Saturday, August 10, 2013

Chennai Express - Review From Dubai



ഇന്നലെ ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌""" കണ്ടു. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം നേടിയ കാരണം ഇന്നലെ നല്ല തിരക്കായിരുന്നു.എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്ഫുള്‍.., സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

ഇനി സിനിമയിലേക്ക്..

രാഹുല്‍ തന്റെ അപ്പൂപ്പന്റെ ചിതാഭസ്മം രാമേശ്വരത്ത് നിര്മാജനം ചെയ്യാന്‍ വേണ്ടി മുംബയില്‍ നിന്ന് ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര തിരിക്കുന്നു. ആ ട്രെയിനില്‍ വെച്ച് മീനമ്മയെ( ദീപിക) കാണുന്നു, അവള്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്. അവളെ തിരിച്ചു കൊണ്ട് വരാന്‍ വേണ്ടി അവളുടെ അച്ഛന്‍ (സത്യരാജ്) അയച്ച ഗുണ്ടകളും ആ ട്രെയിനില്‍ ഉണ്ട്. രാഹുല്‍ അവരുമായി കോര്‍ക്കുന്നു. അതോടെ അവര്‍ രാഹുലിനെയും മീനമ്മയെയും കൊണ്ട് തമിഴ്‌ നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തുന്നു. പിന്നെ അവിടെ നിന്ന് വീണ്ടും രക്ഷപെടാനുള്ള രാഹുലിന്റെയും മീനമ്മയുടെയും ശ്രമങ്ങളും പരാജയങ്ങളും അവരുടെ പ്രണയവും അതിന്റെ സക്ഷാല്‍ക്കരവുമാണ് കഥ. അതിനിടയില്‍ കുറച്ചു ഗാനങ്ങള്‍, നിറയെ കോമഡികള്‍, ആവശ്യത്തിന് ആക്ഷന്‍ അങ്ങനെ ഒരു കച്ചവട സിനിമയ്ക്ക്‌ വേണ്ട എല്ലാം നിറച്ച ഒരു ഉത്സവ ചിത്രം ആണ് രോഹിത്‌ ഷെട്ടി ഒരുക്കിയ ചെന്നൈ എക്സ്പ്രസ്സ്‌...

ഷാരൂഖ് ഖാന്റെ മുന്‍കാല ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ മിക്കതിലും ഉള്ള ഒരു സാമ്യം അതിന്റെ കഥയാണ്. അതായത് വേറെ ആരെങ്കിലും കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച പെണ്ണിനെ പ്രേമിച്ചു അവളെ സ്വന്തമാക്കുക. ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹെ, പര്‍ദേശ് , യെസ് ബോസ്സ്. ഒപ്പം രാജ്‌ എന്നോ രാഹുല്‍ എന്നോ ഒരു പേരും ഉണ്ടാകും. ഇതിലും അത് തന്നെ കഥ. പക്ഷെ അത് പ്രേക്ഷകരെ മടുപ്പിക്കാതെ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു. കുറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഖാന്റെ നല്ലൊരു പ്രകടനം കാണുവാന്‍ സാധിച്ചു.കോമഡിയും ആക്ഷനും എല്ലാം നന്നായി തന്നെ ചെയ്തു. ഷാരൂഖ്‌ ഖാന്റെ തന്നെ പല മുന്‍കാല ചിത്രങ്ങളുടെ പേരുകളും രംഗങ്ങളും ഷാരൂഖ്‌ തന്നെ കോമഡി ആയി അവതരിപ്പിച്ചതും പുതുമ ആയി, ആ രംഗങ്ങള്‍ എല്ലാം ഷാരൂഖ്‌ കയ്യടി വാങ്ങി.

ദീപിക മൊത്തത്തില്‍ നന്നായി എങ്കിലും ഇടക്ക്‌ കുറച്ചു കൈ വിട്ടു പോകുന്നുണ്ട്. ദീപികയുടെ അച്ഛന്‍ ആയി സത്യരാജ്‌ തിളങ്ങി. പിന്നെ പേരെടുത്തു പറയാന്‍ വേറെ നടന്മാരോ നടികളോ ആരുമില്ല. കഥ നടക്കുന്നത് തമിഴ്‌ നാട്ടില്‍ ആയത് കൊണ്ട് സിനിമ മൊത്തം ഒരു തമിഴ്‌ ഫ്ലേവര്‍ ആണ്. തമിഴ്‌ ഭാഷ അറിയാത്ത ഒരു നായകന്റെ തെറ്റിധാരണകള്‍, അതില്‍ നിന്നുണ്ടാകുന്ന കോമഡികള്‍, അതെല്ലാം നന്നായി തന്നെ എടുത്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഫോട്ടോഗ്രാഫി ആണ്. തമിഴ്നാട്ടിലെ അതി മനോഹരമായ ലോക്കേഷനുകള്‍ എല്ലാം ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്, പിന്നെ പാട്ടുകള്‍ എല്ലാം നല്ല പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രിശ്യ വിരുന്നാണ്. ചിത്രത്തിന്റെ അവസാനം രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്. ചിത്രം തമിഴ്‌ നാട്ടിലും ഡബ്ബ് ചെയ്തു ഇറക്കുന്നുണ്ട്.

ഷാരൂഖ്‌ ഖാന്റെ ആരാധകരെ സംബന്ധിച്ച് കുറെ കാലത്തിനു ശേഷമാണ് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ചിത്രം അവര്‍ക്ക്‌ ലഭിക്കുന്നത്. ലോജിക്‌ ഇല്ലാത്ത കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് ചിത്രം ഇഷ്ട്ടപെടും, പിന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണ രീതി. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പിന്തുണ ഈ ചിത്രത്തിന് ലഭിക്കും, ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട.

No comments:

Post a Comment