Wednesday, September 25, 2013

പ്രവാസിയുടെ സിനിമ മോഹങ്ങള്‍ !!



മനസ്സ് കൊണ്ട് ഇഷ്ട്ടമില്ലെങ്കിലും അന്യ ദേശത്ത് കഴിയുന്നവരാണ് മിക്ക പ്രവാസികളും. പ്രവാസികളുടെ പ്രശ്നങ്ങളും ദുഖങ്ങളും നമ്മള്‍ ഒരു പാട് കേട്ടിട്ടുള്ളതാണ്. പക്ഷെ പ്രവാസികളുടെ സിനിമ ആസ്വാദനത്തെ കുറിച്ച് അധികം ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. നാട്ടില്‍ നിന്നും വിദേശത്ത് എത്തുമ്പോള്‍ നഷ്ട്ട്ടപ്പെടുന്ന പല ഇഷ്ട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും സിനിമയും ഉള്‍പ്പെടും. അതിനു പ്രധാന കാരണം സിനിമ പ്രധാന വിനോദ ഉപാധിയായ ഒരു രാജ്യത്തു നിന്നാണ് നമ്മള്‍ വരുന്നത് എന്നുള്ളതാണ്. ചെറുപ്പം മുതല്‍ക്കെ സിനിമ അവനെ അത്ര മാത്രം സ്വാധീനിക്കുന്നുണ്ട്. മറ്റുള്ള ഏതു രാജ്യക്കാരേക്കാളും സിനിമ ആസ്വദിക്കുന്നത് ഒരു പക്ഷെ ഇന്ത്യക്കാരായിരിക്കണം. ഒരു സാധാരണ മലയാളി പ്രേക്ഷകന്റെ മനസ്സോടെ ആലോചിക്കുമ്പോള്‍ തോന്നുന്ന കുറച്ചു കാര്യങ്ങള്‍ പറയാം.

ദുബായ് ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും സിനിമ ഉണ്ട്.പക്ഷെ ഉയര്‍ന്ന ടിക്കറ്റ്‌ റേറ്റ് കാരണം പലരും ഇവിടെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല. 25 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്. ഇപ്പോളത്തെ ഇന്ത്യന്‍ റുപീയുടെ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു സിനിമ കാണാന്‍ 450 രൂപ മുതല്‍ 720 രൂപ. കാര്യം ഇതൊക്കെ ആണെങ്കിലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ അവധി ദിവസങ്ങളില്‍ ഇവിടെ തിയറ്റര്‍ ഫുള്‍ ആകാറുണ്ട്. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സിനിമ കാണാന്‍ ചെന്നാല്‍ പലപ്പോഴും പത്തില്‍ താഴെ മാത്രം പേര്‍ ഇരുന്നു സിനിമ കാണേണ്ടിയും വരാറുണ്ട്, അത് നമ്മുടെ സിനിമാ ആസ്വാദനത്തെ തന്നെ ബാധിക്കും. ഒരു മലയാളം സിനിമയുടെ സിഡി ഇവിടെ കിട്ടണം എങ്കില്‍ 15 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ കൊടുക്കണം,DVD ആണെങ്കില്‍ അത് 30 വരെ പോകും, അതായതു 360/- അല്ലെങ്കില്‍ 540/- ഇന്ത്യന്‍ രൂപ. എന്നിട്ടും ഇതെല്ലാം വാങ്ങുന്നവര്‍ ഉണ്ട്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ആ തുക കൂടെ ചേര്‍ത്ത് നാട്ടിലേക്ക്‌ അയക്കാം എന്നെ അവന്‍ കരുതൂ. നാട്ടിലെ പോലെ വീഡിയോ കടകള്‍ അധികം ഇല്ലാത്തതു കൊണ്ട് 5 ദിര്‍ഹംസ് കൊടുത്താല്‍ കിട്ടുന്ന വ്യാജ സിഡികളാണ് അവരുടെ ഏക ആശ്രയം.നിയമപരമായി തെറ്റാണെങ്കിലും സാമ്പത്തികം എന്ന വലിയ പ്രശ്നത്തിന്റെ മുന്നില്‍ ആ തെറ്റ് അവനു ശരിയാകുന്നു എന്നതാണ് സത്യം.



നാട്ടില്‍ ഇറങ്ങുന്ന ഓരോ മലയാള സിനിമയും ഗള്‍ഫില്‍ എത്താന്‍ ചുരുങ്ങിയത് രണ്ടു ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും. ഫേസ് ബുക്കിലൂടെയും മറ്റു സൈറ്റുകളിലൂടെയും ഓരോ സിനിമയെ കുറിച്ചും അറിഞ്ഞ ഒരു സിനിമാ പ്രേമിക്കു അവന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കാണാന്‍ ഒരു പാട് നാള്‍ കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടികൊണ്ടിരിക്കുന്ന പ്രിത്വിരാജിന്റെ മെമ്മറീസ് 50 ദിവസം ആകാറായിട്ടും ഇത് വരെ ഇവിടെ ഇറങ്ങിയിട്ടില്ല. എന്നാല്‍ തമിള്‍-- ഹിന്ദി സിനിമകളാകട്ടെ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പേ ഇവിടെ റിലീസ് ചെയ്യുന്നു.ആ സിനിമകള്‍ എല്ലാം തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് നല്ല കളക്ഷന്‍ നേടുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പ്‌ ഇവിടെ ഇറങ്ങിയത് ഓര്‍ക്കുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും ആ സിനിമ കാണാന്‍ പോയത്.പക്ഷെ അതിനു ശേഷം ഒരു മലയാള സിനിമയും അങ്ങനെ റിലീസ് ചെയ്തിട്ടില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ പോലും, നാട്ടില്‍ ഇറങ്ങി അടുത്ത ആഴ്ച എങ്കിലും ഇവിടെ റിലീസ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു പാട് സിനിമ പ്രേമികള്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത ആയിരിക്കും. സ്വന്തം നാട്ടിലെ സിനിമയുടെ പോസ്ററുകള്‍ കാണുമ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും,നാട്ടിലെ ലൊക്കേഷനുകളും വെള്ളിത്തിരയില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ഒന്ന് വേറെയാണ്.

നാട്ടില്‍ ഉള്ള സമയത്ത് ഒരു സിനിമയും വിടാതെ കണ്ടു നടന്ന സിനിമ പ്രേമികള്‍ പലരും ഗള്‍ഫ്‌ രാജ്യത്തു ചെന്നാല്‍ ഒരു സിനിമ പോലും കാണാതെയാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അതിനു ഒരു കാരണം ഇവിടത്തെ ജീവിത തിരക്കാണ്. ആകെ കിട്ടുന്ന ഒരു അവധി ദിവസം ഉറങ്ങി തീര്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. വേറെ ഒരു കാരണം നാട്ടിലെ ആ ഒരു സിനിമ അനുഭവം ഇവിടെ കിട്ടുന്നില്ല എന്നതാണ്. നാട്ടിലെ പോലെ ഒരു ഓളവും ബഹളവും ഇല്ലാതെ സിനിമ കാണാന്‍ അവരില്‍ പലര്‍ക്കും താല്പര്യം കാണില്ല. അത് പോലെ തന്നെ നാട്ടില്‍ അധികം സിനിമകള്‍ കാണാതിരുന്ന പലരും ഇവിടെ വരുമ്പോള്‍ കിട്ടുന്ന ഒഴിവു സമയം തള്ളി നീക്കാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് സിനിമയെ മാത്രം ആശ്രയിക്കുന്ന കാഴ്ചയും കാണാം. ഇവരില്‍ തന്നെ ചിലര്‍ തിയറ്ററില്‍ തന്നെ പോയി സിനിമ കാണുന്നു, അല്ലാത്തവര്‍ സ്വന്തം ലാപ്ടോപില്‍ അഭയം പ്രാപിച്ചു തന്റെ ബെഡില്‍ തന്നെ ഇരുന്നും കിടന്നും സിനിമ കാണുന്നത് ഇവിടത്തെ ഓരോ ബാച്ചിലര്‍ റൂമിലെയും നിത്യകാഴ്ചയാണ്. ഇന്റര്‍നെറ്റില്‍ ഇറങ്ങുന്ന ഓരോ സിനിമകളും അവന്‍ അങ്ങിനെ കണ്ടു തീര്‍ക്കുന്നു. അവന്റെ ലോകം അവനിലേക്ക്‌ മാത്രമായി ചുരുങ്ങി ചുരുങ്ങി വരുന്നു. പ്രവാസിയായ ഒരു സിനിമാപ്രേമിക്ക് ഓരോ സിനിമയും ഓരോ ഓര്‍മ്മകളാണ്.കഴിഞ്ഞ കാലത്തിന്റെ,നഷ്ട്ടമായ സൌഹൃദത്തിന്റെ,പ്രണയത്തിന്റെ, തന്റെ കോളേജ് കാലത്തിന്റെ അങ്ങനെ ഓരോരുത്തര്‍ക്കും അവരുടെതായ ഓര്‍മ്മകള്‍ കാണും. ചാനലുകളില്‍ പഴയ സിനിമകള്‍ കാണുമ്പോള്‍ നാട്ടില്‍ നിന്ന് കൂട്ടുകാരുടെ കൂടെ ആരവത്തോടെ ആ സിനിമകള്‍ കണ്ട അനുഭവം ഓര്‍ത്തു പോകും. അതിലെ പഴയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ എങ്കിലും മനസ്സ് കൊണ്ട് ഒന്ന് പുറകിലേക്ക് പോകാത്തവര്‍ ചുരുക്കമായിരിക്കും.ആ ഓര്‍മ്മകള്‍ സുഖമുള്ള ഒരു നോവാണ്.

ഇവരെ കൂടാതെ മനസ്സില്‍ സിനിമാ മോഹവുമായി കഴിയുന്ന എത്രയോ പ്രവാസികളുണ്ട്. തിരക്കഥ എഴുതാനും,പാടാനും, അഭിനയിക്കാനും, സംവിധാനം ചെയ്യാനുമുള്ള ആഗ്രഹങ്ങളുമായി കഴിയുന്ന കുറെ പേര്‍ ഇവിടെ കഴിയുന്നുണ്ട്. കുടുംബം, ജീവിതം,പണം എന്നീ കാര്യങ്ങള്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വപ്നങ്ങളുടെ പിറകെ പോകാന്‍ സമയം? സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു എത്രയോ പേര്‍ ഈ മറുനാട്ടില്‍ എന്തൊക്കെ ജോലികള്‍ ചെയ്തു ജീവിക്കുന്നുണ്ടാകും? വര്‍ഷങ്ങള്‍ പോയതറിയാതെ ഇവിടെ ജീവിച്ചു ജീവിച്ചു ഒടുവില്‍ തിരിച്ചു നാട്ടില്‍ ചെല്ലുമ്പോളെക്കും എല്ലാം വൈകി പോയി എന്ന് അവന്‍ തിരിച്ചറിയുന്നു.അപൂര്‍വം ചിലര്‍ ഈ പ്രവാസം വേണ്ടെന്നു വെച്ച് നാട്ടിലേക്ക്‌ പോയി തന്റെ ലക്‌ഷ്യം നേടുന്നു, മറ്റു ചിലര്‍ കിട്ടിയ ജോലി ചെയ്തു സ്വപ്നങ്ങളെ എല്ലാം മറന്നു ഇവിടെ തന്നെ കഴിഞ്ഞു കൂടുന്നു.ഓരോ പ്രശ്നങ്ങള്‍ തീര്‍ത്തു നാട്ടിലേക്ക് വരാന്‍ ഒരുങ്ങുമ്പോളും അടുത്ത പ്രശ്നം വന്നു ചേരുന്നു. ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചതൊന്നും ആകാന്‍ കഴിയാതെ,മോഹങ്ങള്‍ എല്ലാം മണ്ണിട്ട്‌ മൂടി ഈ മരുഭൂവില്‍ ജീവിച്ചു തീര്‍ക്കുന്നു. പ്രവാസം ഒരു കുരുക്കാണ്,അഴിക്കും തോറും മുറുകുന്ന ഒരു കുരുക്ക്!!

No comments:

Post a Comment