Thursday, March 21, 2013

ഇനിയുമൊരു പൂരക്കാലം !!

നാളെയാണ് എന്‍റെ നാട്ടിലെ ഒരു പ്രധാന ഉത്സവമായ പറപ്പൂക്കാവ് പൂരം. ചെറുപ്പം തൊട്ടേ ഉപ്പാടെ കൈ പിടിച്ചു ആ പൂരപറമ്പില്‍ നടന്നതും പോയിരുന്നത് ഇന്നും മധുരിക്കുന്ന ഓര്‍മ്മകളാണ്. പിന്നീട് മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പൂരത്തിന് മുന്‍പുള്ള ഏഴു ദിവസം രാത്രി അമ്പലപറമ്പില്‍ ഇരുന്നു നാടകവും, ഗാനമേളയും, മിമിക്സ് പരേഡും എല്ലാം കണ്ട് നടക്കും. കണ്ണില്‍ കണ്ടതെല്ലാം വാങ്ങി കഴിച്ചും, കാവടിയും,പുലര്‍ച്ച പൂരവും കണ്ട് ആഹ്ലാദിച്ച് നടന്ന ആ നാളുകള്‍. ഒരു പക്ഷെ ജീവിതത്തിലെ തന്നെ മനോഹരമായ ആ നല്ല നാളുകള്‍. അത് കൊണ്ട് തന്നെ എന്‍റെ വലിയൊരു നൊസ്റ്റാള്‍ജിയ ആണ് ഈ ഉത്സവം. ദുബായില്‍ വന്ന ശേഷം വലിയൊരു നഷ്ട്ടമാണ് എനിക്കത്. എനിക്ക് മാത്രമല്ല ഗള്‍ഫില്‍ ഉള്ള എന്‍റെ പല കൂട്ടുകാര്‍ക്കും അങ്ങനെ തന്നെയാണ്. ഇപ്പൊള്‍ ഇതാ നാട്ടില്‍ വീണ്ടുമൊരു പൂരക്കാലം വന്നെത്തിയിരിക്കുന്നു.



6 വര്‍ഷം മുന്‍പ്‌ എനിക്ക് മാര്‍ച്ചില്‍ ഒരു ലീവ് ഒത്തു വന്നു. വളരെ ആവേശത്തോടെ ഞാന്‍ അന്ന് നാട്ടില്‍ പോയി. ആ മാസത്തില്‍ പൂരം ഉണ്ടല്ലോ എന്നോര്‍ത്തായിരുന്നു ആ ആവേശം. പക്ഷെ പൂരം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയി. കമ്പനിയില്‍ നിന്ന് ഒരു വിളി എപ്പോളും പ്രതീക്ഷിച്ചാണ് ഞാന്‍ ഇരിക്കുന്നത്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. അങ്ങനെ പൂര ദിവസം വന്നെത്തി. ആ ദിവസം നാട്ടില്‍ എവിടെ നോക്കിയാലും ഒരു ആവേശമാണ്. ഈ പൂര തിമിര്‍പ്പ് എന്നൊക്കെ കേട്ടിട്ടില്ലേ? അതാണ് സംഭവം. ഉച്ച കഴിഞ്ഞു മൂന്നു മണിയോട് കൂടെയാണ് പകല്‍ പൂരങ്ങളുടെ എഴുന്നള്ളത്ത്. അങ്ങനെ ഞാന്‍ പൂരങ്ങള്‍ പോകുന്നത് കണ്ടു കവലയില്‍ നില്‍ക്കുന്നു. ശരിക്കും മനസ്സ് പഴയ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. അന്നേരം വെറുതെ ഞാന്‍ ആലോചിച്ചു "ഇനി എന്തായാലും ഈ പൂരം ഞാന്‍ മുഴുവന്‍ കാണും. ഇത് മുടക്കാന്‍ ഇനി ഒന്നും വരാന്‍ പോകുന്നില്ല". മനസ്സില്‍ മുഴുവന്‍ ആഹ്ലാദം, ചുറ്റിനും കൂട്ടുകാര്‍, ആനകള്‍, മേളങ്ങള്‍, കച്ചവടക്കാര്‍.. ആഹാ..ജീവിതം എത്ര മനോഹരം. കുറച്ച് അഹങ്കാരത്തോടെ മുണ്ട് ഒന്ന് കൂടെ മടക്കി കുത്തി ഞാന്‍ മേളം ആസ്വദിച്ചു അങ്ങനെ നിന്നു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ പൂരത്തിന്‍റെ കൂടെ ഞങ്ങള്‍ എല്ലാരും കൂടെ ആഘോഷമായി പൂരപറമ്പിലേക്ക് പോയി. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് അമ്പലം. തിളച്ചു മറിയുന്ന മീന ചൂടില്‍, തിങ്ങി നിറഞ്ഞ ജനസാഗരത്തിന്‍റെ ഇടയിലൂടെ ഞാനും ഊളിയിട്ടിറങ്ങി. എങ്ങും വാദ്യഘോഷങ്ങള്‍, നൃത്തങ്ങള്‍, സംഘമായി പോകുന്ന ചെറുപ്പക്കാര്‍, തലക്കെട്ട് കെട്ടിയ പൂര പ്രേമികള്‍, ആഘോഷ കമ്മിറ്റിക്കാര്‍, ലാത്തിയുമായി കറങ്ങി നടക്കുന്ന പോലീസ്. അങ്ങനെ ഞാനും കൂട്ടുകാരന്‍ രാഹുലും മറ്റുമായി ഒരു സ്ഥലത്തു നിലയുറപ്പിച്ചു. അതിനിടയില്‍ ഞാന്‍ ഉപ്പയെ കണ്ടു. എന്നോടു നോക്കി നില്‍ക്കണം എന്നും പറഞ്ഞു ആളു വേറെ വഴിക്ക് നടന്നു. ഞങ്ങള്‍ ഒരു സംഭാരം കഴിക്കാന്‍ പോയി. പെട്ടെന്ന് ഒരു ആരവം..ജനക്കൂട്ടം ഒന്നിളകി, കുടിക്കാനെടുത്ത സംഭാരം എന്‍റെ ദേഹത്തേക്ക് തട്ടിപ്പോയി. രണ്ടു ആനകള്‍ ഇടഞ്ഞിരിക്കുന്നു. ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഞങ്ങളും ഓടി..ആകെ ബഹളം. സ്ത്രീകളൊക്കെ വേലി ചാടി ഓടുന്ന കാഴ്ച വരെ അന്ന് ഞാന്‍ കണ്ടു. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും നാല് വഴിക്കായി.ഞാന്‍ ഒരു വാട്ടര്‍ ടാങ്കിന്‍റെ മുകളിലേക്ക്‌ കൊത്തിപ്പിടിച്ചു കയറി അതിന്‍റെ മുകളില്‍ നിന്നു. ഇപ്പോള്‍ അമ്പലപറമ്പ് മൊത്തം എനിക്ക് കാണാം.അപ്പോളേക്കും ഇടഞ്ഞ ആനകളെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.കുറച്ചു സമയത്തിന് ശേഷം എല്ലാം ഒന്ന് ശാന്തമായി. ആളുകള്‍ ഒന്നൊന്നായി പൂരം കാണാന്‍ മടങ്ങി വന്നു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ രാഹുലും കൂട്ടരും ദൂരെ നിന്ന് നടന്നു വരുന്നു. മുകളില്‍ നില്‍ക്കുന്ന എന്നെ കണ്ടു അവര്‍ കളിയാക്കി ചിരിച്ചു. ഞാന്‍ അവരോടു ചോദിച്ചു " നിങ്ങള്‍ എല്ലാരും വല്ലാതെ പേടിച്ചു പോയല്ലേ? "അവന്മാര്‍ എന്നെ ഒരു തെറിയും വിളിച്ചു പോയി. രാഹുല്‍ എന്നോട് താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കിലും ഞാന്‍ ഇറങ്ങിയില്ല. ഇനി റിസ്ക് എടുക്കാന്‍ വയ്യ എന്നായിരുന്നു അപ്പൊഴെന്‍റെ മനസ്സില്‍.

ഞാന്‍ അങ്ങനെ വീണ്ടും മേളം ആസ്വദിച്ച് മുകളില്‍ നില്‍ക്കുമ്പോള്‍ ഉപ്പ അകലെ നിന്ന് മെല്ലെ നടന്നു വരുന്നത് കണ്ടു. ഞാന്‍ ആളെ വിളിച്ചു, പുള്ളി എന്നെ കണ്ടു. എന്നോട് താഴേക്ക്‌ വരാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ വരില്ല എന്ന് തലയാട്ടി. ഇറങ്ങിയാല്‍ പിന്നെ വീണ്ടും ഇതിന്‍റെ മുകളില്‍ കേറാന്‍ വയ്യ എന്നോര്‍ത്താണ് ഞാന്‍ ഇല്ല എന്ന് പറഞ്ഞത്‌. പക്ഷെ പിന്നെയും ആളു വിളിച്ചപ്പോള്‍ ഞാന്‍ താഴേക്ക്‌ ചാടി. ആളുടെ അടുത്ത് ചെന്നു. ആളുടെ നില്‍പ്പ് അത്ര പന്തിയല്ലെന്നു തോന്നി. ആള്‍ക്ക് നടക്കാന്‍ വയ്യ. ഉപ്പ എന്നോട് ആളെ ഒന്ന് പിടിക്കാന്‍ പറഞ്ഞു. ഞാന്‍ ആളുടെ അരക്കെട്ടില്‍ കൈ ചേര്‍ത്ത് പിടിച്ചു. എന്‍റെ കൈയുടെ അവിടെ നനവ്‌ തോന്നി, നോക്കിയപ്പോള്‍ നിറയെ ചോര. ഞാന്‍ ആകെ വല്ലാതായി "എന്താ ഉപ്പ പറ്റിയത്? അപ്പൊള്‍ ആളു പറഞ്ഞു " നേരത്തെ ഉണ്ടായ ബഹളത്തില്‍ ഞാനൊന്നു വീണു, എന്‍റെ വാരിയെല്ല് ഒരു കല്ലില്‍ ഇടിച്ചു, എന്നെ ചവിട്ടി കുറെ ആള്‍ക്കാര്‍ ഓടിപോയി. എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയില്ല, ഇത്ര നേരം ഞാന്‍ അവിടെ കിടക്കുവായിരുന്നു" വീണു കിടന്നിട്ട് ആരും ഉപ്പാനെ എഴുന്നെല്‍ക്കാന്‍ സഹായിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉപ്പ പറഞ്ഞു "പൂരപറമ്പ് അല്ലെ, ആരോ കുടിച്ചു ഫിറ്റ്‌ ആയി കിടക്കുന്നു എന്നല്ലേ തോന്നു, നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല. പിന്നെ എന്ത് ചെയ്യും? ഒരു വിധം ഞാന്‍ ഒറ്റയ്ക്ക് എഴുന്നേറ്റു ഇങ്ങട്ട് പോന്നു.ഇത് പറയുമ്പോള്‍ ആളുടെ കണ്ണ് നിറഞ്ഞിരുന്നു. ഇന്നും എനിക്ക് മറക്കാന്‍ പറ്റില്ല ആ മുഖം. അന്നും ഇന്നും ഉപ്പാടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.

അങ്ങനെ ഉപ്പാനെയും കൊണ്ട് ഞാന്‍ ഈ തിരക്കിനിടയിലൂടെ പുറത്തേക്ക് മെല്ലെ നടന്നു. അപ്പോളത്തെ ടെന്‍ഷന്‍ കാരണം കൂട്ടുകാരെ ആരെയും ഞാന്‍ വിളിച്ചില്ല. ഇത്രയും ജനങ്ങള്‍ പൂരം കാണാന്‍ ഇങ്ങോട്ട് വരുമ്പോളാണ്, ആ തിരക്കിലൂടെ ഞങ്ങള്‍ രണ്ടു പേര്‍ പുറത്തേക്കു നടക്കുന്നത്. അങ്ങനെ ഒരു വിധം പുറത്തെത്തി. കുറെ നേരം കാത്തു നിന്നാണ് ഒരു ഓട്ടോ കിട്ടിയത്. അങ്ങനെ അതില്‍ കയറി ഉപ്പാനെയും കൊണ്ട് ഞാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. അവിടെ പൂരത്തിന്‍റെ ആ തിരക്കില്‍ പെട്ട് പരിക്ക് പറ്റിയ കുറച്ചു പേരെ കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടര്‍ വന്നു എല്ലാരേയും പരിശോധിച്ചു. ഉപ്പാടെ എല്ല് പൊട്ടിയിട്ടുണ്ടോ എന്ന് ഒരു സംശയം. അവിടെ സ്കാന്‍ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് അമലയിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. അപ്പോളേക്കും ഞാന്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു. അവിടത്തെ തന്നെ ആംബുലന്‍സില്‍ ഞങ്ങള്‍ അമലയിലേക്ക് പോയി. അതിനകത്ത് പരിക്ക് പറ്റിയവരും അവരുടെ കൂടെ വന്നവരും ഉണ്ട്. എല്ലാരുടെ മുഖത്തും നല്ല ടെന്‍ഷന്‍. റോഡില്‍ നല്ല ട്രാഫിക് ഉണ്ട്. നിസ്സഹായതയോടെ എല്ലാവരും പരസ്പരം നോക്കുന്നു. എന്‍റെ ആദ്യത്തെ ആംബുലന്‍സ് യാത്രയായിരുന്നു അത്. പിന്നിടുന്ന റോഡ്‌ നോക്കി പുറകിലെ സീറ്റില്‍ ഞാന്‍ ഇരുന്നു. ആംബുലന്‍സിന്‍റെ സൈറണ്‍ എന്‍റെ ചെവിയില്‍ മുഴങ്ങി.

അമലയില്‍ എത്തി എക്സ്റേ എടുത്തു, ആളുടെ എല്ലിനു ചെറിയ ക്ഷതം ഉണ്ട്. വാര്‍ഡില്‍ നിന്നും റൂമിലേക്ക്‌ മാറ്റി. അപ്പോളേക്കും ഉമ്മയും എന്‍റെ കൂട്ടുകാരും അവിടെയെത്തി. വിളിക്കാതെ പോയതിനു അവരെന്നെ ചീത്ത പറഞ്ഞു. കുറെ നേരം എല്ലാവരും അവിടെ ഉണ്ടായിരുന്നു. പിന്നെ രാത്രി ആയപ്പോള്‍ എല്ലാവരും പോയി. ഉമ്മാനെയും ഞാന്‍ വീട്ടിലേക്കു പറഞ്ഞയച്ചു. ഞാനും ഉപ്പയും മാത്രം ബാക്കി ആയി. രാത്രി ഫുഡ്‌ കഴിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ റൂമില്‍ ജനാലയിലൂടെ പുറത്ത് നിന്നുള്ള അരണ്ട വെളിച്ചം മാത്രം. തൊട്ടടുത്ത റൂമില്‍ നിന്നും ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാം. ക്ഷീണം കാരണം ഉപ്പ പെട്ടെന്ന് ഉറക്കമായി, എനിക്ക് പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് കാലത്ത് വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഈ നിമിഷം വരെയുള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ മിന്നി മാഞ്ഞു. തിളച്ചു മറിഞ്ഞ ആ പൂര പറമ്പില്‍ ആവേശം കൊണ്ട് നിന്നിരുന്ന ഞാന്‍ ഇപ്പോള്‍ ദേ അമലയിലെ ഒരു റൂമില്‍ ഇരുട്ടത്ത്‌ നിലത്തു കിടക്കുന്നു. കാലത്ത്‌ ഞാന്‍ അഹങ്കരിച്ചതോര്‍ത്ത് ഞാന്‍ ചുമ്മാ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.

കാലത്ത്‌ അഞ്ചു മണിക്ക് അവിടെ പുലര്‍ച്ചെ പൂരം തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ രാഹുല്‍ എന്നെ ഫോണ്‍ വിളിച്ചു. അവനോട് സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേട്ട തായമ്പകക്ക് ഞാന്‍ മെല്ലെ കാതോര്‍ത്തു. പിന്നെ ഫോണ്‍ കട്ട്‌ ചെയ്തു കട്ടിലില്‍ കിടക്കുന്ന ഉപ്പയെ നോക്കി. ഉപ്പ നല്ല ഉറക്കമായിരുന്നു. രാവിലെ ചായ വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ അന്നത്തെ പേപ്പര്‍ ഞാന്‍ വാങ്ങി. അതില്‍ ആന ഇടഞ്ഞ വാര്‍ത്തയും ചിത്രങ്ങളും പിന്നെ പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഉപ്പാടെ പേരും ഉണ്ടായിരുന്നു. നാലു ദിവസം കഴിഞ്ഞു ഉപ്പാനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ട് വന്ന ശേഷം ഞാന്‍ ആ പൂരപറമ്പിലേക്ക്‌ വീണ്ടുമൊന്നു പോയി. ഉപ്പ നിന്നിരുന്ന ആ സ്ഥലവും, ഉപ്പ ഇടിച്ചു വീണ ആ കല്ലും അവിടെ കണ്ടു. ജനങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പൂരപറമ്പില്‍ അന്ന് പക്ഷെ ഞാന്‍ ഒറ്റക്കായിരുന്നു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ദുബായിലേക്ക്‌ പോന്നു. അന്ന് നഷ്ട്ടമായ ആ പൂരം ഞാന്‍ പിന്നെ കാണുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. അതും എന്‍റെ ഉപ്പാടെയും മോന്‍റെയും കൂടെ. ആ പൂരത്തിന് ഞാന്‍ ഉപ്പാടെ കൂടെ തന്നെ ഉണ്ടായിരുന്നു. പഞ്ചാരി മേളത്തിന്‍റെ ഒപ്പം ആളുടെ തോളില്‍ താളമിട്ട്‌ അവിടെ നിന്നപ്പോള്‍ ആന മുടക്കിയ ആ പഴയ പൂരം എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. കണ്ണൊന്നു അടച്ചപ്പോള്‍ അന്ന് പാഞ്ഞു വന്ന ആ ആള്‍ക്കൂട്ടം ഞാന്‍ മനസ്സില്‍ കണ്ടു, അന്നത്തെ ബഹളം ഞാന്‍ കേട്ടു. അന്ന് ഞാന്‍ കയറി നിന്ന വാട്ടര്‍ ടാങ്ക് വെറുതെ ഒന്ന് നോക്കി.

ഈ പൂരത്തിനും ഞാന്‍ നാട്ടില്‍ ഇല്ല. പകരം എന്‍റെ മോനുണ്ട്. ഈ തവണ ഉപ്പയും അവനും കൂടെ പൂരം കാണുമായിരിക്കും. ഇനിയൊരു പൂരം എന്ന് കാണാന്‍ പറ്റും എന്ന് എനിക്ക് അറിയില്ല. എന്നായാലും അതെന്‍റെ ഉപ്പാടെ കൂടെ ഇത് പോലെ കാണണം എന്ന് മാത്രമേ ആഗ്രഹം ഉള്ളു. ആളു വാങ്ങി തരുന്ന ചായയും കുടിച്ച്, കപ്പലണ്ടിയും കൊറിച്ച് ആളുടെ വിരല്‍തുമ്പ് പിടിച്ച് ആ പഴയ കുട്ടിയായി അതിലൂടെ നടക്കാന്‍ ആണ് എനിക്കിഷ്ടം..അന്നും..ഇന്നും..എന്നും.