Thursday, July 12, 2018

മാനത്തെ കൊട്ടാരം (1994) - ഓര്‍മ്മകള്‍ !!


അന്ന് താരതമ്യേന പുതുമുഖമായ ദിലീപ്, നാദിര്‍ഷ , ഹരിശ്രീ അശോകന്‍, കൂടെ ഇന്ദ്രന്‍സ് എന്നിവരെ വെച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രം. അവരുടെ കൂടെ തമിഴില്‍ നിന്ന് കുശ്ബുവിനെയും കൊണ്ട് വന്നു. ഒപ്പം അന്നത്തെ തിരക്കുള്ള നായക നടനായ സുരേഷ് ഗോപിയുടെ ഒരു ഗസ്റ്റ് വേഷവും. എല്ലാം കൊണ്ടും ഒരു നല്ല പ്രൊജക്റ്റ് . പൂനിലാമഴ എന്ന ആ ഗാനം ചിത്രത്തിന് വന്‍ മൈലേജ് ആണ് കൊടുത്തത്. (ആ പേരിൽ സുനിൽ പിന്നീട് ആ പേരിൽ ഒരു സിനിമ എടുക്കുകയും ചെയ്തു). അന്ന് ചിത്ര ഗീതത്തിലൊക്കെ ഈ പാട്ട് വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ഒരു ഗാനരംഗത്ത് ലോഹിതദാസ് , സിബി മലയിൽ, രഞ്ജി പണിക്കർ , ഷാജി കൈലാസ് , സിദ്ദിഖ് ലാൽ എന്നിവരൊക്കെ വന്നു. ആ വര്‍ഷം ഹിറ്റായ കാതലന്‍ സിനിമയിലെ പേട്ട റാപ്പ് എന്ന്‍ വാക്ക് സിനിമയില്‍ പല സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. വില്ലനായ രാജന്‍ പി ദേവിന്‍റെ പേരും ലൂക്കൊച്ചന്‍ പേട്ട എന്നായിരുന്നു. ആ വർഷം കൃസ്ത്മസിനാണ് റിലീസ് ചെയ്തത്.നല്ല അഭിപ്രായവും, ഒപ്പം ഗംഭീര കളക്ഷനും നേടി ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. നാരായണൻകുട്ടി , ഫിലോമിന , മാള ഇവരുടെ കോമഡി ട്രാക്കും ഒപ്പം ജഗതിയുടെ PRO എബ്രഹാം ജോണും അന്ന് തിയറ്ററില്‍ പൊട്ടിച്ചിരി ഉണർത്തി . അന്ന് വീഡിയോ കടകളില്‍ ഇതിന്റെ ക്യാമറ പ്രിന്‍റ് വരെ നല്ല ഓട്ടമായിരുന്നു



ചിത്രത്തിലെ ദിലീപിന്‍റെ പേരും ദിലീപ് എന്നായിരുന്നു , പുള്ളിയുടെ അഭിനയ ജീവിതവും പിന്നീട് ആ സിനിമയിലെ പോലെ ആയി. ഇന്ദ്രന്‍സ് എന്ന നടനും ഈ സിനിമയോടെ തിരക്കുള്ള ഒരു താരമായി. അവിടെ നിന്ന് അങ്ങോട്ട് ഇന്ദ്രന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. ഇതിന്റെ അതേ ചുവട് വെച്ച് ഏതാണ്ട് ഇതേ താരങ്ങളെ വെച്ച് സുനില്‍ അടുത്ത വര്‍ഷം വൃദ്ധന്മാരെ സൂക്ഷിക്കുക എന്നൊരു ചിത്രമായി വന്നു. സുരേഷ് ഗോപിക്ക് പകരം ആ വര്‍ഷം തിളങ്ങി നിന്ന ജയറാമിനെയും ഗസ്റ്റ് റോളില്‍ കൊണ്ട് വന്നു. അതിന് പക്ഷെ ഈ വിജയം ആവര്‍ത്തിക്കാന്‍ ആയില്ല.


ഇനി അന്ന് വായിച്ച ഒരു അണിയറ വിശേഷം പറയാം ഇതിന്‍റെ കഥ അന്‍സാര്‍ ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെടതെയോ എന്തോ പുള്ളി അന്ന് നോ പറഞ്ഞു. കഥ കേള്‍പ്പിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചെറുതായി പുള്ളിയെ എന്തോ കളിയാക്കുകയും ചെയ്തു. ആ വാശിക്കാണ് ക്രിസ്മസിന് സുക്രുതത്തിന്‍റെ കൂടെ തന്നെ മാനത്തെ കൊട്ടാരം റിലീസ് ചെയ്യിച്ചത് എന്ന് കേട്ടിട്ടുണ്ട്.

No comments:

Post a Comment