Thursday, August 16, 2012

റംസാന്‍ ഓര്‍മ്മകള്‍ !!

എത്ര പെട്ടെന്നാണ് ഇരുപത്തിയേഴ് നോയമ്പ് കടന്നു പോയതെന്ന് ആലോചിക്കുവായിരുന്നു ഞാന്‍. നാട്ടിലെ നോയമ്പ് കാലം പോലെ അല്ല ദുബായിലെ നോയമ്പ് കാലം, ഈ നഗരത്തെ പോലെ ഇവിടത്തെ റമദാന്‍ മാസവും പെട്ടെന്ന് കടന്നു പോകുന്ന പോലെ എപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്. ഇനി ഏറിയാല്‍ മൂന്നു ദിവസം കൂടെ കഴിഞ്ഞാല്‍ പെരുന്നാളായി. എല്ലാവരും ഇപ്പൊ പുതുവസ്ത്രം എടുക്കുന്ന തിരക്കിലായിരിക്കും, ഞങ്ങള്‍ ഇത് വരെ പോയില്ല, ഇന്നോ നാളെയോ പോകണം എന്ന് കരുതുന്നു.
ഈ റമദാന്‍ മാസം കുറച്ചു നല്ല കാര്യങ്ങള്‍ കൂടെ തന്നാണ് കടന്നു പോയത്‌,രണ്ടു ആഴ്ച മുന്‍പേ കൈമക്കാരുടെ ഇഫ്താര്‍ ഉണ്ടായിരുന്നു, അന്ന് നാട്ടുകാരെ എല്ലാവരെയും കാണാന്‍ കഴിഞ്ഞത് സന്തോഷമായി, സുനി, സക്കറിയ, നവാസ്‌ അങ്ങനെ കുറെ പേരെ കുറെ നാളുകള്‍ക്ക് ശേഷം കണ്ടു. കഴിഞ്ഞ ആഴ്ച കമ്പനി ഇഫ്താര്‍ ഉണ്ടായിരുന്നു, അതിനും കമ്പനിയിലെ എല്ലാ ജീവനക്കാരും ഉണ്ടായിരുന്നു, കൂടാതെ ഈ തവണ അവരുടെ കുടുംബങ്ങളും പങ്കെടുത്തിരുന്നു, മുന്പോന്നും അങ്ങനെ ഒരു പതിവില്ല, അത് കൊണ്ട് തന്നെ അതും മറക്കാനാവാത്ത ഒരു അനുഭവം ആയി മാറി. പിന്നെ വീട്ടിലും രണ്ടു മൂന്നു ഇഫ്താര്‍ നടത്തിയിരുന്നു,മോന്റെ ജന്മ ദിനവും ഈ റമദാന്‍ മാസത്തിലായിരുന്നു, നല്ല കുറച്ചു സുഹൃത്തുക്കളുടെ സാന്നിധ്യം കൊണ്ട് അതും ഗംഭീരമായി. നാട്ടില്‍ ഉള്ളപ്പോ നോയമ്പ് കാലം കുറച്ചു കൂടെ മനോഹരമായിരുന്നു, എങ്ങും അതിന്റെ ഒരു ഉത്സാഹം കാണുമായിരുന്നു, ഇവിടെ അതില്ല എന്നല്ല, എന്നാലും നാട്ടിലെ എല്ലാ കാര്യങ്ങളും അതിന്റെതായ ഒരു സൌന്ദര്യം ഉണ്ടാകുമല്ലോ? അത് പോലെ ഇതും. തൃശൂര് സൈന്‍ മാജികില്‍ വര്‍ക്ക്‌ ചെയ്യുന്ന കാലത്ത് അടുത്തുള്ള പള്ളിയിലേക്ക്‌ ഞാനും ഹാരിസും മജീട്ക്കയും എല്ലാവരും കൂടെ നോമ്പ് തുറക്കാന്‍ പോയിരുന്നു, നോമ്പ് തുറന്ന ശേഷം അവിടെ നിന്ന് അല്പം ജീരക കഞ്ഞിയും ഉപ്പേരിയും കൂട്ടി കഴിച്ചിരുന്നത് ഇന്നും എരിവുള്ള ഒരു ഓര്‍മ്മ ആയി മനസ്സില്‍ ഉണ്ട്( മധുരമുള്ള എന്നു എഴുതിയപ്പോള്‍ ഒരു കൂതറ എന്നോടു ചോദിച്ചു,ജീരക കഞ്ഞി മധുരം അല്ലല്ലോ എരിവ് അല്ലേ ഉണ്ടാകുക എന്നു ). നോമ്പ് തുടങ്ങിയ സമയത്ത് ഇവിടെ ജാസ്മിന്‍ കുറച്ചു ദിവസം ജീരക കഞ്ഞി ഉണ്ടാകിയിരുന്നു, അത് എന്തോ ശരിയായില്ല, എങ്കിലും കുറച്ചു ദിവസം അത് ഞാന്‍ കഴിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ നോയമ്പ് എടുത്തു പഴങ്ങള്‍ വാങ്ങാനായി ഉപ്പാടെ കൂടെ ഒരു കടയില്‍ പോയതും, വാങ്ങിയ മുന്തിരി മധുരം ഉണ്ടോ എന്ന് നോക്കാന്‍ ഞാന്‍ അതെടുത്ത്‌ കഴിച്ചു നോക്കിയതും ഇപ്പോളും ഒരു ചിരിയോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല, അബദ്ധത്തില്‍ ചെയ്യുന്നത് നോമ്പിനെ ബാധിക്കില്ല എന്നിരുന്നാലും. അന്നും ഉമ്മ ഉണ്ടാക്കുന്ന നോമ്പ് തുറ വിഭവങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്, പത്തിരി, തരികഞ്ഞി അങ്ങനെ, കഴിഞ്ഞ ആറു വര്‍ഷമായി റമദാന്‍ മാസത്തില്‍ ഞാന്‍ ദുബായിലാണ്, പെരുന്നാളിനും വീട്ടില്‍ ഉണ്ടാകാന്‍ സാധിച്ചിട്ടില്ല. എല്ലാ നോമ്പും ഒരു അവസരമാണ്, വിശപ്പ്‌ അറിയാന്‍, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ,തിന്മകള്‍ ഉപേക്ഷിക്കാന്‍, നല്ല കാര്യങ്ങള്‍ ചെയ്യാന്‍, പാവപെട്ടവനെ സഹായിക്കാന്‍, മതത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍, അങ്ങനെ ഒരു പാടു ഗുണങ്ങള്‍ ഈ മാസത്തിനു ഉണ്ട്, അതൊന്നും ഈ ഒരു മാസത്തേക്ക്‌ മാത്രമായി ചുരുക്കാതെ വരാന്‍ പോകുന്ന പതിനൊന്നു മാസവും പിന്തുടരാന്‍ കഴിയണം എല്ലാവര്ക്കും, കാരണം ഇസ്ലാം വെറുമൊരു മതം മാത്രമല്ല, മഹത്തായ ഒരു ജീവിത രീതി കൂടിയാണ് !!

Sunday, August 5, 2012

അല്പം സിനിമാ വിശേഷം !!

ഞാന്‍ ചെറുപ്പം തൊട്ടേ ധാരാളം സിനിമകള്‍ കാണാറുണ്ട്. കേച്ചേരിയിലെ ഒരേ ഒരു തിയറ്റര്‍ ആയ സവിതയില്‍ നിന്നാണ് അന്നൊക്കെ കൂടുതലും കാണാറ്. പിന്നെ കൈപ്പറമ്പു വിജയ ടാക്കീസ്,അത് ഇപ്പോ ഇല്ല. എന്റെ ഉപ്പാടെ കൂടെയും അടുത്ത വീട്ടിലെ സുനിയുടെയും സുധിയുടെയും കൂടെയും ഒക്കെയാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. അന്ന് തൊട്ടേ സിനിമ എന്റെ ഇഷ്ട്ട വിനോദമാണ്. ഇന്ന് ഈ നിമിഷം വരെ അതിനു ഒരു മാറ്റവും ഇല്ല. പറഞ്ഞു വന്നത് എന്റെ ചില സിനിമ അനുഭവങ്ങള്‍ ഉണ്ട്. അതില്‍ ചിലത് എന്റെ ഉപ്പയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതില്‍ ചിലത് ഞാന്‍ പറയാം



വര്‍ഷം 1998. അന്ന് ഞാന്‍ ഡിഗ്രി ആദ്യ വര്‍ഷത്തിനു പഠിക്കുന്നു. അപ്പോള്‍ ഓണം അവധിയാണ്. സാധാരണ സിനിമ റിലീസ് ഉള്ള ദിവസം ഞാന്‍ പതിവിലും നേരത്തെ ഉണരും. പത്രം നോക്കി സിനിമ എവിടെയൊക്കെ കളിക്കുന്നു എന്നു നോക്കാന്‍ വേണ്ടിയാണ് ആ ഉദ്യമം. അങ്ങനെയിരിക്കെ സെപ്തംബര്‍ മൂന്നിന് ഹരികൃഷ്ണന്‍സ് എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു. കുറെ നാളുകളായി കാത്തിരിക്കുന്ന സിനിമ, അതും ഓണത്തിന്റെ അവധി സമയം. അത് കൊണ്ട്‌ തന്നെ അത് കാണാനുള്ള ടിക്കറ്റ്‌ ഞാന്‍ ഒരു മാസം മുന്‍പേ തന്നെ എന്റെ സുഹൃത്തുക്കളായ ഇരട്ട സഹോദരന്മാര്‍ അജയനോടും വിജയനോടും പറഞ്ഞു വെച്ചിട്ടുണ്ട്. അവര്‍ എന്റെ നാട്ടുകാരല്ല, പക്ഷെ എന്റെ നാട്ടിലുള്ള അവരുടെ ഒരു ബന്ധുവീട്ടിലേക്ക് വരാറുണ്ട്. ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടതാണ്.രണ്ടു പേരും നല്ല കട്ട ലാല്‍ ഫാന്‍സ്‌ ആണ്. അവന്മാര്‍ എല്ലാ പടവും ആദ്യ ഷോ കാണുന്നവരാണ്. ചന്ദ്രലേഖക്കും ആറാം തമ്പുരാനുമൊക്കെ തൃശൂര്‍ രംദാസില്‍ ആദ്യ ഷോക്ക് തന്നെ അവര്‍ രണ്ടു പേരും കൂടെ വളരെ സാഹസികമായി ടിക്കറ്റ്‌ എടുത്തു കയറിയ കഥയൊക്കെ അവര്‍ പറഞ്ഞു തന്നെ ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് ആ കാര്യത്തില്‍ എനിക്ക് പേടിയില്ല. എന്നോടു റിലീസ്‌ ദിവസം 12 മണിക്ക് കുന്നംകുളം ഭാവനയില്‍ എത്തിയാല്‍ മാത്രം മതി, ബാക്കി കാര്യം ഞങ്ങള്‍ ഏറ്റു എന്നാണ് അവര്‍ പറഞ്ഞത്. നോണ്‍ ഷോ തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എങ്കിലും അവര്‍ പറഞ്ഞ പോലെ ആ ടിക്കറ്റ്‌ കിട്ടുമോ എന്ന ഒരു ആശങ്ക എന്റെ മനസ്സില്‍ ഉണ്ട്.

പടം റിലീസ്‌ ആയ ദിവസം കാലത്ത്‌ തന്നെ ഞാന്‍ പതിവ് പോലെ പേപ്പര്‍ നോക്കി സിനിമ പരസ്യം നോക്കി. ഓണം സീസണ്‍ ആയതു കൊണ്ട് വേറെയും കുറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, സമ്മര്‍, ചിത്രശലഭം, മയില്‍പ്പീലിക്കാവ്, ഇലവങ്കോട് ദേശം അങ്ങനെ അങ്ങനെ. ഞാന്‍ അതെല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു "എടാ, പോയി ചായപ്പൊടി വാങ്ങി വായോ , ചായ വെക്കാന്‍ തീരെ ചായപ്പൊടി ഇല്ല “ എന്ന്. എന്നിട്ട് ഒരു 50 രൂപയും കയ്യില്‍ തന്നു. ഞാന്‍ ഉറക്ക ചടവോടെ ഒരു താല്പര്യവുമില്ലാതെ രാഘവേട്ടന്റെ കടയിലേക്ക്‌ നടന്നു. അപ്പോള്‍ സമയം ഏതാണ്ട് 8 മണി കഴിഞ്ഞിരുന്നു. സെന്ററില്‍ എതിയപ്പോളാണ് അവിടെ ഒരു കുന്നംകുളം ബസ് വന്നു നിന്നത്. വെറുതെ ഭാവന വരെ പോയി ആ തിരക്കും പോസ്റ്ററുകളും എല്ലാം ഒന്ന് കണ്ടിട്ട് വന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. പെട്ടെന്നുള്ള ഒരു ആവേശത്തില്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ ആ ബസില്‍ കയറി ഇരുന്നു.

അങ്ങനെ ഞാന്‍ കുന്നംകുളം ഭാവനയില്‍ എത്തി. ഒന്‍പതു മണി ആകുന്നെ ഉള്ളു, പക്ഷെ ആളുകള്‍ കൂടി കൂടി വരുന്നുണ്ട്. ഷോ 11.30 ആണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഇപ്പൊ വരിയില്‍ അധികം ആളായിട്ടില്ല.ഞാന്‍ വേറെ ഒന്നും നോക്കിയില്ല,നേരെ കേറി ആ വരിയില്‍ നിന്നു. അജയനോ വിജയനോ വന്നാല്‍ അവന്മാരെ ആ വരിയില്‍ കയറ്റി നിര്‍ത്തി എനിക്കു വീട്ടില്‍ പോയി വരാം എന്നു കരുതിയാണ് കയറി നിന്നത്. പക്ഷേ അവന്മാര്‍ വന്നില്ല. അവരെ കാത്തു നിന്നു എന്റെ ക്ഷമ നശിച്ചു. ചായ പൊടി പ്രതീക്ഷിച്ചു കൊണ്ട് വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. വീട്ടില്‍ പോകണം എന്ന് അറിയാം, പക്ഷേ ഷോ ആലോചിക്കുമ്പോ മടങ്ങി പോകാനും വയ്യ. അങ്ങനെ നിന്ന് നിന്ന് 11 മണി ആയപ്പോള്‍ അജയനും വിജയനും അകലെ നിന്ന് സിഗരറ്റും വലിച്ചു പതുക്കെ നടന്നു വരുന്നത് ഞാന്‍ കണ്ടു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ മോഹന്‍ലാല്‍ ആദ്യ സീനില്‍ കാര്‍ എടുക്കാന്‍ ജഗതിയുടെ വീട്ടിലേക്കു വരുന്നത് പോലെ ആടിപ്പാടിയാണ് അവന്മാരുടെ വരവ്. അത് കണ്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ അവന്മാരെ എന്റെ അടുത്തേക്ക് വിളിച്ചു "ഡേയ്, ഒരു മാതിരി പരിപാടി കാണിക്കരുത്. ഞാന്‍ 8 മണിക്ക് വന്നു നില്ക്കുന്നതാ. നിങ്ങള്‍ ഇപ്പോളാണോ എഴുന്നള്ളുന്നത്?

അജയന്‍ : എടാ, ഞങ്ങള്‍ ഇറങ്ങാന്‍ വൈകി, എന്തായാലും നീ വരിയില്‍ കയറിയല്ലോ?അത് നന്നായി.

ഞാന്‍ : എടാ, ഞാന്‍ വീട്ടില്‍ നിന്ന് ചായപ്പൊടി വാങ്ങിക്കാന്‍ ഇറങ്ങിയതാണ്, എനിക്ക് പോകണം.

വിജയന്‍ : ചായപ്പൊടി ഒക്കെ നമുക്ക് പിന്നെ വാങ്ങിക്കാം, നീ ഒരു കാര്യം ചെയ്യൂ, ഒരു 4 ടിക്കറ്റ്‌ കൂടെ എടുക്കാന്‍ പറ്റുമോ എന്ന് എന്നു നോക്കൂ, ഞങ്ങള്‍ ദാ വരുന്നു “

അതും പറഞ്ഞു അവന്മാര്‍ ആ ആള്‍ കൂട്ടത്തിലേക്ക് പോയി. ഞാന്‍ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്ന ഒരു അവസ്ഥയിലായി. പിന്നെ എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നു ഞാനും കരുതി, അങ്ങനെ അവന്മാര്‍ക്കും അവരുടെ കൂടെ വന്ന രണ്ടു പേര്‍ക്കും കൂടെ ടിക്കറ്റ്‌ ഞാന്‍ എടുത്തു കൊടുത്തു. ഞങ്ങള്‍ എല്ലാവരും കൂടെ ആഘോഷമായി സിനിമ കണ്ടു.അത് പോലൊരു ഷോ ഞാന്‍ പിന്നെ കണ്ടത് 20:20 ആണ്. അത്ര മാത്രം ബഹളമായിരുന്നു അകത്ത്. അങ്ങനെ ഷോ കഴിഞ്ഞപ്പോള്‍ സമയം 2 മണി കഴിഞ്ഞു. സിനിമയുടെ ആവേശത്തില്‍ വിശപ്പ് അറിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ നല്ല വിശപ്പുണ്ട്. ഭാവനയുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഊണ് കഴിച്ചു. അജയനും വിജയനും വേറെ വഴിക്ക് പോയി. ഞാന്‍ പിന്നെ നേരെ വീട്ടിലേക്ക് വന്നു. വീട്ടില്‍ എന്ത് പറയും എന്നാലോചിച്ച് ഒരു പിടിയുമില്ല.

ആദ്യം രാഘവേട്ടന്റെ കടയില്‍ കയറി ചായപ്പൊടി വാങ്ങി. കാശ് ഇല്ലാത്ത കാരണം കടം പറഞ്ഞു. അപ്പോള്‍ സമയം 3 മണി. വീടിന്റെ മുന്‍ ഭാഗത്ത്‌ കൂടെ കേറാന്‍ ഒരു പേടി. നേരെ പിന്നിലേക്ക്‌ പോയി. അവിടത്തെ വാതിലിലൂടെ അകത്തേക്ക് നോക്കി. ഭാഗ്യം..ആരെയും കാണാനില്ല. ഉമ്മയും ഉപ്പയും ഉറങ്ങുന്ന സമയം. അവര്‍ അറിയാതെ ആ വാതിലിന്റെ പിടി ഞാന്‍ വടി കൊണ്ട് മെല്ലെ മെല്ലെ ഇളക്കി ഒരു വിധം അകത്തു കടന്നു. പക്ഷെ നേരെ ചെന്നു കേറിയത് ഉപ്പാടെ മുന്‍പിലും. പുള്ളി ഒന്നും പറഞ്ഞില്ല. നേരെ ഉമ്മാനെ വിളിച്ചു " ദേടി കാലത്ത് ചായപ്പൊടി വാങ്ങാന്‍ പോയ നിന്റെ മോന്‍"

അത് കേട്ടതും ഉമ്മ രംഗത്ത് വന്നു. എന്നെ തുറിച്ചു നോക്കി, ആ കണ്ണുകളില്‍ നിന്നു തീ പാറുന്നു.

ഉമ്മ : എന്തിനാടാ ഇപ്പോ തന്നെ പോന്നത്? അവിടെ തന്നെ കിടക്കായിരുന്നില്ലേ?

ഞാന്‍ തല താഴ്ത്തികൊണ്ട് ആ ചായപ്പൊടിയുടെ കവര്‍ മെല്ലെ നീട്ടി.

ഉമ്മ : ഇനി എന്തിനാ ചായപ്പൊടി? അതൊക്കെ ഉപ്പ വാങ്ങി കൊണ്ട് വന്നു.

ഞാന്‍ ഒന്നും മിണ്ടാതെ നേരെ എന്റെ റൂമില് പോയി കമിഴ്ന്നു കിടന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതെ കിടക്കുന്നതാണ് നല്ലത്.

അപ്പോള്‍ ഉപ്പ ആ വഴി വീണ്ടും വന്നു, എന്നിട്ട ഉമ്മാട് വീണ്ടും " എടീ, പാവം വെയിലൊക്കെ കൊണ്ട് നന്നായി ക്ഷീണിച്ചാ വന്നേക്കുന്നത്, കിടക്കുന്നത് കണ്ടില്ലേ? അവന് ചോറ് കൊടുക്ക്.

ഞാന്‍ ഒന്നും പറയാന്‍ പറ്റാതെ ആ കിടപ്പ് തുടര്‍ന്നു.പിന്നെ ഉമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി ഊണ് കഴിച്ചു. ഹോട്ടലില്‍ നിന്ന് കഴിച്ച കാര്യം അവിടെ പറഞ്ഞില്ല. അപ്പോളാണ് ഉമ്മ പറഞ്ഞത് ഞാന്‍ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പൂങ്കുന്നത്തു നിന്നു എന്റെ സുഹൃത്ത് സുമേഷ് വന്നിരുന്നു എന്ന്. അവന്‍ എന്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചതാണ്. അവന് ചായ കൊടുക്കാന്‍ വേണ്ടിയാണ് ഉപ്പ പോയി ചായപ്പൊടി വാങ്ങി വന്നത്. അവന്‍ ഞാന്‍ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് ഉച്ച വരെ എന്നെ കാത്തു നിന്നു. ഒടുവില്‍ ഊണ് കഴിച്ചാണ് അവന്‍ മടങ്ങി പോയതത്രേ. ഞാന്‍ സിനിമയ്ക്കു പോയതാണ് എന്ന് അവനു മനസ്സിലായി. എന്റെ സ്വഭാവം അവനറിയാം, കാരണം അവനായിരുന്നു പ്രീ ഡിഗ്രീ കാലഘട്ടത്തില്‍ എന്റെ സിനിമ കമ്പനി. എന്തായാലും ആ ഒരു സംഭവത്തോടെ എന്റെ ഒരു സിനിമ ഭ്രമം വ്യക്തമായി ഉപ്പക്കും ഉമ്മക്കും മനസ്സിലായി. പിന്നീട് പലപ്പോഴും ഇത് പോലുള്ള സംഭവങ്ങള്‍ എന്റെ വീട്ടില്‍ അരങ്ങേറി

അടുത്ത സിനിമ :ദുബായ്


വേറൊരു സിനിമ ഓര്‍മ്മ പറയാം. വര്‍ഷം 2000. അന്ന് ഞാന്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുന്ന കാലം. അന്നും സിനിമ കാണലിന് കുറവൊന്നുമില്ല. ആയിടക്കാണ് " ദുബൈ “ എന്ന സിനിമ ഏറെ കാലത്തിനു ശേഷം റിലീസ് ആയത്. അന്നൊരു ഞായറാഴ്ച ആണ്. കാലത്ത്‌ പേപ്പര്‍ നോക്കിയപ്പോളാണ് പടം ഇറങ്ങിയ കാര്യം അറിഞ്ഞത്. സിനിമ കാണണം എങ്കില് തൃശൂര്‍ പോകണം. എനിക്കു ആണെങ്കില്‍ അന്ന് ക്ലാസ്സുമില്ല. തൃശൂര്‍ പോകാന്‍ ഒരു വഴിയുമില്ല. എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോളാണ്നി ഉപ്പ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്. ഞാന്‍ മുറ്റത്തേക്ക് ഓടി ചെന്നു. പുള്ളി എങ്ങോട്ടോ പോകാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായി. ആളുടെ കൂടെ പോയാല്‍ എനിക്ക് എങ്ങനെയെങ്കിലും പുറത്തു കടക്കാം. ഞാന്‍ മെല്ലെ ഉപ്പാടെ അടുത്തേക്ക് ചെന്നു.

ഞാന്‍ : ഉപ്പ എങ്ങോട്ടാ പോകുന്നത്?

ഉപ്പ: ഞാനാ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെക്കാ, അവന്‍ കുറച്ചു ദിവസമായി വണ്ടി എടുക്കാന്‍ വരുന്നില്ല ( അന്ന് ഞങ്ങള്‍ക്ക് ഒരു ഓട്ടോ ഉണ്ട്, അതിന്റെ ഡ്രൈവര്‍ ആണ് ഈ ഉണ്ണികൃഷ്ണന്‍).

ഞാന്‍ : ആഹാ, എന്നാ പിന്നെ ഞാനും വരാം.

ഉപ്പ : അതിനു നീ എന്തിനാ വരുന്നത്?

ഞാന്‍ : അല്ല, എന്താണ് അവന്റെ ഉദ്ദേശം എന്നൊന്ന് അറിയണമല്ലോ. അവനു തോന്നുമ്പോ വരാനാണോ നമ്മള്‍ വണ്ടി ഓടിക്കാന്‍ ഏല്പിച്ചത്?

ഉപ്പ എന്നെ സംശയത്തോടെ ഒന്നു നോക്കി, പിന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ ഉടനെ തന്നെ പിന്നില്‍ കയറി ഇരുന്നു, വണ്ടി മുന്‍പോട്ടു നീങ്ങി. ഉണ്ണികൃഷ്ണന്റെ വീട് മഴുവഞ്ചേരിയിലാണ്. അങ്ങോട്ട് പോയാല്‍ എന്റെ എന്റെ കാര്യം നടക്കില്ല. കേച്ചേരി കഴിഞ്ഞാല്‍ പിന്നെ കുടുങ്ങും. അതിനു മുന്‍പ്‌ എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങിയെ പറ്റു എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കേച്ചേരി എത്തിയ ഉടനെ ഞാന്‍ പെട്ടെന്ന് തലയില്‍ കൈ വെച്ച് പറഞ്ഞു "അയ്യോ"

ഉപ്പ ചോദിച്ചു : എന്താടാ?

ഞാന്‍ : വണ്ടി നിര്‍ത്ത്, വണ്ടി നിര്‍ത്ത്.

ഉപ്പ വണ്ടി നിര്‍ത്തി. ഞാന്‍ മെല്ലെ ഇറങ്ങി. എന്നിട്ട് പറഞ്ഞു " അതേ, ഞാന്‍ ഇപ്പോള്‍ വന്നാല്‍ ശരിയാവില്ല. നമ്മടെ ഉസ്മാന്‍ എന്നോടു കാലത്ത് അവന്റെ കടയിലേക്കൊന്നു ചെല്ലാന്‍ പറഞ്ഞതാ. ഞാന്‍ അത് ഇപ്പോളാ ഓര്‍ത്തത്‌..ഒരു കാര്യം ചെയ്യ്, ഉപ്പ പൊക്കോ,ഞാന്‍ പിന്നെ വരാം"

അങ്ങനെ ഉപ്പ ബൈക്ക് എടുത്തു പോയി. ബസ് സ്റ്റോപ്പ് എന്റെ മുന്‍പില്‍ ആണെങ്കിലും ആളെ കാണിക്കാന്‍ വേണ്ടി ഞാന്‍ വെറുതെ ഉസ്മാന്റെ കട ലക്ഷ്യമാക്കി പിന്നോട്ട് നടന്നു. ഇടയ്ക്കു ഞാന്‍ ആളെ തിരിഞ്ഞു നോക്കുന്നുണ്ട്. ആളുടെ വണ്ടി മെല്ലെ പോകുന്നേ ഉള്ളൂ. ആളു പോയിട്ട് വേണം എനിക്ക് ബസില്‍ കേറാന്‍. പെട്ടെന്നു ഒരു ഹോണ്‍ കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. നോക്കുമ്പോ ഉപ്പ എന്നെ കൈ കൊണ്ട് അടുത്തേക്ക് വിളിക്കുന്നു.

ഞാന്‍ ഒന്നുമറിയാത്ത പോലെ അടുത്തേക്ക് ചെന്നു “ എന്താ ? "

ഉപ്പ പോക്കറ്റില്‍ നിന്നും ഒരു 50 രൂപ എടുത്ത് എനിക്ക് തന്നു.

ഞാന്‍ ചോദിച്ചു : ഇതെന്തിനാത്?

ഉപ്പ : വെച്ചോ, ചിലപ്പോ ടിക്കറ്റ് ബ്ലാക്കില്‍ എടുക്കേണ്ടി വരും.

ഞാന്‍ മറച്ചു വെച്ച ഒരു ഞെട്ടലോടെ : ടിക്കറ്റോ? എന്ത് ടിക്കറ്റ്?

ഉപ്പ : ഇന്ന് ദുബായ് റിലീസ് അല്ലെ? അത് കാണാന്‍ അല്ലെ നീ ഈ കാലത്ത് തന്നെ ഓടണത്‌?

അതോടെ ഞാന്‍ പത്തി മടക്കി : അതെ, പടം കാണാനാണ്. എങ്ങിനെ മനസ്സിലായി? "

ഉപ്പ : ഇന്നേ വരെ ആ വണ്ടിയുടെ ഒരു കാര്യവും അന്വേഷിക്കാത്ത നിന്റെ ഇന്നത്തെ ആവേശം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി നല്ല ഉദ്ദേശത്തിനല്ല എന്ന്...ഹും..നീ പോക്കോ.

അതും പറഞ്ഞു പുള്ളി കൂളായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. കിട്ടിയ കാശും പോക്കറ്റില്‍ വെച്ചു ഞാന്‍ പിന്നില്‍ വന്ന ബസില്‍ കയറി തൃശൂര്‍ പോയി സിനിമ കണ്ടു. വരിയില്‍ നിന്ന് തന്നെ ടിക്കറ്റ്‌ എടുത്തു. നൂണ്‍ ഷോ കണ്ടു ഉച്ച കഴിഞ്ഞാണ് അന്ന് വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോളും ഏഷ്യാനെറ്റില്‍ ഇടയ്ക്കു ദുബായ് സിനിമ വരുമ്പോളൊക്കെ ഞാന്‍ ഇതെല്ലം ഓര്‍ത്തു പോകും..

അടുത്ത സിനിമ “ പട്ടാളം”



ഒരെണ്ണം കൂടെ ഉണ്ട്. ഇത് നടന്നത് 2003-ലാണ്. ഞാന്‍ എന്ന് എടപ്പാള്‍ ഒരു ബാങ്കില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നു. അത് ചെയ്തു തീര്‍ക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒട്ടും സമയം പാഴാക്കാനില്ല. അങ്ങനെയിരിക്കെയാണ് ഓണത്തിന് “പട്ടാളം” എന്ന സിനിമ റിലീസ് ആകുന്നതു. അന്ന് ബാങ്ക് ഉള്ള കാരണം എനിക്ക് അവിടെ പോകാതെ സിനിമക്ക് പോകാന്‍ പറ്റില്ല. അത് കൊണ്ട് ഞാന്‍ നേരത്തെ തന്നെ അവിടത്തെ മാനേജരോട് ആ ദിവസം ഉച്ച വരെ ലീവ് ചോദിച്ചു. ആദ്യം ആളു സമ്മതിച്ചില്ല. പക്ഷെ അതിനു പകരം വൈകുന്നേരം ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കാം എന്ന് പറഞ്ഞപ്പോള്‍ ആള്‍ ഓക്കേ പറഞ്ഞു. അങ്ങനെ പട്ടാളം റിലീസ് ദിവസം ഞാന്‍ പതിവ് പോലെ നേരത്തെ ഉണര്‍ന്നു പേപ്പര്‍ എടുത്തു റിലീസ്‌ പരസ്യമൊക്കെ നോക്കി വെച്ച്. പിന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി തൃശൂര്‍ പോകാന്‍ ഒരുങ്ങി. ചോറ് പോലും എടുത്തിട്ടില്ല. ആ ബാഗും തൂക്കി എങ്ങനെ തിയറ്ററില്‍ പോകും? ആ സമയത്ത് ഉപ്പ അവിടെ ചാരുകസേരയില്‍ പേപ്പര്‍ വായിച്ചു കൊണ്ട് കിടക്കുന്നുണ്ട്. ഞാന്‍ ആളെ അധികം നോക്കുന്നില്ല.

എന്റെ പതിവില്ലാത്ത ധൃതി കണ്ടു ഉമ്മ : "നീ എങ്ങോട്ടാ ഇത്ര ധൃതിയില്‍ പോണത്?

ഞാന്‍ : "ഇന്ന് ബാങ്കില്‍ കുറച്ചു നേരത്തെ എത്താന്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്.

ഉമ്മ : നിനക്ക് ചോറ് കൊണ്ട് പോയ്ക്കൂടെ?

ഞാന്‍ : വേണ്ടുമ്മ, ഇന്ന് ബാങ്കില്‍ സ്റ്റാഫ്‌ പാര്‍ട്ടി ഉണ്ട്,ആരോടും ഫുഡ്‌ കൊണ്ട് വരണ്ട എന്നാ പറഞ്ഞത്

ഉമ്മ : നീ ബാഗും എടുക്കുന്നില്ലേ?

ഞാന്‍ : വേണ്ട, ചോറില്ലല്ലോ , പിന്നെ എന്തിനാ ബാഗ്?

ആ സമയത്ത് പേപ്പെറിന്റെ ഒരു താള്‍ മറിച്ചു കൊണ്ട് ഉപ്പ : അത് ശരിയാ, ബാഗ് കൊണ്ട് പോയാല്‍ ടിക്കറ്റ്‌ എടുക്കനോക്കെ ബുദ്ധിമുട്ടാകും, അതിന്റെ വള്ളിയൊക്കെ ആള്‍ക്കാര്‍ പിടിച്ചു വലിക്കും"

ഉമ്മ : ടിക്കറ്റ്‌ എടുക്കാനാ? അപ്പോ ഇവന്‍ സിനിമ കാണാന്‍ പോവാ?

ഉപ്പ : പിന്നെ വെറുതെയാണോ അവന്‍ ഇന്ന് വെളുപ്പിന് ഉണര്‍ന്നു പേപ്പര്‍ നോക്കിയിരുന്നത്?

ഞാന്‍ : സിനിമയോ? ഏത് സിനിമ?

ഉപ്പ :ഇന്ന് പട്ടാളം റിലീസ് അല്ലേ?

ഞാന്‍ ഞെട്ടലോടെ : പട്ടാളം റിലീസ് ആയോ? എപ്പോ?

ഉപ്പ : പോടാ പോടാ, നിന്നു സമയം കളയണ്ട, അല്ലെങ്കില്‍ ടിക്കറ്റ്‌ കിട്ടില്ല..

ഉമ്മ : കഷ്ടം തന്നെ മോനേ, ഇങ്ങനെ നുണ പറയല്ലേട്ടടാ..

ഞാന്‍ തല താഴ്ത്തി മെല്ലെ വീട്ടില്‍ നിന്നു ഇറങ്ങി.

ഉമ്മ മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് : അവന്‍ പോകുന്നത് നോക്ക്, ഇങ്ങനെയും ഉണ്ടോ ഒരു സിനിമ ഭ്രമം?

ഞാന്‍ അതൊന്നും കേള്‍ക്കാത്ത പോലെ മുന്‍പോട്ടു നടന്നു. അങ്ങനെ തൃശൂര്‍ പോയി. പെട്ടി എത്താന്‍ വൈകിയത് കൊണ്ട് നൂണ്‍ ഷോ തുടങ്ങാന്‍ വൈകി. പടം കണ്ടു കഴിഞ്ഞു വിജയശ്രീ ലളിതനായി ഞാന്‍ അന്ന് നാല് മണിയോടെ എടപ്പാള്‍ ബാങ്കില്‍ എത്തി. അന്ന് എട്ടു മണി വരെ ഞാന്‍ അവിടെ വര്‍ക്ക്‌ ചെയ്തു. പാവം മാനേജര്‍ എനിക്ക് വേണ്ടി അന്ന് എന്റെ കൂടെ രാത്രി വരെ ഇരുന്നു. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ ഒന്‍പതര കഴിഞ്ഞു. അന്നും ഇന്നും ഈ കാര്യത്തില്‍ ഉപ്പ എന്നോട് ക്ഷമിച്ചിട്ടെയുള്ളൂ. ഈ വ്യാഴാഴ്ച രാത്രി ഞാനും പാപ്പിയും കൂടെ ഞാന്‍ ജില്ല കാണാന്‍ പാതിരാത്രി പോയപ്പോള്‍ ഉപ്പ ജാസ്മിനോട് പറഞ്ഞത്രേ " അവന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവുമില്ലല്ലേ എന്ന്.

എല്ലാം സിനിമ പ്രേമികള്‍ക്കും കാണും ഇങ്ങനെ ഓരോ സിനിമാ സ്മരണകള്‍. എനിക്ക് തന്നെ ഉണ്ട് ഇത് പോലെ കുറേ എണ്ണം. വായിക്കാന്‍ ആള്‍ക്കാരുണ്ടെന്കില്‍ സമയം പോലെ ഓരോന്നായി ഓര്‍ത്തെടുത്തു എഴുതാന്‍ ശ്രമിക്കാം :)