Monday, September 16, 2013

മലയാളികളുടെ സ്വന്തം മഞ്ജു !!

മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന വാര്‍ത്ത‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഒരു പരസ്യ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരികയും ചെയ്തു. പരസ്യത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായം ആയിരുന്നു എങ്കിലും മഞ്ജുവിനോട് ആര്‍ക്കും ഇഷ്ട്ടക്കെട് തോന്നിയിട്ടുണ്ടാകില്ല. മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അപ്പോളും ഒരു ചോദ്യം ആയി നിന്നു. എന്നാല്‍ പുതിയ വാര്‍ത്ത‍ അനുസരിച്ച് മഞ്ജു രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നതാണ്. മഞ്ജുവിന്റെ തിരിച്ചു വരവ് എന്നതിലുപരി മൂന്നു പ്രതിഭകളുടെ സംഗമം കൂടിയാണ് ഈ ചിത്രം.



വിവാഹ ശേഷം അഭിനയം നിര്‍ത്തിയ എത്രയോ നടികള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. പക്ഷെ അതൊന്നും മാധ്യമങ്ങളില്‍ ഇത്ര ചര്‍ച്ചാ വിഷയം ആയിട്ടില്ല. അമിതാബ് ബച്ചനോടൊപ്പം മഞ്ജു ചെയ്ത പരസ്യത്തെ കുറിച്ചുള്ള വാര്‍ത്ത നമ്മുടെ ചില പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ വന്നിരുന്നു. മഞ്ജു വാരിയര്‍ എന്ന നടിക്ക് മലയാളികളുടെ ഇടയിലുള്ള സ്വാധീനം അത്ര മാത്രമാണ്. കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളുടെയും അഭിനയ മികവിന്റെയും കാര്യത്തില്‍ മഞ്ജു മറ്റു നടികളെക്കാള്‍ ഒരു പാട് മുപിലാണ്. സല്ലാപത്തിലെ രാധ, സമ്മര്‍ ഇന്‍ ബതെലഹമിലെ ആമി, ആറാം തമ്പുരാനിലെ ഉണ്ണിമായ, കണ്ണെഴുതി പൊട്ടും തോട്ടിലെ ഭദ്ര, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക എന്നിവ ആ അഭിനയ മികവില്‍ തിളങ്ങിയ ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രം.

മികച്ച നടിക്കുള്ള ഒരു സംസ്ഥാന അവാര്‍ഡും,നാല് ഫിലിം ഫെയര്‍ അവാര്‍ഡും , ഒരു തവണ ദേശീയ അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശവും വാങ്ങിയ നടിയാണ് മഞ്ജു.
മലയാളത്തില്‍ നായിക പ്രാധാന്യമുള്ള കഥകള്‍ ഇല്ലാതിരുന്ന ഒരു സമയത്താണ് മഞ്ജുവിന്റെ വരവ്, പിന്നീട് മഞ്ജുവിനു വേണ്ടി കഥകള്‍ ഉണ്ടായി തുടങ്ങി, ദയ, കണ്ണെഴുതി പൊട്ടും തൊട്ടു ,തിരകള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.ജനപ്രീതിയില്‍ മലയാളത്തിലെ സൂപ്പര്‍ നായകന്മാരുടെ ഒപ്പം എത്തിയ അപൂര്‍വം നടിമാരില്‍ ഒരാളായി മഞ്ജു മാറി. തന്റെ കരിയറിലെ എറ്റവും മികച്ച സമയത്തായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം.അതൊരു എടുത്തു ചാട്ടമായിരുന്നു എന്ന് മഞ്ജു തന്നെ പിന്നീട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഇപ്പോള്‍ രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു മടങ്ങി വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടി വന്നത് ആറാം തമ്പുരാനിലെ ജഗന്നാഥനും ഉണ്ണിമായയുമാണ്. പക്ഷെ തന്റെ ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗം അല്ലെന്നും മോഹന്‍ലാലിനും മഞ്ജുവിനും തുല്ല്യ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നു. എന്തായാലും ഒരു പുതിയ കഥയില്‍, പുതിയ കഥാപാത്രമായി, ലാലിനോടൊപ്പം മത്സരിച്ചു അഭിനയിക്കാന്‍ മഞ്ജു വരുന്നു എന്നത് തന്നെ സന്തോഷകരമായ ഒരു വാര്‍ത്തയാണ്. മഞ്ജുവിനു ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു..

No comments:

Post a Comment