുന്നു. ചിലര്‍ ചൂട് കാരണം ഷര്‍ട്ട് ഒക്കെ അഴിച്ച് അരയില്‍ കെട്ടിയിരിക്കുന്നു. മറ്റു ചിലര്‍ ലാലേട്ടന്‍ കീ ജയ് എന്ന് വിളിക്കുന്നു. എല്ലാം കണ്ടു കൊണ്ട് ഫസ്റ്റ് ക്ലാസ്സിന്‍റെ ഒരു സൈഡ് സീറ്റില്‍ ഞാനും. ഒടുവില്‍ സിനിമ തുടങ്ങി. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന എന്ന് കാണിച്ച ഉടനെ തിയറ്ററില്‍ ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി. ആവേശ തിരയിളക്കി കൊണ്ട് ലാലിന്‍റെ ഇന്ട്രോ സീന്‍.
അന്ന് അവിടെ കിട്ടിയ കയ്യടികള്‍, ആര്‍പ്പു വിളികള്‍, ഇന്നും എന്‍റെ കാതുകളില്‍ ഉണ്ട്. അതാണ് ഈ ഫസ്റ്റ് ഷോയുടെ ഒരു രസം. ആദ്യം തന്നെ ഒരു കിണ്ണന്‍ കാച്ചി ഫൈറ്റ്. പിന്നെ അവിടെ നിന്ന് അങ്ങോട്ട്‌ മുള്ളന്‍ കൊള്ളിയിലെ ഒരാളായി പ്രേഷകരും. വേല്‍ മുരുഗാ എന്ന ഗാനം വന്നതോടെ തിയറ്റര്‍ ഉത്സവ പറമ്പ് പോലെയായി. എല്ലാവരും ഡാന്‍സ് തന്നെ ഡാന്‍സ്. അതൊന്നും ഇന്നത്തെ പോലെ ഷൂട്ട്‌ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പടം സൂപ്പര്‍ ആയി തന്നെ അവസാനിച്ചു. ക്ലൈമാക്സിലെ ആ ഗാനം കൂടി ആയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ അവിടെ അടുത്ത ഷോക്കുള്ള തിരക്ക്. ഞാന്‍ റോഡ്‌ ക്രോസ് ചെയ്ത് തേക്കിന്‍ കാട് മൈതാനത്ത് കേറി നിന്നു.
ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കുന്നു. പോലീസ് വന്ന് തടയുന്നു. ജോസിന്‍റെ മുന്‍പില്‍ ബ്ലോക്ക്‌ ആയ വണ്ടികളുടെ ഹോണ്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ഫാന്‍സിന്‍റെ ആര്‍പ്പുവിളികള്‍, അകത്ത് വരിയില്‍ നില്‍ക്കുന്നവരുടെ ബഹളം. എല്ലാം ഞാന്‍ എന്‍റെ സ്റ്റില്‍ ക്യാമറയില്‍ പകര്‍ത്തി. അത് പോലൊരു ദിവസം പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്യമറയില്‍ ഉണ്ടായിരുന്ന ഫിലിം ഞാന്‍ പിന്നീട് പ്രോസസ് ചെയ്ത് ഫാന്‍സുകാര്‍ക്ക് കൊടുത്തു. അവരത് പ്രിന്‍റ് എടുത്ത് അവരുടെ ആല്‍ബത്തില്‍ ഒട്ടിച്ചു. ആ ആല്‍ബം അവര്‍ പിന്നീട് ഒരിക്കല്‍ ലാലേട്ടനെ കാണിച്ചിരുന്നു എന്ന് പറഞ്ഞു. ഞാന്‍ എടുത്ത ഫോട്ടോസ് എല്ലാം പുള്ളി കണ്ടു എന്നും. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കുറച്ചു നാള്‍ മുന്‍പ് ആരോ എന്നോട് ഈ ഫോട്ടോസ് ചോദിച്ചപ്പോള്‍ ഞാന്‍ ഈ ആല്‍ബം വീണ്ടും അന്വേഷിച്ചു. പത്ത് പന്ത്രണ്ട് വര്‍ഷം ആയില്ലേ? ഇപ്പോള്‍ അത് ആരുടെ കയ്യില്‍ ആണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ കണ്ടീഷന്‍ എങ്ങനെ ആകും എന്നും അറിഞ്ഞൂടാ. ആ നെഗറ്റീവ്സ് അന്ന് അത് പോലെ മിസ്സ്‌ ആയതാണ്. എന്നാലും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ടിവിയില്‍ നരന്‍ വരുമ്പോള്‍ അറിയാതെ ഇരുന്ന് കണ്ടു പോകും. ഇന്നും ആ പഴയ ഓര്‍മ്മകള്‍ മനസ്സിലെക്കെത്തും.


Thursday, July 20, 2017

തൊണ്ടി മുതലും ഫഹദും !!



ഈ ആഴ്ചയാണ് തൊണ്ടി മുതല്‍ കണ്ടത്. കൂടെ ഉണ്ടായിരുന്നവരില്‍ പലര്‍ക്കും പടത്തെ കുറിച്ച് പല അഭിപ്രായങ്ങള്‍ ആയിരുന്നു. പക്ഷെ ഫഹദിന്‍റെ പെര്‍ഫോമന്‍സ്, അതിന് മാത്രം എല്ലാവര്‍ക്കും ഒരേ അഭിപ്രായം, കിടിലന്‍.


ആ സെല്ലില്‍ ഇരുന്ന് മാല മോഷണത്തെ കുറിച്ച് വിവരിക്കുന്നതൊക്കെ ഗംഭീരം, പ്രത്യേകിച്ചും തെക്കോട്ടൊക്കെ ഉള്ള റോഡുണ്ടല്ലോ, എന്ത് സുഖാന്നറിയോ? എന്ന് പറയണതൊക്കെ എന്ത് നാച്ചുറല്‍ ആണ്. ഫഹദിന് ശരിക്കും ഈ പണി അറിയോ എന്ന് വരെ തോന്നി പോകും, അത് പോലെയാണ് രസകരമായ ആ വിവരണം. ശരിക്കും Behave ചെയ്യുക എന്നത് ഫഹദിന്‍റെ കാര്യത്തില്‍ കറക്റ്റ് ആണ്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഫഹടിനോട് മത്സരിക്കാന്‍ പുതിയ പിള്ളേര്‍ കുറച്ചു പാട് പെടും.

മഹേഷിന്‍റെ പ്രതികാരം, ടേക്ക് ഓഫ്‌, ഇപ്പൊ തൊണ്ടിമുതല്‍. എന്തിനാ അധികം സിനിമകള്‍? വര്‍ഷത്തില്‍ ഇത് പോലെ ഒന്നോ രണ്ടോ പോരെ? ഇങ്ങോര്‍ ഇത് ഈ ലെവലില്‍ പോയാല്‍ പിടിച്ചാല്‍ കിട്ടില്ല...