Sunday, September 29, 2013

മണികണ്ഠ ചരിതം രണ്ടാം ഭാഗം !!

ഷാര്‍ജയില്‍ എത്തിയ മണികണ്ഠന്‍ അവിടത്തെ ഒരു വലിയ പ്രിന്‍റിംഗ് കമ്പനിയില്‍ ട്രെയിനി ആയി ജോലിക്ക് ചേര്‍ന്നു. അതിന്‍റെ ഭാഗമായി അവര്‍ മണികണ്ഠനെ ആ കമ്പനിയില്‍ മലയാളിയായ അവിടത്തെ ഒരു മെയിന്‍ പ്രിന്‍ററുടെ സഹായി ആയി നിര്‍ത്തി. ആദ്യ ദിവസം ജോലി തുടങ്ങി. മണികണ്ഠന്‍ എന്തിനും തയ്യാറായി അയാളുടെ അടുത്ത് നില്‍പ്പുണ്ട്. അയാള്‍ തിരക്കിട്ട ജോലിയിലാണ്. മണികണ്ഠന്‍ കയ്യ് രണ്ടും കെട്ടി എല്ലാം കണ്ടു നില്‍ക്കുന്നു. അയാള്‍ മണികണ്ഠനോട് സ്റ്റോര്‍ റൂമില്‍ നിന്നും ഒരു മഞ്ഞ സ്റ്റിക്കര്‍ റോള്‍ എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു. മണികണ്ഠന്‍ സ്റ്റോര്‍ റൂമില്‍ പോയി തിരിച്ചു വന്നിട്ട് പറഞ്ഞു ""അവിടെ മഞ്ഞ ഒന്നുമില്ല"

അയാള്‍ : അവിടെ ഉണ്ടല്ലോ? നിങ്ങള്‍ ശരിക്ക് നോക്ക്..

മണികണ്ഠന്‍ : ഇല്ല, ഞാന്‍ എല്ലാടത്തും നോക്കിയതാ

അങ്ങനെ അയാള്‍ തന്നെ സ്റ്റോര്‍ റൂമില്‍ പോയി ഒരു മഞ്ഞ റോള്‍ ആയി തിരിച്ചു വന്നു. അതൊരു പക്കാ മഞ്ഞ അല്ലായിരുന്നു, ഒരു മീഡിയം മഞ്ഞ.

അയാള്‍ :ദാ , ഇതാണ് ഞാന്‍ പറഞ്ഞ മഞ്ഞ റോള്‍

മണികണ്ഠന്‍ : (കുറച്ചു ശബ്ദം ഉയര്‍ത്തി ആ റോള്‍ ചൂണ്ടി കാണിച്ചു കൊണ്ട്): ഇതാ മഞ്ഞ?

അയാളുടെ മുഖം മാറി : പിന്നെ ഇത് ചുകപ്പാണോ?

മണികണ്ഠന്‍ : ഹേയ്, ഇതെങ്ങനെയാ മഞ്ഞാന്ന് പറയാ?

അയാള്‍ : താന്‍ എന്നെ പഠിപ്പിക്കണ്ട, എനിക്കറിയാം മഞ്ഞ ഏതാ ചുകപ്പ് ഏതാന്ന്.

മണികണ്ഠന്‍റെ ആ ചോദ്യം അയാള്‍ക്ക് ഇഷ്ട്ടമായില്ല. ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരന്‍ എങ്ങനെ പ്രതികരിക്കുമോ അത് പോലെയാണ് മണികണ്ഠന്‍ അന്ന് ചെയ്തത്. നഗരത്തിന്‍റെ രീതികള്‍ അന്നയാള്‍ക്ക് അറിയില്ലായിരുന്നു. ഈ വിവരങ്ങളൊക്കെ ആഷിക് പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. പിന്നീട് കുറെ നാള്‍ സുഹൈറും ഞാനും റൂമില്‍ എല്ലാവരോടും ഇതാ മഞ്ഞ? എന്നും പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു. അങ്ങനെ മണികണ്ഠന്‍ അയാളുടെ കൂടെ കുറച്ചു ദിവസം ജോലിയെടുത്തു. അയാളുമായി കുറച്ചു സ്വര ചേര്‍ച്ചകള്‍ പിന്നെയും ഉണ്ടായി. പിന്നെ ജോലി കമ്പനിക്ക് പുറത്തായി. നാട്ടില്‍ ടിപ്പര്‍ ഓടിച്ചു നടന്ന ഒരു മനുഷ്യനാണ് ഇവിടെ വന്ന് ഈ വെയിലത്ത്‌ വണ്ടികള്‍ക്ക് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ വേണ്ടി നില്‍ക്കുന്നത്. പക്ഷെ മണികണ്ഠന്‍ ആരോടും പരാതി പറഞ്ഞില്ല. തനിക്ക് കിട്ടിയ ജോലി സന്തോഷത്തോടെ ചെയ്തു.

മണികണ്ഠന്‍ പോയ ശേഷം റൂമിലെ ബഹളമൊക്കെ കുറഞ്ഞു. പകല്‍ സമയം റൂമില്‍ ഞാന്‍ തനിച്ചായി. ഇടയ്ക്കു മണികണ്ഠന്‍ വിളിക്കുമായിരുന്നു. ജോലിയൊന്നും കുഴപ്പമില്ല. പണി പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞു മണികണ്ഠന്‍ ആ കമ്പനിയില്‍ തന്നെ വിസിറ്റ് വിസ എടുത്ത് ജോലിയില്‍ തുടര്‍ന്നു. രണ്ടു മാസത്തിനു ശേഷം ഒരു വെള്ളിയാഴ്ച മണികണ്ഠന്‍ ഞങ്ങളെ കാണാന്‍ റൂമില്‍ വന്നു. എനിക്ക് അന്നും ജോലി ആയിട്ടില്ല. അങ്ങനെ കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം വൈകീട്ട് പുള്ളി പോകാറായി. ഞാന്‍ സുഹൈറിനോട് പറഞ്ഞു ആളെ യാത്ര അയക്കാന്‍ ബസ്‌ സ്റ്റോപ്പ്‌ വരെ പോയി. അവിടെ നില്‍ക്കുമ്പോള്‍ മണികണ്ഠന്‍ എന്നോട് ചോദിച്ചു : റൂമില്‍ ഇപ്പൊള്‍ ഫുഡ്‌ ഒക്കെ എങ്ങനെ?

ഞാന്‍ : എല്ലാം പഴയ പോലെ തന്നെ

മണികണ്ഠന്‍ : വേണമെങ്കില്‍ നമുക്ക് ആ ഹോട്ടലില്‍ പോയി വല്ല പോറോട്ടയോ ഇറച്ചിയോ കഴിക്കാട്ടോ.

ഞാന്‍ : ഏയ് വേണ്ട, നിങ്ങള്‍ പൊക്കോ

മണികണ്ഠന്‍ പോക്കറ്റില്‍ നിന്നും കുറച്ചു കാശ് എടുത്തു എനിക്ക് കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു "സാരമില്ലെടോ, എന്‍റെ കയ്യില്‍ ഇപ്പൊ കുറച്ചു കാശൊക്കെ ഉണ്ട്.

ഞാന്‍ ആളെ ഒന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു : ഒന്നും വേണ്ട, നിങ്ങള്‍ ചോദിച്ചല്ലോ അത് മതി. ഇനി ഇവിടെ നിന്ന് വൈകണ്ട, ഷാര്‍ജ എത്തണ്ടേ, പോക്കോ

പിന്നാലെ വന്ന ബസില്‍ കയറി മണികണ്ഠന്‍ പോയി. പിന്നെ ഞാന്‍ റൂമിലേക്ക്‌ നടന്നു. സുഹൈറിനോട് ഞാന്‍ ഇതെല്ലാം പറഞ്ഞു. പയ്യെ പയ്യെ മണികണ്ഠന്‍ ഷാര്‍ജയില്‍ സെറ്റ്‌ ആയി. പിന്നെ ഇങ്ങോട്ട് വരാറില്ല. അപ്പോളേക്കും എന്‍റെ വിസ കഴിഞ്ഞു. സുഹൈര്‍ നിര്‍ബന്ധിച്ചിട്ടും വേറെ വിസ എടുക്കാതെ അന്ന് ഞാന്‍ നാട്ടിലേക്ക് പോന്നു. നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പോയത് മണികണ്ഠന്‍റെ വീട്ടിലേക്കാണ്. സഖരിയ എന്ന ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു. പാങ്ങില്‍ ചെന്ന് ടിപ്പര്‍ ലോറി ഓടിച്ചിരുന്ന മണികണ്ഠന്‍റെ വീട് അന്വേഷിച്ചപ്പോള്‍ പെട്ടെന്ന് കാണിച്ചു തന്നു. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് ആ വീട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണികണ്ഠന്‍റെ അമ്മ അവിടെ ഉണ്ട്. ഞാന്‍ കാര്യം പറഞ്ഞു. അമ്മ ഞങ്ങള്‍ക്ക്‌ കുടിക്കാന്‍ നാരങ്ങ വെള്ളം തന്നു. അത് കുടിക്കുമ്പോള്‍ മണികണ്ഠന്‍റെ ഒരു പഴയ ഫോട്ടോ ചുമരില്‍ കണ്ടു. അവര്‍ മോന്‍റെ വിശേഷങ്ങള്‍ ചോദിച്ചു. വിവരങ്ങളൊക്കെ പറഞ്ഞ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ മണികണ്ഠന്‍റെ പുതിയ വീടിന്‍റെ തറ കെട്ടിയിട്ടുണ്ട്. ഞാന്‍ അതില്‍ കയറി എല്ലാം ഒന്ന് നോക്കി. തറ ഒന്ന് കെട്ടി എന്നെ ഉള്ളു, ഇനി എല്ലാം പതുക്കെ നോക്കണം എന്ന് മണികണ്ഠന്‍റെ അമ്മ പറഞ്ഞു. ഞാന്‍ അവിടെ തന്നെ നിന്ന് കൊണ്ട് മണികണ്ഠനെ വിളിച്ചു. ആളുടെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്‌ എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷമായി.

പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ് 2006-ലാണ് ഞാന്‍ ദുബായിലേക്ക് വന്നത്. ഞാന്‍ മണികണ്ഠനെ വിളിച്ചു. അന്ന് ഷാര്‍ജയിലെ ആ കമ്പനിയില്‍ വിസ അടിക്കാന്‍ സാധിക്കാതെ പുള്ളി ഇറാനില്‍ പോയെന്നും ദുബായില്‍ നിന്നും ഒരു വിസ വരുന്നത് വരെ അവിടെ ഒരു മാസം ശരിക്ക് ഭക്ഷണം പോലും കിട്ടാതെ കഴിയേണ്ടി വന്നു എന്നും പറഞ്ഞു. പിന്നെ മടങ്ങി വന്നു ദുബായില്‍ തന്നെ വേറെ ഒരു കമ്പനിയിലേക്ക് മാറിയത്രെ. അതും ഒരു സ്റ്റിക്കര്‍ കമ്പനി തന്നെ. അവിടെയും ആദ്യം കുറെ കഷ്ട്ടപ്പെട്ടു എങ്കിലും പിന്നീട് ജോലിയൊക്കെ സുഖമായി. വീട് പണി ഒക്കെ ഒരു വിധം കഴിഞ്ഞു എന്ന് പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം തോന്നി. പിന്നെ ഒരു ദിവസം വിളിച്ചപ്പോള്‍ പുള്ളി എന്‍റെ ഇമെയില്‍ അഡ്രസ്‌ ഒക്കെ ചോദിച്ചു. സുഖമാണോ എന്നോ മറ്റോ ചോദിച്ചു ഒരു മെയിലും അയച്ചു. അത് കിട്ടിയപ്പോള്‍ ഞാന്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തു പോയി . അവിടെ നിന്നും രണ്ടു വര്‍ഷം കഴിഞ്ഞു എന്‍റെ കല്യാണം കഴിഞ്ഞു. ഒരിക്കല്‍ മണികണ്ഠന്‍ എന്നെ കാണാന്‍ ഒരു ദിവസം എന്‍റെ ഓഫീസില്‍ വന്നിരുന്നു. അപ്പോളേക്കും ആള്‍ ലൈസെന്‍സ് ഒക്കെ എടുത്തിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ മണികണ്ഠന്‍ കല്യാണത്തിന് വേണ്ടി നാട്ടില്‍ പോയി. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞു ഞാന്‍ നാട്ടില്‍ ലീവിന് പോയപ്പോള്‍ അന്ന് ഞാന്‍ ഭാര്യയുടെയും മോന്‍റെയും കൂടെ മണികണ്ഠന്‍റെ വീട്ടില്‍ പോയി. അത് മണികണ്ഠന്‍റെ അന്ന് തറ കെട്ടിയ ആ പുതിയ വീടായിരുന്നു. മണികണ്ഠന്‍റെ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അമ്മയെ കണ്ടു സംസാരിച്ചു മടങ്ങി പോന്നു.

വര്‍ഷങ്ങള്‍ പിന്നെയും പെട്ടെന്ന് കടന്നു പോയി. എന്‍റെ ഫാമിലി ഇവിടെ എത്തി. ഒരു ദിവസം എപ്പോളോ ഇത് പോലെ മണികണ്ഠന്‍ എന്നെ വിളിച്ചു. ഇപ്പോള്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ആണെന്നൊക്കെ പറഞ്ഞു. ആളുടെ ഭാര്യ വിസിറ്റ് വിസയില്‍ വന്നിട്ടുണ്ടെന്നും ഞങ്ങളോട് ഒരു ദിവസം വീട്ടിലേക്കു വരാനും പറഞ്ഞു. പക്ഷെ ഞങ്ങള്‍ക്ക് പോകാന്‍ പറ്റിയില്ല. ഈ വര്‍ഷം ഏപ്രിലില്‍ സുഹൈറിന്‍റെ കല്യാണ നിശ്ചയം ദുബായില്‍ വെച്ച് നടന്നപ്പോള്‍ ഞാന്‍ അവിടെ വെച്ച് മണികണ്ഠനെ ഫോണില്‍ വിളിച്ചു. സുഹൈറും ആളും ഇപ്പോള്‍ അത്ര ബന്ധമില്ല. പക്ഷെ ആ വിവരം ആളെ അറിയിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെ വിളിച്ചതാണ്. കേട്ടപ്പോള്‍ ആള്‍ക്കും സന്തോഷമായി. സുഹൈറിനോട് എല്ലാ ഭാവുകങ്ങളും അറിയിക്കാന്‍ പറഞ്ഞു.

ഇന്ന് മണികണ്ഠന്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ദുബായില്‍ ജീവിക്കുന്നു. കാലം മണികണ്ഠനെ മാറ്റിയിരിക്കുന്നു. ഇന്‍റര്‍നെറ്റ്‌ അറിയാത്ത, ഇമെയില്‍ അറിയാത്ത അന്നത്തെ പഴയ ആളല്ല, ഫേസ്ബുക്കിലൊക്കെ സജീവമാണ്. ഇപ്പോള്‍ കമ്പനി വക കാബിനും,കമ്പ്യൂട്ടറും എല്ലാം ആയി. ആളുടെ താഴെ എട്ടോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. അവരോടൊക്കെ ഹിന്ദിയില്‍ അടിപൊളിയായി സംസാരിക്കുന്നതു ഇടയ്ക്കു ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കാറുണ്ട്. അന്ന് മുറി ഹിന്ദി പറഞ്ഞ് പറഞ്ഞ് ഇന്ന് അയാള്‍ ആ ഭാഷയും പഠിച്ചു.

ഞാന്‍ എഴുതിയതെല്ലാം ആദ്യം മണികണ്ഠന് മെയില്‍ അയച്ചു കൊടുത്തു അനുവാദം വാങ്ങിയിരുന്നു. പിന്നെ ഞാന്‍ വിളിച്ചപ്പോള്‍ എന്നെ നേരില്‍ കാണണം എന്ന് പറഞ്ഞു, അങ്ങനെ ഇന്ന് ഉച്ച ഭക്ഷണത്തിന് പുള്ളി ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. എന്നെ പരിചയപ്പെടുത്തണ്ടല്ലോ? എന്ന് ഭാര്യയോട്‌ ചോദിച്ചാണ് കക്ഷി അകത്തേക്ക് വന്നത്. ഡ്യൂട്ടി ഉള്ളത് കൊണ്ട് ഞങ്ങള്‍ക്ക് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞു പോയി. ഇന്നലെ എടുത്ത ഫോട്ടോയാണ് ഇത്. ഉള്ളില്‍ ഒരു കളങ്കവും ഇല്ലാത്ത, പച്ചയായ ഒരു മനുഷ്യന്‍ ആയിട്ടാണ് എനിക്ക് ആളെ തോന്നിയിട്ടുള്ളത്. ഈ നാള് വരെ എന്നെ മുടങ്ങാതെ വിളിക്കുന്ന, വിവരങ്ങള്‍ അന്വേഷിക്കുന്ന ഒരു സുഹൃത്ത്. എന്നും എപ്പോളും എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന നല്ലൊരു വ്യകതിത്വം. സ്വന്തം അധ്വാനം കൊണ്ട് ജീവിതത്തില്‍ ഇത് വരെ എത്തി. അന്ന് ആ റൂമില്‍ താമസിച്ചിരുന്ന എട്ടു പേരില്‍ ഞങ്ങള്‍ മാത്രമാണ് ഇപ്പോളും തമ്മില്‍ കാണുന്നത്. പത്തു വര്‍ഷങ്ങള്‍ പിന്നിട്ട ഞങ്ങളുടെ സൌഹൃദത്തിന് കാലം സാക്ഷി.

കഥയ മമ കഥയ മമ കഥകളതിസാദരം...
കഥകളതിസാദരം...
പലകോടി ജന്‍മങ്ങള്‍ കുമിളകളായുതിര്‍ന്നുടയും
കഥാസരിത്‌സാഗരസീമയില്‍,
കഥകളാകുന്നു നാ,മറിവീലയെങ്കിലും
അഥവാ തിരിച്ചറിഞ്ഞെന്നാലുമറിയുമിയുള്‍കഥ
കഥകളാല്‍ നീഭൃതമീ പ്രകൃതിയും..


3 comments: