Tuesday, July 3, 2018

മഹാത്മ (1996) - ചില അണിയറ വിശേഷങ്ങള്‍ !!


ഈ അടുത്ത് മഹാത്മ (1996) കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്ന കുറച്ച് കാര്യങ്ങള്‍.



ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ആണ് ഈ പടം ഇറങ്ങിയത്. അന്ന് ഇതിന് മുട്ടന്‍ ഹൈപ്പ് ആയിരുന്നു. കമ്മീഷണര്‍, കിംഗ്‌ എന്നീ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും ഷാജി കൈലാസ്, സിനിമ വരികളില്‍ എല്ലാം കിടു കവറേജ്, സുരേഷ് ഗോപിയുടെ കിടിലന്‍ ഗെറ്റ് അപ്പ്‌. പിന്നെ വന്‍ ബജറ്റില്‍ ഒരുങ്ങുന്നു എന്നത് വേറെ. അങ്ങനെ എല്ലാം കൊണ്ടും കാത്തിരുന്ന പടം. തൃശൂര്‍ രാഗത്തിലാണ് പടം ഇറങ്ങിയത്. എന്ത് കൊണ്ടോ അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്‍റെ ഒരു കൂട്ടുകാരന്‍ ആദ്യ ദിവസം തന്നെ അടിയുണ്ടാക്കി പോയി പടം കണ്ടു. വന്‍ ജനം ആയിരുന്നു, ടിക്കറ്റ്‌ കിട്ടും എന്ന് കരുതിയില്ല എന്നൊക്കെ അവന്‍ പറഞ്ഞു. പക്ഷെ പടം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഹൈ ബജറ്റ് കാരണം ചിത്രം ഒരു നഷ്ടമായി.

ഇതില്‍ സിനിമയുടെ നിര്‍മ്മാണ ചിലവ് വേറെ പല വഴികളിലും കൂടുകയും, പിന്നീട് ഒന്ന്‍ രണ്ട് തവണ ഷൂട്ടിംഗ് നിര്‍ത്തുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. വേറെ ഒരു രസം ഇതിന്‍റെ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്തിട്ടില്ല എന്നതാണ്. ചിത്രത്തിലെ പ്രധാന വില്ലന്‍ ആയ ഡേവിഡ്‌ എബ്രഹാമിനെ അവസാനം കാണിക്കുന്നില്ല. പകരം ഗണേഷിനെ കൊല്ലുന്നിടത്ത് വെച്ച് പടം അവസാനിപ്പിച്ച്‌ A Film by Shaji Kailas എന്ന് കാണിക്കേണ്ടി വന്നു. ഇതൊക്കെ അന്നത്തെ വാരികകളില്‍ വായിച്ച അറിവാണ്. ചിലപ്പോള്‍ തെറ്റായിരിക്കും, പക്ഷെ പടം കാണുമ്പോള്‍ അതൊക്കെ ശരിയാണ് എന്നാണ് തോന്നിയത്. ഇതൊക്കെ ആയാലും സിനിമയില്‍ സുരേഷ് ഗോപിയുടെ ചില കിടിലന്‍ ഡയലോഗുകള്‍ ഉണ്ട്. അത് കാണാന്‍ മാത്രം ഇടക്ക് ആ സീനുകള്‍ കാണാറുണ്ട്. പിന്നെ പുള്ളി ഈ പടത്തില്‍ ഒടുക്കത്തെ ഗ്ലാമറും ആയിരുന്നു. സുരേഷ് ഗോപി വലിച്ചിരുന്ന ആ നീല കളറുള്ള സിഗരറ്റ് വിദേശത്ത് നിന്നും കൊണ്ട് വന്നതാണെന്നും ഒക്കെ സിനിമ ഫ്ലോപ്പ് ആയപ്പോള്‍ ചെറിയ ഗോസിപ്പുകള്‍ ആയി അന്ന് ചില മാഗസിനുകളില്‍ വന്നിരുന്നു.

ഇതില്‍ വിദ്യ സാഗര്‍ ഒരുക്കിയ പുള്ളോര്‍ കുടവും എന്ന ഗാനം ഏറെ ഇഷ്ട്ടമാണ്.

No comments:

Post a Comment