Thursday, August 1, 2013

സൌഹൃദത്തിന്റെ പൂക്കാലം



ഇന്നലെ മോന്റെ ബര്‍ത്ത്ഡേ ആയത് കൊണ്ട് വീട്ടില്‍ ചെറിയൊരു ഇഫ്താര്‍ നടത്തി.ചടങ്ങിനു എന്റെ കുഞ്ഞുപ്പ അലിയും,എന്റെ കൂടെ സ്കൂളില്‍ പഠിച്ച റിജോയും, തൃശൂരില്‍ എന്റെ കൂടെ വര്‍ക്ക്‌ ചെയ്ത തോമസും അവന്റെ ഭാര്യയും, എന്റെ അയല്‍വാസിയും കൂട്ടുകാരനും ആയ സുഹൈറും, ഞങ്ങളുടെ ഫാമിലി ഫ്രണ്ട് യാസ്മിനും, പിന്നെ തമ്മില്‍ ആദ്യമായി നേരില്‍ കാണുന്ന ഗോപന്‍ , സേതു , നന്ദു, പാപ്പിച്ചായന്‍, ജോണ്‍ രാജ് തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടുകാരും വന്നിരുന്നു. കുറച്ചു നേരം കൊണ്ട് വീട് ലഹളമയമായി. ആകെ ചിരിയും ബഹളവും മാത്രം. ആദ്യമായി കാണുന്നതിന്റെ ഒരു സങ്കോചവും ഇല്ലാതെ എല്ലാവരും പരസ്പരം സംസാരിച്ചു.ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ സരോജ് വന്നില്ലെന്നത് ഒരു കുറവായി തന്നെ ബാക്കി കിടക്കുന്നു.എങ്കിലും പങ്കെടുത്തവര്‍ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെ. കുറെ നാളുകള്‍ക്കു ശേഷം ഒന്ന് മനസ്സ് തുറന്നു ചിരിച്ചതു ഇന്നലെയാണ്. മോനും വളരെ സന്തോഷമായി.



റിജോയും തോമസും മുന്‍പേ അറിയാവുന്നവര്‍ ആണെന്ന പോലെയാണ് എന്റെ മനസ്സ് ചിന്തിക്കുന്നത്, അത് കൊണ്ട് തന്നെ റിജോ വന്ന് കയറിയപ്പോള്‍ ഞാന്‍ തോമസിന് പരിചയപെടുത്താന്‍ പെട്ടെന്ന് മറന്നു പോയി. അവര്‍ തമ്മില്‍ ഇന്നലെയാണ് ആദ്യമായി കാണുന്നത്. അത് പോലെ തന്നെയാണ് അവിടെ ഉണ്ടായ മറ്റുള്ളവരുടെ കാര്യവും.പക്ഷെ എല്ലാവരോടും എല്ലാവരുടെയും കാര്യങ്ങള്‍ ഇടക്കെപ്പോഴോ പറയാറുള്ള കാരണം ആരും ആര്‍ക്കും അപരിചിതരല്ല. അത് കൊണ്ട് തന്നെ ആരെയും ആര്‍ക്കും കൂടുതല്‍ പരിചയപ്പെടുത്തേണ്ട ആവശ്യം വന്നില്ല, പേര് പറയുമ്പോള്‍ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും, ഒപ്പം "അറിയാം, കേട്ടിട്ടുണ്ട്" എന്നൊരു വാക്കും. എന്റെ പല സുഹൃത്തുക്കളും അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങള്‍ പങ്കു വെക്കുന്നത് കണ്ടപ്പോള്‍ ഒരു പാടൊരുപാട് സന്തോഷം തോന്നി.ചിലര്‍ എന്റെ പഴയ കാര്യങ്ങള്‍ പറഞ്ഞു പാര വെച്ച് പൊട്ടിച്ചിരിച്ചു. ഇങ്ങനെ ഒരു സംഗമം ഞാന്‍ കുറെ നാളായി മനസ്സില്‍ കാണുന്നതായിരുന്നു. ഒടുവില്‍ പലരെയും പല സ്ഥലത്ത് കൊണ്ടാക്കണ്ട ചുമതല എന്റെ സുഹൃത്തുക്കള്‍ തന്നെ ഏറ്റെടുത്തു.എല്ലാം കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ പലരും പല വണ്ടിയിലായി യാത്രയായി.ഇനി നാളെ ഞാന്‍ ഇല്ലെങ്കിലും അവര്‍ എല്ലാവരും സുഹൃത്തുക്കളായി തന്നെ തുടരും.സത്യത്തില്‍ ഇതല്ലേ സൌഹൃദത്തിന്റെ പൂക്കാലം?

2 comments:

  1. അതെ...സൌഹൃദം ഓണ്‍ലൈനില്‍ മാത്രമാകാതെ റിയല്ലൈഫിലേക്കും വരട്ടെ.....

    ReplyDelete