Wednesday, August 28, 2013

Bachelor - Malayalam Short Film Review

ഇന്നലെ കുടുംബസമേതം എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ പുതിയ ഷോര്‍ട്ട് ഫിലിം ബാച്ചിലര്‍" കണ്ടു. ഇതിലെ നായകന്‍ ശിവകുമാര്‍ നായര്‍ എന്ന ശിവേട്ടന്‍ എന്‍റെ ഒരു നല്ല സുഹൃത്ത് ആയത് കൊണ്ട് വളരെ സന്തോഷത്തോടെയാണ് കാണാന്‍ ഇരുന്നത്. കുറച്ചു നാളായി ഇതിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ കാണുന്നു. അതിന്റെ തുടക്കത്തില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ ശാലീനത വിവരിച്ചു കൊണ്ട് തുടങ്ങി പെട്ടെന്ന് അവളോട്‌ കയറി "ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയാമോ? " എന്നുള്ള ശിവേട്ടന്‍റെ ചോദ്യം കേട്ടപ്പോലെ ചിത്രത്തിന്റെ ഒരു സ്വഭാവം പിടി കിട്ടിയിരുന്നു. അതില്‍ പുള്ളിയുടെ കുറച്ചു ആത്മകഥാംശം ഇല്ലാതില്ല. ആളൊരു ഭക്ഷണ പ്രിയനാണ്. തീന്‍ മേശയിലെ പുള്ളിയുടെ വാനിഷിംഗ് ആക്റ്റ്‌" ഞങ്ങളുടെ ഇടയില്‍ ബഹു പ്രസിദ്ധമാണ്.



ഇനി ഫിലിമിലേക്ക്..

ഒരു IT പ്രൊഫെഷണല്‍ ആയ ശ്രീകുമാറിന്‍റെ (ശിവേട്ടന്‍.),)പെണ്ണ് അന്വേഷണവും അതിന്‍റെ പൊല്ലാപ്പുകളുമാണ് ചിത്രത്തിന്‍റെ കഥ. ആദ്യ സീനില്‍ തന്നെ അയാള്‍ ഒരു പെണ്‍കുട്ടിയെ കാണുന്നതും അവളുമായി സംസാരിക്കുന്നതുമാണ്, അവളോടാണ് അയാള്‍ ആദ്യം പറഞ്ഞ "ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയാമോ എന്ന് ചോദിക്കുന്നത്, അവള്‍ പക്ഷെ വെജിട്ടേറിയന്‍ ആണ്. പോരാത്തതിന് ഒരു ഷാരൂഖ്‌ ഖാന്‍ ഫാനും.ശ്രീകുമാറിന് ആണെങ്കില്‍ ഷാരൂഖ്‌ ഖാനെ ഇഷ്ട്ടമേ അല്ല. അവള്‍ക്കു സിഗരറ്റിന്‍റെ മണം തന്നെ ഇഷ്ട്ടമല്ല.ശ്രീകുമാര്‍ ആണെങ്കില്‍ കുടിക്കുകയും വലിക്കുകയും ചെയ്യുന്ന ഒരാളും. ഇങ്ങനെയൊക്കെ ആണെങ്കിലും കല്യാണം നടക്കുവാന്‍ വേണ്ടി ശ്രീകുമാര്‍ അവളുടെ മുന്‍പില്‍ അതെല്ലാം സമര്‍ത്ഥമായി മറച്ചു വെക്കുന്നു. പക്ഷെ എന്നിട്ടും ആ കുട്ടിയ്ക്ക് ശ്രീകുമാറിനെ ഇഷ്ട്ടപെടുന്നില്ല.അങ്ങനെ ആ കല്യാണവും നടക്കുന്നില്ല. ഇത് തന്നെയാണ് ശ്രീകുമാറിന്‍റെ ഇപ്പോളത്തെ പ്രശ്നം. ശ്രീകുമാറിന് ഒരു വിധം എല്ലാ പെണ്‍കുട്ടികളെയും ഇഷ്ട്ടപെടും, പക്ഷെ അവര്‍ക്ക്‌ ശ്രീകുമാറിനെ ഇഷ്ട്ടപെടുന്നില്ല,ഇനി ഇഷ്ട്ടപ്പെട്ടാലോ ജാതകം ചേരില്ല. ശ്രീകുമാറിന്റെ സുഹൃത്ത് പറയുന്ന പോലെ ചൊവ്വ ബുദ്ധന്‍റെ മണ്ടയില്‍ കയറി ഇരിക്കുകയാണ്.

ശ്രീകുമാറിന് മുന്‍പ്‌ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഒരു സാഹചര്യത്തില്‍ അവര്‍ക്ക് പിരിയേണ്ടി വരുന്നു. പിന്നീട് ഒരിക്കല്‍ ആ മീരയെ (അഗത മാഗ്നസ്) ശ്രീകുമാര്‍ കാണുന്നുണ്ട്. അന്ന് അയാള്‍ അവളെ നഷ്ട്ടപ്പെടുത്തിയത് ആലോചിച്ചു വിഷമിക്കുന്നുണ്ട്. ഒരു ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ അവരുടെ ഒരു ഫ്ലാഷ് ബാക്ക്‌ കുറച്ചു കാണിക്കുന്നത് മനോഹരമായിട്ടുണ്ട്. ശ്രീകുമാര്‍ ഇപ്പോളും മാട്രിമോണിയല്‍ നോക്കി പെണ്‍കുട്ടികളെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ശ്രീകുമാറിന്റെ സുഹൃത്ത് ഉമ്മര്‍ (ഫിറോസ്‌ നജീബ്) എല്ലാത്തിനും കൂടെയുണ്ട്. അയാളാണ് ശ്രീകുമാറിന്‍റെ അമ്മാവന്‍ ആയി പെണ്‍കുട്ടിയുടെ വീട്ടുകാരെ ഫോണില്‍ വിളിക്കുന്നതും വിവരങ്ങള്‍ അന്വേഷിക്കുന്നതും. അവിടെയും ഒരു പ്രശ്നം വരുന്നത് പെണ്‍കുട്ടികളുടെ കുടുംബക്കാര്‍ സര്‍ക്കാര്‍ ജോലിക്കാരെയാണ് അന്വേഷിക്കുന്നത് എന്നതാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആകെ അറിയാനുള്ളത് ശ്രീകുമാറിന്‍റെ കല്യാണം ആയോ എന്നതാണ്. ശ്രീകുമാറിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അയാളുടെ കല്യാണമാണ് അവരുടെ ദേശീയ പ്രശ്നം. മുപ്പതു വയസ്സ് എന്നത് ബാറ്റ കമ്പനിയുടെ പരസ്യം പോലെ ആണെന്നും, മുപ്പതു കഴിഞ്ഞാല്‍ പിന്നെ വിവാഹ കമ്പോളത്തില്‍ മാര്‍ക്കറ്റ്‌ ഇടിയുമെന്നും പറഞ്ഞു ഒരു സുഹൃത്ത് ശ്രീകുമാറിനെ പേടിപ്പിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി ശ്രീകുമാറും ഉമ്മറും കൂടെ ഒരു ജ്യോത്സ്യനെ കാണാന്‍ പോകുന്ന രംഗം ചിരി ഉണര്‍ത്തും. ഉമ്മറിന്റെ മണ്ടത്തരങ്ങള്‍ കേട്ട് സഹി കെട്ട അയാള്‍ അവരെ ചീത്ത വിളിച്ചു ഇറക്കി വിടുന്നു. സംസ്കൃതത്തില്‍ ഉള്ള തെറി ആദ്യമായാണ് കേള്‍ക്കുന്നത് എന്നാണ് ഉമ്മര്‍ ചെവിട് തിരുമ്മി കൊണ്ട് പറഞ്ഞത്.

ശ്രീകുമാറിന് പെണ്ണ് കിട്ടുമോ? അതോ അയാള്‍ ആദ്യ കാമുകിയെ തന്നെ സ്വീകരിക്കുമോ? ഉമ്മറിന്‍റെ കാല്‍ ആരെങ്കിലും തല്ലിയോടിക്കുമോ? എന്നീ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ബാച്ചിലര്‍ ഇന്ന് തന്നെ കാണുക..പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കൂ..ദാ, താഴെ കാണുന്നതാണ് ലിങ്ക്...ചിത്രം 22 മിനിറ്റ് മാത്രമേ ഉള്ളു..Please watch and share.



ഇപ്പോളത്തെ ഒരു ശരാശരി മലയാളി ചെറുപ്പക്കാര്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഒരു പെണ്ണ് കിട്ടുക എന്നത്. ആദ്യമൊക്കെ പെണ്‍കുട്ടി ഇങ്ങനെ വേണം അങ്ങനെ വേണം എന്ന് നിര്‍ബന്ധം ഉള്ള പലരും ഒടുവില്‍ ശ്രീകുമാര്‍ ഇതില്‍ പറയുന്ന പോലെ ആരായാലും മതി എന്നുള്ള നിലപാടിലെക്കെത്തും. ശ്രീകുമാറിനെ പോലെ ഉള്ള പലരെയും നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ആ നിലക്ക് നമുക്ക് പരിചിതമായ ചുറ്റുപാടുകളില്‍ നിന്നാണ് ചിത്രത്തിന്റെ അവതരണം. ഇരുപതു മിനിട്ടിനുള്ള ഒരു ഷോര്‍ട്ട് ഫിലിമില്‍ പറയാവുന്ന കാര്യങ്ങളൊക്കെ നല്ല രീതിയില്‍ സംവിധായകന്‍ ബിജു.ജെ.നായര്‍ പറഞ്ഞിട്ടുണ്ട്, അത് പോലെ ക്യാമറയും എഡിറ്റിങ്ങും ചെയ്ത വിഷ്ണു ശര്‍മ്മ, സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്റ്, കളറിംഗ് ചെയ്ത ലിവിങ്ങ്സ്ട്ടന്‍.. മാത്യു തുടങ്ങിയ എല്ലവര്‍ക്കും അഭിനന്ദനങ്ങള്‍ !!

മെഗാസ്റ്റാര്‍ ശിവേട്ടന്‍ എന്ന് ഞങ്ങള്‍ കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ശിവകുമാര്‍ ഓരോ ചിത്രങ്ങള്‍ കഴിയുമ്പോളും കൂടുതല്‍ മെച്ചപ്പെട്ടു വരുന്നു എന്നത് സന്തോഷകരമാണ്. ഡീസന്റ് മുക്കിലെ ശശി നായര്‍ക്ക് ശേഷം മറ്റൊരു മികച്ച കഥാപാത്രമാണ് ഇതിലെ ശ്രീകുമാര്‍. ക്രോണിക്ക് ബാച്ചിലറിലെ സത്യപ്രതാപന്‍ പെണ്ണ് കെട്ടാതെ നടന്നിരുന്ന ആളാണെങ്കില്‍ ഇതിലെ ശ്രീകുമാര്‍ പെണ്ണ് കിട്ടാതെ നടക്കുന്ന നായകനാണ്. അത് പോലെ തന്നെ നമ്മുടെ ഫിറോസ്‌, കൊച്ചു കൊച്ചു നര്‍മ്മങ്ങളിലൂടെ നമ്മളെ രസിപ്പിക്കുന്നുണ്ട്.സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വരെ കണ്ടു അഭിനന്ദിച്ച ഡീസന്റ് മുക്കിലെ കളസം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് ശ്രീ.ഫിറോസ്‌. അത് പോലെ തന്നെ ശ്രീകുമാറിന്‍റെ കൂട്ടുകാരായി വരുന്ന രോഹിതും സംഘവും, എല്ലാവരെയും എനിക്ക് പേരെടുത്തു അറിയില്ല, പിന്നെ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത കീര്‍ത്തി രാജഗോപാല്‍, തനുശ്രീ പഥക്, അഗത മാഗ്നസ് അങ്ങനെ എല്ലാവരും നന്നായിരുന്നു.

ഈ ഫിലിം ഇങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോള്‍ എന്റെ മോന്‍ എന്‍റെ മടിയില്‍ ഉണ്ടായിരുന്നു. ശിവേട്ടനെ കണ്ടപ്പോ അവന്‍ എന്നോട് ചോദിച്ചു " ഉപ്പാ, ഇതാരാ? ഞാന്‍ പറഞ്ഞു ഇതാണ് മോനെ മെഗാ സ്റ്റാര്‍ ശിവേട്ടന്‍, ഉപ്പാടെ കൂട്ടുകാരന്‍., ഉടനെ അവന്‍റെ ചോദ്യം, ഏതു കൂട്ടുകാരന്‍? ഞാന്‍ കണ്ടിട്ടില്ലല്ലോ എന്ന്. എന്‍റെ ഒരു വിധം എല്ലാ കൂട്ടുകാരെയും അവന്‍ കണ്ടിട്ടുണ്ട്, ശിവേട്ടനെ കണ്ടിട്ടില്ല. ഞാനും അവനെ കണ്ടിട്ട് കുറെ നാളായി. അവന്‍റെ കല്യാണത്തിനും പങ്കെടുക്കാന്‍ പറ്റിയില്ല. അവനോടു ഞാന്‍ പറഞ്ഞു അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ നമുക്ക് ഒരുമിച്ചു കാണാന്‍ പോകാം എന്ന്. ഫിലിം എല്ലാം കണ്ടു കഴിഞ്ഞു രാത്രി കിടക്കാന്‍ നേരത്തു അവന്‍ വീണ്ടും എന്നോട് ചോദിച്ചു " ഉപ്പാ, നമ്മള്‍ എന്നാ ശിവേട്ടനെ കാണാന്‍ പോണത് എന്ന്? കുട്ടികള്‍ അങ്ങനെ ആണല്ലോ? ചോദിച്ചത് തന്നെ ചോദിച്ചു കൊണ്ടേ ഇരിക്കും. നാളെ ശിവേട്ടന്‍ വെള്ളിത്തിരയിലെ വലിയ താരം ആകുമ്പോള്‍ അവനു അവന്‍റെ കൂട്ടുകാരോട് വമ്പ് പറയാലോ ഇത് എന്‍റെ ഉപ്പാടെ കൂട്ടുകാരന്‍ ആണെന്ന്. ശിവേട്ടനും ഫിറോസിനും രോഹിത്തിനും അണിയറയിലെ മറ്റെല്ലാവര്‍ക്കും എല്ലാ വിധ വിജയാശംസകളും നേരുന്നു.ഞങ്ങള്‍ക്ക്‌ പറയാന്‍ ഒന്നേ ഉള്ളു..ധൈര്യമായി മുന്പോട്ട് പൊയ്ക്കോളൂ. ഞങ്ങള്‍ എല്ലാവരും കൂടെ തന്നെയുണ്ട്. നാളത്തെ താരങ്ങള്‍ നിങ്ങള്‍ തന്നെയാണ്... All the Best !!

4 comments: