Thursday, January 30, 2014

Sholay 3D - Movie Review - Film of a Lifetime !!

അങ്ങനെ ഇന്നലെ കുടുംബസമേതം ഷോലെ കണ്ടു. നിങ്ങളില്‍ എത്ര പേര്‍ ഷോലെ മുഴുവനായി കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. കണ്ടവരില്‍ തന്നെ ഭൂരിഭാഗവും ഹോം വീഡിയോ ആയിരിക്കും കണ്ടിട്ടുള്ളത്. ഞാനും അങ്ങനെ തന്നെയാണ് കണ്ടത്‌. അന്നൊക്കെ ഈ സിനിമ തിയറ്ററില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം തോന്നിയിരുന്നു. ആ വിഷമം ഇന്നലെ തീര്‍ത്തു. ഇന്നലെ വൈകീട്ട് ഞാന്‍ ഈ സിനിമ പോയി കണ്ടു. 3D ആയിരുന്നത് കൊണ്ട് തികച്ചും വേറിട്ടൊരു അനുഭവമായി ഷോലെ മാറി. അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ തീരു എന്നത് കൊണ്ട് മാത്രമാണ് ഇതെഴുതുന്നത്.



അതിനു മുന്‍പ്‌ ഷോലെയെ കുറിച്ച് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. രണ്ടര വര്‍ഷത്തോളം ഷൂട്ടിംഗ് നടന്ന സിനിമ ആണ് ഷോലെ. കര്‍ണ്ണാടകത്തിലെ രാമനഗര എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. സംവിധായകന്‍ രമേശ്‌ സിപ്പിയോടുള്ള ആദര സൂചകമായി അവിടെ ഒരു സ്ഥലം ഇപ്പോളും സിപ്പി നഗര്‍ എന്നാണ് അറിയപ്പെടുന്നത്. 1975 ഓഗസ്റ്റ് 15-നാണ് ഷോലെ റിലീസ്‌ ചെയ്തത്. തുടക്കത്തില്‍ വളരെ മോശം എന്ന അഭിപ്രായം ആയിരുന്നു ഷോലേക്ക് കിട്ടിയത്. പിന്നീട് മികച്ച അഭിപ്രായം നേടി എടുത്ത സിനിമ ബോക്സ്‌ ഓഫീസിലെ കറുത്ത കുതിര ആയി മാറുക ആയിരുന്നു. മുംബൈ മിനര്‍വ എന്ന തിയറ്ററില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷമാണ് ഷോലെ പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളും രാജ്യം മുഴുവന്‍ ഒരു തരംഗമായി മാറി. R.D.Burman ഒരുക്കിയ ഗാനങ്ങള്‍ ഇന്നും സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ടതായി നില നില്‍ക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നമ്മുടെ സല്‍മാന്‍ ഖാന്റെ പിതാവായ സലിം ഖാനും, പ്രശസ്ത ഗാനരചയിതാവ് ജാവേദ്‌ അക്തറും കൂടിയാണ്. സിനിമയുടെ ഗാനങ്ങളും ഡയലോഗുകളും വെവ്വേറെ കാസ്സറ്റുകള്‍ ആയി ഇറങ്ങുകയും വില്‍പ്പനയില്‍ ചരിത്രം സൃഷ്ട്ടിക്കുകയും ചെയ്തു. ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച അംജദ്‌ ഖാന്റെ ആദ്യ ചിത്രം ആയിരുന്നു ഷോലെ. ഗബ്ബര്‍ സിംഗ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ അദ്ദേഹം ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലനായി മാറി. 1950-കളില്‍ ജീവിച്ചിരുന്ന ഗബ്ബര്‍ സിംഗ് എന്ന ഒരു യഥാര്‍ത്ഥ കൊള്ളക്കാരന്‍റെ ജീവിതം അടിസ്ഥാനമാക്കിയാണ് ആ കഥാപാത്രത്തെ രൂപകല്‍പ്പന ചെയ്തത്.

സിനിമയുടെ കഥ വളരെ രസകരമാണ്. ഗബ്ബര്‍ സിംഗ് എന്ന ഒരു കൊള്ളക്കാരനെ പിടി കൂടാന്‍ വേണ്ടി ഒരു പഴയ പോലീസ്കാരനായ താക്കൂര്‍ രണ്ടു കള്ളന്മാരെ (ജയ്‌ & വീരു) തന്‍റെ നാട്ടിലേക്കു കൊണ്ട് വരുന്നു. തന്റെ കുടുംബം നശിപ്പിച്ച ഗബ്ബര്‍ സിങ്ങിനോട്‌ പ്രതികാരം ചെയ്യുക എന്നതാണ് അയാളുടെ ലക്‌ഷ്യം. ഇവര്‍ രണ്ടു പേരുടെയും സൌഹൃദം, പ്രണയം എന്നിവയിലൂടെ കഥ പോകുന്നു. ഇടയ്ക്കു താക്കൂറിന്‍റെ കുറച്ചു ഫ്ലാഷ്ബാക്ക് സീന്‍സ് കാണിക്കുന്നു. സിനിമ അവസാനിക്കാറാകുമ്പോള്‍ ഗബ്ബര്‍ സിംഗിന്‍റെ ആള്‍ക്കാരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ജയ് കൊല്ലപ്പെടുന്നു. ഒടുവില്‍ വീരു ഗബ്ബര്‍ സിംഗിനെ പിടി കൂടി താക്കൂറിനെ ഏല്‍പ്പിക്കുന്നു. ഇത്രയും ഉള്ള ഒരു കഥയാണ് മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്ത്, അതും ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ സംവിധായകന്‍ രമേശ്‌ സിപ്പി പറഞ്ഞിരിക്കുന്നത്. ഇതിനിടയില്‍ അഞ്ചു ഗാനങ്ങള്‍, കുറെ സംഘട്ടന രംഗങ്ങള്‍, നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍, ശകതമായ ഡയലോഗുകള്‍, ഹെലെന്‍ എന്ന അക്കാലത്തെ മാദക നര്‍ത്തകിയുടെ ഐറ്റം ഡാന്‍സ്, മികച്ച ചേസിംഗ് രംഗങ്ങള്‍, തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ എന്ന് വേണ്ട ഒരു മികച്ച കൊമേഴ്സ്യല്‍ സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും സമം ചേര്‍ത്ത് ഒരുക്കിയ ഒരു സിനിമയാണ് ഷോലെ.



38 വര്‍ഷം മുന്‍പ്‌ ഒരുക്കിയ ഒരു ചിത്രം ഇന്നും മുഷിപ്പില്ലാതെ മൂന്നു മണിക്കൂര്‍ കണ്ടിരിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഷോലെയെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. ഇന്ത്യയില്‍ ആദ്യമായി stereophonic soundtrack & 70 mm widescreen ഉപയോഗിച്ച സിനിമയും ഷോലെ ആണ്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ താക്കൂര്‍ ഗബ്ബര്‍ സിംഗിനെ കൊല്ലുന്നതായാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് സെന്‍സര്‍ ബോഡിന്‍റെ നിര്‍ദേശ പ്രകാരം ക്ലൈമാക്സ്‌ മാറ്റി എഴുതുകയും,താക്കൂര്‍ ഗബ്ബറിനെ പോലീസിനെ ഏല്‍പ്പിക്കുന്ന രംഗം വീണ്ടും ചിത്രീകരിക്കുകയുമാണ് ചെയ്തത്. ചിത്രത്തിലെ നായകന്മാര്‍ ആയ അമിതാബ് ബച്ചന്‍ അതിലെ നായിക ജയ ഭാധുരിയെയും,ധര്‍മേന്ദ്ര അതിലെ മറ്റൊരു നായികയായ ഹേമ മാലിനിയെയും കല്യാണം കഴിച്ചു. സിനിമയുടെ വിശേഷങ്ങള്‍ ഇനിയും ഒരു പാട് പറയാന്‍ ബാക്കി ഉണ്ട്. എല്ലാം പറയാന്‍ ഈ ലേഖനം മതിയാകില്ല. ഇനിയും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും തിയ്യറ്ററില്‍ പോയി കാണാന്‍ ശ്രമിക്കുക. 3D തന്നെ കാണണം എന്ന് ഞാന്‍ പറയില്ല, കാരണം ചിത്രത്തില്‍ അത്തരം സീനുകള്‍ താരതമ്യേന കുറവാണ്. എങ്കിലും ഉള്ളത് ഗംഭീരം ആയിരുന്നു. ഒരു സിനിമ പോലും അടങ്ങി ഒതുങ്ങി ഇരുന്നു കാണാത്ത എന്‍റെ മൂന്നു വയസ്സുള്ള മോന്‍ പോലും മുഴുവനായി ഇരുന്നു ഈ സിനിമ കണ്ടു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു "അടിപൊളി സിനിമ " എന്ന്. അതെ, ഷോലെ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്ന സിനിമയാണ്. കഴിഞ്ഞു പോയ തലമുറകള്‍ക്കും, ഇനി വരാനിരിക്കുന്ന തലമുറകളും ഒരു പോലെ ഈ ചിത്രത്തെ ഇഷ്ട്ടപെടും. അത് കൊണ്ടാണ് ഷോലെയെ Film of a Lifetime എന്ന് വിശേഷിപ്പിക്കുന്നത്.

Sunday, January 26, 2014

Jai Ho - Hindi Movie Review

ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു സല്‍മാന്‍ ഖാന്‍ മൂവി. റെഡി, വാണ്ട്‌ട്,ബോഡിഗാര്‍ഡ്‌ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം സല്‍മാന്‍ ഒരിക്കല്‍ കൂടെ ഒരു സൗത്ത്‌ ഇന്ത്യന്‍ മൂവി റീമേക്കുമായാണ് വന്നിരിക്കുന്നത്. ഈ തവണ തിരഞ്ഞെടുത്തിരിക്കുന്നത് ചിരഞ്ജീവി അഭിനയിച്ചു തെലുഗില്‍ സൂപ്പര്‍ ഹിറ്റ്‌ ആയ സ്റ്റാലിന്‍ എന്ന ചിത്രമാണ്‌. ആ ചിത്രം കാണാത്തത് കൊണ്ടും അതിന്റെ തിരക്കഥ ഒരുക്കിയത് എ.ആര്‍.മുരുഗദോസ് ആയത് കൊണ്ടും ആണ് ആദ്യ ദിവസം തന്നെ ജയ് ഹോ കാണാം എന്ന് വെച്ചത്.



ഇനി സിനിമയിലേക്ക്..

ജയ് (സല്‍മാന്‍) ഒരു പഴയ പട്ടാളക്കാരന്‍ ആണ്. അച്ചടക്ക നടപടിയെ തുടര്‍ന്നാണ് അയാള്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു പോരുന്നത്. നാട്ടില്‍ അയാള്‍ക്ക് അമ്മയും പെങ്ങളും (തബ്ബു )ഉണ്ട്. അമ്മക്ക് ഇഷ്ട്ടമല്ലാത്ത ഒരു വിവാഹം കഴിച്ചത് കൊണ്ട് അമ്മയും പെങ്ങളും തമ്മില്‍ ചെറിയ പിണക്കത്തിലാണ്.തന്റെ ചുറ്റും അന്യയമായി എന്ത് കണ്ടാലും ജയ് അതില്‍ കയറി ഇടപെടും. ജയ്‌ എക്സാം എഴുതാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ അയാളെ വല്ലാതെ ഉലയ്ക്കുന്നു. ആരും സമയത്തിന് സഹായിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ആ പെണ്‍കുട്ടി മരണപ്പെട്ടത്. അത് പോലെ വേറെയും ചില സംഭവങ്ങള്‍ അയാള്‍ക്ക് കാണേണ്ടി വരുന്നു. നാളെ ആര്‍ക്കും ഇത് പോലുള്ള അവസ്ഥകള്‍ വരാതിരിക്കാന്‍ വേണ്ടി ജയ് ഒരു ചെയിന്‍ സിസ്റ്റം രൂപികരിക്കുന്നു.

Read More - http://www.metromatinee.com/movie-review/jai-ho-movie-review-by-siraj-ibrahim-431

Tuesday, January 14, 2014

ഒന്ന് ചിരിക്കൂ...

ഇന്നലെ രാത്രി ഞങ്ങള്‍ പതിവ് പോലെ നടക്കാന്‍ ഇറങ്ങിയതാണ്. കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള കാരണം അടുത്തുള്ള മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി. പുതിയ ഷോപ്പ് ആണ്, ഈ അടുത്താണ് തുറന്നത്. അത് കൊണ്ട് തന്നെ മിക്ക സ്റ്റാഫുകളും നാട്ടില്‍ നിന്നും ആദ്യമായി വന്നവരാണ്. ജാസ്മിന്‍ പച്ചക്കറി വാങ്ങാന്‍ പോയ സമയത്ത് ഞാനും മോനും കൂടെ അവിടെയുള്ള മൊബൈല്‍ കൌണ്ടറില്‍ ചുമ്മാ നില്‍ക്കുവായിരുന്നു. അപ്പോളാണ് കാഷ് കൌണ്ടറില്‍ ഒരു ബഹളം കേട്ടത്. എന്താ കാര്യം എന്നറിയാന്‍ ഞാന്‍ അവിടേക്ക് ചെന്നു. നോക്കുമ്പോള്‍ ഒരു കസ്റ്റമര്‍ (ഒരു മലയാളി യുവാവ്‌ ) ബില്‍ അടിക്കാന്‍ ഇരിക്കുന്ന പയ്യനോട് വലിയ ശബ്ദത്തില്‍ ചൂടാകുകയാണ്. അവന്റെ ഡെലിവറി ഇത് വരെ വീട്ടില്‍ കിട്ടിയില്ല എന്നാണ് കാരണം.

ലവന്‍ : നിന്നോട് ഞാന്‍ പറഞ്ഞതല്ലെടാ ഡെലിവറി കൊടുത്തയക്കാന്‍? ഇപ്പൊ ഞാന്‍ പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞില്ലെ?

പയ്യന്‍ : ഇക്കാ, ഞാന്‍ ഇവിടെ പറഞ്ഞതാണ്‌.

ലവന്‍ : നീ ആരോട് പറഞ്ഞു? എപ്പോ പറഞ്ഞു?

പയ്യന്‍ : ഇക്ക, ഡെലിവറി മറന്നതല്ല, തിരക്കായത് കൊണ്ടാണ്..

ലവന്‍ : തിരക്കാണെങ്കില്‍ പറ്റില്ലാന്നു പറഞ്ഞൂടെ? എത്ര നേരം നിങ്ങളെ കാത്തിരിക്കണം.

പയ്യന്‍ ഒന്നും മിണ്ടുന്നില്ല. ലവന്‍ പിന്നെയും തിളച്ചു മറിയുകയാണ്. കാറിന്റെ കീ ആണെന്ന് തോന്നുന്നു അവന്‍ വിരല്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കറക്കുന്നുണ്ട്. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ അവനു ആവേശം കൂടി വന്നു. അവന്റെ മുഖ ഭാവം കണ്ടാല്‍ ദുബായ് ഭരിക്കുന്നത് അവന്‍ ആണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവന്റെ തലയ്ക്കു മുകളില്‍ രണ്ട് കൊമ്പ് ഞാന്‍ കണ്ടു. മറ്റേ പയ്യന്‍ ആണെങ്കില്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണ്. ബഹളം കേട്ട് ഷോപ്പ് മാനേജര്‍ അങ്ങോട്ട്‌ വന്നു. സമാധാനിപ്പിക്കാന്‍ നോക്കിയ അയാളോടും അവന്‍ തട്ടിക്കയറി.

ലവന്‍ : അതില്‍ മീനും ബീഫുമൊക്കെ ഉള്ളതാണ്, ഇപ്പൊ എല്ലാം നാശമായിട്ടുണ്ടാകും. ആ ബില്‍ ക്യാന്‍സല്‍ ചെയ്തു എനിക്ക് എന്റെ കാഷ് തിരിച്ചു തന്നോളു.

മാനേജര്‍: നിങ്ങള്‍ റൂമിലേക്ക്‌ പോക്കോളൂ, ഞങ്ങള്‍ ഇപ്പൊ എത്തിച്ചു തരാം.

ലവന്‍ ആ പയ്യനെ ചൂണ്ടി കാണിച്ചു കൊണ്ട് : ആരാ ഇവനെ പോലുള്ളവനെയൊക്കെ എടുത്തു ഇവിടെ ജോലിക്ക് വെച്ചത്? പിടിച്ചു പുറത്താക്കു ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവന്മാരെയൊക്കെ...

അതോടെ ആ പയ്യന്റെ മുഖം സങ്കടം കൊണ്ട് വല്ലാതായി. കണ്ടപ്പോള്‍ വിഷമം തോന്നി. അവനെ ഞാന്‍ കുറച്ചു ദിവസം മുന്‍പ്‌ പരിചയപ്പെട്ടതാണ്. അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട് അധികം ആയില്ല, എല്ലാം ഒന്ന് പരിചയപ്പെട്ടു വരുന്നേ ഉള്ളു. പിന്നെയും എന്തൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ശേഷം ലവന്‍ അവിടെ നിന്ന് ഇറങ്ങി പോയി. അവന്‍ പോയ കാറിന്റെ ബാക്കില്‍ വെച്ചു കൊണ്ട് പോകാവുന്ന സാധനങ്ങളെ ആകെ ഉള്ളു. ആ സാധനങ്ങളുമായി വേറെ ഒരു സ്റ്റാഫ്‌ സൈക്കിള്‍ ചവിട്ടി അവന്റെ റൂമിലേക്ക്‌ ഡെലിവറി കൊടുക്കാനും പോയി.
ഞാന്‍ ആ പയ്യന്റെ അടുത്ത് ചെന്നു തോളില്‍ തട്ടി പറഞ്ഞു " നീ ഇതൊന്നും കേട്ട് വിഷമിക്കണ്ടാട്ടാ, ഇതൊക്കെ ചിലരുടെ സ്വഭാവമാണ്, അവര്‍ ഇങ്ങനെ ചൂടാകും, അതൊന്നും കാര്യമാക്കണ്ട. "

പയ്യന്‍ : ഏയ്, ഇല്ലക്ക, സാരല്ല. ( അത് പറയുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞിരുന്നു). അവന്‍ വീണ്ടും അവന്റെ ബില്‍ അടി തുടര്‍ന്നു. മനസ്സ് വിഷമിച്ചാലും ജോലി മുടക്കാന്‍ പാടിലല്ലോ?

ഞാന്‍ വീണ്ടും മൊബൈല്‍ കൌണ്ടാറിലേക്ക് ചെന്നു. ഞാന്‍ അവന്മാരോട് ചോദിച്ചു " നിങ്ങടെ കൂട്ടത്തില്‍ പെട്ട ഒരാളെ ഒരുത്തന്‍ വന്നു ഇത്രയും പറഞ്ഞിട്ടും നിങ്ങളൊക്കെ അത് നോക്കി നിന്നല്ലേ?

അവര്‍: അല്ലാതെ ഞങ്ങള്‍ എന്താ ചെയ്യാനാ ഇക്ക? ഞങ്ങളും അവന്റെ പോലെ പണിക്കാരല്ലേ? ഒരു കസ്റ്റമറോട് ഞങ്ങള്‍ക്ക്‌ ചൂടാകാന്‍ പറ്റുമോ?

അവര്‍ പറഞ്ഞതും ശരിയാണ്. നമ്മുടെ നാട്ടില്‍ ആയിരുന്നെകില്‍ ഒരുത്തന്‍ വന്നു ഇങ്ങനെ സംസാരിച്ചു ഷൈന്‍ ചെയ്തു പോകുമോ? ഇനി പറഞ്ഞാല്‍ തന്നെ ബാക്കിയുള്ളവര്‍ ഇങ്ങനെ നോക്കി നില്‍ക്കുമോ? ഇല്ല. ഇപ്പോള്‍ ഈ ചൂടായി പോയവനും കുറച്ചു നാള്‍ മുന്‍പ്‌ ഒരു ജോലി തേടി വന്നവനല്ലേ? ഇപ്പൊ അവനു കാശായി, കാറായി, ഫ്ലാറ്റായി. ഇപ്പൊ അവന്‍ അവനെക്കാള്‍ താഴെ ഉള്ള ഒരുത്തനോട്‌ അവന്‍ തട്ടിക്കയറും, ചൂടാകും. ഇവിടെ ആ കടക്കാരുടെ ഭാഗത്ത്‌ തെറ്റുണ്ട്, പക്ഷെ പരാതി പറയാന്‍ അവിടെ മാനേജര്‍ ഉണ്ട്. അതിനു ബില്‍ അടിക്കണ ഈ പയ്യനെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യം? അവന്‍ ആണോ ഡെലിവറി കൊണ്ട് വരേണ്ടത്?

കോപം നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ വളരെ കഷ്ട്ടമാണ്. ആ സമയത്ത് നിങ്ങളുടെ മുഖം നിങ്ങള്‍ കാണുന്നില്ല. അത് വളരെ ഭയാനകമാണ്. ആകെ ഒരു ജീവിതം അല്ലെ ഉള്ളു, അതിങ്ങനെ ദേഷ്യപ്പെട്ടും ഒച്ച വെച്ചും വിക്രുതമാക്കണോ? സഹജീവികളോട് കുറച്ചു ക്ഷമ കാണിക്കു, അവരും മനുഷ്യരല്ലേ? അവരോട് ഒന്ന് ചിരിക്കൂ..