Monday, June 16, 2014

കിരീടത്തിന് 25 വയസ്സ്


കിരീടത്തിന് 25 വയസ്സ്



തലസ്ഥാനമണ്ണില്‍ ചിത്രീകരിച്ച്, ചരിത്രമെഴുതിയ കീരീടം സിനിമയ്ക്ക് 25 വയസ്സ്. മകനെ എസ്. ഐ. ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും കഥ പറഞ്ഞ കീരീടം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള മനസുകളുടെ തേങ്ങലാണ്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കീരീടം നിര്‍മ്മിച്ചത് ക്യപാഫിലിംസിന്റെ ബാനറില്‍ കീരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കീരീടത്തിന്റെ ചിത്രീകരണം.

വെള്ളയമ്പലം , നേമം കാലടി, ആര്യനാട്, തുടങ്ങിയിടങ്ങളിലാണ് പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ചിത്രം ഷൂട്ട് ചെയ്ത പല സ്ഥലങ്ങളും ഇന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറി പോയി. വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് മുന്‍പിലുള്ള പള്ളിയിലാണ് ചിത്രത്തിന്റെ ആദ്യഷോട്ട് എടുത്തത്. തൊട്ടടുത്ത സീനില്‍ സേതുമാധവന്‍ എസ്. ഐ ആയി വന്നിറങ്ങുന്ന രംഗത്തിലെ പൊലീസ് സ്‌റ്റേഷന്‍ ശാസ്തമംഗലം ആര്‍.കെ. ബാറായിരുന്നു.

വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സിന് മുന്‍പിലുള്ള വീടാണ് അച്ച്യുതന്‍ നായരുടെ രാമപുരത്തെ വീടായി മാറിയത്. ഇന്ന് അവിടെ ഫ്‌ളാറ്റ് ഉയരുകയാണ്. മോഹന്‍ലാലിന്റേയും പാര്‍വ്വതിയുടേയും വീടായി ചിത്രത്തില്‍ കാണിക്കുന്നത് നടന്‍ കാലടി ജയന്റെ വീടാണ്. വീടിന്റെ രണ്ട് ഭാഗങ്ങളാണ് രണ്ട് വീടായി ചിത്രീകരിച്ചത്. അച്ഛനെ തല്ലിയ കീരീക്കാടനെ ആളറിയാതെ സേതുമാധവന്‍ തല്ലുന്നത് ആര്യനാട് ജംഗക്ഷനിലാണ് ഷൂട്ട് ചെയ്തത്.

ആര്യനാടിന് അടുത്തുള്ള പള്ളിവേട്ടയിലാണ് ക്ലൈമാക്‌സ് എടുത്തത്. ഇന്ന് ഇവിടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൈയ്യടക്കി. മലയാളികളുടെ നൊമ്പരമായ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി ഗാനം ഷൂട്ട് ചെയ്തത് വെള്ളായണി കായലിന് പുറകിലെ വയലുകളിലും പാലത്തിലും ആയിരുന്നു. പിന്നീട് ഈ പാലം കീരീടം പാലമെന്ന് പ്രശസ്തി നേടി.

എല്ലാം നഷ്ടമായ സേതുമാധവന്‍ കാമുകിയോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷിയായത് ലാലും കീരീടം ഉണ്ണിയും ഒക്കെ പഠിച്ച മോഡല്‍ സ്‌കൂളാണ്.ഇവര്‍ പഠിച്ച ക്ലാസ് റൂമിന് മുന്‍പിലാണ് ഈ രംഗം ക്യാമറയിലാക്കിയത്.



25 ദിവസം കൊണ്ട് കീരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ചെലവ്.നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന ലാല്‍ ഉണ്ണിയോുള്ള ഫ്രണ്ട്ഷിപ്പ് മൂലം നാല് ലക്ഷത്തിനാണ് അഭിനയിച്ചത്. അച്യുതന്‍ നായരായി ആടിതകര്‍ത്ത തിലകന്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലമായിരുന്നു. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു.

തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റി വയ്ക്കുമെന്ന കീരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി.ക്ലൈമാക്‌സിലെ കത്തി താഴെയിടടാ , മോനെ നിന്റെ അച്ഛനാടാ പറയുന്നേ എന്ന രംഗം എടുത്തത് സുര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാനുള്ള പാടായിരുന്നു കാരണം.1989 ജൂലൈയിലായിരുന്നു കീരീടം റിലീസ് ചെയ്തത്. മെയിന്‍ സെന്ററുകളില്ലെല്ലാം 150 ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കീരീടം മാറിയെതുമെല്ലാം ചരിത്രമാണ്.

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം ചിത്രീകരിച്ച കിരീടം പാലം ഇന്ന് അപകടത്തിലാണ്. കൈവരികള്‍ ഒടിഞ്ഞു വീണു. വെളിച്ചവും ഇല്ല. മേലാംകോട്, പുഞ്ചക്കരി, വണ്ടിത്തടം, തിരുവല്ലം ഭാഗത്തുള്ളവര്‍ വെള്ളായ ക്ഷേത്രത്തില്‍ വന്നുപോകുന്നത് ഈ പാലം വഴിയാണ്. സമാന്തര പാലം അകലെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദ്യംകാണുന്ന ഈ പാലം വഴിയാണു ഭക്തരും യാത്രക്കാരും സഞ്ചരിക്കുന്നത്. ഇതൊന്നു നേരില്‍ കാണുക എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു. കഴിഞ്ഞ അവധിക്ക് ഞാന്‍ അവിടെ പോയപ്പോള്‍ എടുത്ത ചിത്രമാണ്‌ താഴെ കാണുന്നത്.



കള്ളിച്ചെല്ലമ്മ സിനിമ മുതല്‍ കിരീടം സിനിമവരെ ചിത്രീകരിച്ചിട്ടുള്ളതാണ് പാലം. ധ്രുവം, സമൂഹം, ആറാം തമ്പുരാന്‍, അങ്ങനെ കുറെ സിനിമകള്‍ ആ ഭാഗത്ത്‌ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സമീപവും ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മൂക്കിനു താഴെയുമുള്ള വെള്ളായണി കായലിനെയും പരിസരത്തെയും നിരവധി സിനിമാ, സീരിയലിന് ഉപയോഗിച്ചു. ഇപ്പോള്‍ സൈഡ് ഭിത്തികള്‍ മുഴുവന്‍ ഇല്ലാതായി അപകടാവസ്ഥയിലാണ് ഈ പാലം.



കടപ്പാട് : ഏഷ്യാനെറ്റ്‌ മൂവീസ്

Saturday, June 14, 2014

Kakki Sattai (1985) -Review


കമല്‍ ഹസ്സനും അംബികയും അഭിനയിച്ച പഴയ തമിള്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രം കാക്കിസട്ടൈ (1985) കണ്ടു. കമലിന്റെ ശ്രദ്ധിക്കപ്പെട്ട പോലീസ് വേഷങ്ങളില്‍ ഒന്നായിരുന്നു ഇത്.



പോലീസില്‍ ചേരാന്‍ ആഗ്രഹിച്ചു നടക്കുന്ന മുരളി (കമല്‍) എന്ന യുവാവ്‌. അയാള്‍ അയല്‍ക്കാരിയായ ഉമയുമായി (അംബിക) ഇഷ്ട്ടത്തിലാണ്. ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്ന മുരളി ഒരു കള്ളക്കടത്ത് സംഘത്തെ പിടി കൂടാന്‍ പോലീസിനെ സഹായിക്കുന്നു. അതില്‍ സംതൃപ്തനായ ഒരു സീനിയര്‍ ഓഫീസര്‍ മുരളിയെ പോലീസില്‍ എടുക്കുന്നു. ആ ഓഫീസിറുടെ നിര്‍ദേശപ്രകാരം വിക്കിയെയും (സത്യരാജ്) അയാളുടെ പാര്‍ട്ണര്‍ ആനന്ദിനെയും (രാജീവ്‌ ) പിടിക്കാന്‍ വേണ്ടി അവരുടെ സംഘത്തില്‍ കയറി പറ്റുന്ന മുരളി വളരെ പെട്ടെന്ന് വിക്കിയുടെ വിശ്വസ്തന്‍ ആയി മാറുന്നു. അവിടെ വെച്ച് അയാള്‍ അനിതയുമായി (മാധവി) അടുക്കുന്നു. അവരെ ഒരുമിച്ചു കാണുന്ന ഉമ തെറ്റിദ്ധരിച്ച്‌ മുരളിയുമായി അകലുന്നു. മുരളി ഉമയോട് സത്യം തുറന്നു പറയുന്നു. ഇതിനിടയില്‍ ആനന്ദിനോട് മുന്‍ വൈരാഗ്യം ഉള്ള അനിത അയാളെ കൊല്ലുന്നു. വിക്കിയുടെ പല രഹസ്യങ്ങളും മുരളി പോലീസിന് കൈ മാറുന്നു. ഒടുവില്‍ മുരളി പോലീസിന്റെ ആളാണ് എന്ന് വിക്കി മനസിലാക്കുന്നു. മുരളിയെ സഹായിച്ച അനിതയെ അയാള്‍ വക വരുത്തുന്നു. പിന്നീട് അയാള്‍ മുരളിയെയും ഉമയെയും തട്ടി കൊണ്ട് വരുന്നു. വിക്കിയുടെ കയ്യില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപെടുന്നു എന്നതാണ് ബാക്കി കഥ.

കമലിന്റെയും മാധവിയുടെയും ഒരു ഡിസ്കോ ഡാന്‍സ് അടക്കം ഇളയരാജയുടെ അഞ്ചു ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. SPB പാടിയ കണ്മണിയെ പേസ്‌എന്ന സൂപ്പര്‍ഹിറ്റ്‌ ഗാനം ഈ ചിത്രത്തിലെയാണ്. ഇതിന്റെ സംവിധായകന്‍ രാജശേഖര്‍ എണ്‍പതുകളില്‍ രജനികാന്തിനെ വെച്ച് കുറെ ഹിറ്റ്‌ സിനിമകള്‍ എടുത്തിട്ടുണ്ട്. തമിഴില്‍ ആദ്യമായി ഒരു കോടിയുടെ മുകളില്‍ ചിലവായ കമല്‍ ഹസ്സന്റെ വിക്രം എന്ന ചിത്രം ഒരുക്കിയതും ഇദ്ദേഹമാണ്. ഹിന്ദിയില്‍ നിന്നും അംജദ് ഖാനും, ഡിമ്പിള്‍ കബാടിയയും ഒക്കെ അതില്‍ വേഷമിട്ടു. തന്റെ അവസാന ചിത്രമായ ധര്‍മ്മദുരൈയുടെ നൂറാം ദിവസം ആഘോഷിക്കുന്നതിനു മുന്‍പേ അദ്ദേഹം അന്തരിച്ചു.

Saturday, June 7, 2014

ഒരു തൃശ്ശൂര്‍ പ്രണയ കഥ..




15 വര്‍ഷം മുന്‍പ് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം. അന്ന് എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവന് അന്നൊരു പെണ്‍കുട്ടിയുമായി ഇഷ്ട്ടത്തിലായി. രണ്ടു പേരും രണ്ടു മതത്തില്‍ പെട്ടവര്‍. ആ കുട്ടി വേറെ ഒരു കോളേജിലാണ് പഠിക്കുന്നത്. എങ്കിലും കത്തുകളിലൂടെ അവര്‍ പരസ്പരം അറിഞ്ഞു. വളരെ പെട്ടെന്നാണ് അവര്‍ തമ്മില്‍ അടുത്തത്‌. ഇടയ്ക്കു ചില ദിവസങ്ങളില്‍ അവര്‍ ടൌണില്‍ വെച്ച് കാണും. അവളെ കാണാന്‍ പോയി വന്നു ആ വിശേഷങ്ങള്‍ അവന്‍ എന്നോട് പറയും. അവളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന്‌ അവളെ കാണാന്‍ വേണ്ടി ഞങ്ങള്‍ പോയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിയും മുന്‍പേ അവളുടെ കല്യാണം ഉറപ്പിച്ചു. കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. അങ്ങനെ ആ ഓണം അവധിക്കു കോളേജ് അടക്കുന്ന ദിവസം, കൃത്യമായി പറഞ്ഞാല്‍ 1999, ഓഗസ്റ്റ്‌ 20-ന് അവളുടെ അവസാനത്തെ ഒരു കത്ത് അവനെ തേടി എത്തി. അവന്‍ അതിരുന്ന്‍ വായിക്കുന്നതും അവന്‍റെ മുഖഭാവം മാറുന്നതും ഞാന്‍ കണ്ടു. പെട്ടെന്ന് അവന്‍ സീറ്റില്‍ നിന്ന് എണീറ്റ്‌ പുറത്തേക്കു പോയി. ഞാന്‍ അവനെ പിറകെ പോയി വിളിച്ചു, പക്ഷെ അവന്‍ നിന്നില്ല. ഒടുവില്‍ ഞാന്‍ അവന്‍റെ മുന്‍പില്‍ചെന്ന് നിന്നു. "നീ എങ്ങോട്ടാ ഈ പോകുന്നത്" എന്ന് ഞാന്‍ ചോദിച്ചു. "നീ ഒക്കെ ഉണ്ടായിട്ട്‌ എന്താടാ കാര്യം" എന്നും പറഞ്ഞു അവന്‍ എന്നെ തട്ടി മാറ്റി മുന്‍പോട്ടു പോയി. പിന്നെ ഞാന്‍ അവനെ തടഞ്ഞില്ല. അവനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത എനിക്ക് അവനെ തടുക്കാന്‍ എന്തവകാശം? പിറ്റേ ദിവസം മുതല്‍ കോളേജ് അവധി ആയിരുന്നത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ കാണാതെയായി. എന്നാലും ഞങ്ങള്‍ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. അവന്‍ എന്നോട് ഒരു ദിവസം വീട്ടിലേക്കു വരാന്‍ പറഞ്ഞു. അങ്ങനെ ഓണത്തിന്‍റെ തലേ ദിവസം ഞാന്‍ അവന്‍റെ വീട്ടിലേക്കു പോയി. അന്ന് ഞാന്‍ അവിടെ തങ്ങി. ഈ കല്ല്യാണം എങ്ങനെ ഒഴിവാക്കാം എന്ന് മാത്രം ആയിരുന്നു രാത്രി മുഴുവന്‍ അവന്‍റെ ആലോചന. പിറ്റേ ദിവസം കാലത്ത് ഞാന്‍ വീട്ടിലേക്കു പോന്നു. ബസിന്‍റെ സൈഡ് സീറ്റില്‍ പുറംകാഴ്ചകള്‍ കണ്ടു ഞാനിരുന്നു. ഓണം ആയതു കൊണ്ട് എവിടെയും നല്ല ആഹ്ലാദം നിറഞ്ഞ കാഴ്ചകള്‍, പക്ഷെ എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ഓണം അവധി കഴിഞ്ഞ് വീണ്ടും ക്ലാസ്സ്‌ തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞാൽ അവളുടെ കല്യാണമാണ്. അതിനു മുന്‍പേ അവളെയൊന്ന് കാണാന്‍ അവന്‍ കുറെ ശ്രമിച്ചു, പക്ഷെ നടന്നില്ല. അന്ന് ഞങ്ങളുടെ കോളേജില്‍ ചായ വെക്കുന്ന ഒരു ചേച്ചി ഉണ്ട്. ഞങ്ങളുടെ മുഖത്തെ മ്ലാനത കണ്ട ലിസി ചേച്ചി കാര്യം ചോദിച്ചു. ഞങ്ങള്‍ ചേച്ചിയോട് വിവരങ്ങള്‍ പറഞ്ഞു. അപ്പൊള്‍ ആ ചേച്ചി പറഞ്ഞു " എന്‍റെ ഒരു ചെറിയ വീടാണ്. നീ വിളിച്ചാല്‍ ആ കുട്ടി വരുമെങ്കില്‍ കുറച്ചു ദിവസത്തേക്ക് നിങ്ങള്‍ക്ക് അവിടെ നില്‍ക്കാം" എന്ന്. അത് വേണ്ട ചേച്ചി, എന്തായാലും ചേച്ചി പറഞ്ഞല്ലോ, അത് തന്നെ ധാരാളം എന്ന് പറഞ്ഞു അവന്‍ മടങ്ങി. പിന്നെ അവന്‍ എന്നോട് പറഞ്ഞു "താമസിക്കാന്‍ ഒരു സ്ഥലം എളുപ്പം കിട്ടും,പക്ഷെ ജീവിക്കാന്‍ ഞാന്‍ മറ്റുള്ളവരോട് തെണ്ടണം. അത് വേണ്ട. പിന്നെ ഈ ഡിഗ്രി എന്‍റെ സ്വപ്നമാണ്. അത് കൊണ്ട് ഇത് നമുക്ക് ഇവിടെ അവസാനിപ്പിക്കാം" പിന്നെ ഞങ്ങള്‍ ആ വിഷയം സംസാരിക്കാറില്ല. ഒരു ഞായറാഴ്ച ആയിരുന്നു അവളുടെ കല്യാണം. അന്ന് എന്‍റെ വീട്ടില്‍ ഒരു കുടുംബസംഗമം ഉണ്ടായിരുന്നു. എങ്കിലും അവന്‍ വിളിച്ച കാരണം ശനിയാഴ്ച ഞാനവന്‍റെ വീട്ടില്‍ പോയി.രാത്രി വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോളാണ് അവന് അവളെ കാണണം എന്ന് പറയുന്നത്. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അവന്‍റെ നിര്‍ബന്ധ പ്രകാരം അവന്‍റെ ബുള്ളറ്റില്‍ ഞങ്ങള്‍ അവളുടെ നാട്ടിലേക്കു പോയി. അവളുടെ വീട് ഞങ്ങള്‍ക്കറിയില്ലായിരുന്നു. എങ്കിലും കല്യാണ വീടായത് കൊണ്ട് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ഒരു എട്ടു മണിയോടെ ഞങ്ങള്‍ ആ വീടിന്‍റെ അടുത്തുള്ള ഇടവഴി വരെ എത്തി. ആ വഴി തുടങ്ങുന്നിടത്ത് ഒരു സ്വാഗതം ബോര്‍ഡ് ഉണ്ട്. അതില്‍ മാലബള്‍ബുകള്‍ തൂക്കിയിട്ടിരുന്നു. ഞങ്ങള്‍ വണ്ടി അവിടെ ഒതുക്കി നിര്‍ത്തി. കല്യാണവീടില്‍ നിന്നും "മാന്തളിരിന്‍ പന്തലുണ്ടല്ലോ" എന്ന ഗാനം പതിയെ കേള്‍ക്കുന്നുണ്ട്. കുറച്ചു നേരം ഞങ്ങള്‍ അങ്ങനെ അവിടെ നിന്നു. പക്ഷെ അവന്‍ അകത്തേക്ക് പോയില്ല. അവിടത്തെ ആളുകള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. രാത്രി സമയം, പരിചയമില്ലാത്ത നാട്. അവളുടെ വീട്ടിലേക്കു പോകുന്നില്ലെങ്കില്‍ പിന്നെ അവിടെയങ്ങനെ നില്‍ക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ടൌണിലേക്ക് തന്നെ മടങ്ങി പോന്നു. അന്നവന്‍ ബിനിയില്‍ പോയി കുറച്ചു മദ്യപിച്ചു. പിന്നെ മടങ്ങി വന്നു ഭക്ഷണം കഴിച്ചു. നേരത്തെ ചെന്നാല്‍ വീട്ടില്‍ പിടിക്കും എന്നത് കൊണ്ട് രാഗത്തില്‍ ഒരു സിനിമയ്ക്കു കയറി. പട്ടാഭിഷേകം ആയിരുന്നു ആ സിനിമ. സിനിമ കണ്ടു എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അതിലെ ജഗതിയുടെ ഗാന രംഗം നടക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി, അവന്‍ മുകളിലോട്ടു നോക്കി സീറ്റില്‍ ചാരി കിടക്കുവാണ്. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. സിനിമ കഴിഞ്ഞു ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു പോന്നു. പാതിരാത്രി, റോഡില്‍ അധികം വണ്ടികള്‍ ഇല്ല. ഞങ്ങളുടെ ബുള്ളറ്റിന്‍റെ പട പട എന്നുള്ള ശബ്ദം മാത്രം. അവന്‍ എന്നെ കെട്ടിപ്പിടിച്ചു പിന്നില്‍ ഇരുന്നു. അവന്‍റെ കണ്ണീര്‍ വീണു എന്‍റെ പുറം നനയുന്നത് ഞാനറിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ വണ്ടി ഓടിച്ചു. അവന്‍റെ വീട്ടിലെത്തി. ഞങ്ങള്‍ ഓരോന്ന് സംസാരിച്ചു കിടന്നു. ഇടയ്ക്കു അവന്‍റെ സിഗരട്ട് കഴിഞ്ഞപ്പോള്‍ അവന്‍ മുന്‍പ് വലിച്ച കുറ്റികള്‍ ഓരോന്നായി നിലത്ത് നിന്ന് പെറുക്കിയെടുത്ത് കത്തിക്കാന്‍ തുടങ്ങി. പിന്നെ എപ്പോളോ ഞാനുറങ്ങി പോയി.

പിറ്റേ ദിവസം കാലത്ത് ഞാന്‍ ഉണര്‍ന്നപ്പോള്‍ അവന്‍ ബെഡിലിരിക്കുന്നുണ്ട്. ഉറങ്ങാത്ത കാരണം അവന്‍റെ കണ്ണൊക്കെ ചുകന്നിട്ടുണ്ട്. അടുത്തുള്ള അമ്പലത്തില്‍ നിന്ന് പാട്ട് കേള്‍ക്കാനുണ്ട്. ഞാന്‍ വീട്ടില്‍ പോകാന്‍ ഒരുങ്ങിയപ്പോളാണ് അവനവളെ അവസാനമായി ഒന്ന് കാണണം എന്ന് പറയുന്നത്. അതും കെട്ടു നടക്കുന്ന അമ്പലത്തില്‍ പോയി വധുവിന്‍റെ വേഷത്തില്‍ തന്നെ കാണണം എന്ന്. അങ്ങനെ ഞങ്ങള്‍ ആ അമ്പലത്തില്‍ പോയി. ഒന്‍പതിന് ആയിരുന്നു മുഹൂര്‍ത്തം. ഞങ്ങള്‍ അവിടെ ഒരു ആലിന്‍റെ ചുവട്ടില്‍ പോയി നിന്നു. അകത്തു നിന്ന് കെട്ടിമേളം കേള്‍ക്കാം. അത് മെല്ലെ മുറുകി മുറുകി വന്നു. കെട്ട്‌ കഴിഞ്ഞു അവളും ചെറുക്കനും കൂടെ പൂമാലയും പൂച്ചെണ്ടുമായി പുറത്തേക്ക് വന്നു. ഇവനെ കണ്ടാല്‍ അവള്‍ അതെല്ലാം വലിച്ചെറിഞ്ഞു അവന്‍റെയടുത്തേക്ക് ഓടി വരുമോയെന്ന് ഞാന്‍ പേടിച്ചു. അങ്ങനെ ഉണ്ടായാല്‍ എന്ത് ചെയ്യും എന്ന് വരെ ഞാന്‍ ആലോചിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. അവനെ കണ്ട നിമിഷം അവളുടെ മുഖമൊന്നു മാറി. പിന്നെ താഴെ നോക്കി മെല്ലെ നടന്നു കാറില്‍ കയറി. ഞാന്‍ ആകെ മരവിച്ച ഒരു അവസ്ഥയില്‍ അവിടെ നില്‍ക്കുകയാണ്. "മതിയെടാ, ഇത്രയും മതി ഇനി നമുക്ക് പോകാം" എന്ന് അവന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ എന്‍റെ വീട്ടിലേക്കു പോന്നു. ഞാന്‍ ചെല്ലുമ്പോള്‍ വീട്ടില്‍ നല്ല ബഹളമാണ്. അവിടെ എല്ലാവരും എത്തിയിട്ടുണ്ട്. കുറച്ചു നേരം അവന്‍ എന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു കസേരയില്‍ ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. അവന്‍ തനിയെ പോകുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടി തോന്നി. വീട്ടില്‍ എത്തി വിളിച്ചപ്പോളാണ്‌ സമാധാനമായത്.

പിന്നെ പിറ്റേ ദിവസം ഞങ്ങള്‍ കോളേജില്‍ വെച്ച് കണ്ടു. കുറച്ചു ദിവസങ്ങള്‍ ആ ഒരു വിഷമത്തില്‍ അങ്ങനെ തള്ളി നീക്കി. പിന്നെ എല്ലാം പഴയ പോലെ ആയി തുടങ്ങി. പിന്നെ ഒരു വര്‍ഷം കൂടി ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞു 2001-ല്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതാണ്. പിന്നീട് പല തവണ കണ്ടിരുന്നു. ഒരു തവണ ദുബായില്‍ വെച്ചും കണ്ടു. അവസാനമായി കണ്ടത് അഞ്ചു വര്‍ഷം മുന്‍പ്‌ അവന്‍റെ കല്യാണത്തിനാണ്. അന്ന് സ്റ്റേജില്‍ അവനെയും ഭാര്യയെയും ബൊക്കയും മാലയുമായി കണ്ടപ്പോള്‍ ആ പഴയ കല്യാണം ഞാന്‍ ഓര്‍ത്തു പോയി. ഇപ്പോള്‍ എല്ലാം കഴിഞ്ഞു പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ന് ഞങ്ങള്‍ മൂന്നു പേരും മൂന്നു സ്ഥലത്താണ്. അവരെ രണ്ടു പേരെയും ഞാന്‍ വിളിക്കാറുണ്ട്. അവനും കുടുംബവും ഇപ്പോള്‍ ഗള്‍ഫിലാണ്. പിന്നെ ആ പെണ്‍കുട്ടി..അവളും ഭര്‍ത്താവും തമ്മില്‍ തുടക്കം മുതലേ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു. അത് പിന്നെ വലുതായി. ഇപ്പോള്‍ അവര്‍ ഒരുമിച്ചല്ല കഴിയുന്നത്‌. അവളും മകളും ഇപ്പോള്‍ അവളുടെ വീട്ടിലാണ് ‌താമസം. കഴിഞ്ഞ അവധിക്കു അവരെ ഞാന്‍ കണ്ടിരുന്നു. അവളിന്ന് ടൌണിലൊരു സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുണ്ട്. ഇന്ന് ഞങ്ങളാരും ഈ പഴയ കാര്യങ്ങളൊന്നും തന്നെ സംസാരിക്കാറില്ല. ഇനിയെന്നെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചു കാണുമോ എന്നുമറിയില്ല. ഇതെല്ലാം കഴിഞ്ഞ അധ്യായങ്ങളാണ്. ജീവിതം കടന്നു പോയ ഓരോ സന്ദര്‍ഭങ്ങള്‍ ഇങ്ങനെ ഓര്‍ത്തപ്പോള്‍ ഞാനിതെല്ലാം ഒന്നെഴുതിയെന്നെയുള്ളു..വെറുതെ..

Sunday, June 1, 2014

Puthu Puthu Arthangal (1989) -Review


K. ബാലചന്ദര്‍ സംവിധാനം ചെയ്ത തമിള്‍ ചിത്രം പുതു പുതു അര്‍ഥങ്ങള്‍ (1989) കണ്ടു. ഇതും പണ്ട് കാണാന്‍ സാധിക്കാതെ പോയൊരു ചിത്രമായിരുന്നു. റഹ്മാനും ഗീതയും സിത്താരയുമാണ്‌ മുഖ്യ വേഷത്തില്‍.



ഭാരതി (റഹ്മാന്‍) എന്ന ഗായകന്റെയും അയാളുടെ വളരെ സ്വാര്‍ത്ഥയായ ഭാര്യ ഗൌരിയുടെയും (ഗീത) കഥയാണിത്. ഭാരതിയുടെ സ്ത്രീ ആരാധകരെ ഗൌരിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകുന്നില്ല. സഹിക്കാനാകാതെ ഒരു ഘട്ടത്തില്‍ ഭാരതി വീട് വിട്ടിറങ്ങുന്നു. ഗോവക്കുള്ള ബസില്‍ വെച്ച് അയാള്‍ ജ്യോതിയെ (സിത്താര) പരിചയപ്പെടുന്നു. അവള്‍ സ്വന്തം ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ വീട് വിട്ടിറങ്ങിയതാണ്. തങ്ങളുടെ കഥകള്‍ പരസ്പരം പറയുന്ന അവര്‍ ഒരുമിച്ചു ഗോവയിലേക്ക് പോകുന്നു. അവിടെ വെച്ച് പരിചയപ്പെടുന്ന ഒരു മലയാളി കുടുംബത്തിന്റെ കൂടെ അവര്‍ താമസിക്കുന്നു. ഭാരതി അവിടെ ഒരു ഹോട്ടലില്‍ വെയ്റ്റര്‍ ആയി ജോലിക്ക് കയറുന്നു. അവിടെ വെച്ച് ഭാരതിയെ തിരിച്ചറിയുന്ന ആരോ ആ വിവരം ഗൌരിയുടെ വീട്ടില്‍ അറിയിക്കുന്നു. ഗൌരിക്ക് അസുഖം ആണെന്ന് നുണ പറഞ്ഞു അവര്‍ ഭാരതിയെ അയാളെ നാട്ടിലേക്ക് വരുത്തുന്നു. പക്ഷെ അയാള്‍ വരുന്നത് ജ്യോതിയുമായാണ്. ജ്യോതിയെ വീട്ടില്‍ കയറാന്‍ ഗൌരി അനുവദിക്കുന്നില്ല. ഭാരതി ജ്യോതിയുമായി വേറെ ഒരു സ്ഥലത്ത് താമസിക്കുന്നു. അതിനു പകരം ജ്യോതി മുന്പ് അവളെ പ്രോപോസ് ചെയ്ത ഒരു ക്രിക്കറ്റ് കളിക്കാരനും ഭാരതിയുടെ കൂട്ടുകാരനുമായ ഗുരു എന്ന ഒരാളുമായി വീണ്ടും വിവാഹത്തിനു ഒരുങ്ങുന്നു. ഗുരുവിനെ സ്നേഹിച്ചിരുന്ന ഗൌരിയുടെ വീട്ടിലെ വേലക്കാരിയുടെ മകള്‍ യമുന ആ കല്യാണ ദിവസം പന്തലില്‍ തൂങ്ങി മരിക്കുന്നു. അതോടെ മാനസിക നില തെറ്റിയ ഗൌരിയെ അമ്മ മെന്റല്‍ ഹോസ്പിറ്റലില്‍ ആക്കുന്നു. ഭാരതിയുടെ കൂടെ അവിടെ പോകുന്ന ജ്യോതി ഗൌരിക്ക് ഭാരതിയോടുള്ള സ്നേഹം തിരിച്ചറിഞ്ഞ് അവരെ രണ്ടു പേരെയും ചേര്‍ത്തു വെക്കുന്നു. മടങ്ങി പോകുന്ന ജ്യോതി തെറ്റുകള്‍ മനസ്സിലാക്കി തന്നെ അന്വേഷിച്ചു ഇറങ്ങിയ ഭര്‍ത്താവിനെ കാണുകയും അയാളുടെ കൂടെ മടങ്ങി പോകുകയും ചെയ്യുന്നിടത്തു ചിത്രം അവസാനിക്കുന്നു.

സംഭവം പക്കാ മെലോഡ്രാമയാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ളത് കൊണ്ട് സാമാന്യം നല്ല രീതിയില്‍ തന്നെ ബോര്‍ അടിപ്പിക്കുന്നുണ്ട്. ഇളയരാജയുടെ സംഗീതം മാത്രമാണ് ഒരു ആശ്വാസം. SPB പാടിയ ഗുരുവായൂരപ്പാ, കേളടി കണ്മണി, കല്യാണ മാലയ് എന്നീ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലേതാണ്. ഒരു ഗാനരംഗത്തു ഇളയരാജ വരുന്നുമുണ്ട്.ഗീതയുടെ നല്ലൊരു പ്രകടനം ഈ ചിത്രത്തില്‍ കാണാം.ഹാസ്യ നടന്‍ വിവേകിന്റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നാണ് ഇത്. Dilon ka ristha എന്ന പേരില്‍ ഈ ചിത്രം ബാലചന്ദര്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നെകിലും ആ ചിത്രം റിലീസ് ആയില്ല. ആഷിഖിയിലൂടെ ശ്രദ്ധേയരായ രാഹുല്‍ റോയും, അനു അഗര്‍വാളും ആയിരുന്നു അതില്‍ അഭിനയിച്ചത്.