Thursday, November 3, 2016

രാജമാണിക്യം (2005) - അണിയറ വിശേഷങ്ങള്‍ !!


രാജമാണിക്യം (2005)

ബ്ലാക്ക്, ചന്ദ്രോത്സവം എന്ന രണ്ട് ചിത്രങ്ങള്‍ നല്‍കിയ ക്ഷീണത്തില്‍ ആയിരുന്നു രഞ്ജിത്ത്. ഉടനെ പുതിയൊരു സിനിമ ചെയ്യാനുള്ള പരിപാടിയില്ല. അപ്പോളാണ് മമ്മൂട്ടിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു പ്രൊജക്റ്റ്‌ ഒത്ത് വരുന്നത്. കേരള കര്‍ണ്ണാടക ബോര്‍ഡറില്‍ പാരലല്‍ കോളേജ് നടത്തുന്ന ഒരാളുടെ കഥ. ആ അടുത്ത് ഹിറ്റുകള്‍ മാത്രം ( ബാലേട്ടന്‍, ബെന്‍ ജോണ്‍സന്‍, നാട്ടുരാജാവ്) സമ്മാനിച്ച T.A. ഷാഹിദ് ആണ് കഥാകൃത്ത്‌. വലിയ വീട്ടില്‍ ഫിലിംസ് എന്ന നിര്‍മ്മാതാവും റെഡി. എന്നിട്ടും രഞ്ജിത്ത് മാത്രം റെഡി ആയിരുന്നില്ല. അങ്ങനെയാണ് രഞ്ജിത്ത് അന്‍വര്‍ റഷീദിനെ വിളിപ്പിക്കുന്നത്. ഒരു പ്രൊജക്റ്റ്‌ ഉണ്ട്, മമ്മുക്കയാണ് ഹീറോ, നീ ആണ് സംവിധാനം എന്ന് അന്‍വറിനോട്‌ പറഞ്ഞു. ഒരു സിനിമ ചെയ്യാന്‍ കാത്തിരുന്ന അന്‍വര്‍ സന്തോഷത്തോടെ ആ പ്രൊജക്റ്റ്‌ ഏറ്റെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അന്‍വര്‍ തന്‍റെ ആദ്യത്തെ സിനിമ പൂര്‍ത്തിയാക്കി. അതായിരുന്നു രാജമാണിക്യം. വലിയ വീട്ടിലിന് വേണ്ടി രഞ്ജിത്ത് അടുത്ത വര്‍ഷം വേറൊരു സിനിമ ചെയ്തു കൊടുക്കുകയും ചെയ്തു. അതാണ് പ്രജാപതി (2006).


കഥയെല്ലാം ഷാഹിദ് ആദ്യം പറഞ്ഞതില്‍ നിന്ന് ഒരു പാട് മാറി. പാരലല്‍ കോളേജ് നടത്തുന്ന ഒരാളായി മമ്മുക്ക തന്നെ മുന്‍പ് കോട്ടയം കുഞ്ഞച്ചനില്‍ വന്നിട്ടുണ്ട്. അങ്ങനെയാണ് കഥ ബെല്ലാരിയില്‍ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരനിലേക്ക് എത്തുന്നത്. കെല്ലാ മുഹമ്മദ് സാഹിബിനെ പോലെ ബെന്‍സ് കാറുകളോട് പ്രിയമുള്ള ഒരാള്‍ . പിന്നെ കഥ എല്ലാം പെട്ടെന്ന് ഡെവലപ്പ് ആയി. മമ്മുക്കയുടെ അച്ഛന്‍റെ സ്ഥാനത്തേക്ക് സായുടെ പേര് ആരോ നിര്‍ദേശിച്ചു. അത് ശരിയാകുമോ എന്ന് ഒരു സംശയം വന്നു. പക്ഷെ അന്‍വറിന് ആ കാര്യത്തില്‍ വിശ്വാസം ആയിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ സായ്കുമാര്‍ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. നായകന്‍ വരുന്നത് വരെയുള്ള ഒരു അര മണിക്കൂര്‍ സിനിമ കൊണ്ട് പോയത് സായുടെ കരുത്തുറ്റ ആ പ്രകടനം തന്നെ ആയിരുന്നു. ചന്ദ്രോത്സവത്തില്‍ (2005) വില്ലന്‍ ആയ രഞ്ജിത്തിന് തന്നെ സൈമണ്‍ നാടാര്‍ എന്ന വില്ലന്‍ വേഷം കൊടുത്തു. രാജയുടെ കൂട്ടാളികളായി സലിംകുമാര്‍, ഭീമന്‍ രഘു, പിന്നെ രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്കിലൂടെ (2004) തിരിച്ചു വന്ന റഹ്മാന്‍ എന്നിവരെ കാസ്റ്റ്‌ ചെയ്തു. കാഴ്ചയില്‍ (2004) മമ്മുക്കയുടെ നായികയായ പദ്മപ്രിയയെ ഇതിലും കൊണ്ട് വന്നു. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഷാഹിദ് ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീര്‍ത്തത്.

മാണിക്യത്തിന്‍റെ ഭാഷയില്‍ ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. C.V.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിലെ ശങ്കു ആശാന്‍ എന്നൊരു കഥാപാത്രത്തിന്‍റെ ഭാഷ പോലെ ഒന്നായാലോ എന്ന് ചര്‍ച്ച വന്നു. ആയിടക്കാണ് മമ്മുക്ക സുരാജിന്‍റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. കൈരളിയില്‍ തന്നെ വന്നിരുന്ന ജഗപൊഗ എന്ന സീരിയലില്‍ ആ ഭാഷ നന്നായി പറയുന്നുണ്ട്. അങ്ങനെ മമ്മൂട്ടി സുരാജിനെ വിളിപ്പിച്ചു. ആ ഭാഷയില്‍ ഒന്ന് സംസാരിപ്പിച്ചു. പിന്നെ മമ്മൂട്ടി തന്നെ ആ ഭാഷയില്‍ ഒന്ന് രണ്ട് ഡയലോഗ് പറഞ്ഞ് നോക്കി, സംഭവം കൊള്ളാം,സിനിമയില്‍ ഇത് തന്നെ മതി എന്ന് ഉറപ്പിച്ചു. അങ്ങനെ സുരാജ് ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുടെ കൂടെ ഉണ്ടായി. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മുക്കക്ക് പറഞ്ഞ് കൊടുത്തു. മുന്‍പ് പല തരം ഭാഷ ശൈലികളും കൈകാര്യം ചെയ്ത മമ്മൂട്ടി അത് പെട്ടെന്ന് തന്നെ സ്വായത്തം ആക്കി. സിനിമയില്‍ സുരാജിന് ഒരു ചെറിയ വേഷം കൊടുത്തിരുന്നു. പക്ഷെ എഡിറ്റ്‌ കഴിഞ്ഞ് വന്നപ്പോള്‍ ആ ഭാഗം എടുത്ത് മാറ്റേണ്ടി വന്നു. പിന്നീട് ഗുലാനില്‍ (2006) മമ്മുക്കയുടെ കൂടെ ഒരു മുഴുനീള വേഷം സുരാജിന് കിട്ടുകയും ചെയ്തു. ഈ ഭാഷ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്നതില്‍ ഒരു പേടി ഉണ്ടായിരുന്നു. പക്ഷ പടം തുടങ്ങി മമ്മുക്ക സ്ക്രീനില്‍ വന്നു ആദ്യ ഡയലോഗ് പറഞ്ഞതോടെ വന്‍ കയ്യടി. പിന്നെ സിനിമ തീരും വരെ മമ്മൂട്ടി ആ ഭാഷയും വെച്ച് നിറഞ്ഞാടി എന്ന് പറയാം.


2005 നവംബര്‍ 3ന് ചെറിയ പെരുന്നാളിന് തലേന്ന് ആണ് സിനിമ ഇറങ്ങിയത്. അന്ന് നരന്‍ ഇറങ്ങി ജോസില്‍ 60 ദിവസം ആയിട്ടുണ്ട്. തൃശൂര്‍ രാഗത്തില്‍ ആയിരുന്നു രാജമാണിക്യം റിലീസ്. അവിടെ അന്ന് സ്ഥിരമായി മമ്മുക്ക പടങ്ങള്‍ ഇറങ്ങുന്ന സമയം, വേഷം, തൊമ്മനും മക്കളും, രാപ്പകല്‍, CBI, അങ്ങനെ . ഞാന്‍ തലേ ദിവസം രാത്രി അവിടെ പോയപ്പോള്‍ പടത്തിന്‍റെ ഒരു Represntative-നെ കണ്ടു. പുള്ളിയോട് ഞാന്‍ പടം എങ്ങനെയുണ്ട് ചേട്ടാ എന്ന് ചോദിച്ചപ്പോള്‍ എല്ലാം നന്നായി വന്നിട്ടുണ്ട്, ഹിറ്റ്‌ ആകും എന്ന് ഉറപ്പാണ്‌ എന്ന് പുള്ളി പറഞ്ഞു . ഷോ തുടങ്ങും വരെ വെക്കാന്‍ രാജമാണിക്യത്തിലെ തീം മ്യൂസിക്‌ ഉള്ള CD കൊടുത്തിട്ടുണ്ടെന്നും ഒക്കെ പുള്ളി പറഞ്ഞു. പക്ഷെ തിയ്യറ്ററില്‍ അതൊന്നും പ്ലേ ചെയ്തിരുന്നില്ല. എന്താണ് അത് വേണ്ട എന്ന് വെച്ചത് എന്നറിയില്ല.

അന്ന് ഒരു ബെന്‍സ് കാറില്‍ മമ്മുക്ക ചാരി നില്‍ക്കുന്ന ഒരു പോസ്റ്റര്‍ രാഗത്തില്‍ ഒട്ടിച്ചിരുന്നു. ഫാന്‍സുകാരുടെ വക രാഗം തിയ്യറ്ററിന്‍റെ മുകളില്‍ നിന്നും താഴെ വരെ എത്തുന്ന ഒരു ഫ്ലക്സ് വേറെ ഉണ്ടായിരുന്നു. താരങ്ങളുടെ രാജ, മലയാളത്തിന്‍റെ മാണിക്യം എന്ന് അതില്‍ വലുതായി എഴുതിയിരുന്നു. റിലീസ് ദിവസം കാലത്ത് ശിങ്കാരി മേളം ഒക്കെ ആയി രാഗത്തില്‍ ഒരു ഉത്സവ പ്രതീതി ആയിരുന്നു. ആദ്യപകുതി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ എല്ലാരുടെ മുഖത്തും സന്തോഷം. സംഭവം പൊരിച്ചില്ലേ, ഇക്ക തകര്‍ത്തു എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍. ഷോ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ എങ്ങും ആഹ്ലാദ പ്രകടനങ്ങള്‍. മമ്മുക്കാ കീ ജയ് എന്നുള്ള ആരവങ്ങള്‍, ഫോണ്‍ വിളികള്‍, "യെവന്‍ പുലിയാണ് കേട്ടാ" എന്നൊക്കെ പറഞ്ഞ് മറ്റ് ചിലര്‍. പക്ഷെ മാറ്റിനിക്ക് ആള് തീരെ കുറവ്. നൊയമ്പ് ആയത് കൊണ്ടാകും എന്ന് എല്ലാവരും പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അവിടെ പോയപ്പോള്‍ കണ്ടത് ഒരു പട തന്നെ ആയിരുന്നു. ആ ഒരു തിരക്ക് കുറെ ദിവസം ഉണ്ടായിരുന്നു. അന്നീ ഫേസ്ബുക്കും മാസ്സും ഒന്നും ഇല്ലല്ലോ. ഉള്ളത് വെറും മൌത്ത് പബ്ലിസിറ്റി മാത്രം. അടുത്ത പെരുന്നാളിനും പടം തിയറ്ററില്‍ ഉണ്ട്. പിന്നീട് കൃസ്ത്മസിന് സപ്നയില്‍ ബസ്‌ കണ്ടക്ടര്‍ റിലീസ് ആയി ആ പടം മാറിയിരുന്നു. അപ്പോളും രാജമാണിക്യം മാറിയിട്ടില്ല. അങ്ങനെ 99 ദിവസം ആണ് രാഗത്തില്‍ പടം ഓടിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആയി ആ സിനിമ. മമ്മൂട്ടിയുടെ അത് വരെയുള്ള ഇമേജ് തന്നെ അത് മാറ്റി മറിച്ചു. പിന്നീട് അന്‍വര്‍ മമ്മുക്കയെ വെച്ച് ചെയ്ത അണ്ണന്‍ തമ്പിയും (2008) ഒരു സൂപ്പര്‍ ഹിറ്റ്‌ ആയി. മമ്മൂട്ടിയെ എങ്ങനെ ഉപയോഗിക്കണം എന്നതിനേക്കാള്‍ എങ്ങനെ ഉപയോഗിക്കരുത് എന്ന് അന്‍വറിന് നന്നായി അറിയാം. ഇന്നേക്ക് രാജമാണിക്യം ഇറങ്ങിയിട്ട് 11 വര്‍ഷം പിന്നിടുന്നു. ഇന്നും ആരാധകര്‍ കാത്തിരിക്കുന്നത് അവര്‍ ഒരുമിച്ചുള്ള ഒരു പുതിയ സിനിമക്കായാണ്.

No comments:

Post a Comment