Saturday, February 8, 2014

നിവിന്‍ പോളിയുടെ നേരം !!

രണ്ടു വര്‍ഷം മുന്‍പേ ഞാന്‍ നാട്ടില്‍ അവധിക്കു പോയ സമയത്താണ് നിവിന്‍ പോളിയുടെ പുതിയ തീരങ്ങള്‍ റിലീസായത്. ഞാന്‍ ആദ്യ ദിവസം തന്നെ രാംദാസില്‍ സിനിമ കാണാന്‍ പോയി. നിവിന്‍ പോളി അന്ന് മലയാള സിനിമയില്‍ പതുക്കെ ചുവടുറപ്പിക്കുന്ന സമയം.തിയറ്ററിന്റെ പുറത്ത് നിറയെ നിവിന്റെ ഫാന്‍സ്‌ വക ഫ്ലക്സ്‌ ഉണ്ട്. ഞാന്‍ ടിക്കറ്റ് എടുത്തു അകത്തു കയറി. അങ്ങനെ സിനിമ തുടങ്ങാറായപ്പോള്‍ ഫാന്‍സ്‌ വലിയ ശബ്ധത്തില്‍ " നിവിന്‍ പൊളി കീ ജയ്...നിവിന്‍ പൊളി കീ ജയ്.." എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. അപ്പോള്‍ തിയ്യറ്ററില്‍ നിന്നും വേറെ ഒരുത്തന്‍ ഉറക്കെ വിളിച്ചു ചോദിച്ചു " ആരാ ഈ നിവിന്‍ പോളി?" എന്ന്. അതോടെ തിയ്യറ്റര്‍ മുഴുവനും കൂട്ട ചിരി ആയി.ഏതോ തൃശ്ശൂര്‍ കാരന്റെ നിര്‍ദോഷമായ ഒരു ഫലിതം ആയിരുന്നു അത്. രണ്ടോ മൂന്നോ പടങ്ങള്‍ ആകുമ്പോഴേക്കും ഒരു നടന് ഫാന്‍സ്‌ ആയി, തിയ്യറ്ററില്‍ അവരുടെ വക ബഹളം ആയി. അയാള്‍ അതിനെ ഒന്ന് കളിയാക്കിയതാകാം.എന്തായാലും ഇന്ന് അങ്ങനെയൊരു ചോദ്യത്തിന് പ്രസകതിയില്ല,കാരണം ഇന്ന് നിവിന്‍ പോളി മലയാളത്തിലെ യുവ നായകന്മാരുടെ മുന്‍നിരയിലാണ്.

2010-ല്‍ മലര്‍ വാടിയിലൂടെ അരങ്ങേറ്റം കുറിച്ച നിവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ വര്‍ഷവും ഒരു ഹിറ്റ്‌ ചിത്രം എങ്കിലും നിവിന്റെതായി വരുന്നുണ്ട്. 2011-ല്‍ സ്വന്തമായി ഒരു ഹിറ്റ്‌ ഇല്ലെങ്കിലും ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ആയ ട്രാഫികിലും നിവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പിന്നീട് 2012-ല്‍ തട്ടത്തിന്‍ മറയത്ത്, 2013-ല്‍ നേരം. 2014 തുടങ്ങിയപ്പോള്‍ തന്നെ രണ്ടു ഹിറ്റുകള്‍..ഒന്ന് 1983, മറ്റൊന്ന് ഓം ശാന്തി ഓശാന. ഒരു ആഴ്ചയുടെ വ്യത്യാസത്തിലാണ് ഈ രണ്ടു ചിത്രങ്ങളും റിലീസായത്. ഇതില്‍ 1983 എന്ന ചിത്രത്തില്‍ നായകന്‍ രമേശന്റെ മൂന്നു കാലഘട്ടവും നിവിന്‍ നന്നായി അവതരിപ്പിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രം നായികാ പ്രാധാന്യമുള്ള ഒരു ചിത്രമാണ്‌.ഈ ചിത്രത്തിലും നിവിന്‍ തന്റെ വേഷം വളരെ അധികം ഭംഗിയായി ചെയ്തു. അങ്ങനെ ഒരേ സമയം രണ്ടു ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഭാഗ്യം നിവിന്‍ പോളിക്കുണ്ടായി. എതൊരു നടനും കൊതിക്കുന്ന കാര്യം.



ഇതിനിടയില്‍ 2012-ല്‍ തന്നെ നസ്രിയയുടെ കൂടെ നിവിന്‍ ചെയ്ത യുവ് എന്ന ഒരു ആല്‍ബവും ശ്രദ്ധ നേടി. അതിലെ നെഞ്ചോടു ചേര്‍ത്ത് എന്ന ഗാനം യൂ ട്യൂബില്‍ വന്‍ ഹിറ്റ്‌ ആയിരുന്നു. 2013-ല്‍ തന്നെ ഡാ തടിയാ എന്ന ചിത്രത്തില്‍ തന്റെ ഇമേജ് നോക്കാതെ ഒരു വില്ലന്‍ വേഷവും നിവിന്‍ ചെയ്തു. ഒപ്പം സത്യന്‍ അന്തിക്കാടിന്റെയും, ശ്യാമപ്രസാദിന്റെയും ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. നേരം എന്ന സിനിമ തമിഴില്‍ ചെയ്യാനും നിവിന് സാധിച്ചു. കേരളത്തിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ രൂപവും ഭാവവുമാണ്‌ നിവിന്റെ പ്രത്യേകത. വളരെ സ്വാഭാവികമായ ആയ അഭിനയം എന്നാണ് നിവിനെ പറ്റി പൊതുവേ പറയുന്നത്. കുറച്ചു നാള്‍ മുന്പ് മോഹന്‍ലാലുമായി ബന്ധപ്പെട്ടു ഉണ്ടായ ഒരു വിവാദത്തില്‍ നിവിന്റെ പേര് കേട്ടിരുന്നെകിലും പിന്നീട് മോഹന്‍ലാല്‍ തന്നെ നേരിട്ട് ആ വാര്‍ത്ത‍ തെറ്റാണു എന്ന് അറിയിക്കുകയുണ്ടായി. എന്തായാലും അത്തരം വിവാദങ്ങള്‍ക്കുള്ള നല്ലൊരു മറുപടിയാണ് ഈ വര്‍ഷത്തെ ഈ രണ്ടു വിജയ ചിത്രങ്ങള്‍.അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. എന്തായാലും എല്ലാവരും പറയുന്ന പോലെ ഇപ്പോള്‍ നിവിന്‍ പോളിയുടെ നേരം വളരെ നല്ല നേരമാണ്. ഈ വിജയങ്ങള്‍ തുടര്‍ന്നും നില നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

No comments:

Post a Comment