Monday, March 13, 2017

Angamali Diaries - Review


ഇന്നലെ അംഗമാലി ഡയറീസ് കണ്ടു. സിനിമയെ കുറിച്ച് ഇനി പ്രത്യേകം പറയുന്നില്ല. അസാധ്യ മേകിംഗ്. ലിജോ ജോസ് പെല്ലിശ്ശേരി, നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറയാതെ വയ്യ. ഇത്രയും പുതിയ പിള്ളേരെ വെച്ച് ഇങ്ങനെ ഒരു പടം ചെയ്യാന്‍ നിങ്ങള്‍ക്കെ കഴിയൂ. എല്ലാവരും ഒന്നിനൊന്ന് മെച്ചം. നായകന്‍ ആന്റപ്പന്‍ ഒക്കെ ആദ്യ സീന്‍ മുതലേ അങ്ങ് കത്തി കയറുവല്ലായിരുന്നോ. അത് പോലെ ലിച്ചി..എന്റമ്മോ.. ഇങ്ങനെയുമുണ്ടോ ഒരു നോട്ടം..ഹോ.. അടുത്ത കാലത്തൊന്നും ആ ചിരി മനസ്സില്‍ നിന്ന് പോകത്തില്ല. പിന്നെ ഭീമന്‍, തോമസ്‌, കുഞ്ഞൂട്ടി, മരംകൊത്തി, മാര്‍ട്ടി, കണകുണ, ബാബുജി, അങ്ങനെ ഒരു ലോഡ് പുതുമുഖങ്ങള്‍ ഒരു രണ്ടു രണ്ടേകാല്‍ മണിക്കൂര്‍ ചുമ്മാ വന്നിറങ്ങി അങ്ങ് പൊളിച്ചടുക്കി.



പക്ഷെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ഞെട്ടിച്ചത് ദേ ഈ രണ്ടു ഗടികളാണ്. എന്താണ് ഇവരെ കുറിച്ച് പറയേണ്ടത് എന്നറിയില്ല ശരിക്കും. ഇരുവരുടെയും ആദ്യ ചിത്രം ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം. അത്രക്ക് അനായാസമായ അഭിനയം. അല്ലെങ്കില്‍ തന്നെ ഇവര്‍ രണ്ടു പേരും ഇതില്‍ എവിടെയാണ് അഭിനയിച്ചത് എന്ന് മനസ്സിലായില്ല. പച്ചയായ ജീവിതം, നാടന്‍ സംഭാഷണം, അവരുടെ വേഷം, ഭാവം എല്ലാം കിറുകൃത്യം. അപ്പാനി രവിയെ അവതരിപ്പിച്ച ശരത്, പുള്ളി ഇനി മിക്കവാറും ആ ഒരു പേരില്‍ അറിയപ്പെടാനാണ് സാധ്യത, . ക്ലാമ്പ് രാജനെ അവതരിപ്പിച്ച ടിറ്റോ. അങ്ങോര്‍ നടനൊന്നുമല്ല, വേറെ ഏതാണ്ടാ.. അയാളെ പോലോരാളെ ഞാന്‍ ടൌണില്‍ വെച്ച് മുന്‍പ് എപ്പോഴോ കണ്ടിട്ടുണ്ട്..അല്ലെങ്കില്‍ അത് പോലെയുള്ള വേറൊരാളെ ഇനിയും കണ്ടെന്നു വരാം.അത്ര മാത്രം ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍. ഒരു പക്ഷെ അപ്പാനി രവിയേക്കാള്‍ ഒരു പൊടിക്ക് എനിക്ക് കൂടുതല്‍ ഇഷ്ട്ടപ്പെട്ട കഥാപാത്രം രാജന്‍ ആണ്. ഇനി ഒരിക്കല്‍ കൂടി അംഗമാലി ഡയറീസ് കാണുന്നുണ്ടെങ്കില്‍ അത് ഇവര്‍ രണ്ട് പേര്‍ക്ക് വേണ്ടി മാത്രം ആയിരിക്കും.