Thursday, November 17, 2016

ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000) - ഓര്‍മ്മകള്‍ !!


ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000)

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998), ഞങ്ങള്‍ സന്തുഷ്ട്ടരാണ് (1999), നാടന്‍ പെണ്ണും നാട്ടു പ്രമാണിയും (2000) ഇങ്ങനെ അടുപ്പിച്ച് മൂന്നു ജയറാം ചിത്രങ്ങള്‍ക്ക് ശേഷം രാജസേനന്‍ തന്‍റെ സ്ഥിരം ശൈലി ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ എടുത്ത ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. തന്‍റെ സ്ഥിരം നായകന്‍ ആയ ജയറാമിനെ മാറ്റി പകരം ദിലീപിനെയും കുഞ്ചാക്കോ ബോബനെയുമാണ് ആദ്യം കാസ്റ്റ് ചെയ്തത്. ചാക്കോച്ചന്‍റെ തിരക്ക് കാരണം പിന്നീട് ആ റോള്‍ വിനീതിന് വന്നു ചേര്‍ന്നു. ഒപ്പം കാവ്യാ മാധവനും ജഗതിയും ശരതും എല്ലാം ഉണ്ടായിരുന്നു. ഉദയ് കൃഷ്ണ സിബി കെ തോമസ്‌ ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോക്കറിന് ശേഷം വന്ന ദിലീപ് പടം ആയിരുന്നു ഇത്. കഥ പറഞ്ഞപ്പോള്‍ ആദ്യം ദിലീപിന്‍റെ റോള്‍ വിനീതിനും വിനീതിന്‍റെ റോള്‍ ദിലീപിനും ആയിരുന്നു. പക്ഷെ കഥ കേട്ട ദിലീപ് തനിക്ക് വിനീതിന്‍റെ ആ നെഗറ്റീവ് വേഷം മതി എന്ന് പറഞ്ഞു. അന്ന് നായകന്‍ എന്നതിനേക്കാള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ദിലീപിന് താല്‍പര്യം. വിജയുടെ പ്രിയമുടന്‍ (1998) എന്ന ചിത്രവുമായി കുറച്ചു സമയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഡാര്‍ലിംഗ് ഡാര്‍ലിംഗ് അവതരണത്തിലും കോമഡിയിലും മികച്ചു നിന്നു. വിനീതും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് എല്ലാവരെയും ആകര്‍ഷിച്ച ഒന്നായിരുന്നു. അത് പോലെ തന്നെ ദിലീപ് ജഗതി ടീമിന്‍റെ കോമഡി, ഇന്ദ്രന്‍സ് - ജനാര്‍ദ്ദനന്‍- CI പോള്‍ സംഘത്തിന്‍റെ വിറ്റുകള്‍ എല്ലാം ക്ലിക്ക് ആയി.ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയി. ഉള്ളടക്കത്തിലെ ഒരു BGM ആണ് പ്രണയ സൌഗന്ധികങ്ങള്‍ എന്ന എക്കാലത്തെയും മികച്ച പ്രണയ ഗാനം ആയി മാറിയത്. അത് കൂടാതെ ചിത്തിര പന്തലിട്ട്, മുത്തും പവിഴവും, അണിയമ്പൂ മുറ്റത്ത് അങ്ങനെ വേറെയും കുറേ ഹിറ്റ്‌ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.



2000 നവംബര്‍ 17ന് ആണ് ചത്രം റിലീസ് ചെയ്തത്. ചിത്രം അന്ന് മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഇതിറങ്ങി ഒരു മാസം കഴിഞ്ഞപ്പോളാണ് കൃസ്ത് മസിന് തെങ്കാശിപട്ടണം , ദാദ സാഹിബ്‌, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങുന്നത്. തെങ്കാശി പട്ടണം വലിയൊരു ഹിറ്റ്‌ ആയി, . ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം അങ്ങനെ മൂന്ന് ഹിറ്റുകള്‍ ആയി ദിലീപിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നു. അത് കോളേജിലെ ഞങ്ങളുടെ അവസാന വര്‍ഷം ആയിരുന്നു. അന്ന് സോഷ്യല്‍ സര്‍വീസ് ഡേ കഴിഞ്ഞ് ഒരു ഞായറാഴ്ച ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് പോയി തൃശൂര്‍ ജോസില്‍ നിന്നാണ് ഈ സിനിമ കണ്ടത്. ഞങ്ങള്‍ എല്ലാവരും മനസ്സ് തുറന്നു ചിരിച്ച ഒരു സിനിമ. അന്നത്തെ ആ നല്ല ഓര്‍മ്മകള്‍ക്ക് ഇന്ന് 17 വര്‍ഷം തികയുന്നു. അത് കൊണ്ട് ഇന്നും എന്‍റെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്.

No comments:

Post a Comment