Sunday, December 23, 2012

സച്ചിന്‍ ഔട്ടായോ?

സച്ചിന്‍...ക്രിക്കറ്റ് എന്താണെന്നു മനസ്സിലാക്കിയ കാലത്ത് ആദ്യം നെഞ്ചിലേറ്റിയ പേര്...സച്ചിന്‍..ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്കായിരുന്ന സച്ചിന്‍.. അനേകായിരം ഇന്ത്യക്കാരുടെ ആവേശവും വികാരവുമായ സച്ചിന്‍.. സ്വന്തം പിതാവ് മരണപ്പെട്ടത്തിന്റെ തൊട്ടടുത്ത ദിവസം പോലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയ സച്ചിന്‍.. ഒരു പാട് അമ്മമാരുടെ പ്രാര്‍ത്ഥനയും സ്നേഹവും ലഭിച്ച ആ ഇതിഹാസം One Day International Cricket- ന്റെ പടിയിറങ്ങുന്നു..



ഞാനൊക്കെ ക്രിക്കറ്റ് കണ്ടു തുടങ്ങിയ സമയത്ത് സച്ചിന്‍ മാത്രമേ ഉള്ളു മനസ്സില്‍, ഇന്ത്യയുടെ കളി ഉള്ള ദിവസം സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ നേരത്തെ വന്നു ടിവിയുടെ മുന്പില്‍ ഇരുന്നിരുന്ന ആ കാലം , അന്നൊക്കെ കളിയുടെ ഇടക്ക് വെച്ച് ആര് കയറി വന്നാലും ആദ്യം ചോദിക്കുക “സച്ചിന്‍ ഔട്ടായോ? “എന്നായിരുന്നു, ഒരു തലമുറ കേട്ട് വളര്‍ന്ന ചോദ്യം, കാരണം അന്ന് ഇന്ത്യന്‍ ടീം എന്ന് വെച്ചാല്‍ സച്ചിന്‍ ആയിരുന്നു, സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ തോറ്റിരുന്ന കാലം, തന്റെ പത്താം നമ്പര്‍ ജേര്സി് അണിഞ്ഞു സച്ചിന്‍ ഇറങ്ങുമ്പോള്‍ ഒരേ സമയം എത്ര ഇന്ത്യക്കാരായിരുന്നു ആ കളി കാണാന്‍ ടിവിയുടെ മുന്പില്‍ ഇരുന്നിരുന്നത്, കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ ആളുകള്‍ വരെ, ക്രിക്കറ്റ് എന്ന കളി പൂര്ണ്ണ മായും അറിയാത്തവര്ക്ക് പോലും സച്ചിന്‍ പ്രിയപ്പെട്ടവനായിരുന്നു.
സച്ചിന്‍ ഫോം ആയാല്‍ പിന്നെ കളി ജയിച്ചു എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ അടക്കം എല്ലാവരും. സച്ചിന്‍ ഔട്ടായാല്‍ കളി നിര്‍ത്തി പോയിരുന്ന ഒരാളായിരുന്നു ഞാന്‍ . സച്ചിന്റെ കൂടെ കളിയ്ക്കാന്‍ എത്രയോ കളിക്കാര്‍ മാറി മാറി വന്നു, പക്ഷെ ഒരു മാറ്റവും കൂടാതെ വര്ഷങ്ങളോളം സച്ചിന്‍ മറ്റേ അറ്റത്തു നിലയുറപ്പിച്ചു തന്നെ നിന്നു.എത്രയോ ഫോര്‍, എത്രയോ സിക്സ്..അതില്‍ നിന്നും പിറന്ന എത്രയോ സെഞ്ച്വറികള്‍ , എത്രയോ ഹാഫ് സെഞ്ച്വറികള്‍ ..4+6= 10dulkar എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ വന്നില്ലേ?
ഈ കോഴ വിവാദം വന്നു ക്രിക്കറ്റ് എന്ന മഹത്തായ കളിയുടെ അന്തസിനും അഭിമാനത്തിനും കോട്ടം തട്ടിയ നാളുകളിലും ഒരു വിവാദത്തിലും പെടാതെ സച്ചിന്‍ മാറി നിന്നു.സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വരെ മുന്പോട്ട് പോയത് , അന്ന് സച്ചിന്റെ കൂടെ കളിച്ചിരുന്ന പലരും വിവാദത്തില്‍ പെട്ട് ടീമിന് പുറത്ത്‌ പോയി,പലരും വിരമിച്ചു,അതിനു ശേഷം എത്രയോ പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വന്നു, യുവരാജ്‌ മുതല്‍ അജിന്ഗ്ഗെ രഹാനെ വരെ എത്രയോ പേരുടെ കൂടെ സച്ചിന്‍ കളിച്ചു. നേടാന്‍ കഴിയാതെ പോയ ലോക കപ്പിലും മുത്തമിടാനുള്ള ഭാഗ്യം സച്ചിനുണ്ടായി. പല മത്സരങ്ങളിലും സച്ചിന്റെ പ്രകടനം കൊണ്ട് മാത്രം ടീം ഇന്ത്യ വിജയിച്ചു.
സച്ചിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരോട് ബാറ്റ് കൊണ്ട അദ്ദേഹം മറുപടി കൊടുത്തു. കൂടെ കളിച്ചിരുന്നവരോടും എതിര്‍ ടീമില്‍ ഉള്ളവരോടും ഇത്രയധികം വിനയത്തോടെ പെരുമാറുന്ന മറ്റൊരു കളിക്കാരന്‍ ഉണ്ടോ എന്ന് സംശയമാണ്.ഒളിമ്പിക്സില് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ സൈനയ്ക്ക് ആന്ധ്രപ്രദേശ് സ്പോര്‍ട്സ് അസോസിയേഷന്റെ സമ്മാനമായ BMW കാര്‍ സമ്മാനിച്ചപ്പോള്‍ അത് നല്കാന്‍ സച്ചിനെ ക്ഷണിച്ചത് ഈ അവസരത്തില്‍ ഓര്മ്മിക്കട്ടെ. രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗവണ്മെന്റ് ബംഗ്ലാവ് വേണ്ട എന്ന് പറഞ്ഞത്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഇന്ത്യന് നേവി territorial army മെമ്പര്‍ഷിപ്‌ കൊടുത്ത് ആദരിച്ച ഒരു കളിക്കാരന്‍ കൂടിയാണ് നമ്മുടെ പ്രിയപ്പെട്ട സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ !!
കളിക്കളത്തിലും പുറത്തും ഒരു പോലെ മാന്യത പുലര്ത്തുന്ന ആളാണ് സച്ചിന്‍, ഒരു ലിക്കര്‍ കമ്പനിയുടെ ഇരുപതു കോടിയുടെ ഓഫര്‍ നിരസിച്ച ആളാണ് അദ്ദേഹം‍.സച്ചിന്‍ അത് അന്ന് ചെയ്തിരുന്നെകില്‍ ഇന്ത്യയില്‍ ഒരു കളിക്കാരന് പരസ്യ ഇനത്തില്‍ കിട്ടുമായിരുന്ന കൂടിയ തുക ആയേനെ അത്.എന്നാല്‍ നാടിനെ നശിപ്പിക്കുന്ന മദ്യം വില്ക്കാനുള്ള അങ്ങിനെയൊരു പരസ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.പണത്തിനു വേണ്ടി എന്തു പരസ്യവും ചെയ്യാന്‍ തയ്യാറായി നില്ക്കുവന്ന ഇന്നത്തെ കളിക്കാര്‍ സച്ചിന്റെ ഈ നിലപാട് കണ്ടു മനസ്സിലാക്കണം
അതിനു പകരം അദ്ദേഹം ചെയ്ത പരസ്യങ്ങള്‍ എല്ലാം കുട്ടികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ടതായി മാറി,പരസ്യത്തിലെ ഗാനങ്ങള്ക്കൊപ്പം ഞങ്ങള്‍ ഇരുന്നു കയ്യടിച്ചത് എനിക്കോര്‍മ്മയുണ്ട്, ആ കയ്യടി സച്ചിനോടുള്ള ആരാധന ആയിരുന്നു, പതിനേഴോളം ഉല്പന്നങ്ങളുടെ പരസ്യത്തില്‍ നമ്മള്‍ സച്ചിനെ കണ്ടിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പെപ്സി പോലുള്ള പാനീയങ്ങള്‍ ഇന്ത്യയില്‍ ജനകീയമായത് സച്ചിനിലൂടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആലാരെ സച്ചിന്‍ ആലാരെ എന്ന പരസ്യമൊക്കെ മധുരമുള്ള ഒരു ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്. അദ്ദേഹം ചെയ്ത അത്തരം ചില പരസ്യങ്ങളില്‍ മികച്ച അഞ്ചെണ്ണം താഴെ ചേര്ക്കുന്നു.

ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ കുടിച്ചു ഉല്ലസിച്ചു നടക്കാതെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ ഇഷ്ട്ടപെടുന്ന ആളാണ് സച്ചിന്‍. തന്റെ ഭാര്യാ അഞ്ജലിയോടും, മക്കള്‍ സാറയോടും അര്‍ജുനോടും ഒത്തു ചേര്ന്ന് തികഞ്ഞ ഒരു കുടുംബനാഥനായി അദ്ദേഹംഅവരുടെ കൂടെ സമയം ചിലവഴിക്കുന്നു.
ഈ അടുത്ത കാലത്ത്‌ ഫേസ്ബുക്കിലും അദ്ദേഹം സജീവമായി,കൂടാതെ ട്വിറ്ററിലും നിങ്ങള്ക്ക് അദ്ദേഹത്തെ ഫോളോ ചെയ്യാവുന്നതാണ്. (@sachin_rt.)അദ്ധേഹത്തിന്റ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ താഴെ ചേര്ക്കുന്നു.
https://www.facebook.com/SachinTendulkar/info
എന്നും റെക്കോര്ഡുകളുടെ കൂട്ടുകാരനായിരുന്നു സച്ചിന്‍, ബാറ്റിങ്ങില്‍ എന്ന പോലെ ബോളിങ്ങിലും ഫീല്ടിങ്ങിലും അദ്ദേഹം കാണിച്ചിരുന്ന മികവ് എല്ലാവര്ക്കും അറിയാവുന്നതാണ്, അതിനെ കുറിച്ച് വിശദീകരിക്കാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ മതിയാകില്ല, അത് കൊണ്ട് അദ്ധേഹത്തിന്റെ ഇത് വരെയുള്ള ഒരു കരിയറിന്റെ ഒരു ചുരുക്കം താഴെ ചേര്ക്കുന്നു. ( from wikipedia).
സച്ചിന്റെ ഈ റെക്കോര്ഡുകളുടെ ഏഴയലത്ത് എത്താന്‍ ഇന്നത്തെ കളിക്കാര്ക്ക് കഴിയുമോ എന്നത് സംശയമാണ്, അല്ലെങ്കില്‍ തന്നെ സച്ചിന്‍ കളിച്ച അത്രയും കാലം കളിയ്ക്കാന്‍ ആര്ക്കു സാധിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അത് കൊണ്ടാണല്ലോ ക്രിക്കറ്റിനെ ഒരു മതമായി കാണുന്ന ഇന്ത്യയില്‍ സച്ചിനെ അതിന്റെ ദൈവമായി കാണുന്നത്.
സച്ചിന്‍ പോകുമ്പോള്‍ ടീമിന് നഷ്ട്ടപെടുന്നത് മികച്ച ഒരു കളിക്കാരനെ മാത്രമല്ല, ഗ്രൌണ്ട് മുഴുവന്‍ നിറയുന്ന പ്രസരിപ്പും, ടീമിന് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒരു ശക്തികേന്ദ്രം കൂടിയാണ്,ഒപ്പം മറ്റ് ടീമുകള്‍ക്ക് എതിരെയുള്ള ഇന്ത്യയുടെ തുരുപ്പ് ചീട്ടും. പുതിയ കളിക്കാര്‍ക്ക് സച്ചിന്‍ നല്‍കുന്ന പ്രോത്സാഹനം നമ്മുടെ ശ്രീശാന്ത് ഉള്‍പ്പെടെ പല കളിക്കാരും പറഞ്ഞു നമ്മള്‍ കേട്ടിട്ടുണ്ട്. സച്ചിനെ കുറിച്ച് പ്രശസ്തരായ കുറച്ചു പേര്‍ പറഞ്ഞത്‌ കൂടെ ചേര്‍ക്കാതെ ഇത് പൂര്‍ണ്ണമാകില്ല.അത് താഴെ ചേര്‍ക്കുന്നു
പണ്ട് സച്ചിന് ജയ് വിളിച്ചവര്‍ ഉള്‍പ്പെടെ പലരും ഇന്ന് സച്ചിന് കളി നിര്ത്തണം എന്ന് പറഞ്ഞു മുറവിളി കൂട്ടി, എന്തായാലും അവര്‍ക്കൊക്കെ ഇനി സമാധാനമായി വീട്ടില്‍ ഇരിക്കാം,കളി കാണാം,പക്ഷെ സച്ചിന്‍ കളി നിര്‍ത്തിയാല്‍ ക്രിക്കറ്റ് എന്ന കളി കാണുന്നത് തന്നെ നിര്‍ത്തും എന്ന് തീരുമാനിച്ച കുറെ പേരുടെ, സാധാരണക്കാരായ ഒരു പാട് ഇന്ത്യക്കാരുടെ മനസ്സില്‍ സച്ചിന്‍ എന്നും നില നില്‍ക്കും.
നന്ദി..സച്ചിന്‍..നന്ദി.. ഞങ്ങളെ ത്രസിപ്പിച്ച ഓരോ നിമിഷങ്ങള്‍ക്കും.. ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ഓരോ വിജയങ്ങള്‍ക്കും .. താങ്കളുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് പോലൊരാള്‍ ഇനി ഉണ്ടാകില്ല..തീര്‍ച്ച..കാരണം ഇതിഹാസങ്ങള്‍ പുനര്‍ജനിക്കാറില്ല !!


Saturday, December 22, 2012

ചെറിയ മറവിക്ക് വലിയ വില !!



എഴുതാന്‍ പെട്ടെന്ന് ഈ വിഷയം കടന്നു വരികയായിരുന്നു. ഈ കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ മറവി കാരണം എനിക്ക് നഷ്ട്ടമായത് 290 ദിര്ഹം, അതായതു 4500 ഇന്ത്യന്‍ രൂപയോളം. എങ്ങനെ പോയി എന്ന് അറിയണ്ടേ? പറയാം..


കഴിഞ്ഞ ആഴ്ച ഉപ്പ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഉപ്പയും ജാസ്മിനും കൂടെ എന്റെ ഓഫീസിലേക്ക് വരുന്ന വഴി ബസില്‍ കയറി, ജാസ്മിന്‍ അവളുടെ കാര്ഡ് ചെക്ക്‌ ഇന്‍ ചെയ്യാന്‍ മറന്നു നേരെ ചെന്ന് സീറ്റില്‍ ഇരുന്നു. അടുത്ത നിമിഷം തന്നെ ചെക്കര്‍ കയറി, കാര്ഡ്സ‌ കാണിക്കാന്‍ പറഞ്ഞു, അവള്‍ കാര്ഡ് ‌ കാണിച്ചു, അപ്പോളാണ് ഓര്ത്ത ത്‌ ചെക്ക്‌ ഇന്‍ ചെയ്തിട്ടില്ല എന്ന്. അയാള്‍ കാരണം ചോദിച്ചു, മറന്നതാണ് എന്ന് പറഞ്ഞു, പക്ഷെ അയാള്‍ ആ ന്യായം ചെവികൊണ്ടില്ല, ഓഫീസില്‍ നിന്ന് ഞാന്‍ വന്നു ഫൈന്‍ അടച്ച ശേഷമാണ് പറഞ്ഞയച്ചത്. ഒരു വര്ഷ്മായി ഇവിടെ അവള്‍ എന്റെ കൂടെ ബസില്‍ യാത്ര ചെയ്യുന്നു, ഇങ്ങനെയൊരു സംഭവം ഇത് ആദ്യം, ഒരു ആഴ്ച മാത്രമായി ആ കാര്ഡ് ഉപയോഗിക്കുന്ന ഉപ്പ മറക്കാതെ ചെക്ക്‌ ഇന്‍ ചെയ്തു, അപ്പൊ ഒരു മറവി..അതിനു കൊടുത്ത വിലയാണ് ആ 210 ദിര്ഹം, ആ കാര്യം ഞാന്‍ അഭിമാനത്തോടെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും :)

ഇനി ഇന്നലെ വെള്ളി , ആഴ്ചയില്‍ പതിവുള്ള കറക്കം എല്ലാം കഴിഞ്ഞു വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങള്‍ എല്ലാം വാങ്ങി ഞങ്ങള്‍ ബസില്‍ വരികയായിരുന്നു, സാധനങ്ങള്‍ എന്റെ കയ്യിലായിരുന്നു, എളുപ്പത്തിനു ഞാന്‍ അത് ഒരു ഭാഗത്തു ഒതുക്കി വെച്ച്, ഞങ്ങളുടെ സ്റ്റോപ്പ്‌ എത്തി, ഇറങ്ങി, കുറച്ചു മുന്പോങട്ട് നടന്നപ്പോലാണ് ഓര്ത്തഞത്‌ സാധനങ്ങള്‍ എടുത്തിട്ടില്ല എന്ന്, പിന്നാലെ വന്ന ടാക്സിയില്‍ കയറി അപ്പോലത്തെ ടെന്ഷന്‍ കാരണം ഞാന്‍ അയാളോട് നേരെ എടുക്കാന്‍ പറഞ്ഞു, എന്തുണ്ടായി? കുറച്ചു നേരം ബസിന്റെ പിന്നാലെ പോയി , പിന്നെ ബസ്‌ വലതു ഭാഗത്തേക്കുള്ള റോഡിലെക്കും ടാക്സി ഇടതു ഭാഗത്തേക്കുള്ള റോഡിലോട്ടും എടുത്തു, ഞാന്‍ അയാളോട് പറഞ്ഞു “ഇങ്ങോട്ടല്ല, അങ്ങോട്ട്‌”, പക്ഷെ നോ രക്ഷ,, തിരിക്കാന്‍ പറ്റില്ല, എന്തായാലും ഞാന്‍ ബസിന്റെ കാര്യം പറഞ്ഞു, അയാള്‍ വേറെ ഒരു വഴിയിലൂടെ കയറി ബസിന്റെ സ്റ്റോപ്പില്‍ എത്തിച്ചു, അത് ആ ബസിന്റെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ ആയിരുന്നു, ഞാന്‍ ഓടിച്ചെന്നു നോക്കി, ബസില്‍ ഡ്രൈവര്‍ അല്ലാതെ വേറെ ആരുമില്ല, ഞാന്‍ ഉള്ളില്‍ കയറി നോക്കി, ഞാന്‍ വെച്ച കവറുകള്‍ കാണാനില്ല, ഡ്രൈവര്ക്കും അറിയില്ല, ആരൊക്കെയോ ഏതൊക്കെയോ കവര്‍ എടുത്തു കൊണ്ട പോയി എന്ന് മാത്രം അയാള്‍ പറഞ്ഞു, ആ കൂട്ടത്തില്‍ രണ്ടെണ്ണം ഞങ്ങളുടെ ആയിരിക്കും, അതിന്റെ മുകളില്‍ വെച്ചിരുന്ന മോന്റെ ബലൂണ്‍ പോലും കൊണ്ട് പോയിരിക്കുന്നു, നിരാശയോടെ ഞങ്ങള്‍ തിരിച്ചു നടന്നു, ഒരു നിമിഷ നേരത്തെ മറവി കാരണം നഷ്ട്ടപ്പെട്ടത് എഴുപതു ദിര്ഹത്തിന്റെ സാധനങ്ങള്‍, ടാക്സിക്ക് കൊടുത്ത പത്തു ദിര്‍ഹം വേറെ, അതില്‍ മോന് പുതിയതായി വാങ്ങിയ വിന്റെര്‍ ജാക്കറ്റും ഉണ്ടായിരുന്നു, വീട്ടിലെത്തിയപ്പോ തൊട്ടു അവന്‍ അതും ചോദിച്ചു കരയാന്‍ തുടങ്ങി. നാളെ ഉപ്പ ഓഫീസില്‍ നിന്ന് വരുമ്പോ കൊണ്ട് വരാം എന്ന് പറഞ്ഞു അവനെ ഒതുക്കി, പക്ഷെ ഞങ്ങള്ല്ക് നല്ല ടെന്ഷന്‍ ഉണ്ടായിരുന്നു. കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന കാശ് ഇങ്ങനെ മറവി കാരണം നഷ്ട്ടപെടുമ്പോള്‍ ഉള്ള ടെന്ഷന്‍ ചില്ലറയല്ല, അത് അനുഭവിച്ചു തന്നെ അറിയണം, എന്തായാലും ഇന്ന് ഞാന്‍ ഉച്ചക്ക് ഇന്നലെ പോയ അതെ സ്ഥലത്ത് പോയി ഇന്നലെ വാങ്ങിയ അതെ സാധനങ്ങള്‍ വീണ്ടും വാങ്ങി, മോന്റെ ജാക്കറ്റിന്റെ കളര്‍ മാത്രം മാറി, ബാക്കി എല്ലാം ഒരു കാര്ബണ്‍ കോപ്പി പോലെ വീണ്ടും എന്റെ കയ്യില്‍ വന്നു. അല്ലെങ്കില്‍ ഇന്ന് വീട്ടില്‍ ചെല്ലുമ്പോ അവന്‍ ആ ജാക്കറ്റു ചോദിച്ചാല്‍ എന്ത് പറയും?

അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, ചെറിയ ചെറിയ മറവികള്‍ തരുന്ന വലിയ വിലയെ കുറിച്ചാണ്, ഇതിനെ എങ്ങനെ എങ്കിലും മറി കടന്നെ തീരു, എന്താണ് അതിനൊരു പോം വഴി,? നിങ്ങള്ക്കും ഉണ്ടായിട്ടുണ്ടാകും ഇത് പോലെ ഉള്ള കൊച്ചു കൊച്ചു മറവികള്‍, ഇല്ലേ? ഇന്ന് ഇപ്പൊ വീട്ടിലേക്ക്‌ പോകുമ്പോ ആ കവര്‍ എടുക്കാന്‍ ഓര്ക്കാന്‍ വേണ്ടി ഞാന്‍ മൊബൈലില്‍ reminder സെറ്റ്‌ ചെയ്ത വെച്ചിരിക്കുകയാണ്, ചില്ലപ്പോ അത് സെറ്റ്‌ ചെയ്യാനും മറന്നു പോകും, പിന്നെ എന്ത് ചെയ്യുമെന്നു നോക്കണേ !


Wednesday, December 5, 2012

ഉപ്പ ദുബായിലെത്തിയപ്പോള്‍..


എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു എന്‍റെ ഉപ്പ ഞങ്ങളുടെ നാട് വിട്ടു പുറത്തു പോയിട്ടില്ല. പുള്ളിയുടെ കമ്പനിയുടെ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ബാംഗ്ലൂര്‍ പോകാറുണ്ട്. കൂടിപോയാല്‍ രണ്ടോ മൂന്നോ ദിവസം,അതിനു മുന്‍പേ ആളു തിരിച്ചു വരുമായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ആ യാത്രകള്‍. അന്നായിരുന്നു ഉപ്പയെ ആദ്യമായി പാന്‍റ്സ് ഉടുത്തു കണ്ടത്. അന്നൊക്കെ ഉപ്പാടെ പാസ്പോര്‍ട്ട്‌ കാണുമ്പോ ഞാന്‍ ചോദിക്കും. പാസ്പോര്‍ട്ട്‌ ഉണ്ടായിട്ടും ഉപ്പ എന്താ ഗള്‍ഫില്‍ പോകാതിരുന്നത് എന്ന്. അപ്പൊള്‍ ആളു പറയും “അതിനൊക്കെ ഒരു യോഗം വേണം” എന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും ഉണ്ടായില്ല എന്ന്. ആളുടെ കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഗള്‍ഫില്‍ എത്തിയിട്ടും, ആരും ആളെ കൊണ്ട് പോകാനായി ഒന്നും ചെയ്തില്ല, പുള്ളി ആരുടെ പിന്നാലെയും നടന്നുമില്ല. പിന്നെ ഗള്‍ഫ്‌ മോഹം എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ ജോലിയൊക്കെ ആയി അങ്ങനെ കൂടി.



6 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ദുബായില്‍ വന്നപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, എന്നെങ്കിലും ഉപ്പാനെ ഇങ്ങോട്ട് കൊണ്ട് വരണം, ഒരു മാസം എങ്കില്‍ ഒരു മാസം ആളെ ഇവിടെ നിര്‍ത്തണം എന്ന്. എനിക്ക് ഇവിടെ ജോലിയായി. ഞാന്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നു, പിന്നെയും പോയി, പിന്നെയും വന്നു, ഇതിനിടയില്‍ എന്‍റെ കല്യാണം കഴിഞ്ഞു, എനിക്കൊരു മകനുണ്ടായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്‍റെ ഭാര്യയും മകനും ഇവിടെ എന്‍റെ കൂടെ താമസം ആയി. ഉപ്പയെ വിസിറ്റിന് കൊണ്ട് വന്നാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇങ്ങോട്ട് വരണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആളു കൂട്ടാക്കിയില്ല. എന്‍റെ നിര്‍ബന്ധം കൊണ്ടാണ് പാസ്പോര്‍ട്ട്‌ എടുത്തത്‌‌. എന്നിട്ടും കുറെ മാസം എടുത്തു ആളെ കൊണ്ട് സമ്മതിപ്പിക്കാനായി. അങ്ങനെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഈ വര്‍ഷം ഞാന്‍ എന്‍റെ ഉപ്പാനെ ദുബായിലേക്ക് കൊണ്ട് വന്നു. ബന്ധുക്കളോടോ നാട്ടുകരോടോ ഒന്നും പറയാതെയാണ് പുള്ളി നാട്ടില്‍ നിന്നും പോന്നത്. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരോടും യാത്ര പറഞ്ഞില്ല, കുറച്ചു ദിവസം നില്‍ക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് ആളുടെ അഭിപ്രായം. ആളെ വിളിക്കാന്‍ വേണ്ടി ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഒരു മഴതുള്ളി എന്റെ മുഖത്ത് വീണു. വിശ്വസിക്കാനാകാതെ ഞാന്‍ മുകളിലോട്ടു നോക്കി, സംശയമില്ല മഴ തന്നെ. അതും കുറെ നാളുകള്‍ക്കു ശേഷം. രാത്രി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞു ഉപ്പ പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. വെള്ളിയാഴ്ച ഉപ്പാനെയും കൊണ്ട് പുറത്തു പോയപ്പോഴും മഴ..മഴയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ മഴ..ദുബായില്‍ രണ്ടു വര്‍ഷത്തിനു ശേഷം പെയ്ത ആ മഴ ഞാന്‍ ശരിക്കും ആസ്വദിച്ചു. കുറെ നേരം മഴ കൊണ്ടു നിന്നു.അങ്ങനെ ദുബായിലെ മഴ കാണാനും ഉപ്പക്കു ഭാഗ്യം ഉണ്ടായി.


ഇപ്പൊള്‍ ഒരു ആഴ്ച്ച പിന്നിടുന്നു ആളു വന്നിട്ട്. ഞാന്‍ ജോലിക്ക് പോന്നാല്‍ എന്‍റെ മോന്‍റെ കൂടെ കളിക്കലാണ് ആളുടെ പണി, അവന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍റെ വികൃതിയൊന്നും ഇത്രയ്ക്കു ഉണ്ടായിരുന്നില്ല. ഇപ്പോളാണ് ഉപ്പാക്ക് അവനെ ശരിക്ക് പിടി കിട്ടിയത്, എന്നോട് പറഞ്ഞു ഇവനെ ഇവിടെ തന്നെ നിര്‍ത്തിക്കോ, എനിക്കൊന്നും വയ്യ നാട്ടില്‍ ഇവനെ നോക്കാന്‍ എന്ന്. തമാശ പറഞ്ഞതാണ്‌ കേട്ടോ, സത്യം പറഞ്ഞാല്‍ ദുബായ് കാണാനല്ല, അവനെ കാണാന്‍ മാത്രമാണ് പുള്ളി ഇവിടെ വരെ വന്നത് തന്നെ. അവനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മൂപ്പര്‍ക്ക്, അവനു തിരിച്ചും അങ്ങനെ തന്നെ. അവന്‍റെ ഉപ്പുപ്പയും സരോജും (എന്‍റെ ഒരു അടുത്ത സുഹൃത്ത് ) മാത്രമാണ് അവന് നല്ലത് ,ബാക്കി എല്ലാവരെയും പൊട്ട എന്നാണ് പറയുക.


ഉപ്പാക്ക് പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. ആളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറെ സ്വത്തും മുതലും ഒന്നും ഉണ്ടായിട്ടു കാര്യമില്ല. പുതിയ രാജ്യങ്ങള്‍ കാണാന്‍ കഴിയണം. ആളുടെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റില്‍ സഞ്ചാരം പരിപാടി അവതരിപ്പിക്കുന്ന സന്തോഷ്‌ ജോര്‍ജ് കുളങ്ങര ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപ്പാനെ ഞങ്ങള്‍ പല സ്ഥലത്തും കൊണ്ട് പോയി. പ്രായം മറന്നു ഞങ്ങളെക്കാള്‍ ആവേശത്തില്‍ പുള്ളി ഞങ്ങളുടെ കൂടെ കുറെ ദൂരം നടന്നു. കാര്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ യാത്രകള്‍ ബസിലും ട്രെയിനിലും ബോട്ടിലുമൊക്കെ ആയിരുന്നു. എല്ലാം പുള്ളി ആസ്വദിച്ചു കൊണ്ട് തന്നെ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങള്‍ കാണുമ്പോളും ഉള്ള ആളുടെ അത്ഭുതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദുബായ് മ്യൂസിയം ആളുടെ കൂടെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു, അവിടത്തെ വിസിറ്റര്‍ ബുക്കില്‍ പുള്ളിയുടെ പേരില്‍ ഒരു കമന്‍റ് ഇട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. അത് പോലെ തന്നെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റ്‌ , മീന്‍ മാര്‍ക്കറ്റ്‌ എല്ലാം പുള്ളിക്ക് ആവേശമായി, ഇവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ എന്നാണ് ആളു പറഞ്ഞത്‌. ജുമൈറ ബീച്ചില്‍ പോയപ്പോള്‍ മോന്‍റെ ഒപ്പം തിരമാലകളുടെ കൂടെ ആഹ്ലാദത്തോടെ കുറെ നേരം ചിലവഴിച്ചു. ബുര്‍ജ്‌ ഖലീഫയുടെ ഉയരം കണ്ടപ്പോള്‍ “അമ്മോ” എന്ന് പുള്ളി ആശ്ചര്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ക്ക് നിസ്സാരം എന്ന മട്ടില്‍ ഒരു ദുബായ്ക്കാരന്‍റെ ഗമയില്‍ ഞാന്‍ ഒപ്പം നടന്നു. ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ കൊണ്ട് പോയപ്പോള്‍ ഉപ്പ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.


ദുബായിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ഉപ്പയെ കൊണ്ട് പോയി. ഇനിയും കുറച്ചു സ്ഥലങ്ങള്‍ ബാക്കി ഉണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഓരോന്നായി കൊണ്ട് പോകണം. ഡോള്‍ഫിന്‍ ഷോ കാണിക്കണം, ഗ്ലോബല്‍ വില്ലേജ്‌ കാണിക്കണം, വെള്ളിയാഴ്ച ചിലപ്പോള്‍ അബുദാബിയിലും പോകും. എല്ലാറ്റിനും കൂടെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ കണ്ട സ്ഥലങ്ങള്‍ എന്‍റെ ഉപ്പയും കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാം കാണുമ്പൊള്‍ ആളുടെ മുഖത്ത് കാണുന്ന ആ സന്തോഷം..ആ പുഞ്ചിരി...അതാണ് ഈ 6 വര്‍ഷത്തെ എന്‍റെ സമ്പാദ്യം. എല്ലാം പടച്ചവന്‍റെ കാരുണ്യം. ഇനി ഇത് പോലെ ഒരു ദിവസം ഉമ്മയെ കൂടെ കൊണ്ട് വരണം. കക്ഷി ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് ആണ്. അവിടത്തെ തിരക്ക് കാരണമാണ് ഈ തവണ വരാതിരുന്നത്. തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ആളെയും കൊണ്ട് വരണം. ചിലപ്പോള്‍ അടുത്ത വര്‍ഷം. വേറെ വലിയ സ്വപ്‌നങ്ങള്‍ ഒന്നും എനിക്കില്ല. ഇത്രയും നടത്തി തന്നെ പടച്ചവന്‍ അതും നടത്തി തരും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് എത്ര സാമ്പാദിചാലും അവസാനം ഈ നല്ല ദിവസങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.. ജീവിതത്തിന്‍റെ ഒരു ബാക്കിപത്രം എന്ന് പറയാനായി..

Tuesday, November 6, 2012

രാജമാണിക്യവും കൊതുകുകളും.. !!


ഈ ടൈറ്റില്‍ കാണുമ്പോള്‍ ഇതെന്താ സംഭവം എന്ന് നിങ്ങള്‍ വിചാരിക്കും, സംഭവം മറ്റൊന്നുമല്ല, രാജമാണിക്യം കാണാന്‍ വേണ്ടി ഞാന്‍ കുറച്ചു കൊതുക് കടി കൊണ്ടിരുന്നു. ആ സംഭവം പറയാം, അതിനു മുന്‍പേ വേറൊരു കാര്യം പറയാം. എന്‍റെ ഓണ്‍ലൈന്‍ സുഹൃത്ത്‌ അരുണ്‍ എന്നോട് പറഞ്ഞു കുറച്ചു സിനിമ സ്മരണകള്‍ എഴുതണമെന്ന്. അപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് ഈ കൊതുക് കടിയാണ്.


സംഭവം നടക്കുന്നത് 2005 നവംബര്‍ നാലാം തിയ്യതി. അതായത് രാജമാണിക്യം റിലീസ് ചെയ്യുന്നതിന്‍റെ തലേ ദിവസം. അന്ന് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. മമ്മൂട്ടി ഒരു ആവേശമായി നിന്നിരുന്ന സമയം. രാജമാണിക്യം റിലീസിന് കെട്ടാനുള്ള കുറെ ഫ്ലെക്സ്‌ പ്രിന്‍റ് ചെയ്യാന്‍ ഉണ്ടായിരുന്നു. തലേ ദിവസമാണ് എല്ലാവരും അത് ചെയ്യാന്‍ വന്നത്, അത് കൊണ്ട് അന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി. അന്ന് കേച്ചേരിയിലെ ഫാന്‍സിന്‍റെ വക ഒരു ഫ്ലെക്സ്‌ തിയ്യറ്ററില്‍ വെക്കാന്‍ അവര്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അതുമായി രാഗത്തില്‍ പോയി. അത് അവര്‍ക്ക് കൊടുത്തു പെട്ടെന്ന് വലിയാം എന്ന് കരുതിയാണ് ചെന്നത്. അപ്പോളാണ് അറിഞ്ഞത് സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകളെല്ലാം പോയി കഴിഞ്ഞ ശേഷമേ ഇതെല്ലം വെക്കാന്‍ സാധിക്കു എന്ന്. ഞാന്‍ ഭാരതില്‍ പോയി ഫുഡ്‌ കഴിച്ചു തിരിച്ചു വന്ന് അവിടെ വെയിറ്റ് ചെയ്തു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഹാരിസ്‌ (എന്‍റെ സഹപ്രവര്‍ത്തകന്‍ ) പറഞ്ഞു ഇന്ന് രാത്രി പണിയുണ്ട് അപ്പൊള്‍ അവരവിടെ തന്നെ കാണും എന്ന്. അങ്ങനെ ഓഫീസില്‍ നില്‍ക്കാം എന്നുള്ള കണക്ക് കൂട്ടി ഞാന്‍ വീട്ടിലേക്കു വിളിച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞു. ഇടക്കങ്ങിനെ നില്‍ക്കാറുണ്ട്. അങ്ങനെ സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകള്‍ പോയി ഫ്ലക്സ് എല്ലാം വെച്ച് കഴിഞ്ഞപ്പോള്‍ സമയം 1 മണി കഴിഞ്ഞു.

ഞാന്‍ ഒരു ഓട്ടോ വിളിച്ചു ഓഫീസിലേക്ക് ചെന്നപ്പോള്‍ അവിടെ അടച്ചു കിടക്കുന്നു. ഞാന്‍ ഉടനെ ഹാരിസിനെ വിളിച്ചു, അവന്‍ പറഞ്ഞു പണി പെട്ടെന്ന് കഴിഞ്ഞ കാരണം അവര്‍ പോയി എന്ന്. ഞാന്‍ വരുന്ന കാര്യം അവരോടു പറഞ്ഞിരുന്നുമില്ല. എന്തായാലും ഞാന്‍ കുടുങ്ങി. കൂരാ കൂരിരുട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റിനും നോക്കിയപ്പോ അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ ഒരു വെളിച്ചം. ഞാന്‍ ബാഗും തൂക്കി അങ്ങോട്ട്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ഒരുത്തന്‍ ഒരു വണ്ടിയുടെ അടിയില്‍ കിടന്ന് എന്തോ നന്നാക്കുകയാണ്. ഞാനവനെ വിളിച്ചു. കയ്യിലും മുഖത്തും കരിയുമായി അവന്‍ പുറത്തേക്കു വന്നു.

ഞാന്‍ : ചേട്ടാ , ഞാന്‍ ദേ ആ കമ്പനിയിലാ വര്‍ക്ക് ചെയ്യുന്നത്. രാത്രി അവിടെ നില്‍ക്കാം എന്ന് കരുതി വന്നതാ, പക്ഷെ അവര്‍ അടച്ചു പോയി, ഇനിയിപ്പോള്‍ ഈ നേരത്ത് വീട്ടില്‍ പോകാന്‍ വയ്യ, ഇന്ന് രാത്രി ഇവിടെയൊന്നു കിടന്നോട്ടെ? നാളെ കാലത്ത് നേരത്തെ പോയ്ക്കോളാം.

അവനെന്നെ അടിമുടി ഒന്ന് നോക്കി.പിന്നെ ചിരിച്ചു എന്നിട്ട് പറഞ്ഞു : നില്‍ക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ നിങ്ങള്‍ എവിടെ കിടക്കും?

അപ്പോളാണ് ഞാന്‍ വര്‍ക്ക്ഷോപ്പ്‌ ഒന്ന് നോക്കിയത്, ആകെ പഴകിയ സാധനങ്ങളും തുണികളും മാത്രം. അപ്പോളാണ് അവിടെ ഒരു ബസിന്‍റെ രണ്ട് മൂന്നു സീറ്റുകള്‍ അടുത്തടുത്ത്‌ ഇട്ടിരിക്കുന്നത് കണ്ടത്‌. എനിക്കൊന്നു തല ചായ്ക്കാന്‍ ആ സ്ഥലം ധാരാളം.

ഞാന്‍ അവനോടു പറഞ്ഞു “ ഞാന്‍ അവിടെ കിടന്നോളാം

അവന്‍ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു “ അപ്പൊള്‍ ഞാനെവിടെ കിടക്കും?

അത് അവന്‍ കിടക്കുന്ന സ്ഥലമായിരുന്നു എന്ന് മനസ്സിലായി. എന്നാല്‍ പിന്നെ പോകാം എന്ന് കരുതി തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവന്‍ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു " അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങള്‍ അവിടെ കിടന്നോ, എന്‍റെ പണി കഴിയുമ്പോ എന്തായാലും നേരം വെളുക്കും. അപ്പൊള്‍ എന്തെങ്കിലും ചെയ്യാം"

അവനോടു നന്ദി പറഞ്ഞു ഞാന്‍ ആ സീറ്റില്‍ കയറി കിടന്നു, ഇനി സുഖമായി ഉറങ്ങാം എന്നു മനസ്സില്‍ കരുതി. അപ്പോളാണ് എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് നാല് ഭാഗത്ത്‌ നിന്നും കൊതുകുകളുടെ ആക്രമണം ഉണ്ടായത്. കയ്യിലും കാലിലും മുഖത്തും പുറത്തും കൊതുക് കടിക്കുന്നു. നിസ്സഹായതയോടെ ഞാന്‍ അവനെ നോക്കി, അവന്‍ ഒരു കമ്പി കൊണ്ട് എന്തിലോ ശക്തിയായി അടിക്കുന്നുണ്ട്. കൊതുക് കടിയൊന്നും അവന്‍ അറിയുന്നില്ല എന്ന് തോന്നി. ഞാന്‍ എങ്ങനെ കിടന്നാലും കടി തുടരുന്നു. ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ അത് കൊണ്ട് ദേഹം മൂടായിരുന്നു. തൃശ്ശൂരിലെ കൊതുകുകള്‍ക്ക് ഇത്തിരി മൊട കൂടുതല്‍ ഉള്ള പോലെ എനിക്ക് തോന്നി. രാഗത്തിലേക്ക് പോകാന്‍ തോന്നിയ ആ നിമിഷത്തെ ഓര്‍ത്ത്‌ ഞാന്‍ ശപിച്ചു. അങ്ങനെ കടി കൊണ്ട് കൊണ്ട് എപ്പോളോ ഞാന്‍ ഉറങ്ങി പോയി.

അലാറം വെച്ചിരുന്ന കാരണം ആറര മണിക്ക് ഞാന്‍ എഴുന്നേറ്റു. ആദ്യം ഞാന്‍ നോക്കിയത് അവനെയാണ്. അവന്‍ തറയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവനെ വിളിക്കണ്ട എന്ന് ആദ്യം കരുതി, പക്ഷെ പറയാതെ പോകുന്നത് ഒരു മര്യാദ അല്ലല്ലോ എന്നോര്‍ത്ത് വിളിച്ചു. അവന്‍ കണ്ണ് തിരുമ്മി കൊണ്ട് എന്നെ നോക്കി. ഞാന്‍ പോട്ടെ എന്ന് ചോദിച്ചു. അവന്‍ ഓക്കേ എന്ന് തല കുലുക്കി.

അങ്ങനെ ഞാന്‍ 7 മണിക്ക് വീട്ടിലെത്തി. ഒന്‍പതു മണിയോടെ വീണ്ടും രാഗത്തില്‍ പോയി. അങ്ങനെ ഫാന്‍സുകാരുടെ കൂടെ ആദ്യ ഷോ കണ്ടു. കൊതുക് കടിയുടെയും ഉറക്കത്തിന്‍റെയും എല്ലാം ക്ഷീണം മമ്മുക്ക തീര്‍ത്തു. കയ്യടിച്ചു തകര്‍ത്ത നിമിഷങ്ങള്‍. ഇന്നും ഓര്‍മ്മയുണ്ട് എല്ലാവരുടെയും മുഖത്തെ ആ ആവേശം. ആ പയ്യനെ പിന്നെ കാണണം എന്ന് കരുതിയിരുന്നു എങ്കിലും നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. ഇനി എന്നെങ്കിലും കാണുമോ എന്നും ഉറപ്പില്ല. എങ്കിലും ഇന്നും രാജമാണിക്യം കാണുമ്പോള്‍ അന്നത്തെ ആ രാത്രിയും കൊതുക് കടിയുമൊക്കെ ഓര്‍മ്മ വരും. പിന്നെ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി സ്വന്തം ബെഡ് ഒഴിഞ്ഞു തന്ന അവനെയും. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..വര്‍ഷങ്ങള്‍ കഴിയും തോറും മധുരം കൂടും..വീഞ്ഞ് പോലെ..

Sunday, November 4, 2012

ഓര്‍മ്മകളുടെ തിരുമുറ്റം.. !!


കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് എന്‍റെ സഹപാഠിയായിരുന്ന രജീഷിനെ കണ്ടു. എന്‍റെ കല്യാണത്തിന് ശേഷം ഞങ്ങള്‍ ഇപ്പോളാണ് കാണുന്നത്. ഞങ്ങള്‍ സാധാരണ പോലെ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം പുറത്ത് പോയതായിരുന്നു. അപ്പോളാണ് അവന്‍ വിളിച്ചത്.അത് കൊണ്ട് അവനോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെയാണ് അവനെ കണ്ടത്‌. അവന്‍ കുറച്ചു തടിച്ചു, അല്ലാതെ വേറെ മാറ്റം ഒന്നും തോന്നിയില്ല. ഇത് വരെ കല്യാണം കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം നാട്ടില്‍ പോകും. അവന്‍ എന്റെ മോനെ എടുത്തു കളിപ്പിച്ചു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോളാണ് ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി DSF സ്പെഷ്യല്‍ വെടിക്കെട്ട്‌ നടന്നത്.


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. ഞാന്‍ എന്‍റെ വീട്ടിലെയും തറവാട്ടിലെയും ഒരു വിധം എല്ലാ കാര്യങ്ങളും അവനോടു പറയുമായിരുന്നു. പറയാന്‍ എനിക്കും കേള്‍ക്കാന്‍ അവനും ഇഷ്ടമായിരുന്നു. അവന്‍ അന്നേ ഒരു പാട് സിനിമകള്‍ കാണുമായിരുന്നു. "മഴയെത്തും മുന്‍പേ" എന്ന സിനിമയുടെ കഥയൊക്കെ അവന്‍ എനിക്ക് പറഞ്ഞു തന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. പ്രത്യേകിച്ചു അതിന്‍റെ ക്ലൈമാക്സ്‌ സീന്‍സ്. അവന്‍ പറയും “ അങ്ങനെ അവസാനം ശ്രീനിവാസനും മമ്മൂട്ടിയും കൂടെ ശോഭനയുടെ വീട്ടിലെത്തുമ്പോള്‍ നല്ല മഴ" എന്ന്. അന്ന് കണ്ടപ്പോളും ഞാന്‍ ആ കാര്യം അവനോട് പറഞ്ഞു. മയില്‍പ്പീലിക്കാവ് ഇറങ്ങിയ സമയത്ത് അതായിരുന്നു അവന്‍റെ പ്രിയപ്പെട്ട സിനിമ. അത് അവന്‍ നാല് തവണയോ മറ്റോ കണ്ടിട്ടുണ്ട് എന്നാണ് എന്‍റെ അറിവ്.

പത്താം ക്ലാസിലെ അവസാന ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളില്‍ നിന്നും പോന്നത്. അന്ന് ഫോട്ടോ എടുക്കലും, ഓട്ടോഗ്രാഫ് എഴുതലും, സെന്‍റ് ഓഫും എല്ലാം ആയി ആകെ ബഹളം. എല്ലാവരും പിരിയാന്‍ പോകുന്നു എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വിഷമം. ഒരേ ബഞ്ചില്‍ ഇരുന്നവര്‍, ഒരേ ബസില്‍ പോയിരുന്നവര്‍, ഒരേ നാട്ടുകാര്‍, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നവര്‍, ഒരുമിച്ചു പള്ളിയില്‍ പോയിരുന്നവര്‍ അങ്ങനെ എല്ലാവരും തമ്മില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ നല്ല കൂട്ടായിരുന്നു. ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എല്ലാവരും ഞങ്ങളുമായി നല്ല സൌഹൃദം ഉണ്ടായിരുന്നു. കൌമാരത്തിലേക്ക് കടന്ന ആ സമയം തോന്നിയ ചില പ്രണയങ്ങള്‍, പറയാതെ പോയ ചില ഇഷ്ട്ടങ്ങള്‍. എല്ലാം ആ വൈകിയ വേളയില്‍ ഞങ്ങള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു പോയി. ഇനി എന്ന് പരസ്പരം കാണും എന്നറിയില്ലെങ്കിലും കാണാം എന്ന് പറഞ്ഞു കൂട്ടുകാരെല്ലാവരും ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രം പോകാന്‍ സാധിച്ചില്ല. കുറെ നേരം ഞങ്ങള്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒടുവില്‍ പ്യൂണ്‍ വന്നു ക്ലാസ്സ്‌ റൂമുകള്‍ ഓരോന്നായി അടച്ചപ്പോള്‍ ഞങ്ങള്‍ സ്കൂളിന്‍റെ പുറത്തിറങ്ങി. എന്തൊക്കെയോ പറഞ്ഞു ഞങ്ങള്‍ അവിടെ ഒരു കലുങ്കില്‍ ഇരുന്നു. മനസ്സ് അറിയാതെ ആര്‍ദ്രമാകുന്ന അത്തരം നിമിഷങ്ങളില്‍ വാക്കുകള്‍ പുറത്തേക്ക് വരില്ല. നമ്മള്‍ ഇനി എന്നാടാ കാണുക എന്നൊക്കെ അവന്‍ ചോദിച്ചു. ഒടുവില്‍ അവനു പോകാനുള്ള ബസ്‌ അകലെ നിന്ന് വരുന്നത് ഞങ്ങള്‍ കണ്ടു.

"എന്നാ ഞാന്‍ പോട്ടെടാ? എന്ന് അവന്‍ ചോദിച്ചു. ശരി എന്ന് ഞാന്‍ പറഞ്ഞു, ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ അവന്‍ ആ ബസില്‍ കയറി പോയി. അത് എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി ഇരുന്നു. ഒരു പാട് ബഹളം നിറഞ്ഞു നിന്നിരുന്ന ആ സ്കൂള്‍ പരിസരത്ത് ഇപ്പോള്‍ ഞാന്‍ മാത്രം. എനിക്ക് പോകാനുള്ള ബസ്‌ വന്നെങ്കിലും ഞാന്‍ അതില്‍ കയറിയില്ല, കയറാന്‍ തോന്നിയില്ല. ഞാന്‍ ഞങ്ങള്‍ ഇടവേളകളില്‍ പോകാറുള്ള ഗോപിയേട്ടന്‍റെ ചായ കടയിലേക്ക് ചെന്നു. ഞങ്ങള്‍ ഇരിക്കാറുള്ള ആ ബഞ്ചില്‍ തനിയെ ഇരുന്നു. എന്‍റെ ആ ഇരിപ്പ് കണ്ടു ഗോപിയേട്ടന്‍റെ ഭാര്യ എന്നോട് ചോദിച്ചു “ എന്താ കൂട്ടുകാരൊക്കെ പോയോ? “ പോയി എന്ന് ഞാന്‍ പറഞ്ഞു. പിന്നെയും കുറച്ചു നേരം കൂടെ ഞാന്‍ അവിടെ അങ്ങിനെ ഒറ്റക്കിരുന്നു. ഗോപിയേട്ടന്‍ വന്നപ്പോള്‍ ഞാനൊരു ചായ കുടിച്ചു. പിന്നെ കുറച്ചു ദൂരം നടന്നു. സ്ഥിരം പോകാറുള്ള ജോഷിയെട്ടന്‍റെ ബേക്കറി കടയില്‍ പോയി ആളോട് യാത്ര പറഞ്ഞു. എന്നിട്ടാണ് വീട്ടില്‍ പോയത്. ദാ ഇതാണ് ഗോപിയേട്ടന്‍റെ കട.


ഗോപിയേട്ടന്‍റെ കട ഞങ്ങളുടെ ഒരു താവളം ആയിരുന്നു. ചിറ്റാട്ടുകര സ്കൂളില്‍ പഠിച്ച എല്ലാവര്‍ക്കും ആ കട സുപരിചിതമാണ്. ഗോപിയേട്ടന്‍റെ രണ്ടു മക്കളും അന്ന് ചെറുതായിരുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മോന്‍റെ പേരാണ് കടക്കിട്ടിരിക്കുന്നത്, അനൂപ്‌ ടീ ഷോപ്പ്. ഞങ്ങള്‍ ചായ കുടിക്കാനോ ബോണ്ട കഴിക്കാനോ അവിടെ ഇരിക്കുമ്പോള്‍ അവര്‍ രണ്ടു പേരും സ്കൂള്‍ വിട്ടു അവിടെ വരാറുണ്ട്. സ്കൂള്‍ ജീവിതത്തിനു ശേഷവും പല തവണ ഞാന്‍ ആ കടയില്‍ പോയിട്ടുണ്ട്, ആ പഴയ ബഞ്ചില്‍ വീണ്ടും ചെന്നിരുന്ന് ചായ കഴിക്കാറുണ്ട്. എന്തോ അവിടെ ഇരിക്കുമ്പോള്‍ കൊഴിഞ്ഞു പോയ ആ നല്ല കാലം വീണ്ടും മനസ്സിലേക്ക് ഓടിയെത്തും. ഇപ്പോളും ഞാന്‍ എന്ന് നാട്ടില്‍ ചെന്നാലും ഗോപിയേട്ടനെ കാണാന്‍ പോകാറുണ്ട്. ആളുടെ ഭാര്യ ഇപ്പോളും അവിടെ തന്നെയുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു എന്ന് ഒരു തവണ ഗോപിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മനസ്സില്‍ അവള്‍ ഇപ്പോഴും ആ കുട്ടിപാവാടക്കാരിയായിരുന്നു. ഇടയില്‍ പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതൊന്നും അറിഞ്ഞതേയില്ല. എന്‍റെ കല്യാണം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ ഞാന്‍ ജാസ്മിനെയും കൂട്ടി അവിടെ പോയിരുന്നു. എന്‍റെ പഴയ കഥകളൊക്കെ വള്ളിപുള്ളി വിടാതെ അറിയുന്ന അവള്‍ക്കു ഗോപിയെട്ടനും ഭാര്യയും വളരെ പരിചിതരായിരുന്നു. ഞങ്ങളുടെ പ്രണയ കഥ അറിയാവുന്നത് കൊണ്ട് അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അന്ന് ഗോപിയേട്ടന്‍റെ ഭാര്യ അവള്‍ക്കൊരു അരിയുണ്ട കൊടുത്തു. ഒരിക്കല്‍ മോന്‍റെ കൂടെയും ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്. അന്നെടുത്ത ഫോട്ടോസ് ആണ് ഇതിന്‍റെ കൂടെ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഗോപിയേട്ടനെ കണ്ടില്ല, പകരം ആളുടെ മകനെ കണ്ടു.അവന്‍ കട പൂട്ടി അമ്മയെയും പിന്നില്‍ ഇരുത്തി ബൈക്കില്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോളാണ് ഞങ്ങള്‍ ചെന്നത്. അവന്‍ ഇപ്പോള്‍ വലിയ ചെക്കനായി. ഗോപിയേട്ടന് വയ്യ, അതാണ് കടയില്‍ വരാത്തത് എന്ന് ഭാര്യ പറഞ്ഞു. നേരം ഇരുട്ടിയ കാരണം അന്ന് ഞങ്ങള്‍ക്ക് ആളെ കാണാന്‍ പോകാന്‍ പറ്റിയില്ല, പിന്നെ ഇത് വരെ അവരെ കാണാന്‍ പോയിട്ടില്ല..ഇനിയൊരിക്കല്‍ പോകണം. ദാ ഇതാണ് ഗോപിയേട്ടന്‍.


ഇന്നും എന്‍റെ മനസ്സ് ആ സ്കൂള്‍ പരിസരത്ത് എവിടെയോ കറങ്ങി നടക്കുന്നത് ഞാന്‍ അറിയുന്നു. ഇപ്പോളും ആ സ്കൂളിന്‍റെ മുന്‍പിലൂടെ പോകുമ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തും. കുറച്ചു സമയം എന്തൊക്കെയോ ഓര്‍ത്തു അങ്ങനെ നില്‍ക്കും. പഴയ പല കടകളും ഇന്നവിടെ ഇല്ല. ഞങ്ങള്‍ നടന്നിരുന്ന ആ ഇടവഴിയും, കളിച്ചിരുന്ന ആ ഗ്രൌണ്ടും മാത്രം അത് പോലെയുണ്ട്. ഓര്‍മ്മകള്‍ ഒരു ഭാരമാണ്. ഇറക്കി വെക്കാന്‍ കഴിയാത്ത ഒരു ഭാരം. ചിലപ്പോള്‍ അത് നമ്മളെ കുത്തി നോവിക്കും..സുഖമുള്ള ഒരു നോവ്‌ !!

Thursday, September 20, 2012

വീണ്ടുമൊരു അവധിക്കാലം.. !!


ഒന്നര വര്‍ഷത്തിനു ശേഷം നാളെ നാട്ടിലേക്കു പോവുകയാണ്. ഒരു മാസം നില്‍ക്കാം എന്ന് കരുതി സന്തോഷിച്ചതാണ് , പക്ഷെ കിട്ടിയത് വെറും 22 ദിവസങ്ങളാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി സമാധാനിക്കാം. നഷ്ട്ട്ടപ്പെട്ട കുറെ ഇഷ്ട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുറച്ചു ദിവസങ്ങള്‍. ലീവിന്റെ കാര്യം പറഞ്ഞപ്പോ പലരും ചോദിച്ച ഒരു കാര്യം " നിന്റെ ഫാമിലി കൂടെയില്ലേ? പിന്നെ ഇപ്പൊ എന്തിനാ ഒരു ലീവ്? എന്നാണ്. ഈ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ഫാമിലി എന്ന് പറഞ്ഞാല്‍ ഭാര്യയും കുഞ്ഞും മാത്രമാണോ? എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണ്ടേ? മറ്റു ബന്ധുക്കളെയും കൂട്ടുകാരെയും കാണണ്ടേ? നാടിനെയും നാട്ടുകാരെയും കാണണ്ടേ?


എല്ലാ തവണയും നാട്ടിലേക്ക്‌ പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്. മനസ്സ് മുഴുവനും എന്തൊക്കെയോ ചിന്തകള്‍. നാട്ടില്‍ ചെന്നാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള ആള്‍ക്കാരുടെയും ഒരു ലിസ്റ്റ് മനസ്സില്‍ ഉണ്ട്. വിചാരിച്ച എല്ലാം ചെയ്തു തീര്‍ക്കാനോ എല്ലാവരെയും കാണാനോ കഴിയുന്നതിനു മുന്‍പേ മടക്കയാത്ര ആകും. അതെന്നും അങ്ങിനെ തന്നെ ആയിരുന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇന്നലെ ലുലുവില്‍ പോയി. അവിടെ എന്നെ പോലെ പലരും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങി ട്രോളി നിറക്കുന്ന കാഴ്ച്ച കണ്ടു. ഒരു സാധാരണക്കാരന്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്തൊക്കെ കൊണ്ട് പോകണം എന്നത് ഞാന്‍ വെറുതെ ചിന്തിച്ചു . സോപ്പും, പാല്‍പ്പൊടിയും, പെര്‍ഫ്യൂമും, വാച്ചും, പേനയും, ഉടുപ്പും, മിട്ടായികളും, ബാഗും, ടാങ്കും എന്ന് വേണ്ട ഷേവ് ചെയ്യാനുള്ള ക്രീമും ബ്ലേഡും അടക്കം. അങ്ങനെ എന്തൊക്കെ കൊണ്ട് പോകണം. വീട്ടിലെ ഉപയോഗത്തിനുള്ള അവശ്യ സാധനങ്ങള്‍ മാത്രമായി ഒരു യാത്ര ശരിയാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം, പക്ഷെ പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇതില്‍ പലതും നമ്മുടെ വീട്ടിലേക്ക്‌ മാത്രമായല്ല കൊണ്ട് പോകുന്നത്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി വീതിച്ചു കൊടുക്കും. ഗള്‍ഫില്‍ നിന്നുള്ള സാധനങ്ങള്‍ കിട്ടുമ്പോള്‍ എല്ലാര്‍ക്കും സന്തോഷം, അത് കാണുമ്പോ നമുക്കും ഒരു സന്തോഷം.

ഞാന്‍ ആലോചിക്കുന്നത് എന്നെകിലും നമ്മള്‍ ഇവിടത്തെ ജോലിയൊക്കെ അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഒരു ചായ വാങ്ങി തരാന്‍ ഇവരില്‍ ആരെങ്കിലും ഉണ്ടാകുമോ? അറിയില്ല. ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. റിട്ടയര്‍ ചെയ്ത പോലീസ്കാരനും, മടങ്ങി ചെന്ന ഗള്‍ഫ്കാരനും ഒരു പോലെയാണെന്നു എവിടെയോ വായിച്ചതു ഓര്‍മ്മ വരുന്നു. അവരെ പിന്നെ ആര്‍ക്കും വേണ്ട. അവരെ ആരും വക വെക്കില്ല. പ്രവാസിയുടെ ജീവിതം മെഴുക് തിരി പോലെ ആണെന്ന് പലരും പറഞ്ഞു പഴകിയ ചൊല്ല് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ജീവിതം അങ്ങനെ ആയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, അങ്ങനെ ആകാന്‍ എനിക്ക് ആഗ്രഹവുമില്ല. എങ്കിലും ജനിച്ച നാട്ടിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്, പക്ഷെ സാമ്പത്തികം എന്ന ആ വലിയ വിഷയം വരുമ്പോള്‍ ആ ചിന്തകളെ തലയിണ കൊണ്ട് അമര്‍ത്തി ഞെരിച്ചു കൊണ്ട് കിടന്നുറങ്ങും.

ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല, അത് വിമാന യാത്രയാണ്‌. പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും വിമാന യാത്ര എനിക്കൊരു പേടി സ്വപ്നമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ആകാശ യാത്ര എനിക്ക് മുപ്പതു മണിക്കൂറിന്റെ നീളം തോന്നാറുണ്ട്, പലരും ചോദിക്കും എന്തിനാ പേടിക്കുന്നത്? എന്നായാലും മരിക്കണം, പിന്നെന്താ? ആ ചോദ്യം തന്നെ എനിക്ക് പേടിയാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോളും ഇത് ജീവിതത്തിലെ അവസാനത്തെ യാത്രയാണ്‌ എന്ന് കരുതിയാണ് വിമാനത്തില്‍ ഇരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ അവിടെ ഇറങ്ങി. പുറത്തിറങ്ങുമ്പോള്‍ ഒരു യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചു നടക്കും. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ തനിച്ചല്ല, എന്റെ കൂടെ ജാസ്മിനും മോനും ഉണ്ട്, ഞങ്ങള്‍ ഒരുമിച്ചൊരു വിമാന യാത്ര ആദ്യമായാണ്, അതിന്റെ ഒരു സന്തോഷം ഉണ്ട്. നാട്ടിലെ മണ്ണില്‍ കാലു കുത്തുമ്പോള്‍ ഉള്ള ആ സന്തോഷം. പിന്നെ മനസ്സ് മുഴുവനും ആഹ്ലാദം മാത്രം, ജന്മ നാട്ടിലെ മണ്ണില്‍ കാല് കുത്താനുള്ള ആവേശം. പിന്നെ പുറത്ത്‌ നമ്മളെ കാത്തു നില്ക്കുമന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക്‌ എത്താനുള്ള ഒരു തിടുക്കമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും നമ്മുടെ വീട്ടിലേക്കുള്ള യാത്രയാണ്‌ എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു യാത്ര. ആ സമയത്ത് മനസ്സില്‍ വേറെ ചിന്തകള്‍ ഒന്നുമില്ല, വിദേശത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്ന്, നാട്ടിലെ പ്രശ്നങ്ങളിലേക്ക് എത്തും മുന്‍പുള്ള ഒരു ഒന്നര മണിക്കൂര്‍ യാത്ര. ഇടക്കൊന്നു നിര്ത്തി് നാട്ടിലെ ഒരു ചായ കുടിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖം. അതൊന്നു വേറെ തന്നെയാണ്. വീട്ടിലെത്തുമ്പോ വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാല്‍ ‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരും. “ജന്മ നാടിന്റെ സുഗന്ധം,സ്വന്തം വീട്ടിലെ സുരക്ഷിതത്വം. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. :)

Thursday, August 16, 2012

റംസാന്‍ ഓര്‍മ്മകള്‍ !!

എത്ര പെട്ടെന്നാണ് ഇരുപത്തിയേഴ് നോയമ്പ് കടന്നു പോയതെന്ന് ആലോചിക്കുവായിരുന്നു ഞാന്‍. നാട്ടിലെ നോയമ്പ് കാലം പോലെ അല്ല ദുബായിലെ നോയമ്പ് കാലം, ഈ നഗരത്തെ പോലെ ഇവിടത്തെ റമദാന്‍ മാസവും പെട്ടെന്ന് കടന്നു പോകുന്ന പോലെ എപ്പോളും എനിക്ക് തോന്നിയിട്ടുണ്ട്. ഇനി ഏറിയാല്‍ മൂന്നു ദിവസം കൂടെ കഴിഞ്ഞാല്‍ പെരുന്നാളായി. എല്ലാവരും ഇപ്പൊ പുതുവസ്ത്രം എടുക്കുന്ന തിരക്കിലായിരിക്കും, ഞങ്ങള്‍ ഇത് വരെ പോയില്ല, ഇന്നോ നാളെയോ പോകണം എന്ന് കരുതുന്നു.
ഈ റമദാന്‍ മാസം കുറച്ചു നല്ല കാര്യങ്ങള്‍ കൂടെ തന്നാണ് കടന്നു പോയത്‌,രണ്ടു ആഴ്ച മുന്‍പേ കൈമക്കാരുടെ ഇഫ്താര്‍ ഉണ്ടായിരുന്നു, അന്ന് നാട്ടുകാരെ എല്ലാവരെയും കാണാന്‍ കഴിഞ്ഞത് സന്തോഷമായി, സുനി, സക്കറിയ, നവാസ്‌ അങ്ങനെ കുറെ പേരെ കുറെ നാളുകള്‍ക്ക് ശേഷം കണ്ടു. കഴിഞ്ഞ ആഴ്ച കമ്പനി ഇഫ്താര്‍ ഉണ്ടായിരുന്നു, അതിനും കമ്പനിയിലെ എല്ലാ ജീവനക്കാരും ഉണ്ടായിരുന്നു, കൂടാതെ ഈ തവണ അവരുടെ കുടുംബങ്ങളും പങ്കെടുത്തിരുന്നു, മുന്പോന്നും അങ്ങനെ ഒരു പതിവില്ല, അത് കൊണ്ട് തന്നെ അതും മറക്കാനാവാത്ത ഒരു അനുഭവം ആയി മാറി. പിന്നെ വീട്ടിലും രണ്ടു മൂന്നു ഇഫ്താര്‍ നടത്തിയിരുന്നു,മോന്റെ ജന്മ ദിനവും ഈ റമദാന്‍ മാസത്തിലായിരുന്നു, നല്ല കുറച്ചു സുഹൃത്തുക്കളുടെ സാന്നിധ്യം കൊണ്ട് അതും ഗംഭീരമായി. നാട്ടില്‍ ഉള്ളപ്പോ നോയമ്പ് കാലം കുറച്ചു കൂടെ മനോഹരമായിരുന്നു, എങ്ങും അതിന്റെ ഒരു ഉത്സാഹം കാണുമായിരുന്നു, ഇവിടെ അതില്ല എന്നല്ല, എന്നാലും നാട്ടിലെ എല്ലാ കാര്യങ്ങളും അതിന്റെതായ ഒരു സൌന്ദര്യം ഉണ്ടാകുമല്ലോ? അത് പോലെ ഇതും. തൃശൂര് സൈന്‍ മാജികില്‍ വര്‍ക്ക്‌ ചെയ്യുന്ന കാലത്ത് അടുത്തുള്ള പള്ളിയിലേക്ക്‌ ഞാനും ഹാരിസും മജീട്ക്കയും എല്ലാവരും കൂടെ നോമ്പ് തുറക്കാന്‍ പോയിരുന്നു, നോമ്പ് തുറന്ന ശേഷം അവിടെ നിന്ന് അല്പം ജീരക കഞ്ഞിയും ഉപ്പേരിയും കൂട്ടി കഴിച്ചിരുന്നത് ഇന്നും എരിവുള്ള ഒരു ഓര്‍മ്മ ആയി മനസ്സില്‍ ഉണ്ട്( മധുരമുള്ള എന്നു എഴുതിയപ്പോള്‍ ഒരു കൂതറ എന്നോടു ചോദിച്ചു,ജീരക കഞ്ഞി മധുരം അല്ലല്ലോ എരിവ് അല്ലേ ഉണ്ടാകുക എന്നു ). നോമ്പ് തുടങ്ങിയ സമയത്ത് ഇവിടെ ജാസ്മിന്‍ കുറച്ചു ദിവസം ജീരക കഞ്ഞി ഉണ്ടാകിയിരുന്നു, അത് എന്തോ ശരിയായില്ല, എങ്കിലും കുറച്ചു ദിവസം അത് ഞാന്‍ കഴിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ ഒരിക്കല്‍ നോയമ്പ് എടുത്തു പഴങ്ങള്‍ വാങ്ങാനായി ഉപ്പാടെ കൂടെ ഒരു കടയില്‍ പോയതും, വാങ്ങിയ മുന്തിരി മധുരം ഉണ്ടോ എന്ന് നോക്കാന്‍ ഞാന്‍ അതെടുത്ത്‌ കഴിച്ചു നോക്കിയതും ഇപ്പോളും ഒരു ചിരിയോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല, അബദ്ധത്തില്‍ ചെയ്യുന്നത് നോമ്പിനെ ബാധിക്കില്ല എന്നിരുന്നാലും. അന്നും ഉമ്മ ഉണ്ടാക്കുന്ന നോമ്പ് തുറ വിഭവങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാണ്, പത്തിരി, തരികഞ്ഞി അങ്ങനെ, കഴിഞ്ഞ ആറു വര്‍ഷമായി റമദാന്‍ മാസത്തില്‍ ഞാന്‍ ദുബായിലാണ്, പെരുന്നാളിനും വീട്ടില്‍ ഉണ്ടാകാന്‍ സാധിച്ചിട്ടില്ല. എല്ലാ നോമ്പും ഒരു അവസരമാണ്, വിശപ്പ്‌ അറിയാന്‍, അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ ,തിന്മകള്‍ ഉപേക്ഷിക്കാന്‍, നല്ല കാര്യങ്ങള്‍ ചെയ്യാന്‍, പാവപെട്ടവനെ സഹായിക്കാന്‍, മതത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍, അങ്ങനെ ഒരു പാടു ഗുണങ്ങള്‍ ഈ മാസത്തിനു ഉണ്ട്, അതൊന്നും ഈ ഒരു മാസത്തേക്ക്‌ മാത്രമായി ചുരുക്കാതെ വരാന്‍ പോകുന്ന പതിനൊന്നു മാസവും പിന്തുടരാന്‍ കഴിയണം എല്ലാവര്ക്കും, കാരണം ഇസ്ലാം വെറുമൊരു മതം മാത്രമല്ല, മഹത്തായ ഒരു ജീവിത രീതി കൂടിയാണ് !!

Sunday, August 5, 2012

അല്പം സിനിമാ വിശേഷം !!

ഞാന്‍ ചെറുപ്പം തൊട്ടേ ധാരാളം സിനിമകള്‍ കാണാറുണ്ട്. കേച്ചേരിയിലെ ഒരേ ഒരു തിയറ്റര്‍ ആയ സവിതയില്‍ നിന്നാണ് അന്നൊക്കെ കൂടുതലും കാണാറ്. പിന്നെ കൈപ്പറമ്പു വിജയ ടാക്കീസ്,അത് ഇപ്പോ ഇല്ല. എന്റെ ഉപ്പാടെ കൂടെയും അടുത്ത വീട്ടിലെ സുനിയുടെയും സുധിയുടെയും കൂടെയും ഒക്കെയാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. അന്ന് തൊട്ടേ സിനിമ എന്റെ ഇഷ്ട്ട വിനോദമാണ്. ഇന്ന് ഈ നിമിഷം വരെ അതിനു ഒരു മാറ്റവും ഇല്ല. പറഞ്ഞു വന്നത് എന്റെ ചില സിനിമ അനുഭവങ്ങള്‍ ഉണ്ട്. അതില്‍ ചിലത് എന്റെ ഉപ്പയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതില്‍ ചിലത് ഞാന്‍ പറയാം



വര്‍ഷം 1998. അന്ന് ഞാന്‍ ഡിഗ്രി ആദ്യ വര്‍ഷത്തിനു പഠിക്കുന്നു. അപ്പോള്‍ ഓണം അവധിയാണ്. സാധാരണ സിനിമ റിലീസ് ഉള്ള ദിവസം ഞാന്‍ പതിവിലും നേരത്തെ ഉണരും. പത്രം നോക്കി സിനിമ എവിടെയൊക്കെ കളിക്കുന്നു എന്നു നോക്കാന്‍ വേണ്ടിയാണ് ആ ഉദ്യമം. അങ്ങനെയിരിക്കെ സെപ്തംബര്‍ മൂന്നിന് ഹരികൃഷ്ണന്‍സ് എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു. കുറെ നാളുകളായി കാത്തിരിക്കുന്ന സിനിമ, അതും ഓണത്തിന്റെ അവധി സമയം. അത് കൊണ്ട്‌ തന്നെ അത് കാണാനുള്ള ടിക്കറ്റ്‌ ഞാന്‍ ഒരു മാസം മുന്‍പേ തന്നെ എന്റെ സുഹൃത്തുക്കളായ ഇരട്ട സഹോദരന്മാര്‍ അജയനോടും വിജയനോടും പറഞ്ഞു വെച്ചിട്ടുണ്ട്. അവര്‍ എന്റെ നാട്ടുകാരല്ല, പക്ഷെ എന്റെ നാട്ടിലുള്ള അവരുടെ ഒരു ബന്ധുവീട്ടിലേക്ക് വരാറുണ്ട്. ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടതാണ്.രണ്ടു പേരും നല്ല കട്ട ലാല്‍ ഫാന്‍സ്‌ ആണ്. അവന്മാര്‍ എല്ലാ പടവും ആദ്യ ഷോ കാണുന്നവരാണ്. ചന്ദ്രലേഖക്കും ആറാം തമ്പുരാനുമൊക്കെ തൃശൂര്‍ രംദാസില്‍ ആദ്യ ഷോക്ക് തന്നെ അവര്‍ രണ്ടു പേരും കൂടെ വളരെ സാഹസികമായി ടിക്കറ്റ്‌ എടുത്തു കയറിയ കഥയൊക്കെ അവര്‍ പറഞ്ഞു തന്നെ ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് ആ കാര്യത്തില്‍ എനിക്ക് പേടിയില്ല. എന്നോടു റിലീസ്‌ ദിവസം 12 മണിക്ക് കുന്നംകുളം ഭാവനയില്‍ എത്തിയാല്‍ മാത്രം മതി, ബാക്കി കാര്യം ഞങ്ങള്‍ ഏറ്റു എന്നാണ് അവര്‍ പറഞ്ഞത്. നോണ്‍ ഷോ തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എങ്കിലും അവര്‍ പറഞ്ഞ പോലെ ആ ടിക്കറ്റ്‌ കിട്ടുമോ എന്ന ഒരു ആശങ്ക എന്റെ മനസ്സില്‍ ഉണ്ട്.

പടം റിലീസ്‌ ആയ ദിവസം കാലത്ത്‌ തന്നെ ഞാന്‍ പതിവ് പോലെ പേപ്പര്‍ നോക്കി സിനിമ പരസ്യം നോക്കി. ഓണം സീസണ്‍ ആയതു കൊണ്ട് വേറെയും കുറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, സമ്മര്‍, ചിത്രശലഭം, മയില്‍പ്പീലിക്കാവ്, ഇലവങ്കോട് ദേശം അങ്ങനെ അങ്ങനെ. ഞാന്‍ അതെല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു "എടാ, പോയി ചായപ്പൊടി വാങ്ങി വായോ , ചായ വെക്കാന്‍ തീരെ ചായപ്പൊടി ഇല്ല “ എന്ന്. എന്നിട്ട് ഒരു 50 രൂപയും കയ്യില്‍ തന്നു. ഞാന്‍ ഉറക്ക ചടവോടെ ഒരു താല്പര്യവുമില്ലാതെ രാഘവേട്ടന്റെ കടയിലേക്ക്‌ നടന്നു. അപ്പോള്‍ സമയം ഏതാണ്ട് 8 മണി കഴിഞ്ഞിരുന്നു. സെന്ററില്‍ എതിയപ്പോളാണ് അവിടെ ഒരു കുന്നംകുളം ബസ് വന്നു നിന്നത്. വെറുതെ ഭാവന വരെ പോയി ആ തിരക്കും പോസ്റ്ററുകളും എല്ലാം ഒന്ന് കണ്ടിട്ട് വന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. പെട്ടെന്നുള്ള ഒരു ആവേശത്തില്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ ആ ബസില്‍ കയറി ഇരുന്നു.

അങ്ങനെ ഞാന്‍ കുന്നംകുളം ഭാവനയില്‍ എത്തി. ഒന്‍പതു മണി ആകുന്നെ ഉള്ളു, പക്ഷെ ആളുകള്‍ കൂടി കൂടി വരുന്നുണ്ട്. ഷോ 11.30 ആണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഇപ്പൊ വരിയില്‍ അധികം ആളായിട്ടില്ല.ഞാന്‍ വേറെ ഒന്നും നോക്കിയില്ല,നേരെ കേറി ആ വരിയില്‍ നിന്നു. അജയനോ വിജയനോ വന്നാല്‍ അവന്മാരെ ആ വരിയില്‍ കയറ്റി നിര്‍ത്തി എനിക്കു വീട്ടില്‍ പോയി വരാം എന്നു കരുതിയാണ് കയറി നിന്നത്. പക്ഷേ അവന്മാര്‍ വന്നില്ല. അവരെ കാത്തു നിന്നു എന്റെ ക്ഷമ നശിച്ചു. ചായ പൊടി പ്രതീക്ഷിച്ചു കൊണ്ട് വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. വീട്ടില്‍ പോകണം എന്ന് അറിയാം, പക്ഷേ ഷോ ആലോചിക്കുമ്പോ മടങ്ങി പോകാനും വയ്യ. അങ്ങനെ നിന്ന് നിന്ന് 11 മണി ആയപ്പോള്‍ അജയനും വിജയനും അകലെ നിന്ന് സിഗരറ്റും വലിച്ചു പതുക്കെ നടന്നു വരുന്നത് ഞാന്‍ കണ്ടു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ മോഹന്‍ലാല്‍ ആദ്യ സീനില്‍ കാര്‍ എടുക്കാന്‍ ജഗതിയുടെ വീട്ടിലേക്കു വരുന്നത് പോലെ ആടിപ്പാടിയാണ് അവന്മാരുടെ വരവ്. അത് കണ്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ അവന്മാരെ എന്റെ അടുത്തേക്ക് വിളിച്ചു "ഡേയ്, ഒരു മാതിരി പരിപാടി കാണിക്കരുത്. ഞാന്‍ 8 മണിക്ക് വന്നു നില്ക്കുന്നതാ. നിങ്ങള്‍ ഇപ്പോളാണോ എഴുന്നള്ളുന്നത്?

അജയന്‍ : എടാ, ഞങ്ങള്‍ ഇറങ്ങാന്‍ വൈകി, എന്തായാലും നീ വരിയില്‍ കയറിയല്ലോ?അത് നന്നായി.

ഞാന്‍ : എടാ, ഞാന്‍ വീട്ടില്‍ നിന്ന് ചായപ്പൊടി വാങ്ങിക്കാന്‍ ഇറങ്ങിയതാണ്, എനിക്ക് പോകണം.

വിജയന്‍ : ചായപ്പൊടി ഒക്കെ നമുക്ക് പിന്നെ വാങ്ങിക്കാം, നീ ഒരു കാര്യം ചെയ്യൂ, ഒരു 4 ടിക്കറ്റ്‌ കൂടെ എടുക്കാന്‍ പറ്റുമോ എന്ന് എന്നു നോക്കൂ, ഞങ്ങള്‍ ദാ വരുന്നു “

അതും പറഞ്ഞു അവന്മാര്‍ ആ ആള്‍ കൂട്ടത്തിലേക്ക് പോയി. ഞാന്‍ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്ന ഒരു അവസ്ഥയിലായി. പിന്നെ എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നു ഞാനും കരുതി, അങ്ങനെ അവന്മാര്‍ക്കും അവരുടെ കൂടെ വന്ന രണ്ടു പേര്‍ക്കും കൂടെ ടിക്കറ്റ്‌ ഞാന്‍ എടുത്തു കൊടുത്തു. ഞങ്ങള്‍ എല്ലാവരും കൂടെ ആഘോഷമായി സിനിമ കണ്ടു.അത് പോലൊരു ഷോ ഞാന്‍ പിന്നെ കണ്ടത് 20:20 ആണ്. അത്ര മാത്രം ബഹളമായിരുന്നു അകത്ത്. അങ്ങനെ ഷോ കഴിഞ്ഞപ്പോള്‍ സമയം 2 മണി കഴിഞ്ഞു. സിനിമയുടെ ആവേശത്തില്‍ വിശപ്പ് അറിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ നല്ല വിശപ്പുണ്ട്. ഭാവനയുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഊണ് കഴിച്ചു. അജയനും വിജയനും വേറെ വഴിക്ക് പോയി. ഞാന്‍ പിന്നെ നേരെ വീട്ടിലേക്ക് വന്നു. വീട്ടില്‍ എന്ത് പറയും എന്നാലോചിച്ച് ഒരു പിടിയുമില്ല.

ആദ്യം രാഘവേട്ടന്റെ കടയില്‍ കയറി ചായപ്പൊടി വാങ്ങി. കാശ് ഇല്ലാത്ത കാരണം കടം പറഞ്ഞു. അപ്പോള്‍ സമയം 3 മണി. വീടിന്റെ മുന്‍ ഭാഗത്ത്‌ കൂടെ കേറാന്‍ ഒരു പേടി. നേരെ പിന്നിലേക്ക്‌ പോയി. അവിടത്തെ വാതിലിലൂടെ അകത്തേക്ക് നോക്കി. ഭാഗ്യം..ആരെയും കാണാനില്ല. ഉമ്മയും ഉപ്പയും ഉറങ്ങുന്ന സമയം. അവര്‍ അറിയാതെ ആ വാതിലിന്റെ പിടി ഞാന്‍ വടി കൊണ്ട് മെല്ലെ മെല്ലെ ഇളക്കി ഒരു വിധം അകത്തു കടന്നു. പക്ഷെ നേരെ ചെന്നു കേറിയത് ഉപ്പാടെ മുന്‍പിലും. പുള്ളി ഒന്നും പറഞ്ഞില്ല. നേരെ ഉമ്മാനെ വിളിച്ചു " ദേടി കാലത്ത് ചായപ്പൊടി വാങ്ങാന്‍ പോയ നിന്റെ മോന്‍"

അത് കേട്ടതും ഉമ്മ രംഗത്ത് വന്നു. എന്നെ തുറിച്ചു നോക്കി, ആ കണ്ണുകളില്‍ നിന്നു തീ പാറുന്നു.

ഉമ്മ : എന്തിനാടാ ഇപ്പോ തന്നെ പോന്നത്? അവിടെ തന്നെ കിടക്കായിരുന്നില്ലേ?

ഞാന്‍ തല താഴ്ത്തികൊണ്ട് ആ ചായപ്പൊടിയുടെ കവര്‍ മെല്ലെ നീട്ടി.

ഉമ്മ : ഇനി എന്തിനാ ചായപ്പൊടി? അതൊക്കെ ഉപ്പ വാങ്ങി കൊണ്ട് വന്നു.

ഞാന്‍ ഒന്നും മിണ്ടാതെ നേരെ എന്റെ റൂമില് പോയി കമിഴ്ന്നു കിടന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതെ കിടക്കുന്നതാണ് നല്ലത്.

അപ്പോള്‍ ഉപ്പ ആ വഴി വീണ്ടും വന്നു, എന്നിട്ട ഉമ്മാട് വീണ്ടും " എടീ, പാവം വെയിലൊക്കെ കൊണ്ട് നന്നായി ക്ഷീണിച്ചാ വന്നേക്കുന്നത്, കിടക്കുന്നത് കണ്ടില്ലേ? അവന് ചോറ് കൊടുക്ക്.

ഞാന്‍ ഒന്നും പറയാന്‍ പറ്റാതെ ആ കിടപ്പ് തുടര്‍ന്നു.പിന്നെ ഉമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി ഊണ് കഴിച്ചു. ഹോട്ടലില്‍ നിന്ന് കഴിച്ച കാര്യം അവിടെ പറഞ്ഞില്ല. അപ്പോളാണ് ഉമ്മ പറഞ്ഞത് ഞാന്‍ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പൂങ്കുന്നത്തു നിന്നു എന്റെ സുഹൃത്ത് സുമേഷ് വന്നിരുന്നു എന്ന്. അവന്‍ എന്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചതാണ്. അവന് ചായ കൊടുക്കാന്‍ വേണ്ടിയാണ് ഉപ്പ പോയി ചായപ്പൊടി വാങ്ങി വന്നത്. അവന്‍ ഞാന്‍ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് ഉച്ച വരെ എന്നെ കാത്തു നിന്നു. ഒടുവില്‍ ഊണ് കഴിച്ചാണ് അവന്‍ മടങ്ങി പോയതത്രേ. ഞാന്‍ സിനിമയ്ക്കു പോയതാണ് എന്ന് അവനു മനസ്സിലായി. എന്റെ സ്വഭാവം അവനറിയാം, കാരണം അവനായിരുന്നു പ്രീ ഡിഗ്രീ കാലഘട്ടത്തില്‍ എന്റെ സിനിമ കമ്പനി. എന്തായാലും ആ ഒരു സംഭവത്തോടെ എന്റെ ഒരു സിനിമ ഭ്രമം വ്യക്തമായി ഉപ്പക്കും ഉമ്മക്കും മനസ്സിലായി. പിന്നീട് പലപ്പോഴും ഇത് പോലുള്ള സംഭവങ്ങള്‍ എന്റെ വീട്ടില്‍ അരങ്ങേറി

അടുത്ത സിനിമ :ദുബായ്


വേറൊരു സിനിമ ഓര്‍മ്മ പറയാം. വര്‍ഷം 2000. അന്ന് ഞാന്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുന്ന കാലം. അന്നും സിനിമ കാണലിന് കുറവൊന്നുമില്ല. ആയിടക്കാണ് " ദുബൈ “ എന്ന സിനിമ ഏറെ കാലത്തിനു ശേഷം റിലീസ് ആയത്. അന്നൊരു ഞായറാഴ്ച ആണ്. കാലത്ത്‌ പേപ്പര്‍ നോക്കിയപ്പോളാണ് പടം ഇറങ്ങിയ കാര്യം അറിഞ്ഞത്. സിനിമ കാണണം എങ്കില് തൃശൂര്‍ പോകണം. എനിക്കു ആണെങ്കില്‍ അന്ന് ക്ലാസ്സുമില്ല. തൃശൂര്‍ പോകാന്‍ ഒരു വഴിയുമില്ല. എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോളാണ്നി ഉപ്പ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്. ഞാന്‍ മുറ്റത്തേക്ക് ഓടി ചെന്നു. പുള്ളി എങ്ങോട്ടോ പോകാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായി. ആളുടെ കൂടെ പോയാല്‍ എനിക്ക് എങ്ങനെയെങ്കിലും പുറത്തു കടക്കാം. ഞാന്‍ മെല്ലെ ഉപ്പാടെ അടുത്തേക്ക് ചെന്നു.

ഞാന്‍ : ഉപ്പ എങ്ങോട്ടാ പോകുന്നത്?

ഉപ്പ: ഞാനാ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെക്കാ, അവന്‍ കുറച്ചു ദിവസമായി വണ്ടി എടുക്കാന്‍ വരുന്നില്ല ( അന്ന് ഞങ്ങള്‍ക്ക് ഒരു ഓട്ടോ ഉണ്ട്, അതിന്റെ ഡ്രൈവര്‍ ആണ് ഈ ഉണ്ണികൃഷ്ണന്‍).

ഞാന്‍ : ആഹാ, എന്നാ പിന്നെ ഞാനും വരാം.

ഉപ്പ : അതിനു നീ എന്തിനാ വരുന്നത്?

ഞാന്‍ : അല്ല, എന്താണ് അവന്റെ ഉദ്ദേശം എന്നൊന്ന് അറിയണമല്ലോ. അവനു തോന്നുമ്പോ വരാനാണോ നമ്മള്‍ വണ്ടി ഓടിക്കാന്‍ ഏല്പിച്ചത്?

ഉപ്പ എന്നെ സംശയത്തോടെ ഒന്നു നോക്കി, പിന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ ഉടനെ തന്നെ പിന്നില്‍ കയറി ഇരുന്നു, വണ്ടി മുന്‍പോട്ടു നീങ്ങി. ഉണ്ണികൃഷ്ണന്റെ വീട് മഴുവഞ്ചേരിയിലാണ്. അങ്ങോട്ട് പോയാല്‍ എന്റെ എന്റെ കാര്യം നടക്കില്ല. കേച്ചേരി കഴിഞ്ഞാല്‍ പിന്നെ കുടുങ്ങും. അതിനു മുന്‍പ്‌ എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങിയെ പറ്റു എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കേച്ചേരി എത്തിയ ഉടനെ ഞാന്‍ പെട്ടെന്ന് തലയില്‍ കൈ വെച്ച് പറഞ്ഞു "അയ്യോ"

ഉപ്പ ചോദിച്ചു : എന്താടാ?

ഞാന്‍ : വണ്ടി നിര്‍ത്ത്, വണ്ടി നിര്‍ത്ത്.

ഉപ്പ വണ്ടി നിര്‍ത്തി. ഞാന്‍ മെല്ലെ ഇറങ്ങി. എന്നിട്ട് പറഞ്ഞു " അതേ, ഞാന്‍ ഇപ്പോള്‍ വന്നാല്‍ ശരിയാവില്ല. നമ്മടെ ഉസ്മാന്‍ എന്നോടു കാലത്ത് അവന്റെ കടയിലേക്കൊന്നു ചെല്ലാന്‍ പറഞ്ഞതാ. ഞാന്‍ അത് ഇപ്പോളാ ഓര്‍ത്തത്‌..ഒരു കാര്യം ചെയ്യ്, ഉപ്പ പൊക്കോ,ഞാന്‍ പിന്നെ വരാം"

അങ്ങനെ ഉപ്പ ബൈക്ക് എടുത്തു പോയി. ബസ് സ്റ്റോപ്പ് എന്റെ മുന്‍പില്‍ ആണെങ്കിലും ആളെ കാണിക്കാന്‍ വേണ്ടി ഞാന്‍ വെറുതെ ഉസ്മാന്റെ കട ലക്ഷ്യമാക്കി പിന്നോട്ട് നടന്നു. ഇടയ്ക്കു ഞാന്‍ ആളെ തിരിഞ്ഞു നോക്കുന്നുണ്ട്. ആളുടെ വണ്ടി മെല്ലെ പോകുന്നേ ഉള്ളൂ. ആളു പോയിട്ട് വേണം എനിക്ക് ബസില്‍ കേറാന്‍. പെട്ടെന്നു ഒരു ഹോണ്‍ കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. നോക്കുമ്പോ ഉപ്പ എന്നെ കൈ കൊണ്ട് അടുത്തേക്ക് വിളിക്കുന്നു.

ഞാന്‍ ഒന്നുമറിയാത്ത പോലെ അടുത്തേക്ക് ചെന്നു “ എന്താ ? "

ഉപ്പ പോക്കറ്റില്‍ നിന്നും ഒരു 50 രൂപ എടുത്ത് എനിക്ക് തന്നു.

ഞാന്‍ ചോദിച്ചു : ഇതെന്തിനാത്?

ഉപ്പ : വെച്ചോ, ചിലപ്പോ ടിക്കറ്റ് ബ്ലാക്കില്‍ എടുക്കേണ്ടി വരും.

ഞാന്‍ മറച്ചു വെച്ച ഒരു ഞെട്ടലോടെ : ടിക്കറ്റോ? എന്ത് ടിക്കറ്റ്?

ഉപ്പ : ഇന്ന് ദുബായ് റിലീസ് അല്ലെ? അത് കാണാന്‍ അല്ലെ നീ ഈ കാലത്ത് തന്നെ ഓടണത്‌?

അതോടെ ഞാന്‍ പത്തി മടക്കി : അതെ, പടം കാണാനാണ്. എങ്ങിനെ മനസ്സിലായി? "

ഉപ്പ : ഇന്നേ വരെ ആ വണ്ടിയുടെ ഒരു കാര്യവും അന്വേഷിക്കാത്ത നിന്റെ ഇന്നത്തെ ആവേശം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി നല്ല ഉദ്ദേശത്തിനല്ല എന്ന്...ഹും..നീ പോക്കോ.

അതും പറഞ്ഞു പുള്ളി കൂളായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. കിട്ടിയ കാശും പോക്കറ്റില്‍ വെച്ചു ഞാന്‍ പിന്നില്‍ വന്ന ബസില്‍ കയറി തൃശൂര്‍ പോയി സിനിമ കണ്ടു. വരിയില്‍ നിന്ന് തന്നെ ടിക്കറ്റ്‌ എടുത്തു. നൂണ്‍ ഷോ കണ്ടു ഉച്ച കഴിഞ്ഞാണ് അന്ന് വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോളും ഏഷ്യാനെറ്റില്‍ ഇടയ്ക്കു ദുബായ് സിനിമ വരുമ്പോളൊക്കെ ഞാന്‍ ഇതെല്ലം ഓര്‍ത്തു പോകും..

അടുത്ത സിനിമ “ പട്ടാളം”



ഒരെണ്ണം കൂടെ ഉണ്ട്. ഇത് നടന്നത് 2003-ലാണ്. ഞാന്‍ എന്ന് എടപ്പാള്‍ ഒരു ബാങ്കില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നു. അത് ചെയ്തു തീര്‍ക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒട്ടും സമയം പാഴാക്കാനില്ല. അങ്ങനെയിരിക്കെയാണ് ഓണത്തിന് “പട്ടാളം” എന്ന സിനിമ റിലീസ് ആകുന്നതു. അന്ന് ബാങ്ക് ഉള്ള കാരണം എനിക്ക് അവിടെ പോകാതെ സിനിമക്ക് പോകാന്‍ പറ്റില്ല. അത് കൊണ്ട് ഞാന്‍ നേരത്തെ തന്നെ അവിടത്തെ മാനേജരോട് ആ ദിവസം ഉച്ച വരെ ലീവ് ചോദിച്ചു. ആദ്യം ആളു സമ്മതിച്ചില്ല. പക്ഷെ അതിനു പകരം വൈകുന്നേരം ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കാം എന്ന് പറഞ്ഞപ്പോള്‍ ആള്‍ ഓക്കേ പറഞ്ഞു. അങ്ങനെ പട്ടാളം റിലീസ് ദിവസം ഞാന്‍ പതിവ് പോലെ നേരത്തെ ഉണര്‍ന്നു പേപ്പര്‍ എടുത്തു റിലീസ്‌ പരസ്യമൊക്കെ നോക്കി വെച്ച്. പിന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി തൃശൂര്‍ പോകാന്‍ ഒരുങ്ങി. ചോറ് പോലും എടുത്തിട്ടില്ല. ആ ബാഗും തൂക്കി എങ്ങനെ തിയറ്ററില്‍ പോകും? ആ സമയത്ത് ഉപ്പ അവിടെ ചാരുകസേരയില്‍ പേപ്പര്‍ വായിച്ചു കൊണ്ട് കിടക്കുന്നുണ്ട്. ഞാന്‍ ആളെ അധികം നോക്കുന്നില്ല.

എന്റെ പതിവില്ലാത്ത ധൃതി കണ്ടു ഉമ്മ : "നീ എങ്ങോട്ടാ ഇത്ര ധൃതിയില്‍ പോണത്?

ഞാന്‍ : "ഇന്ന് ബാങ്കില്‍ കുറച്ചു നേരത്തെ എത്താന്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്.

ഉമ്മ : നിനക്ക് ചോറ് കൊണ്ട് പോയ്ക്കൂടെ?

ഞാന്‍ : വേണ്ടുമ്മ, ഇന്ന് ബാങ്കില്‍ സ്റ്റാഫ്‌ പാര്‍ട്ടി ഉണ്ട്,ആരോടും ഫുഡ്‌ കൊണ്ട് വരണ്ട എന്നാ പറഞ്ഞത്

ഉമ്മ : നീ ബാഗും എടുക്കുന്നില്ലേ?

ഞാന്‍ : വേണ്ട, ചോറില്ലല്ലോ , പിന്നെ എന്തിനാ ബാഗ്?

ആ സമയത്ത് പേപ്പെറിന്റെ ഒരു താള്‍ മറിച്ചു കൊണ്ട് ഉപ്പ : അത് ശരിയാ, ബാഗ് കൊണ്ട് പോയാല്‍ ടിക്കറ്റ്‌ എടുക്കനോക്കെ ബുദ്ധിമുട്ടാകും, അതിന്റെ വള്ളിയൊക്കെ ആള്‍ക്കാര്‍ പിടിച്ചു വലിക്കും"

ഉമ്മ : ടിക്കറ്റ്‌ എടുക്കാനാ? അപ്പോ ഇവന്‍ സിനിമ കാണാന്‍ പോവാ?

ഉപ്പ : പിന്നെ വെറുതെയാണോ അവന്‍ ഇന്ന് വെളുപ്പിന് ഉണര്‍ന്നു പേപ്പര്‍ നോക്കിയിരുന്നത്?

ഞാന്‍ : സിനിമയോ? ഏത് സിനിമ?

ഉപ്പ :ഇന്ന് പട്ടാളം റിലീസ് അല്ലേ?

ഞാന്‍ ഞെട്ടലോടെ : പട്ടാളം റിലീസ് ആയോ? എപ്പോ?

ഉപ്പ : പോടാ പോടാ, നിന്നു സമയം കളയണ്ട, അല്ലെങ്കില്‍ ടിക്കറ്റ്‌ കിട്ടില്ല..

ഉമ്മ : കഷ്ടം തന്നെ മോനേ, ഇങ്ങനെ നുണ പറയല്ലേട്ടടാ..

ഞാന്‍ തല താഴ്ത്തി മെല്ലെ വീട്ടില്‍ നിന്നു ഇറങ്ങി.

ഉമ്മ മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് : അവന്‍ പോകുന്നത് നോക്ക്, ഇങ്ങനെയും ഉണ്ടോ ഒരു സിനിമ ഭ്രമം?

ഞാന്‍ അതൊന്നും കേള്‍ക്കാത്ത പോലെ മുന്‍പോട്ടു നടന്നു. അങ്ങനെ തൃശൂര്‍ പോയി. പെട്ടി എത്താന്‍ വൈകിയത് കൊണ്ട് നൂണ്‍ ഷോ തുടങ്ങാന്‍ വൈകി. പടം കണ്ടു കഴിഞ്ഞു വിജയശ്രീ ലളിതനായി ഞാന്‍ അന്ന് നാല് മണിയോടെ എടപ്പാള്‍ ബാങ്കില്‍ എത്തി. അന്ന് എട്ടു മണി വരെ ഞാന്‍ അവിടെ വര്‍ക്ക്‌ ചെയ്തു. പാവം മാനേജര്‍ എനിക്ക് വേണ്ടി അന്ന് എന്റെ കൂടെ രാത്രി വരെ ഇരുന്നു. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ ഒന്‍പതര കഴിഞ്ഞു. അന്നും ഇന്നും ഈ കാര്യത്തില്‍ ഉപ്പ എന്നോട് ക്ഷമിച്ചിട്ടെയുള്ളൂ. ഈ വ്യാഴാഴ്ച രാത്രി ഞാനും പാപ്പിയും കൂടെ ഞാന്‍ ജില്ല കാണാന്‍ പാതിരാത്രി പോയപ്പോള്‍ ഉപ്പ ജാസ്മിനോട് പറഞ്ഞത്രേ " അവന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവുമില്ലല്ലേ എന്ന്.

എല്ലാം സിനിമ പ്രേമികള്‍ക്കും കാണും ഇങ്ങനെ ഓരോ സിനിമാ സ്മരണകള്‍. എനിക്ക് തന്നെ ഉണ്ട് ഇത് പോലെ കുറേ എണ്ണം. വായിക്കാന്‍ ആള്‍ക്കാരുണ്ടെന്കില്‍ സമയം പോലെ ഓരോന്നായി ഓര്‍ത്തെടുത്തു എഴുതാന്‍ ശ്രമിക്കാം :)

Monday, July 9, 2012

കുറച്ചു കാസ്സെറ്റ് വിശേഷങ്ങള്‍ !!

എന്റെ ഫോറം സുഹൃത്തായ പുലി ജോസ് കുറച്ചു ദിവസം മുന്പ് എന്നോടു ചോദിച്ചു എന്താണ് ഇപ്പോള്‍ ബ്ലോഗില്‍ എഴുതാത്തത് എന്നു .സത്യം പറഞ്ഞാല്‍ മടി ആയിരുന്നു, കുറച്ചു ദിവസം മുന്‍പ് സരോജുമായി സംസാരിച്ച കൂട്ടത്തില്‍ എഴുതാന്‍ ഒരു വിഷയം കിട്ടിയിരുന്നു,അത് നമ്മുടെ പഴയ ഓഡിയോ കാസ്സെടുകളും വീഡിയോ കാസ്സെട്ടുകളും ആയിരുന്നു.


നിങ്ങളില്‍ പലരും പണ്ട് ഓഡിയോ കാസറ്റ് ഉപയോഗിച്ചിരിക്കും. സി‌ഡി എല്ലാം വരുന്നതിന് മുന്പെ അതായിരുന്നല്ലോ നമ്മുടെ ആശ്രയം. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ചെറിയ ടേപ് റിക്കോര്‍ഡര്‍, നാഷനല്‍ പാനസോണിക്. അന്ന് ഇറങ്ങുന്ന മലയാളം സിനിമകളുടെ ഓഡിയോ കാസ്സറ്റിന് 40 രൂപയാണ് വില, പിന്നീട് 1997-ല്‍ ചന്ദ്രലേഖ മുതലാണെന്ന് തോന്നുന്നു 50 രൂപ ആയത്. 40 ആയാലും 50 ആയാലും അത് വാങ്ങിക്കാന്‍ അന്ന് കാശില്ല.പിന്നെയുള്ള വഴി റെക്കോര്‍ഡിങ് ആണ്.അതിനു വേണ്ടി പല തവണ പല റെക്കോര്‍ഡിങ് കടകളുടെയും പടി ഞാന്‍ കയറിയിട്ടുണ്ട്. അന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള കൂട്ടരാണ് ഈ റെക്കോര്‍ഡിങ് കടയിലെ ചേട്ടന്‍മാര്‍.കാസറ്റ് കൊണ്ട് കൊടുത്താല്‍ അവര്‍ പറയും "ഒരു ആഴ്ച കഴിഞ്ഞു വായോട്ടാ" എന്ന്. ഞാന്‍ "അയ്യോ,അത്ര സമയം എടുക്കുമോ? എന്നു ചോദിക്കണ്ട താമസം അവര്‍ താഴെ നിന്നു പാട്ടുകളുടെ ലിസ്റ്റ് എഴുതിയ ഒരു കടലാസ് റബര്‍ ബാന്‍ഡ് കൊണ്ട് ചുറ്റിയ കുറെ കാസറ്റുകള്‍ എടുത്ത് പൊക്കി കാണിക്കും. എന്നിട്ട് പറയും "ദാ, ഇതൊക്കെ ചെയ്യാനുള്ളതാ" അതോടെ നമ്മള്‍ പത്തി മടക്കും,തിരികെ പോകും. പിന്നീട് ഇടക്ക് അവിടെ ഒന്നു കയറി നോക്കും. അപ്പോളൊക്കെ അവര്‍ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട് “ ആയിട്ടില്ല”.പിന്നീട് ഈ കാസറ്റ്‌ കയ്യില്‍ കിട്ടുന്ന ദിവസം നിലത്തൊന്നുമല്ല, ഒരു ഓട്ടം ആണ് വീട്ടിലേക്ക്,അത് എന്റെ വീട്ടിലെ ടേപില്‍ വെച്ച് കേള്‍ക്കാനുള്ള ആര്‍ത്തി പിടിച്ച ഓട്ടം. നിങ്ങളില്‍ പലര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിരിക്കാം.

അന്നൊക്കെ TDK എന്ന ബ്ലാങ്ക് കാസ്സെറ്റ്സ് ആണ് കൂടുതലും.അവരുടെ 60 & 90 എന്നിങ്ങനെയുള്ള കാസ്സെറ്റ് ആണ് ഉള്ളത്, നമ്മള്‍ കടക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും 60 ആകുമ്പോള്‍ 12 പാട്ടു കിട്ടും നല്ല ക്ലാരിറ്റിയും ഉണ്ടാകും , 90 ആകുമ്പോള്‍ 18 പാട്ട് കേറും, പക്ഷേ ക്ലാരിറ്റി കുറയും, വേറെ എന്തു കുറഞ്ഞാലും ക്ലാരിറ്റി കുറയാന്‍ നമ്മള്‍ സമ്മതിക്കില്ല, എന്നാല്‍ 60 മതി എന്നു നമ്മളും പറയും, പിന്നെ ഈ ചേട്ടന്‍മാര്‍ക്ക് കൊടുക്കുന്ന ചില നിര്ദേശങ്ങള്‍ നിങ്ങള്ക്ക് ഓര്‍മ്മയുണ്ടോ? "ചേട്ടാ, ബാസ്സ് പരമാവധി കൂട്ടിയിട്ടോ,ട്രബിള്‍ കുറച്ചു കിടന്നോട്ടേ" അന്നത്തെ പ്രധാന താരങ്ങളാണ് ഈ ബാസ്സും ട്രബിളും. ആ സമയത്തൊക്കെ നാട്ടില്‍ ചില ഓട്ടോകള്‍ അകലെ നിന്നു വരുമ്പോ തന്നെ അറിയാം. അത് പോലെ ആയിരുന്നു അതിനകത്തെ പാട്ട്. പിന്നില്‍ 2 കുടം ഫിറ്റ് ചെയ്തു"ബും ബും" എന്ന ശബ്ദത്തോടെ വരുന്ന ഓട്ടോകള്‍ ഒരു സ്ഥിരം കാഴ്ച ആയിരുന്നു.ഇന്നും നാട്ടിന്‍ പുറങ്ങളില്‍ അത്തരം ഓട്ടോകള്‍ കാണാം.

ഒരിക്കല്‍ ഞാനും എന്റെ കസിനും കൂടെ പാടൂര്‍ ഒരു കല്ല്യാണത്തിന് പോയി. വര്‍ഷം 1994. അപ്പോളാണ് കല്ല്യാണ വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും ഒരു പാട്ട് കേള്‍ക്കുന്നത്, ഞങ്ങള്‍ ആ വീടിന്റെ മുന്പില്‍ നിന്നു അതിങ്ങനെ കേട്ടു, പെട്ടെന്നു അത് നിന്നു, ഞാന്‍ ആ വീട്ടില്‍ പോയി അവരെ വിളിച്ചു, അവരോടു ചോദിച്ചു " ആ പാട്ട് ഒന്നു കൂടെ വെക്കാമോ" എന്നു. അവര്‍ അത് വീണ്ടും വെച്ചു തന്നു.ആ പാട്ട് ഏതാ എന്നറിയാമോ? “കറുത്ത പെണ്ണേ നിന്നെ“ എന്ന ഗാനം, ചിത്രം തേന്‍മാവിന്‍ കൊമ്പത്ത്. അന്ന് ആ കാസറ്റ്‌ ഇറങ്ങിയിട്ടേ ഉള്ളൂ, പിന്നീട് ആ കാസറ്റിലെ മറ്റ് ചില ഗാനങ്ങള്‍ കൂടെ കേട്ടു.വീട്ടുകാര്‍ അന്വേഷിച്ചു വന്നപ്പോളാണ് ഞങ്ങള്‍ അവിടെ നിന്നു പോന്നത്. ഈ സി‌ഡി വന്നതില്‍ പിന്നെ പാട്ട് വെക്കല്‍ ഒരു ചടങ്ങായി. പ്രത്യേകിച്ച് ഈ MP3. ഒരു സിഡിയില്‍ തന്നെ 150 പാട്ടുകള്‍. അതില്‍ ഒന്നും മുഴുവനായി കേള്‍ക്കാന്‍ സാധിക്കില്ല. അതിനു മുന്പെ അത് മാറ്റും,അടുത്തത് വെക്കും. പിന്നെ FM, കേബിള്‍ ടി‌വി, മൊബൈല്‍ ഫോണ്‍,ഇന്റര്‍നെറ്റ്‌ അങ്ങനെ എല്ലായിടത്തും പാട്ടുകളുണ്ട്. അന്ന് ജെന്‍റില്‍മാന്‍ എന്ന സിനിമയുടെ ഓഡിയോ കാസറ്റ്‌ ഇറങ്ങി ഹിറ്റ്‌ ആയി നില്‍ക്കുന്ന സമയം. എവിടെ പോയാലും ചിക്ക് ബുക്ക്‌ കേള്‍ക്കുന്ന സമയം. അപ്പോള്‍ എനിക്കും ആഗ്രഹം അത് വാങ്ങാന്‍, കടയില്‍ ചെന്നു വില ചോദിച്ചപ്പോള്‍ 29 രൂപ. വീട്ടില്‍ വന്നു ഉപ്പാട് കാശു ചോദിച്ചു,തന്നില്ല. പിന്നെ ഞാന്‍ കിട്ടുന്ന ചില്ലറ പൈസകള്‍ ഒക്കെ എടുത്തു വെച്ചു തുടങ്ങി. അവസാനം ഒരു മാസം ഒക്കെ കഴിഞ്ഞപ്പോളാണ് 29 രൂപ ആയത്, ഉടനെ കേച്ചേരിയില്‍ പോയി ആ കാസറ്റ്‌ വാങ്ങി. ലോകം കീഴടക്കിയ സന്തോഷത്തോടെ വീട്ടില്‍ തിരിച്ചു വന്നു അത് കേട്ടതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ എന്റെ മനസ്സില്‍ ഉണ്ട്. പിന്നീട് കാതലന്‍, ഇന്ത്യന്‍, കാതല്‍ദേശം റഹ്മാന്റെ എത്ര കാസറ്റുകള്‍ അങ്ങനെ വാങ്ങിയിരിക്കുന്നു. അത് പോലെ നമ്മുടെ ആ പഴയ വീഡിയോ കാസ്സെട്ട്, ഇന്ന് നമ്മള്‍ ആരും ആലോചിക്കുക പോലും ചെയ്യാത്ത ആ ചിത്രപേടകം.


അന്നൊക്കെ എന്റെ കസിന്റെ വീട്ടിലെ tv & vcr ആണ് എന്റെ പ്രധാന വിനോദോപാധി. അന്നൊക്കെ കേച്ചെരിയിലെ ഒരു വീഡിയോ കടയില്‍ നിന്ന് ഒരു ചേട്ടന്‍ ബാഗ്‌ നിറയെ കാസ്സെട്ടുകളായി വന്നിരുന്നു. അതില്‍ നിന്നും നമുക്ക്‌ ഇഷ്ട്ടപെട്ട സിനിമകള്‍ നോക്കി തിരഞ്ഞു പിടിച്ചു കാണുമായിരുന്നു,5 രൂപയോ മറ്റോ ആയിരുന്നു അതിന്റെ വാടക. ആ സിനിമ കണ്ടു കഴിഞ്ഞാല്‍ പിന്നെ ആ ചേട്ടന്റെ അടുത്ത വരവും നോക്കി ഇരിക്കുമായിരുന്നു പിന്നീട് മറ്റു വീഡിയോ കടകള്‍ വന്നപ്പോള്‍ ഞങ്ങള്‍ കടകളില്‍ നേരിട്ട് പോയി എടുത്തു തുടങ്ങി. പിന്നീട് കുറെ കഴിഞ്ഞാണ് എന്റെ വീട്ടില്‍ tv & vcr വന്നത്, vcr കൊണ്ട് വന്ന ദിവസം ഞാന്‍ കാണാന്‍ കൊണ്ട് വന്ന വാത്സല്യം ,അത് ഇട്ട ഉടനെ കറന്റ്‌ പോയി, പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് കറന്റ്‌ വന്നത്. ആ കാത്തിരിപ്പ്...ഹോ ആലോചിക്കാന്‍ വയ്യ. പിന്നീട് കറന്റ്‌ വന്ന നേരത്തെ ആ സന്തോഷം..പറഞ്ഞറിയിക്കാന്‍ വയ്യ.. ‍പിന്നീട് അവിടെ നിന്ന് അങ്ങോട്ട്‌ എത്ര സിനിമകള്‍ കണ്ടു കൂട്ടി. ഒരു ഉത്തരവാദിത്തവും ഇല്ലാതെ ആഹ്ലാദത്തോടെ ആഘോഷിച്ചു നടന്ന ബാല്യം...ആ അതൊക്കെ ഒരു കാലം !!

Thursday, April 12, 2012

ദുബായിലെ പൂച്ചകളും കിളികളും !!



പൂച്ചകളെ എനിക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ എനിക്ക് ഓമനിക്കാന്‍ ഇഷ്ട്ടമുള്ള ഒരു ജീവി പൂച്ചയാണ്, വീട്ടിലും പരിസരത്തും ഒരു പാട് പൂച്ചകള്‍ ഉണ്ടായിരുന്നു. അവയെല്ലാം വീടിന്റെ അകത്തും പുറത്തുമെല്ലാം ഇഷ്ട്ടമുള്ള സമയത്ത് കേറി നടക്കുമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പോലെ. അവയുടെ ആ സ്വാതന്ത്ര്യമാണ് എനിക്കിഷ്ടം. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ കുറെ പൂച്ചകളും പൂച്ചകുട്ടികളും നായ കടിച്ചും വണ്ടി കയറിയുമൊക്കെ ചത്ത്‌ പോയിട്ടുണ്ട്, അന്നൊക്കെ ഞാന്‍ കുറെ കരഞ്ഞിട്ടുമുണ്ട്. എന്റെ ഉപ്പക്കും പൂച്ചകളെ ഇഷ്ടമാണ്. കറുത്ത പൂച്ചകളെയാണ് കൂടുതല്‍ ഇഷ്ടം. അവയെ വീട്ടില്‍ വളര്ത്തുന്നത് നല്ലതാണു എന്നാണ് ആള് പറയുന്നത്. അങ്ങനെ പുള്ളി കൊണ്ട് വന്ന ഒരു കറുത്ത പൂച്ചകുട്ടിയെ ഞാന്‍ ഓമനിച്ചു വളര്‍ത്തി തുടങ്ങി. ഒരിക്കല്‍ ഉപ്പാടെ കാല്‍ അബദ്ധത്തില്‍ കൊണ്ട് ചാവാറായ അതിനെ ഞാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി മരുന്ന് കൊടുത്തു. പിറ്റേ ദിവസം ഡിഗ്രി എക്സാം ആയിരുന്നിട്ടും നേരം വെളുക്കുന്നത് വരെ ഞാന്‍ അതിനെ നോക്കി. ഇടയ്ക്കു ഉറങ്ങുന്ന സമയത്ത് നോക്കാന്‍ ഉമ്മായെ ഏല്പിച്ചു. അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവന്‍ ഉഷാറായി. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒരു ദിവസം ഉപ്പ അവനെ വാതിലടച്ചു പുറത്താക്കിയാണ് കിടന്നത്. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അവനെ കാണാനില്ല. അന്വേഷിച്ചു നടന്ന ഞാന്‍ കണ്ടത്‌ നായ്ക്കള്‍ കടിച്ചു പറിച്ച അവന്റെ ശരീരം ആയിരുന്നു. അതും മഴയത്ത് ചെളിയൊക്കെ പുരണ്ട്. ആ കാഴ്ച എനിക്ക് ഇപ്പോളും മറക്കാന്‍ പറ്റില്ല, ഉപ്പാനെ ഞാന്‍ അന്നു കുറെ വഴക്ക് പറഞ്ഞു. വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഇനി ഒരു ജീവിയേയും ഈ വീട്ടിലേക്ക്‌ കൊണ്ട് വരണ്ട എന്ന് പറഞ്ഞു, അതിനു ശേഷം ഒരു പൂച്ചയെയും ഞാന്‍ വളര്‍ത്തിയിട്ടില്ല.

ഇപ്പൊ ഈ ദുബായിലെ പൂച്ചകളെ പറയാന്‍ ഒരു കാര്യമുണ്ട്. ദിവസവും ഓഫീസിലേക്ക് വരുമ്പോളും പോകുമ്പോളും പല പൂച്ചകളും വഴിയരികില്‍ വണ്ടി ഇടിച്ചു ചത്ത്‌ കിടക്കുന്ന കാഴ്ച എന്നെ വളരെ അസ്വസ്ഥനാക്കുന്നു. തെരുവില്‍ വളരുന്ന അവയെ നോക്കാന്‍ ഇവിടെ ആരുമില്ല. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വണ്ടി ഇടിച്ചു വീണു, പിന്നാലെ വരുന്ന വണ്ടികള്‍ കയറി ഇറങ്ങി പലതും ചതഞ്ഞു അരഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ എനിക്ക് സഹിക്കാറില്ല. ഓഫീസില്‍ ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ ഒരിക്കല്‍ ഒരു പൂച്ച മുന്‍പില്‍ ചാടി, ഞാന്‍ ഉറക്കെ പറഞ്ഞു..അയ്യോ പൂച്ച" അവന്‍ ബ്രേക്ക്‌ അമര്‍ത്തി. പൂച്ച പോയപ്പോള്‍ എന്നോട് പറഞ്ഞു നീ ഇങ്ങനെ പെട്ടെന്ന് പറയല്ലേ, പിന്നില്‍ വണ്ടി വന്നിടിക്കും എന്ന്. ഞാന്‍ പറഞ്ഞു,,."അല്ല ആ പൂച്ച..." അവന്‍ പറഞ്ഞു "ആ അത് ചിലപ്പോ ചത്തെന്നു വരും, ആദ്യം നമ്മുടെ കാര്യം നോക്ക്" എന്ന്. പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇപ്പോളും അറിയാതെ ഞാന്‍ വിളിച്ചു പറഞ്ഞു പോകും. കഴിഞ്ഞ ആഴ്ച ടൌണില്‍ പോയപ്പോള്‍ ചെറിയൊരു പോക്കറ്റ്‌ റോഡിലൂടെ ഒരു പൂച്ച റോഡ്‌ മുറിച്ചു കടക്കുന്നു, ആ സമയത്ത് തന്നെ ഒരു അറബി വണ്ടിയുമായി വന്നു, ഞാന്‍ അയാളോട് കൈ കൊണ്ട് തടഞ്ഞു, അയാള്‍ വണ്ടി നിര്‍ത്തി. പൂച്ച കടന്നു പോയി, അയാള്‍ അറബിയില്‍ എന്നെ എന്തോ ചീത്ത വിളിച്ചു പോയി, അയാള്‍ എന്നെ എന്ത് തെറി വിളിച്ചാലും സാരമില്ല. ആ പൂച്ച രക്ഷപെട്ട സന്തോഷമായിരുന്നു എനിക്ക്. ഞാന്‍ തടഞ്ഞില്ലായിരുന്നു എങ്കില്‍ ഉറപ്പായും ആ വണ്ടി അതിനെ ഇടിച്ചേനെ !

അതു പോലെ തന്നെ ഇവിടെ റോഡില്‍ വന്നിരിക്കുന്ന ഒരു തരം കിളികള്‍ ഉണ്ട് . കുറച്ചു ദിവസം മുന്‍പ് ഞാന്‍ കമ്പനി വണ്ടി കാത്തു നില്ക്കുന്ന സമയത്ത് റോഡില്‍ പറന്നുയരാന്‍ നോക്കിയ ഒരു കിളിയെ വണ്ടി തട്ടി. അത് നിലത്ത് വീണു പിടയുന്നത് കണ്ടു ഞാന്‍ ഓടി ചെന്നു , പക്ഷെ അപ്പോളെക്കും മറ്റൊരു വണ്ടി വന്നു അതിന്റെ മീതെ കയറി പോയി. അതങ്ങോട്ട് റോഡില്‍ അരഞ്ഞു ചേര്‍ന്നു. സങ്കടത്തോടെ എനിക്ക് തിരിച്ചു നടക്കേണ്ടി വന്നു. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടു കണ്ടു മനം മടുത്തു എനിക്ക്. ഇപ്പോള്‍ വീട്ടില്‍ ബാല്‍ക്കണിയില്‍ വരുന്ന അത്തരം കിളികള്‍ക്ക് ബജ്രയും വെള്ളവും വെച്ച് കൊടുക്കും. അവ അത് കൊത്തി തിന്നു വെള്ളവും കുടിച്ചു പോകുന്നത് കാണുമ്പോള്‍ മനസ്സിനൊരു സന്തോഷമാണ്. അതിനു വേണ്ടി കടയില്‍ നിന്നും ബജ്ര വാങ്ങി വെച്ചിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് ഭാര്യക്കും മോനുമാണ് അതിന്റെ വിതരണ ചുമതല. അത് അവര്‍ സന്തോഷത്തോടെ ചെയ്യുന്നുമുണ്ട്. :)

Thursday, March 22, 2012

ദി കിംഗ്‌ - എന്റെ ഓര്‍മ്മകളില്‍ !!

ദി കിംഗ്‌ ഇറങ്ങിയിട്ട് 17 വര്ഷം കഴിയുന്നു..നാളെ അതിന്റെ സെക്കന്റ്‌ പാര്‍ട്ട് എന്ന് പറയാവുന്ന ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു.

അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഷാജി കൈലാസ്‌ - രഞ്ജി പണിക്കെര്‍ ടീം കമ്മിഷണര്‍ എന്ന ഒരു സിനിമയോടെ എന്റെ ആവേശം ആയിരിക്കുന്ന സമയം, അവരാണ് മമ്മുക്കയെ വെച്ച് ദി കിംഗ്‌ എന്ന സിനിമ ചെയ്യുന്നത്, റിലീസിന് മുന്‍പേ എന്റെ ആവേശമായി മാറിയ സിനിമ, വാരികകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെല്ലാം ആവേശത്തോടെ വായിച്ചിരുന്ന കാലം, അങ്ങനെയിരിക്കെ ദി കിംഗ്‌ റിലീസ് ആയി. കൃത്യമായി പറഞ്ഞാല്‍ 1995 Nov 11 ശനിയാഴ്ച.

അന്നു എനിക്ക് കിട്ടിയ ഒരു നോട്ടീസ് ആണിത്



വെള്ളിയാഴ്ച ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ തന്നെ ബസിലിരുന്ന് കണ്ടു മതിലുകള്‍ മുഴുവനും പോസ്റ്ററുകള്‍, പക്ഷെ ശരിക്ക്‌ കാണാന്‍ പറ്റിയില്ല, വീട്ടില്‍ വന്ന ഉടനെ ഞാന്‍ എന്റെ കസിന്‍ ഷെരീഫിനെയും കൂട്ടി സൈക്കിള്‍ എടുത്ത് കൂനമുച്ചിക്ക് വെച്ച് പിടിച്ചു. അവിടെയാണ് ഞങ്ങള്‍ ആ പോസ്റ്റര്‍ കണ്ടത്‌. അവിടെ ചെന്ന് എല്ലാ പോസ്റ്റുകളും ഞങ്ങള്‍ മതി വരുവോളം നോക്കി ആസ്വദിച്ചു മടങ്ങി പോന്നു. അന്ന് തൊട്ടേ സിനിമ കാണാനുള്ള ആഗ്രഹം വീട്ടില്‍ അറിയിച്ചു തുടങ്ങി, പിറ്റേ ദിവസം ഞാന്‍ തറവാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു അങ്കിള്‍ ആ സിനിമ കണ്ടു എന്നറിഞ്ഞു, ഞാന്‍ ആളോട് ചെന്ന് അഭിപ്രായം ചോദിച്ചു, ആളു പറഞ്ഞു നന്നായിട്ടുണ്ട്, ഉടനെ വന്നു എന്റെ അടുത്ത ചോദ്യം : സുരേഷ് ഗോപി എങ്ങനെ ഉണ്ടായിരുന്നു? അങ്കിള്‍: ആളു വളരെ കുറച്ചു നേരമേ ഉള്ളു, എന്റെ അടുത്ത ചോദ്യം : ആള്‍ക്ക് ഡയലോഗ് ഉണ്ടോ? അങ്കിള്‍:അവന്‍ പൊട്ടന്‍ ഒന്നുമല്ല.
അതോടെ ഞാന്‍ ചോദ്യം നിര്‍ത്തി വീട്ടിലേക്ക്‌ മടങ്ങി പോന്നു.

പിന്നെയും 3 ആഴ്ച കഴിഞ്ഞാണ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയത്‌, അതും sslc പരീക്ഷ അടുത്തിരിക്കുന്ന സമയത്ത്. എന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അന്നത് കാണാന്‍ ഉപ്പ തയ്യാറായത്‌. ഒരു പാടു സന്തോഷം തോന്നിയ ഒരു യാത്ര ആയിരുന്നു അത്, അന്ന് ബസില്‍ ഇരുന്നു ഉമ്മ എന്നോട് പറഞ്ഞു നീ നന്നായി പഠിച്ചു പരീക്ഷ എഴുതും എന്നൊക്കെ പറഞ്ഞിട്ടാണ് ഉപ്പ സമ്മതിച്ചത്‌, ഇനി സിനിമയൊക്കെ നിര്‍ത്തി നന്നായി പഠിക്കണം, ഞാന്‍ തല കുലുക്കി, നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ?

അങ്ങനെ തൃശൂര് രാഗത്തില്‍ പോയി ഞങ്ങള്‍ സിനിമ കണ്ടു, പടം തുടങ്ങുന്നതിനു മുന്‍പ്‌ എന്റെ ആവേശം കണ്ടു ഉമ്മ ഉപ്പാട് പറഞ്ഞു "ചെക്കന്റെ ഒരു സന്തോഷം നോക്ക്.." . പടം കഴിഞ്ഞു വീട്ടില്‍ എത്തുന്ന വരെ അതിലെ ഡയലോഗുകള്‍ ഓര്‍ത്തു ഞാന്‍ കോരിത്തരിച്ചു, പിന്നെ അതിന്റെ ഒരു ശബ്ദ രേഖയും ഞാന്‍ ഒപ്പിച്ചെടുത്തു. പിന്നീട് എത്രയോ തവണ കിംഗ്‌ കണ്ടിരിക്കുന്നു.

അപ്പൊ അങ്ങിനെയുള്ള ആ കിങ്ങിന്റെ രണ്ടാം ഭാഗം, അല്ലെങ്കില്‍ നായകന്‍ ജോസഫിന്റെ തിരിച്ചു വരവാണ് നാളെ. അതും ഭരത് ചന്ദ്രന്റെ കൂടെ..ഈ 17 വര്ഷം കൊണ്ട് എന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു, അന്നത്തെ പത്താം ക്ലാസ്സുകാരനായ എനിക്ക് ഇന്നൊരു മകന്‍ ഉണ്ട്..സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ എനിക്ക് എപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ്.

ആദ്യ ഭാഗത്തിന്റെ പേര് ചീത്തയാക്കാതെ നല്ലൊരു സിനിമ ഒരുക്കാന്‍ ഷാജിക്കും ടീമിനും കഴിയട്ടെ. മമ്മുക്കക്കും സുരേഷ് ഗോപി ചേട്ടനും ഷാജിക്കും എല്ലാ വിധ ആശംസകളും നേരുന്നു !!

Tuesday, March 20, 2012

ഒരു മരണവും ഒരു ജനനവും !!

ഇന്നലെ ഒരു മരണ വാര്‍ത്ത...ഇന്ന് ഒരു ജനന വാര്‍ത്ത..ഒന്ന് സങ്കടകരമായ ഒരു വാര്‍ത്ത ആണെങ്കില്‍ മറ്റേതു സന്തോഷകരമായ ഒരു വാര്‍ത്ത..രണ്ടും നാട്ടില്‍ നിന്ന് എന്നെ തേടിയെത്തി.



മരണപ്പെട്ടത്‌ എന്റെ ഉപ്പാടെ അടുത്ത സുഹൃത്തും എന്റെ സുഹൃത്ത് രാഹുലിന്റെ പാപ്പനുമായ സുകുമാരേട്ടന്‍. ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു മരിച്ചത്‌. പുള്ളി KSEB ഡ്രൈവര്‍ ആയിരുന്നു. രണ്ടു പെണ്‍കുട്ടികളുണ്ട്,രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. കുറച്ചു കാലം മുന്‍പാണ് പുതിയ വീടൊക്കെ വെച്ച് താമസം മാറിയത്. മൂത്ത കുട്ടിയുടെ കല്യാണ തലേ ദിവസം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു, അന്ന് ഞാന്‍ ആ വീട്ടില്‍ പോയിട്ടുണ്ട്. ഒരു സിഗരറ്റ്‌ പോലും വലിക്കാത്ത ആളാണ്,ആള്‍ക്കും ഹാര്‍ട്ട്‌ അറ്റാക്ക്‌..എന്താണ് ഹാര്‍ട്ട്‌ അറ്റാക്കിന്റെ യഥാര്‍ത്ഥ കാരണം? ടെന്‍ഷന്‍? വ്യായാമത്തിന്റെ കുറവ്?

ഞാന്‍ കഴിഞ്ഞ അവധിക്ക് രണ്ടു മൂന്നു തവണ സുകുമാരേട്ടനെ കണ്ടിരുന്നു. എന്നെ കണ്ടാല്‍ ആളു ചോദിക്കും "ഡാ ഗള്‍ഫ്‌കാരാ ഒരു കഷ്ണം അത്തര്‍ തരോ?" അത്തര്‍ കൊണ്ട് വന്നിട്ടില്ല,വേണമെങ്കില്‍ ഒരു പെര്‍ഫ്യൂം തരാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ കാണുമ്പോളും ആളു ചോദിക്കും " ഡാ, ഒരു അത്തര്‍ താടാ ". ഞാന്‍ പറഞ്ഞു അടുത്ത തവണ നിങ്ങള്‍ക്കൊരു അത്തര്‍ വാങ്ങിയിട്ട് തന്നെ കാര്യം, അപ്പൊ പുള്ളി എന്റെ അടുത്തു വന്നു തോളില്‍ പിടിച്ചിട്ടു പറഞ്ഞു " സുകുമാരേട്ടന്‍ തമാശക്ക് പറഞ്ഞതാട്ടാ " ആളങ്ങിനെ പറഞ്ഞെങ്കിലും അതെന്റെ മനസ്സില്‍ കൊണ്ടിരുന്നു, അടുത്ത തവണ നാട്ടില്‍ പോകുമ്പോ ഒരു കഷ്ണം അത്തര്‍ ആള്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു, മിക്കവാറും ജൂലൈ മാസത്തില്‍ നാട്ടില്‍ പോകും, പക്ഷെ ആ അത്തര്‍ വാങ്ങാന്‍ സുകുമാരേട്ടന്‍ അവിടെ ഇല്ലല്ലോ എന്നോര്‍ക്കുമ്പോ ഒരു വിഷമം..

ഇന്നലെ എനിക്ക് ഉപ്പാനെ വിളിക്കാന്‍ പറ്റിയില്ല, ഇന്ന് കാലത്താണ് എന്നെ വിളിച്ചത്,പുള്ളിയോട് ഞാന്‍ സുകുമാരേട്ടന്റെ കാര്യം ചോദിച്ചു , ആളുടെ വിഷമം ശബ്ദത്തില്‍ നിന്ന് എനിക്ക് മനസ്സിലായി, സ്വരം ഇടറിയിരുന്നു, എന്നോട് പറഞ്ഞു.. എന്താ ചെയ്യാ? അവന്‍ പോയി,എല്ലാ കാര്യങ്ങള്‍ക്കും എന്നെ ആണ് അവന്‍ വിളിക്കാറ്,ആ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉപ്പ അവിടെ പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു, ഇന്നലെ മുഴുവന്‍ അവിടെ തന്നെ ആയിരുന്നു എന്ന് പുള്ളി പറഞ്ഞു. ഒരു മരണം ഒരു കുടുംബത്തിന് ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണ്. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഇന്ന് മുതല്‍ ആ വീട്ടില്‍ ഇല്ല, ആഗ്രഹിച്ചാലും കാണാന്‍ പറ്റാത്ത അത്ര ദൂരത്തേക്ക് അയാള്‍ പോകുന്നു, ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു, ഒരാളുടെയും മരണം കാണാന്‍ എനിക്ക് വയ്യ.

ഇനി പറയാനുള്ളത്‌ ഒരു ജനന വാര്‍ത്തയാണ്, എന്റെ മാമി പ്രസവിച്ചു. ഒരു ആണ്‍കുട്ടി. മാമി പ്രസവിച്ചത്‌ സന്തോഷമുള്ള കാര്യം. അതൊരു ആണ്‍കുട്ടി ആയത് അതിലേറെ സന്തോഷം, കാരണം മാമിക്ക്‌ മൂന്നു പെണ്‍കുട്ടികള്‍ ആണ്.ഒരു ആണ്‍കുട്ടിക്ക് വേണ്ടി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് നാളേറെ ആയി.ആ സ്വപ്നം ആണ് ഇന്ന് പൂവണിഞ്ഞത്.നാട്ടില്‍ നിന്ന് ഉപ്പ ജാസ്മിനു വിളിച്ചു പറഞ്ഞിരിക്കുന്നു.അവളും സന്തോഷത്തിലാണ്.മാമിയുടെ വീടും സുകുമാരേട്ടന്റെ വീടും അടുത്താണ്.ഒരു വീട്ടില്‍ പുതിയൊരു ആളു വന്നതിന്റെ സന്തോഷം.മറ്റേ വീട്ടില്‍ കൂടെ ഉണ്ടായിരുന്ന ഒരാള് പോയതിന്റെ ദുഃഖം.ഒരേ ചുറ്റളവില്‍ തന്നെ രണ്ടു വ്യത്യസ്ത വികാരങ്ങള്‍.ദൈവം വലിയവനാണ്..!!

Sunday, March 18, 2012

കുന്നംകുളത്തെ തട്ടുകടകള്‍ !!

ഇന്ന് ഓഫീസില്‍ ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അവധിക്ക് നാട്ടില്‍ പോയാല്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ചു സാധനങ്ങളുടെ പേര് പറഞ്ഞു. ആ കൂട്ടത്തില്‍ അവന്‍ പറഞ്ഞു കുന്നംകുളത്തെ തട്ടുകടയില്‍ പോയി ഒരു കുത്തിപ്പൊരി കഴിക്കണം എന്ന്. ഇത് കേട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന അഷ്‌റഫിക്ക ചോദിച്ചു എന്താണ് കുത്തിപൊരി? കുറെ വര്‍ഷങ്ങള്‍ ആയി ഗള്‍ഫില്‍ ഉള്ളതു കൊണ്ടും പൊതുവേ ഹോട്ടല്‍ ഫുഡ്‌ ഇഷ്ട്ടമല്ലാത്ത ഒരാളായത് കൊണ്ടും എനിക്ക് ആ ചോദ്യത്തില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഞാന്‍ ആളോട് ചോദിച്ചു കുത്തിപൊരി എന്ന് കേള്‍ക്കുമ്പോ എന്താണ് നിങ്ങടെ മനസ്സില്‍ വരുന്നത്? അപ്പൊ ആളു പറഞ്ഞു കുത്തി പൊരിക്കുന്നതു എന്തോ അതാണ് കുത്തിപൊരി. കയ്യില്‍ ഒരു ചെറിയ കമ്പ് പോലെ കാണിച്ചു അത് കൊണ്ട് എന്തോ കുത്തി എടുത്ത് ചീനച്ചട്ടിയില്‍ ഇടുന്ന പോലെ പുള്ളി അത് കാണിച്ചപ്പോ ഞങ്ങള്‍ക്ക് ചിരി വന്നു. എന്തായാലും ഞങ്ങള്‍ ആള്‍ക്ക് കുത്തിപൊരി എന്താണെന്നു വ്യക്തമായി പറഞ്ഞു കൊടുത്തു. ചെറുപ്പത്തില്‍ സ്കൂളിലേക്ക് കൊണ്ട് പോയിരുന്ന ചോറും-തേങ്ങ ചമ്മന്തിയുടെയും കോഴിമുട്ട പോരിച്ചതിന്റെയും കാര്യം ഒരുത്തന്‍ പറഞ്ഞപ്പോള്‍ നാവില്‍ വെള്ളമൂറി.ആ ചര്‍ച്ച പിന്നെ നാട്ടിലെ രുചികളിലേക്ക് പോയി.


അവന്‍ പറഞ്ഞ കുന്നംകുളത്തെ തട്ടുകടകള്‍ പ്രസിദ്ധമാണ്, മുന്‍പ്‌ റിലയന്‍സില്‍ വര്‍ക്ക്‌ ചെയ്തിരുന്ന കാലത്ത്‌ മിക്ക ദിവസവും വൈകിട്ട് അവിടെ നിന്നും കപ്പയും ബോട്ടിയും കഴിച്ചിട്ടേ ഞാന്‍ വീട്ടില്‍ വരാറുള്ളൂ..നമ്മള്‍ക്ക് എന്തൊക്കെ വേണോ അതൊക്കെ അവര്‍ മിക്സ് ചെയ്തു തരും. കപ്പയും ബോട്ടിയും, കപ്പയും മുതിരയും, കപ്പയും ബീഫും, കപ്പയും മുട്ടയും,അങ്ങനെ അങ്ങനെ..എന്റെ ഉപ്പയും ഒരു തട്ടുകട ഫാന്‍ ആണ്. നാട്ടില്‍ ഉള്ളപ്പോള്‍ പുള്ളിയും ഞാനും കൂടെ ഒരുമിച്ചും പോകാറുണ്ട്, വയ്കുന്നേരം ആകുന്ന നേരത്ത് പുള്ളി ബൈക്ക് എടുത്ത് പോകുന്നത് കണ്ടാല്‍ എനിക്കറിയാം തട്ടുകടയിലെക്ക് ആണെന്ന്, ഞാന്‍ ഒന്നും മിണ്ടാതെ വണ്ടിയുടെ പിന്നില്‍ കയറി ഇരിക്കും, പിന്നെ ചൂണ്ടലില്‍ പോകും, എന്തെങ്കിലുമൊക്കെ കഴിച്ചു വയര് നിറച്ചാണ് വീട്ടിലേക്ക് വരിക, രാത്രി ഞങ്ങള്‍ ചോറ് തിന്നുന്നത് കണ്ടാല്‍ ഉമ്മ പറയും രണ്ടെണ്ണവും കൂടെ പുറത്തു നിന്ന് വയര് നിറച്ചാണ് വന്നിരിക്കുന്നത്, പിന്നെ എങ്ങനെ ചോറ് ഇറങ്ങാനാ എന്ന്..ഞങ്ങള്‍ രണ്ടും ചമ്മിയ മുഖത്തോടെ ഇരിക്കും..ആ.. അതൊക്കെ ഒരു കാലം. കഴിഞ്ഞ അവധിക്കും ഉപ്പയും ഞാനും കൂടെ അവിടെ പോയിരുന്നു, അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ എന്റെ മോനെയും കൊണ്ട് ഉപ്പാടെ കൂടെ വീണ്ടും അവിടെ പോകണം, അതും എന്റെ ഒരു ആഗ്രഹമാണ്..അതൊരു രസമല്ലേ? ഞങ്ങള്‍ മൂന്നു പേരും കൂടെ ഒരുമിച്ചു തട്ടുകടയില്‍..

മുന്‍പൊക്കെ ഞാന്‍ ക്ലാസ്സിലേക്ക്‌ പോകുമ്പോള്‍ ഉമ്മ എനിക്ക് ചോറും പാത്രം തരുമ്പോള്‍ ഉപ്പ പറയും, പുസ്തകം കൊണ്ട് പോകാന്‍ മറന്നാലും ഇവന്‍ ഇതെടുക്കാന്‍ മറക്കില്ല എന്ന്. ഇപ്പൊ ഇവിടെ ദുബായില്‍ വൈകിട്ട് ജാസ്മിന്റെയും മോന്റെയും കൂടെ നടക്കാന്‍ പോകുമ്പോള്‍ ഇടക്ക്‌ ഷവര്‍മ വാങ്ങാറുണ്ട്, മോന് നല്ല ഇഷ്ടമാണ്, ഇപ്പൊ ഷവര്‍മയുടെ കട കാണുമ്പോള്‍ അവന്‍ എന്നെ തോണ്ടി കൈ ണ്ട് ചൂണ്ടി കാണിക്കും, അപ്പൊ ജാസ്മിന്‍ പറയും "ഇത് ഉപ്പാടെ മോന്‍ തന്നെ "

രുചികളുടെ ലോകത്തേക്ക് !!

നാട്ടില്‍ ഉള്ളപ്പോള്‍ തൃശൂര്‍ കുന്നംകുളം റൂട്ടില്‍ ഞാന്‍ ‍പോകാത്ത ഹോട്ടലുകള്‍ കുറവാണ്. ബൈക്കില്‍ വരുമ്പോള്‍ ഓരോ നാട്ടിലെയും മെയിന്‍ ഹോട്ടലില്‍ ഞാന്‍ കയറുമായിരുന്നു. അതൊരു രസമായിരുന്നു. ഹോട്ടല്‍ ഫുഡിനോടുള്ള എന്‍റെ പ്രിയം വീട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും അറിയാം, കുറച്ചു പേരൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇത് എനിക്ക് ഇപ്പൊ ഉള്ള ശീലം അല്ല. ഉപ്പാടെ കൂടെ ഞാന്‍ ചെറുപ്പം മുതലേ കേച്ചേരിയിലെ ഒരു വിധം ഹോട്ടലുകളില്‍ എല്ലാം പോയിട്ടുണ്ട്, എനിക്ക് ഫുഡ്‌ വാങ്ങി തരാന്‍ ഉപ്പക്ക് എന്നും ഇഷ്ടാണ്. കഴിക്കാന്‍ എനിക്കും. ഒരു സമയത്ത് കേച്ചേരിയിലെ അനിക്കാടെ കടയില്‍ എനിക്കൊരു പറ്റു പുസ്തകം തന്നെ ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ അവിടെ കേറി ഞാന്‍ കഴിക്കും. മാസം ആകുമ്പോള്‍ ഉപ്പ കാശു കൊടുക്കും. പാവം എന്‍റെ ഉപ്പാടെ കുറേ കാശ് ഞാന്‍ അങ്ങനെ കളഞ്ഞിട്ടുണ്ട്. ഈ അനിക്കാടെ കടയിലെ പൊറോട്ടയും ബീഫും ഒടുക്കത്തെ രുചി ആയിരുന്നു. പുള്ളി പക്ഷെ പിന്നെ ആ കട വിറ്റു ഗള്‍ഫില്‍ പോയി. അതൊരു തീരാ നഷ്ടം തന്നെ ആണെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. കുറച്ചു കാശ് ഉണ്ടായിരുന്നെങ്കില്‍ ഒരു ഹോട്ടല്‍ തുടങ്ങി അനിക്കാനെ തിരിച്ചു വിളിപ്പിച്ചു അത് മൂപ്പരുടെ പേരില്‍ അങ്ങ് എഴുതി കൊടുക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു അന്നത്തെ ആലോചന. പിന്നെ കേച്ചേരിയിലെ ഷബീന ഹോട്ടലിലെ ബീഫ്‌ ബിരിയാണി, ഫ്രണ്ട്സ്‌ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, ജമാല്‍ ഹോട്ടലിലെ പൊറോട്ടയും ചിക്കനും, എമിറേറ്റ്സ് ഹോട്ടലിലെ പൊറോട്ടയും ബീഫും, പ്ലാസ ഹോട്ടലിലെ ഊണ്, നദീറ ഹോട്ടലിലെ നെയ്‌ റോസ്റ്റ്‌, കൃഷ്ണനുണ്ണി ഹോട്ടലിലെ മസാല ദോശ ഇതൊക്കെ ഉപ്പാടെ കൂടെ പോയി കഴിച്ചിട്ടുണ്ട്. പ്ലാസ ഹോട്ടലില്‍ ഉയരം കുറഞ്ഞ ഒരു വെയ്റ്റര്‍ ഉണ്ടായിരുന്നു, താഴെ നിന്ന് മേശയിലേക്ക് കൈല് എത്തിച്ചു സാമ്പാര്‍ വിളമ്പിയിരുന ഒരു ചേട്ടന്‍, അത് പോലെ ജമാല്‍ ഹോട്ടലിലെ ചിരിക്കാന്‍ അറിയാത്ത, നരച്ച മുടിയുള്ള ഒരു ഇക്ക, അവരൊക്കെ ഇപ്പൊ എവിടെയാണാവോ?

ഈ കൃഷ്ണനുണ്ണി ഹോട്ടലിന്‍റെ ഉടമ ഒരു ശേഖരേട്ടനുണ്ട്. എന്‍റെ ഉപ്പാടെ നല്ല സുഹൃത്ത്‌ ആണ്. അങ്ങോരുടെ ഭാര്യ രാധ ടീച്ചര്‍ ആയിരുന്നു എന്‍റെ രണ്ടാം ക്ലാസ്സിലെ ടീച്ചര്‍. നല്ല ടീച്ചര്‍ ആയിരുന്നു. ഞങ്ങളെ തീരെ അടിച്ചിരുന്നില്ല, ഒരിക്കല്‍ ഞാനും ഉപ്പയും കൂടെ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോ ടീച്ചര്‍ കയറി വന്നതും ഉപ്പക്കും മോനുംഇതാണല്ലേ പണി എന്ന് ചോദിച്ചതും എനിക്ക് ഓര്‍മ്മയുണ്ട്. ഉപ്പാടെ കൂടെ പല തവണ ഞാന്‍ അവിടെ പോയിട്ടുണ്ട്. ഈ ശേഖരേട്ടന്‍ ഒരു സിനിമ പ്രേമിയായിരുന്നു എന്നും മദ്രാസിലോക്കെ പോയി താമസിച്ചിട്ടുണ്ട് എന്നൊക്കെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്.ഏതൊക്കെയോ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പ്രേംനസീറും പുള്ളിയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു ഹോട്ടലിന്‍റെ കാശ് കൌണ്ടറില്‍ തൂക്കിയിരുന്നു, സുന്ദരന്‍ ആയിരുന്നു. ഇപ്പൊള്‍ പക്ഷെ മുടിയൊക്കെ പോയി താടിയൊക്കെ വെച്ച് വേറൊരു രൂപം ആയി. പിന്നീട് ഒരിക്കല്‍ ഏതോ സിനിമയില്‍ ഉപ്പ എനിക്ക് ആളെ കാണിച്ചു തന്നിട്ടുമുണ്ട്, ഏതാ സിനിമ എന്ന് ഓര്‍മ്മയില്ല.പാവം രാധ ടീച്ചര്‍ കുറച്ചു കാലം മുന്‍പ്‌ മരിച്ചു. കാന്‍സര്‍ ആയിരുന്നു.പിന്നീട് ശേഘരേട്ടന്‍ ആ ഹോട്ടല്‍ വേറെ ആര്‍ക്കോ നടത്താന്‍ കൊടുത്തു. അതിനു ശേഷം ഞാന്‍ അവിടെ അധികം പോകാറില്ല, ആള്‍ക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്ന് ഒരിക്കല്‍ ഉപ്പ പറഞ്ഞറിഞ്ഞു. ഒരിക്കല്‍ ഉപ്പാടെ കൂടെ ആളെ കാണാന്‍ പോയപ്പോള്‍ ആളു മൂടി പുതച്ച് ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം കഴിഞ്ഞു വീണ്ടും ആളു തന്നെ ആ ഹോട്ടല്‍ ഏറ്റെടുത്തു, അന്ന് ഞാന്‍ കുറച്ചു കൂടെ മുതിര്‍ന്നിരുന്നു,പഴയ ആ ഓര്‍മ്മ അയവിറക്കാന്‍ ഒരിക്കല്‍ ഞാന്‍ അവിടെ ഒറ്റയ്ക്ക് പോയപ്പോള്‍ ആളോട് പണ്ടത്തെ സിനിമ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു. സിനിമ ഒരു യോഗമാണെന്നും ഭാഗ്യം ഉള്ളവര്‍ക്കേ അതില്‍ കേറാന്‍ കഴിയു എന്നൊക്കെ ആളു പറഞ്ഞു. എന്നോട് ഇതൊക്കെ പറയുമ്പോളും ആരോക്കെയോ വന്നു കാശു കൊടുക്കുന്നുണ്ട്. ഭാഗ്യം ഉണ്ടായിരുന്നെകില്‍ എവിടെ എത്തണ്ട മനുഷ്യനാ എന്ന് ഞാന്‍ ആലോചിച്ചു. നിന്‍റെ ഉപ്പാനെ ഈ വഴിക്കൊന്നും കാണാനില്ലല്ലോ എന്ന് ശേഖരേട്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറയാം എന്നു പറഞ്ഞു മെല്ലെ അവിടെ നിന്നിറങ്ങി നടന്നു. അപ്പോള്‍ പിന്നില്‍ ശേഖരേട്ടന്‍ ഒരു ഓര്‍ഡര്‍ കിച്ചണിലോട്ടു വിളിച്ചു പറയുന്നത് കേട്ടു.. "അവിടെ ഒരു മസാലദോശ...

Friday, March 16, 2012

വേലായുധന്‍ മാഷെന്ന പേടി സ്വപ്നം !!


എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സ്കൂള്‍ മുറ്റത്ത് നിന്നാണ്. ഉപ്പാടെ കയ്യും പിടിച്ചാണ് ആദ്യമായി ഇവിടേക്ക് വന്നത്. അവിടെ കൂടെ പഠിച്ച പല കൂട്ടുകാരെയും ഇപ്പോളും കാണാറുണ്ട്. നാല് വര്‍ഷം ഞാനവിടെ പഠിച്ചു. നാലാം ക്ലാസ്സിലെ ഞങ്ങളുടെ കണക്ക് സര്‍ ആയിരുന്നു വേലായുധന്‍ മാഷ്. ജീവിതത്തില്‍ ഒരാളെയും ഞാന്‍ ഇങ്ങനെ പേടിച്ചിട്ടില്ല. ഒരു പക്ഷെ എന്‍റെ ഉപ്പാനെക്കള്‍ കൂടുതല്‍ ഞാന്‍ ആ മനുഷ്യനെ പേടിച്ചിരുന്നു.പുള്ളിക്ക് അധികം ഉയരം ഇല്ലായിരുന്നു. ഒരു വലിയ ചൂരലുമായി ആളു വരുന്നത് കണ്ടാല്‍ തന്നെ എന്‍റെ ചങ്കിടിപ്പ് കൂടിയിരുന്നു. കണക്ക് എന്നാ കുണ്ടാമണ്ടി വിഷയം എനിക്ക് ഒരു തല വേദന ആയത് അന്ന് ക്ലാസ്സ്‌ മുതലാണ്. പിന്നീട് എത്രയോ വര്‍ഷം ആ വിഷയം എന്‍റെ ഉറക്കം കളഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു വിഷയം ആദ്യമായി എന്നെ പഠിപ്പിച്ചതു ഈ വേലായുധന്‍ മാഷാണ്. മൂന്നാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് വേലായുധന്‍ മാഷ് എന്ന പേര്. നാലാം ക്ലാസ്സിലെ കണക്ക് വിഷയം ആരാണ് എടുക്കാന്‍ വരിക എന്ന് ഞങ്ങള്‍ എല്ലാവരും പേടിയോടെ നോക്കി ഇരിക്കുമ്പോള്‍ ദാ കേറി വരുന്നു വേലായുധന്‍ മാഷ്. അതോടെ ഞങ്ങള്‍ ഉറപ്പിച്ചു, അടുത്ത ഒരു വര്‍ഷം ഞങ്ങളുടെ കാര്യം ഗോവിന്ദാ. മാഷ് ലീവ് ഉള്ള വളരെ അപൂര്‍വം കുറച്ചു ദിവസങ്ങളെ ഉണ്ടായിട്ടുള്ളൂ. ആ ദിവസം അനുഭവിച്ചിരുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. പല തവണ മാഷുടെ ചൂരല്‍ പ്രയോഗത്തിന് എനിക്ക് കൈ നീട്ടി കൊടുക്കേണ്ടി വന്നിട്ടുണ്ട്. നീട്ടിപിടിച്ച കൈവെള്ള ഉന്നം വെച്ച് ആ ചൂരല്‍ പൊന്തുമ്പോള്‍ എത്ര തവണ കൈ വലിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്, പക്ഷെ കഴിയാറില്ല, കാരണം കൈ വലിച്ചാല്‍ ഒന്നിന് പകരം രണ്ടു അടി കൊള്ളണം. ഇടക്ക് പുറത്തു പോകുമ്പോള്‍ ആ ചൂരല്‍ മേശയുടെ മുകളില്‍ വെച്ചിട്ടാണ് ആളു പോകുക. അത് അവിടെ ഉണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ ആരും സംസാരിക്കാറില്ല. ഈ വേലായുധന്‍ മാഷിന്‍റെ ക്ലാസ്സില്‍ നിന്ന് ഒഴിവാകണം എന്ന് ഉപ്പാട് അന്നൊക്കെ ഞാന്‍ കരഞ്ഞു പറഞ്ഞിട്ടുണ്ട്. ഹോംവര്‍ക്ക്‌ തരുന്ന ദിവസങ്ങളില്‍ പിറ്റേ ദിവസം മാഷിന്‍റെ അടി കൊള്ളുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്തായാലും നാലാം ക്ലാസ്സ്‌ കഴിയുന്ന വരെ ആ പേടി അങ്ങനെ തുടര്‍ന്നു .

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞാനും ഉപ്പയും കൂടെ അവിടെ അടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവം കാണാന്‍ പോയി. പൂരം കഴിഞ്ഞു ആനകളൊക്കെ മടങ്ങുമ്പോള്‍ നാടന്‍ കലാരൂപങ്ങള്‍ വരും. അതിലെ ഒരു തെയ്യം കാണാന്‍ നിന്നപ്പോള്‍ പെട്ടെന്ന് ഉപ്പ എന്‍റെ ചുമലില്‍ തോണ്ടി ആ തെയ്യത്തില്‍ ഒരാളെ കാണിച്ചു കൊണ്ട് ചോദിച്ചു " നിനക്ക് അതാരാണെന്ന് മനസ്സിലായോ?" മുഖം മുഴുവന്‍ ചായവും ചമയങ്ങളും ഒക്കെ ഉള്ള കാരണം എനിക്ക് ആളെ മനസ്സിലായില്ല. ഉപ്പ പറഞ്ഞു "അതു നിന്‍റെ പഴയ വേലായുധന്‍ മാഷ്‌ ആണെടാ" ഞാനൊന്ന് ഞെട്ടി. ഞാന്‍ ചോദിച്ചു മാഷെന്താ ഇവരുടെ കൂടെ? അപ്പൊള്‍ ഉപ്പ പറഞ്ഞു, ഇത് മാഷിന്‍റെ കുടുംബപരമായുള്ള കലയാണ്, സ്കൂള്‍ മാഷാണെങ്കിലും പുള്ളി ഇതിനൊക്കെ പോകാറുണ്ട്, ഇവിടെ അടുത്ത് തന്നെയാണ് വീട് എന്ന്. തെയ്യം ഞങ്ങളുടെ അടുത്ത് കൂടെ പോയപ്പോള്‍ ഉപ്പ എന്നോടു മാഷെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ഉറക്കെ മാഷെ എന്ന് വിളിച്ചു. പക്ഷെ ആ ബഹളത്തില്‍ എന്‍റെ ശബ്ദം പുള്ളി കേട്ടില്ല. ചെണ്ടമേളത്തിനൊപ്പം ചുവടു വെച്ച് നടന്നു പോകുന്ന മാഷിനെ നോക്കി ഉപ്പാടെ കൈ പിടിച്ചു ഞാന്‍ നിന്നു. ചൂരല്‍ പിടിച്ചിരുന്ന ആ കയ്യില്‍ അന്ന് പക്ഷെ വാള്‍ ആയിരുന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍ പുള്ളി മുന്‍പ്‌ പഠിപ്പിച്ച കണക്കുകള്‍ ഓരോന്നായി വന്നു പോയി.

പിന്നെയും പല ഉത്സവങ്ങള്‍ക്കും മാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ പിന്നെ എനിക്ക് അതൊരു പുതുമയല്ലാതായി. പക്ഷെ ഒരിക്കല്‍ ഈ വേഷങ്ങള്‍ ഒന്നുമില്ലാതെ എന്‍റെ നാട്ടില്‍ വെച്ച് മാഷിനെ ഞാന്‍ കണ്ടു. അന്ന് ഞാന്‍ കോളേജിലായിരുന്നു. ഞാന്‍ പോയി സംസാരിച്ചു. മാഷിന് എന്നെ ആദ്യം മനസിലായില്ല, പിന്നെ ഉപ്പാടെയും ഉമ്മാടെയും പേരും കാര്യങ്ങളുമൊക്കെ പറഞ്ഞപ്പോ പിടി കിട്ടി. പിന്നെ എന്‍റെ വിശേഷങ്ങളൊക്കെ ചോദിച്ചു. അന്ന് എനിക്ക് മാഷിനേക്കാള്‍ ഉയരം ഉണ്ടായിരുന്നു. മാഷ് കുറച്ച് അവശനായിരുന്നു, പ്രായത്തിന്‍റെ ക്ഷീണം. ക്ലാസ്സില്‍ വെച്ച് മാഷുടെ അടി കിട്ടിയതൊക്കെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ആളും ചിരിച്ചു. എല്ലാം നിങ്ങടെ നല്ലതിന് വേണ്ടി അല്ലെ എന്നും പറഞ്ഞു. മാഷിനെ ഉത്സവത്തിന്‌ കണ്ടതൊക്കെ ഞാന്‍ ആവേശത്തോടെ പറഞ്ഞു. പുള്ളി പക്ഷെ അധികം സംസാരിച്ചില്ല, എന്തോ തിരക്ക് പറഞ്ഞു നടന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാഷ് നടന്നു മറയുന്ന വരെ ഞാന്‍ നോക്കി നിന്നു. അപ്പൊള്‍ ഞാന്‍ ആലോചിച്ചു ഈ മനുഷ്യനെയാണോ ഞാന്‍ അന്ന് ഇത്ര പേടിച്ചിരുന്നത്? നാലാം ക്ലാസ്സിലെ ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ ആണ് താഴെ.



ഈ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും മോനും ഉപ്പാടെ കൂടെ മാഷിന്‍റെ നാട്ടിലെ ഉത്സവം കാണാന്‍ പോയി. ഒരു കുന്നിന്‍റെ മുകളിലാണ് ആ നാട്. അവിടത്തെ അമ്പലത്തിനടുത്താണ് മാഷുടെ വീട്. അവിടെ കുറെ കച്ചവടക്കാരുണ്ട്. ചെറിയ കുട്ടികള്‍ ബലൂണും കൊണ്ട് നടക്കുന്നു. മാഷ് വീടിന്‍റെ മുന്‍പില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നു പേരും കൂടെ ആളെ പോയി കണ്ടു. ഇത് ഉപ്പാനെ പഠിപ്പിച്ച മാഷ് ആണെന്ന് മോനോട് പറഞ്ഞപ്പോള്‍ അവന്‍ മാഷെ ഒന്ന് സൂക്ഷിച്ച് നോക്കി. മാഷ് അവനോട്‌ പേര് ചോദിച്ചപ്പോള്‍ അവന്‍ എന്‍റെ ഉപ്പാടെ പിറകില്‍ ഒളിച്ചു നിന്നു. ഒടുവില്‍ അവര്‍ രണ്ടു പേരും ആനകളുടെ അടുത്തേക്ക് പോയപ്പോള്‍ ഞാനും മാഷും തനിച്ചായി. അടുത്ത് നിന്ന് നല്ല ഈണത്തിലുള്ള തായമ്പക മേളം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ കുറെ നേരം സംസാരിച്ചു നിന്നു. മാഷ് ആളുടെ അസുഖത്തെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്. ആളെ വീട്ടിലേക്ക് ഒരു ദിവസം ഭക്ഷണത്തിന് ക്ഷണിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ പുള്ളിക്ക് നടക്കാന്‍ വയ്യ. ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു പോയിരിക്കുന്നു. ഒടുവില്‍ മാഷോട് യാത്ര പറഞ്ഞു ഞങ്ങള്‍ ആ കുന്നിറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു..

ആ സ്കൂളും ഞാന്‍ പഠിച്ച ക്ലാസും ഇന്നും അവിടെയുണ്ട്. അതിലൂടെ പോകുമ്പോളൊക്കെ ഞാനറിയാതെ അവിടേക്ക് നോക്കും. അതൊരു ശീലമായി പോയി. മനസ്സ് കൊണ്ടെങ്കിലും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇഷ്ട്ടപ്പെടാത്തവരായി ആരാ ഉള്ളതല്ലെ? ഇടക്കെനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ച് നടന്ന ആ ബാല്യമായിരുന്നു നല്ലതെന്ന്. പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ..

Wednesday, March 14, 2012

സിനിമ കഥകളുടെ ആരംഭം !!

സിനിമ എന്ന മാസ്മര ലോകത്തേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത് മൂന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു. അന്നത്തെ എന്റെ പ്രധാന കൂട്ടുകാരനായിരുന്നു അനൂപ്. അന്ന് കേച്ചേരിയില്‍ ഒരു തിയറ്റര്‍ ഉള്ളത് സവിത ആണ്. അവിടെ നിന്നു കാണുന്ന സിനിമകളുടെ കഥ ഞങ്ങള്‍ക്കെല്ലാം പറഞ്ഞു തന്നിരുന്നത് അനൂപ് ആയിരുന്നു.അവന്‍ ഓരോ സിനിമകളും കാണാന്‍ പോകുന്ന ദിവസം ഞങ്ങളോടു പറയുമായിരുന്നു. പിന്നെ പിറ്റേ ദിവസം അവനെ കാണാനും കഥ കേള്‍ക്കാനുമായി ഞങ്ങള്‍ കാത്തിരിക്കും.

അന്ന് ഞങ്ങളുടെ ക്ലാസ്സിന്റെ അടുത്തൊരു ഉരുകും പാലമുണ്ടായിരുന്നു. അതിന്റെ താഴെ ഇരുന്നായിരുന്നു ഞങ്ങളുടെ കഥ പറച്ചില്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആദ്യമായി കടന്നു വന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അനൂപ് പറഞ്ഞത് ആവേശത്തോടെ കേട്ടിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ എനിക്കു ഓര്‍മ്മയുണ്ട്, പ്രത്യേകിച്ചു അതിന്റെ ക്ലൈമാക്സ് ഭാഗം, ബാക്ക് ഗ്രൌണ്ട് മ്യൂസ്സിക്കോട് കൂടെ അനൂപ് അത് പറയുന്നതു കേട്ടിരിക്കുമ്പോളുള്ള ഒരു രസം, പിന്നീട് ആ സിനിമ കണ്ടപ്പോള് പോലും എനിക്കു തോന്നിയിട്ടില്ല. അന്ന് ചാള്‍സുമുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിയില്‍. ഞങ്ങള്‍ 3 പേരും തന്നെ ആയിരുന്നു ഈ സിനിമ കമ്പനി. ആ ഉരുകും പാലത്തിന്റെ മുകളില്‍ കയറി താഴോട്ട് ഊര്‍ന്ന് ഇറങ്ങലായിരുന്നു അന്നത്തെ പ്രധാന വിനോദം. എന്റെ ഒരു പാടു ട്രൗസറുകള്‍ അങ്ങനെ കീറിയിട്ടുണ്ട്, ആ ഉരുകും പാലം ഇപ്പോളും അവിടെ തന്നെ ഉണ്ട്, കഴിഞ്ഞ തവണ അവധിക്കു പോയപ്പോള്‍ ചുമ്മാ ഞാന് അതിന്റെ അടുത്ത് പോയി നിന്നു . അതിന്റെ താഴെ ഇരുന്നു കഥ പറഞ്ഞിരുന്ന ഞങ്ങള് 3 പേരും ഇന്ന് എവിടെ?

ഇതാണ് ഞങ്ങളുടെ ഉരുകും പാലം, അതിന്റെ പിന്നില്‍ കാണുന്നതാണ് എന്റെ മൂന്നാം ക്ലാസ്.



ഇതാണ് ഞങ്ങള്‍ കഥ പറയാന്‍ ഇരുന്നിരുന്ന സ്ഥലം



അനൂപ് കേച്ചേരി വിട്ടു പോയിട്ടില്ല, ശ്രീ കൃഷ്ണ കോളേജില് പഠിക്കുന്ന കാലത്ത് എസ്എഫ്ഐ നേതാവായിരുന്നു അവന്‍. പാന്റ് ഉടുത്ത് അവനെ ഞാന് അധികം കണ്ടിട്ടില്ല, നല്ല വീതിയുള്ള കരയുള്ള മുണ്ടുടുത്ത് അതിനു ചേര്‍ന്ന ഷര്‍ട്ട്‌ ധരിച്ചു നല്ല ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ, എന്റെ ഉമ്മയുമായൊക്കെ അവന് ഇപ്പോളും നല്ല അടുപ്പമാണ്, അവര്‍ പിന്നെ രാഷ്ട്രീയ പരമായും പുറത്തു വെച്ചു എപ്പോളും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചാള്‍സാകട്ടെ എന്നെ പോലെ ഇവിടെ ഈ ദുബായില്‍ ജോലി ചെയ്തു ജീവിക്കുന്നു. അവന്റെ കല്ല്യാണം കഴിഞ്ഞു, ഇടക്കു ഫേസ് ബുക്കില്‍ 2 കമെന്റ് ഇടുമ്പോ തമ്മില് കാണാറുണ്ട് , എന്തെങ്കിലുമൊക്കെ പറയാറുണ്ട്, അത്ര തന്നെ.

അന്ന് എന്റെ ക്ളാസ്സില് പഠിച്ചിരുന്ന സാഹിറ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ച പാവം,എന്നോടു നല്ല കൂട്ടായിരുന്നു, മൂന്നാം ക്ലാസില് മാത്രമേ അവള്‍ എന്റെ കൂടെ പഠിച്ചിട്ടുള്ളൂ. എന്റെ സ്കൂള്‍ ജീവിതം കഴിയുന്നതിന് മുന്പെ തന്നെ അവള്‍ മരിച്ചു. പാമ്പു കടിയേറ്റ് ആണ് മരിച്ചത്. അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയി വരുമ്പോളാണ് പാമ്പ് കടിച്ചത്. എന്നെ അറിയാവുന്ന, എനിക്കു അറിയാവുന്ന ഒരാള്‍ പാമ്പു കടിയേറ്റ് മരിക്കുന്ന ഒരു പക്ഷേ ആദ്യ സംഭവം, അന്ന് തൊട്ടേ ഈ വിഷ ജന്തുക്കളെ എനിക്കു പേടിയാണ്,ഞാനും പാമ്പു കടിയേറ്റ് മരിക്കും എന്നൊക്കെ അന്ന് ഞാന്‍ ഭയന്നിരുന്നു, അങ്ങനെയൊന്നും സംഭവിച്ചില്ല, അല്ല, അതിനൊക്കെ ഇനിയും സമയം ഉണ്ട്.ഇപ്പോള്‍ ദുബായിലും പാമ്പുകളുണ്ട്,റാസല്‍ കൈമയില്‍ ഒരു മലയാളി പാമ്പു കടിയേറ്റ് മരിച്ചത് ഈ കഴിഞ്ഞ വര്‍ഷമാണ്. ദുബായില്‍ അങ്ങനെയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല, ഇവിടെ പക്ഷേ ഞാന്‍ വേറെ കുറെ പാമ്പുകളെ കണ്ടിട്ടുണ്ട്, അവ പക്ഷേ വ്യാഴാഴ്ച രാത്രികളിലും വെള്ളിയാഴ്ച ദിവസങ്ങളിലും മാത്രമേ തല പൊക്കുകയുള്ളൂ. പക്ഷേ അവ മാളത്തില്‍ നിന്ന് അങ്ങനെ പുറത്തിറങ്ങാറില്ല.

Tuesday, March 13, 2012

ആദ്യ പ്രേമം !!

അങ്ങനെ ഞാന്‍ രണ്ടാം ക്ലാസ്സിലെത്തി. കുറച്ചു കൂടെ നല്ല അന്തരീക്ഷം. കൂടെ കളിക്കാനും പഠിക്കാനും സുന്ദരിമാരും .അവിടെ വെച്ചാണ് എന്റെ ആദ്യ പ്രേമം, അവളെ നമുക്കു നിഷ എന്നു വിളിക്കാം. അവള്‍ എന്റെ കൂടെ മദ്രസ്സ ക്ലാസ്സിലും ഉണ്ടായിരുന്നു . അവളുടെ കൂട്ടുകാരി ആയിരുന്നു ബിജിത.രണ്ടു പേരും കൂടെ എന്നെ കളിയാക്കലായിരുന്നു പ്രധാന പരിപാടി. മദ്രസ്സയില്‍ ഞങ്ങളുടെ പ്രേമം വളരെ പ്രസിദ്ധം ആയിരുന്നു. ഒരിക്കല്‍ ഞങ്ങളെ മേശയുടെ അവിടേക്ക് വിളിച്ച് വരുത്തി അപ്പുറവും ഇപ്പുറവും നിര്‍ത്തി ഉസ്താദ് എന്നോടു ചോദിച്ചു നിനക്കു ഇവളെ കല്ല്യാണം കഴിക്കണോടാ എന്നു. ഞാനന്ന് തല കുലുക്കി. അന്നത്തെ എന്റെ മാനസിക അവസ്ഥ വെച്ചു നിഷ തന്നെ എന്റെ ഭാവി ഭാര്യ. ഇപ്പോ അതെല്ലാം ആലോചിക്കുമ്പോ അറിയാതെ ചിരി വരും. അങ്ങനെയുള്ള ആ നിഷ , അവള് കറുത്ത നിറമായിരുന്നു, എങ്കിലും കാണാന് നല്ല സുന്ദരി ആയിരുന്നു. ഒരു പക്ഷേ എന്റെ കാണിള് മാത്രം, വേറെ ആര്ക്കും അവളെ അത്ര ഇഷ്ടമായിരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. അന്നും ഇന്നും എന്റെ ഇഷ്ട്ടങ്ങള്‍ വേറിട്ട് നിന്നിട്ടെ ഉള്ളൂ, അതെല്ലാം വഴിയേ പറയാം.



രണ്ടാം ക്ലാസ്സില്‍ അങ്ങനെ പറയത്തക്ക വിശേഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരു സംഭവം ഒരു രാത്രി ഉപ്പാനെ ആശുപത്രിയില് കൊണ്ട് പോയതാണ്, പാമ്പു കടിച്ചു എന്നും പറഞ്ഞാണ് കൊണ്ട് പോയത്, പിന്നെ അന്ന് രാത്രി ആളു വന്നില്ല. പിറ്റേ ദിവസം ഞാന് പതിവ് പോലെ ക്ലാസ്സില്‍ പോയി, ഉച്ചക്കു ഉപ്പ എന്നെ കാണാന്‍ വന്നു. പാമ്പു കടിച്ചതല്ലെന്നും കാലില്‍ മുള്ള് കൊണ്ടതാണെന്നും ഒക്കെ പുള്ളി എന്നോടു പറഞ്ഞു, ഉച്ച സമയത്താണ് പുള്ളി വന്നത്. അത് കൊണ്ട് കുറച്ചു നേരം എന്റെ അടുത്ത് സംസാരിച്ചാണ് മടങ്ങി പോയത്.

നിഷയുമായുള്ള പ്രേമത്തിന് കാര്യമായി ഒന്നും സംഭവിച്ചില്ല. വളരെ വിജയകരമായി അത് മുന്‍പോട്ട് പോയി, അന്നൊക്കെ ബിജിത ഞങ്ങളെ കളിയാക്കാന്‍ വേണ്ടി ഓരോ പാട്ടുകള്‍ പാടുമായിരുന്നു . അവള്‍ അത് പാടുമ്പോള് എനിക്കു അവളോടും പ്രേമം തോന്നിയിരുന്നു, പക്ഷേ നിഷയുടെ കൂട്ടുകാരിയെ ഞാന്‍ എങ്ങിനെ പ്രേമിക്കും? അങ്ങനെ എനിക്കു വേണ്ടി അവളെ പ്രേമിക്കാന്‍ ഞാന്‍ എന്റെ ഒരു കൂട്ടുകാരനെ ഏല്പ്പിച്ചു. അവന്‍ പക്ഷേ അതില്‍ ദയനീയമായി പരാജയപ്പെട്ടു. ബിജിത അവനെ അടുത്തേക്കു പോലും അടുപ്പിച്ചില്ല.

എന്റെ പഠനമൊക്കെ നന്നായി നടന്നിരുന്നു. ക്ലാസ്സില്‍ ശ്രദ്ധിച്ചിരുന്നു വീട്ടിലും പോയി പഠിച്ചിരുന്നു . ഉമ്മയാണ് അതിലൊക്കെ ശ്രദ്ധിച്ചിരുന്നത്. ഉച്ചക്കു ഉമ്മ ആക്കി തരുന്ന ചോറും കറികളും കൂട്ടി ബഞ്ചില്‍ ഇരുന്നു ഊണ് കഴിക്കും. പിന്നെ ചോറുപാത്രം കഴുകാനായി പോയിരുന്നത്, മടങ്ങി വരുമ്പോള്‍ എന്റെ കസിന്‍ ഷെരീഫിനെ കാണാന്‍ പോയിരുന്നത്, അന്നും അവന്റെ പുസ്തകങ്ങള് കണ്ടു ഞാന്‍ കൊതിച്ചിട്ടുണ്ട്. അര്‍ജുനന്‍ പക്ഷിയെ ഉന്നം പിടിക്കുന്ന ആ കഥയൊക്കെ അന്നേ ഞാന്‍ വായിച്ചു വെച്ചിട്ടുണ്ട്. ചിത്രങ്ങളോട് കൂടിയ കഥകള്‍ കണ്ടാല്‍ തന്നെ വായിക്കാനുള്ള ഒരു മൂഡ് അന്ന് വരുമായിരുന്നു. നമ്മുടെ മായാവിയും ഡിങ്കനുമൊക്കെ ആ സമയത്താണെന്ന് തോന്നുന്നു ആദ്യമായി കടന്നു വരുന്നത്. ഷെറീഫിന്റെ വീട്ടില്‍ അന്നൊക്കെ എല്ലാ തരം പുസ്തകങ്ങളും ഉണ്ടാകുമായിരുന്നു.അവന്റെ ഉപ്പാനെ എനിക്കു പേടിയായിരുന്നു. എങ്കിലും ഒളിച്ചും പാത്തുമൊക്കെ ഞാന്‍ അവിടെ പോകുമായിരുന്നു.കുറച്ചു മാസങ്ങള്‍ക്ക് മുന്പ് പുള്ളി മരണപ്പെട്ടു. ഞാന് ലീവ് കഴിഞ്ഞു വരുമ്പോള്‍ എനിക്കും ജാസ്മിനും വിരുന്നൊക്കെ തന്നു വിട്ടതാണ്, ഇനി തിരിച്ചു ചെല്ലുമ്പോ മൂപ്പര്‍ അവിടെ ഇല്ല, ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്. നമ്മള്‍ ഇങ്ങോട്ട് വരുമ്പോള് കാണുന്ന പലരെയും തിരിച്ചു ചെല്ലുമ്പോ കാണില്ല , എന്തോ അതുമായി പൊരുത്തപ്പെടാന്‍ എനിക്കു വളരെ ബുദ്ധിമുട്ടാണ്..

അന്ന് ഷെരീഫും അവന്റെ കൂട്ടുകാരന്‍ അസീസും കൂടെ അവരുടെ ക്ലാസ്സിലെ തന്നെ പെണ്‍കുട്ടികളുടെ പിന്നാലെ തന്നെ പഞ്ചാര ആയി നടന്നിരുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. കയ്യിലുള്ള ഒരു ചില്ല് കഷ്ണം കൊണ്ട് അവരുടെ മുഖത്തെക്കു വെയില്‍ അടിപ്പിക്കലായിരുന്നു അസീസിന്റെ പ്രധാന വിനോദം, ഒരിക്കല്‍ ഞാനും അവരുടെ കൂടെ കൂടി. അതിലൊരു പെണ്‍കുട്ടി അവിടത്തെ തന്നെ ഒരു മാഷിന്റെ മോളായിരുന്നു. എന്നിട്ടും ഇവന്മാര്‍ക്ക് എന്താണ് പേടിയില്ലാത്തത് എന്നു അന്നൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്, എന്റെ ഈ കസിന്‍ ഇപ്പോള്‍ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ആയി, അസീസിനെ പല തവണ കേച്ചേരിയില്‍ വെച്ചു കണ്ടിട്ടുണ്ട്, അപ്പോളൊക്കെ എനിക്ക് ആ പൊട്ടിയ ചില്ല് കഷ്ണം ഓര്‍മ്മ വരും. ഞാന്‍ അവനെ നോക്കി ചിരിക്കും, അവന്‍ എന്റെ മുഖത്തും നോക്കി ചിരിക്കും, അത്ര തന്നെ. കാലം എത്ര കഴിഞ്ഞു പോയി എന്നു അത്തരം ചില കണ്ടു മുട്ടലുകള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തും..