Saturday, May 14, 2016

കമ്മീഷണര്‍ (1994) - ഷാജി കൈലാസ് - സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍.


തലസ്ഥാന നഗരം - പകല്‍

മോഹന്‍ തോമസിന്‍റെ അനിയന്‍ സണ്ണിച്ചനെ കോളേജില്‍ പോയി പിടിച്ചു കൊണ്ട് നടുറോഡിലൂടെ നടന്നു വരുന്ന ഭരതും, അന്‍വറും പ്രസാദും. സംഘര്‍ഷഭരിതമായ അന്തരീക്ഷം. ജനങ്ങള്‍ നാല് പാടും ചിതറി ഓടുന്നു. അപ്പോള്‍ അവിടേക്ക് കാറില്‍ വന്നിറങ്ങുന്ന IG രാജന്‍ ഫെലിക്സും മേനോനും വഴിയില്‍ വെച്ച് അവരെ തടയുന്നു. സണ്ണിയെ അറ്റസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ച് അവര്‍ അയാളെ അവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നു. അന്‍വറിന്‍റെ നേരെ തട്ടിക്കയറുന്ന സണ്ണിയെ അടിക്കാന്‍ ഓങ്ങുന്ന ഭരതിനെ തടയുന്ന രാജന്‍ ഫെലിക്സ്. അതോടെ രോഷകുലനാകുന്ന ഭരത്.

ഭരത് : കാക്കിയിട്ടവന്‍റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്‍റെ മുന്നിൽ വെച്ച് ഈ പൊലയാടി മോന്‍റെ രോമത്തില്‍ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...

രാജന്‍ ഫെലിക്സ്‌ : പ്ഫാ, നായെ..

ഹും, നായ...എടൊ, മോഹന്‍ തോമസിന്‍റെ ഉച്ചിഷ്ട്ടവും അമേദ്യവും കൂട്ടികുഴച്ചു നാല് നേരം മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ടു, ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അവന്‍റെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന തന്നെയും ഇവനെയും പോലുള്ള പരമ നാറികള്‍ക്കേ ആ പേര് ചേരൂ..എനിക്ക് ചേരില്ല...ഓര്‍ത്തോ... I Am Barath Chandran..Just Remember That..!!




സണ്ണിയെ തള്ളി മാറ്റി കൊണ്ട് ഭരതും അന്‍വറും പ്രസാദും സ്ലോമോഷനില്‍ നടന്ന് വരുമ്പോള്‍ അവിടെയുള്ള പോലീസ്കാര്‍ രണ്ടു ഭാഗത്തേക്ക് മാറി നിന്ന് ഭരതിന് സല്യൂട്ട് അടിക്കുന്നു. രാജാമണിയുടെ ത്രസിപ്പിക്കുന്ന ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് സുരേഷ് ഗോപി നടന്നു കയറിയത് പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഉദയം അവിടെ നിന്നായിരുന്നു.


ഒരു കാലഘട്ടത്തെ രോമാഞ്ചം കൊള്ളിച്ച ആ ഇന്‍റര്‍വല്‍ സീന്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കാണുമ്പോളും അതേ ആവേശം. കഴിഞ്ഞ അവധിക്ക് തിരുവനന്തപുരം പോയപ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ ലോക്കേഷന്‍ എനിക്ക് കാണിച്ചു തന്നു. യൂണിവേര്‍‌സിറ്റി കോളേജിന്‍റെ മുന്‍പിലാണ് ആ രംഗം ഷൂട്ട്‌ ചെയ്തത്. അന്ന് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ബൈജുവിനെയും, സുരേഷ്ഗോപിയും കൂട്ടരെയും റോഡിലേക്ക് ഇറക്കിയാണ് ഷാജി ആ സീന്‍ എടുത്തത്. അന്ന് ആ വഴി വന്നവരൊക്കെ എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. വണ്ടികളില്‍ ഉണ്ടായിരുന്നവര്‍ കാര്യമറിയാന്‍ വേണ്ടി എത്തി നോക്കി. ഇന്നും ആ രംഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതിന് ഇത്ര ഒറിജിനാലിറ്റി കിട്ടിയത് ഷാജിയുടെ സംവിധാന മികവു കൊണ്ടാണ്. പിറ്റേ ദിവസത്തെ പേപ്പറിലും ആ ആഴ്ചത്തെ വനിതയിലും ഇതിന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ തിരുവനന്തപുരത്തുള്ള ഒരാള്‍ തന്നെ പറഞ്ഞുള്ള അറിവാണ്.

നിങ്ങളില്‍ എത്ര പേര്‍ക്ക് കമ്മീഷണര്‍ തിയ്യറ്ററില്‍ നിന്നും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നറിയില്ല. എന്തായാലും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. അന്ന് രാമദാസില്‍ ഏയ്‌ ഹീറോ കാണാന്‍ മാറ്റിനിക്ക് പോയപ്പോള്‍ കമ്മീഷണര്‍ നൂണ്‍ഷോ ഓടുന്നുണ്ടായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ്സിന്‍റെ വാതിലിന്‍റെ അടുത്ത് നിന്നപ്പോള്‍ അകത്ത് നിന്നും ക്ലൈമാക്സ്‌ ഫയിറ്റിന്‍റെ ശബ്ദം കേട്ടിരുന്നു. അന്ന് അത് കാണാന്‍ പറ്റാത്ത വിഷമം കുറച്ചെങ്കിലും മാറിയത് പിന്നെ 11 വര്‍ഷത്തിന് ശേഷം ഭരത് ചന്ദ്രന്‍ IPS (2005) ഫസ്റ്റ് ഡേ സപ്നയില്‍ നിന്നും കണ്ടപ്പോളാണ്. അതും ഒരു ഒന്നൊന്നര ഷോ ആയിരുന്നു. പക്ഷെ ഇന്നും ഒരു സിനിമ റീറിലീസ് ആഗ്രഹിക്കുന്നെണ്ടെങ്കില്‍ അത് കമ്മീഷണര്‍ ആയിരിക്കും