Saturday, April 5, 2014

സ്കൂള്‍ ബസും തൊന്തരവുകളും !!

ചൊവ്വാഴ്ച മുതലാണ് മോന്‍ സ്കൂളില്‍ പോയി തുടങ്ങിയത്. ആദ്യത്തെ ദിവസം ഞങ്ങള്‍ തന്നെ അവനെ കൊണ്ട് ചെന്നാക്കി, അത് പോലെ തിരിച്ചു കൊണ്ട് വന്നു. അന്ന് അവനെ അവിടെ തനിച്ചാക്കി വരുമ്പോള്‍ ആകെ സങ്കടം ആയി. ക്ലാസ്സില്‍ ഇരുന്നു അവന്‍ എന്നെ ദയനീയമായി നോക്കുന്നത് കണ്ടപ്പോള്‍ തിരിച്ചു വീട്ടിലേക്കു കൊണ്ട് വന്നാലോ എന്ന് വരെ എനിക്ക് തോന്നി. ബുധനാഴ്ച മുതല്‍ സ്കൂള്‍ ബസില്‍ വരും എന്ന് അവിടെ പറഞ്ഞാണ് അന്ന് അവിടെ നിന്ന് പോന്നത്. ബുധനാഴ്ച കാലത്ത് അവന്‍ കൃത്യ സമയത്ത് തയ്യാറായി നിന്നെങ്കിലും ബസ്‌ വന്നില്ല. ഞാന്‍ കണ്ടക്ടര്‍ക്ക് വിളിച്ചപ്പോള്‍ ദാ വരുന്നു എന്ന് പറഞ്ഞു. പിന്നെയും കാണാതായപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു. അപ്പോളും വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. പക്ഷെ വന്നില്ല. പിന്നെ ഞാന്‍ വിളിച്ചപ്പോള്‍ അയാള്‍ സ്കൂളില്‍ എത്തിയിരിക്കുന്നു. മോനെ എടുക്കാന്‍ മറന്നു പോയി എന്ന് പറഞ്ഞു. ഞാന്‍ സ്കൂളില്‍ വിളിച്ചു പറഞ്ഞു. അവര്‍ കുറെ സോറി പറഞ്ഞു. പിന്നെ വൈകുന്നേരം കണ്ടക്ടര്‍ എന്നെ വിളിച്ചു. ആദ്യത്തെ ദിവസം ആയതു കൊണ്ട് ആകെ തിരക്കായിരുന്നു, അങ്ങനെ പറ്റിപോയതാണ് എന്നൊക്കെ പറഞ്ഞു ക്ഷമ പറഞ്ഞു.



പിറ്റേ ദിവസം കാലത്ത് അവര്‍ കൃത്യ സമയത്ത് തന്നെ വന്നു മോനെ കൊണ്ട് പോയി. അവന്‍ പോയതില്‍ പിന്നെ മനസ്സിനൊരു സുഖം ഉണ്ടായില്ല. ആദ്യമായിട്ടാണ് അവന്‍ ഞങ്ങള്‍ ഇല്ലാതെ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് പോകുന്നത്. അവന്‍ തിരിച്ചു വരുന്നതും കത്ത് ഞങ്ങള്‍ ഇരുന്നു. ഞാന്‍ ഓഫീസില്‍ ആയതു കൊണ്ട് ഉച്ചക്ക് അവനെ എടുക്കാന്‍ ജാസ്മിന്‍ ആണ് പോയത്. അങ്ങനെ കൃത്യ സമയത്ത് ബസ്‌ വന്നു. ജാസ്മിന്‍ ബസിന്റെ അടുത്തേക്ക് ചെന്നു. ഉടനെ കണ്ടക്ടര്‍ ബസില്‍ നിന്നും മോനെ ഇറക്കി കൊടുത്തു. മോനെ കണ്ടപ്പോള്‍ ജാസ്മി ഞെട്ടി, അത് വേറെ ഏതോ കുട്ടി ആയിരുന്നു. ഇത് എന്റെ മോനല്ല എന്ന് അവള്‍ പറഞ്ഞു. കണ്ടക്ടര്‍ അയ്യോ എന്ന് പറഞ്ഞു തലയില്‍ കൈ വെച്ചത്രേ. എന്നിട്ട അവളോട്‌ മോനെ അകത്തു കയറി എടുത്തോളാന്‍ പറഞ്ഞു. അങ്ങനെ ജാസ്മിന്‍ അകത്തു കയറി നോക്കിയപ്പോള്‍ മോന്‍ ഒരു സീറ്റില്‍ തനിയെ ഇരിക്കുന്നു. ജാസ്മിയെ കണ്ടതും അവന്‍ ചിരിച്ചു. അങ്ങനെ ജാസ്മിന്‍ അവനെയും കൊണ്ട് വീട്ടിലേക്ക് പോയി. അവരെയും പറഞ്ഞിട്ട് കാര്യമില്ല, കുട്ടികളെയൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നല്ലേ ഉള്ളൂ. എല്ലാവരും ഒരേ ഡ്രെസ്സും. അവന്‍ വന്നോ എന്ന് അന്വേഷിക്കാന്‍ വേണ്ടി ഞാന്‍ വിളിച്ചപ്പോളാണ്‌ ഈ കാര്യമൊക്കെ അറിഞ്ഞത്. അവളോട്‌ അവനു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവന്റെ മറുപടി " ഞാന്‍ സ്കൂളില്‍ നിന്നും വന്നു കയറിയെ ഉള്ളു..കുറച്ചു റെസ്റ്റ് എടുക്കട്ടെ" എന്ന്. കഴിക്കാന്‍ കൊണ്ട് പോയ ലഞ്ച് ബോക്സ്‌ സ്കൂളില്‍ മറന്നു വെച്ചിട്ടാണ് ആശാന്റെ വരവ്.

എന്തായാലും ഈ സംഭവത്തിനു ശേഷം മോനെ സ്കൂളിലേക്ക് തനിയെ പറഞ്ഞയക്കാന്‍ ഒരു മനസമാധാനം ഇല്ല. അവന്‍ പോയി വരുന്നത് വരെ നെഞ്ചില്‍ ഒരു അസ്വസ്ഥതയാണ്. നമ്മുടെയൊക്കെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്ന ടെന്‍ഷന്‍ വെറുതെയല്ല എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. മക്കള്‍ എത്ര വലുതായാലും അതിനു ഒരു കുറവും ഉണ്ടാകില്ല. ഇനി അവനെ ബസില്‍ സ്കൂളില്‍ പറഞ്ഞയക്കാന്‍ എനിക്ക് ഒരു തൃപ്തിയില്ല. പക്ഷെ ഇപ്പോള്‍ വേറെ വഴിയില്ല. ഒരു ലൈസന്‍സ് എടുക്കുന്നതിനെ കുറിച്ച് ഞാന്‍ കാര്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അല്ലാതെ ശരിയാകില്ല.

No comments:

Post a Comment