Monday, April 23, 2018

തേന്മാവിന്‍ കൊമ്പത്ത് - 24 വര്‍ഷങ്ങള്‍ !!

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വൈകീട്ടത്തെ ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് താഴത്തെ ഓഡിയോ ഷോപ്പില്‍ നിന്ന് മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കുന്നത്. ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഓടി താഴെ പോയി കടയിലെ ചേട്ടനോട് ചോദിച്ചു. പുള്ളി എനിക്ക് ആ കേസ്സറ്റ് തന്നു. തേന്മാവിന്‍ കൊമ്പത്ത് എന്ന് അതില്‍ ഉണ്ടായിരുന്നു. മനോഹരമായ ആ പേരും ഡിസൈന്‍ അപ്പോളെ മനസ്സില്‍ കയറി. പിന്നീട് എങ്ങും എവിടെയും ആ ഗാനങ്ങളായി. കറുത്ത പെണ്ണും, കള്ളി പൂങ്കുയിലും മലേയ ലോല ലോലെയുമൊക്കെ എല്ലായിടത്തും അലയടിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ആയി. ഇന്നത്തെ പോലെ ടീസറൊന്നുമില്ല. നാനയിലൊക്കെ വരുന്ന റിപ്പോര്‍ട്ട്‌ മാത്രം. സിനിമ എന്താണെന്ന്‍ തിയറ്ററില്‍ ചെന്നാല്‍ മാത്രം അറിയുന്ന സമയം. അങ്ങനെ വീടിന്‍റെ അടുത്തുള്ള ഒരുത്തന്‍റെ കൂടെ ഞാനും സിനിമ കാണാന്‍ തൃശൂര്‍ പോയി. വഴിയില്‍ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഉള്ളം സന്തോഷിച്ചു. അങ്ങനെ ഞങ്ങള്‍ സപ്നയില്‍ എത്തി. തിരക്കെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ തിരക്ക്. പ്രതീക്ഷയോടെ ഞങ്ങള്‍ ക്യൂവില്‍ നിന്നു. അന്ന് സപ്നയുടെ ഒരു ഭാഗത്ത് പിന്‍ഗാമിയുടെ പോസ്റ്റര്‍ കണ്ടു. വരുന്നു...എന്ന്. ബെല്‍ അടിച്ചപ്പോള്‍ ക്യൂ നീങ്ങി തുടങ്ങി. കിട്ടും കിട്ടും എന്ന്‍ മനസ് പറഞ്ഞു, പക്ഷെ ഞങ്ങള്‍ അടുതെത്തിയപ്പോഴേക്കും ക്ലോസ് ആയി. അന്നത്തെ വിഷമം പറഞ്ഞാല്‍ തീരില്ല. അടുത്ത ദിവസം വരാം എന്ന് അവന്‍ പറഞ്ഞെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. പിന്നീട് കാസ്സെറ്റ്‌ ഇട്ടാണ് സിനിമ കണ്ടത്. ഇന്നും അതൊരു നഷ്ട്ടമായി മനസ്സില്‍ കിടക്കുന്നു. തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങിയിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.



അന്ന് താരങ്ങളില്ലാതെ പടത്തിന്‍റെ പേര് മാത്രമായി ഒരു പോസ്റ്റര്‍ വരാറുണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടില്‍ പച്ച കളറില്‍ ആയിരുന്നു തേന്മാവിന്‍ കൊമ്പത്ത് എന്നെഴുതിയത്. അങ്ങനെയൊരു പോസ്റ്ററിന്‍റെ കീറിയ ഒരു ചെറിയ ഭാഗം ടൌണില്‍ ഒരു സ്ഥലത്ത് പിന്നീട് കുറേ വര്‍ഷം കണ്ടിരുന്നു. എന്നും അതിലൂടെ ബസില്‍ പോകുമ്പോള്‍ ഞാന്‍ അത് നോക്കും. അത് എന്നും എനിക്ക് മനസിന്‌ സന്തോഷം നല്‍കുന്ന ഒരു കാഴ്ച ആയിരുന്നു.പിന്നീട് എപ്പോഴോ നഗരത്തിന്‍റെ തിരക്കില്‍ അതും നഷ്ട്ടമായി.

No comments:

Post a Comment