Friday, May 17, 2013

Aurangzeb - Hindi Film Review From Dubai


എന്റെ ഈ ബ്ലോഗില്‍ സിനിമ പലപ്പോഴും ഒരു വിഷയം ആയി വന്നിട്ടുണ്ട്, എങ്കിലും ഒരു റിവ്യൂ ആദ്യമായാണ്. ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്?

ആദ്യം തന്നെ പറയട്ടെ, Aurangzeb എന്ന സിനിമ കാണാനുള്ള ഒരേ ഒരു കാരണം നമ്മുടെ പൃഥ്വിരാജ് ആണ്, കാര്യം യാഷ്‌രാജ് ഫിലിംസ് നല്ല ബാനര്‍ ആണെങ്കിലും ഞാന്‍ അവരുടെ എല്ലാ സിനിമകളും കാണാറില്ല, പിന്നെ പണ്ടത്തെ പോലെ അല്ല,അവര്‍ ഇപ്പൊ ഒരു വര്ഷം കുറെ സിനിമകള്‍ ഇറക്കുന്നുണ്ട്, അതില്‍ ചിലതൊക്കെ വെറും കൂതറ ആകാറുണ്ട്. ഇത് പിന്നെ നമ്മുടെ ഒരു താരം ആ ഒരു ബാനറില്‍ ,ഹിന്ദിയിലെ വലിയ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോ, അതും ഒരു പോലീസ് വേഷത്തില്‍, എങ്ങനെ ഒഴിവാക്കും?

ഇനി സിനിമയിലേക്ക്...കഥ നടക്കുന്നത് ഗുര്‍ഗോന്‍ എന്ന സ്ഥലത്താണ്, അവിടത്തെ ഒരു റിയല്‍ എസ്റ്റേറ്റ്‌ കിംഗ്‌ ആണ് യാഷ്‌ വര്‍ദ്ധന്‍( ജാക്കി ശ്രോഫ്ഫ് ).ഒരു പാട് ക്രിമിനല്‍ ആക്ടിവിട്ടീസുമായി നടക്കുന്ന അയാളുടെ മകന്‍ ആണ് അജയ്‌ ( അര്‍ജുന്‍ കപൂര്‍) . അവരുടെ ഗാങ്ങിനെ പിടിക്കാന്‍ നടക്കുന്ന പോലീസ് ഓഫീസേര്‍സ് ആണ് പ്രിത്വിയും അമ്മാവന്‍ ഋഷി കപൂറും. പ്രിത്വിയുടെ അച്ഛന്‍ (അനുപം ഖേര്‍ ) ഒരിക്കല്‍ പ്രിത്വിയോടു തന്റെ വേറെ ഒരു ഭാര്യയെയും മകനെയും കുറിച്ച് പറയുന്നു. അവരെ കാണാന്‍ പോയ പ്രിത്വി കണ്ടത്‌ അജയുടെ മുഖമുള്ള വിശാലിനെയാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിശാല്‍ അജയുടെ ഇരട്ട സഹോദരന്‍ ആണെന്നു മനസ്സിലാകുന്നു. തന്റെ അമ്മാവനുമായി ആലോചിച്ചു പ്രിത്വി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു, അങ്ങനെ അവര്‍ അജയെ പിടി കൂടുന്നു , യാഷ്‌ വര്ധന്റെ ബിസിനസ്‌ രഹസ്യങ്ങള്‍ ചോര്‍ത്താനും, അയാളെ കുടുക്കാനും വേണ്ടി പ്രിത്വിയും ഋഷി കപൂറും ചേര്‍ന്ന് വിശാലിനെ അജയുടെ വേഷത്തില്‍ യാഷ്‌ വര്ധന്റെ അടുത്തേക്ക്‌ അയക്കുന്നു.ഷാരൂഖ്‌ ഖാന്റെ ഡോണ്‍ പോലെ ഒരു സംഭവം.പക്ഷെ ഇവിടെ വിശാല്‍ അവര്‍ക്കെതിരെ തിരിയുന്നിടത്താണ് കഥ മാറുന്നത്. അവിടെ ഇടവേള.. പോലീസിന്റെ തന്ത്രം ഫലിക്കുമോ? വിശാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? യാഷ്‌ വര്‍ദ്ധന് അയാളെ മനസ്സിലാകുമോ? പോലീസ് പിടിയിലായ അജയ്‌ എങ്ങനെ രക്ഷപെടും? യാഷ്‌ വര്‍ദ്ധന് എന്ത് സംഭവിക്കും? തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ബാക്കി കഥ.

റിയല്‍ എസ്റ്റേറ്റ്‌ കിംഗ്‌ ആയി ജാക്കി ശ്രോഫ്ഫ്‌ ഒതുക്കമുള്ള പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. ഇപ്പോള്‍ മികച്ച വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്തു ചെയ്യുന്ന ഋഷി കപൂര്‍ തന്റെ വേഷം മികച്ചതാക്കി,ഇത് വരെ നമ്മള്‍ കാണാത്ത ഒരു പെര്‍ഫോമന്‍സ്, ഇപ്പോളാണ് ഇവരുടെയൊക്കെ പ്രതിഭ നമ്മള്‍ കാണുന്നത്. പിന്നെ നമ്മുടെ ഹീറോ, അര്‍ജുന്‍ കപൂറിന്റെ ആദ്യ സിനിമ Ishqzaade ഞാന്‍ കണ്ടിട്ടില്ല, എന്തായാലും ഈ സിനിമയിലെ ഡബിള്‍ റോള്‍ അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്, ഒരു സിനിമയുടെ മാത്രം പരിചയ സമ്പത്തുള്ള ഒരു നടനെ കൊണ്ട് കഴിയുന്നതിലും കൂടുതലാണ് അയാളെ കൊണ്ട് ചെയ്യിച്ചത്, എങ്കിലും ആക്ഷന്‍ സീനുകള്‍ എല്ലാം മികച്ചതാക്കി, ചില കോമഡിയും നന്നായി, ചില സീനിലോക്കെ കയ്യടിയും വാങ്ങി, പക്ഷെ പയ്യന്‍ ഒരു പാട് തെളിയാന്‍ ഉണ്ട്, വേറെ ഏതെന്കിലും മെയിന്‍ നടന്‍മാര്‍ ആയിരുന്നെകില്‍ ആ വേഷം കുറച്ചു കൂടെ നന്നാക്കിയേനെ.

പിന്നെ നമ്മുടെ പ്രിത്വിരാജ്‌, പോലീസ് വേഷത്തില്‍ നന്നായി തിളങ്ങി. നായകന്‍ എന്ന് തന്നെ പറയാവുന്ന വേഷം തന്നെ ആയിരുന്നു ഇതിലെ ACP ആര്യ, മലയാളത്തില്‍ നിന്നുള്ള ഒരു നടനു ഇതൊക്കെ തന്നെ ധാരാളം. ഹിന്ദി ഭാഷ മാത്രം അത്ര ശരി ആയിട്ടില്ല,എങ്കിലും മോശം എന്ന് പറയാനൊക്കില്ല, എന്തൊക്കെ ആയാലും പ്രിത്വി ഒരു മലയാളി അല്ലെ? ആ ഒരു വ്യത്യാസം കാണാതിരിക്കുമോ? എങ്കിലും ഹിന്ദി സിനിമയിലെ പ്രമുഖരുടെ കൂടെ പ്രിത്വി അഭിനയിക്കുന്നത് കാണാന്‍, പല രംഗങ്ങളിലും ഋഷി കപൂറിന്റെ കൂടെ പ്രിത്വി ഒരു വിധം നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ പ്രിത്വിയുടെ നാട്ടുകാരന്‍ ആയി, ഒരു മലയാളി ആയി ആ കൂട്ടത്തില്‍ ഇരുന്നപ്പോള്‍ തെല്ല് സന്തോഷം തോന്നി.ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രിത്വിയിലൂടെയാണ്. എന്തായാലും പ്രിതിയുടെ വേഷം ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പാണ്‌. തിരക്കുള്ള ഒരു നായക നടന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും ബോളിവുഡില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ പ്രിത്വിയെ തേടിയെത്തും എന്ന് തന്നെ കരുതാം.

തുണി അഴിക്കാന്‍ ഒരു മടിയുമില്ലാത്ത ഒരു പാവം കുട്ടിയാണ് ഇതിലെ നായിക, കഥയില്‍ അവള്‍ക്ക് അധികം പ്രാധാന്യം ഇല്ലെങ്കിലും അവളെ കൊണ്ട് കഴിയുന്നത് അവള്‍ ചെയ്തിട്ടുണ്ട്. ആദ്യത്തെ സീനിലെ ബികിനിയും, ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രീതിയിലുള്ള ഒരു ലിപ് ലോക്കും തന്നെ ഗംഭീരം, നമ്മളും ലോക സിനിമയുടെ കൂടെ മുന്നേറുന്നുണ്ട്, അര്‍ജുന്‍ കപൂറിന്റെ കൂടെ ഉള്ള ഒരു കിടപ്പറ സീന്‍ ഉണ്ടായിരുന്നത് ഇവിടെ കട്ട്‌ ചെയ്തു എന്ന് തോന്നുന്നു, അതൊരു നഷ്ട്ടമായി തോന്നി. അനുപം ഖേര്‍ ഒരു സീനില്‍ മാത്രം വന്നു പോയി, Barbadhiyaan എന്ന ഗാനം തെറ്റില്ല,ഇത് പോലൊരു ആക്ഷന്‍ ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് അധികം പ്രാധാന്യവും ഇല്ല. ചിത്രത്തില്‍ നല്ലൊരു ത്രില്ലിംഗ് കഥ ഉണ്ട്, പക്ഷെ എടുത്തു വന്നപ്പോള്‍ ഒരു പഞ്ച് ഇല്ലാതെ ആയി പോയി. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ആക്ഷന്‍ മൂഡ്‌ നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകള്‍ ഉണ്ട്, പ്രധാന പ്രശ്നം ചിത്രത്തിന്റെ ലാഗിംഗ് ആണ്, പിന്നെ ഇടക്കിടക്ക്‌ കയറി വരുന്ന ഫാമിലി സെന്റിമെന്റ്സും. ഇത് രണ്ടും ഒരു ആക്ഷന്‍ ചിത്രത്തിനു യോജിച്ചതല്ല,ചിലപ്പോ ഒരു പുതുമുഖ സംവിധായകന്റെ അനുഭവ സമ്പത്തിന്റെ കുറവ് കൊണ്ടാകാം. ചുരുക്കത്തില്‍ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നു എങ്കില്‍ Aurangzeb ഈ അടുത്ത കാലത്ത്‌ ഹിന്ദിയില്‍ ഇറങ്ങിയ മികച്ച ഒരു ചിത്രം ആയേനെ .

ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ്‌ ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത്‌ അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.

തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം ..Aurangzeb.. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ്, ഹിന്ദിയില്‍ ഷാരൂഖ്‌ -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ്‌ , പ്രിത്വി ഓണ്‍ ദി റൈറ്റ് ട്രാക്ക്‌..പിക്ചര്‍ അഭി ബാകി ഹെ ഭായ്‌..!!

Tuesday, May 7, 2013

ഭാര്യയുടെ ഡെലിവറിയും എന്‍റെ ബീഫ്‌ റോസ്റ്റും !



എനിക്ക് ഒരു മകനെ ഉള്ളു. മൂന്നു വര്‍ഷം മുന്‍പാണ്‌ അവന്‍ ജനിച്ചത്‌.കൃത്യമായി പറഞ്ഞാല്‍ 2010 ജൂലൈ 31. പ്രസവ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടാകണം എന്ന് ഭാര്യ എന്നോട് ആദ്യമേ പറഞ്ഞിരുന്നു. അത് കൊണ്ട് പത്തു ദിവസം മുന്‍പേ ഞാന്‍ നാട്ടില്‍ എത്തിയിരുന്നു. ജൂലൈ 29നു ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. പെയിന്‍ വരാത്തത് കൊണ്ട് അവളെ റൂമില്‍ തന്നെ കിടത്തി. എപ്പോളും ഞാന്‍ അവളുടെ കൂടെ ഉണ്ടാകുമായിരുന്നു. അവിടെ ഒരു ഇന്ത്യന്‍ കോഫീ ഹൌസ് ഉണ്ട്. അവിടെ ഞാന്‍ ചായ കുടിക്കാന്‍ പോകുമ്പോളും നിറവയറുമായി അവളും എന്‍റെ കൂടെ വരുമായിരുന്നു. അവിടത്തെ ഫുഡ്‌ ആണെങ്കില്‍ നല്ല രുചിയും.രണ്ടു മസാല ദോശയൊക്കെ ഞാന്‍ ഒരു സമയം കഴിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു ദിവസം ഭേഷായി ഞങ്ങള്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചു.

അങ്ങനെ പ്രസവദിവസം വന്നെത്തി. അവള്‍ അന്നും എന്നോട് നന്നായി സംസാരിച്ചിരുന്നു.കാലത്ത്‌ തന്നെ അവളെ ലേബര്‍ റൂമില്‍ കൊണ്ട് പോയി. പെയിന്‍ ഇടയ്ക്കിടക്ക് വന്നു പോകുന്നുണ്ടെങ്കിലും അത്ര വലിയൊരു ബഹളം ഒന്നും ഇല്ലാതെ സാധാരണ പോലെയാണ് അവള്‍ പോയത്. കൂടെ എന്‍റെ മാമിയും ഉമ്മയും ആണ് പോയത്.കുറച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വിവരം അറിയും എന്ന് കരുതി ഞാന്‍ റൂമില്‍ തന്നെ കിടന്നു. പിന്നെ അകത്തു എന്താണ് നടക്കുന്നത് എന്ന് ഞാന്‍ അറിയുന്നില്ല. അങ്ങനെ ഉച്ച ആയി, സ്വാഭാവികമായും എനിക്ക് വിശന്നു. ഞാന്‍ പതിവ് പോലെ നേരെ കോഫി ഹൌസിലേക്ക് പോയി. ഒരു ഊണ് പറഞ്ഞു. അതും കൊണ്ട് വന്നപ്പോള്‍ ആ സപ്ലയറുടെ ഒരു ചോദ്യം " സര്‍..സ്പെഷ്യല്‍ എന്തെങ്കിലും വേണോന്ന്" ആ ചോദ്യം കേട്ടാല്‍ പിന്നെ എനിക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണം. ഞാന്‍ ചോദിച്ചു" എന്താണ് സ്പെഷ്യല്‍?" അയാള്‍ പറഞ്ഞു "തേങ്ങ ഇട്ടു വെച്ച നല്ല നാടന്‍ ബീഫ്‌റോസ്റ്റ്‌ ഉണ്ട്,എടുക്കട്ടെ? എന്നാ പിന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി, അതൊരെണ്ണം ഓര്‍ഡര്‍ ചെയ്തു. അങ്ങനെ സാധനം വന്നു. അതും കൂട്ടി ഊണ് കഴിച്ചു. പിന്നെ നേരെ റൂമില്‍ പോയി ചെന്ന് കിടന്നു. മുകളില്‍ ഫാന്‍ കിടന്നു കറങ്ങുന്നു, നല്ല കാറ്റ്. എനിക്ക് ഉറക്കം വന്നു. കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയി. അപ്പോളാണ് മാമി റൂമിലേക്ക്‌ വന്നത്. "എന്തായി മാമി? ഞാന്‍ ചോദിച്ചു.

മാമി പറഞ്ഞു "ഒന്നും ആയിട്ടില്ല മോനെ, നോര്‍മല്‍ ഡെലിവറി നടക്കുമെന്ന് തോന്നുന്നില്ല"

മാമിയുടെ മുഖത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്. ഞാന്‍ അവിടെ ചാരി ഇരുന്നു. മാമി മെല്ലെ എന്‍റെ അടുത്ത് വന്നു തോളില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു " മോനെ, നീ എന്തെങ്കിലും പോയി കഴിച്ചിട്ട്‌ വാടാ..

അത് കേട്ടതും ഞാനൊന്ന് ഞെട്ടി. മാമിയുടെ വിചാരം ഞാന്‍ രാവിലെ മുതല്‍ അവിടെ ഒന്നും കഴിക്കാതെ ഇരിക്കുകയാണ് എന്നാണ്. എനിക്ക് ഒന്നും വേണ്ട മാമി " ഞാന്‍ ഗൌരവം വിടാതെ പറഞ്ഞു. അപ്പോള്‍ മാമി വീണ്ടും "വെറുതെ ടെന്‍ഷന്‍ ആയി ഒന്നും കഴിക്കാതിരുന്ന്‍ വയ്യാതാകണ്ട, പോയി ഒരു ചായയെങ്കിലും കഴിച്ചിട്ട് വാ" സത്യത്തില്‍ അപ്പോളാണ് എനിക്ക് കാര്യം മനസ്സിലായത്. ഭാര്യയെ പ്രസവത്തിനു കൊണ്ട് പോയാല്‍ ഭര്‍ത്താക്കന്മാര്‍ ഭക്ഷണമൊന്നും കഴിക്കാതെ ടെന്‍ഷന്‍ അടിച്ചു ലേബര്‍ റൂമിന്‍റെ പുറത്ത്‌ അസ്വസ്ഥനായി നടക്കണം. നമ്മള്‍ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ? ഏതാണ്ട്‌ അത് പോലെ തന്നെ. ഞാന്‍ ആണെങ്കില്‍ ബീഫ്‌റോസ്റ്റും കൂട്ടി ഊണും കഴിച്ചാണ് ഇരിക്കുന്നത്. അത് പാവം മാമിക്ക് അറിയില്ലല്ലോ?

ഞങ്ങള്‍ അങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ഒരു നേഴ്സ് വന്നു നിങ്ങളെ ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞത്‌. ഞാനും മാമിയും കൂടെ ലേബര്‍ റൂമിന്‍റെ അടുത്തേക്ക്‌ പോയി. ഡോക്ടര്‍ ഒരു സ്ത്രീ ആയിരുന്നു. അവര്‍ എന്നോടു പറഞ്ഞു, നോര്‍മല്‍ ഡെലിവറി ആക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷെ നടക്കുന്നില്ല. അത് കൊണ്ട് സിസേറിയന്‍ ചെയ്യണം, നിങ്ങള്‍ ആ സമ്മത പത്രത്തില്‍ വേഗം ഒപ്പിടൂ, ഇപ്പൊ തന്നെ ചെയ്യണം, ഇത് കേട്ടതും എന്‍റെ ഉമ്മ കരച്ചില്‍ തുടങ്ങി. മാമിയുടെയും മുഖം മാറി. അതോടെ എനിക്കും ടെന്‍ഷന്‍ ആയി. അവര്‍ തന്ന പേപ്പറില്‍ ഞാന്‍ വായിക്കുക പോലും ചെയ്യാതെ വേഗം ഒപ്പിട്ടു കൊടുത്തു. അപ്പോള്‍ അവളെ പുറത്തേക്ക് കൊണ്ട് വന്നു. അവളുടെ മുഖം കണ്ടപ്പോ എന്‍റെ നെഞ്ചിടിപ്പ് കൂടി, സത്യം പറഞ്ഞാല്‍ ആ നിമിഷം ആണ് ഇതിന്‍റെയൊരു ശരിക്കുള്ള അവസ്ഥ എനിക്ക് മനസ്സിലായത്. ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി ആ സ്ട്രക്ചര്‍ അവര്‍ വേഗത്തില്‍ തള്ളി, അവള്‍ കിടന്നു കരയുന്നു. അവളുടെ കൈ പിടിച്ചു കൊണ്ട് ഞാനും അതിന്‍റെ കൂടെ നടന്നു. അവള്‍ ദയനീയമായി എന്നെ നോക്കി. ഞാന്‍ പേടിക്കണ്ട എന്നും പറഞ്ഞു ധൈര്യം കൊടുത്തു. പക്ഷെ എന്‍റെ ധൈര്യം പാടെ ചോര്‍ന്നു പോയിരുന്നു. എന്‍റെ മുന്‍പില്‍ ആ വാതിലടഞ്ഞു. അവിടെ ഒരു ചുകന്ന ബള്‍ബ്‌ കത്തുന്നു. എന്‍റെ കാലൊക്കെ ചെറുതായി വിറച്ചു തുടങ്ങി. നില്‍ക്കാനാകാതെ ഞാന്‍ അവിടെ നിലത്തിരുന്നു പോയി. നെഞ്ച് നിറഞ്ഞു നില്‍ക്കുന്നു. വല്ലാത്ത ഒരു മാനസിക അവസ്ഥ. ഒരു ഭാഗത്തു ഉമ്മയും മാമിയും അവളുടെ വീട്ടുകാരും. എല്ലാവരും പ്രാര്‍ഥനയോടെ കാത്തു നിന്നു.

അല്‍പ സമയത്തിന് ശേഷം ഒരു നേഴ്സ് കുഞ്ഞുമായി പുറത്ത്‌ വന്നു. എന്‍റെ പേര് വിളിച്ചു. പിന്നെ എന്‍റെ കയ്യിലേക്ക് മോനെ തന്നു. അവന്റെ കുഞ്ഞു കണ്ണുകള്‍ മെല്ലെ ചിമ്മുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷം എന്നെ അതിനെ പറയാന്‍ സാധിക്കൂ. അത് അനുഭവിച്ചവര്‍ക്കെ ആ ആനന്ദം പറഞ്ഞാല്‍ മനസിലാകൂ. എന്‍റെ ഉമ്മയും മറ്റുള്ളവരും വന്നു അവനെ എടുത്തു. പിന്നെ നേഴ്സ് അവനെ അകത്തേക്ക് തന്നെ കൊണ്ട് പോയി. തൊട്ടു പിന്നാലെ ഭാര്യയെ കൊണ്ട് വന്നു. അവള്‍ നല്ല മയക്കത്തിലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവര്‍ മോനെ ഞങ്ങളെ തന്നെ ഏല്പിച്ചു, പക്ഷെ അവള്‍ ലേബര്‍ റൂമില്‍ തന്നെ ആയിരുന്നു. ഞാന്‍ അവിടെ കണ്ട ഒരു പേപ്പറില്‍ രണ്ടു വരി എഴുതി ഒരു നേഴ്സിനെ ഏല്‍പ്പിച്ച് അവളുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. എന്താ ഇത് എന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, കാണാന്‍ പറ്റില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല, പിന്നെ ഇതല്ലേ വഴിയുള്ളൂ". ആ സിസ്റ്റര്‍ ചിരിച്ചു. ലേബര്‍ റൂമിലേക്ക്‌ കത്ത് കൊടുത്തയക്കുന്നത് ആദ്യമായി കാണുകയാണ് എന്നും പറഞ്ഞു അവര്‍ അതും വാങ്ങി കൊണ്ട് പോയി "നമ്മുടെ മോന് കുഴപ്പമൊന്നുമില്ല, സുഖമായി ഇരിക്കുന്നു" എന്നായിരുന്നു ആ വരികള്‍. നേഴ്സ് അത് അവളുടെ കയ്യില്‍ കൊണ്ട് കൊടുത്തു. അന്ന് അത് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നു ഭാര്യ പിന്നെ പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി മുഴുവന്‍ മോന്‍ നല്ല കരച്ചിലായിരുന്നു. നേരം വെളുക്കും വരെ ഞാനും മാമിയും ഉമ്മയും മാറി മാറിയാണ് അവനെ നോക്കിയത്. ഇടക്ക്‌ നേഴ്സ് വന്നു അവന് പാല് കൊടുക്കാന്‍ അവളുടെ അടുത്തേക്ക് കൊണ്ട് പോകുമായിരുന്നു. പിറ്റേ ദിവസം കാലത്ത്‌ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു. തലേ ദിവസത്തെ എല്ലാ വിശേഷങ്ങളും പറഞ്ഞെങ്കിലും ഈ ബീഫ്‌ റോസ്റ്റിന്‍റെ കാര്യം മാത്രം ഞാന്‍ അവളോട്‌ പറഞ്ഞില്ല. പിന്നെ ഞാന്‍ അത് പറയാന്‍ മറന്നു. പിന്നെയും കുറെ കാലം കഴിഞ്ഞു മോന്‍റെ രണ്ടാമത്തെ ബര്‍ത്ത്ഡെയുടെ അന്നാണ് ഞാന്‍ അവളോട്‌ ഈ കാര്യം പറഞ്ഞത്‌. അവള്‍ അത് കേട്ട് ഞെട്ടി. "ഞാന്‍ അവിടെ പച്ച വെള്ളം പോലും കുടിക്കാതെ , കിടന്നു പ്രാണവേദന അനുഭവിക്കുമ്പോള്‍ നിങ്ങള്‍ അവിടെ ചോറ് കഴിക്കുവായിരുന്നല്ലേ? അതും ബീഫ്‌ റോസ്റ്റും കൂട്ടി. നിങ്ങള്‍ക്ക്‌ കണ്ണില്‍ ചോരയുണ്ടോ? ഭാര്യയെ പ്രസവത്തിനു കയറ്റിയ സമയത്ത് ബീഫ്‌റോസ്റ്റ്‌ കഴിച്ച ലോകത്തിലെ ആദ്യത്തെ ഭര്‍ത്താവ് നിങ്ങള്‍ ആയിരിക്കും" എന്നൊക്കെ പറഞ്ഞു അവള്‍ ആക്രമണം തുടങ്ങി. ഞാന്‍ ഒന്നും പറയാനാകാതെ തല താഴ്ത്തി ഇരുന്നു. ഒരിക്കലും അവളോടുള്ള സ്നേഹ കുറവ് കൊണ്ടല്ല അന്ന് അങ്ങിനെ സംഭവിച്ചത്‌. ഇതിന്‍റെ ഒരു ഗൌരവം എനിക്ക് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ടാണ്. ഒരു പക്ഷെ വേറെ ആരുടെയും ഡെലിവറി സമയത്ത് ഞാന്‍ ഇത് പോലെ കൂടെ ഇല്ലാതിരുന്നത് കൊണ്ടാകാം. ഇപ്പോള്‍ ആലോചിക്കുമ്പോ ചെയ്തത് കുറച്ചു കടന്നു പോയി എന്ന് എനിക്കും തോന്നാറുണ്ട്. എന്‍റെ മാമിക്ക് ഇപ്പോളും അറിയില്ല ഈ കഥ. ഇനി നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് അത്ര വലിയ തെറ്റാണോ? പറയൂ..