Monday, August 25, 2014

കോളേജ് ഡെയ്സ് - 2 !!




അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടെ ടൌണില്‍ തന്നെയുള്ള വേറൊരു കോളേജില്‍ മൂന്നാം വര്‍ഷം ചേര്‍ന്നു. ജാസ്മിനെ അവളുടെ വീട്ടുകാര്‍ ടൌണിലെ ഒരു ഗേള്‍സ്‌ കോളേജില്‍ കൊണ്ട് പോയി ചേര്‍ത്തു. ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കാന്‍ വേണ്ടിയാണു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ എന്റെ കോളേജിന്‍റെ താഴെ നില്‍ക്കുന്നു. അന്ന് എന്‍റെ ജന്മ ദിനം ആയതു കൊണ്ട് കയ്യില്‍ കുറച്ചു റോസാപൂക്കള്‍ പിടിച്ചാണ് അവള്‍ നിന്നിരുന്നത്. ഇവളെന്താ ഇവിടെ എന്ന് ആലോചിച്ച് ചെന്ന് ചോദിച്ചപ്പോളാണ് കാര്യം അറിഞ്ഞത്. അവള്‍ ആദ്യ ദിവസം തന്നെ അവിടെ നിന്ന് അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്തു ഞാന്‍ പഠിക്കുന്ന കോളേജില്‍ തന്നെ വന്നു ചേര്‍ന്നതാണ് എന്ന്. ഇവിടെ അവള്‍ക്കു കൂട്ടായി ജ്യോതി എന്നൊരു കുട്ടിയും ഉണ്ടായി. എന്‍റെ കൂടെ നടക്കരുത് എന്ന് പറഞ്ഞു ഈ ജ്യോതി എന്നും അവളെ ഉപദേശിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ ജ്യോതിയുടെ പഴയ നമ്പര്‍ തപ്പി എടുത്തു അവളെ വിളിച്ചിരുന്നു. അവള്‍ ഇപ്പോള്‍ എറണാകുളത്താണ്. അടുത്ത അവധിക്കു എന്തായാലും അവളെ പോയി ഒന്ന് കാണണം. അപ്പോള്‍ പറഞ്ഞു വന്നത് അങ്ങനെ ഒരു വര്‍ഷം കൂടെ ഞങ്ങള്‍ക്ക് ഒരുമിച്ചു പഠിക്കാന്‍ കഴിഞ്ഞു. ഓണത്തിന് പൂക്കള മത്സരം നടന്ന ദിവസം ഞങ്ങള്‍ അവിടത്തെ മാഷുമാര്‍ക്ക് ഒരു ഓണസദ്യ കൊടുത്തിരുന്നു.

ആ വര്‍ഷം അവസാനം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സോഷ്യല്‍ വര്‍ക്ക്‌ഡേ ഉണ്ടായിരുന്നു. പൂങ്കുന്നത്തുള്ള ഒരു കോളനി ക്ലീന്‍ ചെയ്യലായിരുന്നു പണി. 2000 നവംബര്‍ 17. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. അന്ന് വര്‍ക്ക്‌ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഉള്ള ഒരു വീട്ടുകാര്‍ ഞങ്ങള്‍ക്ക് കപ്പയും മുളക് ചമ്മന്തിയും തന്നു. ജാസ്മിനും ജ്യോതിയും കൂടെ ആയിരുന്നു അതിന്‍റെ വിതരണം. ഞാനും ഷാനിയും ഷാനുവും എല്ലാം ഇലയിട്ടു താഴെ ഇരിക്കുന്നു. അന്ന് ജാസ്മിന്‍ എന്‍റെ ഇലയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു "എന്നും ഇത് പോലെ വിളമ്പി തരുമോ എന്ന്? അവള്‍ "അയ്യട, എന്തൊരു മോഹം" എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് പോയി. പിന്നീട് എന്‍റെ ആ ചോദ്യം സത്യമായി മാറി. കഴിഞ്ഞ കുറെ വര്‍ഷമായി അവളാണ് എനിക്ക് വിളമ്പി തരുന്നത്. ആ കോളനിയിലേക്ക് അവളുടെ കൂടെ ഒരിക്കല്‍ കൂടെ ഒന്ന് പോകാന്‍ കരുതിയിട്ട്‌ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നും അവിടെ എത്തുമ്പോള്‍ നേരം വൈകിയ കാരണം വീട്ടില്‍ പോകാറാണ് പതിവ്.

ഡിഗ്രി അവസാന വര്‍ഷം ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും പരമാവധി ഉഴപ്പി. അങ്ങനെ ഞങ്ങളുടെ ഡിഗ്രി ക്ലാസ്സ്‌ തീരാന്‍ ഒരു മാസം കൂടെ ബാക്കി നില്‍ക്കെ പെട്ടെന്ന് ഒരു ദിവസം മഹേഷ്‌ സര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു " ഇന്നത്തോടെ നിങ്ങളുടെ ക്ലാസ്സ്‌ തീരുകയാണ്. നിങ്ങളുടെ സിലബസ് എല്ലാം പഠിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു മാസം എല്ലാവരും വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി എന്ന്. പുള്ളി അതും പറഞ്ഞു പോയി. ഞങ്ങള്‍ എല്ലാവരും ഒന്ന് ഞെട്ടി. ഞാനും ജാസ്മിനും പരസ്പരം നോക്കി. പെട്ടെന്നൊരു പിരിഞ്ഞു പോക്ക് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല. ഞാനും ഷാനിയും കൂടെ മഹേഷ്‌ സാറിനോട് ചോദിച്ച് പിറ്റേ ദിവസം മുതല്‍ ക്ലാസ്സില്‍ വന്നു ഒരു ഗ്രൂപ്പ് സ്റ്റഡി നടത്തിയെങ്കിലും അതും അധികം മുന്‍പോട്ടു പോയില്ല. അങ്ങനെ മൂന്നു വര്‍ഷത്തെ ഞങ്ങളുടെ ഡിഗ്രി ജീവിതത്തിനു നിനച്ചിരിക്കാതെ തിരശീല വീണു. ഇന്നിപ്പോള്‍ ഷാനിയുടെ ഭാര്യ ഫെമി ഞങ്ങളോട് പഴയ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ആ പഴയ കോളേജ് പിള്ളേരാകും, അന്നത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു പൊട്ടിച്ചിരിക്കും.

അതിനു ശേഷം പിന്നീട് രണ്ടു മാസത്തിനു ശേഷം ഫൈനല്‍ ഇയര്‍ എക്സാം നടന്നു. കൂര്‍ക്കഞ്ചേരിയില്‍ ആയിരുന്നു എക്സാം സെന്‍റര്‍. പിന്നെയും രണ്ടു മാസം അവധി. ജാസ്മിന്‍ ആ സമയത്ത് ടൈപ്പ് പഠിക്കാന്‍ ടൌണില്‍ വരുമായിരുന്നു. അപ്പോള്‍ ഇടയ്ക്കു ഞങ്ങള്‍ കാണാറുണ്ട്. എങ്കിലും പഴയ പോലെ അധികം സമയം കിട്ടിയിരുന്നില്ല. പിന്നെ അവള്‍ ടൈപ്പ് നിര്‍ത്തി, ടൌണില്‍ വരാതായി. മൊബൈല്‍ ഫോണ്‍ ഒന്നും പോപ്പുലര്‍ ആകാത്ത കാലം. അന്നൊക്കെ എല്ലാ ആഴ്ചയും ജാസ്മിന്‍ എനിക്ക് കത്തുകള്‍ അയക്കുമായിരുന്നു. ഞാന്‍ എന്നും പോസ്റ്റ്മാന്‍ സദേട്ടനെ കാത്തു നില്‍ക്കും, പുള്ളി വൈകുന്ന ദിവസം ആളെ അന്വേഷിച്ചു ഞാന്‍ സൈക്കിളില്‍ പോകുമായിരുന്നു. ഇടക്കൊരു ദിവസം ആളുടെ വീട്ടില്‍ പോയും കത്ത് വാങ്ങിച്ചിട്ടുണ്ട്. ആ കത്തുകളെല്ലാം ഇന്നും എന്‍റെ വീട്ടില്‍ ഇരിക്കുന്നുണ്ട്.

രണ്ടു മാസം കഴിഞ്ഞു റിസള്‍ട്ട് വന്നു. എന്‍റെയും രാജേഷിന്‍റെയും ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒന്ന് രണ്ടു പേപ്പര്‍ പോയിരുന്നു. അവര്‍ക്കിനി സപ്പ്ളി എഴുതണം. രാജേഷ്‌ വേറെ എന്തോ കോഴ്സ് പഠിക്കാന്‍ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാന്‍ അതെ കോളേജില്‍ തന്നെ M.Com-ന് ചേര്‍ന്നു. BCom-ന് ഞങ്ങള്‍ ഇരുന്ന അതെ ക്ലാസ്സ്‌ റൂം ആണ് എനിക്ക് കിട്ടിയത്. ആദ്യത്തെ ദിവസം ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍ എനിക്ക് വട്ടു പിടിച്ചു. ജാസ്മിന്‍ ഇല്ലാത്ത, ഷാനുവും,ഷാനിയും, രാജേഷും ഇല്ലാത്ത അവരുടെ പൊട്ടിച്ചിരികള്‍ ഇല്ലാത്ത ആ ക്ലാസ്സ്‌ റൂം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിച്ചിരുന്ന ആ ക്ലാസ്സില്‍ ഇന്ന് ഞാന്‍ തനിച്ച്. അവര്‍ ഇരുന്നിരുന്ന ബഞ്ചുകള്‍ അങ്ങനെ കാലിയായി കിടക്കുന്നത് കാണുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ ഞാന്‍ മഹേഷ്‌ സാറിനോട് കാര്യം പറഞ്ഞു. അങ്ങനെ എനിക്ക് വേണ്ടി Mcom ക്ലാസ്സ്‌ വേറെ റൂമിലേക്ക്‌ മാറ്റി. അവിടെ വെച്ചാണ്‌ സീമയെ പരിചയപ്പെടുന്നത്.

എന്‍റെ സബ്ജക്റ്റ് മാര്‍ക്കറ്റിംഗ് ആയതു കൊണ്ട് രണ്ടാം വര്‍ഷം എനിക്ക് ക്ലാസ്സ്‌ ഉണ്ടായില്ല. ഞാന്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എങ്കിലും ഇടയ്ക്കു ടൌണില്‍ പോകാറുണ്ട്. ഒരിക്കല്‍ ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സാറിനെ ടൌണില്‍ വെച്ച് കണ്ടു. അന്ന് പുള്ളി ഒരു ഇന്‍ഷുറന്‍സ് എജന്‍റ്റ് ആയിരുന്നു. ഒരു പോളിസി എടുക്കാന്‍ എന്നെ കുറെ നിര്‍ബന്ധിച്ചു. ജോലി ഒന്നും ആയിട്ടില്ല മാഷെ, പിന്നെ ആകാം എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. എന്നാ ശരി, ഞാന്‍ പോട്ടെ എന്ന് പറഞ്ഞു പുള്ളി നടന്നു പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നെ ഒരിക്കലും മാഷെ ഞാന്‍ കണ്ടിട്ടില്ല. പുള്ളിയൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ? ദൈവത്തിനറിയാം.

ആ സമയത്താണ് ഡിഗ്രിക്ക് ഞങ്ങളുടെ കൂടെ പഠിച്ച മിലി ആത്മഹത്യ ചെയ്ത വാര്‍ത്ത‍ ഞങ്ങള്‍ അറിയുന്നത്. അവളുടെ വീടിനു അടുത്തുള്ള ഒരുത്തന്‍ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഒരു പ്രേമനൈരാശ്യം ആയിരുന്നു കാരണം എന്നും കേട്ടു. അന്ന് അത് ജാസ്മിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. ഞങ്ങളുടെ കാര്യവും അങ്ങനെ ആകുമോ എന്നൊക്കെ അവള്‍ ഭയന്നിരുന്നു. അപ്പോളാണ് ഞാന്‍ തൃശ്ശൂര്‍ സോഫ്റ്റ്‌ടെകില്‍ ജോലിക്ക് കയറുന്നത്. ആ പിന്നീട് അങ്ങോട്ടേക്ക് ഞാന്‍ ജാസ്മിനെ കൊണ്ട് വരികയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം അന്നാണ് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അങ്ങനെ അവളും ഞാനും ഒരേ സ്ഥാപനത്തില്‍ വെവ്വേറെ സ്ഥലങ്ങളിലായി ജോലി ചെയ്തു. വീണ്ടും പ്രണയ ദിനങ്ങള്‍. വൈകീട്ട് ജോലി കഴിഞ്ഞു പോകുമ്പോള്‍ ടൌണില്‍ കണ്ടിരുന്ന ദിവസങ്ങള്‍. അന്നാണ് ഞാന്‍ അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത്. പിന്നീട് നാല് വര്‍ഷം കഴിഞ്ഞായിരുന്നു ഞങ്ങളുടെ കല്യാണം. അതിനിടയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍..കോലാഹലങ്ങള്‍..ആ കഥകളെല്ലാം പിന്നെയൊവസരത്തില്‍ പറയാം.

Friday, August 22, 2014

കോളേജ് ഡെയ്സ് - 1 !!




ഒരു ആഗസ്റ്റ്‌ മാസം കൂടെ കടന്നു പോകുന്നു. പതിനാറ് വര്‍ഷം മുന്‍പ് ഇത് പോലൊരു ആഗസ്റ്റ്‌ മാസത്തിലാണ് ആണ് ഞാന്‍ എന്‍റെ ഡിഗ്രി ക്ലാസ്സില്‍ ആദ്യമായി ചെല്ലുന്നത്. കൃത്യമായി പറഞ്ഞാല്‍ 1998 ആഗസ്റ്റ്‌ 12 ബുധനാഴ്ച്ച. അവിടെ വെച്ചാണ്‌ ഞാന്‍ ആദ്യമായി ജാസ്മിനെ കാണുന്നത്. ഞാന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ അവളും ലെജിനും ഉണ്ടായിരുന്നു. അവര്‍ ഇരുന്ന ബഞ്ചിന്‍റെ സൈഡില്‍ എനിക്കും കൂടെ ഒരു സീറ്റ് തന്നാണ് ഞങ്ങളുടെ സൌഹൃദം തുടങ്ങിയത്. അവള്‍ എന്നോട് പേര് ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. അന്ന് എനിക്ക് അറിയാമായിരുന്നോ നാളെ ഇവളാണ് എന്‍റെ ഭാര്യയായി വരുന്നവള്‍ എന്ന്. പിന്നീടു ഞാനും ലജിനും കൂടെ ക്ലാസ്സില്‍ പോയി ഒരേ ബഞ്ചില്‍ ഇരുന്നു. ജാസ്മിന് കൂട്ടായി മിലി എന്നൊരു പെണ്‍കുട്ടി മാത്രമേ ഉണ്ടായുള്ളൂ. ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് ഷാനു കയറി വന്നത്. അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നവരാണ് ഷാനിയും, രാജേഷും, വിബിനും, മുദസറും, നവീനും എല്ലാം. ആ വര്‍ഷം ഓണത്തിന് കോളേജില്‍ പൂക്കള മത്സരം ഉണ്ടായിരുന്നു. ആ അവധിക്കാണ് ജാസ്മിന്‍റെ ഒരു ഓണം വിഷസ് കാര്‍ഡ്‌ എനിക്ക് കിട്ടുന്നത്. അവധി കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ തൊട്ടു ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം ആയി. ക്ലാസ്സില്‍ പിന്നെ ഞങ്ങളും ഷാനുവും ലെജിനും നല്ല കമ്പനി ആയി. ക്ലാസ്സ്‌ കഴിഞ്ഞു എന്നും ഒരുമിച്ചാണ് ഞങ്ങള്‍ പോയിരുന്നത്. ഒരിക്കല്‍ അവിടെ പുതിയതായി തുറന്ന ഒരു ഹോട്ടലില്‍ ഞാനും ഷാനുവും കൂടെ ഊണ് കഴിക്കാന്‍ പോയി. അവിടെ വെച്ച് ഇരുന്നിരുന്ന അവിടത്തെ പുതിയ കസേര ഒടിഞ്ഞു ഷാനു താഴെ വീണു. രണ്ട് കാലും പൊക്കിയുള്ള അവന്‍റെ കിടപ്പ് കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവന്‍ എന്നെ ദയനീയമായി നോക്കിയതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ ലെജിന്‍റെ ഷര്‍ട്ടില്‍ എന്തോ കറ ആയെന്നും പറഞ്ഞു ഞങ്ങള്‍ നടുറോഡില്‍ വെച്ച് അവന്‍റെ ഷര്‍ട്ട് അഴിപ്പിച്ച് അവിടെയുള്ള ഒരു പൈപ്പ് തുറന്ന് കഴുകിച്ചു. അന്നത്തെ അവന്‍റെ കോലം കണ്ടു ഞാനും ഷാനുവും കുറെ ചിരിച്ചു. അവരില്ലാതെ ആ വഴി പോകുമ്പോളൊക്കെ ആ പൈപ്പ് കണ്ടാല്‍ എനിക്ക് ആ സംഭവം ഓര്‍മ്മ വരും. ആദ്യ വര്‍ഷം മുഴുവന്‍ അങ്ങനെ കുറെ സംഭവങ്ങളും,സിനിമകളും, ചിരികളും ആയി കടന്നു പോയി. എക്സാം ആയപ്പോള്‍ ആ കളിയും ചിരിയും എല്ലാം മാറി. ആ വര്‍ഷം അവസാനമാണ് ഞാനും ജാസ്മിനും തമ്മില്‍ ഇഷ്ട്ടത്തില്‍ ആകുന്നത്. അന്ന് വിബിന്‍ ഞങ്ങളുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതി വെക്കുമായിരുന്നു. ചെറിയ തമാശകള്‍ക്ക് പോലും പൊട്ടിച്ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് വെറുതെ തോന്നിയ ഒരിഷ്ട്ടം പിന്നീടെപ്പോളോ സീരിയസ് ആകുകയായിരുന്നു.

ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സര്‍, ഇംഗ്ലീഷ് അധ്യാപകന്‍ വിജയന്‍ മാഷ്, ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച ബ്രാഡ് ലീ , കമ്പ്യൂട്ടര്‍ ടീച്ചര്‍ ഷാലി മിസ്സ്‌, പിന്നെ നിഷ, ഫരീദ, ഫിലോമിന അങ്ങനെ കുറെ അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ടീച്ചര്‍ ആയിരുന്നു ശ്രീകല ടീച്ചര്‍. അവര്‍ ഞങ്ങളുടെ പ്രിന്‍സിപ്പള്‍ മധു സാറിന്‍റെ ഭാര്യ ആയിരുന്നു. എന്നെ ശിരാജ് എന്നാണ് വിളിച്ചിരുന്നത്‌. പുതിയ വര്‍ഷം അതായതു 2000 ജനുവരി ഒന്നിന് കാലത്ത് കോളേജില്‍ വന്നപ്പോള്‍ കുട്ടികള്‍ എല്ലാം കോളേജിന്‍റെ താഴെ കൂടി നില്‍ക്കുന്നു. അപ്പോളാണ് ശ്രീകല ടീച്ചര്‍ മരിച്ച കാര്യം ഞങ്ങള്‍ അറിഞ്ഞത്. അന്ന് കാലത്ത് ബാത്‌റൂമില്‍ വീണു പരിക്ക് പറ്റിയതാണ് എന്ന് കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് ആര്‍ക്കും ടീച്ചറെ അവസാനമായി കാണാന്‍ പറ്റിയില്ല. ടീച്ചറും ജാസ്മിനും കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ ഞാന്‍ എടുത്തത്‌ ഇപ്പോളും എന്‍റെ കയ്യിലുണ്ട്. രണ്ടാം വര്‍ഷം ആയപ്പോള്‍ മിലി അടക്കം കുറേ കുട്ടികള്‍ വേറെ കോളേജില്‍ പോയി. ഞങ്ങള്‍ ഏഴു ആണ്‍കുട്ടികളും, പിന്നെ ജാസ്മിനും രണ്ടാം വര്‍ഷവും ഇവിടെ തന്നെ തുടര്‍ന്നു. അപ്പോളാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്. എന്തായാലും ഈ കാര്യം ഞങ്ങളുടെ വീട്ടിലും കോളേജിലും അറിഞ്ഞ് കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി. എങ്കിലും അതൊക്കെ തരണം ചെയ്തു ഞങ്ങള്‍ മുന്‍പോട്ടു പോയി. രണ്ടാം വര്‍ഷം ക്ലാസ്സ്‌ അവസാനിക്കാറായപ്പോളാണ് ഡിഗ്രി അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് അവിടെ ക്ലാസ്സ്‌ ഇല്ല എന്ന് അറിഞ്ഞത്. മറ്റു കോഴ്സ് എല്ലാം പതിവ് പോലെ തുടര്‍ന്നു. രണ്ടു വര്‍ഷം പഠിച്ച കോളേജില്‍ നിന്ന് പെട്ടെന്ന് ഇറങ്ങണം എന്ന് പറഞ്ഞപ്പോള്‍ അന്ന് അതിന്‍റെ ശരിയായ കാരണം ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് ഞങ്ങളുടെ ഈ ഇഷ്ട്ടം കൊണ്ടായിരുന്നു എന്ന് അവിടത്തെ ഒരു സാറിനെ പിന്നെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. അത് അത്ര മാത്രം ശരിയാണ് എന്നെനിക്കറിയില്ല. ഒരു പക്ഷെ ഞങ്ങള്‍ കാരണം കോളേജില്‍ ഒരു പ്രശ്നം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാകാം. മൂന്നാം വര്‍ഷം ഏതു കോളേജില്‍ പോകും, അഡ്മിഷന്‍ എങ്ങനെ കിട്ടും എന്നൊന്നും അറിയാതെ ഞങ്ങള്‍ 8 പേരും കൂടെ അവിടെ നിന്ന് പടിയിറങ്ങി..

Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..

Sunday, August 3, 2014

നിങ്ങളില്ലാതെ എനിക്കെന്താഘോഷം?


ഡിഗ്രി കഴിഞ്ഞ് ഞാന്‍ അതെ കോളേജില്‍ തന്നെ Mcom-ന് ചേര്‍ന്നു. ക്ലാസ്സില്‍ ഞാനും ഒരു ജോബിയും പിന്നെ മൂന്നു പെണ്‍കുട്ടികളും മാത്രം. ഈ ജോബി അങ്ങനെ സ്ഥിരമായി ക്ലാസ്സില്‍ വരാറില്ല. അത് കൊണ്ട് തന്നെ ഈ മൂന്നു പെണ്‍കുട്ടികളുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി. അതില്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു സീമ. എന്നും എന്തെങ്കിലും വിശേഷങ്ങള്‍ പറഞ്ഞ്, അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഇടക്ക് അവള്‍ സ്വന്തമായി ഉണ്ടാക്കിയ ചില ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എനിക്ക് കൊണ്ട് തരും. അതൊക്കെ ഇപ്പോളും എന്‍റെ വീട്ടില്‍ ഉണ്ട്. അങ്ങനെ രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. കോഴ്സ് കഴിഞ്ഞ ഉടനെ അവളുടെ വിവാഹമായി. 2003 Nov 30 ആയിരുന്നു വിവാഹ തിയ്യതി. എന്നോട് എന്തായാലും വരണം എന്ന് അവള്‍ പറഞ്ഞിരുന്നു. ഉണ്ടാകും എന്ന് ഞാന്‍ വാക്കും കൊടുത്തു. ആ വര്‍ഷമാണ്‌ മോഹന്‍ലാല്‍ അഭിനയ ജീവിതം 25 വര്‍ഷം പിന്നിട്ടതിന്‍റെ ആഘോഷങ്ങള്‍ നടന്നത്. അതിന്‍റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് അവരുടെ കസ്റ്റമേഴ്സിന് വേണ്ടി "പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ്സ്" എന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന സ്ലോഗന്‍ ഒക്കെ അതിന്‍റെ ഭാഗമായിരുന്നു.



എന്‍റെ സുഹൃത്ത്‌ സഖരിയ ആ പരിപാടിയുടെ ഒരു ടീം മെമ്പര്‍ ആയിരുന്നു. അവന്‍ എന്നെയും കൂട്ടുകാരെയും ആ പരിപാടിക്ക് വളണ്ടിയര്‍ ആകാന്‍ വിളിച്ചു. താരങ്ങളെ ഒക്കെ ഒന്ന് അടുത്ത് കാണാമല്ലോ എന്ന് കരുതി ഞാനും അവരുടെ കൂടെ കൂടി. Nov 29ന് രാത്രി ഏഴു മണിക്ക് എറണാകുളത്തായിരുന്നു ആ പരിപാടി. ഓരോ ബസ്സ്‌ നിറയെ കല്യാണിന്‍റെ കസ്റ്റമേഴ്സുണ്ടാകും. സ്റ്റേഡിയം എത്തിയാല്‍ ഉടനെ അവര്‍ക്ക് ചായ കൊടുക്കുക, ഇരിക്കാനുള്ള സീറ്റ്‌ കാണിച്ചു കൊടുക്കുക, പരിപാടി കഴിഞ്ഞാല്‍ തിരിച്ചു തൃശ്ശൂരില്‍ എത്തിക്കുക, അത്രയുമാണ് ഞങ്ങളുടെ ചുമതല. ഒരു ബസില്‍ ഞാന്‍, വേറെ ബസില്‍ സെഹീര്‍,പിന്നൊരു ബസില്‍ സുധീഷ്..അങ്ങനെ അങ്ങനെ. വൈകീട്ട് തൃശ്ശൂര്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പറഞ്ഞ സമയത്ത് എറണാകുളം എത്തി. പക്ഷെ അവിടെ നിന്ന് അങ്ങോട്ട്‌ വണ്ടി നീങ്ങുന്നില്ല. അത്രക്കും ട്രാഫിക്‌ ബ്ലോക്ക്‌, പോരാത്തതിനു നല്ല മഴയും. പരിപാടി തുടങ്ങാനുള്ള സമയം ആയിട്ടും ഞങ്ങള്‍ സ്റ്റേഡിയം എത്തുന്നില്ല. ഞാന്‍ സംഘാടകരെ വിളിച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് എന്നോട് അവരെയും കൊണ്ട് നടന്നോളാന്‍ നിര്‍ദേശം കിട്ടി. അങ്ങനെ ആ മഴയത്ത് ഞാന്‍ അവരെയും കൊണ്ട് ഇറങ്ങി നടന്നു, എന്‍റെ പിന്നില്‍ ഒരു ജാഥ പോലെ കല്യാണിന്‍റെ ഒരു കൂട്ടം കസ്റ്റമേഴ്സും. ഒടുവില്‍ നടന്ന്‍ നടന്ന്‍ ഞങ്ങള്‍ കലൂര്‍ സ്റ്റേഡിയം എത്തി. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് കയറാനുള്ള എല്ലാ വാതിലും അടച്ചിരിക്കുന്നു. പുറത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ഇവരെയും കൊണ്ട് പല വാതിലിലേക്കും പോയി ഒരു രക്ഷയുമില്ല. അപ്പോഴും മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ അവിടെ കണ്ട സെക്യൂരിറ്റികളോട് കാര്യം പറഞ്ഞു നോക്കി അവരും കൈ മലര്‍ത്തി. എല്ലാവരുടെ കയ്യിലും പാസ്‌ ഉണ്ടായിട്ടും, ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റിയില്ല.

അപ്പോളാണ് ഇതേ പ്രശ്നം പറഞ്ഞു സെഹീറും സുധീഷും എന്നെ വിളിക്കുന്നത്. ഞങ്ങള്‍ സഖരിയയെ വിളിച്ചു നോക്കി, അവന്‍റെ ഫോണ്‍ ഓഫായിരുന്നു. അകത്തു പരിപാടി തുടങ്ങിയതോടെ എന്‍റെ പിന്നാലെ വന്നിരുന്നവര്‍ അവര്‍ക്ക് എങ്ങനെ എങ്കിലും അകത്തേക്ക് കടക്കണം എന്ന് പറഞ്ഞു ബഹളം തുടങ്ങി. എന്‍റെ നിസ്സഹായത ഞാന്‍ പറഞ്ഞു നോക്കി. അതൊന്നും അവര്‍ കേള്‍ക്കുന്നില്ല. അവരെ കൊണ്ട് വന്നത് ഞാന്‍ ആയതു കൊണ്ട് അകത്തേക്ക് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കാണ് എന്നാണ് പറയുന്നത്. സമയം പിന്നെയും കടന്നു പോയി. നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ട് കിട്ടുന്നില്ല. ഞാന്‍ കല്ല്യാണിന്‍റെ ചില പയ്യന്മാരെ പോയി കണ്ടു കാര്യം പറഞ്ഞു. നോക്കിയപ്പോള്‍ അവരും ഞങ്ങളെ പോലെ അകത്തു കടക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് എന്ന് അറിഞ്ഞു. അത്ര നേരവും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ സംഘം എന്‍റെ പിന്നാലെ നടക്കുകയാണ്. ഒടുവില്‍ അവരുടെ ക്ഷമ കെട്ടു തുടങ്ങി. അവര്‍ എന്നെ പഞ്ഞിക്കിടും എന്ന ഒരു ഘട്ടം വന്നപ്പോള്‍ ഞാന്‍ അവരെ സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്ത്‌ നിര്‍ത്തി. എന്നിട്ട് പറഞ്ഞു " അതേ, നമ്മള്‍ ഇങ്ങനെ എല്ലാവരും കൂടെ ഈ സ്റ്റേഡിയം വലം വെച്ചിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ കുറച്ചു പേര്‍ എന്‍റെ കൂടെ വാ, നമുക്ക് എങ്ങനെ എങ്കിലും അകത്തേക്ക് ഇടിച്ചു കയറാം. എന്നിട്ട് ഇതിന്‍റെ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടു കാര്യം പറയാം. എന്നാലെ ബാക്കിയുള്ളവര്‍ക്കും കൂടെ അകത്തു കേറാന്‍ പറ്റൂ". എന്‍റെ ആ അഭിപ്രായം അവര്‍ അംഗീകരിച്ചു. അങ്ങനെ കൂട്ടത്തില്‍ തടി മിടുക്കുള്ള മൂന്നു പേര്‍ എന്‍റെ കൂടെ വന്നു. ഞങ്ങള്‍ ഒരുമിച്ചു അങ്ങോട്ട്‌ നടക്കുമ്പോള്‍ അവിടെ ഒരു ബഹളം. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചിലരെ പോലീസുകാര്‍ ലാത്തി വെച്ച് അടിച്ചോടിക്കുന്നു. ആ ബഹളത്തില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചിതറി ഓടി. അടി കൊള്ളാതിരിക്കാന്‍ വേണ്ടി ഞാനും ഓടി. പിന്നെ നോക്കുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന തടിയന്മാരെ കാണാനില്ല. ഞാന്‍ കുറച്ചു ദൂരെ ഒരിടത്ത് ചെന്ന് നിന്ന്‍ കിതക്കുകയാണ്. അപ്പോളാണ് സഖരിയ അകലെ നിന്ന് ഓടി വരുന്നത് കണ്ടത്. ഞാന്‍ അവനെ ഉറക്കെ വിളിച്ചു " ടാ സഖരിയാ. അവന്‍ എന്നെ കണ്ടു. "ടാ സിറാജെ, ജീവന്‍ വേണേല്‍ ഓടിക്കോ" എന്നും പറഞ്ഞാണ് അവന്‍ എന്‍റെ അടുത്തേക്ക് വരുന്നത്. ഞാന്‍ നോക്കുമ്പോള്‍ അവന്‍ എന്‍റെ അടുത്ത് നില്‍ക്കാതെ ഓട്ടം തുടരുകയാണ്. കാര്യം പറയടാ പുല്ലേ എന്നും പറഞ്ഞു ഞാനവന്‍റെ പിന്നാലെ ഓടി. ആ ഓട്ടം അവന്‍ ചെന്ന് നിന്നത് മെയിന്‍ റോഡിലാണ്. പിന്നെയാണ് അറിഞ്ഞത് ബസില്‍ ഉണ്ടായിരുന്നവര്‍ അവനെ അടിക്കാന്‍ നിന്നപ്പോള്‍ ഓടിയതാണെന്ന്. അവരുടെയൊക്കെ ധാരണ ഞങ്ങള്‍ എല്ലാവരും കല്യാണ്‍ സ്റ്റാഫ്‌ ആണെന്നാണ്. കുറെ കോള്‍സ് വന്നപ്പോള്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ചെയ്തു വെച്ചു.

കുറെ കഴിഞ്ഞു മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ പോയി. ആരെങ്കിലും കണ്ടാല്‍ പെട്ടെന്ന് ആളെ അറിയാതിരിക്കാന്‍ വേണ്ടി ഷര്‍ട്ടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടാണ് പോയത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും അവിടെ കാണാനില്ല. അവര്‍ അകത്തേക്ക് കയറിയോ അതോ മടങ്ങി പോയോ എന്നൊന്നും അറിയില്ല. അപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടു പേരും അകത്തേക്ക് കയറി. വെള്ളം വീണു സ്റ്റേഡിയം ആകെ നാശകോശമായി കിടക്കുന്നു. ആള്‍ക്കാരൊക്കെ അവിടെയും ഇവിടെയുമായി ചിതറി നിന്ന് പരിപാടി കാണുന്നുണ്ട്. കുറെ പേര്‍ മടങ്ങി പോകുന്നുണ്ട്. ഈ മഴയും നമുക്ക് ഒരു ആഘോഷമാക്കാം എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. എങ്കിലും അതൊന്നും ആരും കേള്‍ക്കുന്നില്ല. അകത്തു വെച്ചാണ്‌ ഞങ്ങള്‍ കൂട്ടുകാരെ പലരെയും കണ്ടത്. എല്ലാവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ. രാത്രി ഏറെ വൈകിയാണ് പരിപാടി കഴിഞ്ഞത്. എന്തായാലും ആര്‍ക്കും അടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നും പറഞ്ഞു ഞങ്ങള്‍ മടങ്ങി പോന്നു. പാതിരാത്രി കുറെ നേരം ഞങ്ങള്‍ എല്ലാവരും കൂടെ റോഡിലിരുന്ന്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. ഞങ്ങള്‍ വന്ന വണ്ടിയൊക്കെ പോയത് കൊണ്ട് വേറെ ബസില്‍ കയറിയാണ് അന്ന് ടൌണിലേക്ക് വന്നത്. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണി കഴിഞ്ഞു. വന്ന ഉടനെ ഞാന്‍ കിടന്നുറങ്ങി, അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു. ഉച്ചക്ക് ഒരു മണി ആയപ്പോള്‍ ഉമ്മ എന്നെ വിളിച്ചു. ടാ ഇന്നല്ലേ നിന്‍റെ ഫ്രണ്ട് സീമയുടെ കല്യാണം? നീ പോകുന്നില്ലേ?" തലേ ദിവസത്തെ തിരക്കില്‍ ഞാന്‍ ആ കാര്യം മറന്നു പോയി. ഉറക്കത്തില്‍ പെട്ട കാരണം സമയം അറിഞ്ഞതുമില്ല. ഇനി ആ സമയത്ത് പോയിട്ടെന്തു കാര്യം? ഞാന്‍ യാത്ര ക്ഷീണം കാരണം ഉറങ്ങുന്നതല്ലേ എന്ന് കരുതിയാണത്രേ ഉമ്മ വിളിക്കാതിരുന്നത്. പിന്നീട് സീമ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. ആ മോഹന്‍ലാലും മഴയും കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്ന് ഞാന്‍ പറഞ്ഞു. അവള്‍ അത് കേട്ട് ചിരിച്ചു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷം കുറെ കഴിഞ്ഞു. ഇന്നും എനിക്ക് ആ കല്യാണം കൂടാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട്.

വാല്‍ക്കഷ്ണം: പിന്നീട് കുറെ നാള്‍ കഴിഞ്ഞു അന്ന് എന്‍റെ ബസിലുണ്ടായിരുന്ന കല്യാണിന്‍റെ ഒരു കസ്റ്റമറെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു. എന്നെ കണ്ടു പുള്ളി ഇങ്ങോട്ട് വന്നു ഹലോ പറയുവായിരുന്നു. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല, പക്ഷെ അയാള്‍ക്ക് എന്നെ നല്ല ഓര്‍മ്മയുണ്ട്. അവര്‍ക്ക് ആര്‍ക്കും അന്ന് പരിപാടിയൊന്നും കാണാന്‍ പറ്റിയില്ല, എല്ലാവരും പോയ ബസില്‍ തന്നെ ടൌണില്‍ തിരിച്ചു വന്നു. പിന്നീട് കല്യാണ്‍ അവര്‍ക്ക് എന്തോ ചില്ലറ നഷ്ട്ടപരിഹാരം കൊടുക്കുകയും ചെയ്തത്രേ. അന്നുണ്ടായ കാര്യങ്ങള്‍ എല്ലാം ഞാന്‍ അയാളോട് വിശദമായി പറഞ്ഞു. അങ്ങോരെല്ലാം കേട്ട് ചുമ്മാ ചിരിച്ചതെയുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ എന്നെ തല്ലിയൊന്നുമില്ല.

Saturday, August 2, 2014

എന്റെ അറിവും അഹന്തയും !!


ഞാന്‍ ഡിഗ്രി എല്ലാം കഴിഞ്ഞു അല്ലറ ചില്ലറ ടെസ്റ്റ്‌ എല്ലാം എഴുതി നടന്നിരുന്ന കാലം, എന്നാല്‍ അതിനു വേണ്ടി കാര്യമായി ഒന്നും പഠിക്കുകയോ തയ്യാറെടുക്കുകയോ ചെയ്തിരുന്നില്ല. അന്നും സിനിമ തന്നെ ആയിരുന്നു എന്റെ പ്രധാന വിനോദം. അത് കാരണം സ്ഥിരമായി വീട്ടില്‍ നിന്നും വഴക്ക് കേട്ടിരുന്ന കാലം. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സ്വകാര്യ ബാങ്കിന്റെ ടെസ്റ്റ് ഞാന്‍ എഴുതി, പതിവ് പോലെ ഒരു തയ്യാറെടുപ്പും കൂടാതെയാണ് ഞാന്‍ ആ ടെസ്റ്റ്‌ എഴുതാന്‍ പോയത്. പക്ഷെ എന്തോ ആ ടെസ്റ്റ്‌ എനിക്ക് കുറച്ചു എളുപ്പമായി തോന്നി, ഉത്തരങ്ങള്‍ എല്ലാം ആത്മവിശ്വാസത്തോടെ ഞാന്‍ എഴുതി. ആ ടെസ്റ്റ്‌ ഞാന്‍ പാസ്‌ആകും എന്നൊരു വിശ്വാസം എനിക്കുണ്ടായി, പക്ഷെ അത് ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. പറഞ്ഞിട്ട് ഒടുവില്‍ റിസള്‍ട്ട് ‌ വരുമ്പോള്‍ മറിച്ചായാലോ എന്നായിരുന്നു പേടി. അങ്ങനെ ആ ടെസ്റ്റിന്റെ കാര്യം ഞാന്‍ തന്നെ മറന്നിരിക്കുന്ന ഒരു സമയത്ത് ഒരു വൈകുന്നേരം ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പേരില്‍ ആ ബാങ്കിന്റെ ഒരു കവര്‍. ആകാംക്ഷയോടെ ഞാന്‍ അത് പൊട്ടിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ഞാന്‍ പാസ്‌ ആയിരിക്കുന്നു, അടുത്ത ആഴ്ച ഇന്റര്‍വ്യൂ ഉണ്ട്, അതിനു ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ള ഒരു ലെറ്റര്‍ ആയിരുന്നു അത്. ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞു, ഉപ്പയും ഉമ്മയും സന്തോഷത്തോടെ തന്നെ അത് ചിലരോടൊക്കെ പറഞ്ഞു. ഒരു കോച്ചിംഗ് ക്ലാസ്സിനും പോകാതെ ബാങ്ക് ടെസ്റ്റ്‌ പാസ്‌ ആയതിന്റെ ചെറിയൊരു അഹങ്കാരം എനിക്കുണ്ടായി. ഇതാണോ ഇത്ര വലിയ ആനക്കാര്യം എന്ന് എല്ലാവരും പറയുന്നത് എന്ന് ഞാന്‍ ആലോചിച്ചു.

അങ്ങനെ ആ ദിവസം ഞാന്‍ രാവിലെ ആ ബാങ്കിന്റെ ടൌണിലെ ഹെഡ് ഓഫീസില്‍ പോയി. അകത്തു ഇന്റര്‍വ്യൂ നടക്കുന്നു. എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ ആത്മവിശ്വാസത്തോടെ അകത്തേക്ക് ചെന്നു. അവിടെ നാല് പേര്‍ ഇരിക്കുന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു, ഞാന്‍ ഇരുന്നു. അവര്‍ എന്റെ സര്‍ട്ടിഫിക്കറ്റ് എല്ലാം നോക്കി. പിന്നെ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു, ഏതോ രാജ്യത്തിന്റെ കറന്സിാ, പിന്നെ reserve ബാങ്കിന്റെ എന്തോ,അങ്ങനെ ഈ നാല് പേരും നാല് ചോദ്യങ്ങള്‍ ചോദിച്ചു, ഒന്നിനും ഉത്തരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല, എന്റെ ചങ്ക് വരണ്ടു, നെഞ്ചിടിപ്പ് കൂടി. ഒടുവില്‍ അവര്‍ എന്നോട് You can go " എന്ന് പറഞ്ഞു..അങ്ങനെ പരാജയപ്പെട്ടവന്റെ വേദനയുമായി തല താഴ്ത്തി ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു ഇതാണോ ഞാന്‍ അഹങ്കരിച്ച എന്റെ അറിവ്? ഇതാണോ എനിക്കുണ്ട് എന്ന് ഞാന്‍ കരുതിയിരുന്ന ആത്മവിശ്വാസം? അന്ന് ആ ബാങ്കിന്റെ പടി ഇറങ്ങുമ്പോ ഞാന്‍ മനസ്സിലാക്കി.. ഉണ്ട് എന്ന് ഞാന്‍ കരുതുന്നതല്ല യാഥാര്ത്ഥ്യം .പിന്നീട് ഒരിക്കലും അങ്ങനെയൊരു അഹങ്കാരം എനിക്ക് ഉണ്ടായിട്ടില്ല.