Thursday, September 20, 2012

വീണ്ടുമൊരു അവധിക്കാലം.. !!


ഒന്നര വര്‍ഷത്തിനു ശേഷം നാളെ നാട്ടിലേക്കു പോവുകയാണ്. ഒരു മാസം നില്‍ക്കാം എന്ന് കരുതി സന്തോഷിച്ചതാണ് , പക്ഷെ കിട്ടിയത് വെറും 22 ദിവസങ്ങളാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി സമാധാനിക്കാം. നഷ്ട്ട്ടപ്പെട്ട കുറെ ഇഷ്ട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുറച്ചു ദിവസങ്ങള്‍. ലീവിന്റെ കാര്യം പറഞ്ഞപ്പോ പലരും ചോദിച്ച ഒരു കാര്യം " നിന്റെ ഫാമിലി കൂടെയില്ലേ? പിന്നെ ഇപ്പൊ എന്തിനാ ഒരു ലീവ്? എന്നാണ്. ഈ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ഫാമിലി എന്ന് പറഞ്ഞാല്‍ ഭാര്യയും കുഞ്ഞും മാത്രമാണോ? എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണ്ടേ? മറ്റു ബന്ധുക്കളെയും കൂട്ടുകാരെയും കാണണ്ടേ? നാടിനെയും നാട്ടുകാരെയും കാണണ്ടേ?


എല്ലാ തവണയും നാട്ടിലേക്ക്‌ പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്. മനസ്സ് മുഴുവനും എന്തൊക്കെയോ ചിന്തകള്‍. നാട്ടില്‍ ചെന്നാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള ആള്‍ക്കാരുടെയും ഒരു ലിസ്റ്റ് മനസ്സില്‍ ഉണ്ട്. വിചാരിച്ച എല്ലാം ചെയ്തു തീര്‍ക്കാനോ എല്ലാവരെയും കാണാനോ കഴിയുന്നതിനു മുന്‍പേ മടക്കയാത്ര ആകും. അതെന്നും അങ്ങിനെ തന്നെ ആയിരുന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇന്നലെ ലുലുവില്‍ പോയി. അവിടെ എന്നെ പോലെ പലരും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങി ട്രോളി നിറക്കുന്ന കാഴ്ച്ച കണ്ടു. ഒരു സാധാരണക്കാരന്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്തൊക്കെ കൊണ്ട് പോകണം എന്നത് ഞാന്‍ വെറുതെ ചിന്തിച്ചു . സോപ്പും, പാല്‍പ്പൊടിയും, പെര്‍ഫ്യൂമും, വാച്ചും, പേനയും, ഉടുപ്പും, മിട്ടായികളും, ബാഗും, ടാങ്കും എന്ന് വേണ്ട ഷേവ് ചെയ്യാനുള്ള ക്രീമും ബ്ലേഡും അടക്കം. അങ്ങനെ എന്തൊക്കെ കൊണ്ട് പോകണം. വീട്ടിലെ ഉപയോഗത്തിനുള്ള അവശ്യ സാധനങ്ങള്‍ മാത്രമായി ഒരു യാത്ര ശരിയാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം, പക്ഷെ പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇതില്‍ പലതും നമ്മുടെ വീട്ടിലേക്ക്‌ മാത്രമായല്ല കൊണ്ട് പോകുന്നത്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി വീതിച്ചു കൊടുക്കും. ഗള്‍ഫില്‍ നിന്നുള്ള സാധനങ്ങള്‍ കിട്ടുമ്പോള്‍ എല്ലാര്‍ക്കും സന്തോഷം, അത് കാണുമ്പോ നമുക്കും ഒരു സന്തോഷം.

ഞാന്‍ ആലോചിക്കുന്നത് എന്നെകിലും നമ്മള്‍ ഇവിടത്തെ ജോലിയൊക്കെ അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഒരു ചായ വാങ്ങി തരാന്‍ ഇവരില്‍ ആരെങ്കിലും ഉണ്ടാകുമോ? അറിയില്ല. ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. റിട്ടയര്‍ ചെയ്ത പോലീസ്കാരനും, മടങ്ങി ചെന്ന ഗള്‍ഫ്കാരനും ഒരു പോലെയാണെന്നു എവിടെയോ വായിച്ചതു ഓര്‍മ്മ വരുന്നു. അവരെ പിന്നെ ആര്‍ക്കും വേണ്ട. അവരെ ആരും വക വെക്കില്ല. പ്രവാസിയുടെ ജീവിതം മെഴുക് തിരി പോലെ ആണെന്ന് പലരും പറഞ്ഞു പഴകിയ ചൊല്ല് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ജീവിതം അങ്ങനെ ആയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, അങ്ങനെ ആകാന്‍ എനിക്ക് ആഗ്രഹവുമില്ല. എങ്കിലും ജനിച്ച നാട്ടിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്, പക്ഷെ സാമ്പത്തികം എന്ന ആ വലിയ വിഷയം വരുമ്പോള്‍ ആ ചിന്തകളെ തലയിണ കൊണ്ട് അമര്‍ത്തി ഞെരിച്ചു കൊണ്ട് കിടന്നുറങ്ങും.

ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല, അത് വിമാന യാത്രയാണ്‌. പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും വിമാന യാത്ര എനിക്കൊരു പേടി സ്വപ്നമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ആകാശ യാത്ര എനിക്ക് മുപ്പതു മണിക്കൂറിന്റെ നീളം തോന്നാറുണ്ട്, പലരും ചോദിക്കും എന്തിനാ പേടിക്കുന്നത്? എന്നായാലും മരിക്കണം, പിന്നെന്താ? ആ ചോദ്യം തന്നെ എനിക്ക് പേടിയാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോളും ഇത് ജീവിതത്തിലെ അവസാനത്തെ യാത്രയാണ്‌ എന്ന് കരുതിയാണ് വിമാനത്തില്‍ ഇരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ അവിടെ ഇറങ്ങി. പുറത്തിറങ്ങുമ്പോള്‍ ഒരു യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചു നടക്കും. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ തനിച്ചല്ല, എന്റെ കൂടെ ജാസ്മിനും മോനും ഉണ്ട്, ഞങ്ങള്‍ ഒരുമിച്ചൊരു വിമാന യാത്ര ആദ്യമായാണ്, അതിന്റെ ഒരു സന്തോഷം ഉണ്ട്. നാട്ടിലെ മണ്ണില്‍ കാലു കുത്തുമ്പോള്‍ ഉള്ള ആ സന്തോഷം. പിന്നെ മനസ്സ് മുഴുവനും ആഹ്ലാദം മാത്രം, ജന്മ നാട്ടിലെ മണ്ണില്‍ കാല് കുത്താനുള്ള ആവേശം. പിന്നെ പുറത്ത്‌ നമ്മളെ കാത്തു നില്ക്കുമന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക്‌ എത്താനുള്ള ഒരു തിടുക്കമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും നമ്മുടെ വീട്ടിലേക്കുള്ള യാത്രയാണ്‌ എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു യാത്ര. ആ സമയത്ത് മനസ്സില്‍ വേറെ ചിന്തകള്‍ ഒന്നുമില്ല, വിദേശത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്ന്, നാട്ടിലെ പ്രശ്നങ്ങളിലേക്ക് എത്തും മുന്‍പുള്ള ഒരു ഒന്നര മണിക്കൂര്‍ യാത്ര. ഇടക്കൊന്നു നിര്ത്തി് നാട്ടിലെ ഒരു ചായ കുടിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖം. അതൊന്നു വേറെ തന്നെയാണ്. വീട്ടിലെത്തുമ്പോ വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാല്‍ ‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരും. “ജന്മ നാടിന്റെ സുഗന്ധം,സ്വന്തം വീട്ടിലെ സുരക്ഷിതത്വം. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. :)