Saturday, February 15, 2014

ദൃശ്യം 50 @ ദുബായ്

ദൃശ്യം എന്ന മലയാള സിനിമ ദുബായില്‍ ഇറങ്ങിയിട്ട് വരുന്ന വ്യാഴാഴ്ച അന്‍പത് ദിവസം പിന്നിടാന്‍ പോകുന്നു. ഒരു മലയാള സിനിമ ഒരു അറബ് നാട്ടില്‍ ഇത്രയും നാള്‍ ഓടി എന്നത്‌ അത്ര നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് രണ്ടു വരി എഴുതിയിയെ പറ്റു എന്ന് ഒരു സിനിമ പ്രേമി എന്ന നിലക്ക് എനിക്ക് തോന്നി.



ഓരോ മലയാള സിനിമയും നാട്ടില്‍ ഇറങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു ആഴ്ച ദുബായില്‍ ഇരുന്നു അതിന്റെ റിവ്യൂ വായിക്കാനെ കഴിയാറുള്ളൂ. ദ്രിശ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. നാട്ടില്‍ ഡിസംബര്‍ 19-ന് ദൃശ്യം റിലീസായി. അന്ന് തൊട്ടു ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകാംക്ഷയോടെ കാത്തിരുന്നു. ആ സമയത്ത് ഇവിടെ പുണ്യാളന്‍ അഗര്‍ബത്തിസും ഏഴു സുന്ദര രാത്രികളും എല്ലാം ഇറങ്ങും എന്ന് കേട്ടത് കൊണ്ട് ദ്രിശ്യത്തിനു വേണ്ടി കുറച്ചു നാള്‍ കൂടെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് രണ്പു ആഴ്ച കഴിഞ്ഞപ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യ മലയാള സിനിമ ആയി ദൃശ്യം UAE-യില്‍ റിലീസായി. കൃത്യമായി പറഞ്ഞാല്‍ ജനുവരി 2 വ്യാഴാഴ്ച. സിനിമ പ്രേമികളെയെല്ലാം ആവേശം കൊള്ളിച്ച റിലീസ് എന്ന് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടവരില്‍ ഞാനും കുടുംബവും ഉള്‍പ്പെടും. എല്ലായിടത്തും നല്ല തിരക്ക്. സിനിമയെ കുറിച്ച് എല്ലാവരും പറഞ്ഞു ഏകദേശം ഒരു രൂപം ഉണ്ടായിരുന്നു. എന്നിട്ടും ഓരോ സീനുകളും കഴിഞ്ഞപ്പോള്‍ അടുത്തത് എന്താകും എന്ന ആകാംക്ഷയോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. ഇടവേള വരെ ഒരു സാധാരണ കുടുംബ ചിത്രം പോലെ നീങ്ങിയ സിനിമ, പിന്നീട് ഒരു ത്രില്ലര്‍ ആയി മാറുന്ന കാഴ്ച ആണ് കണ്ടത്. തിയ്യറ്ററില്‍ ഇരുന്നു ഒരു ഞെട്ടലോടെയല്ലാതെ ആര്‍ക്കും ദൃശ്യം കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങിയ ഒരു സിനിമ. നല്ല സിനിമകള്‍ക്ക്‌ എന്നും പ്രേക്ഷകര്‍ ഉണ്ട് എന്ന് ഉറപ്പിച്ച വിജയം. സിനിമ കഴിഞ്ഞപ്പോള്‍ കിട്ടിയ കയ്യടി അതിനു തെളിവാണ്.



അവിടെ നിന്ന് അങ്ങോട്ട്‌ എങ്ങും എവിടെയും ഹൌസ്ഫുള്‍ ഷോസ് മാത്രം. കണ്ടവര്‍ കാണാത്തവരോട് പറഞ്ഞു. എല്ലാവര്‍ക്കും ചോദിയ്ക്കാന്‍ ഒന്ന് മാത്രം"ദൃശ്യം കണ്ടോ?". കൃത്യം ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ജനുവരി 9ന് മോഹന്‍ലാല്‍ വിജയ്‌ ടീമിന്റെ ബ്രഹ്മാണ്ട ചിത്രമായ ജില്ല ഇറങ്ങി, കൂടെ അജിത്തിന്റെ വീരം. വേറെ ഒരു ഭാഗത്ത്‌ അമീര്‍ ഖാന്റെ ധൂം-3, എങ്കിലും ഇവയോടൊക്കെ മത്സരിച്ചു ദൃശ്യം ഒരു ഭാഗത്ത്‌ കൂടെ ജൈത്രയാത്ര തുടര്‍ന്നു. സാധാരണ ഒരു മലയാള സിനിമ വന്നാല്‍ മാക്സിമം മൂന്ന് ആഴ്ച, അപ്പോഴേക്കും പുതിയ ഒരെണ്ണം ഇറങ്ങുമ്പോള്‍ മാറുകയാണ് പതിവ്. എന്നാല്‍ ദ്രിശ്യതിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ജില്ലയും വീരവുമെല്ലാം മാറി, ഏഴു സുന്ദര രാത്രികള്‍ ഇറങ്ങി, തൊട്ടു പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയ കഥ ഇറങ്ങി, അവസാനം ഈ കഴിഞ്ഞ ആഴ്ച പുണ്യാളന്‍ അഗര്‍ബത്തീസും ഇറങ്ങി. ഇതിനിടയില്‍ ദ്രിശ്യത്തിന്റെ വ്യാജനും ഇവിടെ പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ദൃശ്യം എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല. ദൃശ്യം അന്‍പത് ദിവസങ്ങള്‍ പിന്നിടാന്‍ പോകുന്ന റിലീസ് കേന്ദ്രങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

DUBAI
Galleria (1pm)
Bollywood Cinemas (Al Quoz Mall - 1.30, 7.30pm)
VOX Cinemas (Deira City Centre), (2, 8.30)
SHARJAH
StarCineplex (8pm)
Fujairah
Grand Dana (7.15pm)
Abu Dhabi
Grand Safeer (Mussafah - (4pm), (Thu - 1pm)
El Dorado (1pm)



ദുബായ് മാത്രമല്ല,ഷാര്‍ജ,ഫ്യുജിറ,അബുദാബി എന്നീ സ്ഥലങ്ങളിലും ദൃശ്യം വിജയകരമായ എഴാം വാരത്തിലേക്ക് കടന്നു.എഴാം വാരം എന്നൊക്കെ ഇവിടെ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമായാണ്. ഇതിനു മുന്പ് ഉസ്താദ്‌ ഹോട്ടല്‍ ആയിരുന്നു എന്ന് തോന്നുന്നു ഇവിടെ കുറച്ചു കൂടുതല്‍ ഓടിയ സിനിമ. അത് പിന്നെ റമദാന്‍ സമയത്ത് റിലീസ് ആകുകയും പിന്നീട് റമദാന്‍ കഴിഞ്ഞു കുറച്ചു നാള്‍ കൂടെ തുടരുകയും ആയിരുന്നു. ഇത്രയും ദിവസം ആയിട്ടു പോലും ഈ കഴിഞ്ഞ അവധി ദിവസങ്ങളില്‍ തരക്കേടില്ലാത്ത തിരക്ക് ദ്രിശ്യത്തിന് ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. കുറെ നാളുകളായി സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാത്ത പല കുടുംബങ്ങളും ദൃശ്യം കാണാന്‍ എത്തി. എന്തായാലും ഇവിടെ ഇതൊരു പുതിയ റെക്കോര്‍ഡ്‌ ആണ്. അടുത്തൊന്നും വേറെ ഒരു മലയാള സിനിമക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ്‌. ഇത് വരെ 50 കോടിയോളം കളക്ഷന്‍ നേടിയ ദൃശ്യം മലയാള സിനിമയുടെ ഇത് വരെയുള്ള വഴിയിലെ ഒരു നാഴിക കല്ലാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമ അറിയപ്പെടുന്ന പോലെ നാളെ ദൃശ്യം എന്ന സിനിമയും ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും.

1 comment: