Saturday, July 21, 2018

ആഗസ്റ്റ് 1? - 30 വര്‍ഷങ്ങള്‍ !!



ജൂണ്‍ 29 -കേരളദേശം പാര്‍ട്ടി അവരുടെ നിയമസഭ നേതാവായി KGR-നെ തിരഞ്ഞെടുക്കുന്നു.
കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് കരുതിയിരുന്നത്.

ജൂണ്‍ 30- KGR മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നു. എരിഞ്ഞളി അബൂബകര്‍, കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള, മത്തായി തോമസ്‌ പാപ്പച്ചന്‍, എന്നീ ഭരണകക്ഷി MLA-മാര്‍ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. വിശ്വം അന്ന് രാത്രി കഴുത്തുമുട്ടത്തിന്‍റെ വീട്ടില്‍ വെച്ച് അവരെ കാണുന്നു. പാപ്പച്ചന്‍ വിശ്വത്തെ സമാധാനിപ്പിച്ച്അയക്കുന്നു. തുടര്‍ന്ന് അയാള്‍ പാര്‍ട്ടി പ്രസിഡണ്ട്‌ കൈമളിനെ കാണുന്നു. അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്ന് കൈമള്‍ അയാള്‍ക്ക് വാക്ക് കൊടുക്കുന്നു.

ജൂലൈ 5 - കേരളദേശം പാര്‍ട്ടി എക്സിക്യുട്ടീവ്‌ തീരുമാനിച്ച മറ്റുള്ള അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ പാപ്പച്ചന്‍റെയോ, അബൂബകറിന്‍റെയോ അവരുടെ ലോബികളില്‍ പെട്ട ആരുടേയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഒരു ആശ്വാസത്തിന് വേണ്ടി കഴുത്തുമുട്ടത്തെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് പറയുന്നു, അയാള്‍ അത് നിരസിക്കുന്നു.

KGR-ന്‍റെ ഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതായി അവര്‍ക്ക് തോന്നി. മദ്യ നയത്തിന്‍റെ കാര്യത്തില്‍ വിശ്വത്തിനോ അയാളിടെ ആളുകള്‍ക്കോ അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകില്ല എന്ന് അയാള്‍ പറയുന്നു.കൂടാതെ പ്രൈവറ്റ് ഡിസ്റ്റിലറീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമസഭ കമ്മിറ്റിയെ കൊണ്ട് അന്വേഷിക്കാനും തീരുമാനിക്കുന്നു. ഒന്നരകൊടിയോളം ഇലക്ഷന് മുടക്കിയ വിശ്വത്തിന് കിട്ടിയ ആദ്യത്തെ ഷോക്ക്‌


ജൂലൈ 9 - പാര്‍ട്ടി പ്രസിഡന്‍റ് കൈമള്‍ CM-നെ ഓഫീസില്‍ വെച്ച് കാണുന്നു. മദ്യ നയത്തിന്‍റെ തീരുമാനം പുന പരിശോധിക്കണം എന്ന് CM-നോട്‌ കൈമള്‍ നിര്‍ബന്ധിക്കുന്നു. സാധ്യമല്ല എന്ന് CM തീര്‍ത്ത് പറയുന്നു.

തുടര്‍ന്ന് ഗസ്റ്റ് ഹൌസില്‍ വെച്ച് അവര്‍ യോഗം ചേരുന്നു. KGR-നെതിരെ രാഷ്ട്രീയ നീക്കം കൊണ്ട് പ്രയോജനമില്ല എന്ന തീരുമാനത്തില്‍ എത്തുന്നു. 2 ദിവസത്തിനകം തന്‍റെ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് വിശ്വം പിരിയുന്നു.

JULY 15 മദ്രാസ്‌ - വിശ്വം അയാളുടെ സുഹൃത്തായ മുനിയാണ്ടി തേവര്‍ എന്ന ബിസിനസ് കാരനെ കാണുന്നു. അയാളുടെ വീട്ടില്‍ വെച്ച് KGRനെ അസ്സാസിനെറ്റ് ചെയ്യാന്‍ പ്ലാന്‍ ഇടുന്നു. അയാളുടെ ലിസ്റ്റില്‍ പെട്ട ഒരു വാടക കൊലയാളിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ജൂലൈ 28- ഗോമസ് എന്ന വാടക കൊലയാളി ഇവിടെ മ്യൂസിയത്തില്‍ വെച്ച് വിശ്വവുമായി കണ്ട് മുട്ടുന്നു. CMനെ അസ്സാസിനെറ്റ് ചെയ്യാനുള്ള പ്ലാന്‍ ഉറപ്പിക്കുന്നു. ഈ ഗോമസ് എന്നുള്ള പേര് തന്നെ ഫേക് ആണ്. വിശ്വത്തിന് അയാളുടെ പേരോ നാടോ ഒറിജിനോ ഒന്നുമറിയില്ല.

ഓഗസ്റ്റ്‌ 1 -ഹോട്ടല്‍ ജാസ് - റൂം നമ്പര്‍ 712ല്‍ വെച്ച് 20 ലക്ഷം രൂപ In cash, വിശ്വം ഗോമസിനെ ഏല്‍പ്പിക്കുന്നു.

15 ദിവസത്തിനകം ഗോമസ് എന്ന വാടക കൊലയാളി KGRനെ അസ്സാസിനെറ്റ് ചെയ്യും. എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഈ ലോകത്ത് ആ കൊലയളിക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.





പിന്നീടുള്ള ഉദ്യോഗജനകമായ 15 ദിവസങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ഓഗസ്റ്റ്‌ 1 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. S N സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് M.മണിയാണ്.



Thursday, July 12, 2018

മാനത്തെ കൊട്ടാരം (1994) - ഓര്‍മ്മകള്‍ !!


അന്ന് താരതമ്യേന പുതുമുഖമായ ദിലീപ്, നാദിര്‍ഷ , ഹരിശ്രീ അശോകന്‍, കൂടെ ഇന്ദ്രന്‍സ് എന്നിവരെ വെച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രം. അവരുടെ കൂടെ തമിഴില്‍ നിന്ന് കുശ്ബുവിനെയും കൊണ്ട് വന്നു. ഒപ്പം അന്നത്തെ തിരക്കുള്ള നായക നടനായ സുരേഷ് ഗോപിയുടെ ഒരു ഗസ്റ്റ് വേഷവും. എല്ലാം കൊണ്ടും ഒരു നല്ല പ്രൊജക്റ്റ് . പൂനിലാമഴ എന്ന ആ ഗാനം ചിത്രത്തിന് വന്‍ മൈലേജ് ആണ് കൊടുത്തത്. (ആ പേരിൽ സുനിൽ പിന്നീട് ആ പേരിൽ ഒരു സിനിമ എടുക്കുകയും ചെയ്തു). അന്ന് ചിത്ര ഗീതത്തിലൊക്കെ ഈ പാട്ട് വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ഒരു ഗാനരംഗത്ത് ലോഹിതദാസ് , സിബി മലയിൽ, രഞ്ജി പണിക്കർ , ഷാജി കൈലാസ് , സിദ്ദിഖ് ലാൽ എന്നിവരൊക്കെ വന്നു. ആ വര്‍ഷം ഹിറ്റായ കാതലന്‍ സിനിമയിലെ പേട്ട റാപ്പ് എന്ന്‍ വാക്ക് സിനിമയില്‍ പല സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. വില്ലനായ രാജന്‍ പി ദേവിന്‍റെ പേരും ലൂക്കൊച്ചന്‍ പേട്ട എന്നായിരുന്നു. ആ വർഷം കൃസ്ത്മസിനാണ് റിലീസ് ചെയ്തത്.നല്ല അഭിപ്രായവും, ഒപ്പം ഗംഭീര കളക്ഷനും നേടി ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. നാരായണൻകുട്ടി , ഫിലോമിന , മാള ഇവരുടെ കോമഡി ട്രാക്കും ഒപ്പം ജഗതിയുടെ PRO എബ്രഹാം ജോണും അന്ന് തിയറ്ററില്‍ പൊട്ടിച്ചിരി ഉണർത്തി . അന്ന് വീഡിയോ കടകളില്‍ ഇതിന്റെ ക്യാമറ പ്രിന്‍റ് വരെ നല്ല ഓട്ടമായിരുന്നു



ചിത്രത്തിലെ ദിലീപിന്‍റെ പേരും ദിലീപ് എന്നായിരുന്നു , പുള്ളിയുടെ അഭിനയ ജീവിതവും പിന്നീട് ആ സിനിമയിലെ പോലെ ആയി. ഇന്ദ്രന്‍സ് എന്ന നടനും ഈ സിനിമയോടെ തിരക്കുള്ള ഒരു താരമായി. അവിടെ നിന്ന് അങ്ങോട്ട് ഇന്ദ്രന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. ഇതിന്റെ അതേ ചുവട് വെച്ച് ഏതാണ്ട് ഇതേ താരങ്ങളെ വെച്ച് സുനില്‍ അടുത്ത വര്‍ഷം വൃദ്ധന്മാരെ സൂക്ഷിക്കുക എന്നൊരു ചിത്രമായി വന്നു. സുരേഷ് ഗോപിക്ക് പകരം ആ വര്‍ഷം തിളങ്ങി നിന്ന ജയറാമിനെയും ഗസ്റ്റ് റോളില്‍ കൊണ്ട് വന്നു. അതിന് പക്ഷെ ഈ വിജയം ആവര്‍ത്തിക്കാന്‍ ആയില്ല.


ഇനി അന്ന് വായിച്ച ഒരു അണിയറ വിശേഷം പറയാം ഇതിന്‍റെ കഥ അന്‍സാര്‍ ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെടതെയോ എന്തോ പുള്ളി അന്ന് നോ പറഞ്ഞു. കഥ കേള്‍പ്പിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചെറുതായി പുള്ളിയെ എന്തോ കളിയാക്കുകയും ചെയ്തു. ആ വാശിക്കാണ് ക്രിസ്മസിന് സുക്രുതത്തിന്‍റെ കൂടെ തന്നെ മാനത്തെ കൊട്ടാരം റിലീസ് ചെയ്യിച്ചത് എന്ന് കേട്ടിട്ടുണ്ട്.

Tuesday, July 3, 2018

മഹാത്മ (1996) - ചില അണിയറ വിശേഷങ്ങള്‍ !!


ഈ അടുത്ത് മഹാത്മ (1996) കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്ന കുറച്ച് കാര്യങ്ങള്‍.



ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ആണ് ഈ പടം ഇറങ്ങിയത്. അന്ന് ഇതിന് മുട്ടന്‍ ഹൈപ്പ് ആയിരുന്നു. കമ്മീഷണര്‍, കിംഗ്‌ എന്നീ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും ഷാജി കൈലാസ്, സിനിമ വരികളില്‍ എല്ലാം കിടു കവറേജ്, സുരേഷ് ഗോപിയുടെ കിടിലന്‍ ഗെറ്റ് അപ്പ്‌. പിന്നെ വന്‍ ബജറ്റില്‍ ഒരുങ്ങുന്നു എന്നത് വേറെ. അങ്ങനെ എല്ലാം കൊണ്ടും കാത്തിരുന്ന പടം. തൃശൂര്‍ രാഗത്തിലാണ് പടം ഇറങ്ങിയത്. എന്ത് കൊണ്ടോ അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്‍റെ ഒരു കൂട്ടുകാരന്‍ ആദ്യ ദിവസം തന്നെ അടിയുണ്ടാക്കി പോയി പടം കണ്ടു. വന്‍ ജനം ആയിരുന്നു, ടിക്കറ്റ്‌ കിട്ടും എന്ന് കരുതിയില്ല എന്നൊക്കെ അവന്‍ പറഞ്ഞു. പക്ഷെ പടം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഹൈ ബജറ്റ് കാരണം ചിത്രം ഒരു നഷ്ടമായി.

ഇതില്‍ സിനിമയുടെ നിര്‍മ്മാണ ചിലവ് വേറെ പല വഴികളിലും കൂടുകയും, പിന്നീട് ഒന്ന്‍ രണ്ട് തവണ ഷൂട്ടിംഗ് നിര്‍ത്തുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. വേറെ ഒരു രസം ഇതിന്‍റെ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്തിട്ടില്ല എന്നതാണ്. ചിത്രത്തിലെ പ്രധാന വില്ലന്‍ ആയ ഡേവിഡ്‌ എബ്രഹാമിനെ അവസാനം കാണിക്കുന്നില്ല. പകരം ഗണേഷിനെ കൊല്ലുന്നിടത്ത് വെച്ച് പടം അവസാനിപ്പിച്ച്‌ A Film by Shaji Kailas എന്ന് കാണിക്കേണ്ടി വന്നു. ഇതൊക്കെ അന്നത്തെ വാരികകളില്‍ വായിച്ച അറിവാണ്. ചിലപ്പോള്‍ തെറ്റായിരിക്കും, പക്ഷെ പടം കാണുമ്പോള്‍ അതൊക്കെ ശരിയാണ് എന്നാണ് തോന്നിയത്. ഇതൊക്കെ ആയാലും സിനിമയില്‍ സുരേഷ് ഗോപിയുടെ ചില കിടിലന്‍ ഡയലോഗുകള്‍ ഉണ്ട്. അത് കാണാന്‍ മാത്രം ഇടക്ക് ആ സീനുകള്‍ കാണാറുണ്ട്. പിന്നെ പുള്ളി ഈ പടത്തില്‍ ഒടുക്കത്തെ ഗ്ലാമറും ആയിരുന്നു. സുരേഷ് ഗോപി വലിച്ചിരുന്ന ആ നീല കളറുള്ള സിഗരറ്റ് വിദേശത്ത് നിന്നും കൊണ്ട് വന്നതാണെന്നും ഒക്കെ സിനിമ ഫ്ലോപ്പ് ആയപ്പോള്‍ ചെറിയ ഗോസിപ്പുകള്‍ ആയി അന്ന് ചില മാഗസിനുകളില്‍ വന്നിരുന്നു.

ഇതില്‍ വിദ്യ സാഗര്‍ ഒരുക്കിയ പുള്ളോര്‍ കുടവും എന്ന ഗാനം ഏറെ ഇഷ്ട്ടമാണ്.