Tuesday, February 5, 2013

തിരിച്ചറിവുകളുടെ നിമിഷങ്ങള്‍ !!



നാട്ടില്‍ നല്ലൊരു ജോലി ശരിയാകാത്തത് കൊണ്ട് മാത്രം ദുബായിലേക്ക് വന്നതാണ്‌ ഞാന്‍. അന്നും ഇന്നും വലിയൊരു സമ്പാദ്യം എന്‍റെ മനസ്സില്‍ ഇല്ല, അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ദുബായില്‍ വന്ന ശേഷം മൂന്നാമത്തെ തവണ ഞാന്‍ നാട്ടില്‍ പോയി. അന്ന് എന്‍റെ കല്യാണം കഴിഞ്ഞിരുന്നു. അന്ന് പഴശ്ശിരാജ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ചെന്നത് രാത്രിയാണ്‌. അത് കൊണ്ട് പിറ്റേ ദിവസത്തെ എന്‍റെ ആദ്യ പരിപാടി പടം കാണുക എന്നത് മാത്രം ആയിരുന്നു. ഞാന്‍ കാലത്ത് നേരത്തെ തന്നെ കുളിച്ചൊരുങ്ങി ടൌണിലേക്ക് പോകാനൊരുങ്ങി. നാട്ടില്‍ ചെന്നാല്‍ ഞാന്‍ കൂടുതലും മുണ്ടാണ് ഉടുക്കുക. അത് കൊണ്ട് തന്നെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ മൊബൈല്‍ മാത്രമേ ഉള്ളു. ഇനി ATM പോകാന്‍ സമയമില്ല. ഞാന്‍ ഭാര്യയോട് കാശുണ്ടോ എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നൂറു രൂപ ഉണ്ട്, മതിയോ? ഞാന്‍ പറഞ്ഞു, പിന്നെ, ധാരാളം. സിനിമ കണ്ടു ഇങ്ങോട്ട് വരികയല്ലേ വേണ്ടു. അങ്ങനെ അവള്‍ തന്ന നൂറു രൂപയുമായി ഞാന്‍ സിനിമ കാണാന്‍ പോയി. ബസിന്‍റെ കാശും ടിക്കറ്റിന്‍റെ കാശും ഞാന്‍ കരുതിയതിനെക്കാള്‍ കൂടി. എങ്കിലും തികയാതെ വന്നില്ല. ഇടവേളയിലും എന്തോ കഴിച്ചു. എല്ലാറ്റിനും ഒടുക്കത്തെ വില. സിനിമ കഴിഞ്ഞിട്ടും ഞാന്‍ തിരിച്ചു പോന്നില്ല. അവിടത്തെ ആഘോഷങ്ങള്‍ കണ്ടു കുറെ നേരം നിന്നു.


അങ്ങനെ എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വിശന്ന കാരണം തട്ടുകടയില്‍ നിന്നും എന്തോ കഴിച്ചു. ബസ്‌ ചാര്‍ജ് കൊടുത്തു കഴിഞ്ഞപ്പോള്‍ എന്‍റെ പോക്കറ്റില്‍ പത്തു രൂപ മാത്രമായി. അതുമായി ഞാന്‍ കേച്ചേരിയില്‍ വന്നു ബസ്‌ ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി. എന്‍റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഇരിക്കാറുള്ള ഒരു വീഡിയോ ഷോപ്പിലേക്ക് ഞാന്‍ നടന്നു. അപ്പോളാണ് എന്‍റെ ഒരു പരിചയക്കാരന്‍റെ ജ്യൂസ്‌കട ഞാന്‍ കണ്ടത്‌. നാട്ടില്‍ ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇടയ്ക്കു ജ്യൂസ്‌ കഴിക്കാറുണ്ട്. എന്നാല്‍ പിന്നെ ഒരു ജ്യൂസ്‌ കുടിച്ചു കളയാം എന്ന് കരുതി ഞാന്‍ അവിടെ കയറി.

അവന്‍ എന്നെ കണ്ട ഉടനെ കൈ തന്നു: ഹാ, ഇതെപ്പോ എത്തി?

ഞാന്‍ :ഇന്നലെ രാത്രി

അവന്‍ : എന്നിട്ട്‌....എങ്ങനെ ഉണ്ട് ജോലിയൊക്കെ?

ഞാന്‍ : ഓ , സുഖം

അവന്‍ : ഇപ്പൊള്‍ എവിടെന്നാ വരണേ?

ഞാന്‍ : പടം കാണാന്‍ പോയതാ. നീ ഒരു ഓറഞ്ച് ജ്യൂസ്‌ എടുത്തേ

അവന്‍ ജ്യൂസ്‌ ഉണ്ടാക്കി തന്നു. നല്ല ദാഹമുണ്ടായിരുന്നു. ഞാനത് ആവേശത്തോടെ കുടിച്ചു.

ഞാന്‍ : എത്രയായി?

അവന്‍ : പത്തു രൂപ

ഞാന്‍ കാശെടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ കാശില്ല. അത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു, ചിലപ്പോള്‍ മൊബൈല്‍ എടുത്തപ്പോള്‍ പോയതാകാം.

ഞാന്‍ : ടാ, കാശു കാണാനില്ല, ഞാന്‍ നാളെ കൊണ്ട് തരാം

അവന്‍ : അയ്യോ, അത് പറ്റില്ല, കടം കൊടുക്കാറില്ല.

ഞാന്‍ : കടമായിട്ട്‌ കൂട്ടണ്ട, ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ പോയി ഇപ്പൊള്‍ തന്നെ കൊണ്ട് വരാം
അവന്‍ : അല്ല, അത് പറ്റില്ല, ഞാന്‍ കട അടക്കാന്‍ പോവാ, ഇനി ഈ സന്ധ്യ സമയത്ത് കടം ശരിയാവില്ല.

കട അടക്കുന്ന സമയത്ത് കടം പാടില്ല എന്ന് ചില കടക്കാര്‍ക്ക്‌ ഒരു വിശ്വസം ഉള്ളതായി കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി അവനോടു സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞ് എന്‍റെ സുഹൃത്തിന്‍റെ വീഡിയോ ഷോപ്പിലേക്ക് ചെന്നു. അതിന്‍റെ മുന്‍പില്‍ നിന്നിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ എന്നെ കണ്ടപ്പോള്‍ വിഷ് ചെയ്തു.

ഞാന്‍ അവനോടു ചോദിച്ചു : ടാ, ഒരു പത്തു രൂപ തന്നെ, ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാ.

അവന്‍ : അയ്യോ, എന്‍റെ കയ്യില്‍ ഇല്ലടാ.

ഞാന്‍ വീണ്ടും കുടുങ്ങി. നേരെ കടയുടെ അകത്തേക്ക് ചെന്നു. കട ഉടമ മന്‍സൂറും മറ്റു ചിലരും അകത്തുണ്ട്. എന്നെ കണ്ടതും മന്‍സൂര്‍ സന്തോഷത്തോടെ വരവേറ്റു.

മന്‍സൂര്‍ : അളിയാ, ഇതെപ്പോ ലാന്‍ഡ്‌ ചെയ്തു?

ഞാന്‍ : ഇന്നലെ രാത്രി

മന്‍സൂര്‍: എന്നിട്ട് വേറെ എന്താ വിശേഷം? പഴശ്ശിരാജ കണ്ടോ?

ഞാന്‍ : അതൊക്കെ പിന്നെ പറയാം. ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ

മന്‍സൂര്‍: എന്താടാ?

ഞാന്‍ : ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാടാ, എന്‍റെ കയ്യില്‍ കാശില്ല.

അവിടെ ഇരിക്കുന്നവര്‍ എന്നെയൊന്നു നോക്കി, ഇവനെന്ത് ഗള്‍ഫ്‌കാരനാടാ എന്ന ഭാവത്തില്‍.
അങ്ങനെ അവന്‍ തന്ന ആ പത്തു രൂപയുമായി ഞാന്‍ വീണ്ടും ജ്യൂസ്‌ കടയില്‍ ചെന്നു കാശ് കൊടുത്തു.

അവന്‍ : "അളിയാ, ഒന്നും തോന്നരുത്..കട അടക്കാറായി..അതാ ഞാന്‍.

ഞാന്‍ : ഏയ്..അതൊന്നും സാരമില്ലടാ.

ഞാന്‍ ആ കടയില്‍ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ടു വര്‍ഷം ഞാന്‍ ദുബായില്‍ നിന്നു. ബാങ്കില്‍ ചിലവിനുള്ള കാശുണ്ട്, ഭാര്യയുടെ കയ്യിലും കഴുത്തിലും ആവശ്യത്തിനുള്ള സ്വര്‍ണ്ണമുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും ഇന്ന് ഞാന്‍ ഒരു പത്തു രൂപക്ക്‌ ഗതിയില്ലത്തവനായി. കുടിച്ച ജൂസിനു കാശ് കൊടുക്കാന്‍ വേണ്ടി ആരോടോ തെണ്ടി. ഇതിനാണോ പടച്ചോനെ ഞാന്‍ ഇത്ര നാള്‍ ദുബായില്‍ നിന്നത്? ഈ കാശുണ്ടാക്കിയത്? പാലം കടന്നുള്ള ആ പാതയിലൂടെ അതൊക്കെ ആലോചിച്ചു ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു...

തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു "ഇതെപ്പോ പോയതാ? എന്നിട്ടെന്തായി? പടമൊക്കെ കണ്ടോ?

ഞാന്‍ പറഞ്ഞു : കണ്ടു, ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ.

അവള്‍ : എന്തെ?

ഞാന്‍ : അതൊക്കെ പറയാം, നീ കാശ് തരൂ

അങ്ങനെ ആ കാശുമായി ഞാന്‍ ബൈക്ക് എടുത്തു പോയി മന്‍സൂറിന്‍റെ കാശ് കൊടുത്തു. മടങ്ങി വന്നു ഭാര്യയോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. അവളും ഒന്നും പറയാനാകാതെ ഇരുന്നു പോയി. ഇന്നും നാട്ടില്‍ പോകുമ്പോ ആ ജ്യൂസ്‌ കട കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും അന്നത്തെ ആ സംഭവം. അന്ന് അനുഭവിച്ച ആ നാണക്കേട്..ആ വിഷമം..പക്ഷെ അന്ന് ഞാന്‍ ഒന്ന് മനസ്സിലാക്കി..ആവശ്യത്തിന് ഉപകരിച്ചില്ലെങ്കില്‍ പണം വെറും കടലാസ് കഷ്ണം മാത്രം..

സത്യത്തില്‍ ഇതൊക്കെ ഓരോ തിരിച്ചറിവുകളാണ്. നമ്മള്‍ ആരാണ് എന്നും നമ്മുടെ ധാരണകള്‍ എല്ലാം എത്ര മാത്രം തെറ്റാണെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ചില തിരിച്ചറിവുകള്‍. ജീവിതം ഇനിയും എത്രയോ ബാക്കി കിടക്കുന്നു. വരും നാളുകളില്‍ എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് നല്ല മനസ്സോടെ മുന്‍പോട്ടു പോകാന്‍ അത് നമ്മളെ സഹായിക്കും..തീര്‍ച്ച!!