Saturday, September 28, 2013

മണികണ്ഠ ചരിതം ഒന്നാം ഭാഗം !!

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ദുബായില്‍ വിസിറ്റ് വിസയില്‍ വന്ന സമയം. അന്ന് ഞാന്‍ സുഹൈറിന്‍റെ കൂടെയാണ് താമസം. അന്ന് ഞങ്ങള്‍ ഇങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോളാണ് ഒരു ദിവസം സുഹൈറിന്‍റെ കുഞ്ഞുപ്പ ആഷിക് അയാളുടെ മണികണ്ഠന്‍ എന്ന ഒരു സുഹൃത്തുമായി ഞങ്ങളുടെ വില്ലയില്‍ വന്നത്. നല്ല രീതിയില്‍ ഡ്രസ്സ്‌ ഒക്കെ ചെയ്തു, ഷര്‍ട്ട്‌ ഒക്കെ ഇന്‍സൈഡ് ചെയ്ത് കണ്ണടയും വെച്ച് കട്ടിമീശയുള്ള ഒരു ചെറുപ്പക്കാരന്‍. ഈ മണികണ്ഠന്‍ അങ്ങോരുടെ നാട്ടുകാരനും അയല്‍ക്കാരനുമാണ്. ഇപ്പോള്‍ വിസിറ്റ് വിസയില്‍ വന്നിരിക്കുന്ന ഇയാളെ കുറച്ചു കാലം ഞങ്ങളുടെ റൂമില്‍ താമസിപ്പിക്കണം. അന്ന് ഞങ്ങളുടെ റൂമില്‍ ഒരു ബെഡ് സ്പേസ് ഉണ്ട്. അതറിഞ്ഞിട്ടാണ് അവരുടെ വരവ്. അത്ര ദിവസം അയാള്‍ ഷാര്‍ജയില്‍ ആഷികിന്‍റെ ഫാമിലിയുടെ കൂടെയായിരുന്നു താമസം. റൂമൊക്കെ കണ്ട ശേഷം അവര്‍ മടങ്ങി പോയി. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു മണികണ്ഠന്‍ ഒരു രാത്രി തന്‍റെ പെട്ടിയുമായി ഞങ്ങളുടെ റൂമില്‍ വന്നു. അയാള്‍ക്ക്‌ ബെഡ് ഒക്കെ കാണിച്ചു കൊടുത്ത് ഞാനും സുഹൈറും കൂടെ റൂമിന്‍റെ പുറത്തുള്ള ഒരു ബഞ്ചില്‍ ചെന്നിരുന്ന് സംസാരിക്കുന്നു. അപ്പോള്‍ മണികണ്ഠന്‍ ഒരു കള്ളിമുണ്ട് ഒക്കെയുടുത്ത് മടക്കി കുത്തി ഞങ്ങളുടെ അടുത്തേക്ക്‌ വന്നു.

മണികണ്ഠന്‍ : എനിക്കങ്ങോട്ട് വരാമല്ലോ അല്ലെ?

ഞാന്‍ : അതിനെന്താ പോന്നോളൂ..

പുള്ളി വന്നു ഞങ്ങടെ അടുത്ത് ഇരുന്നു. ഞങ്ങളെ പരിചയപ്പെട്ടു. പിന്നെ അയാളെ കുറിച്ച് സംസാരിച്ചു. നാട്ടില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ആയിരുന്നു. പിന്നെ സ്വന്തമായി ഒരു ലോറി വാങ്ങി. അതില്‍ കുറച്ചു നഷ്ട്ടം വന്നു. അതിന്‍റെ ബാധ്യത തീര്‍ക്കാനും, പെങ്ങളെ കെട്ടിച്ച വകയില്‍ ബാക്കി ഉണ്ടായിരുന്ന കുറച്ചു കടം വീട്ടാനുമാണ് ദുബായിലേക്ക് വന്നത്. അതും സ്വന്തം കാശ് കൊടുത്ത് എടുത്ത വിസിറ്റ് വിസയില്‍ തന്നെ. തന്‍റെ ചിലവിനുള്ള പണവും കരുതിയിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിക്കരുത് എന്നാണ് തന്‍റെ ആഗ്രഹം എന്നൊക്കെ പറഞ്ഞു. പിന്നെ എല്ലാ കടങ്ങളും തീര്‍ത്ത ശേഷം നല്ലൊരു വീട് വെക്കണം,പിന്നെ കല്യാണം. അതൊക്കെയാണ് തന്‍റെ സ്വപ്നം എന്നും പറഞ്ഞു. എന്തെങ്കിലും തരക്കേടില്ലാത്ത ജോലി കിട്ടിയാല്‍ മതി എന്നാണ് പുള്ളിയുടെ നിലപാട്.

എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം ഞങ്ങളോട് ഒരു ചോദ്യം : "അല്ലാ, ഇവിടത്തെ ഫുഡിന്‍റെ കാര്യങ്ങള്‍ എങ്ങനെ? ഞാന്‍ കാലത്ത് ഏഴു മണി ആകുമ്പോള്‍ ഉണരും. അപ്പോളേക്കും ചായ റെഡി ആകുമല്ലോ അല്ലെ? "

ഞാനും സുഹൈറും മുഖത്തോട് മുഖം നോക്കി. എന്നിട്ട് ആളോട് പറഞ്ഞു : ഇവിടെ വെപ്പും കുടിയൊന്നുമില്ല, ഞങ്ങള്‍ എല്ലാം ഹോട്ടലില്‍ നിന്നാണ് കഴിക്കാറ്. അകത്തൊരു കിച്ചന്‍ ഉണ്ട്. പാത്രങ്ങളും ഉണ്ട്. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ വല്ലതും വെച്ചുണ്ടാക്കി കഴിക്കാം.

മണികണ്ഠന്‍ : അയ്യോ, അങ്ങനെയാണോ? ഷാര്‍ജയില്‍ ആയിരുന്നപ്പോള്‍ കാലത്ത്‌ 8 മണി ആകുമ്പോള്‍ ബ്രേക്ക്‌ഫാസ്റ്റ് കിട്ടാറുണ്ട്.

ഞാന്‍ : അത് ഫാമിലി റൂം അല്ലെ, അത് പോലാണോ ഇവിടെ?

മണികണ്ഠന്‍ : ഓക്കേ, എന്തായാലും നമുക്ക്‌ നോക്കാം..

കുറച്ചു കഴിഞ്ഞു ഞങ്ങള്‍ നോക്കുമ്പോ മണികണ്ഠന്‍ പുറത്തു റോഡിലിരുന്ന് മൂത്രമൊഴിക്കുന്നു.ഞങ്ങള്‍ ഞെട്ടലോടെ അയാളെ വിളിച്ചു "ചേട്ടാ, അവിടെ ഇരുന്നു മൂത്രമൊഴിക്കല്ലേ, പോലീസ് കണ്ടാല്‍ ഫൈന്‍ കിട്ടും"

മണികണ്ഠന്‍ : പോലീസ് കണ്ടാലല്ലെ?

ഞങ്ങള്‍ : അപ്പൊ അകത്ത് ഒഴിച്ചൂടെ?

മണികണ്ഠന്‍ : ഇതൊരു സുഖാടോ..( കണ്ണടച്ച് കൊണ്ട് വല്ലാത്തൊരു നിര്‍വൃതിയോടെ )

ഞങ്ങള്‍ അന്തം വിട്ടു നോക്കി നില്‍ക്കുമ്പോള്‍ മണികണ്ഠന്‍ കൂളായി റൂമിലേക്ക്‌ കയറി പോയി. ഇത് നമുക്ക് പണിയാകും എന്ന് സുഹൈര്‍ എന്നോട് പറഞ്ഞു. അങ്ങനെ അന്ന് ഞങ്ങള്‍ കിടന്നുറങ്ങി. പിറ്റേ ദിവസം കാലത്ത്‌ എന്നെ ഒരാള്‍ തട്ടി വിളിച്ചു. നോക്കുമ്പോള്‍ മണികണ്ഠന്‍..കയ്യില്‍ ഒരു ഗ്ലാസ്‌ ചായയും ഉണ്ട്.

"എന്തൊരു ഉറക്കാത്? എണീറ്റെ, എന്നിട്ട് ദാ ഈ ചായ അങ്ങട്ട് കുടിച്ചേ..

ഉറക്കം പോയതില്‍ ദേഷ്യം വന്നെങ്കിലും കാലത്ത്‌ തന്നെ ഒരു ചൂട് ചായ കിട്ടിയത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. കിച്ചനില്‍ ഉണ്ടായിരുന്ന ചായപ്പൊടിയും പഞ്ചസാരയും വെച്ച് പുള്ളി ഉണ്ടാക്കിയതാണ്. അയാള്‍ അത് പോലെ തന്നെ സുഹൈറിനെയും വിളിച്ചുണര്‍ത്തി ചായ കൊടുക്കുന്നത് കണ്ടു. സുഹൈര്‍ ഒന്നും മനസ്സിലാകാതെ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടു പേരും ആ ചായ കുടിച്ചു. നല്ല കടുപ്പമുള്ള ഒന്നാന്തരം ചായ. പിന്നീടുള്ള കുറച്ചു ദിവസങ്ങളില്‍ അത് പതിവായി. ഫുഡ്‌ ഒക്കെ എല്ലാവരും പുറത്തു നിന്ന് തന്നെ കഴിച്ചു. ഒടുവില്‍ ഒരു നാള്‍ ചായപ്പൊടി തീര്‍ന്നു. അതോടെ ആ ചായകുടിയും മുട്ടി. ഇടയ്ക്കു മെസ്സ് ഒന്ന് ശരിയാക്കി എടുക്കാന്‍ പുള്ളി മുന്‍കൈ എടുത്ത് ശ്രമിച്ചെങ്കിലും ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്തതു കൊണ്ട് അത് നടന്നില്ല.

ഇതിനിടയില്‍ മണികണ്ഠന്‍ പല സ്ഥലത്ത് ജോലി അന്വേഷണത്തിനായി പോയി. ഒന്നും ശരിയായില്ല. ഹിന്ദി അറിയാത്തത് കൊണ്ടാണ് തനിക്ക്‌ ജോലി ഒന്നും കിട്ടാത്തത് എന്ന് കക്ഷിക്ക് മനസ്സിലായി. തന്നോട് ഹിന്ദിയില്‍ മാത്രം സംസാരിച്ചാല്‍ മതിയെന്നും തനിക്ക്‌ ആ ഭാഷ പഠിക്കണം എന്നും മണികണ്ഠന്‍ റൂമില്‍ ഉള്ളവരോട് ശട്ടം കെട്ടി. അങ്ങനെ അയാള്‍ ഞങ്ങളോട് മുറി ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. ഇടയ്ക്കു വാക്കുകള്‍ കിട്ടാതെ അയാള്‍ തപ്പി തടഞ്ഞപ്പോള്‍ ഞങ്ങള്‍ സഹായിച്ചു. അയാള്‍ ഓരോ വാക്കുകള്‍ സ്ഥാനം തെറ്റി പറയുമ്പോള്‍ റൂമില്‍ പൊട്ടിച്ചിരിയാകും.ചില ദിവസങ്ങളില്‍ റൂമില്‍ ഞാനും പുള്ളിയും മാത്രമാകും. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പണിയില്ലല്ലോ. അപ്പോള്‍ കക്ഷി നാട്ടില്‍ അടിച്ചു പൊളിച്ചു നടന്നിരുന്ന വീരകഥകള്‍ പറയും. എന്‍റെ വിശേഷങ്ങള്‍ ഞാനും പങ്കു വെക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മെല്ലെ മെല്ലെ ദിവസങ്ങള്‍ കഴിഞ്ഞു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മണികണ്ഠന്‍റെ കയ്യിലുണ്ടായിരുന്ന കാശൊക്കെ കഴിഞ്ഞു തുടങ്ങി. പക്ഷെ പുള്ളി ആരോടും കാശൊന്നും കടം ചോദിച്ചില്ല, ഇടയ്ക്ക് ഒറ്റക്കിരുന്ന് പറയും എന്നല്ലാതെ.

അങ്ങനെ റൂമില്‍ ഞാന്‍ തനിച്ചായ ഒരു ദിവസം. സുഹൈര്‍ ജോലിക്കും, മണികണ്ഠന്‍ ജോലി അന്വേഷണത്തിനും പോയിരിക്കുന്നു. ഉച്ചക്ക് ഞാന്‍ റൂമില്‍ ഉള്ള ചില്ലറ പെറുക്കിക്കൂട്ടി അടുത്തൊരു ഹോട്ടലില്‍ പോയി. അന്ന് ഊണിനു 6 ദിര്‍ഹംസും പോറോട്ടക്ക് 50 ഫില്‍സുമാണ് വില. ഞാന്‍ അവിടെയിരുന്നു ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മണികണ്ഠന്‍ അങ്ങോട്ട്‌ കയറി വന്നു. പുള്ളി എന്നെ വിഷ് ചെയ്ത ശേഷം അടുത്തുള്ള ഒരു സീറ്റില്‍ ചെന്നിരുന്നു. വെയ്റ്റര്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നു.

വെയിറ്റര്‍ : ഇവിടെ എന്താ വേണ്ടത്‌? ചോറ്? ബിരിയാണി? നെയ്ച്ചോര്‍?

മണികണ്ഠന്‍ : 2 പൊറോട്ട മതി

വെയിറ്റര്‍ : വേറെന്താ വേണ്ടേ? ചിക്കന്‍ കടായി, മട്ടണ്‍ മസാല, ബീഫ്‌ ഫ്രൈ?

മണികണ്ഠന്‍ : (ശബ്ദം താഴ്ത്തി കൊണ്ട് ): കുറച്ചു ചാറ് മതി.

വെയിറ്റര്‍ : എന്ത്..?

മണികണ്ഠന്‍ : അല്ല, കുറച്ചു കറി..

വെയിറ്റര്‍ : അങ്ങനൊന്നും ഇവിടെ കിട്ടില്ല ഭായ്, ഇത് നമ്മടെ നാടല്ല.. (ചിരിക്കുന്നു)

മണികണ്ഠന്‍ : എന്നാല്‍ ഒരു ചായ എടുത്താല്‍ മതി

വെയിറ്റര്‍ പോയപ്പോള്‍ വല്ലാത്തൊരു മുഖത്തോടെ മണികണ്ഠന്‍ എന്നെ നോക്കി. ഞാന്‍ കഴിച്ചിരുന്ന ചോറ് തൊണ്ടയില്‍ കുടുങ്ങിയ പോലെ ആയി പോയി. എന്തെങ്കിലും വാങ്ങി കൊടുക്കാന്‍ എന്‍റെ കയ്യിലും പത്തു പൈസ ഇല്ലാത്ത സമയം. പൊറോട്ടയും ചായയും വന്നപ്പോള്‍ ആവേശത്തോടെ മണികണ്ഠന്‍ അത് കഴിച്ചു. ഞാന്‍ ഈ കാര്യം സുഹൈറിനോട് മാത്രം പറഞ്ഞു. കേട്ടപ്പോള്‍ അവനും വിഷമമായി. പുള്ളിക്ക് എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കണം എന്ന് ഞങ്ങള്‍ വിചാരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇടയ്ക്കു ഞാന്‍ കഫേയില്‍ പോയി വരുമ്പോള്‍ എന്താണ് ഇന്‍റര്‍നെറ്റ്‌, ഇമെയില്‍ എന്നുമൊക്കെ മണികണ്ഠന്‍ ചോദിച്ച് മനസ്സിലാക്കുമായിരുന്നു. അങ്ങനെയിരിക്കെ മണികണ്ഠന് ഷാര്‍ജയില്‍ ആളുടെ സുഹൃത്ത് ആഷികിന്‍റെ കമ്പനിയില്‍ തന്നെ ഒരു ജോലി ശരിയായി. നല്ല വെയിലത്ത് നിന്ന് വണ്ടിക്ക് സ്റ്റിക്കര്‍ ഒട്ടിക്കലാണ് പണി, അതും 30 ദിര്‍ഹം ദിവസ കൂലിക്ക്. വിസ തീരാറായത് കൊണ്ടും, കയ്യില്‍ കാശില്ലാത്തത് കൊണ്ടും മണികണ്ഠന്‍ അത് ഏറ്റെടുത്തു. പോകണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. അങ്ങനെ ഒരു ദിവസം അയാളെ വിളിക്കാന്‍ ആഷിക്ക് വന്നു. അങ്ങനെ മണികണ്ഠന്‍ പെട്ടിയൊക്കെ എടുത്തു ആ വണ്ടിയില്‍ വെച്ചു. എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക്‌ വന്നു.

മണികണ്ഠന്‍ :എന്നാ ഞാന്‍ പോട്ടെ?

ഞങ്ങള്‍ : ശരി, എന്നാ പോയിട്ട് വാ..

മണികണ്ഠന്‍ : : ചെന്ന് നോക്കട്ടെ, തീരെ ശരിയായില്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ട് തന്നെ തിരിച്ചു വരും. എന്‍റെ ബെഡ് കുറച്ചു ദിവസം കഴിഞ്ഞു വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ മതിട്ടാ..

ഞങ്ങള്‍ : ആയിക്കോട്ടെ..

മണികണ്ഠന്‍ :എന്നാ ശരി..ഇറങ്ങട്ടെ..

അങ്ങനെ മണികണ്ഠന്‍ ആ കാറില്‍ കയറി ഷാര്‍ജയിലേക്ക് പോയി. വില്ലയുടെ വാതിലില്‍ നിന്ന് ഞങ്ങള്‍ അയാളെ യാത്രയാക്കി. അവരുടെ ആ നീല കളറുള്ള കാര്‍ ആ തിരിവ് കടന്നു പോകുന്ന വരെ ഞങ്ങള്‍ അതും നോക്കി നിന്നു.

(തുടരും...)

No comments:

Post a Comment