Saturday, October 19, 2013

തൂവാനത്തുമ്പികളുടെ നാട്ടിലൂടെ !!

തൂവാനത്തുമ്പികള്‍ എന്ന മനോഹരമായ സിനിമ ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ജയകൃഷ്ണന്‍, ക്ലാര, തങ്ങള്‍ എന്നീ മൂന്നു കഥാപാത്രങ്ങള്‍ നമ്മളെ ഇപ്പോളും പിന്തുടരുന്നു. പ്രണയവും മഴയും രതിയും എല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം..ഇപ്പോളും പല തവണ ചാനലില്‍ ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നു, ഇന്നും ആ സിനിമ ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്നു, മുന്‍പ് കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു, പുതു തലമുറയിലെ ചെറുപ്പക്കാര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞു ആദ്യമായി കാണുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ എന്ന ജയസുര്യയുടെ കഥാപാത്രം, അനൂപ്‌ മേനോനോട് പറയുന്നുണ്ട് " എന്തൊരു സിനിമയാടാ ഇത്, ഇത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്. ഈ സ്ടീഫനെ പോലെ പലരെയും എനിക്ക് അറിയാം, ഈ സിനിമ വീണ്ടും വീണ്ടും കാണുന്ന ചിലര്‍. എന്താണ് ഈ സിനിമയുടെ പ്രത്യേകത? എത്ര കണ്ടാലും മടുക്കാത്ത എന്താണ് അതില്‍ ഉള്ളത്? ഇറങ്ങിയ സമയത്ത് അത്ര വലിയൊരു വിജയം ലഭിക്കാതെ പോയ ഒരു സിനിമയാണ് ഇതെന്നു ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം. ഇങ്ങനെ കാലത്തിനെ അതിജീവിച്ചു നില നില്ക്കാന്‍ മാത്രം എന്ത് മാജിക്‌ ആണ് പദ്മരാജന്‍ എന്ന മഹാനായ സംവിധായകന്‍ ആ ചിത്രത്തില്‍ കാണിച്ചത്‌?



ഒരു മഴയോട് കൂടെ തുടങ്ങുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍, പിന്നീട് പല സമയത്തായി ചിത്രത്തില്‍ മഴ വരുന്നുണ്ട്, മഴ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല, കമലിന്റെ പെരുമഴക്കാലം മറക്കുന്നില്ല,തുടക്കം മുതല്‍ ഒടുക്കം വരെ അതില്‍ മഴയുണ്ട്, അത് പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആ സിനിമ കൈകാര്യം ചെയ്ത വിഷയം കൊണ്ടാണ് ,എന്നാല്‍ തൂവാനത്തുമ്പികളില്‍ മഴ ഒരു കഥാപാത്രം പോലെയാണ് വന്നു പോകുന്നത്. മലയാളികളുടെ ഗൃഹാതുരത്തിന്റെ ഏറിയ പങ്കും ബന്ധപ്പെട്ടിരിക്കുന്നത് മഴയുമായി ആയിരിക്കും, അത് കൊണ്ട് തന്നെ സിനിമയിലെ ആ മഴയും നമ്മളുടെ മനസ്സിലാണ് പെയ്തത്. അത് കൊണ്ട് തന്നെ എത്ര തവണ കണ്ടാലും മതി വരാതെ പലരും ആ സിനിമ പിന്നെയും പിന്നെയും കാണുന്നു..



പിന്നെ ജയകൃഷ്ണന്‍ എന്ന ആ തൃശ്ശൂര്‍ക്കാരന്‍, നാട്ടില്‍ അടങ്ങിയൊതുങ്ങി അമ്മയുടെ കുട്ടി ആയി കഴിയുന്ന അയാള്‍ ടൌണില്‍ എത്തിയാല്‍ വേറെ ഒരാളാണ്, ഒരു തരം പരകായ പ്രവേശം. മോഹന്‍ലാല്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്? ചിത്രം കാണുന്ന ഏതൊരാള്‍ക്കും മോഹന്‍ലാല്‍ എന്ന നടനോട് ഒരു പാട് ഇഷ്ട്ടം തോന്നി പോകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അയാള്‍ക്ക് എന്തിനും പോന്ന ഒരു സുഹൃത്ത്‌ വലയം തന്നെ ഉണ്ട്, ജേക്കബ്‌, ഉണ്ണി മാഷ്‌, ബാബു അങ്ങനെ കുറച്ചു പേരെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ജയകൃഷ്ണന്റെ രസകരമായ കുറെ സീനുകളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. ഈ സിനിമ ഇഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഒരു ജയകൃഷ്ണന്‍ ഉണ്ട്, അല്ലെങ്കില്‍ എല്ലാവരും ജയകൃഷ്ണനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.



ക്ലാര..ആ പേര് പറയുമ്പോ തന്നെ ആ മഴയും, ആ പശ്ചാത്തല സംഗീതവും മനസ്സിലേക്ക് ഓടിയെത്തുന്നു, ജോണ്‍സന്‍ മാസ്റ്റര്‍ എന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈണം, സുമലതയുടെ ഏറ്റവും നല്ല കഥാപാത്രം ആണ് ക്ലാര, ആ സൌന്ദര്യം ആരെയാണ് ആകര്ഷിക്കാത്തത്? ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല, അത് പ്രണയം ആയിരുന്നോ? അറിയില്ല. "ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ? " എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്ന സമയത്ത്, ദേഹത്തു വന്നു അടിക്കുന്ന തിരമാലയില്‍ ക്ലാര ഉലയുന്ന ആ സീന്‍, പത്മരാജന്‍ എന്ന പ്രതിഭക്ക് മാത്രം കഴിയുന്ന ഒന്ന്. അവര്‍ ഒരുമിച്ചുള്ള മേഘം പൂത്തു തുടങ്ങി എന്ന മനോഹരമായ ഗാനം എത്ര കണ്ടാലും മതിയാവില്ല, "എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു, ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു" എന്ന ആ വരികളൊക്കെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക? ഇന്നും കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നമുക്കൊക്കെ നഷ്ട്ടമായ എന്തിനെയോ ഓര്‍ത്തു മനസ്സ് വിങ്ങുന്നു.



രാധ..ഒരു പാവം പെണ്‍കുട്ടി,ആദ്യ കൂടി കാഴ്ച്ചയില്‍ തന്നെ ജയകൃഷ്ണനുമായി അവള്‍ ഉടക്കുന്നുണ്ട്. പക്ഷെ പിന്നീട് അയാളുമായി തന്നെ അവള്‍ അടുക്കുന്നു, രാധയുടെ ചേട്ടന്‍ മാധവന്‍ ജയകൃഷ്ണനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവള്‍ക്കു അയാളോട് ആരാധന തോന്നുന്നു, അത് പിന്നെ പ്രണയം ആയി മാറുന്നു. പാര്‍വതിയുടെ ആ ഉണ്ടകണ്ണ് രാധക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. ആ കണ്ണ് ഒന്ന് കൂടെ വീര്‍പ്പിച്ചു അവള്‍ ജയകൃഷ്ണനെ തുറിച്ചു നോക്കുന്നത് രസമായ ഒരു സീനാണ് .ക്ലാരയുമായുള്ള ജയകൃഷ്ണന്‍റെ അടുപ്പം അവള്‍ പക്വതയോടെ കേള്‍ക്കുന്നു. അയാളെ അതില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു, പക്ഷെ അവള്‍ അസ്വസതയായിരുന്നു. വരുന്ന ജയകൃഷ്ണനും രാധയും തമ്മിലുള്ള ആ പ്രണയം എത്ര കാവ്യാത്മകമായാണ് പദ്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നത്? അത്തരം പ്രണയങ്ങള്‍ ഇന്നത്തെ സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കുമോ? ഇനിയും ഒരു ആയിരം തവണ കണ്ടാലും മതി വരാത്ത "ഒന്നാം രാഗം പാടി " എന്ന സുന്ദരമായ ഗാനം. " ഈ പ്രദക്ഷിണ വീഥികള്‍,ഇടറി നീണ്ട പാതകള്‍ എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു" എന്ന വരികളൊക്കെ എപ്പോള്‍ കേട്ടാലും, മനസ്സ് ആര്‍ദ്രമാകുന്നു.



റിഷി..ജയകൃഷ്ണന്‍റെ അടുത്ത സുഹൃത്ത്‌, ജീവിതത്തിലെ എല്ലാ രസങ്ങളും അയാള്‍ അറിയുന്നത് ജയകൃഷ്ണനിലൂടെയാണ്. ടൌണില്‍ ദേവി ഇലക്ക്ട്രിക്കല്‍സ് നടത്തുന്ന റിഷി, തന്‍റെ ചടാക്ക് സ്കൂട്ടറുമായി ജയകൃഷ്ണന്‍റെ വീട്ടില്‍ രാത്രി വന്നു ടൌണിലെ പിള്ളാരുടെ വിക്രിയകള്‍ അയാളോട് പങ്കു വെക്കുന്നതും, ആദ്യമായി ടൌണിലെ ബാറില്‍ പോകുന്ന അയാളുടെ പരിഭ്രമവും, തനിക്ക് കിട്ടിയ ആദ്യത്തെ ഗ്ലാസ്‌ ബിയര്‍ കഷ്ട്ടപെട്ടു കുടിക്കുമ്പോള്‍,രണ്ടാമത്തെ ഗ്ലാസ്സിലെക്ക് കടക്കുന്ന ജയകൃഷ്ണനോട് "അല്ല ജയകൃഷ്ണാ, അപ്പൊ താന്‍ കഴിക്കോ? "എന്നു അത്ഭുതത്തോടെ ചോദിക്കുന്നതും, നാട്ടിലെ ക്ലിയോപാട്ര എന്ന് ജയകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന ത്രേസ്യ ജോസിനെ ആ ഹോട്ടല്‍ മുറിയില്‍ കാണുമ്പോള്‍ ഉള്ള അയാളുടെ മുഖവും എല്ലാം ചിത്രത്തിലെ രസകാഴ്ചകളാണ്. ക്ലാരയെ കണ്ടതും, രാധയുമായുള്ള തന്‍റെ അടുപ്പവും എല്ലാം ജയകൃഷ്ണന്‍ പങ്കു വെക്കുന്നത് റിഷിയോടാണ്. അശോകന്‍ എന്ന നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലെ റിഷി.



ബാബു നമ്പൂതിരി,ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് തങ്ങളുടെ മുഖമാണ്. അത്ര മാത്രം ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. ജയകൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് തങ്ങള്‍, തന്റെ പ്രശ്നങ്ങള്‍ അയാള്‍ ആദ്യം പറയുന്നത് ജയകൃഷ്ണനോടാണ്. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന തങ്ങളെ ജയകൃഷ്ണന്‍ അമ്മയുടെ മുന്‍പില്‍ ഗുരുക്കള്‍ മാഷാക്കി മാറ്റുന്ന സീന്‍ ചിരിയുണര്‍ത്തും.ക്ലാരയെ തന്റെ ബിസിനെസ്സിലെക്ക് കൊണ്ട് വരാന്‍ വേണ്ടിയാണു തങ്ങള്‍ ശ്രമിച്ചത്‌, പക്ഷെ ക്ലാര അയാളുടെ വല പൊട്ടിച്ചു പുറത്തു പോകുന്നു, പിന്നീടു തങ്ങള്‍ തന്നെയാണ് ക്ലാരക്കും ജയകൃഷ്ണനും താമസിക്കാന്‍ വേണ്ടി കുന്നിന്‍ മുകളിലെ അയാളുടെ വീട് ഒരുക്കി കൊടുക്കുന്നതും, കാരണം അയാള്‍ ജയകൃഷ്ണനോട് അത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ക്ലാര പക്ഷെ അയാളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല.



പദ്മരാജന്‍റെ തന്നെ ഉധകപ്പോള എന്ന നോവലിന്റെ സിനിമ രൂപമാണ് തൂവാനത്തുമ്പികള്‍. നോവലിന്‍റെ പകുതി പോലും സിനിമയില്‍ എടുതിട്ടില്ല. ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ ആണ്, ജയകൃഷ്ണനും ഋഷിയും കൂടെ ആടിന്‍റെ തല വാങ്ങാന്‍ പോകുന്ന ഈസ്റ്റ്‌ ഫോര്‍ട്ടിലെ പഴയ മാര്‍ക്കറ്റ്, അവര്‍ നടന്നു വരുന്ന ചെമ്പുക്കാവ് റോഡ്‌, പിന്നീട് പോകുന്ന കാസിനോ ഹോട്ടലിലെ ശരാബി ബാര്‍, പിന്നെ പെനിസുല ഹോട്ടല്‍, രാധയെ കാണാന്‍ ജയകൃഷ്ണന്‍ പോകുന്ന കേരളവര്‍മ്മ കോളേജ്, അവര്‍ തമ്മില്‍ പിന്നെ കാണുന്ന വടക്കുംനാഥന്‍റെ ക്ഷേത്രം, ക്ലാരയും ജയകൃഷ്ണനും കൂടെ കാറില്‍ പോകുന്ന പുഴക്കല്‍ പാടത്തിന്റെ ഭാഗം, അവര്‍ രാത്രി പോകുന്ന വാടാനപ്പിള്ളി ബീച്ച്, ജഗതിയെ കൊല്ലാന്‍ കൊണ്ട് പോകുന്ന പീച്ചി ഡാം, അങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ ആ ചിത്രവുമായി ബന്ധപ്പെട്ടു തൃശൂരില്‍ ഉണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.



ആ സ്ഥലങ്ങള്‍ എല്ലാം ഇപ്പോള്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ട്. ഒരു തൃശൂര്‍കാരന്‍ ആയ എനിക്ക് അത് കൊണ്ട് തന്നെ ഈ ചിത്രം ഒരു പാട് പ്രിയപ്പെട്ടതാണ്. അത് പോലെ പലര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഋഷിയും എല്ലാം നമ്മുടെ മനസ്സില്‍ അങ്ങനെ തന്നെ നില നില്ക്കട്ടെ.എന്നും..എന്നെന്നും.

Tuesday, October 8, 2013

നന്ദി -ഒരു ചെറു കഥ



റോഡരികിലുള്ള ഒരു പാര്‍ട്ടി ഓഫീസ് കെട്ടിടം. അവിടേക്ക് പതുക്കെ പതുക്കെ നടന്നു വരുന്ന ഒരു വയസ്സന്‍..., വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം, തോളില്‍ ഒരു മേല്‍മുണ്ട് ഇട്ടിട്ടുണ്ട്. അയാളുടെ കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ട്. ഒരു സാധാ പാന്റ്സും ഷര്‍ട്ടുമാണ് അയാളുടെ വേഷം. അവര്‍ രണ്ടു പേരും കൂടെ ഈ പാര്‍ട്ടി ഓഫീസിന്റെ അകത്തേക്ക് കയറുന്നു.

പാര്‍ട്ടി ഓഫീസിലെ ചെയറില്‍ ഇരുന്നു മേശയില്‍ ഉള്ള ഫയലുകള്‍ നോക്കുന്ന ഒരാള്‍., അകത്തേക്ക് വരുന്ന ആളെ കണ്ടു അയാള്‍ ബഹുമാനത്തോടെ എണീറ്റ്‌ നില്‍ക്കുന്നു.

അയാള്‍ : അല്ല, ആരാ ഇത്? വാരിയര്‍ മാഷോ? എന്താ മാഷെ ഈ വഴിക്ക്?

മാഷ് : ഞാന്‍....., ഞാന്‍ ബിജുവിനെ ഒന്ന് കാണാന്‍ വന്നതാ. (ചെറുതായി ചുമക്കുന്നുണ്ട്)

ബിജു : ആണോ? മാഷ് ഇരിക്ക്.

(മാഷ് ഇരിക്കുന്നു. കൂടെ ഉള്ള ചെറുപ്പക്കാരന്‍ പുറകില്‍ അരികിലായി കൈ കെട്ടി നില്‍ക്കുന്നുണ്ട്. കാഴ്ച്ചയില്‍ അയാള്‍ ഒരു സാധുവാണ്.)

ബിജു : ആണോ? മാഷ് ഇരിക്ക്. ഒന്ന് ആളെ വിട്ടിരുന്നെകില്‍ ഞാന്‍ വീട്ടിലേക്ക്‌ വരുമായിരുന്നല്ലോ?

മാഷ് : ഏയ്,അതൊന്നും സാരമില്ലെടോ.

ബിജു: ഞാന്‍ എന്താ വേണ്ടേ? മാഷ് പറയൂ

മാഷ് : (ചുമക്കുന്നു) അത്.പിന്നെ....ഞാന്‍........... (( (

ബിജു : ഹാ, മടിക്കാതെ പറയു മാഷെ

മാഷ് : ദാ, ഇവന്റെ ഒരു കാര്യം പറയാനായിരുന്നു.. സുമേഷേ, ഇങ്ങോട്ട് കയറി നില്‍ക്കൂ.

പിന്നിലുള്ള സുമേഷ്‌ ഒരു പരുങ്ങലോടെ മുന്നിലേക്ക്‌ നീങ്ങി നില്‍ക്കുന്നു.

മാഷ് : ഇത് സുമേഷ്‌, എന്റെ വീടിന്റെ അടുത്തുള്ള പയ്യനാ. ഇവന്റെ വീട്ടിലെ കാര്യം കുറച്ചു കഷ്ട്ടത്തിലാണ്. ഇവന്റെ ഒരു ജോലിക്കാര്യത്തിനു വേണ്ടിയാരുന്നു.

ബിജു സുമേഷിനെ ഒന്ന് നോക്കുന്നു. സുമേഷ്‌ രണ്ടു കയ്യും കെട്ടി ഒന്ന് കൂടെ ഒതുങ്ങി നിന്നു.

മാഷ്: നീ വിചാരിച്ചാല്‍. ഇവനൊരു ജോലി...?

ബിജു : അയ്യോ ഞാനോ? ഞാന്‍ എങ്ങനെയാ?

മാഷ് : അല്ലാ, നിന്റെ പാര്‍ട്ടി വഴി..

ബിജു : അയ്യോ മാഷെ, മാഷ് വിചാരിക്കുന്ന പോലെ എനിക്ക് പാര്‍ട്ടിയില്‍ അത്ര പിടിപാടോന്നുമില്ല,

മാഷ് : എന്തെങ്കിലും ഒരു ജോലി മതി. ഇവന്റെ ഒരു കാര്യം ആയതു കൊണ്ടാ ഞാന്‍ നേരിട്ട് തന്നെ വന്നത്...

ബിജു : എന്താ ഇപ്പൊ ചെയ്യാ മാഷെ? എന്റെ പരിചയത്തില്‍ ഇപ്പോള്‍ എവിടെയും ജോലിയൊന്നും ഒഴിവില്ലല്ലോ ?

മാഷ് : നീ അങ്ങനെ പറഞ്ഞു ഒഴിയരുത്.

ബിജു : ഇവിടെ ചായ കൊണ്ട് വരാനും, മേശ തുടക്കാനുമൊക്കെ ഒരു ആളെ വേണം എന്ന് കഴിഞ്ഞ മീറ്റിങ്ങില്‍ പറയുന്നത് കേട്ടു. അത് ....?

മാഷ് : മതി, അതായാലും മതി

ബിജു : പക്ഷെ മാഷെ, അതിനു അങ്ങനെ വലിയൊരു ശമ്പളമൊന്നും..

മാഷ് : അതൊന്നും സാരമില്ല, നീ എന്തെങ്കിലും കൊടുത്താല്‍ മതി. അവന്‍ നാല് ആളുകളുമായി ഒന്ന് ഇടപെടട്ടെ..

ബിജു : എന്നാ അവന്‍ ഇവിടെ നിന്നോട്ടെ.

എന്നിട്ട് സുമേഷിനോടായി : എന്താടാ പറഞ്ഞതൊക്കെ കേട്ടു മര്യാദക്ക് നിക്കോ ഇവിടെ?

സുമേഷ്‌ : ഓ..നില്‍ക്കാം ..

ബിജു : ഹും..(ബിജു ഒന്ന് ഇരുത്തി മൂളി) :

എന്നിട്ട് മാഷിനോടായി : എന്നാ മാഷ് പോക്കോ, ഇവന്റെ കാര്യം ഞാനേറ്റു.

മാഷ് : ശരി, എന്നാ ഞാന്‍ ഇറങ്ങട്ടെ. ഇവനെ ഞാന്‍ നിന്നെ ഏല്പിക്കുകയാണ്.

ബിജു : ശരി മാഷെ.....

മാഷ് പതുക്കെ എണിക്കുന്നു. എന്നിട്ട് സുമേഷിനെ അടുത്തേക്ക്‌ വിളിക്കുന്നു. അവന്റെ തോളില്‍ തട്ടി പറയുന്നു. എന്നാ ഞാന്‍ ഇറങ്ങട്ടെ? നീ ഇവിടെ ഇവര്‍ പറയുന്നതൊക്കെ അനുസരിച്ച് നിക്കണം. കേട്ടല്ലോ?

സുമേഷ്‌ : ശരി മാഷെ..

അങ്ങനെ മാഷ് ആ പാര്‍ട്ടി ഓഫീസില്‍ നിന്നും ഇറങ്ങുന്നു,. സുമേഷ്‌ വാതില്‍ വരെ ചെന്ന് മാഷെ യാത്ര അയക്കുന്നു. കുറച്ചു അവശതയോടെ മാഷ് ആ റോഡിലൂടെ നടന്നു പോകുന്നു.

നാല് മാസങ്ങള്‍ക്ക് ശേഷം ഒരു പകല്‍

പാര്‍ട്ടി ഓഫീസിന്റെ പുറത്തു നിന്നുള്ള ദൃശ്യം.

വാരിയര്‍ മാഷ്‌ അകലെ നിന്നു നടന്നു വന്നു അകത്തേക്ക് കയറുന്നു.

അകത്തേക്ക് വരുന്ന മാഷ് കാണുന്നത് കസേരയില്‍ കയറി നിന്നു ചില്ല് ഫോട്ടോ തുണി വെച്ച് വൃത്തിയാക്കുന്ന ബിജുവിനെയാണ്.

കുറച്ചു അമ്പരപ്പോടെ മാഷ് ബിജുവിനെ വിളിക്കുന്നു : ബിജൂ

മാഷെ കണ്ട ബിജു കസേരയില്‍ നിന്നു താഴെ ഇറങ്ങുന്നു.

ബിജു : ആ മാഷോ..വരൂ, ഇരിക്ക്..

മാഷ് : അല്ല, എന്താ ഇതൊക്കെ നീ ചെയ്യുന്നത്? സുമേഷ്‌ ഇല്ലേ ഇവിടെ?

ബിജു : സുമേഷ്‌ സാര്‍ വന്നിട്ടില്ല, ഒരു മീറ്റിങ്ങിനു പോയതാ..ഇപ്പൊ എത്തും.

മാഷ് : മീറ്റിങ്ങിനോ? അവനോ? എന്ത് മീറ്റിംഗ്?

ബിജു : പാര്‍ട്ടി മീറ്റിംഗ്.

മാഷ് : അതിനു അവനു എന്ത് പാര്‍ട്ടി?

ബിജു: അപ്പൊ മാഷ് ഒന്നും അറിഞ്ഞില്ലേ? , സുമേഷ്‌ സാറല്ലേ ഇപ്പൊ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി?

മാഷ് : ഇല്ല, ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. ഇതൊക്കെ എപ്പോള്‍ സംഭവിച്ചു?

ബിജു : അതിപ്പോ കുറച്ചു നാളായി.

മാഷ് : അതിനു അവനു പാര്‍ട്ടിയെ കുറിച്ചൊക്കെ അറിയാമോ?

ബിജു : അങ്ങനെ ചോദിച്ചാല്‍.....

ആ സമയത്ത് സുമേഷ്‌ മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി വരുന്നു. ബിജു എണിറ്റു നില്‍ക്കുന്നു.
സുമേഷ്‌ ആ സീറ്റില്‍ വന്നിരിക്കുന്നു. മാഷെ ശ്രദ്ധിക്കുന്നില്ല.

സുമേഷ്‌ (ഫോണിലൂടെ) : ഇല്ല, ഇല്ല, പറ്റില്ല, ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍ മതി , ഓക്കേ എന്നാ ശരി , നാളെ കാണാം .

മാഷ് ഒന്നും മനസ്സിലാകാതെ നോക്കി ഇരിക്കുന്നുണ്ട്.

ഫോണ്‍ കട്ട്‌ ചെയ്ത ശേഷം സുമേഷ്‌ ബിജുവിനോടായി : ആ ലോറന്‍സ് നാളെ വന്നാല്‍ എന്നെ വിളിക്കാന്‍ പറയണം.

ബിജു : പറയാം, പിന്നെ മാഷ് വന്നിട്ട് കുറച്ചു നേരമായി.

സുമേഷ്‌ മാഷിനെ നോക്കുന്നു: എന്താ മാഷെ വന്നത്? എന്താ കാര്യം?

മാഷ് : ഞാന്‍...അത്.. (ചുമക്കുന്നു)

സുമേഷ്‌ ': ഹാ, നിങ്ങള്‍ വേഗം പറയു, എനിക്ക് കുറച്ചു തിരക്കുണ്ട്.

മാഷ് : എന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കുറെ ഈ മാസം കിട്ടിയില്ല. ഇത് വരെ മുടക്കം ഒന്നും ഉണ്ടായിരുന്നില്ല, അന്വേഷിച്ചപ്പോള്‍ പറഞ്ഞു പാര്‍ട്ടിയില്‍ നിന്നു ആരോ വിളിച്ചു പറഞ്ഞു നിര്‍ത്തിയതാണ് എന്ന്.

സുമേഷ്‌ :അതെ, ഞാന്‍ ആണ് അത് വിളിച്ചു പറഞ്ഞത്.

മാഷിന്റെ മുഖം വല്ലതാകുന്നു : അല്ല, എന്റെ കാര്യം മോനറിയാമല്ലോ ? ഞാന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളായിരുന്നു.

സുമേഷ്‌ : അതിപ്പോ മാഷെ ആര്‍ക്കും പറയാമല്ലോ? മാഷിന്റെ കയ്യില്‍ അത് തെളിയിക്കാനുള്ള രേഖകള്‍ വല്ലതും ഉണ്ടോ?

മാഷ് : ഇല്ല. .. (ചുമക്കുന്നു )

സുമേഷ്‌ : ആ അപ്പൊ ഒന്നും ചെയ്യാന്‍ പറ്റില്ല. വ്യക്തമായ രേഘകള്‍ ഇല്ലാതെ ആര്‍ക്കും പെന്‍ഷന്‍ കൊടുക്കണ്ട എന്നാണ് ഗവണ്മെന്റ് തീരുമാനം.

മാഷ് : മോന്‍ വിചാരിച്ചാല്‍ അതൊന്നു ശരിയാക്കികൂടെ?

സുമേഷ്‌ : ഇത് എന്റെ തീരുമാനം അല്ലല്ലോ മാഷെ? പാര്‍ട്ടി പറഞ്ഞതനുസരിച്ചു അത്തരക്കാരുടെ ഒരു ലിസ്റ്റ് മാത്രമേ ഞാന്‍ കൊടുത്തിട്ടുള്ളൂ. ബാക്കി എല്ലാം മുകളില്‍ നിന്നുള്ള കാര്യങ്ങളാണ്‌.

മാഷ്‌ ': അപ്പൊ ഞാന്‍ ഇനി എന്ത് ചെയ്യണം?

സുമേഷ്‌ : അതൊന്നും എനിക്കറിയില്ല, മാഷ് പോയി വല്ല തെളിവും ഉണ്ടെങ്കില്‍ അതുമായി പിന്നെ വരൂ, എനിക്ക് കുറച്ചു തിരക്കുണ്ട്, എന്നാ ശരി..

സുമേഷ്‌ പിന്നെയും ആരെയോ ഫോണില്‍ വിളിക്കുന്നു.

മാഷ് മെല്ലെ സീറ്റില്‍ നിന്നു എണിക്കുന്നു. ബിജു നിസ്സഹായതയോടെ മാഷിനെ നോക്കുന്നു. മാഷ് മെല്ലെ നടന്നു പുറത്തേക്കു പോകുന്നു.

ബിജു മാഷുടെ കൂടെ പുറത്തേക്ക് ചെല്ലുന്നു.

ബിജു : ക്ഷമിക്കണം മാഷെ,. എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത് സുമേഷാണ്.

ആ സമയത്ത് നിന്നും അകത്തു നിന്നു സുമേഷിന്റെ ശബ്ദം : ബിജൂ..

ബിജു : എന്നാ ശരി മാഷെ, വിളിക്കുന്നു. ഞാന്‍ പോട്ടെ..

ബിജു പോകുന്നു. മാഷ് പുറത്തേക്ക് നോക്കുന്നു, ചെറിയ മഴ ചാറുന്നുണ്ട്.

മാഷ് കയ്യില്‍ ഇരുന്ന കാലന്‍ കുട മെല്ലെ നിവര്‍ത്തുന്നു. എന്നിട്ട് പാതയരികിലൂടെ മെല്ലെ നടന്നു നീങ്ങുന്നു.

Tuesday, October 1, 2013

ബാലേട്ടന്‍ എന്ന സ്നേഹിതന്‍ !!

ഞങ്ങളുടെ നാട്ടില്‍ നിന്നും കുറച്ചു മാറിയാണ് ചിറപറമ്പ് എന്ന മറ്റൊരു ഗ്രാമം. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ചെന്നിരിക്കാറുള്ള ഒരു പാടത്തിന്‍റെ നടുവിലൂടെയാണ് അങ്ങോട്ടുള്ള വഴി. അവിടെ ഇരിക്കാനായി ഒരു കലുങ്കുണ്ട്. എന്‍റെ കോളേജ് സമയത്തൊക്കെ മിക്കവാറും എല്ലാ ദിവസവും ഞാന്‍ വൈകുന്നേരം അവിടെ പോയിരിക്കാറുണ്ട്. എന്‍റെ കുറച്ചു സുഹൃത്തുക്കളും അവിടെ വരാറുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഒരു സ്ഥലം. എല്ലാ നാട്ടിലും ഉണ്ടാകുമല്ലോ അത്തരം ചില സുഹൃത്ത്‌ സംഗമ വേദികള്‍. ഞങ്ങള്‍ അങ്ങനെ സംസാരിച്ചു ഇരിക്കുമ്പോളൊക്കെ ആ നാട്ടുകാര്‍ ജോലി കഴിഞ്ഞു ആ വഴി മടങ്ങി പോകാറുണ്ട്. ചിലരെയൊക്കെ നമുക്ക്‌ പരിചയം കാണും. അവരൊക്കെ എന്തെങ്കിലും കുശലം ചോദിക്കും. ചിലര്‍ ചുമ്മാ ചിരിച്ചു കൊണ്ട് കടന്നു പോകും.

അങ്ങനെ ഒരിക്കല്‍ ഞാനും ഒരു സുഹൃത്തും കൂടെ അവിടെ ഒരു കലുങ്കില്‍ ഇങ്ങനെ ഇരിക്കുകയാണ്. അന്ന് സിഗരറ്റ് വലിയൊക്കെ ചെറുതായി തുടങ്ങിയ ഒരു സമയം. വീടില്‍ നിന്നും കുറച്ചു മാറിയ ഭാഗമായത് കൊണ്ട് അവിടെ ഇരുന്നു വലിക്കാന്‍ ഒരു ധൈര്യമാണ്. അന്ന് പക്ഷെ രണ്ടാളുടെ കയ്യിലും സിഗരറ്റ് ഇല്ല. കടയിലേക്ക് പോകണമെങ്കില്‍ കുറെ നടക്കണം. എന്നാല്‍ പിന്നെ വേണ്ട എന്ന് വെച്ച് ഞങ്ങള്‍ അവിടെ തന്നെ ചുമ്മാ ഇരുന്നു. സന്ധ്യാ സമയം. പാടം ആയത് കൊണ്ടു നല്ല കാറ്റ് ഉണ്ട്. ഞാന്‍ നോക്കുമ്പോള്‍ ആ നാട്ടുവഴിയിലൂടെ അകലെ നിന്ന് ആരോ ബീഡി കത്തിച്ച് വലിച്ച് വരുന്നുണ്ട്. ആരാണെന്നു വ്യക്തമല്ല. ആരായാലും അവരോടു ഒരു ബീഡി ചോദിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ അവനു ചോദിയ്ക്കാന്‍ ധൈര്യമില്ല. എന്നാ പിന്നെ ഞാന്‍ ചോദിക്കാം എന്ന് വെച്ചു. എന്തായാലും എന്‍റെ നാട്ടുകാരാകാന്‍ സാധ്യതയില്ല. പിന്നെ എന്താ പ്രശ്നം എന്നായിരുന്നു എന്‍റെ ഒരു ചിന്ത.

അങ്ങനെ ആ രൂപം അടുത്തെത്തി. അതൊരു വൃദ്ധനാണ്. മുഖം അത്ര വ്യക്തമല്ല. നരച്ച താടി നീട്ടി വളര്‍ത്തിയിട്ടുണ്ട്. കള്ളിമുണ്ടും ഷര്‍ട്ടുമാണ് വേഷം. അന്നത്തെ പണിയൊക്കെ കഴിഞ്ഞു, രണ്ടെണ്ണം അടിച്ച് നല്ല മൂഡില്‍ ഉള്ള വരവാണ്. കണ്ടിട്ട് മുന്‍പരിചയവുമില്ല. ഇത് തന്നെ ബീഡി ചോദിയ്ക്കാന്‍ പറ്റിയ ആളെന്നു ഞാന്‍ കരുതി. കക്ഷി ഞങ്ങളെ ചുമ്മാ ഒന്ന് നോക്കി കടന്നു പോയി. ഞാന്‍ അയാളെ പിന്നില്‍ നിന്നും വിളിച്ചു "ചേട്ടാ.."

അയാള്‍ മെല്ലെ തിരിഞ്ഞു നിന്നു. ഞാന്‍ അടുത്തേക്ക് ചെന്നു. അയാള്‍ ബീഡി ഒന്ന് നീട്ടി വലിച്ചപ്പോള്‍ ആ വെളിച്ചത്തില്‍ മുഖം കുറച്ചു കൂടെ വ്യക്തമായി. മുഖത്ത് കുറച്ചു ഗൌരവം ഉണ്ട്. രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു.

ചേട്ടാ, ഒരു ബീഡി തരാമോ?

അയാള്‍ : ബീഡിയോ? എന്തിനാ ?

ഞാന്‍ (അഭിമാനത്തോടെ ): വലിക്കാന്‍. ഞങ്ങടെ സിഗരറ്റ് കഴിഞ്ഞു..അതാ..

അയാള്‍ എന്‍റെ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടൊരു ചോദ്യം : "നീ ആ ഇമ്പ്രായിടെ (ഇബ്രാഹിമിന്‍റെ) മോനല്ലേടാ?

ആ ചോദ്യം കേട്ടതും എന്‍റെ വയറൊന്ന് കാളി. മുഖ ഭാവം മാറി. തൊണ്ട വരണ്ടു കൊണ്ട് ഞാന്‍ പറഞ്ഞു "അതെ, ഉപ്പാനേ അറിയോ?

അയാള്‍ : അറിയോന്നോ? നീ വീട്ടില്‍ ചെന്നു ചോദിച്ചാല്‍ മതി ചിറപറമ്പിലുള്ള ബാലനെ അറിയോന്ന്?

ഞാന്‍ : സോറി ചേട്ടാ, എനിക്കറിയില്ലായിരുന്നു.

ബാലേട്ടന്‍ : സാരമില്ല, എന്തായാലും ഞാന്‍ അവനെയൊന്ന് കാണട്ടെ, നിനക്ക് ബീഡി വലിക്കാനുള്ള കാശ് കൊടുക്കാന്‍ ഞാന്‍ പറയാം.

അത് വരെ കലുങ്കില്‍ കാലാട്ടി ഇരുന്നിരുന്ന എന്‍റെ സുഹൃത്ത്‌ രംഗം പന്തിയല്ലെന്നു കണ്ടു മെല്ലെ താഴെ ഇറങ്ങി.

ഞാന്‍ : പൊന്നു ചേട്ടാ, ചതിക്കല്ലേ, ഉപ്പ അറിഞ്ഞാല്‍ എന്നെ കൊല്ലും

ബാലേട്ടന്‍ : കൊന്നോട്ടെ..എനിക്കെന്താ?

ഞാന്‍ : പ്ലീസ് ചേട്ടാ, അങ്ങനെ പറയരുത്. ഇനി ഞാന്‍ വലിക്കില്ല..

ബാലേട്ടന്‍ : ഉറപ്പാണോ?

ഞാന്‍ : സത്യമായും ഞാന്‍ വലിക്കില്ല.

ബാലേട്ടന്‍ : എന്നാ ഓക്കേ. ഇനി ഇവിടെ ഈ നേരത്ത് വന്നിരിക്കരുത്. ആള്‍ക്കാര്‍ വെറുതെ ഓരോന്ന് പറയും. ബാലേട്ടന്‍ പറയണത് മനസ്സിലാകുന്നുണ്ടാ?

ഞാന്‍ : മനസ്സിലായി

ബാലേട്ടന്‍ : എന്നാ ഞാന്‍ പോട്ടെ ?

ഞാന്‍ : ആയിക്കോട്ടെ..

പുള്ളി കുറച്ചു മുന്‍പോട്ടു പോയി. പിന്നെ തിരിഞ്ഞു നിന്ന് എന്നോടൊരു ചോദ്യം : അല്ല, എന്നിട്ട് ഇപ്പൊള്‍ നിനക്ക് ബീഡി വേണാ?

എന്‍റെ ഉള്ളിലൊരു ലഡു പൊട്ടി. എന്നാലും അത് പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു" വേണ്ട"

ബാലേട്ടന്‍ എന്‍റെ അടുത്തേക്ക് വന്നു. പോക്കറ്റില്‍ നിന്നൊരു ബീഡിക്കെട്ട് എടുത്ത് അതില്‍ നിന്നൊരു ബീഡി എടുത്തു എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു : ഇത് വലിച്ചോ, പക്ഷെ ഇനി വലിക്കരുത്‌. ചള്ള് പ്രായമാണ്. വെറുതെ വലിച്ചു കൂമ്പ് വാട്ടരുത്ട്ടാ..എന്നാ ബാലേട്ടന്‍ പോട്ടെ മോനെ? മോനെ എന്നുള്ള ആ വിളി എന്‍റെ നെഞ്ചില്‍ കൊണ്ടു. പക്ഷെ അത് കൊണ്ടു വലി നിര്‍ത്തിയൊന്നുമില്ല. പക്ഷെ പിന്നീട് അവിടെ ഇരുന്നുള്ള വലി കുറഞ്ഞു. പിറ്റേ ദിവസം ഉപ്പ എന്നോട് പറഞ്ഞു ഞങ്ങള്‍ കണ്ട കാര്യം ബാലേട്ടന്‍ ആളോട് പറഞ്ഞെന്ന്. പക്ഷെ ബീഡിയുടെ കാര്യം മാത്രം ബാലേട്ടന്‍ പറഞ്ഞില്ല..ഭാഗ്യം.

വൈകുന്നേരങ്ങളില്‍ പിന്നെയും ഞങ്ങള്‍ അവിടെ പോയിരിക്കാറുണ്ട്. എന്നും ആ സമയത്ത് ബാലേട്ടന്‍ പണി കഴിഞ്ഞു വരും. അകലെ നിന്നുള്ള ആ ബീഡിയുടെ വെളിച്ചം കണ്ടാല്‍ എനിക്കറിയാം അത് ബാലേട്ടനാണെന്ന്. എപ്പോളും ഞങ്ങളുടെയടുത്ത് വന്നു എന്തെങ്കിലുമൊക്കെ ചോദിച്ചിട്ടെ പുള്ളി പോകാറുള്ളൂ. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കൊരു ബീഡിയൊക്കെ പുള്ളി തരും. കൂടുതല്‍ വലിച്ചു കൂമ്പ് വട്ടരുതെന്നു അപ്പോളും പറയും. ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീടിന്‍റെ അവിടെയുള്ള ഇടവഴിയില്‍ വെച്ചും ആളെ കാണാറുണ്ട്. പക്ഷെ എന്‍റെ വീട്ടിലേക്കു വന്നിട്ടില്ല. എന്‍റെ കോളേജ് പഠന സമയത്തൊക്കെ ചില ദിവസങ്ങളില്‍ ഞാന്‍ തനിച്ച് അവിടെ ഇരിക്കുമ്പോള്‍ ബാലേട്ടന്‍ എന്‍റെ അടുത്ത് വന്നിരിക്കും. കുറെ സംസാരിക്കും. ആളുടെ വീട്ടിലെ വിശേഷങ്ങളൊക്കെ പറയും. എന്‍റെ കുറെ വിശേഷങ്ങള്‍ ഞാനും പറയും. പരീക്ഷയുടെ കാര്യങ്ങള്‍, പ്രണയത്തിന്‍റെ ടെന്‍ഷന്‍, അങ്ങനെ പലതും. എന്നു പോകുമ്പോഴും അവസാനം "എന്നാ ബാലേട്ടന്‍ പോട്ടെ മോനെ? എന്ന് ചോദിച്ചേ പുള്ളി പോകാറുള്ളൂ. അങ്ങനെ പോയാലും രണ്ടടി നടന്നു ഞാന്‍ ഒറ്റക്കായത് കൊണ്ട് വീണ്ടും എന്‍റെയടുത്തേക്ക് വന്നിട്ട് ചോദിക്കും "ബാലേട്ടന്‍ നിക്കണാ? നിക്കണെങ്കില്‍ നിക്കാട്ടാ". ഞാന്‍ "വേണ്ട ബാലേട്ടന്‍ പൊക്കോ" എന്ന് പറഞ്ഞാലേ പോകാറുള്ളൂ. പുള്ളി ആ നീളമുള്ള റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകും. എന്‍റെ കാഴ്ച്ചയില്‍ നിന്നും ആളു മറഞ്ഞാല്‍ ഞാനും വീട്ടിലേക്കു തിരിച്ചു നടക്കും. അതാണ്‌ പതിവ്. ഒന്നോ രണ്ടോ തവണ ആളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ ഉപ്പയും എന്‍റെ കൂടെ ഉണ്ടായിരുന്നു.

ഇടയ്ക്ക് കുറച്ചു നാള്‍ എനിക്ക് വൈകുന്നേരം അങ്ങോട്ട്‌ പോകാന്‍ പറ്റിയില്ല. ബാലേട്ടന്‍ എന്നെ അന്വേഷിച്ചിരുന്നു എന്ന് ഒരു സുഹൃത്ത്‌ കണ്ടപ്പോള്‍ പറഞ്ഞു. നാളെയോ മറ്റന്നാളോ പോകാം എന്ന് വെച്ച് ഞാനിരുന്നു. അതങ്ങനെ നീണ്ടു പോയി. ഒരു ദിവസം ഞാന്‍ കോളേജ് കഴിഞ്ഞു വീട്ടിലെത്തി പുറത്തിരുന്ന് പേപ്പര്‍ വായിക്കുവായിരുന്നു. അപ്പോളാണ് ഉപ്പ കയറി വന്നത്. എന്നെ കണ്ടപ്പോള്‍ ആളു പറഞ്ഞു "" നീ അറിഞ്ഞോ? ആ ബാലേട്ടന്‍ മരിച്ചു"

ഞെട്ടലോടെ ഞാന്‍ ചോദിച്ചു : ഏതു ബാലേട്ടന്‍ ?

ഉപ്പ : നീ പാടത്തു വെച്ച് കാണാറില്ലേ? ആ ബാലേട്ടന്‍ തന്നെ.

ഞാന്‍ : എങ്ങനെ?

ഉപ്പ: ഹാര്‍ട്ട്‌ അറ്റാക്ക്‌ ആണെന്നാ കേട്ടത്

അതും പറഞ്ഞു ഉപ്പ അകത്തു പോയി. എന്‍റെ തലക്കുള്ളില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി. ഉപ്പ പറഞ്ഞത്‌ സത്യമാകല്ലേ എന്നും. ഉപ്പക്കു ആളു തെറ്റിയതാകണെ എന്നും ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അത് സത്യമായിരുന്നു. മരിച്ചത് എന്‍റെ ആ ബാലേട്ടന്‍ തന്നെ ആയിരുന്നു. വീട്ടില്‍ ആര്‍ക്കും അത്രയ്ക്ക് അറിയില്ല ഞങ്ങളുടെ ആ സുഹൃത്ത് ബന്ധം. എന്‍റെ ഒരു പരിചയക്കാരന്‍..അത്രയെ അറിയൂ. ബാലേട്ടന്‍റെ വീട്ടില്‍ ഞാന്‍ പോയില്ല. ആളെ അങ്ങനെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അന്ന് രാത്രി ഉറങ്ങാന്‍ തന്നെ കഴിഞ്ഞില്ല. കണ്ണടക്കുമ്പോള്‍ ബാലേട്ടന്‍റെ ആ മുഖം മനസ്സില്‍ വരും. കുറച്ചു ദിവസം കഴിഞ്ഞു ഒരു സന്ധ്യക്ക് ഞാന്‍ തനിയെ ആ പാടത്തു പോയി ആ കലുങ്കില്‍ ചെന്നിരുന്നു. പതിവ് പോലെ അകലെ നിന്ന് ബാലേട്ടന്‍ ആ ബീഡിയും കത്തിച്ചു നടന്നു വരണേ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു..പക്ഷെ ബാലേട്ടന്‍ വന്നില്ല.

ഇടയ്ക്കു ബാലേട്ടന്‍റെ ആ നാട്ടിലൂടെ ബൈക്കില്‍ പോകുമ്പോളെല്ലാം ഞാന്‍ ആലോചിക്കാറുണ്ട്. അന്നൊക്കെ എന്‍റെ അടുത്ത് നിന്ന് ബാലേട്ടന്‍ വരാറുള്ളത് ഇങ്ങോട്ടല്ലേ? ഈ വഴിയിലൂടെയല്ലേ ആ മനുഷ്യന്‍ നടന്നു പോയിരുന്നത്? എവിടെ ആയിരിക്കും ബാലേട്ടന്‍റെ വീട് എന്നൊക്കെ. അന്നും ഇന്നും ബാലേട്ടന്‍റെ വീട് ഏതാണെന്ന് എനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടില്ല. ബാലേട്ടന്‍ പോയിട്ട് ഇപ്പോള്‍ വര്‍ഷം കുറെയായി. ഈ ഫോട്ടോയില്‍ കാണുന്നതാണ് ആ കലുങ്ക്.



കഴിഞ്ഞ അവധിക്കു ഞാനും ഭാര്യയും മോനും കൂടെ അവിടെ ഇരിക്കുമ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു " ഉപ്പാടെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെടാ ആച്ചിപ്പു, ഒരു ബാലേട്ടന്‍, ഉപ്പയും ആളും കൂടെ ഇവിടെ ഇങ്ങനെ ഇരുന്നു കുറെ സംസാരിച്ചിട്ടുണ്ട്..

അപ്പോള്‍ അവന്‍ ചോദിച്ചു : എന്നിട്ട്?

ഞാന്‍ പറഞ്ഞു : എന്നിട്ട്...പെട്ടെന്നൊരു ദിവസം മുതല്‍ ആളു വരാതായി

അവന്‍ വീണ്ടും ചോദിച്ചു : പിന്നെ?

അപ്പൊള്‍ ഞാന്‍ പറഞ്ഞു പിന്നെ..പിന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടില്ലടാ.

എന്താ കാണാത്തെ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. കുട്ടികളുടെ സംശയങ്ങള്‍ തീരില്ലല്ലോ. അന്ന് ബാലേട്ടന്‍ ആ വഴി വന്നിരുന്നെകില്‍ ആളെന്‍റെ മോനെ ഒന്ന് എടുത്തെനെ, അവനെ ഒന്ന് കളിപ്പിച്ചേനെ. അന്ന് ഞാന്‍ ആളോട് പറഞ്ഞിരുന്ന എന്‍റെ ആ പ്രണയ കഥയിലെ നായികയെ കണ്ടേനെ .ചില ആള്‍ക്കാര്‍ അങ്ങനെയാണ്. എവിടെ നിന്നോ നമ്മുടെ ജീവിതത്തില്‍ കടന്നു വരും. ഒരു ദിവസം പറയാതെ അങ്ങോട്ട്‌ പോകും. പക്ഷെ അവരുടെ ഓര്‍മ്മകള്‍ എന്നും നമ്മളുടെ കൂടെ ഉണ്ടാകും !!