Tuesday, October 1, 2013

ബാലേട്ടന്‍ എന്ന സ്നേഹിതന്‍ !!

ഞങ്ങളുടെ നാട്ടില്‍ നിന്നും കുറച്ചു മാറിയാണ് ചിറപറമ്പ് എന്ന മറ്റൊരു ഗ്രാമം. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ചെന്നിരിക്കാറുള്ള ഒരു പാടത്തിന്‍റെ നടുവിലൂടെയാണ് അങ്ങോട്ടുള്ള വഴി. അവിടെ ഇരിക്കാനായി ഒരു കലുങ്കുണ്ട്. എന്‍റെ കോളേജ് സമയത്തൊക്കെ മിക്കവാറും എല്ലാ ദിവസവും ഞാന്‍ വൈകുന്നേരം അവിടെ പോയിരിക്കാറുണ്ട്. എന്‍റെ കുറച്ചു സുഹൃത്തുക്കളും അവിടെ വരാറുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു സ്ഥലം. എല്ലാ നാട്ടിലും ഉണ്ടാകുമല്ലോ അത്തരം ചില സുഹൃത്ത്‌ സംഗമ വേദികള്‍. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോളൊക്കെ ആ നാട്ടുകാര്‍ ജോലി കഴിഞ്ഞു ആ വഴി മടങ്ങി പോകാറുണ്ട്. ചിലരെയൊക്കെ നമുക്ക്‌ പരിചയം കാണും. അവരൊക്കെ എന്തെങ്കിലും കുശലം ചോദിക്കും. ചിലര്‍ ചുമ്മാ ചിരിച്ചു കൊണ്ട് കടന്നു പോകും.

അങ്ങനെ ഒരിക്കല്‍ ഞാനും ഒരു സുഹൃത്തും കൂടെ അവിടെ ഒരു കലുങ്കില്‍ ഇങ്ങനെ ഇരിക്കുകയാണ്. അന്ന് സിഗരറ്റ് വലിയൊക്കെ ചെറുതായി തുടങ്ങിയ ഒരു സമയം. വീടില്‍ നിന്നും കുറച്ചു മാറിയ ഭാഗമായത് കൊണ്ട് അവിടെ ഇരുന്നു വലിക്കാന്‍ ഒരു ധൈര്യമാണ്. അന്ന് പക്ഷെ രണ്ടാളുടെ കയ്യിലും സിഗരറ്റ് ഇല്ല. കടയിലേക്ക് പോകണമെങ്കില്‍ കുറെ നടക്കണം. എന്നാല്‍ പിന്നെ വേണ്ട എന്ന് വെച്ച് ഞങ്ങള്‍ അവിടെ തന്നെ ചുമ്മാ ഇരുന്നു. സന്ധ്യാ സമയം. പാടം ആയത് കൊണ്ടു നല്ല കാറ്റ് ഉണ്ട്. ഞാന്‍ നോക്കുമ്പോള്‍ ആ നാട്ടുവഴിയിലൂടെ അകലെ നിന്ന് ആരോ ബീഡി കത്തിച്ച് വലിച്ച് വരുന്നുണ്ട്. ആരാണെന്നു വ്യക്തമല്ല. ആരായാലും അവരോടു ഒരു ബീഡി ചോദിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ അവനു ചോദിയ്ക്കാന്‍ ധൈര്യമില്ല. എന്നാ പിന്നെ ഞാന്‍ ചോദിക്കാം എന്ന് വെച്ചു. എന്തായാലും എന്‍റെ നാട്ടുകാരാകാന്‍ സാധ്യതയില്ല. പിന്നെ എന്താ പ്രശ്നം എന്നായിരുന്നു എന്‍റെ ഒരു ചിന്ത.

അങ്ങനെ ആ രൂപം അടുത്തെത്തി. അതൊരു വൃദ്ധനാണ്. മുഖം അത്ര വ്യക്തമല്ല. നരച്ച താടി നീട്ടി വളര്‍ത്തിയിട്ടുണ്ട്. കള്ളിമുണ്ടും ഷര്‍ട്ടുമാണ് വേഷം. അന്നത്തെ പണിയൊക്കെ കഴിഞ്ഞു, രണ്ടെണ്ണം അടിച്ച് നല്ല മൂഡില്‍ ഉള്ള വരവാണ്. കണ്ടിട്ട് മുന്‍പരിചയവുമില്ല. ഇത് തന്നെ ബീഡി ചോദിയ്ക്കാന്‍ പറ്റിയ ആളെന്നു ഞാന്‍ കരുതി. കക്ഷി ഞങ്ങളെ ചുമ്മാ ഒന്ന് നോക്കി കടന്നു പോയി. ഞാന്‍ അയാളെ പിന്നില്‍ നിന്നും വിളിച്ചു "ചേട്ടാ.."

അയാള്‍ മെല്ലെ തിരിഞ്ഞു നിന്നു. ഞാന്‍ അടുത്തേക്ക് ചെന്നു. അയാള്‍ ബീഡി ഒന്ന് നീട്ടി വലിച്ചപ്പോള്‍ ആ വെളിച്ചത്തില്‍ മുഖം കുറച്ചു കൂടെ വ്യക്തമായി. മുഖത്ത് കുറച്ചു ഗൌരവം ഉണ്ട്. രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു.

ചേട്ടാ, ഒരു ബീഡി തരാമോ?

അയാള്‍ : ബീഡിയോ? എന്തിനാ ?

ഞാന്‍ (അഭിമാനത്തോടെ ): വലിക്കാന്‍. ഞങ്ങടെ സിഗരറ്റ് കഴിഞ്ഞു..അതാ..

അയാള്‍ എന്‍റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ചോദ്യം : "നീ ആ ഇമ്പ്രായിടെ (ഇബ്രാഹിമിന്‍റെ) മോനല്ലേടാ?

ആ ചോദ്യം കേട്ടതും എന്‍റെ വയറൊന്ന് കാളി. മുഖ ഭാവം മാറി. തൊണ്ട വരണ്ടു കൊണ്ട് ഞാന്‍ പറഞ്ഞു "അതെ, ഉപ്പാനേ അറിയോ?

അയാള്‍ : അറിയോന്നോ? നീ വീട്ടില്‍ ചെന്നു ചോദിച്ചാല്‍ മതി ചിറപറമ്പിലുള്ള ബാലനെ അറിയോന്ന്?

ഞാന്‍ : സോറി ചേട്ടാ, എനിക്കറിയില്ലായിരുന്നു.

ബാലേട്ടന്‍ : സാരമില്ല, എന്തായാലും ഞാന്‍ അവനെയൊന്ന് കാണട്ടെ, നിനക്ക് ബീഡി വലിക്കാനുള്ള കാശ് കൊടുക്കാന്‍ ഞാന്‍ പറയാം.

അത് വരെ കലുങ്കില്‍ കാലാട്ടി ഇരുന്നിരുന്ന എന്‍റെ സുഹൃത്ത്‌ രംഗം പന്തിയല്ലെന്നു കണ്ടു മെല്ലെ താഴെ ഇറങ്ങി.

ഞാന്‍ : പൊന്നു ചേട്ടാ, ചതിക്കല്ലേ, ഉപ്പ അറിഞ്ഞാല്‍ എന്നെ കൊല്ലും

ബാലേട്ടന്‍ : കൊന്നോട്ടെ..എനിക്കെന്താ?

ഞാന്‍ : പ്ലീസ് ചേട്ടാ, അങ്ങനെ പറയരുത്. ഇനി ഞാന്‍ വലിക്കില്ല..

ബാലേട്ടന്‍ : ഉറപ്പാണോ?

ഞാന്‍ : സത്യമായും ഞാന്‍ വലിക്കില്ല.

ബാലേട്ടന്‍ : എന്നാ ഓക്കേ. ഇനി ഇവിടെ ഈ നേരത്ത് വന്നിരിക്കരുത്. ആള്‍ക്കാര്‍ വെറുതെ ഓരോന്ന് പറയും. ബാലേട്ടന്‍ പറയണത് മനസ്സിലാകുന്നുണ്ടാ?

ഞാന്‍ : മനസ്സിലായി

ബാലേട്ടന്‍ : എന്നാ ഞാന്‍ പോട്ടെ ?

ഞാന്‍ : ആയിക്കോട്ടെ..

പുള്ളി കുറച്ചു മുന്‍പോട്ടു പോയി. പിന്നെ തിരിഞ്ഞു നിന്ന് എന്നോടൊരു ചോദ്യം : അല്ല, എന്നിട്ട് ഇപ്പൊള്‍ നിനക്ക് ബീഡി വേണാ?

എന്‍റെ ഉള്ളിലൊരു ലഡു പൊട്ടി. എന്നാലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു" വേണ്ട"

ബാലേട്ടന്‍ എന്‍റെ അടുത്തേക്ക് വന്നു. പോക്കറ്റില്‍ നിന്നൊരു ബീഡിക്കെട്ട് എടുത്ത് അതില്‍ നിന്നൊരു ബീഡി എടുത്തു എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു : ഇത് വലിച്ചോ, പക്ഷെ ഇനി വലിക്കരുത്‌. ചള്ള് പ്രായമാണ്. വെറുതെ വലിച്ചു കൂമ്പ് വാട്ടരുത്ട്ടാ..എന്നാ ബാലേട്ടന്‍ പോട്ടെ മോനെ? മോനെ എന്നുള്ള ആ വിളി എന്‍റെ നെഞ്ചില്‍ കൊണ്ടു. പക്ഷെ അത് കൊണ്ടു വലി നിര്‍ത്തിയൊന്നുമില്ല. പക്ഷെ പിന്നീട് അവിടെ ഇരുന്നുള്ള വലി കുറഞ്ഞു. പിറ്റേ ദിവസം ഉപ്പ എന്നോട് പറഞ്ഞു ഞങ്ങള്‍ കണ്ട കാര്യം ബാലേട്ടന്‍ ആളോട് പറഞ്ഞെന്ന്. പക്ഷെ ബീഡിയുടെ കാര്യം മാത്രം ബാലേട്ടന്‍ പറഞ്ഞില്ല..ഭാഗ്യം.

വൈകുന്നേരങ്ങളില്‍ പിന്നെയും ഞങ്ങള്‍ അവിടെ പോയിരിക്കാറുണ്ട്. എന്നും ആ സമയത്ത് ബാലേട്ടന്‍ പണി കഴിഞ്ഞു വരും. അകലെ നിന്നുള്ള ആ ബീഡിയുടെ വെളിച്ചം കണ്ടാല്‍ എനിക്കറിയാം അത് ബാലേട്ടനാണെന്ന്. എപ്പോളും ഞങ്ങളുടെയടുത്ത് വന്നു എന്തെങ്കിലുമൊക്കെ ചോദിച്ചിട്ടെ പുള്ളി പോകാറുള്ളൂ. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കൊരു ബീഡിയൊക്കെ പുള്ളി തരും. കൂടുതല്‍ വലിച്ചു കൂമ്പ് വട്ടരുതെന്നു അപ്പോളും പറയും. ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീടിന്‍റെ അവിടെയുള്ള ഇടവഴിയില്‍ വെച്ചും ആളെ കാണാറുണ്ട്. പക്ഷെ എന്‍റെ വീട്ടിലേക്കു വന്നിട്ടില്ല. എന്‍റെ കോളേജ് പഠന സമയത്തൊക്കെ ചില ദിവസങ്ങളില്‍ ഞാന്‍ തനിച്ച് അവിടെ ഇരിക്കുമ്പോള്‍ ബാലേട്ടന്‍ എന്‍റെ അടുത്ത് വന്നിരിക്കും. കുറെ സംസാരിക്കും. ആളുടെ വീട്ടിലെ വിശേഷങ്ങളൊക്കെ പറയും. എന്‍റെ കുറെ വിശേഷങ്ങള്‍ ഞാനും പറയും. പരീക്ഷയുടെ കാര്യങ്ങള്‍, പ്രണയത്തിന്‍റെ ടെന്‍ഷന്‍, അങ്ങനെ പലതും. എന്നു പോകുമ്പോഴും അവസാനം "എന്നാ ബാലേട്ടന്‍ പോട്ടെ മോനെ? എന്ന് ചോദിച്ചേ പുള്ളി പോകാറുള്ളൂ. അങ്ങനെ പോയാലും രണ്ടടി നടന്നു ഞാന്‍ ഒറ്റക്കായത് കൊണ്ട് വീണ്ടും എന്‍റെയടുത്തേക്ക് വന്നിട്ട് ചോദിക്കും "ബാലേട്ടന്‍ നിക്കണാ? നിക്കണെങ്കില്‍ നിക്കാട്ടാ". ഞാന്‍ "വേണ്ട ബാലേട്ടന്‍ പൊക്കോ" എന്ന് പറഞ്ഞാലേ പോകാറുള്ളൂ. പുള്ളി ആ നീളമുള്ള റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകും. എന്‍റെ കാഴ്ച്ചയില്‍ നിന്നും ആളു മറഞ്ഞാല്‍ ഞാനും വീട്ടിലേക്കു തിരിച്ചു നടക്കും. അതാണ്‌ പതിവ്. ഒന്നോ രണ്ടോ തവണ ആളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ ഉപ്പയും എന്‍റെ കൂടെ ഉണ്ടായിരുന്നു.

ഇടയ്ക്ക് കുറച്ചു നാള്‍ എനിക്ക് വൈകുന്നേരം അങ്ങോട്ട്‌ പോകാന്‍ പറ്റിയില്ല. ബാലേട്ടന്‍ എന്നെ അന്വേഷിച്ചിരുന്നു എന്ന് ഒരു സുഹൃത്ത്‌ കണ്ടപ്പോള്‍ പറഞ്ഞു. നാളെയോ മറ്റന്നാളോ പോകാം എന്ന് വെച്ച് ഞാനിരുന്നു. അതങ്ങനെ നീണ്ടു പോയി. ഒരു ദിവസം ഞാന്‍ കോളേജ് കഴിഞ്ഞു വീട്ടിലെത്തി പുറത്തിരുന്ന് പേപ്പര്‍ വായിക്കുവായിരുന്നു. അപ്പോളാണ് ഉപ്പ കയറി വന്നത്. എന്നെ കണ്ടപ്പോള്‍ ആളു പറഞ്ഞു "" നീ അറിഞ്ഞോ? ആ ബാലേട്ടന്‍ മരിച്ചു"

ഞെട്ടലോടെ ഞാന്‍ ചോദിച്ചു : ഏതു ബാലേട്ടന്‍ ?

ഉപ്പ : നീ പാടത്തു വെച്ച് കാണാറില്ലേ? ആ ബാലേട്ടന്‍ തന്നെ.

ഞാന്‍ : എങ്ങനെ?

ഉപ്പ: ഹാര്‍ട്ട്‌ അറ്റാക്ക്‌ ആണെന്നാ കേട്ടത്

അതും പറഞ്ഞു ഉപ്പ അകത്തു പോയി. എന്‍റെ തലക്കുള്ളില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. ഉപ്പ പറഞ്ഞത്‌ സത്യമാകല്ലേ എന്നും. ഉപ്പക്കു ആളു തെറ്റിയതാകണെ എന്നും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അത് സത്യമായിരുന്നു. മരിച്ചത് എന്‍റെ ആ ബാലേട്ടന്‍ തന്നെ ആയിരുന്നു. വീട്ടില്‍ ആര്‍ക്കും അത്രയ്ക്ക് അറിയില്ല ഞങ്ങളുടെ ആ സുഹൃത്ത് ബന്ധം. എന്‍റെ ഒരു പരിചയക്കാരന്‍..അത്രയെ അറിയൂ. ബാലേട്ടന്‍റെ വീട്ടില്‍ ഞാന്‍ പോയില്ല. ആളെ അങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് രാത്രി ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ബാലേട്ടന്‍റെ ആ മുഖം മനസ്സില്‍ വരും. കുറച്ചു ദിവസം കഴിഞ്ഞു ഒരു സന്ധ്യക്ക് ഞാന്‍ തനിയെ ആ പാടത്തു പോയി ആ കലുങ്കില്‍ ചെന്നിരുന്നു. പതിവ് പോലെ അകലെ നിന്ന് ബാലേട്ടന്‍ ആ ബീഡിയും കത്തിച്ചു നടന്നു വരണേ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു..പക്ഷെ ബാലേട്ടന്‍ വന്നില്ല.

ഇടയ്ക്കു ബാലേട്ടന്‍റെ ആ നാട്ടിലൂടെ ബൈക്കില്‍ പോകുമ്പോളെല്ലാം ഞാന്‍ ആലോചിക്കാറുണ്ട്. അന്നൊക്കെ എന്‍റെ അടുത്ത് നിന്ന് ബാലേട്ടന്‍ വരാറുള്ളത് ഇങ്ങോട്ടല്ലേ? ഈ വഴിയിലൂടെയല്ലേ ആ മനുഷ്യന്‍ നടന്നു പോയിരുന്നത്? എവിടെ ആയിരിക്കും ബാലേട്ടന്‍റെ വീട് എന്നൊക്കെ. അന്നും ഇന്നും ബാലേട്ടന്‍റെ വീട് ഏതാണെന്ന് എനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ബാലേട്ടന്‍ പോയിട്ട് ഇപ്പോള്‍ വര്‍ഷം കുറെയായി. ഈ ഫോട്ടോയില്‍ കാണുന്നതാണ് ആ കലുങ്ക്.



കഴിഞ്ഞ അവധിക്കു ഞാനും ഭാര്യയും മോനും കൂടെ അവിടെ ഇരിക്കുമ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു " ഉപ്പാടെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെടാ ആച്ചിപ്പു, ഒരു ബാലേട്ടന്‍, ഉപ്പയും ആളും കൂടെ ഇവിടെ ഇങ്ങനെ ഇരുന്നു കുറെ സംസാരിച്ചിട്ടുണ്ട്..

അപ്പോള്‍ അവന്‍ ചോദിച്ചു : എന്നിട്ട്?

ഞാന്‍ പറഞ്ഞു : എന്നിട്ട്...പെട്ടെന്നൊരു ദിവസം മുതല്‍ ആളു വരാതായി

അവന്‍ വീണ്ടും ചോദിച്ചു : പിന്നെ?

അപ്പൊള്‍ ഞാന്‍ പറഞ്ഞു പിന്നെ..പിന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടില്ലടാ.

എന്താ കാണാത്തെ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. കുട്ടികളുടെ സംശയങ്ങള്‍ തീരില്ലല്ലോ. അന്ന് ബാലേട്ടന്‍ ആ വഴി വന്നിരുന്നെകില്‍ ആളെന്‍റെ മോനെ ഒന്ന് എടുത്തെനെ, അവനെ ഒന്ന് കളിപ്പിച്ചേനെ. അന്ന് ഞാന്‍ ആളോട് പറഞ്ഞിരുന്ന എന്‍റെ ആ പ്രണയ കഥയിലെ നായികയെ കണ്ടേനെ .ചില ആള്‍ക്കാര്‍ അങ്ങനെയാണ്. എവിടെ നിന്നോ നമ്മുടെ ജീവിതത്തില്‍ കടന്നു വരും. ഒരു ദിവസം പറയാതെ അങ്ങോട്ട്‌ പോകും. പക്ഷെ അവരുടെ ഓര്‍മ്മകള്‍ എന്നും നമ്മളുടെ കൂടെ ഉണ്ടാകും !!

6 comments:

  1. ബാലേട്ടന്റെ ഉജ്ജ്വല അഭിനയമാണ് ഈ ബ്ലോഗിന്റെ ഹൈലയിറ്റ് #ഞാനല്ല

    ReplyDelete
  2. കൊള്ളാം, കൊള്ളാം..ഇഷ്ടായി...

    ReplyDelete
  3. ഒരു പരിചയവുമില്ലാത്ത എനിക്ക് ബാലേട്ടനെ മിസ്സ് ചെയ്തു. ഹൃദയസ്പര്ശിയായ അനുഭവം. തുടര്ന്നുള്ള എഴുത്തിന് ആശംസകള്. :)

    ReplyDelete