Sunday, December 31, 2017

2017- ഒരു തിരിഞ്ഞു നോട്ടം. !!ഒരു പുതുവര്‍ഷം കൂടെ ഇന്ന് ആരംഭിക്കുന്നു. 2017 ദാ എന്ന് പറയുമ്പോളെക്കും കഴിഞ്ഞു പോയി. എടുത്ത് പറയാന്‍ ഉള്ളത് കഴിഞ്ഞ വര്‍ഷമാണ്‌ എനിക്ക് UAE ലൈസന്‍സ് കിട്ടിയത് എന്നാണ്. ഇവിടെ വന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ഡ്രൈവിംഗ് ക്ലാസ്സിന് ചേരുന്നത്. കുറെ ശ്രമങ്ങള്‍ക്ക് ശേഷമാണ് അത് ലഭിച്ചത്. മാര്‍ച്ചില്‍ നാട്ടില്‍ പോയതാണ് മനസ്സില്‍ നില്‍ക്കുന്ന മറ്റൊരു നല്ല ഓര്‍മ്മ. വീട്ടുകാരുടെ കൂടെ, കൂട്ടുകാരുടെ കൂടെ ഒരു മാസം. ഫാമിലിയുടെ കൂടെ തൃശ്ശൂരും, എറണാകുളവും, പാലക്കാടും എല്ലാം ഒന്ന് കറങ്ങി. ഇടയില്‍ ഒരു വിഷുക്കാലവും കിട്ടി. കുറെ പൂരങ്ങള്‍, കുറെ പെരുന്നാളുകള്‍.അങ്ങനെ കുറെ സന്തോഷം വേറെ. ഇപ്പോള്‍ നാട്ടില്‍ നിന്നും വന്നിട്ട് എട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇനിയിപ്പോള്‍ 2018 മാര്‍ച്ച് ആകാനുള്ള കാത്തിരിപ്പാണ്.

ഇപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കഴിഞ്ഞ 4.5 വര്‍ഷമായി താമസിക്കുന്നു. ഞങ്ങള്‍ അവിടെ സെറ്റ് ആയിരുന്നു. എന്നാലും കുറച്ചു കൂടെ നല്ല ഒരു ചുറ്റുപാടിലേക്ക് മാറണം എന്ന് കരുതിയിരുന്നു. അപ്പോളാണ് ബോസ്സ് തന്നെ ഇങ്ങോട്ട് പറഞ്ഞത് വേറെ റൂം നോക്കിക്കോ എന്ന്. അതോടെ പിന്നെ റൂം അന്വേഷണമായി. കുറച്ച് ദിവസങ്ങളിലായി അതിന്‍റെ ഒരു തിരക്കിലായിരുന്നു. കുറേ റൂമുകള്‍ കണ്ടു.ഇപ്പോളാണ് ഇഷ്ട്ടപ്പെട്ട ഒന്ന് കിട്ടിയത്. ഞങ്ങള്‍ മുന്‍പ് താമസിച്ച അതെ ഫ്ലാറ്റ് ആണെന്നത് ഒരു പ്ലസ്‌ ആയി. അങ്ങനെ പുതുവര്‍ഷം അങ്ങോട്ടേക്ക് ഫ്ലാറ്റിലേക്ക് മാറുകയാണ്. ആദ്യമായല്ല ഇങ്ങനെ മാറേണ്ടി വരുന്നത്. എന്നാലും ഈ തവണ വല്ലാത്തൊരു വിഷമം. കുറെ നാളുകളായി ഇവിടെ താമസിച്ചു പെട്ടെന്ന് ഇറങ്ങുമ്പോള്‍ ഉള്ള ഒരു പ്രയാസം. രണ്ട് മക്കള്‍ ജനിച്ചതും വളര്‍ന്നതും ഈ വീട്ടിലായിരുന്നു.അതിന്‍റെയൊരു ഇമോഷണല്‍ അറ്റാച്ച്മെന്‍റ് ഇവിടെയുണ്ട്. കുറച്ച് ദിവസമായി ഉറക്കമൊന്നും തീരെ ശരിയാകുന്നില്ല. ഇനി അവിടെ പോയി ഒന്ന് ഓക്കേ ആകാന്‍ കുറച്ച് ദിവസം എടുക്കും.

ഈ പോയ വര്‍ഷം ഒരു പാട് സിനിമകള്‍ കണ്ടു. എങ്കിലും അങ്കമാലി ഡയറീസും. ടേക്ക് ഓഫും, പറവയും, തൊണ്ടി മുതലും വിക്രം വേധയും എല്ലാം മനസ്സില്‍ നില്‍ക്കുന്നു. അതെല്ലാം തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ സാധിച്ചു. ഷോ ടൈം ഓക്കേ അല്ലാത്തത് കൊണ്ട് മാത്രം കാണാതിരുന്ന സിനിമകളും ഉണ്ട്. ഓണ്‍ലൈന്‍ ആക്ട്ടിവിറ്റീസ് എല്ലാം വളരെ കുറച്ച ഒരു വര്‍ഷം ആയിരുന്നു ഇത്. ഏപ്രില്‍ മുതല്‍ സിനിമ ഫോറങ്ങളില്‍ നിന്നെല്ലാം വിട്ടു നിന്നു. ബ്ലോഗ്‌ തന്നെ ആകെ നാലോ അഞ്ചോ എണ്ണം ആണ് എഴുതിയത്. കുറെ നാള്‍ വാട്ട്‌സ് അപ്പിലും, ഇന്‍സ്റ്റാഗ്രമിലും,ഫേസ്ബുക്കിലും ഒന്നും ഇല്ലായിരുന്നു. അവധി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിയതില്‍ കുറച്ച് പുസ്തകങ്ങള്‍ ഇപ്പോളും വായിച്ചിട്ടില്ല. മടി തന്നെ കാരണം. സമയം ഒക്കെ മാനേജ് ചെയ്ത് കുട്ടികളുടെ കൂടെ പരമാവധി ഉണ്ടാകാറുണ്ട്. സാമ്പത്തികമായ ഞെരുക്കം കാരണം പുറത്ത് കറങ്ങാന്‍ പോകല്‍ കുറവാണു. കഴിഞ്ഞ കുറെ നാളുകളായി മാസത്തില്‍ ഒരു തവണ മാത്രമാണ് പുറത്ത് പോകുന്നത്. അതും ചെലവു വളരെ കുറച്ച് കൊണ്ടുള്ള യാത്രകള്‍. കുറെ നാളായി ഒരു തല വേദന ആയിരുന്ന ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ ക്ലോസ് ചെയ്യാന്‍ സാധിച്ചതും ഈ വര്‍ഷമാണ്‌. അത് നല്‍കിയ ആശ്വാസം ചില്ലറയല്ല. കാര്‍ഡ്‌ ഉപയോഗിക്കാത്ത ഒരു പുതുവര്‍ഷമാണ് മനസ്സിലുള്ളത്. ആ തീരുമാനം എത്ര മാത്രം നടക്കും എന്നറിയില്ല. എങ്കിലും കഴിയുന്ന പോലെ ശ്രമിക്കും. കുറെ നാളായുള്ള ഒരു സുഹൃത്തിന്‍റെ പിണക്കം പറഞ്ഞ് തീര്‍ത്തതും ഈ വര്‍ഷമാണ്‌. ഇതൊക്കെയാണ് 2017ലെ എന്‍റെ പ്രധാനവിശേഷങ്ങള്‍. നിങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരമായ ഒരു പുതു വര്‍ഷം ആശംസിക്കുന്നു.


No comments:

Post a Comment