Monday, February 3, 2014

ഹലോ..ഇത് ഞാനാ മാത്യു പി ചാക്കോ..

ആകെ ഒന്നര വര്‍ഷമേ ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്തിട്ടുള്ളൂ എങ്കിലും ആ കാലയളവില്‍ പല ആള്‍ക്കാരെയും പരിചയപ്പെടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതില്‍ അവിടെ ജോലി ചെയ്തിരുന്നവരും കസ്റ്റമേഴ്സും ഉള്‍പ്പെടും. അതില്‍ പലരും പിന്നീടുള്ള എന്‍റെ ജീവിതത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയവരാണ്. ആ കൂട്ടത്തിലൊരാളെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

2005-ലെ ഒരു ജൂണ്‍ മാസം. അന്ന് ഓഫീസിലെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു. ഞാന്‍ പതിവ് പോലെ കൌണ്ടറിലിരുന്നു ബില്‍ എഴുതുകയാണ്. അപ്പോളാണ് വെള്ള മുണ്ടും ഷര്‍ട്ടും ഉടുത്ത വയസ്സായ ഒരാള്‍ കടന്ന് വന്നത്. അയാളുടെ പുറകിലായി ഒരു പയ്യനും ഉണ്ട്. ഞങ്ങളുടെ ഓഫീസിലേക്ക് ഒരു ഹെല്‍പ്പറെ ആവശ്യം ഉണ്ട് എന്ന് ആരോ പറഞ്ഞറിഞ്ഞ് വന്നതാണ്‌. ഹുസൈന്‍ക്ക അവരുമായി സംസാരിച്ചു. എന്നിട്ട് അവരെ എനിക്ക് പരിചയപെടുത്തി. ആ പയ്യന്‍ അന്ന് മുതല്‍ അവിടെ ജോയിന്‍ ചെയ്തു. ഞാന്‍ അവനോട് പേര് ചോദിച്ചപ്പോള്‍ "മാത്യു പി ചാക്കോ "എന്ന് അവന്‍ മറുപടി തന്നു. അങ്ങനെ അവനെ അവിടെ നിര്‍ത്തി അവന്‍റെ അപ്പച്ചന്‍ പോകാനൊരുങ്ങി. അയാള്‍ എന്‍റെയടുത്ത് വന്നു പറഞ്ഞു " അതേ, അവന്‍ ആദ്യമായിട്ടാ ഒരു സ്ഥലത്ത് ജോലിക്ക് നില്‍ക്കണെ..എല്ലാം ഒന്ന് പറഞ്ഞു കൊടുക്കണം..അവന്‍ ചെയ്തോളും" ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. ശരിക്കും അയാള്‍ മകനെ ആദ്യമായി സ്കൂളില്‍ കൊണ്ടാക്കി പോകുന്ന പോലെ എനിക്ക് തോന്നി. മാത്യു അപ്പച്ചനെ യാത്ര അയക്കാന്‍ താഴെക്ക് പോയി. ഞാന്‍ മുകളില്‍ നിന്നും നോക്കുമ്പോള്‍ അയാളവനോട് എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.പിന്നെ അയാള്‍ പതുക്കെ നടന്നു പോകുന്നതും കണ്ടു. അപ്പച്ചന്‍ പോകുന്ന വരെ മാത്യു അവിടെ തന്നെ നിന്നു. അത് പോലൊരു കാഴ്ച അതിനു മുന്‍പോ പിന്‍പോ ഞാന്‍ കണ്ടിട്ടില്ല.

ആദ്യമായി ജോലിയില്‍ വന്നതിന്‍റെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ആദ്യമൊക്കെ മാത്യുവിന് ഉണ്ടായിരുന്നു. എങ്കിലും അവന്‍ ഓരോ കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യാന്‍ തുടങ്ങി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മാത്യു ഞങ്ങളിലൊരാളായി മാറി. എങ്കിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന എന്തോ ഒന്ന് മാത്യുവിന് ഉണ്ടായിരുന്നു. അവന്‍റെ സംസാര രീതിയും കുറച്ചു വ്യത്യസ്തം ആയിരുന്നു. വിക്ക് ഇല്ലെങ്കിലും ചില വാക്കുകള്‍ പറയാന്‍ ചെറിയ തടസ്സം, കാര്യങ്ങള്‍ ഒഴുക്കോടെ പറയാനുള്ള കുറച്ച്‌ ബുദ്ധിമുട്ട്. ആരെങ്കിലും കളിയാക്കിയാലും അവന്‍ കൂടെ ചിരിക്കത്തെയുള്ളൂ..മറിച്ച് ഒന്നും പറയില്ല. അന്ന് ഞാനും തോമസും ഹംസയുമൊക്കെ അവനെ സ്ഥിരമായി കളിയാക്കുമായിരുന്നു. ആരെങ്കിലും അവനോട് പേര് ചോദിച്ചാല്‍ അവന്‍ മാത്യു പി ചാക്കോ" എന്ന് മുഴുവനായി തന്നെ പറയും. ഫോണ്‍ വിളിച്ചാലും അങ്ങനെ തന്നെ. "ഞാനാ മാത്യു പി ചാക്കോ. അത് കേട്ടാല്‍ ഞങ്ങള്‍ എല്ലാവരും ചിരി തുടങ്ങും. മാത്യു എന്ന് മാത്രം പറഞ്ഞാല്‍ പോരെടാ എന്ന് ചോദിച്ചാലും അവന്‍ പിന്നെയും അങ്ങനെ തന്നെ പറയും. എന്തായാലും ഞങ്ങള്‍ക്ക് മാത്യു അന്ന് നല്ലൊരു നേരം പോക്കായിരുന്നു. അങ്ങനെ മൂന്നു നാലു മാസങ്ങള്‍ കഴിഞ്ഞു പോയി. അവനു ശമ്പളമൊക്കെ നന്നേ കുറവായിരുന്നു. പക്ഷെ ഈ ജോലി പഠിക്കാന്‍ വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത് എന്ന് എന്നോട് പറഞ്ഞു. ഒരിക്കല്‍ ജോലി തിരക്കില്ലാത്ത ഒരു ദിവസം മാത്യു എന്‍റെയടുത്ത് വന്നു.

മാത്യു :സിറാജിക്കാ..ഈ ഫ്ലക്സ്‌ അടിക്കണ മെഷീന് എന്ത് വില വരും?

ഞാന്‍ : ഒരു 10-15 ലക്ഷം വരും. എന്തിനാ?

മാത്യു : അല്ല, ഒരെണ്ണം വാങ്ങിയാലോ എന്നൊരാലോചന.

ഞാന്‍ : നിന്‍റെ കയ്യില്‍ കാശുണ്ടോ?

മാത്യു : കാശ് നമുക്ക് ഉണ്ടാക്കാലോ?

ഞാന്‍ : എന്നാ ഉണ്ടാക്കിയിട്ട് വാങ്ങിച്ചോ..ആരും തടയില്ല.

മാത്യു: വാങ്ങണം, എന്നിട്ട് ഇത് പോലൊരു കട തുടങ്ങണം.

ഞാന്‍ : സന്തോഷം...

ഞാന്‍ അത് തോമസിനോടും ഹംസയോടുമൊക്കെ പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കി ചിരിച്ചു. മാത്യു ഇടയ്ക്കിടെ ഇത് പോലെ എന്തെങ്കിലും സംശയങ്ങള്‍ ആയി വരാറുണ്ട്. അന്നൊക്കെ കാലത്ത് ഞാന്‍ ഓഫീസില്‍ വരുമ്പോള്‍ അവന്‍ ഓഫീസില്‍ ഉണ്ടാകും.എന്നും ഞാന്‍ കൌണ്ടറില്‍ എത്തിയാല്‍ പേപ്പര്‍ എടുക്കാനോ മറ്റോ വേണ്ടി ആദ്യം അവനെ നീട്ടി വിളിക്കും "മാത്യൂ..." അപ്പോള്‍ അവന്‍ അകത്തു നിന്ന് "എന്തോ" എന്ന് ഈണത്തില്‍ വിളി കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും അവന്‍ വരുമ്പോള്‍ ഞാന്‍ ഗൌരവത്തില്‍ തന്നെ ഇരിക്കും. ഈ എന്തോ എന്നുള്ള വിളി എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് അകത്തു അവന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഗോപു എന്നോട് ആ സത്യം പറഞ്ഞത്. കാലത്ത് ഞാന്‍ മാത്യൂ എന്ന് വിളിച്ചാല്‍ അവന്‍ അകത്തു നിന്ന് എന്തോ എന്ന് വിളി കേള്‍ക്കും. എന്നിട്ട് പറയുമത്രേ "ഹോ..ആ കാലമാടന്‍ വിളി തുടങ്ങി" എന്ന്. ഗോപു അത് പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു. കാരണം അത്ര നിഷ്ക്കളങ്കമായാണ് അവന്‍ വിളി കേട്ടിരുന്നതും എന്‍റെയടുത്ത് വന്നിരുന്നതും. ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ അത് നിഷേധിച്ചു, ഗോപുവിനെ കുറെ ചീത്തയും പറഞ്ഞു. എന്തായാലും പിന്നെ ഞാന്‍ അവനെ അധികം ബുദ്ധിമുട്ടിക്കാറില്ല.

അങ്ങനെയിരിക്കെ 2005-ലെ പഞ്ചായത്ത് ഇലക്ഷന്‍ സമയം ആയി. കമ്പനിയില്‍ അതിന്‍റെ വര്‍ക്കുകള്‍ വന്നു തുടങ്ങി. ബോര്‍ഡ്‌ പണിക്കാരൊക്കെ കുറച്ചു കാശ് ഉണ്ടാക്കുന്ന സമയം. നല്ല തിരക്ക്. തോമസും,ഹംസയും പിന്നെ ഓഫീസിലെ കുറച്ചു പേരും ഏതൊക്കെയോ വര്‍ക്ക്‌ കൊണ്ട് വന്നു തുടങ്ങി. അത് കണ്ടപ്പോള്‍ മാത്യുവിനും അവരെ പോലെ കാശുണ്ടാക്കാന്‍ ഒരു മോഹം. അവന്‍ ഒരു ദിവസം എന്‍റെയടുത്ത് വന്നു.

മാത്യു : സിറാജിക്കാ, ഞാന്‍ കുറച്ചു വര്‍ക്ക്‌ കൊണ്ട് വരാം. പക്ഷെ എനിക്ക് കമ്മീഷന്‍ കിട്ടണം.

ഞാന്‍ : ആരുടെ വര്‍ക്ക്‌?

മാത്യു: പാര്‍ട്ടിയുടെ..

ഞാന്‍ : അതിനു നിനക്ക് പാര്‍ട്ടിക്കാരെ പരിചയം ഉണ്ടോ?

മാത്യു : ഉണ്ടോന്നോ? ഞാന്‍ അല്ലെ ഞങ്ങളുടെ നാട്ടിലെ ഏരിയ സെക്രട്ടറി.

ഞാന്‍ : ആഹാ..അതെനിക്കറിയില്ലായിരുന്നു. അപ്പൊ നീ കൊണ്ട് വന്നോ..പക്ഷെ കടം തരില്ല.

അങ്ങനെ മാത്യു ഹുസൈന്‍ക്കാനെ പോയി കണ്ടു. ഇലക്ഷന്‍ വര്‍ക്ക്‌ ആയത് കൊണ്ട് കടം കൊടുക്കാന്‍ ഹുസൈന്‍ക്ക സമ്മതിച്ചില്ല. അവനു റേറ്റ് കുറച്ചു കൊടുത്തു, പക്ഷെ റെഡി കാശ് കിട്ടണം എന്ന് പറഞ്ഞു. അങ്ങനെ മാത്യു ആ വര്‍ക്ക്‌ ഏറ്റെടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു കുട്ടി നേതാക്കന്മാര്‍ ഓഫീസില്‍ വന്നു. കൌണ്ടറില്‍ വന്നു എന്നോട് ഗൌരവത്തില്‍ ചോദിച്ചു. മാത്യു ഇല്ലേ?". ഞാന്‍ മാത്യുവിനെ വിളിച്ചു. മാത്യു വന്നു അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. അവരുടെ ഡിസൈന്‍ എല്ലാം കാണിച്ചു കൊടുത്തു ഓക്കേ ആക്കി. അങ്ങനെ കുറച്ചു ഫ്ലക്സ്‌ മാത്യുവിന്‍റെ പേരില്‍ ബില്‍ അടിച്ചു കൊടുത്തു. അവര്‍ കാശ് പിന്നെ തരാം എന്നും പറഞ്ഞു ഫ്ലക്സും കൊണ്ട് പോയി. പക്ഷെ പറഞ്ഞ പോലെ ഓഫീസിലെ കാശ് മാത്യു തന്നു. തികയാത്തത് അവന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചു. പിന്നെ ഇലക്ഷന്‍ കഴിഞ്ഞു..ആ സ്ഥാനാര്‍ഥിയും തോറ്റു. പക്ഷെ മാത്യുവിന്റെ കാശ് മാത്രം കിട്ടിയില്ല. എന്നും കാലത്ത്‌ മാത്യു കൌണ്ടറില്‍ നിന്ന് അവരില്‍ പലര്‍ക്കും ഫോണ്‍ വിളിക്കും "ഹലോ സുധാകരെട്ടനല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ. നമ്മടെ ഫ്ലക്സിന്റെ കാശ് എന്തായി?" അയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു ഫോണ്‍ വെക്കും, പിറ്റേ ദിവസം മാത്യു വേറെ ഒരാള്‍ക്ക് വിളിക്കും. "ഹലോ ജോസേട്ടനല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ. എന്റെ കാശ്.? അയാളും എന്തെങ്കിലും പറഞ്ഞു ഊരും. പിന്നെ എനിക്ക് അതൊരു സ്ഥിരം കാഴ്ച്ച ആയി. എന്തായാലും ഞാന്‍ അവിടെ നിന്ന് പോരുന്ന വരെ മാത്യുവിന്‍റെ ആ കാശ് കിട്ടിയില്ല. ഞങ്ങള്‍ എന്നും അത് പറഞ്ഞു അവനെ കളിയാക്കും.നിനക്ക് ആ കാശ് കിട്ടാന്‍ പോകുന്നില്ല, അവര്‍ നിന്നെ പറ്റിച്ചതാടാ എന്നും പറഞ്ഞു ചൂട് പിടിപ്പിക്കും. അവനു അത് കേള്‍ക്കുന്നതെ കലി ആയിരുന്നു. എങ്കിലും പാവം തിരിച്ചൊന്നും പറയില്ല.

ആയിടക്ക് ഓഫീസില്‍ നിന്ന് ഒരുത്തന്‍ ഗള്‍ഫില്‍ പോയി. പിന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കും വിസ വന്നു. അന്ന് മാത്യു എന്നോട് പറഞ്ഞു." നിങ്ങള്‍ എല്ലാവരും പോവാണല്ലേ? ഒടുവില്‍ ഞാന്‍ ഇവിടെ ഒറ്റക്കാവോ? ഞാന്‍ ചിരിച്ചു. അപ്പൊളവന്‍ പറഞ്ഞു "സിറാജിക്ക അവിടെ ചെന്നിട്ട് എന്‍റെ കാര്യം കൂടെ ഒന്ന് നോക്കണെ." ഞാന്‍ നോക്കാം എന്ന് പറഞ്ഞു പോന്നു. സാധാരണ എല്ലാരും പറയണ ഒരു കാര്യം എന്നല്ലാതെ ഞാന്‍ അത് സീരിയസ് ആയി എടുത്തിട്ടില്ലായിരുന്നു. അങ്ങനെ ഞാന്‍ ദുബായില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തോമസും, പിന്നാലെ ഹംസയും ദുബായില്‍ വന്നു. മാത്യു അവിടെ ഏറെക്കുറെ ഒറ്റക്കായി. അങ്ങനെ അവന്‍ അവിടെ നിന്ന് പോയി. ഞങ്ങള്‍ എല്ലാവരും ഇവിടെ കാണാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടില്‍ നിന്ന് അവന്‍റെ ഒരു ഫോണ്‍ വന്നു.

മാത്യു :"ഹലോ, സിറാജിക്കയല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ..

ഞാന്‍ : ആ മാത്യു...പറയെടാ...എന്തൊക്കെയുണ്ട് വിശേഷം?

മാത്യു : അതേ, അവിടെ ജോലി വല്ലതുമുണ്ടോ? എനിക്കങ്ങോട്ട് വരാനാ. ഇവിടെ നിന്നിട്ട് ഒരു മെച്ചവുമില്ലേ.
.
ഞാന്‍ : എടാ, എനിക്ക് അങ്ങനെ ഇവിടെ ജോലി ശരിയാക്കി കൊടുക്കാനുള്ള വകുപ്പൊന്നും
ആയിട്ടില്ല. നീ പറ്റുമെങ്കില്‍ വിസിറ്റ് വിസയില്‍ വാ, നമുക്ക് എന്തെങ്കിലും നോക്കാം.

മാത്യു : ഓക്കേ, എന്നാ ഞാന്‍ അവിടെ എത്തിയിട്ട് വിളിക്കാം.

പക്ഷെ മാത്യു വിളിച്ചില്ല, അവന്‍ ദുബായില്‍ വന്നുമില്ല. പിന്നെ ഞാന്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ അവനെ വിളിച്ചു. അന്ന് അവന്‍ കോട്ടയത്ത്‌ ഒരു ഫ്ലക്സ്‌ കമ്പനിയില്‍ മെയിന്‍ പ്രിന്‍റര്‍ ആയി കയറി എന്ന് പറഞ്ഞു. പിന്നീടൊരു ദിവസം അവന്‍ കോട്ടയത്ത്‌ പോകുന്ന വഴിക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി അവനെ കണ്ടിരുന്നു. അന്നത്തെ പാര്‍ട്ടിക്കാരുടെ കാശു അത് വരെ കിട്ടിയിരുന്നില്ല. അന്ന് അവന്‍ എന്റെ ഇമെയില്‍ അഡ്രസ്‌ എല്ലാം വാങ്ങിയിരുന്നു. അത് കൊണ്ട് ഇടയ്ക്കു സുഖമാണോ എന്ന് ചോദിച്ചു മെയില്‍ വരാറുണ്ട്. ഇതിനിടയില്‍ അവന്‍റെ കല്യാണവും കഴിഞ്ഞു. അതിന്‍റെ ഫോട്ടോസും മെയില്‍ അയച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം വന്ന അവന്‍റെ ഒരു മെയില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. മൈ ഷോപ്പ് ഓപ്പണിംഗ് ഫോട്ടോ എന്നായിരുന്നു അതിന്റെ സബ്ജക്റ്റ്. തുറന്നപ്പോള്‍ അകത്തു അവന്‍റെ കടയുടെ ഉദ്ഘാടനത്തിന്‍റെ ഫോട്ടോ.


ഉദ്ഘാടകന്‍ തോമസ്‌ ഉണ്ണിയാടന്‍റെ അരികില്‍ ഉള്ളതാണ് നമ്മുടെ മാത്യു.പിന്നില്‍ വെള്ള ഡ്രസ്സ്‌ ഇട്ടു ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് അവന്‍റെ അപ്പച്ചന്‍. കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാന്‍ ഉടനെ അവനെ ഫോണ്‍ വിളിച്ചു സംസാരിച്ചു. അവന്‍ പത്ത് വര്‍ഷം മുന്‍പ്‌ പറഞ്ഞ പോലെ സ്വന്തമായി ഒരു ഫ്ലക്സ്‌ പ്രിന്‍റിംഗ് കമ്പനി തന്നെ തുടങ്ങിയിരിക്കുന്നു. അതും തൃശൂര്‍ റൌണ്ടില്‍ തന്നെ. അത് കൂടാതെ അവന് പ്രിന്‍റിംഗ് മെഷിന്‍റെ ഡീലര്‍ഷിപ്പും ഉണ്ടത്രേ. കേട്ടപ്പോള്‍ ഭയങ്കര അഭിമാനം തോന്നി. പിന്നെയും അവന്‍ കുറെ സംസാരിച്ചു. ഇനി ആരുടെ കീഴിലും ജോലി ചെയ്യാന്‍ വയ്യ, അത് കൊണ്ടാണ് സ്വന്തമായി തുടങ്ങാം എന്ന് വെച്ചത്. ഇത്ര നാളും ഇതിന്‍റെ പിറകിലായിരുന്നു, ഇപ്പോളാണ് എല്ലാം ഒന്ന് സെറ്റ്‌ ആയത് എന്നൊക്കെ പറഞ്ഞു. പിന്നെ അവന്‍ പറഞ്ഞതെന്താന്നറിയോ? അന്ന് ആ പാര്‍ട്ടിക്കാര്‍ പറ്റിച്ച കാരണം ഞാന്‍ ഒരു പാഠം പഠിച്ചു. ഈ ഷോപ്പില്‍ എന്തായാലും ആര്‍ക്കും കടം കൊടുക്കണ പരിപാടി ഇല്ല എന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. കുറേ നാളുകളായി ഞാനും തോമസും ഹംസയുമൊക്കെ പറയുന്നതാണ് നാട്ടില്‍ ഒരു ഫ്ലക്സ്‌ ഷോപ്പ് തുടങ്ങണം എന്ന്. ഇത്ര നാളും ഗള്‍ഫില്‍ നിന്നിട്ടും ഞങ്ങള്‍ക്ക്‌ കഴിയാത്തത് നാട്ടില്‍ നിന്നു കൊണ്ട് അവന് സാധിച്ചു. അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ആദ്യം അവന്‍റെ ഷോപ്പില്‍ പോകണം. ഞങ്ങളുടെ പഴയ സൈന്‍ മാജിക്‌ ഇന്ന് പൂട്ടി കിടക്കുയാണ്. ഇത്ര നാളും അവനെ കാണാതിരുന്നത് ഒരു പക്ഷെ അവനെ അവന്‍റെ സ്വന്തം കടയില്‍ വെച്ച് കാണാനായിരിക്കും. എനിക്കുറപ്പുണ്ട് ഇനി ഞാന്‍ ചെല്ലുമ്പോള്‍ അവിടെ അവന്‍റെ അപ്പച്ചന്‍ ഉണ്ടാകുമെന്ന്. ഇന്നയാള്‍ സന്തോഷത്തോടെ, അഭിമാനത്തോടെ ആ കൌണ്ടറില്‍ ഇരിക്കുന്നുണ്ടാകും. പിന്നെ പണിക്കാര്‍ക്കൊക്കെ നിര്‍ദേശം കൊടുത്തു ഒരു മുതലാളിയുടെ ഗമയില്‍ മാത്യൂവും. അന്നും അവനാര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുമ്പോള്‍ ഒരിക്കല്‍ കൂടെ എനിക്ക് അതൊന്നു കേള്‍ക്കണം.

"ഹലോ ഇത് ഞാനാ മാത്യു പി ചാക്കോ"

1 comment: