Tuesday, November 6, 2012

രാജമാണിക്യവും കൊതുകുകളും.. !!


ഈ ടൈറ്റില്‍ കാണുമ്പോള്‍ ഇതെന്താ സംഭവം എന്ന് നിങ്ങള്‍ വിചാരിക്കും, സംഭവം മറ്റൊന്നുമല്ല, രാജമാണിക്യം കാണാന്‍ വേണ്ടി ഞാന്‍ കുറച്ചു കൊതുക് കടി കൊണ്ടിരുന്നു. ആ സംഭവം പറയാം, അതിനു മുന്‍പേ വേറൊരു കാര്യം പറയാം. എന്‍റെ ഓണ്‍ലൈന്‍ സുഹൃത്ത്‌ അരുണ്‍ എന്നോട് പറഞ്ഞു കുറച്ചു സിനിമ സ്മരണകള്‍ എഴുതണമെന്ന്. അപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് ഈ കൊതുക് കടിയാണ്.


സംഭവം നടക്കുന്നത് 2005 നവംബര്‍ നാലാം തിയ്യതി. അതായത് രാജമാണിക്യം റിലീസ് ചെയ്യുന്നതിന്‍റെ തലേ ദിവസം. അന്ന് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. മമ്മൂട്ടി ഒരു ആവേശമായി നിന്നിരുന്ന സമയം. രാജമാണിക്യം റിലീസിന് കെട്ടാനുള്ള കുറെ ഫ്ലെക്സ്‌ പ്രിന്‍റ് ചെയ്യാന്‍ ഉണ്ടായിരുന്നു. തലേ ദിവസമാണ് എല്ലാവരും അത് ചെയ്യാന്‍ വന്നത്, അത് കൊണ്ട് അന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി. അന്ന് കേച്ചേരിയിലെ ഫാന്‍സിന്‍റെ വക ഒരു ഫ്ലെക്സ്‌ തിയ്യറ്ററില്‍ വെക്കാന്‍ അവര്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അതുമായി രാഗത്തില്‍ പോയി. അത് അവര്‍ക്ക് കൊടുത്തു പെട്ടെന്ന് വലിയാം എന്ന് കരുതിയാണ് ചെന്നത്. അപ്പോളാണ് അറിഞ്ഞത് സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകളെല്ലാം പോയി കഴിഞ്ഞ ശേഷമേ ഇതെല്ലം വെക്കാന്‍ സാധിക്കു എന്ന്. ഞാന്‍ ഭാരതില്‍ പോയി ഫുഡ്‌ കഴിച്ചു തിരിച്ചു വന്ന് അവിടെ വെയിറ്റ് ചെയ്തു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഹാരിസ്‌ (എന്‍റെ സഹപ്രവര്‍ത്തകന്‍ ) പറഞ്ഞു ഇന്ന് രാത്രി പണിയുണ്ട് അപ്പൊള്‍ അവരവിടെ തന്നെ കാണും എന്ന്. അങ്ങനെ ഓഫീസില്‍ നില്‍ക്കാം എന്നുള്ള കണക്ക് കൂട്ടി ഞാന്‍ വീട്ടിലേക്കു വിളിച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞു. ഇടക്കങ്ങിനെ നില്‍ക്കാറുണ്ട്. അങ്ങനെ സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകള്‍ പോയി ഫ്ലക്സ് എല്ലാം വെച്ച് കഴിഞ്ഞപ്പോള്‍ സമയം 1 മണി കഴിഞ്ഞു.

ഞാന്‍ ഒരു ഓട്ടോ വിളിച്ചു ഓഫീസിലേക്ക് ചെന്നപ്പോള്‍ അവിടെ അടച്ചു കിടക്കുന്നു. ഞാന്‍ ഉടനെ ഹാരിസിനെ വിളിച്ചു, അവന്‍ പറഞ്ഞു പണി പെട്ടെന്ന് കഴിഞ്ഞ കാരണം അവര്‍ പോയി എന്ന്. ഞാന്‍ വരുന്ന കാര്യം അവരോടു പറഞ്ഞിരുന്നുമില്ല. എന്തായാലും ഞാന്‍ കുടുങ്ങി. കൂരാ കൂരിരുട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റിനും നോക്കിയപ്പോ അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ ഒരു വെളിച്ചം. ഞാന്‍ ബാഗും തൂക്കി അങ്ങോട്ട്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ഒരുത്തന്‍ ഒരു വണ്ടിയുടെ അടിയില്‍ കിടന്ന് എന്തോ നന്നാക്കുകയാണ്. ഞാനവനെ വിളിച്ചു. കയ്യിലും മുഖത്തും കരിയുമായി അവന്‍ പുറത്തേക്കു വന്നു.

ഞാന്‍ : ചേട്ടാ , ഞാന്‍ ദേ ആ കമ്പനിയിലാ വര്‍ക്ക് ചെയ്യുന്നത്. രാത്രി അവിടെ നില്‍ക്കാം എന്ന് കരുതി വന്നതാ, പക്ഷെ അവര്‍ അടച്ചു പോയി, ഇനിയിപ്പോള്‍ ഈ നേരത്ത് വീട്ടില്‍ പോകാന്‍ വയ്യ, ഇന്ന് രാത്രി ഇവിടെയൊന്നു കിടന്നോട്ടെ? നാളെ കാലത്ത് നേരത്തെ പോയ്ക്കോളാം.

അവനെന്നെ അടിമുടി ഒന്ന് നോക്കി.പിന്നെ ചിരിച്ചു എന്നിട്ട് പറഞ്ഞു : നില്‍ക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ നിങ്ങള്‍ എവിടെ കിടക്കും?

അപ്പോളാണ് ഞാന്‍ വര്‍ക്ക്ഷോപ്പ്‌ ഒന്ന് നോക്കിയത്, ആകെ പഴകിയ സാധനങ്ങളും തുണികളും മാത്രം. അപ്പോളാണ് അവിടെ ഒരു ബസിന്‍റെ രണ്ട് മൂന്നു സീറ്റുകള്‍ അടുത്തടുത്ത്‌ ഇട്ടിരിക്കുന്നത് കണ്ടത്‌. എനിക്കൊന്നു തല ചായ്ക്കാന്‍ ആ സ്ഥലം ധാരാളം.

ഞാന്‍ അവനോടു പറഞ്ഞു “ ഞാന്‍ അവിടെ കിടന്നോളാം

അവന്‍ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു “ അപ്പൊള്‍ ഞാനെവിടെ കിടക്കും?

അത് അവന്‍ കിടക്കുന്ന സ്ഥലമായിരുന്നു എന്ന് മനസ്സിലായി. എന്നാല്‍ പിന്നെ പോകാം എന്ന് കരുതി തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവന്‍ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു " അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങള്‍ അവിടെ കിടന്നോ, എന്‍റെ പണി കഴിയുമ്പോ എന്തായാലും നേരം വെളുക്കും. അപ്പൊള്‍ എന്തെങ്കിലും ചെയ്യാം"

അവനോടു നന്ദി പറഞ്ഞു ഞാന്‍ ആ സീറ്റില്‍ കയറി കിടന്നു, ഇനി സുഖമായി ഉറങ്ങാം എന്നു മനസ്സില്‍ കരുതി. അപ്പോളാണ് എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് നാല് ഭാഗത്ത്‌ നിന്നും കൊതുകുകളുടെ ആക്രമണം ഉണ്ടായത്. കയ്യിലും കാലിലും മുഖത്തും പുറത്തും കൊതുക് കടിക്കുന്നു. നിസ്സഹായതയോടെ ഞാന്‍ അവനെ നോക്കി, അവന്‍ ഒരു കമ്പി കൊണ്ട് എന്തിലോ ശക്തിയായി അടിക്കുന്നുണ്ട്. കൊതുക് കടിയൊന്നും അവന്‍ അറിയുന്നില്ല എന്ന് തോന്നി. ഞാന്‍ എങ്ങനെ കിടന്നാലും കടി തുടരുന്നു. ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ അത് കൊണ്ട് ദേഹം മൂടായിരുന്നു. തൃശ്ശൂരിലെ കൊതുകുകള്‍ക്ക് ഇത്തിരി മൊട കൂടുതല്‍ ഉള്ള പോലെ എനിക്ക് തോന്നി. രാഗത്തിലേക്ക് പോകാന്‍ തോന്നിയ ആ നിമിഷത്തെ ഓര്‍ത്ത്‌ ഞാന്‍ ശപിച്ചു. അങ്ങനെ കടി കൊണ്ട് കൊണ്ട് എപ്പോളോ ഞാന്‍ ഉറങ്ങി പോയി.

അലാറം വെച്ചിരുന്ന കാരണം ആറര മണിക്ക് ഞാന്‍ എഴുന്നേറ്റു. ആദ്യം ഞാന്‍ നോക്കിയത് അവനെയാണ്. അവന്‍ തറയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവനെ വിളിക്കണ്ട എന്ന് ആദ്യം കരുതി, പക്ഷെ പറയാതെ പോകുന്നത് ഒരു മര്യാദ അല്ലല്ലോ എന്നോര്‍ത്ത് വിളിച്ചു. അവന്‍ കണ്ണ് തിരുമ്മി കൊണ്ട് എന്നെ നോക്കി. ഞാന്‍ പോട്ടെ എന്ന് ചോദിച്ചു. അവന്‍ ഓക്കേ എന്ന് തല കുലുക്കി.

അങ്ങനെ ഞാന്‍ 7 മണിക്ക് വീട്ടിലെത്തി. ഒന്‍പതു മണിയോടെ വീണ്ടും രാഗത്തില്‍ പോയി. അങ്ങനെ ഫാന്‍സുകാരുടെ കൂടെ ആദ്യ ഷോ കണ്ടു. കൊതുക് കടിയുടെയും ഉറക്കത്തിന്‍റെയും എല്ലാം ക്ഷീണം മമ്മുക്ക തീര്‍ത്തു. കയ്യടിച്ചു തകര്‍ത്ത നിമിഷങ്ങള്‍. ഇന്നും ഓര്‍മ്മയുണ്ട് എല്ലാവരുടെയും മുഖത്തെ ആ ആവേശം. ആ പയ്യനെ പിന്നെ കാണണം എന്ന് കരുതിയിരുന്നു എങ്കിലും നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. ഇനി എന്നെങ്കിലും കാണുമോ എന്നും ഉറപ്പില്ല. എങ്കിലും ഇന്നും രാജമാണിക്യം കാണുമ്പോള്‍ അന്നത്തെ ആ രാത്രിയും കൊതുക് കടിയുമൊക്കെ ഓര്‍മ്മ വരും. പിന്നെ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി സ്വന്തം ബെഡ് ഒഴിഞ്ഞു തന്ന അവനെയും. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..വര്‍ഷങ്ങള്‍ കഴിയും തോറും മധുരം കൂടും..വീഞ്ഞ് പോലെ..

Sunday, November 4, 2012

ഓര്‍മ്മകളുടെ തിരുമുറ്റം.. !!


കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് എന്‍റെ സഹപാഠിയായിരുന്ന രജീഷിനെ കണ്ടു. എന്‍റെ കല്യാണത്തിന് ശേഷം ഞങ്ങള്‍ ഇപ്പോളാണ് കാണുന്നത്. ഞങ്ങള്‍ സാധാരണ പോലെ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം പുറത്ത് പോയതായിരുന്നു. അപ്പോളാണ് അവന്‍ വിളിച്ചത്.അത് കൊണ്ട് അവനോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെയാണ് അവനെ കണ്ടത്‌. അവന്‍ കുറച്ചു തടിച്ചു, അല്ലാതെ വേറെ മാറ്റം ഒന്നും തോന്നിയില്ല. ഇത് വരെ കല്യാണം കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം നാട്ടില്‍ പോകും. അവന്‍ എന്റെ മോനെ എടുത്തു കളിപ്പിച്ചു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോളാണ് ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി DSF സ്പെഷ്യല്‍ വെടിക്കെട്ട്‌ നടന്നത്.


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. ഞാന്‍ എന്‍റെ വീട്ടിലെയും തറവാട്ടിലെയും ഒരു വിധം എല്ലാ കാര്യങ്ങളും അവനോടു പറയുമായിരുന്നു. പറയാന്‍ എനിക്കും കേള്‍ക്കാന്‍ അവനും ഇഷ്ടമായിരുന്നു. അവന്‍ അന്നേ ഒരു പാട് സിനിമകള്‍ കാണുമായിരുന്നു. "മഴയെത്തും മുന്‍പേ" എന്ന സിനിമയുടെ കഥയൊക്കെ അവന്‍ എനിക്ക് പറഞ്ഞു തന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. പ്രത്യേകിച്ചു അതിന്‍റെ ക്ലൈമാക്സ്‌ സീന്‍സ്. അവന്‍ പറയും “ അങ്ങനെ അവസാനം ശ്രീനിവാസനും മമ്മൂട്ടിയും കൂടെ ശോഭനയുടെ വീട്ടിലെത്തുമ്പോള്‍ നല്ല മഴ" എന്ന്. അന്ന് കണ്ടപ്പോളും ഞാന്‍ ആ കാര്യം അവനോട് പറഞ്ഞു. മയില്‍പ്പീലിക്കാവ് ഇറങ്ങിയ സമയത്ത് അതായിരുന്നു അവന്‍റെ പ്രിയപ്പെട്ട സിനിമ. അത് അവന്‍ നാല് തവണയോ മറ്റോ കണ്ടിട്ടുണ്ട് എന്നാണ് എന്‍റെ അറിവ്.

പത്താം ക്ലാസിലെ അവസാന ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളില്‍ നിന്നും പോന്നത്. അന്ന് ഫോട്ടോ എടുക്കലും, ഓട്ടോഗ്രാഫ് എഴുതലും, സെന്‍റ് ഓഫും എല്ലാം ആയി ആകെ ബഹളം. എല്ലാവരും പിരിയാന്‍ പോകുന്നു എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വിഷമം. ഒരേ ബഞ്ചില്‍ ഇരുന്നവര്‍, ഒരേ ബസില്‍ പോയിരുന്നവര്‍, ഒരേ നാട്ടുകാര്‍, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നവര്‍, ഒരുമിച്ചു പള്ളിയില്‍ പോയിരുന്നവര്‍ അങ്ങനെ എല്ലാവരും തമ്മില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ നല്ല കൂട്ടായിരുന്നു. ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എല്ലാവരും ഞങ്ങളുമായി നല്ല സൌഹൃദം ഉണ്ടായിരുന്നു. കൌമാരത്തിലേക്ക് കടന്ന ആ സമയം തോന്നിയ ചില പ്രണയങ്ങള്‍, പറയാതെ പോയ ചില ഇഷ്ട്ടങ്ങള്‍. എല്ലാം ആ വൈകിയ വേളയില്‍ ഞങ്ങള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു പോയി. ഇനി എന്ന് പരസ്പരം കാണും എന്നറിയില്ലെങ്കിലും കാണാം എന്ന് പറഞ്ഞു കൂട്ടുകാരെല്ലാവരും ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രം പോകാന്‍ സാധിച്ചില്ല. കുറെ നേരം ഞങ്ങള്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒടുവില്‍ പ്യൂണ്‍ വന്നു ക്ലാസ്സ്‌ റൂമുകള്‍ ഓരോന്നായി അടച്ചപ്പോള്‍ ഞങ്ങള്‍ സ്കൂളിന്‍റെ പുറത്തിറങ്ങി. എന്തൊക്കെയോ പറഞ്ഞു ഞങ്ങള്‍ അവിടെ ഒരു കലുങ്കില്‍ ഇരുന്നു. മനസ്സ് അറിയാതെ ആര്‍ദ്രമാകുന്ന അത്തരം നിമിഷങ്ങളില്‍ വാക്കുകള്‍ പുറത്തേക്ക് വരില്ല. നമ്മള്‍ ഇനി എന്നാടാ കാണുക എന്നൊക്കെ അവന്‍ ചോദിച്ചു. ഒടുവില്‍ അവനു പോകാനുള്ള ബസ്‌ അകലെ നിന്ന് വരുന്നത് ഞങ്ങള്‍ കണ്ടു.

"എന്നാ ഞാന്‍ പോട്ടെടാ? എന്ന് അവന്‍ ചോദിച്ചു. ശരി എന്ന് ഞാന്‍ പറഞ്ഞു, ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ അവന്‍ ആ ബസില്‍ കയറി പോയി. അത് എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി ഇരുന്നു. ഒരു പാട് ബഹളം നിറഞ്ഞു നിന്നിരുന്ന ആ സ്കൂള്‍ പരിസരത്ത് ഇപ്പോള്‍ ഞാന്‍ മാത്രം. എനിക്ക് പോകാനുള്ള ബസ്‌ വന്നെങ്കിലും ഞാന്‍ അതില്‍ കയറിയില്ല, കയറാന്‍ തോന്നിയില്ല. ഞാന്‍ ഞങ്ങള്‍ ഇടവേളകളില്‍ പോകാറുള്ള ഗോപിയേട്ടന്‍റെ ചായ കടയിലേക്ക് ചെന്നു. ഞങ്ങള്‍ ഇരിക്കാറുള്ള ആ ബഞ്ചില്‍ തനിയെ ഇരുന്നു. എന്‍റെ ആ ഇരിപ്പ് കണ്ടു ഗോപിയേട്ടന്‍റെ ഭാര്യ എന്നോട് ചോദിച്ചു “ എന്താ കൂട്ടുകാരൊക്കെ പോയോ? “ പോയി എന്ന് ഞാന്‍ പറഞ്ഞു. പിന്നെയും കുറച്ചു നേരം കൂടെ ഞാന്‍ അവിടെ അങ്ങിനെ ഒറ്റക്കിരുന്നു. ഗോപിയേട്ടന്‍ വന്നപ്പോള്‍ ഞാനൊരു ചായ കുടിച്ചു. പിന്നെ കുറച്ചു ദൂരം നടന്നു. സ്ഥിരം പോകാറുള്ള ജോഷിയെട്ടന്‍റെ ബേക്കറി കടയില്‍ പോയി ആളോട് യാത്ര പറഞ്ഞു. എന്നിട്ടാണ് വീട്ടില്‍ പോയത്. ദാ ഇതാണ് ഗോപിയേട്ടന്‍റെ കട.


ഗോപിയേട്ടന്‍റെ കട ഞങ്ങളുടെ ഒരു താവളം ആയിരുന്നു. ചിറ്റാട്ടുകര സ്കൂളില്‍ പഠിച്ച എല്ലാവര്‍ക്കും ആ കട സുപരിചിതമാണ്. ഗോപിയേട്ടന്‍റെ രണ്ടു മക്കളും അന്ന് ചെറുതായിരുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മോന്‍റെ പേരാണ് കടക്കിട്ടിരിക്കുന്നത്, അനൂപ്‌ ടീ ഷോപ്പ്. ഞങ്ങള്‍ ചായ കുടിക്കാനോ ബോണ്ട കഴിക്കാനോ അവിടെ ഇരിക്കുമ്പോള്‍ അവര്‍ രണ്ടു പേരും സ്കൂള്‍ വിട്ടു അവിടെ വരാറുണ്ട്. സ്കൂള്‍ ജീവിതത്തിനു ശേഷവും പല തവണ ഞാന്‍ ആ കടയില്‍ പോയിട്ടുണ്ട്, ആ പഴയ ബഞ്ചില്‍ വീണ്ടും ചെന്നിരുന്ന് ചായ കഴിക്കാറുണ്ട്. എന്തോ അവിടെ ഇരിക്കുമ്പോള്‍ കൊഴിഞ്ഞു പോയ ആ നല്ല കാലം വീണ്ടും മനസ്സിലേക്ക് ഓടിയെത്തും. ഇപ്പോളും ഞാന്‍ എന്ന് നാട്ടില്‍ ചെന്നാലും ഗോപിയേട്ടനെ കാണാന്‍ പോകാറുണ്ട്. ആളുടെ ഭാര്യ ഇപ്പോളും അവിടെ തന്നെയുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു എന്ന് ഒരു തവണ ഗോപിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മനസ്സില്‍ അവള്‍ ഇപ്പോഴും ആ കുട്ടിപാവാടക്കാരിയായിരുന്നു. ഇടയില്‍ പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതൊന്നും അറിഞ്ഞതേയില്ല. എന്‍റെ കല്യാണം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ ഞാന്‍ ജാസ്മിനെയും കൂട്ടി അവിടെ പോയിരുന്നു. എന്‍റെ പഴയ കഥകളൊക്കെ വള്ളിപുള്ളി വിടാതെ അറിയുന്ന അവള്‍ക്കു ഗോപിയെട്ടനും ഭാര്യയും വളരെ പരിചിതരായിരുന്നു. ഞങ്ങളുടെ പ്രണയ കഥ അറിയാവുന്നത് കൊണ്ട് അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അന്ന് ഗോപിയേട്ടന്‍റെ ഭാര്യ അവള്‍ക്കൊരു അരിയുണ്ട കൊടുത്തു. ഒരിക്കല്‍ മോന്‍റെ കൂടെയും ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്. അന്നെടുത്ത ഫോട്ടോസ് ആണ് ഇതിന്‍റെ കൂടെ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഗോപിയേട്ടനെ കണ്ടില്ല, പകരം ആളുടെ മകനെ കണ്ടു.അവന്‍ കട പൂട്ടി അമ്മയെയും പിന്നില്‍ ഇരുത്തി ബൈക്കില്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോളാണ് ഞങ്ങള്‍ ചെന്നത്. അവന്‍ ഇപ്പോള്‍ വലിയ ചെക്കനായി. ഗോപിയേട്ടന് വയ്യ, അതാണ് കടയില്‍ വരാത്തത് എന്ന് ഭാര്യ പറഞ്ഞു. നേരം ഇരുട്ടിയ കാരണം അന്ന് ഞങ്ങള്‍ക്ക് ആളെ കാണാന്‍ പോകാന്‍ പറ്റിയില്ല, പിന്നെ ഇത് വരെ അവരെ കാണാന്‍ പോയിട്ടില്ല..ഇനിയൊരിക്കല്‍ പോകണം. ദാ ഇതാണ് ഗോപിയേട്ടന്‍.


ഇന്നും എന്‍റെ മനസ്സ് ആ സ്കൂള്‍ പരിസരത്ത് എവിടെയോ കറങ്ങി നടക്കുന്നത് ഞാന്‍ അറിയുന്നു. ഇപ്പോളും ആ സ്കൂളിന്‍റെ മുന്‍പിലൂടെ പോകുമ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തും. കുറച്ചു സമയം എന്തൊക്കെയോ ഓര്‍ത്തു അങ്ങനെ നില്‍ക്കും. പഴയ പല കടകളും ഇന്നവിടെ ഇല്ല. ഞങ്ങള്‍ നടന്നിരുന്ന ആ ഇടവഴിയും, കളിച്ചിരുന്ന ആ ഗ്രൌണ്ടും മാത്രം അത് പോലെയുണ്ട്. ഓര്‍മ്മകള്‍ ഒരു ഭാരമാണ്. ഇറക്കി വെക്കാന്‍ കഴിയാത്ത ഒരു ഭാരം. ചിലപ്പോള്‍ അത് നമ്മളെ കുത്തി നോവിക്കും..സുഖമുള്ള ഒരു നോവ്‌ !!