Monday, June 24, 2013

ലാല്‍ജോസിനോടൊപ്പം പതിനഞ്ചു സിനിമാ വര്‍ഷങ്ങള്‍ ..!!



ലാല്‍ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയുടെ കൂടെ യാത്ര തുടങ്ങിയിട്ട് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകന്റെ മനസ്സ് ഇത്ര തൊട്ടറിഞ്ഞ സംവിധായകര്‍ മലയാളത്തില്‍ ചുരുക്കമാണ്. ഈ അടുത്ത കാലത്തെ മൂന്നു സൂപ്പര്‍ ഹിറ്റുകളുടെ തിളക്കത്തില്‍ നില്‍കുന്ന അദ്ധേഹത്തിന്റെ ഇത് വരെയുള്ള സിനിമ ജീവിതത്തില്‍ കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്.

1998-ലെ ഒരു വിഷു കാലത്താണ് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുമായി ലാല്‍ജോസ് ആദ്യമായി നമ്മുടെ മുന്‍പില്‍ എത്തുന്നത്‌. സിനിമാപ്രേമികള്‍ക്ക് ഓര്‍മ്മയുണ്ടാകും അന്ന് കൂടെ ഇറങ്ങിയ വിഷു ചിത്രങ്ങള്‍. മോഹന്‍ലാല്‍ ലോഹിതദാസ് ടീമിന്റെ കന്മദം, കമല്‍-രഞ്ജിത്-ജയറാം-ദിലീപ്‌ ടീമിന്റെ കൈക്കുടന്ന നിലാവ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍. എന്നിട്ടും മറവത്തൂര്‍ കനവ് ശ്രദ്ധിക്കപ്പെട്ടു. ശ്രീനിയുടെ മികച്ച തിരക്കഥയും, മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും കൂടെ ആയപ്പോള്‍ മറവത്തൂര്‍ കനവ് മലയാളികള്‍ക്ക് ഒരു സൂപ്പര്‍ ഹിറ്റ്‌ സമ്മാനിച്ചു, ഒപ്പം മലയാളികള്‍ക്ക് ഒരു മികച്ച സംവിധായകനെയും.ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കഴിവ് ലാല്‍ജോസ് തെളിയിച്ചു, കോര സാറിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു ചാണ്ടി പോകുന്ന ആ സീന്‍ തന്നെ അതിനു ഉദാഹരണം,സിനിമയുടെ കഥ തിരിയുന്നത് തന്നെ ആ ഒരു സീനിലാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലായിരുന്നെകില്‍ പാളി പോകുമായിരുന്ന ഒരു സീന്‍ ആയിരുന്നു അത്, ഒരു സീനിയര്‍ സംവിധായകന്റെ കയ്യടക്കത്തോടെ ലാല്‍ജോസ് അത് ചിത്രീകരിച്ചു. വേറിട്ട രീതിയില്‍ ഗാന രംഗങ്ങള്‍ എടുക്കാനുള്ള ലാല്‍ജോസിന്റെ ആ ഒരു കഴിവ് അന്ന് തൊട്ടേ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്.

ഒരു വര്‍ഷം കഴിഞ്ഞാണ് 1999 ഒക്ടോബറില്‍ തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയി ലാല്‍ജോസ് വീണ്ടും എത്തുന്നത്‌,അത്ര മികച്ചൊരു വിജയം ആയില്ലെങ്കിലും അതും നല്ലൊരു ചിത്രമായിരുന്നു. അതിലും മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ എടുത്ത രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ പരാജയം ലാല്‍ജോസിന്റെ പാതയില്‍ ഒരു വിള്ളല്‍ ഉണ്ടാക്കി, മികച്ച ചിത്രം എന്ന് പലരും പറഞ്ഞിട്ടും, ചിത്രം ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അവിടെ നിന്ന് ഒരു വര്ഷം കഴിഞ്ഞാണ് (2002) രഞ്ജന്‍ പ്രമോദിന്റെ കൂടെ തന്നെ വീണ്ടും മീശ മാധവന്‍ എന്ന ബ്ലോക്ക്‌ബസ്റ്റര്‍ സിനിമയുമായി ലാല്‍ജോസ് എത്തിയത്, ഒരു തളര്‍ച്ചയില്‍ ആണ്ട് കിടന്നിരുന്ന മലയാള സിനിമയെ ഒന്ന് ഉണര്‍ത്തിയത്‌ ഈ ചിത്രം ആയിരുന്നു, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളില്‍ ഒന്നായ മീശ മാധവന്‍ ദിലീപ്‌ എന്ന നടനെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കി. ചിത്രത്തിലെ ഗാന രംഗങ്ങള്‍ മലയാളികള്‍ക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചു.മാധവനും രുക്മിനിയും ഭഗീരഥന്‍ പിള്ളയും കൊച്ചു കുട്ടികള്‍ക്ക് വരെ പ്രിയപ്പെട്ടവരായി. എന്നാല്‍ അതിനു ശേഷം വന്ന പട്ടാളം (2003) വീണ്ടും ഒരു പരാജയം സമ്മാനിച്ചു, പിന്നാലെ വന്ന രസികനും(2004)ചലനമൊന്നും ഉണ്ടാക്കാതെ കടന്നു പോയി. എന്നാല്‍ അടുത്ത വര്‍ഷം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ചാന്തുപൊട്ട് (2005) വീണ്ടും ഒരു മെഗാഹിറ്റ്‌ നല്‍കി, കഴിഞ്ഞ രണ്ടു വന്‍ പരാജയങ്ങള്‍ക്കുള്ള മറുപടി ആയിരുന്നു ചാന്തുപോട്ടിന്റെ മഹാ വിജയം, ദിലീപിന്റെ അത് വരെ കാണാത്ത ഒരു മുഖവും, പ്രകടനവും നല്‍കിയ ചാന്തുപൊട്ട് , ബെന്നിയുടെ തന്നെ അത്ഭുത വിളക്ക് എന്ന ഒരു സൂപ്പര്‍ ഹിറ്റ്‌ നാടകത്തിന്റെ സിനിമ ആവിഷ്കാരം ആയിരുന്നു. അടുത്ത വര്ഷം വന്ന അച്ഛനുറങ്ങാത്ത വീട് (2006) എന്ന ചിത്രം ലാല്‍ ജോസിന്റെ വേറിട്ടൊരു പരീക്ഷണം ആയിരുന്നു, ചിത്രം സാമ്പത്തിക വിജയം ആയില്ലെങ്കിലും നിരൂപക പ്രശംസയും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസഥാന അവാര്‍ഡും നേടി. സലിംകുമാര്‍ എന്ന ഒരു ഹാസ്യ താരത്തെ നായകന്‍ ആക്കി ആ സിനിമ എടുക്കാന്‍ കാണിച്ച ചങ്കൂറ്റം അന്ന് തന്നെ എല്ലാവരും അംഗീകരിച്ചതാണ്. ലാല്‍ ജോസിന്റെ ആ നിരീക്ഷണം എത്ര ശരിയായിരുന്നു എന്ന് പിന്നീട് "ആദമിന്റെ മകന്‍ അബു" എന്ന സിനിമയിലൂടെ സലിംകുമാറിന് ലഭിച്ച ദേശിയ അവാര്‍ഡിലൂടെ കാലം തെളിയിച്ചു.

ആ വര്‍ഷം തന്നെ ഇറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു സൂപ്പര്‍ ഹിറ്റ്‌. ആ ഓണക്കാലത്ത് ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് ക്ലാസ്സ് മേറ്റ്സ് ഗംഭീര വിജയം നേടിയത്. ജെയിംസ്‌ ആല്‍ബര്‍ട്ട് ഒരുക്കിയ മികച്ച ഒരു തിരക്കഥ, ഒരു പക്ഷെ ലാല്‍ജോസ് അല്ലാതെ വേറെ ആര് ചെയ്താലും ഒരു പക്ഷെ ആ സിനിമ അത്ര മികച്ചതാകും എന്ന് തോന്നുന്നില്ല, അങ്ങനെ ആയിരുന്നു അതിന്റെ ഒരു അവതരണം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയി, മുരളിയും റസിയയും അവരുടെ പ്രണയവും പ്രേക്ഷകരുടെ മനസ്സിലെ മറക്കാനാകാത്ത ഒരു നൊമ്പരം ആയി മാറി. ആ വര്‍ഷത്തെ Best Popular Film അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. തുടര്‍ന്ന് വന്ന അറബികഥ (2007)മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എടുത്തു വെക്കാവുന്ന ഒന്നായിരുന്നു, ഒപ്പം നല്ല വിജയവും നേടി.പക്ഷെ അടുത്ത വര്ഷം ഇറങ്ങിയ മുല്ല (2008)വീണ്ടും ഒരു പരാജയം സമ്മാനിച്ചു. പഴയ കാല ചിത്രമായ നീലത്താമരയുടെ റീമേക്ക് (2009) ആയാണ് ലാല്‍ ജോസ് പിന്നെ വന്നത്, ചിത്രം ഹിറ്റ്‌ ആയിരുന്നു, രഞ്ജിത്ത് ഒരുക്കിയ കേരള കഫെ എന്ന ചിത്രത്തില്‍ "പുറം കാഴ്ചകള്‍ " എന്ന ഒരു ചെറിയ ചിത്രവും ലാല്‍ജോസ് ആ വര്ഷം ചെയ്തു, മമ്മൂട്ടി ആയിരുന്നു അതിലെ നായകന്‍. മികച്ചൊരു സിനിമ ആയിരുന്നു അതും. തുടര്‍ന്ന് "മുല്ല"എഴുതിയ സിന്ധുരാജിന്റെ കൂടെ തന്നെ വീണ്ടും ഒരു ചിത്രം ചെയ്തു, അതായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി (2010), കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ ഇമേജ് പൊളിച്ചെഴുതിയ ചിത്രം സാമ്പത്തിക വിജയം നേടി. പിന്നെയും രണ്ടു വര്ഷം കഴിഞ്ഞാണ് സ്പാനിഷ്‌ മസാലയുമായി (2012) വീണ്ടും എത്തിയത്, സ്പെയിനില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം ആയിരുന്നു അത്, ദിലീപും കുഞ്ചാക്കോ ബോബനും അടക്കം മികച്ചൊരു താരനിരയും ഉണ്ടായിരുന്നു, പക്ഷെ ഹൈബജറ്റ് ചിത്രത്തിന് വിനയായി.

പിന്നീട് വന്ന ഡയമണ്ട് നെക്ലസ് (2012) ഗംഭീര വിജയം നേടി , അറബികഥയ്ക്ക് ശേഷം ദുബായില്‍ ചിത്രീകരിച്ച ആ ചിത്രം ഫഹദ്‌ ഫാസില്‍ എന്ന നടനെ മലയാളികള്‍ക്ക് പ്രിയങ്കരന്‍ ആക്കി. ആ വര്ഷം തന്നെ അവസാനം ഇറങ്ങിയ പൃഥ്വിരാജ് ചിത്രം "അയാളും ഞാനും തമ്മില്‍ " കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, പൃഥ്വിരാജ് എന്ന നടന്റെ മികച്ച അഭിനയം കാഴ്ച വെച്ച ആ ചിത്രവും സൂപ്പര്‍ ഹിറ്റ്‌ ആയി. ഒപ്പം പ്രിത്വിക്ക് മികച്ച നടനുള്ള രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡും, ലാല്‍ജോസിന് മികച്ച സംവിധായകനും, ബെസ്റ്റ്‌ പോപ്പുലര്‍ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. ഈ വര്ഷം ഇറങ്ങിയ ഇമ്മാനുവേല്‍ (2013)ആകട്ടെ എല്ലാ തരാം പ്രേക്ഷകരുടെയും പ്രശംസ നേടി കൊണ്ട് അമ്പതു ദിവസങ്ങള്‍ കഴിഞ്ഞു മുന്നേറുകയാണ്. ഈ സമയം തന്നെ ലാല്‍ജോസ് തന്റെ അടുത്ത ചിത്രമായ "പുള്ളിപുലികളും ആട്ടിന്‍കുട്ടിയും "എന്ന തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു കഴിഞ്ഞു. കുഞ്ചാക്കോ ബോബനാണ് അതിലെ നായകന്‍. ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

തൃശൂര്‍ ജില്ലയിലെ വലപ്പാട് ആണ് ലാല്‍ ജോസ് ജനിച്ചത്‌. ഡിഗ്രി കഴിഞ്ഞ ഉടനെ ചെന്നൈലേക്ക് പോയ അദ്ദേഹം കമലിന്റെ കൂടെ പതിനാറു ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ആയി ജോലി ചെയ്തു, 2011 സമയത്ത് സുര്യയില്‍ ഒരു ബിഗ്‌ ബ്രേക്ക്‌ എന്ന ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയും ലാല്‍ജോസ് വന്നിരുന്നു. കമലിന്റെ സഹസംവിധായകന്‍ ആയിരുന്ന കാലത്ത് അഴകിയ രാവണന്‍ എന ചിത്രത്തിലും, ഈ അടുത്ത ബെസ്റ്റ്‌ ആക്ടര്‍ എന്ന സിനിമയിലും ലാല്‍ജോസ് അഭിനയിച്ചിട്ടുണ്ട്. അഴകിയ രാവണനില്‍ ഇന്നസെന്റിന് " തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ വീടും ഞാന്‍ അരിച്ചു പെറുക്കി "എന്ന ആ ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ലാല്‍ജോസ് ആണ്. അദ്ധേഹത്തിന്റെ LJ Films ഇപ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ്,ഡയമണ്ട് നെക്ലസ് ആണ് ആ ബാനറില്‍ വന്ന ആദ്യ ചിത്രം. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന "തിര "എന്ന ചിത്രവും നിര്‍മ്മിക്കുന്നു. കേരളത്തിലെ നവ പ്രതിഭകളെ ഒരു കുടകീഴില്‍ കൊണ്ട് വരുന്ന celebrate keralam എന്ന പ്രോഗ്രാമിന്റെ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആണ് ഇപ്പോള്‍ ലാല്‍ജോസ്.

ഈ കഴിഞ്ഞ പതിനഞ്ചു വര്‍ഷവും മലയാളികള്‍ കൂടുതല്‍ പാടി നടന്നത് ലാല്‍ജോസിന്റെ ചിത്രത്തിലെ ഗാനങ്ങള്‍ ആയിരിക്കുമെന്ന് ഉറപ്പാണ്‌. കരുണാമയനെ കാവല്‍ വിളക്കേ, അമ്പാടി പയ്യുകള്‍ മേയും, ബംബട്ടു ഹുടുഗി, മറന്നിട്ടുമെന്തിനോ, കരിമിഴി കുരുവിയെ,എന്റെ എല്ലാമെല്ലാമല്ലേ ,ആരോരാള്‍ പുലര്‍മഴയില്‍, ആലിലക്കാവിലെ തെന്നലേ , തൊട്ടുരുമ്മി ഇരിക്കാന്‍, ആഴ കടലിന്റെ ,ചാന്തു കുടഞ്ഞൊരു , ഒഴുകുകയായ്‌ പുഴ പോലെ, എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ, കാത്തിരുന്ന പെണ്ണല്ലേ, താരക നിരകള്‍, താനെ പാടും, കണ്ണിന്‍ വാതില്‍ ചാരാതെ,അനുരാഗ വിലോചാനനായി, അക്കരെ നിന്നൊരു പൂംകാറ്റ്, നിലാ മലരേ, തൊട്ടു തൊട്ടു നോക്കാമോ, അഴലിന്റെ ആഴങ്ങളില്‍, മാനത്തുദിച്ചത്, അങ്ങനെ എത്രയെത്ര സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍. കൂടുതലും വിദ്യാ സാഗറിന്റെ സംഗീതത്തില്‍ ആയിരുന്നു. മനോഹരമായ ഈ ഗാനങ്ങള്‍ എല്ലാം അതിനേക്കാള്‍ മികച്ച രീതിയില്‍ ലാല്‍ജോസ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യാ മാധവന്‍,പട്ടാളത്തിലൂടെ ടെസ്സ, രസികനിലൂടെ സംവൃത, മുല്ലയിലൂടെ മീര നന്ദന്‍,നീലതാമരയിലൂടെ അര്‍ച്ചന കവി, എല്‍സമ്മയിലൂടെ ആന്‍ അഗസ്റ്റിന്‍, ഡയമണ്ട് നെക്ലസിലൂടെ അനുശ്രീ, അങ്ങനെ ഒട്ടേറെ നായികമാരെ മലയാളത്തിനു സമ്മാനിച്ചത്‌ ലാല്‍ജോസ് ആണ്. നമ്മുടെ പല നടന്മാര്‍ക്കും വ്യത്യസ്ത വേഷങ്ങള്‍ നല്‍കാനും ലാല്‍ ജൊസിനു സാധിച്ചു, മറവത്തൂര്‍ കനവിലെ നെടുമുടി വേണുവിന്റെ വില്ലന്‍ വേഷം, ചന്ദ്രനുദിക്കുന്ന ദിക്കിലെ ലാല്‍, രണ്ടാം ഭാവത്തിലെ തിലകന്‍, മീശ മാധവനിലെയും ക്ലാസ്സ്‌മേറ്റ്സിലെയും ഇന്ദ്രജിത്ത്, ചാന്തുപോട്ടിലെ ദിലീപ്‌, അച്ഛനുറങ്ങാത്ത വീടിലെ സലിം കുമാര്‍, ക്ലാസ്സ്‌ മേറ്റ്സിലെ രാധിക, എല്‍സമ്മയിലെ കുഞ്ചാക്കോ ബോബന്‍, അങ്ങനെ ഒരു പാട് വേഷങ്ങള്‍. ഒപ്പം കോമഡി സ്ടാര്സ്സിലെ നെല്‍സണെ പോലുള്ള കലാകാരന്മാര്‍ക്ക് സ്പാനിഷ്‌ മസാലയിലൂടെ അവസരവും നല്‍കി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അരങ്ങേറ്റം കുറിച്ചതും ലാല്‍ജോസിന്റെ രസികനിലൂടെയാണ്. അദ്ധേഹത്തിന്റെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കിയത്‌ അഫ്സല്‍ യൂസുഫ്‌ എന്ന അന്ധനായ ഒരു സംഗീത സംവിധായകനാണ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തില്‍ ഷിജു, ജോജു, ഇര്‍ഷാദ്‌ എന്നീ സഹ നടന്മാര്‍ക്ക് പ്രധാന വേഷം നല്‍കിയതും കൂട്ടുകാര്‍ ലാലു എന്ന് വിളിക്കുന്ന ലാല്‍ജോസിന്റെ മനസ്സിന്റെ നന്മയാണ് കാണിക്കുന്നത്. അദ്ധേഹത്തിന്റെ പുള്ളിപുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു, നമുക്ക്‌ കാത്തിരിക്കാം ലാലുവിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനായി..

Thursday, June 20, 2013

Ranjhaana - Hindi Film Review From Dubai




പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് "തുള്ളുവതോ ഇളമൈ" എന്ന ഒരു തമിള്‍ ചിത്രത്തിലൂടെ ധനുഷ്‌ എന്ന ഒരു പയ്യന്‍ നമ്മുടെ മുന്‍പില്‍ വന്നു. അത് വരെയുള്ള നമ്മുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും യോജിക്കാത്ത ഒരു രൂപവും, ഭാവവും. പക്ഷെ ആ ചിത്രത്തിന്റെ വിജയത്തോടെ ധനുഷ്‌ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് വന്ന കാതല്‍ കൊണ്ടെന്‍ ധനുഷിന്റെ അഭിനയ ശേഷി പ്രേക്ഷകര്‍ക്ക്‌ കാട്ടിത്തന്നു. അവിടെ നിന്ന് അങ്ങോട്ട്‌ ഒരു പാട് ഹിറ്റുകള്‍ ധനുഷ്‌ സമ്മാനിച്ചു. രൂപത്തില്‍ അല്ല, പ്രകടനത്തിലാണ് കാര്യം എന്ന് ധനുഷ്‌ തെളിയിച്ചു.ഒടുവില്‍ ആടുകളം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാര്‍ഡും വാങ്ങി. കുറച്ചു നാള്‍ മുന്‍പ്‌ കൊലവേരി എന്ന ഒരു ഗാനത്തിലൂടെ ധനുഷ്‌ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ട്ടിച്ചു. ഇന്ന് ധനുഷിന്റെ ആദ്യ ഹിന്ദി സിനിമ ആയ രണ്ജനാ കാണാന്‍ പോകുമ്പോള്‍ ഇതെല്ലം എന്റെ മനസ്സിലൂടെ കടന്നു പോയി. ഇനി സിനിമയിലേക്ക്..

ചിത്രം ആരംഭിക്കുന്നത് ധനുഷിന്റെ ശബ്ദവിവരണത്തോടെയുള്ള ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. കുന്ദന്‍ [{ധനുഷ്‌]} ഒരു അയ്യന്കാര് വീട്ടു പയ്യനാണ്. അവരുടെ കുടുംബം പണ്ട് മദ്രാസ്സില്‍ നിന്നും ബനാറസില്‍ വന്നു താമസിക്കുന്നവരാണ്. അവന്റെ ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്ത് അവന്റെ നാട്ടില്‍ ഇങ്ങനെ ഉല്ലസിച്ചു നടക്കുന്ന സമയത്താണ് അവന്‍ ആദ്യമായി അവളെ കാണുന്നത്. അവളെന്നു പറഞ്ഞാല്‍ നമ്മുടെ നായിക,സോയാ( സോനം കപൂര്‍ ). നമ്മുടെ തട്ടത്തിന്‍ മറയത്തിന്റെ ആദ്യ സീന്‍ പോലെ ഒരു തുടക്കം. ഒരു ഹിന്ദു പയ്യന്‍ ഒരു ഉമ്മച്ചി കുട്ടിയെ കാണുന്നു, അവളുടെ സൌന്ദര്യത്തില്‍ മയങ്ങുന്നു. അവരുടെ ഹൈസ്കൂള്‍ കാലത്ത് അവര്‍ തമ്മില്‍ അടുക്കുന്നു. ഇതറിയുന്ന സോയയുടെ വീട്ടുകാര്‍ അവളെ അവിടെ നിന്ന് സ്ഥലം മാറ്റി വേറെ ഒരു നാട്ടിലേക്ക് പഠിക്കാനായി പറഞ്ഞയക്കുന്നു. അവള്‍ തിരിച്ചു വരുന്നതും കാത്തു കുന്ദന്‍ ആ നാട്ടില്‍ അല്ലറ ചില്ലറ പണികള്‍ ചെയ്തു കഴിയുന്നു. മനസ്സില്‍ അവള്‍ മാത്രമായ കാരണം കളിക്കൂട്ടുകാരിയായ ബിന്ധിയയുടെ സ്നേഹം പോലും അവന്‍ ഒഴിവാക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്ന സോയക്ക് പഴയ പ്രേമം ഇന്ന് അവനോടില്ല. അവള്‍ കുന്ധനോട് തനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കു എന്നും പറയുന്നു. അയാളാണ് അക്രം(അഭയ്‌ ഡിയോള്‍ ). ഇതറിയുന്ന കുന്ദന്‍ ആകെ തകര്‍ന്നു പോകുന്നു. അങ്ങനെ സോയയുമായുള്ള ആ കല്യാണത്തിനായി അക്രം ആ നാട്ടിലെത്തുന്നു. ആ വാശിയില്‍ അതെ ദിവസം തന്നെ കുന്ദന്‍ ബിന്ധിയയുമായുള്ള കല്യാണവും ഉറപ്പിക്കുന്നു. എന്നാല്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവിടെ അരങ്ങേറുന്നു. കഥയുടെ ആ വഴിത്തിരിവില്‍ ഇടവേള..

അങ്ങനെ നല്ല ഫാസ്റ്റ്‌ ആയി, നല്ല തമാശകളോടെ, നല്ല പാട്ടുകളോടെ ആദ്യ പകുതി കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു. സത്യം പറഞ്ഞാല്‍ സമയം പോയതറിഞ്ഞില്ല. എന്നാല്‍ അതിനു ശേഷം കഥ പെട്ടെന്ന് സീരിയസ് ആകുന്നു. കഥ ഡല്‍ഹിയിലേക്ക് പോകുന്നു. പിന്നെ അവിടത്തെ രാഷ്ട്രീയം,പാര്‍ട്ടികള്‍, പ്രക്ഷോഭങ്ങള്‍, യുവജന മുന്നേറ്റം അങ്ങനെ പലതും കടന്നു വരുന്നു. സിനിമയുടെ രസച്ചരട് അവിടെ നഷ്ട്ടപെട്ടു.പിന്നീട് വല്ലാത്ത ഇഴച്ചില്‍ ആയിരുന്നു. ആദ്യം അക്രമിന്റെ രാഷ്ട്രീയ പാര്‍ട്ടിയും പ്രശ്നങ്ങളും, പിന്നെ സോയയുടെ പാര്‍ട്ടി പ്രവര്‍ത്തനം, എന്തിനേറെ പറയുന്നു ഒടുവില്‍ കുന്ധനും കൂടെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. ഒടുവില്‍ എവിടെ നിന്നോ തുടങ്ങിയ കഥ ഒരു രൂപവുമില്ലാതെ എങ്ങോട്ടോ പോകുന്നു, അതൊക്കെ സഹിക്കാം, എന്നിട്ട് സിനിമ അവസാനിക്കുന്നത്‌ ഒരു ട്രാജഡിയിലും. നല്ലൊരു പ്രണയകഥ പ്രതീക്ഷിച്ചു പോയ ഞാന്‍ നിരാശനായി. സിനിമയുടെ ആ ലവ് ട്രാക്ക്‌ പിടിച്ചു പോയിരുന്നെകില്‍ ഒരു പക്ഷെ ഒന്ന് കൂടെ നന്നായേനെ എന്ന് എനിക്ക് തോന്നി. പക്ഷെ എന്ത് ചെയ്യാം ,കഥാകൃത്ത് മനസ്സില്‍ കണ്ടത് ഇങ്ങനെ ആയിപ്പോയി.

എന്റെ കൂടെ സിനിമ കാണാന്‍ ഉണ്ടായിരുന്നവരില്‍ എത്ര പേര്‍ക്ക് ധനുഷ്‌ എന്ന നടനെ അറിയാം എന്നറിയില്ല, എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ധനുഷിന്റെ അഭിനയം എല്ലാവര്ക്കും ഇഷ്ട്ടപെട്ടിട്ടുണ്ട്. ആദ്യ പകുതിയിലെ ഒരു പാട് സീനുകളില്‍ ധനുഷ്‌ സ്കോര്‍ ചെയ്തു. പല ഡയലോഗിനും നല്ല കയ്യടിയും കൂട്ട ചിരിയും ഉണ്ടായിരുന്നു. തന്‍റെ തമിഴ്‌ സിനിമകളിലെ പല രീതികളും ഭാവങ്ങളും ധനുഷ്‌ ഇതിലും ചെയ്യുന്നുണ്ട്, എങ്കിലും ഒന്നും ബോര്‍ അടിപ്പിക്കുന്നില്ല. പക്ഷെ ഈ ചിത്രം കൊണ്ട് ധനുഷിന് ഹിന്ദിയില്‍ കുറെ വേഷങ്ങള്‍ കിട്ടുമെന്ന് തോന്നുന്നില്ല. ഈ കഥയ്ക്ക് പക്ഷെ ധനുഷ്‌ ആവശ്യമായിരുന്നു, ആ വേഷം കൃത്യമായിരുന്നു.

നായിക സോനം കപൂറിന്റെ കൊള്ളാവുന്ന ഒരു വേഷം ആയിരുന്നു ഇതിലെ സോയ, പക്ഷെ എന്തോ മറ്റു നായികമാരെ പോലെ സ്ക്രീനില്‍ ഒരു മാജിക്‌ സൃഷ്ട്ടിക്കാന്‍ സോനത്തിന് കഴിയുന്നില്ല. പിന്നെ അഭയ്‌ ഡിയോള്‍ , കുറച്ചേ ഉള്ളുവെങ്കിലും നല്ലൊരു വേഷമായിരുന്നു, എന്താ അയാളുടെ ഒരു സ്ക്രീന്‍ പ്രസന്‍സ്, എന്റെ അഭിപ്രായത്തില്‍ സ്ക്രീനില്‍ വന്നു നിന്നാല്‍ തന്നെ നല്ലൊരു അന്തരീക്ഷം സൃഷ്ട്ടിക്കന്‍ കഴിയുന്ന ഒരു നടന്‍ ആണ് അയാള്‍ . പിന്നെ ധനുഷിനെ കളിക്കൂട്ടുകാരിയായ ബിന്ധിയയെ അവതരിപ്പിച്ച സ്വര ഭാസ്ക്കര്‍, ധനുഷിന്റെ കൂട്ടുകാരന്‍ ആയി അഭിനയിച്ച ആ നടന്‍ .. ഇവര്‍ രണ്ടു പേരും നല്ല കയ്യടി വാങ്ങി.

ഇനി പറയാനുള്ളത് ഈ സിനിമയുടെ ജീവനായ ഇതിലെ പാട്ടുകളെ കുറിച്ചാണ്. എ ആര്‍ റഹ്മാന്‍ കമ്പോസ് ചെയ്ത മികച്ച ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്, കുറെ നാളായി കേട്ട് കൊണ്ടിരിക്കുന്നതു കൊണ്ട് , അതെല്ലാം സ്ക്രീനില്‍ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. അതെല്ലാം ഒന്ന് കൂടെ ആസ്വദിക്കാന്‍ മാത്രം രണ്ജനാ ഒന്ന് കൂടെ കാണാനും എനിക്ക് മടിയില്ല, അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്.
ബനാറസിയാ എന്ന ഗാനമെല്ലാം കുറെ നാള്‍ സംഗീത പ്രേമികള്‍ മൂളികൊണ്ടിരിക്കും.ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല. സിനിമ നന്നായോ എന്നതാണല്ലോ നമുക്ക് പ്രധാനം. ആ നിലക്ക് ഞാന്‍ പൂര്‍ണ്ണമായും തൃപ്തന്‍ അല്ല.

സിനിമയുടെ വിജയ സാധ്യത സംശയമാണ്. നിങ്ങള്‍ ഒരു ധനുഷ്‌ ഫാന്‍ ആണെങ്കില്‍ തീര്‍ച്ചയായും രണ്ജനാ നിങ്ങള്ക്ക് പോയി കാണാം, അത്ര മനോഹരമായാണ് ധനുഷ്‌ അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ തമിള്‍ വെര്‍ഷന്‍ ഉടനെ ഇറങ്ങും എന്നാണ് കേട്ടത്, അങ്ങനെയാണെങ്കില്‍ അത് കണ്ടാലും മതി. പിന്നെ നിങ്ങള്‍ ഒരു എ ആര്‍ റഹ്മാന്‍ ഫാന്‍ ആണെങ്കില്‍ ( ആരാ റഹ്മാന്‍ ഫാന്‍ അല്ലാത്തത് അല്ലെ?)നിങ്ങള്‍ക്കും വേണമെങ്കില്‍ ഒന്ന് പോയി കാണാം. റഹ്മാന്റെ ആ മാജിക്‌ സ്ക്രീനില്‍ കണ്ടു ആസ്വദിക്കാനാണ് സുഖം. സാധാരണ പ്രേക്ഷര്‍ക്ക് സിനിമ അത്ര ഇഷ്ട്ടപെടാന്‍ സാധ്യത ഇല്ല, പ്രത്യേകിച്ച് ഇതിന്റെ ക്ലൈമാക്സ്‌.. =]\ . ട്രാജഡി മൂവീസ് താല്പര്യം ഉള്ളവര്‍ക്ക്‌ ഇഷ്ട്ടപ്പെടുമായിരിക്കും, അല്ലാത്തവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ധനുഷിന്റെ മാരിയന്‍ അടുത്ത ആഴ്ച ഇറങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ അന്ന് വീണ്ടും കാണുന്നത് വരെ നന്ദി ..നമസ്കാരം.

Monday, June 17, 2013

സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ പൃഥ്വിയുടെ തിരിച്ചു വരവ് !!




പൃഥ്വിരാജ്...മുംബൈ പോലീസിലെ ആന്റണി മോസ്സെസ്..ധീരമായ ഈ വേഷത്തിലൂടെ വിസ്മയിപ്പിക്കുകയാണ് ഈ നടന്‍ ഒരിക്കല്‍ കൂടി !!

അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ രവി തരകന്‍,സെല്ലുലോയിഡിലെ ജെ.സി.ഡാനിയല്‍ എന്നീ മികച്ച വേഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മിന്നുന്ന പ്രകടനം പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്ന സിനിമ.മറ്റേതൊരു യുവതാരവും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന ഒരു ഗായ്‌ പോലീസ് ഓഫീസരുടെ കഥാപാത്രം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല, ആ വേഷം യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ തയ്യാറായത്‌ പൃഥ്വിരാജ് എന്ന നടന്റെ അര്‍പ്പണ ബോധത്തെയാണ് കാണിക്കുന്നത്. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ രംഗത്തില്‍ പ്രേക്ഷകന്റെ കണ്ണ് നിറക്കാന്‍ രാജുവിന് കഴിഞ്ഞു. ഇത് വരെ പൃഥ്വിരാജ് എന്ന നടനെ അംഗീകരിക്കാന്‍ മടി കാണിച്ച പലരും ഈ അടുത്ത് വന്ന ചിത്രങ്ങള്‍ കണ്ടു ഒളിഞ്ഞും തെളിഞ്ഞും ആ അഭിനയ പാടവത്തെ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ ഇതായിരുന്നില്ല കഥ, പൃഥ്വിരാജ് എന്ന നടനെ വെറും ഒരു കോമാളി ആക്കി കൊണ്ട് പലതും ഇവിടെ അരങ്ങേറി. സോഷ്യല്‍ മീഡിയ വഴി ഇത്ര അധികം ആക്രമിക്കപ്പെട്ട മറ്റൊരു താരവും മലയാളത്തില്‍ എന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ഫേസ് ബുക്ക്‌ വഴി പ്രിത്വിയെ കളിയാക്കി കൊണ്ട് ഒരു പാട് ഫോട്ടോസും, യു ട്യൂബ് വഴി ഒരു പാട് വീഡിയോ ക്ലിപ്പിങ്ങ്സും ഇവിടെ ഇറങ്ങി. അതെല്ലാം കാട്ടുതീ പോലെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു. ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ പ്രിത്വിയുടെ ഭാര്യ പറഞ്ഞ നിര്‍ദോഷമായ ഒരു കമന്റ്‌, അതിന്റെ അര്‍ഥം മനസ്സിലാക്കാതെ " സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഏക നടന്‍" എന്നാക്കി മാറ്റി കുറച്ചൊന്നുമല്ല മലയാളി ആഘോഷിച്ചത്.ഇതിലൊന്നും തളരാതെ മുന്‍പോട്ടു പോയാണ് പ്രിത്വി ഇന്ന് ബോളിവുഡ് വരെ എത്തിയത്, ശരിക്കും പറഞ്ഞാല്‍ അതേ സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഇപ്പോള്‍ പ്രിത്വി നടത്തിയത്.

പ്രേക്ഷകരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയല്ല, ഒരു നടന്‍ എന്ന നിലയില്‍ തന്റെ തുടക്ക കാലത്ത് കുറച്ചു ചവറു സിനിമകളില്‍ പ്രിതിയും അഭിനയിച്ചിട്ടുണ്ട്, കെട്ടുറപ്പുള്ള ഒരു കഥയോ, നല്ലൊരു തിരക്കഥയോ ഇല്ലാത്ത അത്തരം ചിത്രങ്ങളുടെ പരാജയം,പക്ഷെ ചാനലുകളില്‍ പ്രിത്വി അത്തരം ചിത്രങ്ങളെ പോലും വാനോളം പുകഴ്ത്തി പ്രോമോട്ട് ചെയ്യാന്‍ ശ്രമിച്ചു, അതൊക്കെ പ്രിത്വിയുടെ ഇമേജിനെ തന്നെ ബാധിച്ചു. ഒപ്പം അഭിമുഖങ്ങളില്‍ പ്രിത്വി പൊതുവേ കാണിക്കാറുള്ള ഒരു തന്റേടം, വെട്ടി തുറന്നുള്ള സംസാരം, അതൊക്കെ മറ്റു നടന്മാരുടെ ആരാധകരുടെ വെറുപ്പും കൂടെ നേടാനെ ഉപകരിച്ചുള്ളൂ. പ്രിത്വി തന്റെ സ്വത സിദ്ധമായ ഒരു ശൈലിയില്‍ പ്രതികരിച്ചതാകാം,പക്ഷെ അതൊന്നും അത്ര ലാഘവത്തോടെ എടുക്കാനുള്ള ഒരു മനസ്സ് സാധാരണ പ്രേക്ഷകര്‍ക്ക്‌ ഇല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഒരു നടന്‍ ഇങ്ങനെയൊക്കെയോ പറയാവൂ എന്ന് മലയാളി ഒരു അളവ് കോല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്തായാലും ഈ അടുത്തായി വിവാദ പരമായ ഒരു സംസാരവും പ്രിത്വിയുടെതായി കേള്‍ക്കാറില്ല. രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോഴും അതെല്ലാം സംവിധായകന്റെ മിടുക്കാണ്, താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രിത്വി മറുപടി പറഞ്ഞത്.ഒരു പക്ഷെ സ്വയം തിരിച്ചറിഞ്ഞു പ്രിത്വി തന്നെ അങ്ങനെ ഒരു തീരുമാനം എടുത്തതാകാം, അല്ലെങ്കില്‍ എല്ലാവര്ക്കും തന്റെ പ്രകടനം കൊണ്ട് മറുപടി കൊടുക്കാം എന്ന് തീരുമാനിച്ചതാകാം. എന്തായാലും ഇപ്പോള്‍ പ്രിത്വിയുടെ വിജയ കാലമാണ്, നല്ലതല്ലാതെ ഒന്നും തന്നെ പ്രിത്വിയെ കുറിച്ച് കേള്‍ക്കാറില്ല, ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാനുമില്ല.

സിനിമയില്‍ വന്നു നാലു വര്‍ഷത്തിനകം മികച്ച നടനുള്ള സംസഥാന അവാര്‍ഡ്‌ (വാസ്തവം) വാങ്ങിയ നടന്‍ ആണ് പ്രിത്വി, തന്റെ ആദ്യ കാല ചിത്രങ്ങളായ നന്ദനം, സ്റ്റോപ്പ്‌ വയലന്‍സ് രണ്ടു വ്യത്യസ്തത ഉള്ള കഥാപാത്രങ്ങള്‍ ചെയ്തു പ്രിത്വി തന്റെ അഭിനയ മികവ് വ്യക്തമാക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ തമിഴ്‌ സിനിമയിലും തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ പ്രിത്വിക്ക് കഴിഞ്ഞു, തെലുഗില്‍ ഒരു ചിത്രം ചെയ്തു (പോലീസ് പോലീസ് ), ഇപ്പോള്‍ ഹിന്ദിയിലും രണ്ടു ചിത്രങ്ങള്‍ ചെയ്തു, ( Aiyya, Aurangzeb). ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ്‌ ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത്‌ അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.


തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, ഇന്ത്യന്‍ റുപീ, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം,Aurangzeb. പ്രിത്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ്‌ സിനിമയും സജീവമാണ്, ഉറുമി പോലൊരു വലിയ ചിത്രത്തോട് കൂടിയാണ് പ്രിത്വി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നെ ഇന്ത്യന്‍ റുപീ പോലൊരു നല്ല സിനിമ. ഇനിയും പ്രിത്വിയെ കുറ്റപ്പെടുത്തുന്നവര്‍ക്ക് അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കാം,പക്ഷെ പ്രിത്വിയുടെ ഈ മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ് പ്രിത്വിയുടെതായി വരാനുണ്ട്, ഒപ്പം ഹിന്ദിയില്‍ ഷാരൂഖ്‌ -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ്‌ , പ്രിത്വി തുടങ്ങിയിട്ടേയുള്ളു .അതാണ് വാസ്തവം !!

Sunday, June 16, 2013

FUKREY - Hindi Film Review From Dubai




Fukrey എന്ന ഈ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ച ഒരു ഘടകമേ ഉള്ളു, അത് ചിത്രത്തിന്റെ പോസ്റ്ററില്‍ കണ്ട ഫര്‍ഹാന്‍ അക്തര്‍ എന്ന പേരാണ്.
He is my favorite actor & director.ഫര്‍ഹാന്‍ അക്തര്‍ എന്ന പേര് ഞാന്‍ ആദ്യം കേള്‍ക്കുന്നത് 12 വര്‍ഷം മുന്‍പാണ്. Dil Chahatha Hai എന്ന ആ ക്യാമ്പസ്‌ ചിത്രം അത് വരെയുള്ള ബോളിവുഡ് സിനിമകളുടെ സ്ഥിരം ചട്ടകൂടുകളെ പൊളിച്ചെഴുതി. അത് വരെ ത്രികോണ പ്രണയ ചിത്രങ്ങളില്‍ കുരുങ്ങി കിടന്നിരുന്ന ഹിന്ദി സിനിമക്ക് ആണ്‍സൌഹൃദത്തിന്റെ കഥ പറഞ്ഞ ആ ചിത്രം ഒരു പുതുമ ആയി. പിന്നീട് അതിന്റെ പാത പിന്തുടര്‍ന്ന് കുറെ ചിത്രങ്ങള്‍ ഇറങ്ങി. rang de basanti, rock on,3 idots, zindagi na milegi dobara, delhi belly തുടങ്ങി ഈ വര്‍ഷം ഇറങ്ങിയ kai poche വരെ. കുറച്ചു സുഹൃത്തുക്കള്‍, അവരുടെ പ്രശ്നങ്ങള്‍, സ്വപ്‌നങ്ങള്‍,പ്രണയം,വിവാഹം അങ്ങനെയാണ് ആ ചിത്രങ്ങളുടെ ഒരു കഥാഗതി. ആ ഗണത്തിലേക്ക് ചേര്‍ക്കാന്‍ ഒരു പുതിയ ചിത്രം കൂടെ..അതാണ് Fukrey.

ഒരേ സ്കൂളില്‍ പഠിക്കുന്ന രണ്ടു സുഹൃത്തുക്കള്‍, ചൂച്ച ആന്‍ഡ്‌ ഹണ്ണി. അവരിലൂടെയാണ് കഥ ആരംഭിക്കുന്നത്. രണ്ടു പേര്‍ക്കും സ്കൂള്‍ പഠനം കഴിഞ്ഞാല്‍ നഗരത്തിലെ പ്രധാന കോളേജില്‍ പഠിക്കാന്‍ ആണ് ആഗ്രഹം, പഠിക്കാനുള്ള താല്പര്യം കൊണ്ടല്ല, മറിച്ച്‌ പെണ്‍കുട്ടികളെ വളക്കാം എന്നുള്ള ഒരു ഉദ്ദേശം കൊണ്ടാണ്. പക്ഷെ സ്കൂളിലെ മാര്‍ക്ക്‌ കുറവായത് കൊണ്ട് നേരായ വഴിയില്‍ അവിടെ അഡ്മിഷന്‍ കിട്ടില്ല. അത് കൊണ്ട് അവര്‍ കാഷ് കൊടുത്തു അവിടെ ഒരു അഡ്മിഷന്‍ നേടിയെടുക്കാന്‍ തീരുമാനിക്കുന്നു. ഇതിന്റെ ഇടയില്‍ ഹണ്ണിക്ക് ഒരു പ്രേമവും ഉണ്ടാകുന്നുണ്ട്. അതെ സമയം വേറെ ഒരു സര്‍ദാര്‍ പയ്യന്‍, പേര് ലാലി, അവന്‍ അവന്റെ ബാല്യകാല കൂട്ടുകാരിയെ പ്രണയിക്കാന്‍ വേണ്ടി ഇതേ കോളേജില്‍ ചേരാനുള്ള ശ്രമത്തിലാണു. പക്ഷെ അവനും മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടില്ല. അവനും മറ്റവരെ പോലെ വളഞ്ഞ വഴിയിലൂടെ ഒരു സീറ്റ്‌ നേടാനുള്ള ശ്രമത്തിലാണ്. അവന്റെ അച്ഛന് നഗരത്തില്‍ ഒരു സ്വീറ്റ്‌ ഷോപ്പ് ഉണ്ട്, പക്ഷെ അയാള്‍ ഇത്രയധികം കാഷ് കൊടുക്കാന്‍ തയ്യാറാകുന്നില്ല. അതെ സമയം സഫര്‍ എന്ന നാലാമന്‍.അവന്‍ ഒരു കലാകാരന്‍ ആണ്, പക്ഷെ ആ കല കൊണ്ട് ജീവിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. അവനും അവന്റെ അച്ഛന്റെ ചികില്‍സക്ക് വേണ്ടി കാഷ് വേണം.

ഒരു സാഹചര്യത്തില്‍ ഈ നാല് പേരും കണ്ടു മുട്ടുന്നു. നാല് പേരുടെയും ആവശ്യം പെട്ടെന്ന് കുറച്ചു കാഷ് ആണ്. ഹണ്ണി ഒരു പ്ലാന്‍ തയ്യാറാക്കുന്നു. ചൂച്ച കാണാറുള്ള സ്വപ്‌നങ്ങള്‍ വെച്ച് ഒരു നമ്പര്‍ ഉണ്ടാക്കി അവര്‍ എടുക്കാറുള്ള ലോട്ടറി എപ്പോളും അടിക്കാറുണ്ട്. ഈ തവണ കുറച്ചു കൂടുതല്‍ കാശിനു ലോട്ടറി വാങ്ങിക്കാന്‍ വേണ്ടി അവര്‍ തീരുമാനിക്കുന്നു. അവരുടെ കയ്യില്‍ അത്ര മാത്രം കാശില്ല. സഫര്‍ പറഞ്ഞതനുസരിച്ച് അവര്‍ നഗരത്തിലെ ഡോണ്‍ ആയ ഭോലി പഞാബന്‍ എന്ന ഒരു സ്ത്രീയെ ചെന്ന് കാണുന്നു, അവരെ ഈ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നു, കുറച്ചു നിബന്ധനയില്‍ അവള്‍ ലോട്ടറി എടുക്കാം എന്ന് സമ്മതിക്കുന്നു.ലാലിയുടെ അച്ഛന്റെ കടയുടെ പ്രമാണം അവള്‍ക്കു ഈട് വെക്കുന്നു. പക്ഷെ അന്ന് രാത്രി ചൂച്ച ഉറങ്ങുന്നില്ല, സ്വപ്നവും കാണുന്നില്ല. കാലത്ത് പക്ഷെ ചൂച്ച ഒരു കള്ള സ്വപ്നം അവരെ പറഞ്ഞു കേള്‍പ്പിക്കുന്നു, അത് വെച്ച് കണക്ക് കൂട്ടിയ സംഖ്യ കൊണ്ട് അവര്‍ ഒരു വലിയ തുകക്ക് ഭോലിയെ കൊണ്ട് ലോട്ടറി എടുപ്പിക്കുന്നു.

ഇവിടെ നിന്ന് കഥ വേറെ ഒരു ട്രാക്കിലേക്ക് മാറുകയാണ്. ആ ലോട്ടറി അടിക്കുമോ? അടിചില്ലെന്കില്‍ ഭോലിയുടെ കാഷ് അവര്‍ എങ്ങനെ തിരിച്ചു കൊടുക്കും? കൊടുത്തില്ലെങ്കില്‍ ലാലിയുടെ അച്ഛന്റെ കടയുടെ പ്രമാണം എങ്ങനെ തിരിച്ചു കിട്ടും? അവര്‍ക്ക് എങ്ങനെ ആ കോളേജില്‍ അഡ്മിഷന്‍ കിട്ടും? സഫറിന്റെ അച്ഛന്റെ ചികില്‍സ എങ്ങനെ നടക്കും? ശേഷം ഭാഗം വെള്ളിത്തിരയില്‍ കണ്ടു ആസ്വദിക്കുക.

ഒരു ഡല്‍ഹി ബെല്ലി മോഡല്‍ സ്ക്രിപ്റ്റ്‌ ആണ് ചിത്രത്തിന്റേത്,എന്നാല്‍ ആ ഒരു നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടുമില്ല. എങ്കിലും സിനിമ എല്ലാവര്ക്കും ആസ്വദിക്കാവുന്ന ഒന്ന് തന്നെയാണ്. നായകന്മാരുടെ നാടന്‍ ഭാഷയിലുള്ള തെറിവിളി, ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ എല്ലാം നല്ല പ്രതികരണം ആയിരുന്നു. തിയറ്ററില്‍ കുറെ പേര്‍ ഇങ്ങനെ ഉച്ചത്തില്‍ ചിരിക്കുന്നത് കണ്ടിട്ട്‌ സത്യം പറഞ്ഞാല്‍ കുറെ നാളായി. നായകന്മാര്‍ നാല് പേരും നല്ല പെര്‍ഫോമന്‍സ് ആയിരുന്നു. എങ്കിലും കയ്യടി കൂടുതല്‍ വാങ്ങിയത് ചൂച്ച ആണ്. പിന്നെ ഇടയ്ക്കു വന്നു പോകുന്ന ഒരു കള്ളുകുടിയന്‍, ലാലിയുടെ അച്ഛന്‍, അവരും തിളങ്ങി. നായികമാര്‍ക്ക് അത്ര പ്രാധാന്യം ഇല്ല. ഹണ്ണിയുടെ കാമുകി സുന്ദരിയാണ്, ലാലിയുടെ ബാല്യകാല കൂട്ടുകാരി ഇടയ്ക്കു വന്നു പോകുന്നു. പാട്ടുകള്‍ എല്ലാം സിനിമയുടെ മൂഡിന് ചേരുന്ന fast numbers ആയിരുന്നു.

3 idiots, ഡല്‍ഹി ബെല്ലി, ഈ ചിത്രങ്ങളൊക്കെ കണ്ടിറങ്ങിയപ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്തായിരുന്നു? ഒരു നല്ല ചിത്രം കണ്ട സംതൃപ്തി, സന്തോഷം. അല്ലെ? അത്രയൊന്നും തോന്നില്ലെങ്കിലും ഫുക്രേയ്‌ ഒരു നല്ല ചിത്രം തന്നെയാണ്. ഒരു രണ്ടു രണ്ടര മണിക്കൂര്‍ ചിരിക്കാനുള്ള വകുപ്പൊക്കെ സിനിമയില്‍ ഉണ്ട്. എനിക്ക് ഇഷ്ട്ടപെട്ടു.കോമഡി ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവര്‍ ധൈര്യമായി കണ്ടോളു, അല്ലാത്തവര്‍ പോയില്ലെങ്കിലും കുഴപ്പമില്ല. അടുത്ത ആഴ്ച വീണ്ടും കാണുന്നത് വരെ നന്ദി..നമസ്കാരം.

Friday, June 7, 2013

Yamla Pagla Deewana 2 - Review From Dubai




ഈ സിനിമ കാണാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ട്. ആദ്യത്തെ കാരണം ഇന്ന് ഇവിടെ ഹോളിഡേ ആണ് എന്നുള്ളതാണ്. വല്ലപ്പോഴും അല്ലെ ഇങ്ങനെ ഒരു അവധി കിട്ടു, അപ്പൊ പിന്നെ ഒരു സിനിമ കാണാമെന്ന് വെച്ചു. രണ്ടാമത്തെ കാരണം ഇതിന്റെ ആദ്യ ഭാഗം രണ്ടു വര്ഷം മുന്‍പ്‌ ഞാന്‍ കണ്ടിട്ടുണ്ട് എന്നതാണ്. അത്ര മികച്ചൊരു സിനിമ ആയിരുന്നില്ല എങ്കിലും കണ്ടിരിക്കാവുന്ന ഒന്നായിരുന്നു അത്. അന്ന് അത്യാവശ്യം ചിരിക്കാന്‍ സാധിച്ച കുറെ സീനുകള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു, പിന്നെ ഈ അച്ഛനും രണ്ടു മക്കളും കൂടിയുള്ള ഒരു സിനിമ ആയത് കൊണ്ട് , അവരെ അങ്ങനെ ഒരുമിച്ചു സ്ക്രീനില്‍ കാണുന്നതിന്റെ ഒരു കൌതുകവും ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ വീണ്ടും വരുന്നു എന്ന് കേട്ടപ്പോള്‍ എന്നാ പിന്നെ ഒന്ന് കണ്ടേക്കാം എന്ന് തീരുമാനിച്ചു. മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ കാരണം ഇതിന്റെ സംവിധായകന്‍ സംഗീത്‌ ശിവന്‍ ആണെന്നുള്ളതാണ്. മലയാളത്തില്‍ വ്യൂഹം, യോദ്ധ, ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണ്ണയം എന്നീ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍. ഇപ്പൊ കുറച്ചു നാളായി ബോല്ലിവുഡിലാണ്. അവിടെ സോര്‍, ചുരാ ലിയാ ഹേ തുംനെ, ക്യാ സൂപ്പര്‍ കൂള്‍ ഹായ് ഹം, ഏക്‌, ക്ലിക്ക് അങ്ങനെ കുറെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഈ അടുത്ത് മലയാളത്തില്‍ ആസിഫ്‌ അലി നായകനായ Idiots എന്ന ചിത്രത്തിന്റെ തിരകഥ എഴുതിയിരുന്നു.

ഇനി സിനിമയിലേക്ക്, ആദ്യ ഭാഗം കാണാത്തവര്‍ക്ക് വേണ്ടി പറയാം. ധരംസിങ്ങും (ധര്‍മേന്ദ്ര)മകന്‍ ഗജോധര്‍സിങ്ങും (ബോബി ഡിയോള്‍. രണ്ടു പേരും തിരു മുടിഞ്ഞ കള്ളന്മാരാണ്. തന്റെ ഭാര്യയോടു പിണങ്ങിയാണ് ധരം തന്റെ ഇളയ മകന്റെ കൂടെ കഴിയുന്നത്. ആദ്യ ചിത്രത്തില്‍ ധരമിന്റെ മൂത്ത മകന്‍ പരംവീര്‍ സിംഗ് (സണ്ണി ഡിയോള്‍) അച്ഛനെയും അനിയനെയും കൂട്ടി കൊണ്ട് വരാന്‍ കാനഡയില്‍ നിന്ന് ബനാറസില്‍ എത്തുന്നതും, ഗജോധരിന്റെ പ്രണയ സാക്ഷാല്‍ക്കാരത്തിനായി അവര്‍ മൂന്നു പേരും കൂടെ പഞ്ചാബില്‍ പോകുന്നതും, അവിടെ നടക്കുന്ന തമാശകളുമായിരുന്നു കഥ. എന്നാല്‍ ഈ രണ്ടാം ഭാഗത്തില്‍ കഥ തുടങ്ങുമ്പോള്‍ ധരം ഒരു കള്ള സന്ന്യാസി ആണ്, കൂടെ മകന്‍ ഗജോധരും ഉണ്ട്. ഈ തവണ ഗജോധര്‍ വലിയ ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍ ആണ്. സ്വാമിയെ കാണാന്‍ എത്തുന്ന യോഗ് രാജ്‌ എന്ന ഒരു ഒരു ബിസിനസ്‌കാരനെ (അനു കപൂര്‍) ധരംസിംഗ് ഒരു ധനികന്‍ ആണെന്ന് തെറ്റിദ്ധരിക്കുന്നു. സത്യത്തില്‍ അയാള്‍ വലിയ ഒരു കടക്കെണിയിലാണ്. അയാളുടെ മകള്‍ സുമനെ കൊണ്ട് ഗജോധരിനെ കല്യാണം കഴിപ്പിക്കാന്‍ വേണ്ടിയുള്ള ധരമിന്റെ ശ്രമങ്ങളാണ് സിനിമയുടെ പ്രധാന കഥ (ഗജോധരിന്റെ ആദ്യ കാമുകി എവിടെ പോയോ എന്തോ?) കൂടാതെ ആ നായികയും ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍. അത് കൊണ്ട് തന്നെ ചിത്രം മുഴുവനും സല്‍മാന്റെ ഡയലോഗുകളും പാട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.

മൂത്ത മകന്‍ പരംവീര്‍ ഇപ്പോള്‍ ലണ്ടനില്‍ ആണ്, അയാള്‍ അവിടെ ഒരു debt collector ആണ്. (അയാളുടെയും ഭാര്യയെയും കുട്ടികളെയും ഒന്നും കാണിക്കുന്നില്ല). അയാളുടെ ബോസ്സിന്റെ നിര്‍ദേശ പ്രകാരം അയാള്‍ യോഗ് രാജിന്റെ അടുക്കല്‍ എത്തുന്നു, അയാള്‍ എന്ത് കൊണ്ടാണ് ലോണ്‍ തിരിച്ചടക്കാത്തത് എന്ന് അന്വേഷിക്കാന്‍ വേണ്ടി പരം അയാളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുന്നു. തുടര്‍ന്ന് അയാള്‍ അയാളുടെ കൂടെ ജോലിക്ക് കയറുന്നു. അയാളുടെ പഴയ ക്ലബ്‌ പരം നന്നാക്കുകയും റീ ഓപ്പണ്‍ ചെയ്യുകയും ചെയ്യുന്നു. അതെ സമയം യോഗ് രാജിനെ കാണാനും ആ കല്യാണം ഉറപ്പിക്കാനും വേണ്ടി ധരം സിങ്ങും ഗജോധാരും വലിയ ധനികരുടെ വേഷത്തില്‍ നാട്ടില്‍ നിന്ന് ഇവിടെ എത്തുന്നു.പരംവീര്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു,പക്ഷെ അവര്‍ സമ്മതിക്കുന്നില്ല. അങ്ങനെ ആ കല്യാണ നിശ്ചയം നടക്കുന്നു, എന്നാല്‍ പിന്നീട് അറിയുന്നു സുമന്‍ യോഗ് രാജിന്റെ മകള്‍ അല്ല, അയാളുടെ യഥാര്‍ത്ഥ മകള്‍ രീത ആണ്. അവള്‍ക്ക്ക് ആണെന്കില്‍ ഇഷ്ടം പരംവീറിനോടും. ഇതറിയുന്ന ധരം അവളെ വശീകരിക്കാന്‍ വേണ്ടി ഗജോധരിനെ വേറെ ഒരു വേഷത്തില്‍ അവതരിപ്പിച്ച്‌,തന്റെ രണ്ടാമത്തെ മകന്‍ ആണെന്നും പറഞ്ഞു യോഗ് രാജിന് പരിചയപെടുത്തുന്നു. ഒരാളും രണ്ടു വേഷവും മാറി മാറി വരുന്നു. സ്വാഭാവികമായും പ്രശ്നങ്ങള്‍ ആരംഭിക്കുമല്ലോ? ഈ തവണ അവര്‍ക്ക് കൂട്ടായി ഒരു ആള്‍ക്കുരങ്ങും(Orangutan) ഉണ്ട്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇതിലെ കഥ.

ധര്‍മേന്ദ്ര..77 വയസ്സുള്ള ഒരു സീനിയര്‍ സൂപ്പര്‍സ്റ്റാര്‍, ഈ പ്രായത്തിലും അദ്ധേഹത്തിന്റെ ആ ഒരു എനര്‍ജി ലെവല്‍ ആദ്യ ഭാഗത്തില്‍ തന്നെ എന്നെ അതിശയിപ്പെടുത്തിയിരുന്നു. രണ്ടു വര്ഷം കഴിഞ്ഞു ഈ രണ്ടാം ഭാഗത്തിലും അതിനു മാറ്റമൊന്നുമില്ല. സ്വന്തം മക്കളുടെ കൂടെ ഡാന്‍സും, സംഘട്ടനവും, കോമഡിയും എല്ലാം ചെയ്തു അദ്ദേഹം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രായത്തിന്റെ ഒരു അവശത മുഖത്തുണ്ടെങ്കിലും അദ്ധേഹത്തിന്റെ മനസ്സ് ഇപ്പോളും ചെറുപ്പമാണ്. അദ്ധേഹത്തിന്റെ ഒരു സ്ഥിരം ഡാന്‍സ് സ്റ്റൈലിനെ കളിയാക്കി കൊണ്ട് ഒരു ഗാനം ചിത്രത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.ഓം ശാന്തി ഓം എന്നാ ചിത്രത്തില്‍ അദ്ധേഹത്തിന്റെ ആ സ്റ്റെപ് കാണിക്കുന്നുണ്ട്.

സണ്ണി ഡിയോള്‍..ധര്‍മേന്ദ്രയുടെ മൂത്ത മകന്‍, ആദ്യ കാലത്ത് ഹിന്ദിയില്‍ Gatak,Gayal, Gadhar, Darr, Yamini,Border,Jeet, Ziddi അങ്ങനെ കുറേ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ നടന്‍. ഇപ്പോള്‍ അധികം ചിത്രങ്ങളൊന്നും ഇല്ല. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ചിത്രമാണ്‌ ഇത്. വില്ലന്മാരുടെ നേരെ വലിയ വായില്‍ ആക്രോശിക്കുന്ന സണ്ണിയുടെ സ്ഥിരം നമ്പര്‍ ആദ്യ ഭാഗത്തില്‍ ഒരു കോമഡി ആയി അവതരിപ്പിച്ചിരുന്നു. സഹിക്കാന്‍ കഴിയാത്ത ആ വലിയ ശബ്ദം കേട്ട് വില്ലന്മാരെല്ലാം ചെവി പൊത്തുന്നതായിരുന്നു ആ സീന്‍.ഒരു സ്പൂഫ് എന്ന നിലയില്‍ അത് രസിപ്പിക്കുകയും ചെയ്തു. ഇതിലും അങ്ങനെ ഒരു സീനുണ്ട്. സണ്ണിയുടെ ശബ്ദത്തിന്റെ ആഘാതം കൊണ്ട് വില്ലന്മാരെല്ലാം പറക്കുന്നതായാണ് എടുത്തിരിക്കുന്നത്. പക്ഷെ അത് കുറച്ചു കൂടി പോയി എന്ന് പറയാതെ വയ്യ.

ബോബി ഡിയോള്‍..ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്നത് അയാളുടെ ആദ്യ ചിത്രമായ "ബര്‍സാത്" ആണ്. മുടിയൊക്കെ നീട്ടി വളര്‍ത്തി നീല കൂളിംഗ്‌ ഗ്ലാസും വെച്ചു കൊണ്ടുള്ള ആ വരവ് ഇന്നും മനസ്സില്‍ ഉണ്ട്. അതിനു ശേഷം Gupt, Soldire,Ajnabee, Humraz എന്നീ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിരുന്നു എങ്കിലും മുന്‍ നിരയിലേക്ക് ഉയരാന്‍ ബോബിക്ക് കഴിഞ്ഞില്ല. ചേട്ടനെ പോലെ തന്നെ ഇപ്പോള്‍ ബോബിക്കും സിനിമകള്‍ കുറവാണ്‌.അവസാനം വിജയിച്ച ചിത്രം ഇതിന്റെ ആദ്യ ഭാഗമാണ്. അത് കൊണ്ടായിരിക്കാം വീണ്ടും അവരുടെ കൂടെ തന്നെ ഒരു ചിത്രം ചെയ്തത്, പോരാതെ സല്‍മാന്‍ ഖാനെയും കൂട്ട് പിടിച്ചിട്ടുണ്ട്, പക്ഷെ ഇത് കൊണ്ടും ബോബിയുടെ കരിയറിന് ഗുണമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇവരെ കൂടാതെ അനുപം ഖേര്‍,ജോണി ലിവര്‍, തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ആര്ര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. നായികമാരെയൊന്നും മുന്‍പ് കണ്ടതായി ഓര്‍മ്മയില്‍ ഇല്ല. ഗാനങ്ങളില്‍ ഒന്നും തന്നെ അത്ര മികച്ചതല്ല. കോമഡിക്ക് വേണ്ടി ചെയ്തത് ഒന്നും എല്ക്കുന്നില്ല എന്നതാണ് സിനിമയുടെ പ്രശ്നം. ക്ലൈമാക്സില്‍ കുറെ സുമോ ഗുസ്ഥിക്കാരെ കൊണ്ട് വന്നു എന്തൊക്കെയോ കാണിച്ചു കൂട്ടി, പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന രംഗങ്ങള്‍ ആണ് അതെല്ലാം. ഒന്നാം ഭാഗത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ ഈ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടില്ല. എങ്കിലും slapstick & non sence കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് വേണമെകില്‍ ഒരു തവണ കാണാം, അല്ലാത്തവര്‍ ആ ഭാഗത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. വീണ്ടും കാണുന്നത് വരെ എല്ലാവര്ക്കും നന്ദി..നമ്സക്കാരം !!

Tuesday, June 4, 2013

മുരളി ഗോപി - Marching Left Right Left !!




ഭരത് ഗോപിയുടെ മകന്‍, അതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തല്‍ വേണ്ട മുരളി ഗോപിക്ക്. പരിചയ സമ്പന്നനായ ലാല്‍ജോസിന്റെ ദിലീപ്‌ ചിത്രത്തിലൂടെ തുടക്കം, അതും ഒരേ സമയം മൂന്നു കാര്യങ്ങള്‍ ചെയ്തു കൊണ്ട്..അഭിനയം,ആലാപനം,തിരക്കഥ. 2004 അവസാനം ഇറങ്ങിയ രസികന്‍ എന്ന ആ ചിത്രം പക്ഷെ പരാജയപ്പെട്ടു.എങ്കിലും വില്ലന്‍ വേഷം ചെയ്ത ആ നടനെ എല്ലാവരും ശ്രദ്ധിച്ചു, സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം ആളുകള്‍ക്കും അന്ന് അറിയില്ലായിരുന്നു അത് ഭരത് ഗോപിയുടെ മകന്‍ ആണെന്നുള്ള കാര്യം. ഒരു ഡയലോഗ് പോലുമില്ലാതെ തന്നെ കാള ഭാസ്കരന്‍ എന്ന ആ വില്ലന്‍ വേഷം മികച്ചതാക്കാന്‍ മുരളീകൃഷ്ണന് കഴിഞ്ഞു. ചിത്രത്തിലെ "ചാഞ്ഞു നില്ക്കണ " എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും മുരളിയാണ്. ഒരു പക്ഷെ നായകന് വേണ്ടി വില്ലന്‍ പാടിയ ഏക മലയാള ഗാനവും അതായിരിക്കാം.നല്ലൊരു തുടക്കം കിട്ടിയെങ്കിലും ചിത്രത്തിന്റെ പരാജയം കാരണം വേറെ മികച്ച അവസരങ്ങള്‍ ഒന്നും അയാളെ തേടി ഉടനെ വന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു.



അവിടെ നിന്ന് അഞ്ചു വര്ഷം കഴിഞ്ഞാണ് ബ്ലെസ്സിയുടെ ഭ്രമരത്തിലൂടെ (2009) മോഹന്‍ലാലിന്‍റെ കൂടെ മുരളി ഗോപി എന്ന പേരിലായിരുന്നു രണ്ടാം വരവ്. ചെറിയ വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപെടുന്ന ഒരു വേഷമായിരുന്നു അതിലെ ഡോക്ടര്‍ അലക്സ്‌. ചിത്രം കണ്ട പലര്‍ക്കും അത് രസികനിലെ വില്ലന്‍ ആയിരുന്നു എന്ന് മനസ്സിലായതെ ഇല്ല. ആ ചിത്രത്തിലെ മികച്ച അഭിനയത്തിന് ആ വര്‍ഷത്തെ സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ലഭിച്ചു. പിന്നീട് കമലിന്റെ ഗദാമ്മയില്‍ (2011) ചെറിയൊരു വേഷം. അതിനു ശേഷം 2012 തുടക്കത്തില്‍ "ഈ അടുത്ത കാലത്ത്‌" എന്ന ചിത്രം വരുന്നത്. ന്യൂ ജനറേഷന്‍ സിനിമ അല്ലെങ്കില്‍ മുരളി ഗോപിയുടെ ഭാഷയില്‍ ഹാബിറ്റ്‌ ബ്രേക്കെര്സ് " ആയ സിനിമകളുടെ ഭാഗം ആയി അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന മികച്ചൊരു സംവിധായകന്റെ കൂടെ ചേര്‍ന്ന് ഒരുക്കിയ "ഈ അടുത്ത കാലത്ത് "പതിവ് സിനിമകളില്‍ നിന്നും ആശയപരമായും അവതരണ ശൈലിയിലും വേറിട്ട്‌ നിന്നു, ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടി. ഒപ്പം ആ ചിത്രത്തില്‍ ഡോക്ടര്‍ അജയ്‌ കുര്യന്‍ എന്ന മികച്ചൊരു കഥാപാത്രവും ചെയ്തു. അതിലെ അഭിനയത്തിനും തിരകഥക്കുമായി ചെറുതും വലുതുമായി ഒട്ടേറെ അംഗീകാരങ്ങളും മുരളിയെ തേടിയെത്തി.

എന്നാല്‍ മുരളി ഗോപി അരങ്ങു തകര്‍ത്തത് മമ്മൂട്ടി നായകനായ "താപ്പാന" എന്ന ചിത്രത്തിലെ കന്നുകുട്ടന്‍ എന്ന കരുത്താര്‍ന്ന വില്ലന്‍ വേഷത്തിലാണ്. തന്റെ അച്ഛന്റെ കൂടെ അഭിനയിച്ച സീനിയര്‍ നടനായ മമ്മൂട്ടിയുടെ കൂടെ ഒരു പതര്‍ച്ചയും കൂടാതെ മുരളി ഗോപി അഭിനയിച്ചു.ഈ വര്ഷം ഓഗസ്റ്റ്‌ ക്ലബ്‌, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളും പൂര്‍ത്തിയാക്കി. അതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിയതും മുരളി ഗോപി തന്നെയാണ്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ കൂടെ വീണ്ടും ചേര്‍ന്നാണ് തന്റെ പുതിയ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രവും മുരളി ഗോപി ഒരുക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് അതിന്റെ കഥ പറഞ്ഞു പോകുന്നത്. ഒപ്പം രാജേഷ്‌ പിള്ളയുമായി ചേര്‍ന്ന് മോഹന്‍ലാലിനെ നായകന്‍ ആക്കി അണിയിച്ചൊരുക്കുന്ന ലുസിഫെര്‍ എന്ന ചിത്രതിനു വേണ്ടിയും മുരളിഗോപി തൂലിക ചലിപ്പിക്കുന്നുണ്ട്. മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രമായ "വെടി വഴിപാട്‌ " എന്ന ഒരു ചിത്രവും പണിപ്പുരയില്‍ ഉണ്ട്.

മുരളി ഗോപി അറിയപ്പെടുന്ന ഒരു ചെറുകഥ എഴുത്തുകാരന്‍ കൂടിയാണ്.പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ആദ്യത്തെ ചെറുകഥ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ചെറുകഥകള്‍ "രസികന്‍ സോധനെ" എന്ന പേരില്‍ റെയിന്‍ബോ ബുക്സ്‌ പുറത്തിറക്കിയിരുന്നു. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ Msn india entertainment ചീഫ്‌ എഡിറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നു. തിരുവനന്തപുരത്തെ പേയാട് ആണ് മുരളി ഗോപിയുടെ താമസം. വരും വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ മികച്ച ചിത്രങ്ങളുടെ ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കി മുന്നേറാന്‍ മുരളി ഗോപിക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!