Wednesday, October 15, 2014

ഓണ്‍ലൈന്‍ ഇല്ലെങ്കില്‍...!!


ആഗസ്റ്റ് മാസം അവസാനം എന്റെ മകന് സുഖമില്ലാതെ മൂന്നു ദിവസം ഞാന്‍ ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടി വന്നു. അന്ന് സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി തീര്‍ന്ന കാരണം ഒരു പഴയ നോക്കിയ മൊബൈല്‍ ആണ് ഞാന്‍ ഉപയോഗിച്ചത്. ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും ഇല്ലാത്ത മൂന്നു ദിവസങ്ങള്‍. അങ്ങനെ നാലാമത്തെ ദിവസം ഞാന്‍ തിരിച്ചു ഓഫീസില്‍ എത്തി. അന്ന് തിരക്കൊക്കെ കഴിഞ്ഞു ഫേസ്ബുക്ക് തുറന്നപ്പോള്‍ എന്റെ ഫ്രണ്ട് സീമയുടെ മെസ്സേജ്. എടാ, ജാസ്മിന് കുഴപ്പം ഒന്നും ഇല്ലല്ലോ? എന്ന്. ഞാന്‍ പറഞ്ഞു " ഇല്ല, എന്തെ? " അപ്പോള്‍ അവള്‍ പറഞ്ഞു : അല്ലാ, രണ്ടു മൂന്നു ദിവസം നിന്നെ ഓണ്‍ലൈന്‍ കണ്ടില്ല, അത് കൊണ്ട് ചോദിച്ചതാണ് എന്ന്. ഞാന്‍ അവളോട്‌ മോന്റെ കാര്യം പറഞ്ഞു. അവള്‍ ഓക്കേ പറഞ്ഞു.

അവള്‍ പോയ ശേഷം ഞാന്‍ ആലോചിച്ചത് അതല്ല, രണ്ടോ മൂന്നോ ദിവസം എന്നെ ഓണ്‍ലൈന്‍ കാണാതായപ്പോള്‍ വീട്ടില്‍ എന്തോ സംഭവിച്ചിരിക്കാം എന്ന് അവള്‍ ചിന്തിച്ചു. പിന്നീട് ഓണ്‍ലൈന്‍ കണ്ടപ്പോള്‍ അവള്‍ അത് ചോദിച്ചു. എന്റെ 400 ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ വേറെ ആരും എന്നെ അന്വേഷിച്ചില്ലല്ലോ? അപ്പോള്‍ അവര്‍ ആരും നമ്മളെ ഓര്‍ക്കുന്നില്ലേ? അതോ ഓണ്‍ലൈന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ ജീവനോടെ ഇല്ല എന്നാണോ അര്‍ത്ഥം? മൊബൈല്‍ നെറ്റ് ഉള്ള കാരണം എല്ലാവരും എപ്പോളും ഓണ്‍ലൈന്‍ ഉണ്ടാകും. അത് കൊണ്ട് തന്നെ പണ്ട് ഫോണ്‍ വിളിച്ചിരുന്ന പലരും ഇപ്പോള്‍ വിളിക്കാറില്ല. കാരണം ഫേസ് ബുക്ക് ഉണ്ട്, അല്ലെങ്കില്‍ വാട്ട്‌സ്അപ്പ്. അതിലൊരു ഹായ്...രണ്ടോ മൂന്നു വാക്കുകളില്‍ ഒതുങ്ങുന്ന ഒരു ചിറ്റ് ചാറ്റ്..തീര്‍ന്നു. പച്ച ലൈറ്റ്കത്തിയാല്‍ നിങ്ങള്‍ ജീവനോടെ ഉണ്ട്. നിങ്ങള്‍ ഇ-ലോകത്ത് ഇല്ല എങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നര്‍ത്ഥം, ഏതാണ്ട് ഇങ്ങനെയാണ് കാര്യങ്ങള്‍.



എന്തായാലും അന്ന് ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഡീ ആക്റ്റിവെറ്റ് ചെയ്തു, മൊബൈല്‍ നിന്ന് വാട്ട്‌സ്അപ്പ് ഡിലീറ്റ് ചെയ്തു. ജി ടോക്ക് , യാഹൂ സൈന്‍ ഔട്ട്‌ ചെയ്തു വെച്ചു. ഇപ്പോള്‍ ഒന്നര മാസം ആയി ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. ഇതിനിടക്ക്‌ ആകെ രണ്ടോ മൂന്നോ സുഹൃത്തുക്കളാണ് ആകെ എന്നെ വിളിച്ചത്. നാട്ടിലെ സുഹൃത്തുക്കളുടെ കാര്യം പോട്ടെ, ദുബായില്‍ ഉള്ളവര്‍ പോലും എന്നെ വിളിച്ചിട്ടില്ല. അതില്‍ ഞാന്‍ സ്ഥിരമായി വിളിച്ചിരുന്നവര്‍ വരെ ഉള്‍പ്പെടും, എന്തായാലും ഇപ്പോള്‍ എനിക്കത് ശീലമായി. നിറയെ സുഹൃത്തുക്കളുമായി കഴിഞ്ഞിട്ട്‌, ഒരു സുഹൃത്തും ഇല്ലാത്ത വേറെ ഒരു അവസ്ഥയിലേക്കുള്ള ഈ മാറ്റം ഞാന്‍ ആസ്വദിക്കുന്നു. രണ്ടു ആഴ്ച മുന്‍പ് എനിക്കൊരു മകന്‍ ജനിച്ചത്‌ വരെ എന്റെ സുഹൃത്തുക്കളില്‍ പലരും അറിഞ്ഞിട്ടില്ല.കാരണം ഞാന്‍ അത് ഫേസ്ബുക്കില്‍ അനൌണ്‍സ് ചെയ്തിട്ടില്ല. പലരും അത് കേള്‍ക്കുമ്പോള്‍ ഞെട്ടലോടെ എപ്പോ എന്ന് ചോദിക്കുന്നു.
കുറച്ചു ദിവസം നിങ്ങളും ഓണ്‍ലൈന്‍ ഇല്ലാതെ മാറി നിന്ന് നൊക്കൂ, ആരൊക്കെ നിങ്ങളെ വിളിച്ചു അന്വേഷിക്കുന്നു എന്ന് അറിയാമല്ലോ? വലിയ കാര്യമൊന്നുമില്ല,എങ്കിലും ചുമ്മാ ഒരു രസം. എല്ലാവരും ഓണ്‍ലൈന്‍ ആയി ഇരിക്കുന്ന ഈ കാലത്ത് ഇടക്കൊരു മാറ്റം ഒക്കെ വേണ്ടേ?
ഇവിടത്തെ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്ന പോലെ നിങ്ങള്‍ ഓണ്‍ലൈന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നാണ് അര്‍ത്ഥം.



മുന്‍പ് രാത്രി ഉറങ്ങുന്നത് വരെ ഞാന്‍ ഫേസ്ബുക്ക്‌ നോക്കുമായിരുന്നു. കാലത്ത് ഉണര്‍ന്നാല്‍ ആദ്യം നോക്കിയിരുന്നതും അത് തന്നെ. ഇപ്പോള്‍ ഇത് ഇല്ലാത്ത കാരണം നേരത്തെ കിടന്നുറങ്ങും, നേരത്തെ ഉണരും. ഒരു നോട്ടിഫിക്കേഷനും ഇപ്പോള്‍ എന്നെ ശല്ല്യപെടുത്താറില്ല. എന്റെ ഭാര്യ ചോദിച്ചു. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെ സാധിച്ചു എന്ന്? അറിയില്ല, ഒരു പക്ഷെ ഇനിയും കുറെ നാള്‍ ഇങ്ങനെ പോകുമായിരിക്കും, ഒടുവില്‍ ഇത് മടുക്കുമ്പോള്‍ വീണ്ടും ഫേസ് ബുക്കിലേക്ക് തിരിച്ചു വരുമായിരിക്കും. എങ്കിലും ഇപ്പോള്‍ ഞാന്‍ ഈ ഇടവേള ഇഷ്ട്ടപെടുന്നു. പക്ഷെ ഇപ്പോള്‍ പലരും ഓഫീസ് കാര്യങ്ങള്‍ക്കു വേണ്ടി വാട്ട്‌സ്അപ്പ് വഴി പലതും അയക്കുന്ന കാരണം അത് കളയാന്‍ സാധിക്കുന്നില്ല. എങ്കിലും അനാവശ്യമായി അത് ഞാന്‍ ഇപ്പോള്‍ നോക്കാറില്ല. വീട്ടില്‍ ചെന്നാല്‍ കുട്ടികളുടെ കൂടെ കളിക്കാന്‍, ഇഷ്ട്ടമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍, സിനിമ കാണാന്‍ എന്തെങ്കിലും വായിക്കാന്‍. ഒരു ബ്രേക്ക്‌ വരാതെ തന്നെ എല്ലാം പറ്റുന്നുണ്ട്. അതെല്ലാം ആസ്വദിക്കുമ്പോള്‍ ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും എന്റെ മനസ്സില്‍ വരാറില്ല. സ്വസ്ഥം..സുഖം..സന്തോഷം..സമാധാനം മാത്രം.