Tuesday, March 31, 2020

ആടുതോമയും കുറ്റിക്കാടനും !!


സ്‌ഫടികം ഇറങ്ങി 25 വർഷങ്ങൾ ആയത് കൊണ്ട് ഇന്നലെ സിനിമ ഒന്നൂടെ കണ്ടു. തോമയും കുറ്റിക്കാടനും തമ്മിൽ പത്തോളം സീനുകൾ ആണ്‌ ഉള്ളത്. അതിൽ എന്താ രസമെന്ന് വെച്ചാൽ അതിൽ ഏറെക്കുറെ എല്ലാ സീനിലും ഇവർ തമ്മിൽ അടിയാണ്. ഒന്നോർത്താൽ കുറ്റിക്കാടന്റെ കാര്യം കഷ്ടമാണ്. തോമയുടെ അടി കുറച്ചൊന്നുമല്ല അയാൾ വാങ്ങി കൂട്ടിയത്.

തോമ ആദ്യമായി സ്റ്റേഷനിൽ വന്ന ദിവസം . അന്ന് മാത്രമാണ് തനിക്ക് അവനെ ശരിക്കൊന്ന് തല്ലാൻ കിട്ടിയത് . തോമ തിരിച്ച് തല്ലാൻ ഓങ്ങുമ്പോളെക്കും പെങ്ങൾ കേറി തടഞ്ഞു , അത് കൊണ്ട് അവൻ അന്ന് ഒന്നും ചെയ്തില്ല . പിന്നെ അവന്റെ കൊച്ചാപ്പൻ ഒരു പരട്ട വക്കീലിനെയും കൊണ്ട് വന്ന് അവനെ പുറത്തിറക്കി. അന്നേരം ഒരു പഞ്ചിന് അവനൊരു വടിയും കൊടുത്ത് വിട്ടതാ. പക്ഷെ അവിടെ നിന്ന് തൊട്ട് തന്റെ കഷ്ടകാലം തുടങ്ങി. പിന്നെയങ്ങോട്ട് നിലം തൊട്ടിട്ടില്ല.

ഭാര്യയേയും കൂട്ടി മനഃസമാധാനമായി സിനിമ കാണാൻ വന്നപ്പോളാണ് തോമ തിയറ്ററിൽ വന്ന് അലമ്പുണ്ടാക്കിയത് . ഭാര്യയെ വീട്ടിൽ കൊണ്ടാക്കി യൂണിഫോം ഇട്ട് വന്നതാ, തോമ അറഞ്ചം പുറഞ്ചം തല്ലി. തലയിലൂടെ മുണ്ടിട്ട് SI സോമനെ ചെയ്ത പോലെ കിണറ്റിൽ തള്ളിയിടാൻ നോക്കി. എന്തോ തോമ അത് ചെയ്യാതെ വിട്ടു. ഉള്ള ജീവനും കൊണ്ട് അന്ന് രക്ഷപെട്ടു.

അതിന് പകരമായി തോമായെ പിടിക്കാൻ ലൈലയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയും തോമ തന്നെ എടുത്തിട്ട് പെരുക്കി. തോക്ക് ഉണ്ടായത് ഭാഗ്യമായി. ഒടുവിൽ അത്
കാണിച്ചാണ് അവനെ കീഴടക്കിയത്. അല്ലെങ്കിൽ അന്നും അടി കൊണ്ട് ചത്തേനെ.

തോമയെയും ലൈലയെയും വിലങ്ങ് വെച്ച് ചന്തയിലൂടെ നടത്തി സ്റ്റേഷനിൽ കൊണ്ട് വന്നു. ലോക്കപ്പിൽ കയ്യ് കെട്ടിയിട്ട് അടിക്കാൻ ചെന്നപ്പോൾ അവിടെയും തോമയുടെ കുറേ ചവിട്ട് കൊണ്ടു. തിരിച്ച് തല്ലാൻ നിന്നപ്പോളേക്കും ആ SP വിളിച്ചു. തോമ കൂളായി ഇറങ്ങി പോയി.. ശല്യങ്ങൾ.

ജഡ്ജിയുടെ ഗേറ്റ് പൂട്ടിയിട്ട കേസിൽ തോമയെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ ഒരു കാര്യവും ഇല്ലാതെ തോമയുടെ അമ്മയെ പിടിച്ച് തള്ളി. അതിനും കിട്ടി തോമയുടെ ചവിട്ട് നെഞ്ചത്ത് തന്നെ. ഒടുക്കം അവന്റെ തന്തയുടെ സഹായത്തോടെ തോമായെ പിടിച്ച് കൊണ്ട് പോയി ഗേറ്റിൽ പൂട്ടിയിട്ട് തല്ലാമെന്ന് വെച്ചതാ. അപ്പോളേക്കും ആ ജഡ്ജ് തന്നെ വന്ന് തോമയെ തുറന്ന് വിടാൻ പറഞ്ഞു. അപ്പോളും തോമ രക്ഷപ്പെട്ടു.. നാശം.

തോമ തന്റെ ശിങ്കിടികളെയും കൂട്ടി വീട്ടിൽ വന്ന് ഭീഷണി പെടുത്തി പോയി. അതും തന്റെ ഭാര്യയുടെ മുൻപിൽ വെച്ച്. അവന്റെ പെങ്ങളുടെ കല്യാണം അടുത്തത് കൊണ്ട് എന്തോ ഭാഗ്യത്തിന് അന്ന് അടി കിട്ടാതെ രക്ഷപ്പെട്ടു . തനിക്ക് നേരിട്ട് തോമായെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് പൂക്കോയെ കൊണ്ട് കാശ് കൊടുത്ത് തോമയെ കൊല്ലാൻ തൊരപ്പനെ ഇറക്കുന്നത്. പക്ഷെ തോമ ചത്തില്ല.. കോപ്പ്.

തന്നെ കുത്തിയ തൊരപ്പനെ ഇറക്കിയത് ആരാണെന്ന് മനസ്സിലായ തോമ ഹോസ്പിറ്റലിൽ നിന്നിറങ്ങി ഒരു വരവ് വന്നു . മാർക്കറ്റിൽ എല്ലാരുടെയും മുൻപിൽ വെച്ച് തന്നെ അടിച്ച് വീഴ്ത്തി. കൊല്ലാൻ വേണ്ടി വെട്ടുകത്തിയും എടുത്ത് വന്നതാ, ആ തുളസി വന്ന് തടഞ്ഞ കാരണം കഷ്ടിച്ച് രക്ഷപ്പെട്ടു, അല്ലെങ്കിൽ അവിടെ തീർന്നേനെ തന്റെ കഥ .

അവസാന ശ്രമം എന്ന നിലക്കാണ് വണ്ടിയിൽ ബോംബ് വെച്ച് തോമായെ കൊല്ലാൻ നോക്കിയത് . പക്ഷേ കൂടെ ജോലി ചെയ്യുന്ന ആ പാച്ചുപിള്ള കൃത്യ സമയത്ത് തോമായെ വിവരം അറിയിച്ചു. അവൻ അവിടെ നിന്നും രക്ഷപ്പെട്ടു. ഓരോ പാരകൾ .

എന്നാൽ പിന്നെ ആ ഗ്യാപ്പിൽ തോമയെ കൊല്ലാൻ നോക്കിയെന്നും പറന്ന് തോമയുടെ അപ്പനെ അകത്താക്കാം എന്ന് വെച്ചതാ. അത് പക്ഷേ കയ്യാങ്കളി ആയി , അപ്പോളേക്കും തോമ വന്ന് വീണ്ടും ഇടി തുടങ്ങി. ഇത്രേം പോലീസ് ഉണ്ടായിട്ടും തോമായെ തളക്കാൻ പറ്റിയില്ല. എന്നാൽ വെടി വെച്ച് വീഴ്ത്താം എന്ന് കരുതിയപ്പോളാണ് ആ തന്തപ്പടി ഒരു കാര്യവുമില്ലാതെ അതിന്റെ മുൻപിലേക്ക് ചാടിയത്. തോമ വീണ്ടും രക്ഷപ്പെട്ടു. ഓരോ കുരിശുകൾ.

ഇനി അവിടെ നിന്നാൽ പന്തിയല്ലെന്ന് മനസ്സിലായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു, പക്ഷേ തോമ ജീപ്പുമായി പിന്നാലെ വന്ന് ഇടിച്ചിട്ടു. ജീപ്പിൽ കൈ വിലങ്ങ് ഇട്ട് പൂട്ടി ആ പാറമടയുടെ മുകളിൽ നിന്ന് വണ്ടിയോടെ തള്ളിയിട്ടു. തക്ക സമയത്ത് പുറത്തേക്ക് ചാടി അവൻ രക്ഷപ്പെട്ടു. അലവലാതി. താനും വണ്ടിയും താഴേക്ക് പതിച്ചു. ടമാർ പടാർ.. എല്ലാം ശുഭം !!

Saturday, November 23, 2019

Ranjith as Kalathil Ramanunni !!


പെറ്റ തള്ള പറഞ്ഞു രാമനുണ്ണിക്ക് ഭ്രാന്താണെന്ന്, ചങ്ങാതിമാർ പറഞ്ഞു , നാട്ടുകാർ പറഞ്ഞു , അങ്ങനെ സ്വന്തക്കാരും അന്യരും പറഞ്ഞിട്ടും ഞാൻ ആരുടെ മുന്നിലും നിഷേധിച്ചില്ല. കാരണം അത് സത്യാണ്. ആ ഭ്രാന്തിന് വർഷങ്ങളുടെ പ്രായമുണ്ട്. ആ ഭ്രാന്തും കൊണ്ടാ രാമനുണ്ണി വളർന്നത്. രാമനുണ്ണിക്ക് ഇഷ്ടാ അത് , വളരെ. എന്നെക്കാളും എനിക്കിഷ്ടാ ഇന്ദു നീ എന്ന ഭ്രാന്തിനെ.

ഞാൻ സംഗീതം പഠിച്ചിട്ടില്ല , തമ്പുരാക്കൻമാരുടെ പരമ്പരയുമല്ല. എന്ന് വെച്ച് എനിക്കിഷ്ട്ടപ്പെട്ടൂടെ ഒരു പെണ്ണിനെ?
പക്ഷേ പിഴച്ചു പോയി. നിന്നെ കിട്ടാൻ വേണ്ടി ഞാൻ പെട്ട പാടൊക്കെ വെറുതെയായി.

ഇപ്പോൾ പോലീസ് നിർത്താതെ ഓടുന്നുണ്ട്. പിടി ഞാൻ കൊടുക്കും. കോടതിയും ജയിലും കുറച്ചു നാളത്തെ കളി വേണ്ടി വരും. പക്ഷേ ഇറങ്ങി പോരും ഞാൻ.

ഈ ഡയലോഗ് ഇഷ്ടമായത് കൊണ്ട് ചുമ്മാ എഴുതിയതാണ്. ചന്ദ്രോത്സവം സിനിമ പോലെ തന്നെ ഇഷ്ട്ടമാണ് രഞ്ജിത്തിന്റെ ഈ വില്ലൻ വേഷം. കളത്തിൽ രാമനുണ്ണി. പടത്തിൽ ആ ചെട്ടിയാർ പറഞ്ഞ പോലെ "തെളിവിന് നീ നിക്കണ സ്ഥലത്തെ മണ്ണ് പോലും ഉണ്ടാകില്ല . അതും കൂടെ കത്തിച്ച് കടലിൽ കലക്കണ പാർട്ടിയാ രാമനുണ്ണി.

നടി പ്രിയാ രാമന്റെ ഭർത്താവ് കൂടിയാണ് ശ്രീ രഞ്ജിത്ത്. ഈ സിനിമ ചെയ്ത അതേ വർഷം (2005) തന്നെയാണ് പുള്ളി രാജമാണിക്യത്തിലെ വില്ലനായ സൈമൺ നാടാർ ആയി വന്ന് കിടുക്കിയത് . ഇനിയും നല്ലൊരു വില്ലൻ വേഷത്തിൽ ആളെ കാണുവാൻ ആഗ്രഹമുണ്ട്.

Tuesday, April 2, 2019

MGR Nagaril (1991) - In Harihar Nagar Tamil Remake


മഹാദേവന്‍, തോമസ്കുട്ടി. ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, സേതുമാധവന്‍, സേതുവിന്‍റെ സിസ്റ്റര്‍ മായ, ആണ്ട്രൂസ്, സിസ്റ്റര്‍ ജോസ്ഫൈന്‍. ജോണ്‍ ഹോനായി.



ഇന്‍ ഹരിഹര്‍ നഗര്‍ തമിള്‍ റീമേക്ക്, MGR നഗറില്‍. ഇന്നലെ അവിചാരിതമായി K ടീവിയില്‍ കണ്ടത്. ഉറക്കം വരാത്തത് കൊണ്ട് മുഴുവന്‍ ഇരുന്നങ്ങ് കണ്ടു. സ്ക്രിപ്റ്റില്‍ തമിഴ് സിനിമകള്‍ക്ക് അനുസരിച്ച് ചെറിയ മാറ്റം ഉണ്ട്, പിന്നെ ഇടയില്‍ ആണ്ട്രൂസും ആനി ഫിലിപും കൂടെ ഒരു ഡ്യൂയറ്റ്, ആണ്ട്രൂസും ഹോനായിയും കൂടെ ഒരു ഫൈറ്റ്, ക്ലൈമാക്സില്‍ ഹോനായി പെട്ടി വാങ്ങാന്‍ വരുമ്പോള്‍ അമ്മച്ചിയുടെ കൂടെ ആ വീട്ടില്‍ മായയും ഉണ്ട്. ഹോനായിയെ അമ്മച്ചി കൊല്ലുന്നതായിട്ടാണ് എടുത്തിരിക്കുന്നത്. നല്ല ഗാനങ്ങള്‍, സംഗീതം S.ബാലകൃഷ്ണന്‍ തന്നെയാണ് എന്ന് നെറ്റില്‍ കണ്ടു.

അവസാനം മായ യാത്ര പറഞ്ഞു പോകുമ്പോള്‍ വേറെ കാറില്‍ വേറൊരു പെണ്‍കുട്ടിയും കുടുംബവും വരുന്നു, മഹാദേവനും കൂട്ടരും ആ പെണ്‍കുട്ടിയുടെ പിന്നാലെ പോകാന്‍ തുടങ്ങുന്നിടത്ത് പടം തീരുന്നു. സംവിധാനം ആലപ്പി അഷ്‌റഫ്‌.


Sunday, December 9, 2018

തിരിച്ചു കിട്ടുമോ ആ പഴയ ജയറാമിനെ?


ദൂരദര്‍ശനില്‍ സിനിമകള്‍ കണ്ട് തുടങ്ങിയ കാലം തൊട്ടേ ജയറാമിന്‍റെ സിനിമകള്‍ എനിക്ക് ഇഷ്ട്ടമായിരുന്നു. പിന്നീട് കാസ്സറ്റുകള്‍ വാടകക്ക് എടുത്ത് കണ്ടിരുന്ന സമയത്തും ജയറാമിന്‍റെ പഴയ സിനിമകളും തിരഞ്ഞെടുത്ത് കണ്ടിരുന്നു. വിറ്റ്നസ്, കാവടിയാട്ടം, വചനം, വര്‍ണ്ണം, മൂന്നാം പക്കം, അയലത്തെ അദ്ദേഹം അങ്ങനെ കുറേ സിനിമകള്‍. പിന്നീട് ഹൈ സ്കൂള്‍ സമയം ആയപ്പോളേക്കും ജയറാമിന് കുറേ ഹിറ്റുകള്‍ ഉണ്ടായിരുന്നു. മേലേപറമ്പില്‍, CID ഉണ്ണികൃഷ്ണന്‍, അനിയന്‍ബാവ, ആദ്യത്തെ കണ്മണി, പുതുകോട്ട അങ്ങനെ കുറേ സിനിമകള്‍, ജയറാമിന്‍റെ ഏതൊരു സിനിമക്കും മിനിമം ഗാരണ്ടി ഉണ്ടായിരുന്ന സമയം. കോളജില്‍ ചേര്‍ന്ന സമയത്ത് ആദ്യമായി ഒരു സിനിമക്ക് ഒറ്റക്ക് പോയതും ജയറാമിന്‍റെ ഒരു സിനിമ ആയിരുന്നു. തൂവല്‍ കൊട്ടാരം. പിന്നെ ദില്ലിവാല, കളിവീട്, ഇരട്ടകുട്ടി, കഥാനായകന്‍, സൂപ്പര്‍മാന്‍, അരമനവീട്, കിലുകില്‍ പമ്പരം, കാരുണ്യം, സമ്മര്‍, അപ്പൂട്ടന്‍, വീട്ടുകാര്യങ്ങള്‍, ഫ്രണ്ട്സ്, പട്ടാഭിഷേകം, അങ്ങനെ കൈ നിറയെ ഹിറ്റുകള്‍ ആയി പുള്ളി നിറഞ്ഞു നില്‍ക്കുന്ന സമയം. ശരിക്കും ഒരു ജനപ്രിയ നായകന്‍ തന്നെ എന്ന് പറയാം.




പക്ഷെ 2000-ന് ശേഷം പിന്നീട് ജയറാമിന്‍റെ ഗ്രാഫ് താഴെ പോകുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ പെണ്ണ്‍, മില്ലേനിയം, വക്കാലത്ത്, ഷാര്‍ജ, നാറാണത്ത്, ഇവര്‍, സല്‍പേര്, ഫിങ്കര്‍പ്രിന്‍റ്, ആലീസ്, പൌരന്‍, സര്‍ക്കാര്‍ ദാദ, മധു ചന്ദ്ര ലേഖ, മൂന്നാമതൊരാള്‍, കനക സിംഹാസനം, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, സൂര്യന്‍, നോവല്‍, പാര്‍ഥന്‍, സമസ്ത കേരളം, വിന്‍റര്‍, രഹസ്യ പോലീസ്, കാണാ കണ്മണി, മൈ ബിഗ്‌ ഫാദര്‍, തുടങ്ങി സീത കല്യാണം, ഫോര്‍ ഫ്രണ്ട്സ്, കുടുംബ ശ്രീ, വാലിഭന്‍,സ്വപ്ന സഞ്ചാരി, നായിക, ഞാനും എന്‍റെ ഫാമിലിയും, തമ്പാന്‍, മാന്ത്രികന്‍, മദ്രാസി, ലക്കി സ്റ്റാര്‍, ഭാര്യ അത്ര പോര, ജിഞ്ചര്‍, സലാം കശ്മീര്‍, ഒന്നും മിണ്ടാതെ, ഉത്സാഹ കമ്മിറ്റി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, മൈലാഞ്ചി മൊഞ്ചുള്ള, സാര്‍ സിപി, തിങ്കള്‍ മുതല്‍, അവസാനം ഇറങ്ങിയ സത്യ, ദൈവമേ കൈ തൊഴാം, ആകാശ മിട്ടായി വരെ ഫ്ലോപ്പുകളുടെ ഒരു നീണ്ട നിര. ഇടയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ, മലയാളി മാമന്‍, വെറുതെ ഒരു ഭാര്യ, മനസ്സിനക്കരെ, സീനിയേഴ്സ്, ഹാപ്പി ഹസ്ബണ്ട്സ്, ഭാഗ്യ ദേവത, കഥ തുടരുന്നു അങ്ങനെ കുറച്ച് ഹിറ്റുകള്‍ മാത്രം. ഇതില്‍ ചില ഫ്ലോപ്പുകളും ഹിറ്റുകളും മിസ്സ്‌ ആയിട്ടുണ്ടാകും , പക്ഷെ പറഞ്ഞു വന്നത് അതല്ല. ഇടക്ക് പുള്ളി തമിഴില്‍ സരോജയും, തുപ്പാക്കിയും തെലുഗില്‍ ബാഗമതിയും ഒക്കെ ചെയ്തു. പക്ഷെ മലയാളത്തില്‍ ശരിക്കും ജയറാമിന്‍റെ ഒരു ഗാപ്‌ ഫീല്‍ ചെയ്തു തുടങ്ങി. എങ്കിലും ജയറാമിന്‍റെ പുതിയൊരു സിനിമ അനോണ്‍സ് ചെയ്യുമ്പോള്‍ വീണ്ടും കാത്തിരിക്കും. ഇപ്പോളും പുള്ളിയുടെ ചില ഞെട്ടലുകളും, ചമ്മലുകളും കാണാന്‍ ഇഷ്ട്ടമാണ്. തുപ്പാക്കിയിലെ ആ ചെറിയ കോമഡി സീന്‍ പോലും പുള്ളി നന്നായി ചെയ്തിരുന്നു. അത് പോലെ തന്നെ 20:20യിലെ പാക്കരന്‍, ചൈന ടൌണിലെ സക്കറിയ, സീനിയേഴ്സിലെ പപ്പന്‍ അങ്ങനെ ചില മിന്നലാട്ടങ്ങള്‍ കണ്ടിരുന്നു. വ്യത്യസ്തതക്ക് വേണ്ടി ചെയ്ത പഞ്ചവര്‍ണ്ണകിളിയിലെ വേഷവും പ്രതീക്ഷിച്ച പോലെ വിജയം ആയില്ല. ഈ മാസും , ആക്ഷനും ഒന്നും ജയറാമിന് ചേരില്ല എന്ന് പണ്ട് തൊട്ടേ അറിയാവുന്നതാണ്, എന്നാലും പുള്ളി ഇടക്ക് വീണ്ടും ഓരോ മാസ്സ് കൂള്‍ ഒക്കെ ആയി വരും. മനസ്സില്‍ ഇപ്പോളും തൂവല്‍ കൊട്ടാരത്തില്‍ ബാത്‌റൂമില്‍ കേറി വാതിലടച്ച് കരയുന്ന മോഹന ചന്ദ്രന്‍ വക്കീലിന്‍റെ മുഖമാണ്. അന്നത് കണ്ട് കണ്ണ്‍ നിറഞ്ഞിട്ടുണ്ട്. ആ പഴയ ജയറാമിനെ ഇനി അത് പോലെ സ്ക്രീനില്‍ കാണാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും ഇപ്പോളും കാത്തിരിക്കുന്നു അദ്ദേഹത്തിന്‍റെ ഒരു സൂപ്പര്‍ ഹിറ്റിന്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.



Tuesday, August 7, 2018

ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി !!





തലസ്ഥാനം, ഏകലവ്യൻ, മാഫിയ , കമ്മീഷണർ, കാശ്മീരം ലേലം , പത്രം എന്നീ ചിത്രങ്ങളുടെ ഒപ്പം തൊണ്ണൂറുകളിൽ സുരേഷ് ഗോപി വേറെയും കുറേ ആക്ഷൻ മൂവീസ് ചെയ്തിരുന്നു. സിറ്റി പോലീസ് , യാദവം ,ആചാര്യൻ ,ചുക്കാൻ , ദി സിറ്റി , രുദ്രാക്ഷം , അക്ഷരം , ഹൈവേ , കർമ്മ , യുവതുർക്കി , രജപുത്രൻ , മഹാത്മ, മാസ്മരം , ഗംഗോത്രി , തക്ഷശില , ഭൂപതി . FIR. പലതും പരാജയങ്ങൾ ആയി. എങ്കിലും ചിലതൊക്ക ഇപ്പോളും ഇടക്ക് കാണാറുണ്ട്. അന്നൊക്കെ പുള്ളി ഒരു ജാക്കറ്റ് ഒക്കെ ധരിച്ച് ഇത് പോലെ ഒരു തോക്കും ചൂണ്ടി നിൽക്കുന്ന പോസ്റ്റർ കാണാൻ തന്നെ ഒരു ത്രിൽ ആയിരുന്നു. ആക്ഷൻ സ്റ്റാർ ‌എന്നൊരു പേരും ആ സമയത്ത് കിട്ടി. പിന്നീട് ടൈഗർ , സത്യമേവ ജയതേ , ഭരത് ചന്ദ്രൻ പോലെ രണ്ടോ മൂന്നോ മൂവീസ് ആണ്‌ ആ ഒരു ജെനറിൽ കൊള്ളാം എന്ന് തോന്നിയത്. ഇന്നലെ ചുക്കാൻ ഒന്നൂടെ കണ്ടപ്പോൾ ചുമ്മാ ഓർമ്മ വന്നതാണ്.



Saturday, July 21, 2018

ആഗസ്റ്റ് 1? - 30 വര്‍ഷങ്ങള്‍ !!



ജൂണ്‍ 29 -കേരളദേശം പാര്‍ട്ടി അവരുടെ നിയമസഭ നേതാവായി KGR-നെ തിരഞ്ഞെടുക്കുന്നു.
കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് കരുതിയിരുന്നത്.

ജൂണ്‍ 30- KGR മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നു. എരിഞ്ഞളി അബൂബകര്‍, കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള, മത്തായി തോമസ്‌ പാപ്പച്ചന്‍, എന്നീ ഭരണകക്ഷി MLA-മാര്‍ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. വിശ്വം അന്ന് രാത്രി കഴുത്തുമുട്ടത്തിന്‍റെ വീട്ടില്‍ വെച്ച് അവരെ കാണുന്നു. പാപ്പച്ചന്‍ വിശ്വത്തെ സമാധാനിപ്പിച്ച്അയക്കുന്നു. തുടര്‍ന്ന് അയാള്‍ പാര്‍ട്ടി പ്രസിഡണ്ട്‌ കൈമളിനെ കാണുന്നു. അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്ന് കൈമള്‍ അയാള്‍ക്ക് വാക്ക് കൊടുക്കുന്നു.

ജൂലൈ 5 - കേരളദേശം പാര്‍ട്ടി എക്സിക്യുട്ടീവ്‌ തീരുമാനിച്ച മറ്റുള്ള അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ പാപ്പച്ചന്‍റെയോ, അബൂബകറിന്‍റെയോ അവരുടെ ലോബികളില്‍ പെട്ട ആരുടേയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഒരു ആശ്വാസത്തിന് വേണ്ടി കഴുത്തുമുട്ടത്തെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് പറയുന്നു, അയാള്‍ അത് നിരസിക്കുന്നു.

KGR-ന്‍റെ ഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതായി അവര്‍ക്ക് തോന്നി. മദ്യ നയത്തിന്‍റെ കാര്യത്തില്‍ വിശ്വത്തിനോ അയാളിടെ ആളുകള്‍ക്കോ അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകില്ല എന്ന് അയാള്‍ പറയുന്നു.കൂടാതെ പ്രൈവറ്റ് ഡിസ്റ്റിലറീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമസഭ കമ്മിറ്റിയെ കൊണ്ട് അന്വേഷിക്കാനും തീരുമാനിക്കുന്നു. ഒന്നരകൊടിയോളം ഇലക്ഷന് മുടക്കിയ വിശ്വത്തിന് കിട്ടിയ ആദ്യത്തെ ഷോക്ക്‌


ജൂലൈ 9 - പാര്‍ട്ടി പ്രസിഡന്‍റ് കൈമള്‍ CM-നെ ഓഫീസില്‍ വെച്ച് കാണുന്നു. മദ്യ നയത്തിന്‍റെ തീരുമാനം പുന പരിശോധിക്കണം എന്ന് CM-നോട്‌ കൈമള്‍ നിര്‍ബന്ധിക്കുന്നു. സാധ്യമല്ല എന്ന് CM തീര്‍ത്ത് പറയുന്നു.

തുടര്‍ന്ന് ഗസ്റ്റ് ഹൌസില്‍ വെച്ച് അവര്‍ യോഗം ചേരുന്നു. KGR-നെതിരെ രാഷ്ട്രീയ നീക്കം കൊണ്ട് പ്രയോജനമില്ല എന്ന തീരുമാനത്തില്‍ എത്തുന്നു. 2 ദിവസത്തിനകം തന്‍റെ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് വിശ്വം പിരിയുന്നു.

JULY 15 മദ്രാസ്‌ - വിശ്വം അയാളുടെ സുഹൃത്തായ മുനിയാണ്ടി തേവര്‍ എന്ന ബിസിനസ് കാരനെ കാണുന്നു. അയാളുടെ വീട്ടില്‍ വെച്ച് KGRനെ അസ്സാസിനെറ്റ് ചെയ്യാന്‍ പ്ലാന്‍ ഇടുന്നു. അയാളുടെ ലിസ്റ്റില്‍ പെട്ട ഒരു വാടക കൊലയാളിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ജൂലൈ 28- ഗോമസ് എന്ന വാടക കൊലയാളി ഇവിടെ മ്യൂസിയത്തില്‍ വെച്ച് വിശ്വവുമായി കണ്ട് മുട്ടുന്നു. CMനെ അസ്സാസിനെറ്റ് ചെയ്യാനുള്ള പ്ലാന്‍ ഉറപ്പിക്കുന്നു. ഈ ഗോമസ് എന്നുള്ള പേര് തന്നെ ഫേക് ആണ്. വിശ്വത്തിന് അയാളുടെ പേരോ നാടോ ഒറിജിനോ ഒന്നുമറിയില്ല.

ഓഗസ്റ്റ്‌ 1 -ഹോട്ടല്‍ ജാസ് - റൂം നമ്പര്‍ 712ല്‍ വെച്ച് 20 ലക്ഷം രൂപ In cash, വിശ്വം ഗോമസിനെ ഏല്‍പ്പിക്കുന്നു.

15 ദിവസത്തിനകം ഗോമസ് എന്ന വാടക കൊലയാളി KGRനെ അസ്സാസിനെറ്റ് ചെയ്യും. എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഈ ലോകത്ത് ആ കൊലയളിക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.





പിന്നീടുള്ള ഉദ്യോഗജനകമായ 15 ദിവസങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ഓഗസ്റ്റ്‌ 1 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. S N സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് M.മണിയാണ്.



Thursday, July 12, 2018

മാനത്തെ കൊട്ടാരം (1994) - ഓര്‍മ്മകള്‍ !!


അന്ന് താരതമ്യേന പുതുമുഖമായ ദിലീപ്, നാദിര്‍ഷ , ഹരിശ്രീ അശോകന്‍, കൂടെ ഇന്ദ്രന്‍സ് എന്നിവരെ വെച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രം. അവരുടെ കൂടെ തമിഴില്‍ നിന്ന് കുശ്ബുവിനെയും കൊണ്ട് വന്നു. ഒപ്പം അന്നത്തെ തിരക്കുള്ള നായക നടനായ സുരേഷ് ഗോപിയുടെ ഒരു ഗസ്റ്റ് വേഷവും. എല്ലാം കൊണ്ടും ഒരു നല്ല പ്രൊജക്റ്റ് . പൂനിലാമഴ എന്ന ആ ഗാനം ചിത്രത്തിന് വന്‍ മൈലേജ് ആണ് കൊടുത്തത്. (ആ പേരിൽ സുനിൽ പിന്നീട് ആ പേരിൽ ഒരു സിനിമ എടുക്കുകയും ചെയ്തു). അന്ന് ചിത്ര ഗീതത്തിലൊക്കെ ഈ പാട്ട് വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ഒരു ഗാനരംഗത്ത് ലോഹിതദാസ് , സിബി മലയിൽ, രഞ്ജി പണിക്കർ , ഷാജി കൈലാസ് , സിദ്ദിഖ് ലാൽ എന്നിവരൊക്കെ വന്നു. ആ വര്‍ഷം ഹിറ്റായ കാതലന്‍ സിനിമയിലെ പേട്ട റാപ്പ് എന്ന്‍ വാക്ക് സിനിമയില്‍ പല സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. വില്ലനായ രാജന്‍ പി ദേവിന്‍റെ പേരും ലൂക്കൊച്ചന്‍ പേട്ട എന്നായിരുന്നു. ആ വർഷം കൃസ്ത്മസിനാണ് റിലീസ് ചെയ്തത്.നല്ല അഭിപ്രായവും, ഒപ്പം ഗംഭീര കളക്ഷനും നേടി ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. നാരായണൻകുട്ടി , ഫിലോമിന , മാള ഇവരുടെ കോമഡി ട്രാക്കും ഒപ്പം ജഗതിയുടെ PRO എബ്രഹാം ജോണും അന്ന് തിയറ്ററില്‍ പൊട്ടിച്ചിരി ഉണർത്തി . അന്ന് വീഡിയോ കടകളില്‍ ഇതിന്റെ ക്യാമറ പ്രിന്‍റ് വരെ നല്ല ഓട്ടമായിരുന്നു



ചിത്രത്തിലെ ദിലീപിന്‍റെ പേരും ദിലീപ് എന്നായിരുന്നു , പുള്ളിയുടെ അഭിനയ ജീവിതവും പിന്നീട് ആ സിനിമയിലെ പോലെ ആയി. ഇന്ദ്രന്‍സ് എന്ന നടനും ഈ സിനിമയോടെ തിരക്കുള്ള ഒരു താരമായി. അവിടെ നിന്ന് അങ്ങോട്ട് ഇന്ദ്രന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. ഇതിന്റെ അതേ ചുവട് വെച്ച് ഏതാണ്ട് ഇതേ താരങ്ങളെ വെച്ച് സുനില്‍ അടുത്ത വര്‍ഷം വൃദ്ധന്മാരെ സൂക്ഷിക്കുക എന്നൊരു ചിത്രമായി വന്നു. സുരേഷ് ഗോപിക്ക് പകരം ആ വര്‍ഷം തിളങ്ങി നിന്ന ജയറാമിനെയും ഗസ്റ്റ് റോളില്‍ കൊണ്ട് വന്നു. അതിന് പക്ഷെ ഈ വിജയം ആവര്‍ത്തിക്കാന്‍ ആയില്ല.


ഇനി അന്ന് വായിച്ച ഒരു അണിയറ വിശേഷം പറയാം ഇതിന്‍റെ കഥ അന്‍സാര്‍ ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെടതെയോ എന്തോ പുള്ളി അന്ന് നോ പറഞ്ഞു. കഥ കേള്‍പ്പിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചെറുതായി പുള്ളിയെ എന്തോ കളിയാക്കുകയും ചെയ്തു. ആ വാശിക്കാണ് ക്രിസ്മസിന് സുക്രുതത്തിന്‍റെ കൂടെ തന്നെ മാനത്തെ കൊട്ടാരം റിലീസ് ചെയ്യിച്ചത് എന്ന് കേട്ടിട്ടുണ്ട്.