Friday, November 4, 2016

25 Years of Thalapathi (1991)


#Thalapathi (1991)

മണിരത്നത്തിന്‍റെ സഹോദരന്‍ G.വെങ്കടേശ്വരന്‍ രജിനികാന്തിന്‍റെ നല്ലൊരു സുഹൃത്ത് ആയിരുന്നു. മണിയുടെ കൂടെ ഒരു സിനിമ ചെയ്‌താല്‍ കൊള്ളാം എന്ന് രജിനി ഒരിക്കല്‍ പുള്ളിയോട് പറഞ്ഞിരുന്നു. മണിയോട് ചോദിച്ചപ്പോള്‍ മണിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നറിഞ്ഞു. മണി ഒന്ന് രണ്ടു തവണ അതുമായി ബന്ധപ്പെട്ട് രജിനിയെ കാണുകയും ചെയ്തു.പക്ഷെ രജിനിക്ക് പറ്റിയ ഒരു കഥ മണിയുടെ കയ്യില്‍ ഇല്ലായിരുന്നു. രജിനിയുടെ സുപ്പര്‍ സ്റ്റാര്‍ ഇമേജ് നില നിര്‍ത്തി , എന്നാല്‍ തന്‍റെ ഒരു രീതിയിലുള്ള സിനിമ ആയി എടുക്കാന്‍ ആയിരുന്നു മണിയുടെ ആഗ്രഹം. രണ്ടു പേര്‍ക്കും ഒരു പോലെ ചെയ്യാന്‍ പറ്റുന്ന ,കഥ കേട്ടാല്‍ രജിനി നോ പറയാത്ത ഒന്നിന് വേണ്ടി കാത്തിരുന്നു. പിന്നെയാണ് മഹാഭാരത്തിലെ കര്‍ണന്‍റെ കഥ ആലോചിച്ചത്. മണിക്ക് മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ട്ടമുള്ള ഒരു കഥാപാത്രം ആയിരുന്നു കര്‍ണന്‍. രജിനികാന്തിന്‍റെ അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റൈല്‍ മാറ്റി വെച്ച്, കുറച്ച് കൂടെ റിയലിസ്റ്റിക് ആയി ഒന്ന് ചെയ്യാന്‍ ആയിരുന്നു മണിയുടെ ആഗ്രഹം. ഇതിന്‍റെ ഷൂട്ടിംഗ് തനിക്കു ഒരു പുതിയ അനുഭവം ആയിരുന്നു എന്നും ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ പോലും രജിനിയോട് ഇമോഷന്‍സ് ചെയ്യാന്‍ മണി ആവശ്യപ്പെട്ടതായി എന്ന് രജിനി തന്നെ പിന്നീട് പറഞ്ഞിരുന്നു. അത് പോലെ തന്നെ മണി ആദ്യം എഴുതിയ തിരക്കഥയില്‍ രജിനിയുടെ കഥാപാത്രം മരിക്കുകയും മമ്മൂട്ടി അതിന് പ്രതികാരം ചെയ്യുന്നതും ആയിരുന്നു, പിന്നീട് രജിനിയുടെ ആരാധകരുടെ വികാരം കണക്കിലെടുത്തു കൊണ്ട് മാറ്റി എഴുതിയതാണ് എന്നൊക്കെ കേട്ടിരുന്നു.



ദുര്യോധനന്‍റെ സ്ഥാനത്തേക്ക് മലയാളത്തില്‍ നിന്നും മമ്മൂട്ടിയെ കൊണ്ട് വന്നു. ദ്രോപതി ആയി ശോഭന, കുന്തി ആയി ശ്രീവിദ്യ. അര്‍ജുനന്‍റെ സ്ഥാനത്തേക്ക് മമ്മൂട്ടി ജയറാമിന്‍റെ പേര് നിര്‍ദേശിച്ചെങ്കിലും, ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല, അങ്ങനെ ആ സ്ഥാനത്തേക്ക് ഒരു പുതുമുഖം വന്നു. ആ പുതുമുഖം പിന്നീട് മണിയുടെ അടുത്ത ചിത്രത്തിലെ നായകന്‍ ആകുകയും ആ ചിത്രം ഒരു വന്‍ വിജയം ആകുകയും ചെയ്തു. ആ പുതുമുഖം ആണ് അരവിന്ദ് സ്വാമി. ചിത്രം റോജ (1992). ദളപതിയിലെ വില്ലന്‍ വേഷത്തിന് വേണ്ടി ഹിന്ദിയില്‍ നിന്നും അന്നത്തെ തിരക്കുള്ള താരമായ അമരീഷ് പുരിയെ കൊണ്ട് വന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ദേവയുടെ സന്തത സഹചരന്‍ ആയി ഒരാളെ വേണമായിരുന്നു. ആ ഇടക്കാണ്‌ മണി പെരുന്തച്ചന്‍ എന്ന സിനിമ കാണാന്‍ ഇടയായത്. അതിലെ ഒരു നടന്‍റെ അഭിനയം മണിക്ക് ഇഷ്ട്ടപ്പെട്ടു. അങ്ങനെ അയാളെ ഈ വേഷത്തിലേക്ക് തന്‍റെ സിനിമയിലേക്ക് കൊണ്ട് വന്നു. ആ നടന്‍ ആണ് മനോജ്‌.കെ.ജയന്‍. ദളപതിയില്‍ ഒരു രംഗത്ത് മനോജ്‌ രജിനിയെ പിടിച്ചു തള്ളുന്നുണ്ട്. അത് കൊണ്ട് തന്നെ സിനിമ ഇറങ്ങിയ സമയത്ത് മനോജിനോട് പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം എന്ന് പലരും പറഞ്ഞിരുന്നു. കുറച്ചു ദിവസം മനോജ്‌ ആ ഹോട്ടല്‍ റൂം വിട്ടു പുറത്തിറങ്ങിയില്ല. ഇവരെ കൂടാതെ ഗീത, ഭാനുപ്രിയ, നാഗേഷ്, ചാര്‍ളി, തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.


ഇളയരാജ ആയിരുന്നു ദളപതിയുടെ സംഗീതം ചെയ്തത്. മണിയും രാജയും ഒരുമിച്ച അവസാനത്തെ ചിത്രവും അതായിരുന്നു. തന്‍റെ അടുത്ത ചിത്രമായ റോജയില്‍ മണി ഒരു പുതിയ പയ്യനെ കൊണ്ട് വന്നു. പിന്നീട് മണിയുടെ എല്ലാ ചിത്രത്തിന്‍റെയും സംഗീതം അയാളായിരുന്നു. ആ പയ്യനാണ് A.R.റഹ്മാന്‍. ദളപതിയിലെ ഗാനങ്ങള്‍ എല്ലാം അന്നത്തെ വന്‍ ഹിറ്റ്‌ ആയിരുന്നു. അതില്‍ രാക്കമ്മ എന്നാ ഗാനം 2002-ല്‍ BBC World Top Ten Music-ല്‍ നാലാം സ്ഥാനത്ത് വന്നിരുന്നു. 2012-ല്‍ Agent Vinod എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗത്ത് ആ ഗാനം വരികയും, അനുമതിയില്ലാതെ അത് ഉപയോഗിച്ചതിനു ലഹരി മ്യൂസിക്‌ അതിന്‍റെ നിര്‍മ്മാതാവിന് എതിരെ കേസ് കൊടുക്കുകയും ചെയ്തത് വാര്‍ത്ത ആയിരുന്നു. കാട്ടുകുയിലേ എന്ന ഗാനത്തിന് മമ്മൂട്ടിക്ക് വേണ്ടി യേശുദാസും രജിനിക്ക് വേണ്ടി SPBയും കൂടെ ചേര്‍ന്നാണ് ആലപിച്ചത്. S.ജാനകിയും SPBയും ചേര്‍ന്ന് പാടിയ സുന്ദരി എന്ന മനോഹരമായൊരു പ്രണയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് പോലെ തന്നെ സന്തോഷ്‌ ശിവന്‍ ആദ്യമായി മണി രത്നം സിനിമക്ക് വേണ്ടി ക്യാമറ ചാലിപ്പിച്ചതും ഈ ചിത്രത്തിലൂടെയാണ്.


1991 നവംബര്‍ 5ന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്, കൂടെ കമലിന്‍റെ ഗുണ എന്നാ ചിത്രവും ഉണ്ടായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം അന്ന് ഏറെ പ്രശംസിക്കപ്പെട്ടു. അതിനു ശേഷം തമിഴില്‍ നിന്നും കുറെ ചിത്രങ്ങള്‍ മമ്മൂട്ടിയെ തേടി എത്തി. സൂര്യയുടെയും ദേവയുടെയും ആ സൌഹൃദം സിനിമ പ്രേമികളുടെ മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞു. "ഇവന്‍ എന്‍ നന്‍പന്‍ അല്ല,, എന്‍ തമ്പി" എന്ന് ഒരു രംഗത്ത് ദേവ പറയുന്നുണ്ട്. അത് പോലെ ആയിരുന്നു ആ സൌഹൃദം. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ പട്ടയല്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ " ഷോലെ പോലെ, ദളപതി പോലെ വീണ്ടും ഒരു സൗഹൃദത്തിന്‍റെ കഥ " എന്നായിരുന്നു അതിന്‍റെ പരസ്യ വാചകം. സൌഹൃദത്തിന് പുതിയൊരു മാനം ചാര്‍ത്തിയ സിനിമ ആയിരുന്നു ദളപതി. 2011-ല്‍ ഭരത് ഷാ ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരുന്നു. അലെ പായുതേക്ക് ശേഷം മണി ഹിന്ദിയില്‍ റീമേക്ക് അനുവാദം കൊടുത്ത ചിത്രം ആണ് ദളപതി.

ഇന്നും ഒരു പാട് സിനിമ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ദളപതി ആയിരിക്കും. ഇന്ന് മറ്റൊരു നവംബര്‍ 5. ദളപതി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു.

#25YearsOfThalapathi #Mammootty #Rajinikanth #ManiRatnam

No comments:

Post a Comment