Sunday, February 19, 2017

വിനായകന്‍ എന്ന നടന്‍


ഇന്ന് കൊച്ചിയില്‍ വെച്ച് നടന്ന CPC സിനി അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ്‌ വാങ്ങി കൊണ്ട് വിനായകന്‍ പറഞ്ഞു" 94-ല്‍ സിനിമയില്‍ വന്നതാണ്‌ ഞാന്‍, ഇവിടെ വരെ എത്താന്‍ ഇത്രയും സമയം എടുത്തു, വളരെ സന്തോഷം. വിനായകന് ആ സദസ്സ് നല്‍കിയ കയ്യടി ആ കലാകാരനുള്ള യഥാര്‍ത്ഥ അംഗീകാരമാണ്.


ഒരു നൃത്തസംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചഒരാളായിരുന്നു ഒരിക്കല്‍ വിനായകന്‍. ബ്ലാക് മെര്‍ക്കുറി എന്ന ഒരു ഡാന്‍സ് ട്രൂപ്പും പുള്ളിക്ക് ഉണ്ടായിരുന്നു. ഫയര്‍ ഡാന്‍സ് ആയിരുന്നു വിനായകന്‍റെ ഐറ്റം. പിന്നീട് തമ്പി കണ്ണന്താനം ആണ് മാന്ത്രികം (1995) എന്ന സിനിമയിലൂടെ വിനായകനെ സിനിമയിലേക്ക് കൊണ്ട് വന്നത്. പക്ഷെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ടത് സ്റ്റോപ്പ്‌ വയലന്‍സ് (2002) എന്ന AK സാജന്‍ ചിത്രത്തിലെ മോന്ത എന്ന വേഷത്തിലൂടെ ആയിരുന്നു. തുടര്‍ന്ന് ഒന്നാമന്‍ (2001),ചതിക്കാത്ത ചന്തു (2004), ചിന്താമണി കൊലക്കേസ് (2006) അങ്ങനെ കുറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍.അതിനിടയില്‍ ജെയിംസ് (2005) എന്ന ഹിന്ദി ചിത്രത്തിലും തിമിര് (2006) എന്ന തമിള്‍ ചിത്രത്തിലും എന്ന വേഷമിട്ടു.

2007-ല്‍ ബിഗ്‌ ബിയിലെ പാണ്ടി അസി, ചോട്ടാ മുംബെയിലെ സതീശന്‍ എന്നീ മികച്ച വേഷങ്ങളിലൂടെ വിനായകന് അവസരങ്ങള്‍ ഏറി വന്നു. എങ്കിലും വാരി വലിച്ച് കുറെ സിനിമകള്‍ ചെയ്തില്ല. അമല്‍ നീരദിന്‍റെസിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ വിനായകന് സാഗര്‍ ഏലിയാസ്‌ ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയൂബിന്‍റെ പുസ്തകം എന്നീ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചു. 2013-ല്‍ തമിഴില്‍ ധനുഷിന്‍റെ മാരിയാന്‍ എന്ന തമിള്‍ ചിത്രത്തിലും വില്ലനായി.

എന്നാല്‍ 2016ല്‍ ഇറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കഥ മാറി. ഗംഗ എന്ന കഥാപാത്രം കൊണ്ട് വിനായകന്‍ എല്ലാവരുടെയും പ്രശംസ ഏറ്റു വാങ്ങി. ഒരു പക്ഷെ ആ ചിത്രത്തിലെ മറ്റുള്ള താരങ്ങളെയെല്ലാം കടത്തി വെട്ടിയ ഒരു പ്രകടനം. പ്രായമായ ഗംഗയുടെ ആവലാതിയും, പേടിയും നിസ്സഹായതയും എല്ലാം തന്‍റെ ശരീര ഭാഷ കൊണ്ട് വിനായകന്‍ മികച്ചതാക്കി.ചാനല്‍ അവാര്‍ഡുകളില്‍ വിനായകനെ ഒഴിവാക്കിയെങ്കിലും ജനങ്ങളുടെ അവാര്‍ഡ്‌ എപ്പോഴും വിനായകന് തന്നെ ആയിരുന്നു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു വനിതാ അവാര്‍ഡും, ഇന്ന് നടന്ന CPC അവാര്‍ഡും. കമ്മട്ടിപ്പടത്തിലെ പുഴു പുലികള്‍ എന്ന ഗാനത്തിനട്ട് സംഗീതം നല്കിയതും വിനായകന്‍ ആയിരുന്നു. വിനായകന്‍ എന്ന നടന്‍റെ എക്കാലത്തെയും കികച്ച പ്രകടനം സമ്മാനിച്ച ഗംഗ എന്ന ആ കഥാപാത്രം ഒരു നോവായി പ്രേക്ഷകരുടെ മനസ്സില്‍ അവശേഷിക്കുന്നു.

പുഴു പുലികൾ പക്കി പരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പര ദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനെ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻ തിരുമകനെ...