Tuesday, August 13, 2013

സേതുലക്ഷ്മിയാണ് താരം !!




എല്ലാ മലയാള സിനിമകളും നാട്ടില്‍ റിലീസ്‌ ചെയ്തു രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞേ ദുബായില്‍ റിലീസ്‌ ചെയ്യാറുള്ളൂ.അത് കൊണ്ട് തന്നെ നാട്ടില്‍ ആദ്യ ദിവസം കാണുമ്പോള്‍ ഉള്ള ആ സുഖം ഇവിടെ കിട്ടാറില്ല.അതിനു പ്രധാന കാരണം നമ്മള്‍ ആ സിനിമയുടെ കഥയും കാര്യങ്ങളും എങ്ങനെയെങ്കിലും ആദ്യമേ അറിയും എന്നതാണ്.ആറിയ കഞ്ഞി പഴംകഞ്ഞി എന്നാണല്ലോ?എങ്കിലും ചില സിനിമകള്‍ക്കായ്‌ നമ്മള്‍ കാത്തിരിക്കും.അങ്ങനെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.ഒരു സൂപ്പര്‍ താരം പോലും ഇല്ലാതിരുന്നിട്ടും ആദ്യത്തെ മൂന്നു ദിവസം ഇവിടെ ഈ സിനിമയ്ക്കു നല്ല തിരക്കായിരുന്നു, പോരാത്തതിന് പെരുന്നാള്‍ അവധിയും.എന്റെ കൂട്ടുകാരില്‍ ചിലര്‍ക്ക് ടിക്കറ്റ്‌ കിട്ടിയില്ല. അല്ലെങ്കിലും നാട്ടില്‍ നിന്ന് നല്ല സിനിമ എന്ന് പേര് കിട്ടിയ സിനിമകള്‍ക്ക്‌ ഇവിടെ എന്നും നല്ല വരവേല്‍പ്പ് ആണ് കിട്ടാറുള്ളത്.

ഈ സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളാണ് ചെഗുവേര റോയ്‌ (മുരളി ഗോപി),കൈതേരി സഹദേവന്‍ (ഹരീഷ് പേരാടി),വട്ട് ജയന്‍ (ഇന്ദ്രജിത്ത്).ഇത്ര ശക്തവും കാമ്പുള്ളതുമായ കഥാപാത്രങ്ങള്‍ ഈ അടുത്ത കാലത്ത് ഒന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. ഇവരില്‍ ആര് സ്ക്രീനില്‍ വന്നു നിന്നാലും സിനിമയ്ക്കു ഒരു പ്രത്യേക ഊര്‍ജം ലഭിക്കുന്നു. ഇവരുടെ മൂന്നു പേരുടെയും പ്രകടനത്തെ കുറിച്ച് നമ്മള്‍ ഒരു പാട് വായിച്ചതാണ്,പലരും പ്രശംസിച്ചു കേട്ടതാണ്.പക്ഷെ എനിക്ക് പറയാനുള്ളത് ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച സേതുലക്ഷ്മിയെ കുറിച്ചാണ്. മികച്ച മൂന്നു നടന്മാരുടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഉള്ള ഒരു സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു കയ്യടി നേടുക എന്ന് പറയുന്നത് അത്ര നിസ്സാരം അല്ല.ഒരു താരം അല്ലാത്തത് കൊണ്ട് അവര്‍ ഫേസ്ബുക്കിലോ, സിനിമയുടെ പോസ്റ്ററുകളിലോ നിറഞ്ഞു നില്‍ക്കില്ല. പക്ഷെ അത് കൊണ്ട് അവരെ മാറ്റി നിര്‍ത്താനാവില്ല. അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഈ സിനിമ പൂര്‍ണ്ണമാവില്ല.

ഇന്നലെ എന്റെ കൂടെ ആ സിനിമ കണ്ടിറങ്ങിയ എല്ലാവര്ക്കും പറയാനുള്ളത് ഒരു കാര്യമാണ് "ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച ആ നടി ഗംഭീരം ആയിട്ടുണ്ട്."ആര്‍ക്കും പക്ഷെ അവരുടെ പേര് അറിയില്ല. അങ്ങനെ അറിയാന്‍ മാത്രം അവര്‍ പ്രസിദ്ധയും അല്ല. ഇതിനു മുന്‍പ്‌ സത്യന്‍ അതിക്കാടിന്റെ നാല് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്,പക്ഷെ ഇപ്പോളാണ് ശ്രദ്ധിക്കപ്പെടുന്ന നല്ലൊരു വേഷം ലഭിക്കുന്നത്. സിനിമയില്‍ അവര്‍ പറയുന്ന ആ ഭാഷ അവരുടെ സ്വന്തം ഭാഷയാണ്, അല്ലാതെ സിനിമയ്ക്കു വേണ്ടി പറഞ്ഞ ഭാഷയല്ല,അത് കൊണ്ട് തന്നെയാണ് അത് അത്ര രസകരമായതും. ഒരു സീനില്‍ ഇന്ദ്രജിത്തിനോട് "ഈ കണക്കിന്‌ നാളെ നീ വഴിയില്‍ കൂടെ പോകുന്ന ആരെയെങ്കിലും അച്ഛന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് വരുമല്ല്" എന്ന് സേതുലക്ഷ്മി ആ ഭാഷയില്‍ പറഞ്ഞപ്പോള്‍ തിയ്യറ്ററില്‍ ഉണ്ടായ കയ്യടി വേറെ ഒരു സീനിലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം, അത് പോലെ തന്നെ അവരുടെ സദ്ദാം ഹുസൈന്‍ പരാമര്‍ശവും തിയ്യറ്ററില്‍ ചിരിയുണര്‍ത്തി.

സേതുലക്ഷ്മി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ അറിയപ്പെടുന്ന ഒരു നാടക നടി ആണ്. 1963-ല്‍ സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും നടനഭൂഷന്‍"" നേടിയ നര്‍ത്തകി ആയ അവര്‍. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നാടക രംഗത്തേക്ക് പ്രവേശിച്ചത്.നാടക രംഗത്ത്‌ നിന്ന് തന്നെ അര്‍ജുനന്‍ എന്ന ഒരു നടനെയാണ് സേതുലക്ഷ്മി വിവാഹം കഴിച്ചത്. അദ്ധേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം വളരെ കഷ്ട്ടപെട്ടാണ് തന്റെ നാല് മക്കളെയും അവര്‍ വളര്‍ത്തിയത്. അവര്‍ നാല് പേരും നാടക രംഗത്ത്‌ ഉണ്ടായിരുന്നു. മൂത്ത രണ്ടു പെണ്‍കുട്ടികള്‍ കല്യാണ ശേഷം ആ രംഗം ഉപേക്ഷിച്ചു,ഇളയ പെണ്‍കുട്ടി ലക്ഷ്മിയും മകന്‍ കിഷോറും ഇപ്പോളും സജീവമായി തന്നെ അരങ്ങത്തുണ്ട്. ആദ്യകാലത്ത് അവര്‍ക്ക്‌ ചിറയിന്‍കീഴ്‌ അനുഗ്രഹ എന്നൊരു ട്രൂപ്പ് സ്വന്തമായി ഉണ്ടായിരുന്നു, പക്ഷെ മകന്‍ കിഷോറിന്റെ അസുഖം കാരണം അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിച്ചില്ല. ഈ കിഷോറിനെ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും,ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ്സിലെ ടീം ബോയ്സിലെ മെമ്പര്‍ ആണ് കിഷോര്‍., ഇപ്പോളും ഡയാലിസിസ്‌ ചെയ്താണ് കിഷോര്‍ നമ്മളെ ചിരിപ്പിക്കാന്‍ വേണ്ടി എത്തുന്നത്.(ഈ വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്:സരസ്വതി നാഗരാജന്‍,ദി ഹിന്ദു)

സേതുലക്ഷ്മിയെ പോലെ ഒരു മികച്ച നടിക്ക് സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചത് ഈ എഴുപതാമത്തെ വയസ്സിലാണ് എന്നത് ദുഖകരമാണ്. ഇത്ര നാടകങ്ങളില്‍ അഭിനയിച്ചതിനെക്കാള്‍ പതിന്‍മടങ്ങാണ് ഈ ഒരു സിനിമ കൊണ്ട് അവര്‍ക്കുണ്ടായ നേട്ടം. ഇതേ വേഷം ഒരു പക്ഷെ KPAC ലളിതയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ അവര്‍ തന്നെ മുന്‍പ്‌ ചെയ്ത പല വേഷങ്ങളുടെയും ആവര്‍ത്തനം ആയി അത് ഒതുങ്ങിയേനെ. സേതുലക്ഷ്മിയെ പോലുള്ള താരതമ്യേന ഒരു പുതുമുഖത്തെ ആ വേഷം എല്പ്പിച്ചതിനു സംവിധായകന്‍ അരുണ്‍ കുമാറിനും മുരളി ഗോപിക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.., നിങ്ങളെ പോലെ ഉള്ളവരിലൂടെയാണ് ഞങ്ങള്‍ കാത്തിരുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നത്, അല്ലെങ്കില്‍ നിങ്ങളാണ് ആ മാറ്റം !!

No comments:

Post a Comment