Sunday, November 20, 2016

Sikharam Thodu (2014) - Review


സിഖരം തൊട് (2014)



Spilers Ahead..

ചെല്ല പാണ്ട്യന്‍ (സത്യരാജ്) വികലാംഗനായ ഒരു പോലീസ്കാരന്‍ ആണ്. ഇന്നയാള്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുകയാണ്. അയാള്‍ക്ക് ഒരു ആഗ്രഹമേ ഉള്ളൂ, തന്‍റെ ഏക മകന്‍ മുരളിയെ (വിക്രം പ്രഭു) ഒരു ഇന്‍സ്പെക്ടര്‍ ആക്കണം. അച്ഛന്‍റെ അവസ്ഥ ചെറുപ്പത്തിലെ കണ്ടു മനസ്സ് മടുത്ത മുരളിക്ക് പക്ഷെ എങ്ങനെ എങ്കിലും ഒരു ബാങ്ക് മാനേജര്‍ ആകണം എന്നാണ് മനസ്സില്‍. എന്നാലും അച്ഛനോട്‌ അവന്‍ അത് ഇത് വരെ പറഞ്ഞിട്ടില്ല. ഒരു യാത്രയിലാണ് അവന്‍ അംബുജത്തെ കാണുന്നത്. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. അവളാകട്ടെ എന്ത് വന്നാലും ഒരു പോലീസ്കാരനെ കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളതാണ്.

പിന്നീട് ഒരു സാഹചര്യത്തില്‍ മുരളിക്ക് പോലീസ് SI സെലക്ഷന്‍ കിട്ടുന്നു. അവന്‍ ആ ജോലി കഴിയുന്നതും ഒഴിവാക്കാന്‍ നോക്കിയിട്ടും നടക്കുന്നില്ല. അച്ഛന്‍ ഹാപ്പി ആയെങ്കിലും അംബുജം അയാളുമായി അകലുന്നു . പിന്നീട് ഒരു 30 ദിവസത്തേക്ക് മാത്രം ആയി അവന്‍ കാക്കി ഇടുന്നു. നഗരത്തിലെ സ്റ്റേഷനില്‍ SI ആയി ചാര്‍ജ് എടുക്കുന്നു. കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ 29 ദിവസം പിന്നിടുന്നു. പക്ഷെ മുപ്പതാമത്തെ ദിവസം നടക്കുന്ന ചില സംഭവങ്ങള്‍ മുരളിയുടെ പ്ലാന്‍സ് എല്ലാം മാറ്റി മറിക്കുന്നു. അയാള്‍ പോലീസില്‍ തുടരുമോ എന്നതാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.


ഞാന്‍ വിക്രം പ്രഭുവിന്‍റെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളു. അറിമ നമ്പി. ആ ചിത്രം നല്ലൊരു ത്രില്ലര്‍ ആയിരുന്നു. അത് പോലെ ഒരു ചിത്രമാണ്‌ ഇതും. സംവിധായകന്‍ ഗൌരവ് (Thoonga Nagaram Fame) തന്നെയാണ് ഇതിലെ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. നഗരങ്ങളിലെ ATM റോബറി വിഷയമാക്കി എടുത്ത ഈ ചിത്രത്തില്‍ നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. ആദ്യ പകുതി കുറച്ച് സ്ലോ ആണ്, പിന്നീട് നല്ല പേസില്‍ കാണാം. വിക്രം പ്രഭുവിന്‍റെ പുതിയ സിനിമ വീര ശിവജി ഈ വെള്ളിയാഴ്ച റിലീസ് ആകും. അതും നന്നാകും എന്ന് പ്രതീക്ഷിക്കുന്നു.


Mr. Church (2016) - A Brief Note


Mr Church (2016)


ചാര്‍ളിയും അമ്മ മേരിയും മാത്രമാണ് ആ വീട്ടില്‍ ഉള്ളത്. ഒരു ദിവസം രാവിലെ ചാര്‍ളി ഉണരുമ്പോള്‍ അവരുടെ കിച്ചണില്‍ ഒരാള്‍ ഭക്ഷണം ഉണ്ടാക്കുന്നു. അവള്‍ ഓടിച്ചെന്ന് അമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് അറിയുന്നത് അത് അവരുടെ പുതിയ കുക്ക് ആണെന്ന്. മേരിക്ക് കാന്‍സര്‍ ആണ്.ആറ് മാസം കൂടിയേ ജീവിക്കാന്‍ സാധ്യത ഉള്ളു. അത് കൊണ്ട് കിച്ചണിലേക്ക് ഒരു സഹായത്തിന് കൊണ്ട് വന്നതാണ്‌ ചര്‍ച്ച് എന്ന ഈ കുക്കിനെ. ആദ്യമൊന്നും ചാര്‍ളിക്ക് അയാളെ ഇഷ്ട്ടമായില്ല. പക്ഷെ അയാള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ അയാളെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. മെല്ലെ മെല്ലെ ചര്‍ച്ച് ആ വീട്ടിലെ ഒരാളായി. മേരിയുടെ മരണ ശേഷവും അയാള്‍ ആ വീട്ടില്‍ തന്നെ ജീവിച്ചു. അയാള്‍ ചാര്‍ളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് കഥയുടെ ബാക്കി പറയുന്നത്.


യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയാണ് ഈ സിനിമയാക്കിയത്. അധികം കഥാപാത്രങ്ങളില്ല. മൂന്നു തലമുറകളിലൂടെയാണ് കഥ കടന്നു പോകുന്നത്. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു സംതൃപ്തി തോന്നി. A Movie with a life എന്നൊക്കെ പറയാം.വലിയ വിജയം ഒന്നും ആയിട്ടില്ല. എങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ്‌.

Thursday, November 17, 2016

ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000) - ഓര്‍മ്മകള്‍ !!


ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000)

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998), ഞങ്ങള്‍ സന്തുഷ്ട്ടരാണ് (1999), നാടന്‍ പെണ്ണും നാട്ടു പ്രമാണിയും (2000) ഇങ്ങനെ അടുപ്പിച്ച് മൂന്നു ജയറാം ചിത്രങ്ങള്‍ക്ക് ശേഷം രാജസേനന്‍ തന്‍റെ സ്ഥിരം ശൈലി ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ എടുത്ത ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. തന്‍റെ സ്ഥിരം നായകന്‍ ആയ ജയറാമിനെ മാറ്റി പകരം ദിലീപിനെയും കുഞ്ചാക്കോ ബോബനെയുമാണ് ആദ്യം കാസ്റ്റ് ചെയ്തത്. ചാക്കോച്ചന്‍റെ തിരക്ക് കാരണം പിന്നീട് ആ റോള്‍ വിനീതിന് വന്നു ചേര്‍ന്നു. ഒപ്പം കാവ്യാ മാധവനും ജഗതിയും ശരതും എല്ലാം ഉണ്ടായിരുന്നു. ഉദയ് കൃഷ്ണ സിബി കെ തോമസ്‌ ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോക്കറിന് ശേഷം വന്ന ദിലീപ് പടം ആയിരുന്നു ഇത്. കഥ പറഞ്ഞപ്പോള്‍ ആദ്യം ദിലീപിന്‍റെ റോള്‍ വിനീതിനും വിനീതിന്‍റെ റോള്‍ ദിലീപിനും ആയിരുന്നു. പക്ഷെ കഥ കേട്ട ദിലീപ് തനിക്ക് വിനീതിന്‍റെ ആ നെഗറ്റീവ് വേഷം മതി എന്ന് പറഞ്ഞു. അന്ന് നായകന്‍ എന്നതിനേക്കാള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ദിലീപിന് താല്‍പര്യം. വിജയുടെ പ്രിയമുടന്‍ (1998) എന്ന ചിത്രവുമായി കുറച്ചു സമയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഡാര്‍ലിംഗ് ഡാര്‍ലിംഗ് അവതരണത്തിലും കോമഡിയിലും മികച്ചു നിന്നു. വിനീതും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് എല്ലാവരെയും ആകര്‍ഷിച്ച ഒന്നായിരുന്നു. അത് പോലെ തന്നെ ദിലീപ് ജഗതി ടീമിന്‍റെ കോമഡി, ഇന്ദ്രന്‍സ് - ജനാര്‍ദ്ദനന്‍- CI പോള്‍ സംഘത്തിന്‍റെ വിറ്റുകള്‍ എല്ലാം ക്ലിക്ക് ആയി.ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയി. ഉള്ളടക്കത്തിലെ ഒരു BGM ആണ് പ്രണയ സൌഗന്ധികങ്ങള്‍ എന്ന എക്കാലത്തെയും മികച്ച പ്രണയ ഗാനം ആയി മാറിയത്. അത് കൂടാതെ ചിത്തിര പന്തലിട്ട്, മുത്തും പവിഴവും, അണിയമ്പൂ മുറ്റത്ത് അങ്ങനെ വേറെയും കുറേ ഹിറ്റ്‌ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.



2000 നവംബര്‍ 17ന് ആണ് ചത്രം റിലീസ് ചെയ്തത്. ചിത്രം അന്ന് മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഇതിറങ്ങി ഒരു മാസം കഴിഞ്ഞപ്പോളാണ് കൃസ്ത് മസിന് തെങ്കാശിപട്ടണം , ദാദ സാഹിബ്‌, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങുന്നത്. തെങ്കാശി പട്ടണം വലിയൊരു ഹിറ്റ്‌ ആയി, . ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം അങ്ങനെ മൂന്ന് ഹിറ്റുകള്‍ ആയി ദിലീപിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നു. അത് കോളേജിലെ ഞങ്ങളുടെ അവസാന വര്‍ഷം ആയിരുന്നു. അന്ന് സോഷ്യല്‍ സര്‍വീസ് ഡേ കഴിഞ്ഞ് ഒരു ഞായറാഴ്ച ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് പോയി തൃശൂര്‍ ജോസില്‍ നിന്നാണ് ഈ സിനിമ കണ്ടത്. ഞങ്ങള്‍ എല്ലാവരും മനസ്സ് തുറന്നു ചിരിച്ച ഒരു സിനിമ. അന്നത്തെ ആ നല്ല ഓര്‍മ്മകള്‍ക്ക് ഇന്ന് 17 വര്‍ഷം തികയുന്നു. അത് കൊണ്ട് ഇന്നും എന്‍റെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്.

Tuesday, November 15, 2016

54321 (2016) - Tamil Movie Review !!

Spoilers Ahead..

വിനോദും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബം. ഒരു ദിവസം രാത്രി വിനോദ് ഇല്ലാത്ത സമയത്ത് ഒരു കള്ളന്‍ ആ വീട്ടില്‍ കയറുന്നു. സഹായിയെ പുറത്ത് നിര്‍ത്തി അയാള്‍ അകത്ത്‌ കയറുന്നു. പണവും പണ്ടവും ഒക്കെ എടുത്ത് പോകാന്‍ ഒരുങ്ങുമ്പോളാണ് ആ വീട്ടിലേക്ക് വേറൊരാള്‍ വരുന്നത്. അയാള്‍ ഉള്ള കാരണം കള്ളന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പുറത്ത് നിന്ന് വൈകി എത്തുന്ന വിനോദിനെ ആ വന്നയാള്‍ അടിച്ച് കെട്ടിയിടുന്നു. ബോധം വരുന്ന വിനോദ് കാണുന്നത് കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന തന്‍റെ ഭാര്യയെയാണ്. ആ വന്നയാള്‍ ആരാണ്? എന്താണ് അയാളുടെ ആവശ്യം? വിനോദിനും ഭാര്യക്കും എന്ത് സംഭവിക്കും? ആ കള്ളന്‍ എങ്ങനെ പുറത്ത് കടക്കും? ഇതാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.


അഞ്ച് പേര്‍, 4 ലൈഫ് സ്റ്റൈല്‍, 3 കൊലപാതകം, 2 മണിക്കൂര്‍, 1 പ്രതികാരം. അതാണ് 54321 എന്ന ഈ സിനിമ പറയുന്നത്. രണ്ട് മണിക്കൂര്‍ ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍. ഓരോ നിമിഷവും അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംക്ഷയോടെ കണ്ടിരിക്കുന്ന ഒരു ത്രില്ലര്‍. പുതിയ സംവിധായകനും പുതുമുഖ താരങ്ങളും ആണ്. കണ്ടു നോക്കൂ. നിങ്ങള്‍ക്കും ഇഷ്ട്ടപെടും.

Monday, November 14, 2016

ജോസും സുമയും - ഉദ്യാനപാലകന്‍ (1996)


എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സിനിമ ആണ് ഉദ്യാനപാലകന്‍. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തൃശൂര്‍ നിന്നും കണ്ടതാണ്. അന്ന് തൊട്ടേ ആ സിനിമയും, അതിലെ പാട്ടുകളും മനസ്സില്‍ കയറിയതാണ്. ഇന്നും അതിന്‍റെ ഡിസ്ക് കയ്യില്‍ ഉണ്ട്, ഇടക്ക് കാണാറുമുണ്ട്. അതിലെ രണ്ട് കഥാപാത്രങ്ങളാണ് ജോസും സുമയും. രണ്ടു മതത്തില്‍ പെട്ടവരായത് കൊണ്ട് ഒന്നിക്കാന്‍ പറ്റാതെ പോയവര്‍. പിന്നീട് സുമയുടെ ഭര്‍ത്താവ് മരിച്ച ശേഷം സിനിമയുടെ അവസാനമാണ് അവരുടെ വിവാഹം നടക്കുന്നത്.



മണിക്ക് തന്‍റെ തുടക്ക കാലത്ത് കിട്ടിയ നല്ലൊരു വേഷം ആയിരുന്നു ലൈന്‍മാന്‍ ജോസ്. അതില്‍ മദ്യപിച്ചു കൊണ്ട് വന്നു മമ്മുക്കയെ ചീത്ത പറയുന്ന സീനൊക്കെ അന്ന് നല്ല കയ്യടി കിട്ടിയ ഒന്നാണ്. കോമഡി കളിച്ചു നടന്ന സമയത്താണ് ലോഹി മണിക്ക് ആ ഒരു വേഷം കൊടുക്കുന്നത്. അന്ന് കുടിച്ചുള്ള മണിയുടെ അഭിനയം കണ്ട് നീ ശരിക്ക് കുടിച്ചിട്ടുണ്ടോ എന്ന് മമ്മുക്ക ചോദിച്ചെന്ന് മണി പറഞ്ഞ് കേട്ടിട്ടുണ്ട്. അത് പോലെ തന്നെ രേഖ മേനോനും. മമ്മുക്കയുടെ അനിയത്തിയുടെ വേഷം, ഭര്‍ത്താവിന്‍റെ പീഡനം സഹിക്കേണ്ടി വരുന്ന ഒരു വീട്ടമ്മ, പിന്നീട് അയാള്‍ മരിച്ച ശേഷം മോളുടെ കൂടെ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കേണ്ടി വരുന്നു അവള്‍ക്ക്. സുമ എന്ന ആ കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്. പറഞ്ഞ് വന്നത് രണ്ടു പേരും ജീവിതത്തില്‍ നിന്ന് ഇടക്ക് വെച്ച് ഇങ്ങനെ പോകുമെന്ന് നിനച്ചത് പോലുമില്ല.

Sunday, November 13, 2016

Aan Mariya Kalippilanu (2016) - Review


ആന്‍മരിയ കലിപ്പിലാണ്. (2016)



കലിപ്പില്ലാതെ കണ്ടിരിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം. സണ്ണിയും അജുവും നല്ല കോമ്പോ ആയിട്ടുണ്ട്. കോമഡി സീന്‍ ഒക്കെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ആ പൂമ്പാറ്റ പറക്കുന്ന സീന്‍. എനിക്കിഷ്ട്ടപ്പെട്ടത് അജുവിന്‍റെ ഒരു ഡയലോഗ് ആണ്. ഇനി എങ്കിലും എന്തെങ്കിലും ചെയ്യുമ്പോ എന്നോട് കൂടെ ഒന്ന് പറഞ്ഞിട്ട് പോ, കുറഞ്ഞ പക്ഷം എന്തിനാണ് തല്ലു കിട്ടുന്നത് എന്ന് എങ്കിലും എനിക്കറിയാമല്ലോ? :D

സണ്ണി വെയ്ന്‍ എന്ന നടന്‍ ഈ സിനിമയോടെ കൂടുതല്‍ ജനപ്രിയന്‍ ആയി എന്ന് പറയാം. പൂമ്പാറ്റ ഗിരീഷ്‌ ആയി പുള്ളി കസറിയിട്ടുണ്ട്. , പ്രത്യേകിച്ചും ആ ജോലിക്ക് പോകാതെ മടി പിടിച്ച് ഇരിക്കുന്നതൊക്കെ..അത് പോലെ ആ കൊച്ചിനോട് "തല്ലാന്‍ കൈ പൊങ്ങിയപ്പോള്‍ പെട്ടെന്ന് എനിക്കെന്‍റെ കോളേജിലെ സാറിനെ ഓര്‍മ്മ വന്നു , അല്ലായിരുന്നെങ്കില്‍... :D

പിന്നെ ആ പെണ്‍കുട്ടി, അവളുടെ കൂട്ടുകാര്‍ എല്ലാവരും നല്ല പെര്‍ഫോമന്‍സ് തന്നെ. തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ആ ചെക്കൻ സൂപ്പർ ആയിട്ടുണ്ട് . ബിജുക്കുട്ടന്‍റെ ആ മാലാഖ വേഷവും, മുറുക്കി തുപ്പികൊണ്ടുള്ള ആ വരവും. ഷൈന്‍ ചാക്കോയും നന്നായിട്ടുണ്ട്, ആ ചായക്കടയില്‍ വന്ന് " ചേട്ടാ, ഒരു മോതിരം 😀 പിന്നെ എടുത്ത് പറയേണ്ടത് സിദ്ധിക്കിന്‍റെ ആ ഒരു സീന്‍ ആണ്, ചുമ്മാ വന്നു കിടുക്കി കളഞ്ഞു പുള്ളി 👌

പിന്നെയും ഉണ്ട് ഇഷ്ട്ടപ്പെട്ട കുറെ രംഗങ്ങള്‍. ഒന്ന് കൂടെ കാണണം. വലിയ താര നിരകള്‍ ഇല്ലാതെ തന്നെ പടം ഹിറ്റ് ആയത് ഇങ്ങനെ കുറെ നല്ല രംഗങ്ങള്‍ ഉള്ളത് കൊണ്ടാണ്. മിഥുന്‍ ഭായ്, ഇങ്ങനത്തെ കുറച്ചു നല്ല സിനിമകള്‍ എടുത്തു കൊണ്ടേ ഇരിക്കൂ..All the best for #Alamara :)

Saturday, November 12, 2016

Reviews of 5 Tamil Movies i saw recenlty !!


ഈ അടുത്ത് കണ്ട അഞ്ച് തമിഴ് സിനിമകളുടെ ചെറിയൊരു റിവ്യൂ..


Kutrame thandanai - കാക്കമുട്ടെ സംവിധാനം ചെയ്ത മണികണ്ടന്‍റെ മറ്റൊരു മികച്ച ചിത്രം. കണ്ണിന് അല്പം പ്രശ്നം ഉള്ള നായകന്‍റെ സങ്കീര്‍ണ്ണമായ മനസ്സ്, ഒരു കൊലപാതകം, അതിന്‍റെ അന്വേഷണം. ഒന്നര മണിക്കൂറെ ഉള്ളു, എങ്കിലും ഉള്ളത് നല്ല ഗംഭീരമായി എടുത്തിട്ടുണ്ട്. Must Watch....


Aandavan kattalai - ഏവരുടെയും പ്രിയ നായകന്‍ വിജയ്‌ സേതുപതിയുടെ പുതിയ ചിത്രം. ലണ്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്ന നായകനും കൂട്ടുകാരനും. അതിനിടയില്‍ പരിചയപ്പെടുന്ന ജേര്‍ണലിസ്റ്റ് ആയ നായിക. കൊച്ചു കൊച്ചു തമാശകള്‍ നിറഞ്ഞ വളരെ മനോഹരമായ ഒരു പ്രണയ ചിത്രം വളരെ വളരെ ഇഷ്ട്ടപ്പെട്ടു. എല്ലാവരും കാണാന്‍ ശ്രമിക്കുക. തീര്‍ച്ചയായും ഇഷ്ട്ടപ്പെടും. മണികണ്ടന്‍ തന്നെയാണ് ഇതിന്‍റെയും സംവിധായകന്‍.


Rekka - വിജയ്‌ സേതുപതിയുടെ ഒരു മാസ്സ് മസാല ചിത്രം. കമിതാക്കളെ ഒന്നിപ്പിക്കുന്ന നായകന്‍, അയാള്‍ക്കൊരു ഫ്ലാഷ് ബാക്ക്. ,മലയാളി ആയ ലക്ഷ്മി മേനോന്‍ ആണ് നായിക. വിജയ്‌ സേതുപതി ആയത് കൊണ്ട് മാത്രം ഇത് ഇഷ്ട്ടപ്പെട്ടു.


Devi -പ്രഭുദേവ നായകന്‍ ആയ ഒരു കോമഡി ഹൊറര്‍ സിനിമ. തമന്ന ആണ് നായിക. ഗ്രാമത്തില്‍ നിന്നും കല്യാണം കഴിഞ്ഞ് ടൌണില്‍ എത്തുന്ന നായികയുടെ ദേഹത്ത് ഒരു നടിയുടെ പ്രേതം കയറുന്നതാണ് പ്രമേയം. പ്രഭുദേവയുടെ നല്ല ഡാന്‍സ് ഉണ്ട്. watchable entertainer.



Remo - തമിഴിലെ പുത്തന്‍ താരം ശിവ കാര്‍ത്തികേയന്‍ നായകന്‍ ആയ പടം. നായിക നമ്മുടെ മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. അവൈ ഷണ്മുഖി പോലൊരു തീം. നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. കുറച്ച് കോമഡിയൊക്കെ ഉണ്ട്, എന്നാലും വിചാരിച്ചത്ര നന്നായില്ല.


Friday, November 4, 2016

25 Years of Thalapathi (1991)


#Thalapathi (1991)

മണിരത്നത്തിന്‍റെ സഹോദരന്‍ G.വെങ്കടേശ്വരന്‍ രജിനികാന്തിന്‍റെ നല്ലൊരു സുഹൃത്ത് ആയിരുന്നു. മണിയുടെ കൂടെ ഒരു സിനിമ ചെയ്‌താല്‍ കൊള്ളാം എന്ന് രജിനി ഒരിക്കല്‍ പുള്ളിയോട് പറഞ്ഞിരുന്നു. മണിയോട് ചോദിച്ചപ്പോള്‍ മണിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നറിഞ്ഞു. മണി ഒന്ന് രണ്ടു തവണ അതുമായി ബന്ധപ്പെട്ട് രജിനിയെ കാണുകയും ചെയ്തു.പക്ഷെ രജിനിക്ക് പറ്റിയ ഒരു കഥ മണിയുടെ കയ്യില്‍ ഇല്ലായിരുന്നു. രജിനിയുടെ സുപ്പര്‍ സ്റ്റാര്‍ ഇമേജ് നില നിര്‍ത്തി , എന്നാല്‍ തന്‍റെ ഒരു രീതിയിലുള്ള സിനിമ ആയി എടുക്കാന്‍ ആയിരുന്നു മണിയുടെ ആഗ്രഹം. രണ്ടു പേര്‍ക്കും ഒരു പോലെ ചെയ്യാന്‍ പറ്റുന്ന ,കഥ കേട്ടാല്‍ രജിനി നോ പറയാത്ത ഒന്നിന് വേണ്ടി കാത്തിരുന്നു. പിന്നെയാണ് മഹാഭാരത്തിലെ കര്‍ണന്‍റെ കഥ ആലോചിച്ചത്. മണിക്ക് മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ട്ടമുള്ള ഒരു കഥാപാത്രം ആയിരുന്നു കര്‍ണന്‍. രജിനികാന്തിന്‍റെ അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റൈല്‍ മാറ്റി വെച്ച്, കുറച്ച് കൂടെ റിയലിസ്റ്റിക് ആയി ഒന്ന് ചെയ്യാന്‍ ആയിരുന്നു മണിയുടെ ആഗ്രഹം. ഇതിന്‍റെ ഷൂട്ടിംഗ് തനിക്കു ഒരു പുതിയ അനുഭവം ആയിരുന്നു എന്നും ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ പോലും രജിനിയോട് ഇമോഷന്‍സ് ചെയ്യാന്‍ മണി ആവശ്യപ്പെട്ടതായി എന്ന് രജിനി തന്നെ പിന്നീട് പറഞ്ഞിരുന്നു. അത് പോലെ തന്നെ മണി ആദ്യം എഴുതിയ തിരക്കഥയില്‍ രജിനിയുടെ കഥാപാത്രം മരിക്കുകയും മമ്മൂട്ടി അതിന് പ്രതികാരം ചെയ്യുന്നതും ആയിരുന്നു, പിന്നീട് രജിനിയുടെ ആരാധകരുടെ വികാരം കണക്കിലെടുത്തു കൊണ്ട് മാറ്റി എഴുതിയതാണ് എന്നൊക്കെ കേട്ടിരുന്നു.



ദുര്യോധനന്‍റെ സ്ഥാനത്തേക്ക് മലയാളത്തില്‍ നിന്നും മമ്മൂട്ടിയെ കൊണ്ട് വന്നു. ദ്രോപതി ആയി ശോഭന, കുന്തി ആയി ശ്രീവിദ്യ. അര്‍ജുനന്‍റെ സ്ഥാനത്തേക്ക് മമ്മൂട്ടി ജയറാമിന്‍റെ പേര് നിര്‍ദേശിച്ചെങ്കിലും, ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല, അങ്ങനെ ആ സ്ഥാനത്തേക്ക് ഒരു പുതുമുഖം വന്നു. ആ പുതുമുഖം പിന്നീട് മണിയുടെ അടുത്ത ചിത്രത്തിലെ നായകന്‍ ആകുകയും ആ ചിത്രം ഒരു വന്‍ വിജയം ആകുകയും ചെയ്തു. ആ പുതുമുഖം ആണ് അരവിന്ദ് സ്വാമി. ചിത്രം റോജ (1992). ദളപതിയിലെ വില്ലന്‍ വേഷത്തിന് വേണ്ടി ഹിന്ദിയില്‍ നിന്നും അന്നത്തെ തിരക്കുള്ള താരമായ അമരീഷ് പുരിയെ കൊണ്ട് വന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ദേവയുടെ സന്തത സഹചരന്‍ ആയി ഒരാളെ വേണമായിരുന്നു. ആ ഇടക്കാണ്‌ മണി പെരുന്തച്ചന്‍ എന്ന സിനിമ കാണാന്‍ ഇടയായത്. അതിലെ ഒരു നടന്‍റെ അഭിനയം മണിക്ക് ഇഷ്ട്ടപ്പെട്ടു. അങ്ങനെ അയാളെ ഈ വേഷത്തിലേക്ക് തന്‍റെ സിനിമയിലേക്ക് കൊണ്ട് വന്നു. ആ നടന്‍ ആണ് മനോജ്‌.കെ.ജയന്‍. ദളപതിയില്‍ ഒരു രംഗത്ത് മനോജ്‌ രജിനിയെ പിടിച്ചു തള്ളുന്നുണ്ട്. അത് കൊണ്ട് തന്നെ സിനിമ ഇറങ്ങിയ സമയത്ത് മനോജിനോട് പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം എന്ന് പലരും പറഞ്ഞിരുന്നു. കുറച്ചു ദിവസം മനോജ്‌ ആ ഹോട്ടല്‍ റൂം വിട്ടു പുറത്തിറങ്ങിയില്ല. ഇവരെ കൂടാതെ ഗീത, ഭാനുപ്രിയ, നാഗേഷ്, ചാര്‍ളി, തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.


ഇളയരാജ ആയിരുന്നു ദളപതിയുടെ സംഗീതം ചെയ്തത്. മണിയും രാജയും ഒരുമിച്ച അവസാനത്തെ ചിത്രവും അതായിരുന്നു. തന്‍റെ അടുത്ത ചിത്രമായ റോജയില്‍ മണി ഒരു പുതിയ പയ്യനെ കൊണ്ട് വന്നു. പിന്നീട് മണിയുടെ എല്ലാ ചിത്രത്തിന്‍റെയും സംഗീതം അയാളായിരുന്നു. ആ പയ്യനാണ് A.R.റഹ്മാന്‍. ദളപതിയിലെ ഗാനങ്ങള്‍ എല്ലാം അന്നത്തെ വന്‍ ഹിറ്റ്‌ ആയിരുന്നു. അതില്‍ രാക്കമ്മ എന്നാ ഗാനം 2002-ല്‍ BBC World Top Ten Music-ല്‍ നാലാം സ്ഥാനത്ത് വന്നിരുന്നു. 2012-ല്‍ Agent Vinod എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗത്ത് ആ ഗാനം വരികയും, അനുമതിയില്ലാതെ അത് ഉപയോഗിച്ചതിനു ലഹരി മ്യൂസിക്‌ അതിന്‍റെ നിര്‍മ്മാതാവിന് എതിരെ കേസ് കൊടുക്കുകയും ചെയ്തത് വാര്‍ത്ത ആയിരുന്നു. കാട്ടുകുയിലേ എന്ന ഗാനത്തിന് മമ്മൂട്ടിക്ക് വേണ്ടി യേശുദാസും രജിനിക്ക് വേണ്ടി SPBയും കൂടെ ചേര്‍ന്നാണ് ആലപിച്ചത്. S.ജാനകിയും SPBയും ചേര്‍ന്ന് പാടിയ സുന്ദരി എന്ന മനോഹരമായൊരു പ്രണയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് പോലെ തന്നെ സന്തോഷ്‌ ശിവന്‍ ആദ്യമായി മണി രത്നം സിനിമക്ക് വേണ്ടി ക്യാമറ ചാലിപ്പിച്ചതും ഈ ചിത്രത്തിലൂടെയാണ്.


1991 നവംബര്‍ 5ന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്, കൂടെ കമലിന്‍റെ ഗുണ എന്നാ ചിത്രവും ഉണ്ടായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം അന്ന് ഏറെ പ്രശംസിക്കപ്പെട്ടു. അതിനു ശേഷം തമിഴില്‍ നിന്നും കുറെ ചിത്രങ്ങള്‍ മമ്മൂട്ടിയെ തേടി എത്തി. സൂര്യയുടെയും ദേവയുടെയും ആ സൌഹൃദം സിനിമ പ്രേമികളുടെ മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞു. "ഇവന്‍ എന്‍ നന്‍പന്‍ അല്ല,, എന്‍ തമ്പി" എന്ന് ഒരു രംഗത്ത് ദേവ പറയുന്നുണ്ട്. അത് പോലെ ആയിരുന്നു ആ സൌഹൃദം. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ പട്ടയല്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ " ഷോലെ പോലെ, ദളപതി പോലെ വീണ്ടും ഒരു സൗഹൃദത്തിന്‍റെ കഥ " എന്നായിരുന്നു അതിന്‍റെ പരസ്യ വാചകം. സൌഹൃദത്തിന് പുതിയൊരു മാനം ചാര്‍ത്തിയ സിനിമ ആയിരുന്നു ദളപതി. 2011-ല്‍ ഭരത് ഷാ ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരുന്നു. അലെ പായുതേക്ക് ശേഷം മണി ഹിന്ദിയില്‍ റീമേക്ക് അനുവാദം കൊടുത്ത ചിത്രം ആണ് ദളപതി.

ഇന്നും ഒരു പാട് സിനിമ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ദളപതി ആയിരിക്കും. ഇന്ന് മറ്റൊരു നവംബര്‍ 5. ദളപതി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു.

#25YearsOfThalapathi #Mammootty #Rajinikanth #ManiRatnam

Thursday, November 3, 2016

രാജമാണിക്യം (2005) - അണിയറ വിശേഷങ്ങള്‍ !!


രാജമാണിക്യം (2005)

ബ്ലാക്ക്, ചന്ദ്രോത്സവം എന്ന രണ്ട് ചിത്രങ്ങള്‍ നല്‍കിയ ക്ഷീണത്തില്‍ ആയിരുന്നു രഞ്ജിത്ത്. ഉടനെ പുതിയൊരു സിനിമ ചെയ്യാനുള്ള പരിപാടിയില്ല. അപ്പോളാണ് മമ്മൂട്ടിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു പ്രൊജക്റ്റ്‌ ഒത്ത് വരുന്നത്. കേരള കര്‍ണ്ണാടക ബോര്‍ഡറില്‍ പാരലല്‍ കോളേജ് നടത്തുന്ന ഒരാളുടെ കഥ. ആ അടുത്ത് ഹിറ്റുകള്‍ മാത്രം ( ബാലേട്ടന്‍, ബെന്‍ ജോണ്‍സന്‍, നാട്ടുരാജാവ്) സമ്മാനിച്ച T.A. ഷാഹിദ് ആണ് കഥാകൃത്ത്‌. വലിയ വീട്ടില്‍ ഫിലിംസ് എന്ന നിര്‍മ്മാതാവും റെഡി. എന്നിട്ടും രഞ്ജിത്ത് മാത്രം റെഡി ആയിരുന്നില്ല. അങ്ങനെയാണ് രഞ്ജിത്ത് അന്‍വര്‍ റഷീദിനെ വിളിപ്പിക്കുന്നത്. ഒരു പ്രൊജക്റ്റ്‌ ഉണ്ട്, മമ്മുക്കയാണ് ഹീറോ, നീ ആണ് സംവിധാനം എന്ന് അന്‍വറിനോട്‌ പറഞ്ഞു. ഒരു സിനിമ ചെയ്യാന്‍ കാത്തിരുന്ന അന്‍വര്‍ സന്തോഷത്തോടെ ആ പ്രൊജക്റ്റ്‌ ഏറ്റെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അന്‍വര്‍ തന്‍റെ ആദ്യത്തെ സിനിമ പൂര്‍ത്തിയാക്കി. അതായിരുന്നു രാജമാണിക്യം. വലിയ വീട്ടിലിന് വേണ്ടി രഞ്ജിത്ത് അടുത്ത വര്‍ഷം വേറൊരു സിനിമ ചെയ്തു കൊടുക്കുകയും ചെയ്തു. അതാണ് പ്രജാപതി (2006).


കഥയെല്ലാം ഷാഹിദ് ആദ്യം പറഞ്ഞതില്‍ നിന്ന് ഒരു പാട് മാറി. പാരലല്‍ കോളേജ് നടത്തുന്ന ഒരാളായി മമ്മുക്ക തന്നെ മുന്‍പ് കോട്ടയം കുഞ്ഞച്ചനില്‍ വന്നിട്ടുണ്ട്. അങ്ങനെയാണ് കഥ ബെല്ലാരിയില്‍ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരനിലേക്ക് എത്തുന്നത്. കെല്ലാ മുഹമ്മദ് സാഹിബിനെ പോലെ ബെന്‍സ് കാറുകളോട് പ്രിയമുള്ള ഒരാള്‍ . പിന്നെ കഥ എല്ലാം പെട്ടെന്ന് ഡെവലപ്പ് ആയി. മമ്മുക്കയുടെ അച്ഛന്‍റെ സ്ഥാനത്തേക്ക് സായുടെ പേര് ആരോ നിര്‍ദേശിച്ചു. അത് ശരിയാകുമോ എന്ന് ഒരു സംശയം വന്നു. പക്ഷെ അന്‍വറിന് ആ കാര്യത്തില്‍ വിശ്വാസം ആയിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ സായ്കുമാര്‍ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. നായകന്‍ വരുന്നത് വരെയുള്ള ഒരു അര മണിക്കൂര്‍ സിനിമ കൊണ്ട് പോയത് സായുടെ കരുത്തുറ്റ ആ പ്രകടനം തന്നെ ആയിരുന്നു. ചന്ദ്രോത്സവത്തില്‍ (2005) വില്ലന്‍ ആയ രഞ്ജിത്തിന് തന്നെ സൈമണ്‍ നാടാര്‍ എന്ന വില്ലന്‍ വേഷം കൊടുത്തു. രാജയുടെ കൂട്ടാളികളായി സലിംകുമാര്‍, ഭീമന്‍ രഘു, പിന്നെ രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്കിലൂടെ (2004) തിരിച്ചു വന്ന റഹ്മാന്‍ എന്നിവരെ കാസ്റ്റ്‌ ചെയ്തു. കാഴ്ചയില്‍ (2004) മമ്മുക്കയുടെ നായികയായ പദ്മപ്രിയയെ ഇതിലും കൊണ്ട് വന്നു. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഷാഹിദ് ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീര്‍ത്തത്.

മാണിക്യത്തിന്‍റെ ഭാഷയില്‍ ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. C.V.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിലെ ശങ്കു ആശാന്‍ എന്നൊരു കഥാപാത്രത്തിന്‍റെ ഭാഷ പോലെ ഒന്നായാലോ എന്ന് ചര്‍ച്ച വന്നു. ആയിടക്കാണ് മമ്മുക്ക സുരാജിന്‍റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. കൈരളിയില്‍ തന്നെ വന്നിരുന്ന ജഗപൊഗ എന്ന സീരിയലില്‍ ആ ഭാഷ നന്നായി പറയുന്നുണ്ട്. അങ്ങനെ മമ്മൂട്ടി സുരാജിനെ വിളിപ്പിച്ചു. ആ ഭാഷയില്‍ ഒന്ന് സംസാരിപ്പിച്ചു. പിന്നെ മമ്മൂട്ടി തന്നെ ആ ഭാഷയില്‍ ഒന്ന് രണ്ട് ഡയലോഗ് പറഞ്ഞ് നോക്കി, സംഭവം കൊള്ളാം,സിനിമയില്‍ ഇത് തന്നെ മതി എന്ന് ഉറപ്പിച്ചു. അങ്ങനെ സുരാജ് ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുടെ കൂടെ ഉണ്ടായി. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മുക്കക്ക് പറഞ്ഞ് കൊടുത്തു. മുന്‍പ് പല തരം ഭാഷ ശൈലികളും കൈകാര്യം ചെയ്ത മമ്മൂട്ടി അത് പെട്ടെന്ന് തന്നെ സ്വായത്തം ആക്കി. സിനിമയില്‍ സുരാജിന് ഒരു ചെറിയ വേഷം കൊടുത്തിരുന്നു. പക്ഷെ എഡിറ്റ്‌ കഴിഞ്ഞ് വന്നപ്പോള്‍ ആ ഭാഗം എടുത്ത് മാറ്റേണ്ടി വന്നു. പിന്നീട് ഗുലാനില്‍ (2006) മമ്മുക്കയുടെ കൂടെ ഒരു മുഴുനീള വേഷം സുരാജിന് കിട്ടുകയും ചെയ്തു. ഈ ഭാഷ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്നതില്‍ ഒരു പേടി ഉണ്ടായിരുന്നു. പക്ഷ പടം തുടങ്ങി മമ്മുക്ക സ്ക്രീനില്‍ വന്നു ആദ്യ ഡയലോഗ് പറഞ്ഞതോടെ വന്‍ കയ്യടി. പിന്നെ സിനിമ തീരും വരെ മമ്മൂട്ടി ആ ഭാഷയും വെച്ച് നിറഞ്ഞാടി എന്ന് പറയാം.


2005 നവംബര്‍ 3ന് ചെറിയ പെരുന്നാളിന് തലേന്ന് ആണ് സിനിമ ഇറങ്ങിയത്. അന്ന് നരന്‍ ഇറങ്ങി ജോസില്‍ 60 ദിവസം ആയിട്ടുണ്ട്. തൃശൂര്‍ രാഗത്തില്‍ ആയിരുന്നു രാജമാണിക്യം റിലീസ്. അവിടെ അന്ന് സ്ഥിരമായി മമ്മുക്ക പടങ്ങള്‍ ഇറങ്ങുന്ന സമയം, വേഷം, തൊമ്മനും മക്കളും, രാപ്പകല്‍, CBI, അങ്ങനെ . ഞാന്‍ തലേ ദിവസം രാത്രി അവിടെ പോയപ്പോള്‍ പടത്തിന്‍റെ ഒരു Represntative-നെ കണ്ടു. പുള്ളിയോട് ഞാന്‍ പടം എങ്ങനെയുണ്ട് ചേട്ടാ എന്ന് ചോദിച്ചപ്പോള്‍ എല്ലാം നന്നായി വന്നിട്ടുണ്ട്, ഹിറ്റ്‌ ആകും എന്ന് ഉറപ്പാണ്‌ എന്ന് പുള്ളി പറഞ്ഞു . ഷോ തുടങ്ങും വരെ വെക്കാന്‍ രാജമാണിക്യത്തിലെ തീം മ്യൂസിക്‌ ഉള്ള CD കൊടുത്തിട്ടുണ്ടെന്നും ഒക്കെ പുള്ളി പറഞ്ഞു. പക്ഷെ തിയ്യറ്ററില്‍ അതൊന്നും പ്ലേ ചെയ്തിരുന്നില്ല. എന്താണ് അത് വേണ്ട എന്ന് വെച്ചത് എന്നറിയില്ല.

അന്ന് ഒരു ബെന്‍സ് കാറില്‍ മമ്മുക്ക ചാരി നില്‍ക്കുന്ന ഒരു പോസ്റ്റര്‍ രാഗത്തില്‍ ഒട്ടിച്ചിരുന്നു. ഫാന്‍സുകാരുടെ വക രാഗം തിയ്യറ്ററിന്‍റെ മുകളില്‍ നിന്നും താഴെ വരെ എത്തുന്ന ഒരു ഫ്ലക്സ് വേറെ ഉണ്ടായിരുന്നു. താരങ്ങളുടെ രാജ, മലയാളത്തിന്‍റെ മാണിക്യം എന്ന് അതില്‍ വലുതായി എഴുതിയിരുന്നു. റിലീസ് ദിവസം കാലത്ത് ശിങ്കാരി മേളം ഒക്കെ ആയി രാഗത്തില്‍ ഒരു ഉത്സവ പ്രതീതി ആയിരുന്നു. ആദ്യപകുതി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ എല്ലാരുടെ മുഖത്തും സന്തോഷം. സംഭവം പൊരിച്ചില്ലേ, ഇക്ക തകര്‍ത്തു എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍. ഷോ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ എങ്ങും ആഹ്ലാദ പ്രകടനങ്ങള്‍. മമ്മുക്കാ കീ ജയ് എന്നുള്ള ആരവങ്ങള്‍, ഫോണ്‍ വിളികള്‍, "യെവന്‍ പുലിയാണ് കേട്ടാ" എന്നൊക്കെ പറഞ്ഞ് മറ്റ് ചിലര്‍. പക്ഷെ മാറ്റിനിക്ക് ആള് തീരെ കുറവ്. നൊയമ്പ് ആയത് കൊണ്ടാകും എന്ന് എല്ലാവരും പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അവിടെ പോയപ്പോള്‍ കണ്ടത് ഒരു പട തന്നെ ആയിരുന്നു. ആ ഒരു തിരക്ക് കുറെ ദിവസം ഉണ്ടായിരുന്നു. അന്നീ ഫേസ്ബുക്കും മാസ്സും ഒന്നും ഇല്ലല്ലോ. ഉള്ളത് വെറും മൌത്ത് പബ്ലിസിറ്റി മാത്രം. അടുത്ത പെരുന്നാളിനും പടം തിയറ്ററില്‍ ഉണ്ട്. പിന്നീട് കൃസ്ത്മസിന് സപ്നയില്‍ ബസ്‌ കണ്ടക്ടര്‍ റിലീസ് ആയി ആ പടം മാറിയിരുന്നു. അപ്പോളും രാജമാണിക്യം മാറിയിട്ടില്ല. അങ്ങനെ 99 ദിവസം ആണ് രാഗത്തില്‍ പടം ഓടിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആയി ആ സിനിമ. മമ്മൂട്ടിയുടെ അത് വരെയുള്ള ഇമേജ് തന്നെ അത് മാറ്റി മറിച്ചു. പിന്നീട് അന്‍വര്‍ മമ്മുക്കയെ വെച്ച് ചെയ്ത അണ്ണന്‍ തമ്പിയും (2008) ഒരു സൂപ്പര്‍ ഹിറ്റ്‌ ആയി. മമ്മൂട്ടിയെ എങ്ങനെ ഉപയോഗിക്കണം എന്നതിനേക്കാള്‍ എങ്ങനെ ഉപയോഗിക്കരുത് എന്ന് അന്‍വറിന് നന്നായി അറിയാം. ഇന്നേക്ക് രാജമാണിക്യം ഇറങ്ങിയിട്ട് 11 വര്‍ഷം പിന്നിടുന്നു. ഇന്നും ആരാധകര്‍ കാത്തിരിക്കുന്നത് അവര്‍ ഒരുമിച്ചുള്ള ഒരു പുതിയ സിനിമക്കായാണ്.

Tuesday, November 1, 2016

മലപ്പുറം ഹാജി മഹാനായ ജോജി - അലിയാര്‍ മാഷ് !!


മലപ്പുറം ഹാജി മഹാനായ ജോജി (1994)

ഹാജി : നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അലിയാര്‍ മാഷുടെ കൂടെ എപ്പോളും ഉണ്ടാകണം.
ജോജി : ഞാന്‍ നില്‍ക്കുന്നതായിരിക്കും മാഷിന് കൂടുതല്‍ ഇഷ്ട്ടം
വേണ്ട വേണ്ട എന്ന് ആംഗ്യം കൊണ്ട് കാണിക്കുന്ന അലിയാര്‍ മാഷ്. ആ കൈ പിടിച്ച് താഴ്ത്തി വെച്ച് കൊണ്ട് കുഞ്ഞാലിക്കുട്ടി : വിഷമിക്കണ്ട, ഞാനും കൂടെ നില്‍ക്കാം..
ഹോ..അത് കേട്ട നിസ്സഹായാവസ്ഥയോട് കൂടെയുള്ള അലിയാര്‍ മാഷുടെ ആ മുഖം... :D


തേന്മാവിന്‍ കൊമ്പത്തും, കമ്മീഷണറും, കാബൂളിവാലയും എല്ലാം തകര്‍ത്തോടിയ ആ വര്‍ഷം അതിന്‍റെ കൂടെ ഇറങ്ങി സാമ്പത്തിക വിജയം നേടിയ സിനിമ ആയിരുന്നു മലപ്പുറം ഹാജി മഹാനായ ജോജി. ഇന്നും അതിലെ ജഗതിയുടെ P.T.മാഷ് അലിയാരുടെ സീനുകള്‍ TV-യില്‍ വരുമ്പോള്‍ കാണാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഹാജ്യാരെ എന്ന് വിളിച്ചുള്ള ആ ഓട്ടവും സുകുമാരന്‍ വെച്ച വെടി കഴുത്തില്‍ കൊണ്ടുള്ള ആ തിരിയലും.. :D

കുറച്ച് നാള്‍ മുന്‍പ് തുളസിദാസ് ഇതിന്‍റെ ഒരു രണ്ടാം ഭാഗം പ്ലാന്‍ ചെയ്യുന്നു എന്ന് കേട്ടിരുന്നു. മലപ്പുറം ജോജി, മഹാനായ ഹാജി എന്ന് പേരും ഇട്ടിരുന്നു. പിന്നെ ഒന്നും കേട്ടില്ല. ഒരു കണക്കിന് അത് വരാതിരുന്നത് നന്നായി. കാദര്‍ഭായുടെ ഒക്കെ അവസ്ഥ നമ്മള്‍ കണ്ടതാണല്ലോ..അല്ലെങ്കിലും ചില സിനിമകള്‍ രസകരമായ ആ പഴയ ഓര്‍മ്മകളില്‍ തന്നെ നില്‍ക്കുന്നതാണ് നല്ലത് :)